രണ്ടുരൂപയ്‌ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞത് തികച്ചും നിര്‍ഭാഗ്യകരമാണ്. രണ്ടു രൂപ അരി നല്‍കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് കേരളത്തിലെ കെപിസിസി നേതൃത്വം തെരഞ്ഞെടുപ്പു കമീഷന്‍ മുമ്പാകെ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അരിവിതരണം തടഞ്ഞതത്രെ. കമീഷന്റെ ഈ നടപടി നീതീകരണമില്ലാത്തതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.
കേരളത്തില്‍ 70 ലക്ഷം കാര്‍ഡുടമകളുള്ളതില്‍ 40 ലക്ഷത്തില്‍പ്പരം കുടുംബത്തിന് രണ്ട് രൂപയ്‌ക്ക് അരി നല്‍കാന്‍ വളരെമുമ്പുതന്നെ തീരുമാനിച്ചതാണ്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ അരി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബില്ലുകൊണ്ടുവരാന്‍ പോകുന്നതായി പറഞ്ഞുകേട്ടിട്ട് കാലമേറെയായി. എന്നാല്‍, കേരളത്തില്‍ വളരെമുമ്പുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കി. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല.
മാതൃകാപരമായ പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്രമാണ് ജനങ്ങളെ എപിഎല്‍ എന്നും ബിപിഎല്‍ എന്നും വേര്‍തിരിച്ചത്. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തില്‍ 11 ലക്ഷമാണ് ബിപിഎല്‍ കാര്‍ഡുടമകളുള്ളത്. കേരളത്തിന് അംഗീകരിക്കാനാവാത്തതാണ് ആ മാനദണ്ഡങ്ങള്‍. അര്‍ഹരായ ലക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. ഈ സാഹചര്യത്തിലാണ് പ്രതിമാസം 25,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും രണ്ടു രൂപയ്‌ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്. കാര്‍ഡുടമകള്‍ പ്രതിമാസ വരുമാനം 25,000 രൂപയ്‌ക്ക് താഴെയാണെന്നും അഞ്ച് ഏക്കറില്‍ അധികം ഭൂമി കൈവശമില്ലെന്നും സ്വയം സത്യവാങ്മൂലം നല്‍കിയാല്‍ അവര്‍ക്കെല്ലാം രണ്ടുരൂപയ്‌ക്ക് അരി ലഭിക്കും. ഇത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്.
ഫെബ്രുവരി 23നാണ് മേല്‍പ്പറഞ്ഞ ചെറിയ വിഭാഗമൊഴികെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്‌ക്ക് അരി നല്‍കുമെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നത് മാര്‍ച്ച് ആദ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരുവര്‍ഷത്തിലധികമായി സ്വീകരിച്ചുവന്ന ബദല്‍നയം വ്യാപിപ്പിക്കുന്ന നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ചതാണെന്നുപറയാന്‍ കഴിയില്ല. അതുകൊണ്ടാണ് രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്ന നടപടി തടഞ്ഞത് നീതീകരണമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം.
ജനങ്ങള്‍ക്ക് അനുകൂലമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നയം കോണ്‍ഗ്രസ് നേതൃത്വത്തിന് സഹിക്കാനാവുന്നില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റ് ഉടമകള്‍ക്കും കൊള്ളക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് ഇന്ത്യയിലെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിതന്നെ പല തവണ നിരീക്ഷണം നടത്തിയതാണ്. ജനങ്ങളെ കൊള്ളചെയ്ത പണമാണ് സ്വിസ് ബാങ്കിലും മറ്റ് വിദേശബാങ്കുകളിലും സുരക്ഷിതമായി നിക്ഷേപിച്ചത്.
വിലക്കയറ്റം വളരെ രൂക്ഷമായിട്ടും സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതാണ്. പുല്‍ത്തൊട്ടിയിലെ പട്ടിയുടെ നയം എന്നൊരു ചൊല്ലുണ്ട്. പുല്ലുതിന്നാന്‍ പശുവിനെ അനുവദിക്കുകയില്ല; സ്വയം പുല്ല് തിന്നുകയുമില്ല. കോണ്‍ഗ്രസ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തതാണ്. യുഡിഎഫ് അധികാരത്തില്‍വന്ന ഘട്ടത്തിലാണ് റേഷന്‍ വിതരണ സമ്പ്രദായം അട്ടിമറിച്ചത്. റേഷന്‍ഷോപ്പിനുപകരം പൊതുവിതരണകേന്ദ്രമാക്കി മാറ്റി. റേഷന്‍കടകളിലെ പേരെഴുതിയ ബോര്‍ഡുപോലും മാറുകയാണുണ്ടായത്. സാര്‍വത്രികമായ പൊതുവിതരണത്തിന്റെ യഥാര്‍ഥ ശത്രുക്കളാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കല്‍ക്കൂടി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
മാവേലി സ്റോര്‍ സ്ഥാപിച്ചപ്പോള്‍ വാമനസ്റോര്‍ തുടങ്ങിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമായിരുന്നു എന്നത് മറന്നുകൂടാ. യുഡിഎഫ് അധികാരത്തിലുള്ളപ്പോള്‍ മാവേലി സ്റോറുകളും നീതിസ്റോറുകളും കൺസ്യൂമര്‍ ഫെഡറേഷന്‍ വില്‍പ്പന കേന്ദ്രങ്ങളും ശൂന്യമായിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തില്‍ കാര്യക്ഷമമായ പൊതുവിതരണസമ്പ്രദായം കൊണ്ടുവന്നത് യുഡിഎഫിന് തെല്ലും ഇഷ്‌ടപ്പെട്ടിരുന്നില്ല. കടുത്ത അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
1982ല്‍ 60 വയസ്സ് കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പ്രത്യുല്‍പ്പാദനപരമല്ലെന്നു പറഞ്ഞ് അതിനെ എതിര്‍ത്തു. 2001-2006 കാലഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. 25 മാസം ഈ തുച്ഛമായ തുക കൊടുത്തതുമില്ല. ഇപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കു മാത്രമല്ല, കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ബീഡി മേഖലയിലെല്ലാം പെന്‍ഷന്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍തുക 110 രൂപയില്‍നിന്ന് 400 രൂപയായി വര്‍ധിപ്പിക്കുകയുംചെയ്തു.
യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ പെരുകി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരാശ്വാസവും നല്‍കിയില്ല. ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ 50,000 രൂപ നല്‍കി. കടം എഴുതിത്തള്ളി. ഇതൊന്നും യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അവര്‍ക്ക് അലോസരം സൃഷ്‌ടിക്കുന്നതാണ്. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഇത്തരം ക്ഷേമപദ്ധതിയെല്ലാം അട്ടിമറിക്കുമെന്നതിന്റെ തെളിവാണ് തെരഞ്ഞടുപ്പു കമീഷന് നല്‍കിയ പരാതി. രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്നത് അവര്‍ അട്ടിമറിക്കുമെന്നു തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്ന നടപടി തടഞ്ഞതിനെതിരെ യുഡിഎഫിന്റെയും വിശേഷിച്ച് അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്.
മുഖ്യമന്ത്രി ഈ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കി രണ്ടു രൂപയ്‌ക്ക് അരിവിതരണം നിര്‍ബാധം തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന അത്യന്തം ക്രൂരമായ നിലപാടില്‍നിന്ന് തെരഞ്ഞെടുപ്പുകാലത്തുപോലും പിന്തിരിയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ലെന്നതാണ് ഈ തടസ്സവാദം തെളിയിക്കുന്നത്. കോണ്‍ഗ്രസിന്റെ തനിനിറം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍പ്പോലും മറനീക്കി പുറത്തുവന്നിരിക്കുന്നു-അങ്ങനെ പുറത്തുവരാന്‍ സഹായിച്ചതില്‍ ഉമ്മന്‍ചാണ്ടിയോടും കൂട്ടരോടും നന്ദി പറയാം.
*****
ദേശാഭിമാനി മുഖപ്രസംഗം 09032011
Subscribe to:
Post Comments (Atom)
2 comments:
കേരളത്തില്‍ 70 ലക്ഷം കാര്‍ഡുടമകളുള്ളതില്‍ 40 ലക്ഷത്തില്‍പ്പരം കുടുംബത്തിന് രണ്ട് രൂപയ്‌ക്ക് അരി നല്‍കാന്‍ വളരെമുമ്പുതന്നെ തീരുമാനിച്ചതാണ്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ അരി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബില്ലുകൊണ്ടുവരാന്‍ പോകുന്നതായി പറഞ്ഞുകേട്ടിട്ട് കാലമേറെയായി. എന്നാല്‍, കേരളത്തില്‍ വളരെമുമ്പുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കി. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല.
മാതൃകാപരമായ പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്രമാണ് ജനങ്ങളെ എപിഎല്‍ എന്നും ബിപിഎല്‍ എന്നും വേര്‍തിരിച്ചത്. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തില്‍ 11 ലക്ഷമാണ് ബിപിഎല്‍ കാര്‍ഡുടമകളുള്ളത്. കേരളത്തിന് അംഗീകരിക്കാനാവാത്തതാണ് ആ മാനദണ്ഡങ്ങള്‍. അര്‍ഹരായ ലക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. ഈ സാഹചര്യത്തിലാണ് പ്രതിമാസം 25,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും രണ്ടു രൂപയ്‌ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്. കാര്‍ഡുടമകള്‍ പ്രതിമാസ വരുമാനം 25,000 രൂപയ്‌ക്ക് താഴെയാണെന്നും അഞ്ച് ഏക്കറില്‍ അധികം ഭൂമി കൈവശമില്ലെന്നും സ്വയം സത്യവാങ്മൂലം നല്‍കിയാല്‍ അവര്‍ക്കെല്ലാം രണ്ടുരൂപയ്‌ക്ക് അരി ലഭിക്കും. ഇത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്.
ഫെബ്രുവരി 23നാണ് മേല്‍പ്പറഞ്ഞ ചെറിയ വിഭാഗമൊഴികെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്‌ക്ക് അരി നല്‍കുമെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നത് മാര്‍ച്ച് ആദ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരുവര്‍ഷത്തിലധികമായി സ്വീകരിച്ചുവന്ന ബദല്‍നയം വ്യാപിപ്പിക്കുന്ന നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ചതാണെന്നുപറയാന്‍ കഴിയില്ല. അതുകൊണ്ടാണ് രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്ന നടപടി തടഞ്ഞത് നീതീകരണമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം
സാർമില്ല...പോട്ടേന്ന്.... നമ്മൾ ഏതായാലും അധികാരത്തിൽ തിരിച്ച് വരൂല്ലോ...? അപ്പം നമ്മക്കിതു നടപ്പാക്കാം. എന്നിട്ട് കമ്മീഷനൊരു മെയിലും അയക്കാം...ഏത്....?
Post a Comment