Monday, March 7, 2011

കാരുണ്യസ്പര്‍ശമേ നന്ദി...

പടച്ചവനോടു മാത്രമല്ല ഈ ഉമ്മ നല്ലവാക്കും നന്ദിയും പറയുന്നത്, തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പടച്ചവനെപ്പോലെ സര്‍ക്കാരും തുണയായെന്നു പറയുമ്പോള്‍ ഇവരുടെ കണ്ണുകളില്‍ തെളിച്ചമാകുന്നത് അതിരറ്റ നന്ദിയാണ്. പിഞ്ചോമനയ്ക്ക് വന്ന രോഗം, ചികിത്സാചെലവ്...ഏതൊരു കുടുംബവും തകര്‍ന്നുപോകുന്ന അവസ്ഥ. കണ്ണിനു കണ്ണായ കുഞ്ഞുമക്കള്‍ക്ക് മാറാരോഗം പിടിക്കുമ്പോള്‍ തളരുന്ന ഈ ഉമ്മയെപ്പോലെ ആയിരക്കണക്കിന് അച്ഛനമ്മമാര്‍ക്കാണ് താലോലം പദ്ധതിയും പ്രത്യേക ക്യാന്‍സര്‍ പദ്ധതിയും താങ്ങും തണലുമായത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച ജീവകാരുണ്യപദ്ധതിയുടെ ആശ്വാസത്തില്‍ പൂമ്പാറ്റകളെപ്പോലെ ജീവിതവാടിയില്‍ വീണ്ടും പാറിനടക്കയാണ് അമലയും നുസ്റയും ഹിരണുമെല്ലാം. മക്കളെ മരുന്നും ചികിത്സയും നല്‍കി രക്ഷിച്ച അധികാരികള്‍ക്ക് പുണ്യം കിട്ടുമെന്ന മലപ്പുറം ചേളാരി സ്വദേശിയായ യുവതിയുടെ വാക്കുകള്‍ ആയിരക്കണക്കിന് അച്ഛനമ്മമാരുടെ ഉള്ളറിഞ്ഞ നിശ്വാസമാണ്. ജീവിതത്തിന്റെ വെളിച്ചം അണഞ്ഞുപോകുമെന്ന് തോന്നിയ ആ നാളുകളിലെ കരളുലയ്ക്കും വേദന ഇന്നും ഉമ്മയുടെ മനസ്സിലുണ്ട്.

അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ ഒരുദിവസം മകള്‍ വല്ലാതെ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ളിനിക്കില്‍ കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. രോഗം ലുക്കീമിയയാണെന്ന് തിരിച്ചറിഞ്ഞു. ഭര്‍ത്താവിന് കൂലിപ്പണി. ആഴ്ചയില്‍ പല ദിവസവും പണിയില്ല. രോഗിയായ മകളെ കൂടാതെ മൂന്നുമക്കള്‍ കൂടിയുണ്ട്. അവരുടെ വിദ്യാഭ്യാസം, മകളുടെ ചികിത്സയ്ക്കുള്ള ചെലവ്, ഓര്‍ത്തപ്പോള്‍ മനസ്സ് പതറി.

മൂന്നുമാസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും വന്നാല്‍ മതി. രോഗാവസ്ഥയിലും വലിയ മാറ്റമുണ്ടായി. മകള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി.

മാരകരോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചികിത്സ നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ടു പദ്ധതിയാണ് പ്രത്യേക ക്യാന്‍സര്‍ ചികിത്സാപദ്ധതിയും താലോലവും.

1710 കുട്ടികള്‍ക്ക് ക്യാന്‍സര്‍ ചികിത്സാ പദ്ധതി ആശ്വാസമേകി. താലോലം പദ്ധതിപ്രകാരം 1955 പേര്‍ക്ക് ചികിത്സ ലഭ്യമായി. ഇതിനായി 7,76,11,511 കോടി രൂപ ചെലവഴിച്ചു. ലുക്കീമിയപോലുള്ള മാരക ക്യാന്‍സര്‍ പിടിപെട്ട 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്നതിനാണ് 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ക്യാന്‍സര്‍ ചികിത്സാ പദ്ധതി ആവിഷ്കരിച്ചത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, അഞ്ച് മെഡിക്കല്‍ കോളേജുകള്‍, കൊച്ചിയിലെയും പരിയാരത്തെയും സഹകരണ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് ഈ ചികിത്സാസംവിധാനം. കൂടുതല്‍പേര്‍ ചികിത്സതേടിയെത്തിയത് ആര്‍സിസിയിലാണ്- 1223 പേര്‍. ഇവിടെമാത്രം 5,42,68,617 രൂപ ചെലവഴിച്ചു. ഈ ആശുപത്രികളില്‍ ലഭ്യമല്ലാത്ത ടെസ്റുകളും മരുന്നുകളും പുറത്തുനിന്നു ലഭ്യമാക്കും.

ഈ പദ്ധതി കൂടാതെ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന 2010 മുതല്‍ 'താലോലം' സൌജന്യചികിത്സാ പദ്ധതിയും ആരംഭിച്ചു. ഹൃദയസംബന്ധമായ രോഗം, വൃക്കരോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കായാണ് താലോലം പദ്ധതി ആരംഭിച്ചത്. ഇതു മുഖേന 2011 ജനുവരി വരെ 1955 പേര്‍ക്ക് ചികിത്സ നല്‍കി. ഇതിനായി മൂന്നുകോടിയോളം രൂപ ചെലവഴിച്ചു. പ്രത്യേക ക്യാന്‍സര്‍ പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 320 പേര്‍ ചികിത്സതേടിയെത്തി. 29 ലക്ഷം രൂപ ചെലവഴിച്ചു. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് ചികിത്സ.
(പി കെ സജിത്)

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി

കേരളത്തിലെ പ്രമുഖനായ ജനകീയാരോഗ്യപ്രവര്‍ത്തകരില്‍ ഒരാളും എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലിനോട് ആരോഗ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുമെന്ന് ചോദിച്ചാല്‍ ഉത്തരം ഹ്രസ്വം. കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി എന്നാണ് ആ ഉത്തരം.

ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആധുനികചികിത്സ ഉറപ്പാക്കിയതു മാത്രം മതി ആരോഗ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും ജനപക്ഷനിലപാട് മനസ്സിലാക്കാന്‍. യുഡിഎഫ് കാലത്ത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കാതിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ഏത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും വെല്ലുംവിധം ആധുനികവല്‍ക്കരിച്ചതിന് മന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ.

ജനകീയാരോഗ്യമേഖലയിലെ അവിശ്വസനീയമായ ഈ നേട്ടങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് കഷ്ടം-ഡോ. ഇക്ബാല്‍ പറഞ്ഞു.

സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കി വളര്‍ത്തുകയും സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുകയും ചെയ്ത ഘട്ടത്തില്‍നിന്നാണ് ശ്രീമതി ടീച്ചര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്തിയത്. ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ട കേരള ആരോഗ്യമാതൃക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത്. പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആവിര്‍ഭാവവും ജീവിതശൈലീരോഗങ്ങളുടെ വര്‍ധനവും വര്‍ധിച്ച അപകട, ആത്മഹത്യാനിരക്കുകളും കേരളത്തിന് രോഗികളുടെ സ്വന്തം നാട് എന്ന ചീത്തപ്പേര് സമ്മാനിച്ചിരുന്നു. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ആരോഗ്യമേഖല ശോഷിച്ചുവരികയും ചെയ്ത കാലത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ ആശയങ്ങള്‍ സധൈര്യം നടപ്പാക്കിയത്.

ആസൂത്രണത്തിന്റെ അഭാവവും വികസനക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും മൂലം സാധാരണജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെ ദരിദ്രരില്‍ 40 ശതമാനം പേര്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.

പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുവരെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസം അവിശ്വസനീയമാണ്. ചിസ് പദ്ധതിപ്രകാരം 45 ശതമാനം കുടുംബങ്ങള്‍ക്ക് 70,000 രൂപവരെ ചികിത്സാ സഹായം ലഭ്യമാക്കിയതും താലോലം പദ്ധതിയിലൂടെ 18വയസ്സുവരെയുള്ളവര്‍ക്ക് ഗുരുതരരോഗങ്ങള്‍ക്ക് സൌജന്യചികിത്സ ലഭ്യമാക്കിയതും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്- ഡോ. ഇക്ബാല്‍ പറഞ്ഞു.

സാന്ത്വനമേകി ധര്‍മാശുപത്രികള്‍

കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ ആരോഗ്യരംഗത്തുണ്ടായ പുരോഗതി അമ്പതുവര്‍ഷം കൈവരിച്ചതിലുമേറെ. യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നരകമായിരുന്നു. അടിസ്ഥാ സൌകര്യങ്ങള്‍ ഒട്ടുമില്ല, ഡോക്ടര്‍മാരും ജീവനക്കാരുമില്ല, മരുന്നില്ല- ചികിത്സ തേടിയെത്തുന്നവരെ കാത്തിരുന്നത് യാതനകള്‍ മാത്രം. അല്‍പ്പം നിവൃത്തിയുള്ളവരാരും അങ്ങോട്ടുതിരിഞ്ഞുനോക്കിയില്ല. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരിക്കൊഴിയുന്നില്ല.

ആരോഗ്യസര്‍വകലാശാല, മരുന്ന് സംഭരണത്തിനും വിതരണത്തിനും കോര്‍പറേഷന്‍, ഗ്രാമീണ ആരോഗ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് ആരോഗ്യവകുപ്പു കൈവരിച്ചത്. ആരോഗ്യരംഗത്ത് സമഗ്രമായ അഴിച്ചുപണിയാണ് പി കെ ശ്രീമതിയുടെ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് ഗവര്‍മെണ്ട് കേരളത്തില്‍ സാധ്യമാക്കിയത്.

മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളാക്കി മാറ്റിയത് വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് അനുഗ്രഹമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 120 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് എന്ന അഭിമാനാര്‍ഹമായ പദവി ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സ്വന്തം. ആലപ്പുഴ മെഡിക്കല്‍ കോളേജിന് വണ്ടാനത്ത് ആധുനികസൌകര്യമുള്ള കെട്ടിടം സ്ഥാപിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ബ്ളഡ് ബാങ്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മരുന്നുവിതരണം കാര്യക്ഷമമാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇന്ന് ഏതു ആശുപത്രിയില്‍ പോയാലും എത്ര വിലയുള്ള മരുന്നും സൌജന്യമായി ലഭിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മരുന്ന് ലോബിയെ സഹായിക്കാനായി സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുവിതരണം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിയിരുന്നു.

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കാനുള്ള തീരുമാനം പാവപ്പെട്ടവരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഉത്തമോദാഹരണമാണ്. രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് ഇതുസഹായിച്ചു. ഡോക്ടര്‍മാരുടെ വേതനം കൂട്ടിക്കൊണ്ട് ആ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു.

ജനകീയ പങ്കാളിത്തത്തോടെയുള്ള ഗ്രാമീണ ആരോഗ്യപദ്ധതിയും വിജയകരമായി മുന്നോട്ടുപോകുകയാണ്. അഞ്ചുവര്‍ഷം മുമ്പ് ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ നോക്കുകുത്തികളായിരുന്നു. എന്നാല്‍, ഇന്ന് കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഡോക്ടറില്ലാതെ മടങ്ങിപ്പോകേണ്ട ഗതികേട് ഇന്ന് കേരളത്തിലെ ഒരുഗ്രാമത്തില്‍ പോലുമില്ല. ദേശീയ നിലവാരത്തിലാണ് ഇപ്പോള്‍ നമ്മുടെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ 150 കുടുംബങ്ങള്‍ക്ക് ഒരു ഡോക്ടര്‍, നേഴ്സ് എന്ന പദ്ധതി ക്യൂബയെ മാതൃകയാക്കി പ്രാവര്‍ത്തികമാക്കി.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സംസ്ഥാനത്തെ ആശുപത്രികളിലുണ്ട്. മഞ്ചേരിയിലെയും കാസര്‍ക്കോട്ടെയും ജില്ലാ ആശുപത്രികള്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ സഹായിച്ചു.

പകര്‍ച്ചപ്പനി, ചിക്കുന്‍ഗുനിയ, എച്ച്വണ്‍എന്‍വണ്‍ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമേഖലയിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളിലൂടെയാണ്.

വെന്റിലേറ്ററില്‍ നിന്ന് മികവിന്റെ പെരുമയിലേക്ക്

2006 ഫെബ്രുവരി 15. പനിയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ പതിനഞ്ചുകാരന്‍ മരിച്ചു. മരുന്നുമാറി കുത്തിവച്ചതിനാലാണ് തിരുവനന്തപുരം ജില്ലയില്‍ പാച്ചല്ലൂരില്‍ അലകത്തറ വീട്ടില്‍ തുളസീദാസിന്റെയും ശൈലജയുടെയും മകന്‍ ശ്യാം മരിച്ചത്.

ഇത് മനഃപൂര്‍വമല്ലാത്ത നരഹത്യയാണെന്ന് ആക്ഷേപമുയര്‍ന്നു. സമൂഹം പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത് അന്നത്തെ ഭരണകര്‍ത്താക്കളെയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത ആശുപത്രി. ഉള്ള ജീവനക്കാര്‍ക്ക് വിശ്രമമില്ലാത്ത അധ്വാനം. കൈപ്പിഴകള്‍ പതിവായി. മരുന്നില്ലാത്ത ന്യായവില മെഡിക്കല്‍ സ്റോര്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായ ഈ അവസ്ഥയിലാണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്.

മരുന്നും ചികിത്സാ സംവിധാനങ്ങളുമില്ലാത്ത പരിതാപകരമായ അവസ്ഥയ്ക്ക് മെല്ലെ മാറ്റമായി. ഇന്ത്യയിലെതന്നെ മികച്ച നിലവാരമുള്ള ചുരുക്കം സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പമാണ് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച ആശുപത്രിയെന്ന പെരുമയും ഈ ആതുരാലയത്തിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനം. ഈ വളര്‍ച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്.

തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററുകളുടെ കുറവ് പൂര്‍ണമായി പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കി. എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍ എന്നീ രോഗനിര്‍ണയ ഉപകരണങ്ങളുടെ കുറവ് പരിഹരിച്ചു. ചികിത്സാ സൌകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ രോഗികളുടെ എണ്ണംകൂടി. റഫറല്‍ സംവിധാനം ശക്തമാക്കി തിരക്ക് നിയന്ത്രിച്ചു. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി. പുതിയ സംവിധാനങ്ങളുടെ ഗുണഫലം അനുഭവിച്ചവര്‍ ആശുപത്രിയെ അഭിമാനത്തോടെ സമീപിക്കുന്നു.

വെന്റിലേറ്ററുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 35 ആയി. രണ്ട് സി ടി സ്കാന്‍ സ്ഥാപിച്ചു. ഇതില്‍ ഒന്ന് അത്യാധുനികമായ 128 സ്ലൈസ് സി ടി സ്കാനര്‍. രണ്ട് കാത്ത് ലാബ്, സ്തനാര്‍ബുദം കണ്ടെത്താനുള്ള മാമോഗ്രാം എന്നിവയും സ്ഥാപിച്ചു. ഡയാലിസിസ് യൂണിറ്റ് നാലില്‍നിന്ന് 14 ആയി. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കില്‍ എട്ട് അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍, നൂതന സംവിധാനങ്ങളോടുകൂടിയ 22 ഐസി യൂണിറ്റ് എന്നിവ സ്ഥാപിച്ചു.

നേട്ടങ്ങള്‍ക്ക് തിലകക്കുറിയായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കില്‍ നെഫ്രോളജി, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, മെഡിക്കല്‍ ഗ്യാസ്ട്രോ, സര്‍ജിക്കല്‍ ഗ്യാസ്ട്രോ, യൂറോളജി എന്നീ വിഭാഗങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നു. 100 കോടി രൂപയുടെ ഉപകരണങ്ങളാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കിയത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഒപി വിഭാഗം ബ്ളോക്കും പ്രവര്‍ത്തനസജ്ജമാക്കി.

എസ്എടിയില്‍ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങളോടുകൂടിയ നിയോ നാറ്റല്‍ നേഴ്സറി, ഇന്‍ബോണ്‍ നേഴ്സറി, ഔട്ട് ബോണ്‍ നേഴ്സറി, വന്ധ്യതയ്ക്കുള്ള ആധുനിക ചികിത്സ ലഭ്യമാകുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് യൂണിറ്റ് എന്നിവ തുടങ്ങി.

നാലുകോടി രൂപ ചെലവഴിച്ച് 45,000 ചതുരശ്രയടിയില്‍ പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ളോക്ക് നിര്‍മിച്ചു. സ്വകാര്യമേഖലയില്‍ മാത്രം ലഭ്യമായിരുന്ന വന്ധ്യതാ നിവാരണ ക്ളിനിക്കും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആര്‍സിസിയില്‍ 21 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനത്തോടെ രണ്ട് ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ആദ്യമായാണ് ഈ സംവിധാനം. മസ്തിഷ്കത്തിലെ രക്തക്കുഴല്‍ വൈകല്യമുള്‍പ്പെടെയുള്ള അതിസൂക്ഷ്മ ട്യൂമറുകള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇതുവഴി കഴിയും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആര്‍സിസിയില്‍ 101 കോടി രൂപയുടെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ലഭ്യമാക്കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആധുനിക സംവിധാനത്തോടെയുള്ള ഡ്രഗ് ഹൌസ് പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഒപി ബ്ളോക്കില്‍ 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഡ്രഗ് ഹൌസിന്റെ ചുമതല കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ്. ഇതിനായി 87 ലക്ഷം രൂപ ചെലവിട്ടു. പൂര്‍ണമായും ശീതീകരിച്ച ഡ്രഗ് ഹൌസ് സംവിധാനം സംസ്ഥാനത്ത് ആദ്യത്തേതാണ്.
(ജി രാജേഷ്കുമാര്‍)

ആലംബമറ്റവര്‍ക്ക് കൈത്താങ്ങായി

ക്ഷേമപദ്ധതികളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയത്. നിരാലംബര്‍, വയോജനങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ തുടങ്ങിയ സംരക്ഷണം ഉറപ്പാക്കാനായി സാമൂഹ്യ സുരക്ഷാമിഷന്‍ രൂപീകരിച്ചു. വിവിധ ഫണ്ടുകള്‍ ഏകോപിപ്പിച്ച് 65 കോടിയുടെ കോര്‍പസ് ഫണ്ട് രൂപീകരിച്ചാണ് ജനക്ഷേമപദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത്.

സാമൂഹ്യസുരക്ഷാമിഷന്റെ കീഴില്‍ പാവപ്പെട്ടവരുടെ മക്കളുടെ ചികിത്സയ്ക്കായാണ് താലോലം പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ ഭാഗമായി 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യചികിത്സ ഏര്‍പ്പെടുത്തി. ശ്രീചിത്ര, ആര്‍സിസി, എംസിസി, മെഡിക്കല്‍ കോളേജുകള്‍ എന്നീ ആശുപത്രികളില്‍ ശസ്ത്രക്രിയക്കും ഡയാലിസിനും 18 വയസ്സിനു താഴെയുള്ളവര്‍ ഒരു പൈസയും നല്‍കേണ്ട. ഇതു കുട്ടികളുടെ ചികിത്സയ്ക്കായി പണമില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമായി. വൃക്ക വൈകല്യം, സെറിബ്രല്‍ പാള്‍സി, കാര്‍ഡിയോ വാസ്കുലര്‍ വൈകല്യം, ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി വെബ്പോര്‍ട്ടല്‍ തുടങ്ങി. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളും തുടങ്ങി സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഈ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചു. മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മെയിന്റനന്‍സ് ട്രിബ്യൂണലും അപ്പലറ്റ് ട്രിബ്യൂണലും സ്ഥാപിച്ചു. വികലാംഗക്ഷേമത്തിനായി ഒട്ടേറെ കര്‍മപരിപാടികള്‍ കൊണ്ടുവന്നു. എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. 28 തസ്തികകളില്‍ കൂടി വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവര്‍ക്കും അഗതികള്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ 400 രൂപയാക്കി വര്‍ധിപ്പിച്ചു.

വിധവാ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കി. അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം നാല്‍പ്പതാക്കി കുറച്ചു. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധന, സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കൌണ്‍സലിങ് സെന്റര്‍, 40 കോടിരൂപയുടെ ജനനീ സുരക്ഷായോജന, ട്രൈബല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, എച്ച്ഐവി ബാധിതരെ പരിചരിക്കാനായി പുലരി സെന്ററുകള്‍ തുടങ്ങി എണ്ണമറ്റ പരിഷ്കരണങ്ങളും വികസനങ്ങളുമാണ് ആരോഗ്യ- സാമൂഹ്യക്ഷേമരംഗത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്തുണ്ടായത്.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 07 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആധുനികചികിത്സ ഉറപ്പാക്കിയതു മാത്രം മതി ആരോഗ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും ജനപക്ഷനിലപാട് മനസ്സിലാക്കാന്‍. യുഡിഎഫ് കാലത്ത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കാതിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ഏത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും വെല്ലുംവിധം ആധുനികവല്‍ക്കരിച്ചതിന് മന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ.

ജനകീയാരോഗ്യമേഖലയിലെ അവിശ്വസനീയമായ ഈ നേട്ടങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് കഷ്ടം-ഡോ. ഇക്ബാല്‍ പറഞ്ഞു.