Wednesday, March 16, 2011

മികവിന്‍ ഒളിപരത്തി തദ്ദേശഭരണം

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നാംതരമെന്ന് മാര്‍ക്കിട്ടത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്തീരാജ് വകുപ്പാണ്. രാജ്യത്തെ ഇരുപത്തെട്ട് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയതില്‍ അധികാര വികേന്ദ്രീകരണം ഫലപ്രദവും കാര്യക്ഷമവുമായി നടപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. 2010 ഏപ്രില്‍ 24ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങി. 2.5 കോടി രൂപയാണ് അവാര്‍ഡ് തുകയായി ലഭിച്ചത്. ഇതിനുപരിയായി വന്‍ നഗരങ്ങളിലെ ശുചിത്വപാലനത്തിനുള്ള അംഗീകാരം 2008ല്‍ തിരുവനന്തപുരത്തിനും 2009ല്‍ കൊച്ചിക്കും. കേരളത്തിലെ 999 പഞ്ചായത്തുകളില്‍ 869 എണ്ണത്തിനും 105 ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും ആറ് ജില്ലാ പഞ്ചായത്തുകള്‍ക്കും നിര്‍മല്‍ പുരസ്കാരം. അവാര്‍ഡുകള്‍ തുടരെ ലഭിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം, വയലാര്‍ രവി അടക്കം കേന്ദ്രത്തില്‍ പരാതിപ്പെട്ടു, ഇനി പുരസ്കാരങ്ങള്‍ കേരളത്തിനു നല്‍കരുതെന്ന്.

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മാതൃകാപരമായ നടപടികള്‍ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. തദ്ദേശ ഭരണസമിതികളില്‍ സ്ത്രീസംവരണം 50 ശതമാനമാക്കി, ഉല്‍പ്പാദന മേഖലയ്ക്കുള്ള വിഹിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു, വനിതകള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതി, ദുര്‍ബലര്‍ക്കുള്ള പദ്ധതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം പഞ്ചായത്തു പ്ളാനുകളുടെ ഭാഗമാക്കിയും വകുപ്പുതല പദ്ധതികളുമായി പഞ്ചായത്തുതല പദ്ധതികളെ സംയോജിപ്പിച്ചും കേരളം വികസനത്തിന്റെ പുതിയ അധ്യായം രചിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീട് നല്‍കി ഇന്ത്യയിലെ സമ്പൂര്‍ണ ഭവന സംസ്ഥാനമാകാന്‍ ലക്ഷ്യമിട്ട് ഇ എം എസ് ഭവന പദ്ധതി, എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, 39 ലക്ഷം അംഗങ്ങളുമായി കുടുംബശ്രീ സ്ത്രീകളുടെ ലഘുസമ്പാദ്യ സംരംഭം, ശുചിത്വമിഷന്‍ മാലിന്യമുക്ത കേരളം. ഇങ്ങനെ പോകുന്നു പദ്ധതികള്‍.

6497 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി നല്‍കിയത്. ഇതിന്റെ 75 ശതമാനവും ചെലവഴിച്ചു. ഇതിനുപുറമെ പൊതുഗ്രാന്റായി 1390 കോടിയും ആസ്തി സംരക്ഷണത്തിന് 1624 കോടിയും. ഇവയോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ തനതു വിഹിതവും ചേര്‍ത്താണ് പദ്ധതികള്‍ നിര്‍വഹിച്ചത്.

തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയായി. തൊഴിലുറപ്പ് പദ്ധതിക്ക് ദേശീയതലത്തില്‍ തുടക്കം കുറിച്ചത് കേരളത്തില്‍ യുഡിഎഫ് ഭരണം നിലനിന്ന 2005-06 ലായിരുന്നു. ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്തതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്റര്‍ ചെയ്യുകയോ തൊഴില്‍കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്തില്ല. 2006 മേയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി ആരംഭിച്ചത്. കേന്ദ്ര മാനദണ്ഡങ്ങളുടെ പ്രതികൂലാവസ്ഥ തരണംചെയ്താണ് അഴിമതിരഹിതമായും സുതാര്യമായും പദ്ധതി നിര്‍വഹണം സാധ്യമാക്കിയത്. 2010 ലെ കണക്കനുസരിച്ച് 529.8 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. 802.8 കോടി രൂപ വിനിയോഗിച്ചു.

സ്ത്രീശാക്തീകരണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് അടിത്തറയിടാനും ഈ കാലയളവില്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. കുടുംബശ്രീ പ്രവര്‍ത്തനം ഏറെ മെച്ചപ്പെട്ടതോടെ സ്വയം പര്യാപ്തരായ സ്ത്രീകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. കുടുംബശ്രീയിലൂടെ കഴിഞ്ഞ പത്ത് വര്‍ഷം ചെലവഴിച്ചത് 65 കോടിയായിരുന്നെങ്കില്‍ 2009-10ല്‍മാത്രം വിനിയോഗിച്ചത് 125 കോടി രൂപയാണ്.

തദ്ദേശ ജനാധിപത്യം യാഥാര്‍ഥ്യമാക്കി

തദ്ദേശ ജനാധിപത്യം എന്ന സങ്കല്‍പ്പം വളരെ ആഴത്തില്‍ വേരൂന്നുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തെ വ്യത്യസ്തമാക്കുന്നതെന്ന് ആസൂത്രണ-ധനകാര്യ വിദഗ്ധന്‍ ഡോ. എം എ ഉമ്മന്‍.

സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് തദ്ദേശീയ വികസനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി എന്നത് അത്യപൂര്‍വമായ സംഭവമാണ്. കോട്ടങ്ങള്‍ തിരുത്തി കൂടുതല്‍ സര്‍ഗാത്മകമായ വിധത്തില്‍ ജനാധിപത്യത്തെ വളര്‍ത്തുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇനിയും അനേകം നാഴിക കടന്നുപോകാനുണ്ടെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് പങ്കാളിത്ത ജനാധിപത്യത്തിന്റെ വേര് ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.

ഗ്രാമസഭ മുതല്‍ ജില്ലാ ആസൂത്രണ സമിതിവരെയുള്ള സമിതികളിലെ ജനപങ്കാളിത്തം എന്നത് മറ്റു രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നു. 200ല്‍അധികം പഞ്ചായത്തുകളില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുകയും ഫലപ്രദമായി അവ ജനങ്ങളിലേക്ക് എത്തിക്കുകയുംചെയ്തു എന്നത് ചെറിയ കാര്യമല്ല.

ന്യൂനപക്ഷക്ഷേമം: രാജ്യത്തിന് മാതൃക

സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങള്‍ക്കായി കര്‍മപദ്ധതികള്‍ ആരംഭിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി കേരളീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ കര്‍മപദ്ധതികള്‍ നിര്‍ദേശിച്ചു. ന്യൂനപക്ഷ വകുപ്പ് രൂപീകരണം ഈ രംഗത്തെ സുപ്രധാന ചുവടുവയ്പാണ്. കലക്ടറേറ്റുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക സെഷനും രൂപീകരിച്ചു. കമ്മിറ്റിയുടെ പൊതു നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിക്കും രൂപംനല്‍കി. മലപ്പുറം ചേലാമലയില്‍ അലിഗഢ് സര്‍വകാലാശാല ഓഫ് ക്യാമ്പസ് യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ദേശീയതലത്തില്‍തന്നെ ശ്ളാഘിക്കപ്പെട്ടു. 350 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ക്യാമ്പസില്‍ ഈ വര്‍ഷം ക്ളാസുകള്‍ ആരംഭിച്ചു.

സംസ്ഥാനത്തെ പതിനായിരത്തിലേറെ മദ്രസകളിലെ അമ്പതിനായിരത്തിലധികം അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് ഈ മേഖലയിലെ സുപ്രധാന നടപടിയാണ്. ക്ഷേമനിധി കരുതല്‍ തുകയായി 10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മദ്രസാ നവീകരണ പദ്ധതികള്‍ക്കും രൂപരേഖ തയ്യാറാക്കി. ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും കേരളത്തിലെ മുസ്ളിങ്ങള്‍ പിന്നിലാണെന്ന കമ്മിറ്റിയുടെ വിലയിരുത്തലിനെത്തുടര്‍ന്ന് നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന മുസ്ളിം പെണ്‍കുട്ടികള്‍ക്ക് 3000, 4000, 5000 രൂപ നിരക്കില്‍ സ്കോളര്‍ഷിപ്പും ഹോസ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് വര്‍ഷം 10,000 രൂപവരെ ഹോസ്റല്‍ ഫീസും നല്‍കുന്നു. തൊഴില്‍ അന്വേഷകര്‍ക്ക് മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നതിന് അഞ്ച് കോച്ചിങ് സെന്ററാണ് ആരംഭിക്കുന്നത്. ഇതില്‍ കോഴിക്കോട്, പയ്യന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുള്ള മേഖലകള്‍ കണ്ടെത്തി മുന്‍ഗണന നല്‍കുന്നതിനുള്ള സര്‍വേ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്.

സംവരണം അര്‍ഹര്‍ക്ക് മുഴുവന്‍ ലഭ്യമാക്കാന്‍ നടപടിയായി. ദഖ്നി, കച്ച്മേമന്‍ വിഭാഗങ്ങളെക്കൂടി സംവരണത്തില്‍ ഉള്‍പ്പെടുത്തി. കരിപ്പൂരിലെ ഹജ്ജ് ഹൌസ് 720 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതില്‍ 220 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനു പുറമെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും വഖഫ് ബോര്‍ഡ് ഏറ്റെടുത്ത് നടപ്പാക്കുന്നു.

'മൊഞ്ചുള്ള ഹജ്ജ് ഹൌസ്' ന്യൂനപക്ഷത്തിന് സുവര്‍ണകാലം

ഹജ്ജിന് പോകാന്‍ കരിപ്പൂരിലെത്തിയാല്‍ ചോര്‍ന്നൊലിക്കുന്ന താല്‍ക്കാലിക ഷെഡുകളില്‍ വിശ്രമിക്കേണ്ട ഭൂതകാലമുണ്ടായിരുന്നു കേരളത്തിന്. വിശ്രമിക്കാന്‍ എല്ലാ സൌകര്യവുമുള്ള കേന്ദ്രമെന്ന വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ അറുതിവരുത്തിയത്. ഇന്ന് കരിപ്പൂരിലെത്തുന്ന ഹജ്ജാജിമാര്‍ക്ക് വിശ്രമിക്കാവന്‍ വിമാനത്താവളത്തിനടുത്ത് ആധുനിക ഹജ്ജ് ഹൌസുണ്ട്. ന്യൂനപക്ഷക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലും കേരളത്തിലും നടപ്പാക്കിയ പദ്ധതികള്‍ പ്രതിഫലിക്കുന്ന കാലിഡോസ്കോപ്പുകൂടിയാണ് ഹജ്ജ് ഹൌസ്.

സമുദായ പ്രേമം നടിച്ചവര്‍ പലകുറി ഭരിച്ചിട്ടും ന്യൂനപക്ഷാവകാശങ്ങള്‍ ചില്ലുടച്ച കണ്ണാടിയാക്കിയതിനും മലപ്പുറം പണ്ടേ സാക്ഷിയാണ് . എല്ലാ വിഭാഗം വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പറയുകമാത്രമല്ല; പ്രവര്‍ത്തിച്ചുകാണിക്കുകകൂടിയായിരുന്നു ഇടതുപക്ഷസര്‍ക്കാര്‍. ഹജ്ജാജിമാര്‍ക്കും ബന്ധുക്കള്‍ക്കും വിശ്രമത്തിനും പ്രാര്‍ഥനക്കും മറ്റും ആവശ്യമായ എല്ലാ സൌകരങ്ങളും ഹജ്ജ് ഹൌസിലുണ്ട്. ഭക്ഷണശാല, ലിഫ്റ്റ് സൌകര്യങ്ങളോടുകൂടിയ ഡോര്‍മെറ്ററികള്‍, വിശാലമായ പാര്‍ക്കിങ് സംവിധാനം, വിമാനത്താവളത്തോട് ചേര്‍ന്ന ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവയെല്ലാംഒരേ കോമ്പൌണ്ടില്‍.

ഇതില്‍ മാത്രം ഒതുങ്ങിനിന്നില്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ നടപടികള്‍. ന്യൂനപക്ഷത്തിനായി പ്രത്യേക വകുപ്പുതന്നെ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ന്യൂപപക്ഷകാര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്ത്യയിലെ മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള നിര്‍ദേശം സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. റിപ്പോര്‍ട്ടിന്റെ ഭാഗമായി രൂപീകരിച്ച പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 2008ല്‍ ബജറ്റ് വിഹിതം അനുവദിച്ചു. ഇതുപ്രകാരം മുസ്ളിം പെകുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം 5000 സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ബിരുദത്തിന് 3000 രൂപ, ബിരുദ ബിരുദാനന്തരം 4000 രൂപ, പ്രൊഫഷണല്‍ കോഴ്സ് 10,000 രൂപ എന്നിങ്ങനെയായിരുന്നു സ്കോളര്‍ഷിപ്പ്. ന്യൂനപക്ഷങ്ങളെ പിഎസ്സി, യുപിഎസ്സി, ബാങ്കിങ് പരീക്ഷകള്‍ക്ക് പ്രാപ്തരാക്കാന്‍ സൌജന്യ പരിശീലനം നല്‍കുന്ന മൈനോറിറ്റി ട്രെയിനിങ് സെന്ററും ഐഎഎസ്, ഐപിഎസ് പരിശീലനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചും പൊന്നാനിയില്‍ ആരംഭിച്ചു. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാതൃകയായി. പലിശ നിഷിദ്ധമായതിനാല്‍ ക്ഷേമനിധി തുക ട്രഷറികളില്‍ നിക്ഷേപിക്കാനും നിര്‍ദേശം നല്‍കി. കൂടാതെ പലിശരഹിതബാങ്കിന് തുടക്കമിട്ട് ചരിത്രം സൃഷ്ടിക്കാനും സര്‍ക്കാരിനായി.

കൂട്ടായ്മയില്‍ തളിരിടുന്ന ജീവിതം

കാസര്‍കോട്: ഭര്‍ത്താവ് മരിച്ചതോടെ മുന്നോട്ടുള്ള വഴി അടഞ്ഞെന്ന തോന്നലായിരുന്നു സൈനബയ്ക്ക്. സഹായത്തിന് ആരുമില്ല. പകച്ചു നില്‍ക്കുമ്പോഴാണ് സഹായവുമായി കുടുംബശ്രീ എത്തിയത്. പിലിക്കോട് ഓത്തുകുന്ന് തേജസ്വിനി കുടുംബശ്രീയുടെ മധുര പലഹാര യൂണിറ്റ് നടത്തുന്ന എം കെ സൈനബ വിജയതീരത്താണിന്ന്. 'കുടുംബശ്രീയാണ് ജീവിത പ്രാരബ്ധങ്ങള്‍ മറികടക്കാന്‍ തുണയായത്. സര്‍ക്കാര്‍ നല്‍കിയ സഹായം ഒരിക്കലും മറക്കില്ല.'- സൈനബയുടെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം.

പറക്കമുറ്റാത്ത നാലുമക്കളുള്ള കുടുംബത്തിനുമേല്‍ ഭര്‍ത്താവിന്റെ മരണം കരിനിഴല്‍ വീഴ്ത്തിയപ്പോഴാണ് സൈനബയ്ക്ക് കുടുംബശ്രീ താങ്ങായത്. ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച തുക ഉപയോഗിച്ച് വീടുപണിതു. കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇതിനിടയില്‍ മൂത്തമകളുടെ വിവാഹവും നടത്തി. ബാങ്കില്‍നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്താണ് മധുരപലഹാരയൂണിറ്റ് ആരംഭിച്ചത്. യൂണിറ്റ് വിപുലീകരിക്കാന്‍ പുതിയ വായ്പയ്ക്ക്് അപേക്ഷിച്ചിരിക്കുകയാണ്.

പെരുമ്പള്ളിയിലെ ബത്ലഹേം ആശ്രമത്തിലെ കുടുംബശ്രീ യൂണിറ്റിലൂടെ അന്തേവാസികളുടെ ജീവിതം തളിരിടുകയാണ്. ആശ്രമ അന്തേവാസികളും കുടുംബശ്രീ യൂണിറ്റില്‍നിന്ന് മൂന്നു പേരും ചേര്‍ന്ന് ആരംഭിച്ച വസ്ത്ര നിര്‍മാണ യൂണിറ്റ് ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭങ്ങളില്‍ ഒന്നാണിപ്പോള്‍. ശാരിരീക- മാനസിക വൈകല്യമുള്ളവരാണ് അംഗങ്ങളില്‍ കൂടുതലും. മാസം നാലായിരം മുതല്‍ അയ്യായിരം രൂപവരെ ഇവര്‍ സമ്പാദിക്കുന്നു. മറ്റ് അന്തേവാസികളുടെ ചെലവിനും പണം നല്‍കുന്നു.

പത്തു കുടുംബങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിച്ചതിന്റെ കഥയാണ് ചട്ടഞ്ചാല്‍ സ്വാതി ഓഫ്സെറ്റ് പ്രിന്റിങ് യൂണിറ്റ് അംഗങ്ങള്‍ പറയുന്നത്. 2003ല്‍ ആരംഭിച്ച പ്രിന്റിങ് യൂണിറ്റ് ഇന്ന് ജില്ലയിലെ തിരക്കേറിയ പ്രസ്സുകളിലൊന്നാണ്. പ്രതിമാസം ഒരുലക്ഷത്തിലേറെ രൂപയുടെ ജോലി ലഭിക്കുന്നതായി സെക്രട്ടറി കെ പത്മാവതി പറഞ്ഞു.

വന്‍കിട വ്യവസായ യൂണിറ്റും കുടുംബശ്രീക്ക് വിജയകരമായി നടത്താമെന്നതിന്റെ തെളിവാണ് 11 പഞ്ചായത്തുകളിലായി ഇരുന്നൂറോളം സ്ത്രീകള്‍ ജോലിചെയ്യുന്ന 'സഫലം' കശുവണ്ടി സംസ്കരണ യൂണിറ്റ്. ഇന്ത്യയിലെ പല ഭാഗത്തേക്കും ഇവിടത്തെ കശുവണ്ടിപ്പരിപ്പ് കയറ്റിയയക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായമാണ് ഇവരുടെ വിജയത്തിനു പിന്നില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളാണ് ഈ വ്യവസായ സംരംഭത്തിന്റെയും ഉടമകള്‍. ഇവര്‍ക്ക് ഇരുനൂറ് രൂപവരെ ദിവസം കൂലി ലഭിക്കുന്നു.

പൂര്‍ത്തിയായത് നാലര ലക്ഷത്തോളം വീട്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6,12,640 വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതില്‍ 4,29,480 ഇതിനകം പൂര്‍ത്തിയായി. ബാക്കി നിര്‍മാണത്തിലും. ഇ എം എസ് ഭവനപദ്ധതിക്ക് 2007-08 സാമ്പത്തിക വര്‍ഷമാണ് തുടക്കമിട്ടത്. ഫെബ്രുവരി 28 വരെയുള്ള കണക്കുപ്രകാരം 3,59,780 വീടുകള്‍ പൂര്‍ത്തിയായി. 1,83,060 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഞങ്ങള്‍ സന്തുഷ്ടരാണ്

സുരക്ഷിതമായ സ്വന്തം വീടെന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് കാഞ്ഞിരംപാറ വികെപി നഗറിലെ സുരേഷ് കുമാറും കുടുംബവും. ആകെയുള്ള രണ്ടേമുക്കാല്‍ സെന്റില്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള വീടായിരുന്നു തന്റേതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

കൂലിപ്പണിക്കാരനായ സുരേഷും ഭാര്യ ശാന്തയും മക്കളായ ഷൈനിയും ശരണ്യയും കഴിഞ്ഞത് ഈ വീട്ടിലായിരുന്നു. സ്വരൂപിച്ച കാശെല്ലാം ഷൈനിയുടെ വിവാഹത്തിന് ചെലവായി. സുരക്ഷിതമായ വീടെന്ന സ്വപ്നം ബാക്കിനിന്നു.

2009ല്‍ ഇ എം എസ് ഭവനപദ്ധതിയില്‍ വീടനുവദിച്ചപ്പോള്‍ സുരേഷിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. സര്‍ക്കാര്‍ അനുവദിച്ച 75,000 രൂപ തടസ്സമില്ലാതെ ലഭിച്ചപ്പോള്‍ വീട് യാഥാര്‍ഥ്യമായി. 2010 ആഗസ്തില്‍ പണി പൂര്‍ത്തിയാക്കി താമസം ആരംഭിച്ചു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വീടെന്ന സ്വപ്നം സഫലമാക്കിയ ഇടതുപക്ഷ സര്‍ക്കാരിനോട് പറഞ്ഞാലും തീരാത്ത നന്ദിയുണ്ടെന്ന് സുരേഷ്കുമാര്‍. 'നല്ലൊരു വീട് സ്വപ്നം കാണുന്ന ഞങ്ങളെപ്പോലെ ധാരാളം കുടുംബങ്ങള്‍ ഇനിയുമുണ്ട്. അവരുടെ സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ വീണ്ടും ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണം'-സുരേഷ്കുമാര്‍ പറഞ്ഞു.
(എസ് ഷംഷീര്‍)

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മാതൃകാപരമായ നടപടികള്‍ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. തദ്ദേശ ഭരണസമിതികളില്‍ സ്ത്രീസംവരണം 50 ശതമാനമാക്കി, ഉല്‍പ്പാദന മേഖലയ്ക്കുള്ള വിഹിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു, വനിതകള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതി, ദുര്‍ബലര്‍ക്കുള്ള പദ്ധതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം പഞ്ചായത്തു പ്ളാനുകളുടെ ഭാഗമാക്കിയും വകുപ്പുതല പദ്ധതികളുമായി പഞ്ചായത്തുതല പദ്ധതികളെ സംയോജിപ്പിച്ചും കേരളം വികസനത്തിന്റെ പുതിയ അധ്യായം രചിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീട് നല്‍കി ഇന്ത്യയിലെ സമ്പൂര്‍ണ ഭവന സംസ്ഥാനമാകാന്‍ ലക്ഷ്യമിട്ട് ഇ എം എസ് ഭവന പദ്ധതി, എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, 39 ലക്ഷം അംഗങ്ങളുമായി കുടുംബശ്രീ സ്ത്രീകളുടെ ലഘുസമ്പാദ്യ സംരംഭം, ശുചിത്വമിഷന്‍ മാലിന്യമുക്ത കേരളം. ഇങ്ങനെ പോകുന്നു പദ്ധതികള്‍.