Friday, March 18, 2011

വിക്കിലീക്‌സ് വെളിപ്പെടുത്തലും കോണ്‍ഗ്രസിന്റെ ജീര്‍ണതയും

ഇന്ത്യന്‍ ജനാധിപത്യത്തിനു തീരാകളങ്കം വരുത്തിയ 'വോട്ടിനുകോഴ' ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളിലൂടെ മന്‍മോഹന്‍സിംഗ് മന്ത്രിസഭ വിശ്വാസ വേട്ടുനേടാന്‍ എം പി മാര്‍ക്ക് പണം നല്‍കിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ദ ഹിന്ദു പത്രം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളിലേയ്‌ക്കും വെളിച്ചം വീശുന്നുണ്ട്. ഇന്ത്യ-അമേരിക്ക ആണവ കരാറുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടര്‍ന്ന് ഒന്നാം യു പി എ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷം നഷ്‌ടമായി. തുടര്‍ന്നാണ് 2008 ജൂലൈയില്‍ മന്‍മോഹന്‍സിംഗ് വിശ്വാസ വോട്ടുതേടാന്‍ നിര്‍ബന്ധിതമായത്.

ലോക്‌സഭയിലെ അന്നത്തെ കക്ഷി ബലംവെച്ചു നോക്കുമ്പോള്‍ മന്ത്രിസഭയുടെ പതനം സുനിശ്ചിതമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നടത്തിയ നാണംകെട്ട കുതിര കച്ചവടത്തിലൂടെയാണ് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത്. മന്ത്രിസഭയ്‌ക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ കോടിക്കണക്കിനു രൂപയാണ് എം പിമാര്‍ക്ക് വാഗ്ദാനം ചെയ്‌തത്. അനുകൂലമായി വോട്ടു ചെയ്യുന്നില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നാലും പ്രതിപക്ഷ എം പി മാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തു. മൂന്ന് എം പിമാര്‍ക്ക് ആദ്യ ഗഡുവായി നല്‍കിയ നോട്ടുകെട്ടുകള്‍ അവര്‍ ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ മായാത്ത കറുത്ത ഏടായി അത് അവശേഷിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികളുടേത് ഒഴിച്ചുള്ള എം പിമാരെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിരുന്നു. ബി ജെ പി, തെലുങ്കുദേശം, ജനതാദള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ ചില അംഗങ്ങളെ വിലയ്‌ക്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് നേതൃത്വവും അധികാര ദല്ലാളായി അറിയപ്പെടുന്ന അന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍സിംഗും നടത്തിയ നെറികെട്ട ഇടപാടിലൂടെ വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ കഷ്‌ടിച്ചുകടന്നുകൂടാന്‍ മന്‍മോഹന്‍ സിംഗിനു കഴിഞ്ഞു.

എം പിമാര്‍ക്ക് നല്‍കിയ പണം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കിഷോര്‍സിംഗ് ദേവായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. കൂടുതല്‍ വിശദമായ അന്വേഷണത്തിനു സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദേശം. 'വോട്ടിനു കോഴ' ഇടപാടിന്റെ ശരിയായ ചിത്രം പുറത്തുവരുന്നത് ഭയന്ന യു പി എ നേതൃത്വം അത്തരമൊരന്വേഷണത്തിനു തയ്യാറായില്ല. പകരം ഡല്‍ഹി പൊലീസിനെകൊണ്ട് ഒരന്വേഷണ പ്രഹസനം നടത്തി കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്.

കുഴിച്ചുമൂടപ്പെട്ടൂവെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതിയ കോഴ ഇടപാടിലേയ്‌ക്ക് രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും തിരിഞ്ഞത് വിക്കിലീക്‌സ് വെളിപ്പെടുത്തലിലൂടെയാണ്. ആണവ കരാറിന്റെ ഭാവിയില്‍ ഏറ്റവും ഉത്കണ്ഠ അമേരിക്കയ്‌ക്കായിരുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ എന്തുചെയ്‌തും നിലനിര്‍ത്തണമെന്നത് അമേരിക്കയുടെ താല്‍പര്യമായിരുന്നു. വിശ്വാസ വോട്ടെടുപ്പിനു മുമ്പുള്ള ദിനങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന നീക്കങ്ങളെല്ലാം ഇന്ത്യയിലെ അമേരിക്കന്‍ എംബസി സസൂക്ഷ്‌മം നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്‍കുകയും ചെയ്‌തു. എം പിമാരെ ചാക്കിട്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അമേരിക്കന്‍ യജമാനന്‍മാരെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലെ അമേരിക്കന്‍ എംബസി 2008 ജൂലൈ 17ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് അയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്. അമേരിക്കന്‍ എംബസിയിലെ പൊളിറ്റിക്കല്‍ കോണ്‍സുലര്‍, കോണ്‍ഗ്രസ് നേതാവ് സതീശ് ശര്‍മ്മയുമായി നടത്തിയ ചര്‍ച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. എം പിമാര്‍ക്ക് നല്‍കാന്‍ കരുതിവെച്ച അറുപതു കോടിയോളം രൂപ അടങ്ങിയ രണ്ടു അറകള്‍ സതീശ് ശര്‍മ്മയുടെ ഒരു സഹായി അമേരിക്കന്‍ ഉദ്യോഗസ്ഥന് കാണിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. അജിത്‌സിംഗിന്റെ രാഷ്‌ട്രീയ ലോക് ദള്‍ അംഗങ്ങള്‍ക്ക് പത്തു കോടി രൂപ വീതം നല്‍കിയിരുന്നുവെന്ന് സതീശ് ശര്‍മ്മയുടെ സഹായി പറഞ്ഞതായാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഉറ്റ കൂട്ടുകാരനായിരുന്ന സതീശ് ശര്‍മ്മ സോണിയാഗാന്ധിയുടെ അടുത്ത കുടുംബ സുഹൃത്താണ്. ''പണമല്ല, പണം വാങ്ങിയവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പ്രശ്‌നം'' എന്നാണ് സതീശ് ശര്‍മ്മയുടെ സഹായിയായ നചികേത കപൂര്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനോട് പറഞ്ഞത്. അജിത്‌സിംഗിന്റെ പാര്‍ട്ടി അംഗങ്ങള്‍ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്‌തില്ലെന്ന വസ്‌തുത കപൂറിന്റെ ആശങ്ക ശരിവെയ്‌ക്കുന്നുണ്ട്. എന്‍ ഡി എ ഘടകകക്ഷിയായ അകാലിദളിന്റെ പിന്തുണ ലഭിക്കാന്‍ ധനാഢ്യനായ സന്ത്ചത്വാള്‍വഴി ശ്രമം നടത്തിവരികയാണെന്നും സതീശ് സര്‍മ്മ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവായ കേന്ദ്രമന്ത്രി കമല്‍നാഥ് നടത്തുന്ന ശ്രമങ്ങളും അമേരിക്കന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ എല്ലാ അടവുകളും അവലംബിക്കുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷമേ വിശ്വാസപ്രമേയത്തിനു ലഭിക്കുകയുള്ളൂവെന്ന വിലയിരുത്തലായിരുന്നു അമേരിക്കന്‍ എംബസിയുടേത്. ''അനുകൂലമായി 273 വോട്ടും എതിരായി 251 വോട്ടും'' ലഭിക്കുമെന്നായിരുന്നൂ കണക്കുകൂട്ടല്‍. 19 പേര്‍ വിട്ടു നില്‍ക്കും. ഈ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് വോട്ടെടുപ്പ് തെളിയിച്ചു. വിശ്വാസപ്രമേയത്തിന് അനുകൂലമായി 275 ഉം എതിരായി 256 വോട്ടുമാണ് ലഭിച്ചത്. 10 പേര്‍ വിട്ടുനിന്നു.

വോട്ടിനു കോഴ ഇടപാടിലെ ഇതുവരെ പുറത്തുവരാത്ത ചില വസ്‌തുതകളും അമേരിക്ക നടത്തിയ ഇടപെടലുകളുമാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. വോട്ടിനു കോഴ ഇടപാടിന്റെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാന്‍ പര്യാപ്‌തമായ സമഗ്രമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണം. കോഴ ഇടപാടിന്റെ ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഏറ്റെടുക്കുകയും ചെയ്യണം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജീര്‍ണതയുടെ ആരേയും ബോധ്യപ്പെടുത്തുന്ന ചിത്രമാണ് വിക്കിലീക്‌സ് നല്‍കുന്നത്.


*****


ജനയുഗം മുഖപ്രസംഗം 18-03-2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനാധിപത്യത്തിനു തീരാകളങ്കം വരുത്തിയ 'വോട്ടിനുകോഴ' ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളിലൂടെ മന്‍മോഹന്‍സിംഗ് മന്ത്രിസഭ വിശ്വാസ വേട്ടുനേടാന്‍ എം പി മാര്‍ക്ക് പണം നല്‍കിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ദ ഹിന്ദു പത്രം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളിലേയ്‌ക്കും വെളിച്ചം വീശുന്നുണ്ട്. ഇന്ത്യ-അമേരിക്ക ആണവ കരാറുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടര്‍ന്ന് ഒന്നാം യു പി എ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷം നഷ്‌ടമായി. തുടര്‍ന്നാണ് 2008 ജൂലൈയില്‍ മന്‍മോഹന്‍സിംഗ് വിശ്വാസ വോട്ടുതേടാന്‍ നിര്‍ബന്ധിതമായത്.

kutty_chatthan said...

അഴിമതിക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ കോണ്‍ഗ്രസ്‌ ഇന്ത്യ ഭരിക്കുന്നത്‌???
ഇങ്ങനെയാണെങ്കില്‍ ശത്രു രാജ്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ വില്‍ക്കുവാന്‍ വരെ അവര്‍ തയാറാകും എന്നതില്‍ ഒട്ടും തന്നെ സംശയമില്ല,,, മുതലാളിത്തം തുലയട്ടെ,,,,,,,