Tuesday, March 22, 2011

പാവങ്ങളുടെ പടത്തലവന്‍

പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്കാണ് വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ത്തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണ മേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിക്കൊണ്ടാണ് എ കെ ജി പോരാടിയത്.

എ കെ ജിയുടെ ചരമദിനമാചരിക്കുന്ന ഈ ഘട്ടത്തില്‍ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നതാണ് സര്‍ക്കാര്‍ നയം. യുപിഎ അധികാരത്തിലെത്തുമ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 9 ആയിരുന്നു. ഇന്നത് 53 ആയി വര്‍ധിച്ചു. അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സര്‍വേ പ്രകാരം 77 ശതമാനം ജനങ്ങളും ശരാശരി ഒരു ദിവസം 20 രൂപ മാത്രം വരുമാനമുള്ളവരാണ്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരം നയങ്ങള്‍ തിരുത്താനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ബജറ്റ് വ്യക്തമാക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി സമ്പന്നര്‍ കൂടുതല്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുകയുംചെയ്യുന്നു എന്നാണ് ഇത് കാണിക്കുന്നത്.

വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് കേന്ദ്രബജറ്റില്‍ ഭക്ഷ്യസബ്സിഡി 27 കോടി രൂപ കുറച്ചിരിക്കുകയാണ്. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡി 1500 കോടി രൂപയും കുറച്ചു. വിവിധ ഇനങ്ങളിലെ 20,000 കോടി രൂപയുടെ സബ്സിഡികളാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാവട്ടെ 100 കോടി രൂപയുടെ കുറവുണ്ട്. പരോക്ഷനികുതിയിലൂടെ 11,300 കോടി രൂപ സമാഹരിക്കുമെന്ന പ്രഖ്യാപനം ഉപയോക്താക്കളുടെ മുകളില്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ഇടയാക്കുക. പണമില്ലെന്ന് പറഞ്ഞ് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ 2005-06 മുതല്‍ 2010-11 വരെയുള്ള അഞ്ചുവര്‍ഷക്കാലയളവില്‍ 3,74,937 കോടി രൂപയാണ് കോര്‍പറേറ്റുകളുടെ നികുതിയിനത്തില്‍ എഴുതിത്തള്ളിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പിരിച്ചെടുക്കാത്ത അഞ്ചുലക്ഷം കോടി രൂപയില്‍ 88,000 കോടി രൂപ കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ളതാണ്. മാത്രമല്ല, കോര്‍പറേറ്റ് കമ്പനികളുടെ സര്‍ച്ചാര്‍ജ് 7.5 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കി കുറച്ചു.

നമ്മുടെ രാജ്യം ആര് ഭരിക്കണം എന്നതുപോലും കോര്‍പറേറ്റ് കമ്പനികളാണ് തീരുമാനിക്കുന്നതെന്ന് നീര റാഡിയാ ടേപ്പ് സംഭവത്തോടെ വ്യക്തമായി. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതും ഏതു വകുപ്പുകളാണ് കൈകാര്യംചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതും ഇവര്‍ തന്നെ. സ്പെക്ട്രം അഴിമതിക്ക് കാരണക്കാരനായ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ നിയമനംപോലും ഇത്തരത്തിലായിരുന്നു. 1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. ഈ സംഖ്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ചെലവഴിക്കുന്ന തുകയേക്കാള്‍ ഇരട്ടിയിലേറെ വരും. ഇങ്ങനെ രാജ്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നവിധം അഴിമതി വ്യാപകമായിത്തീരുന്നു എന്നാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

അധികാരത്തിനുവേണ്ടി ഏതറ്റംവരെയും കോണ്‍ഗ്രസ് പോകുമെന്നതിന്റെ തെളിവുകളും പുറത്തുവന്നിരിക്കുന്നു. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴ കൊടുത്താണെന്നതിന്റെ തെളിവുകള്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്. സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മ അമേരിക്കന്‍ നയതന്ത്രജ്ഞരോട് നടത്തിയ സംഭാഷണം വിക്കിലീക്സ് വെളിപ്പെടുത്തിയതോടെ രാജ്യം ഞെട്ടിയിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ അകാലിദള്‍ എംപിമാരെ അനുകൂലമാക്കാന്‍ സതീഷ് ശര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരു ഭാഗം അടങ്ങിയ ബാഗുകള്‍ അദ്ദേഹത്തിന്റെ അനുയായി അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിച്ച കാര്യവും പുറത്തുവന്നു. അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന്‍ വൈറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് അയച്ച സന്ദേശം വിക്കിലീക്സ് വെളിപ്പെടുത്തി. സാമ്രാജ്യത്വശക്തികള്‍ നമ്മുടെ രാഷ്ട്രീയനയങ്ങളെ നിര്‍ണയിക്കുന്നതിന്റെ ഭാഗമായിട്ടാണ് 2006 ജനുവരിയില്‍ യുപിഎ സര്‍ക്കാര്‍ മണിശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ പെട്രോളിയം മന്ത്രിയാക്കിയതെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡേവിഡ് സി മുള്‍ഫോഡ് 2006 ജനുവരി 30ന് 'അതീവ രഹസ്യം 51088' എന്ന കോഡില്‍ വാഷിങ്ടണുമായി നടത്തിയ ആശയവിനിമയമാണ് പുറത്തുവന്നത്. അമേരിക്ക ശക്തമായി എതിര്‍ത്ത ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയെ അനുകൂലിച്ചതിനാണ് മണിശങ്കര്‍ അയ്യരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി കടുത്ത അമേരിക്കന്‍ പക്ഷക്കാരനായ ദേവ്റയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്ത്യ-അമേരിക്ക പാര്‍ലമെന്റ് ഫോറത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏഴ് എംപിമാരെ യുപിഎ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ കാര്യവും ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രിയായിരുന്ന നട്വര്‍സിങ്ങിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് അമേരിക്ക ഇടപെട്ട പ്രശ്നം അന്നേ ഉയര്‍ന്നുവന്നതായിരുന്നു. ഈ പ്രശ്നം ആ ഘട്ടത്തില്‍ ഇടതുപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഇടതുപക്ഷം മുന്നോട്ടുവച്ച കാര്യങ്ങളൊക്കെ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡകള്‍ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമായി നടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശ-സാമ്പത്തിക നയങ്ങള്‍ തിരുത്തിയെഴുതുന്ന പ്രശ്നം ഇടതുപക്ഷം മുമ്പേ ഉന്നയിച്ചതാണ്. ഇന്ത്യയുടെ വിശ്വവിഖ്യാതമായ ചേരിചേരാ കാഴ്ചപ്പാടിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഇന്ത്യയുമായി നയതന്ത്രബന്ധം ഇല്ലാതിരുന്ന ഇസ്രയേലുമായി ബന്ധം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. ഇന്ന്, ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി നമ്മുടെ നാട് മാറിയിട്ടുണ്ട്. ഇറാന്റെ ആണവോര്‍ജവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നപ്പോള്‍ അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുഗുണമായി വോട്ട് ചെയ്യാനാണ് ഇന്ത്യാഗവമെന്റ് തയ്യാറായത്. ഇതും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന കാര്യം ഇടതുപക്ഷം മുമ്പേ ഉന്നയിച്ചതാണ്. ആണവ കരാറിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നാടിനെ അടിയറവയ്ക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണല്ലോ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയുടെ ശക്തമായ തെളിവായി ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മാറിയിരിക്കുന്നു.

ഇന്ത്യന്‍ ഭരണവര്‍ഗവും സാമ്രാജ്യത്വവും തമ്മിലുള്ള നഗ്നമായ കൂട്ടുകെട്ടിനെതിരെ വിപുലമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. സാമ്രാജ്യത്വശക്തികളെ നമ്മുടെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തില്‍ സജീവ പങ്കാളിയായിരുന്നു സഖാവ് എ കെ ജി. ഇന്ത്യാരാജ്യത്ത് സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക-വിദേശ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് പ്രക്ഷോഭങ്ങളെ ജീവവായുകണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും.

*
പിണറായി വിജയന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 22 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്കാണ് വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ത്തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്.