ഞങ്ങള്‍ ചമ്രവട്ടത്തുകാര്‍ ഇത് രണ്ടാംതവണയാണ് പുതു നൂറ്റാണ്ടില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യാരാജ്യത്ത് ആദ്യമായി കമ്പ്യൂട്ടര്‍ സാക്ഷരത തികച്ച ഗ്രാമം എന്ന ബഹുമതി കൈവന്നിട്ട് അഞ്ചാറ് കൊല്ലമേ ആയുള്ളൂ. ജാതിമതഭേദം കൂടാതെ ഓരോ വീട്ടിലും ഒരാളെങ്കിലും കമ്പ്യൂട്ടറുമായി പരിചയം നേടി എന്നര്‍ത്ഥം. ഇതു സാധിച്ചത് ഐടി മിഷ്യന്‍ പ്രവര്‍ത്തകരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു.
ഇപ്പോഴിതാ മറ്റൊരു കൂട്ടം ആളുകളുടെ ഭഗീരഥപ്രയത്‌നത്തിന്റെ ഫലമായി മറ്റൊരു പ്രശസ്ത നേട്ടം കൈവന്നിരിക്കുന്നു. ചമ്രവട്ടം പാലം പണി തീര്‍ന്നിരിക്കുന്നു. അതിനെന്ത്, ഈ ലോകത്ത് എത്ര പാലങ്ങള്‍ പണി തീരുന്നു എന്ന് ഇതിനെ നിസ്സാരമായി കാണരുത്. പല തരത്തിലും ഇതൊരു വിശേഷപ്പെട്ട പാലമാണ്.
അറുപതെഴുപതു കൊല്ലമായി 'വന്നുകൊണ്ടിരിക്കുന്ന'താണ് ഈ പാലം. 1956-ല്‍ ഞാന്‍ പൊന്നാനി ഹൈസ്‌കൂളില്‍ ചേരാന്‍ പുഴ കടക്കുമ്പോള്‍ മുക്കാലി നാട്ടി പുഴയില്‍ ചിലര്‍ മണ്ണു കുഴിക്കുന്നുണ്ടായിരുന്നു. പാലം കെട്ടാന്‍ അടിപ്പാറ നോക്കുകയാണ് എന്ന് ആളുകള്‍ തമ്മില്‍ കുശുകുശുത്തു. പക്ഷേ, ആ പാലം കുറ്റിപ്പുറത്തേയ്ക്കു പോയി. അക്കാലത്ത് മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മാധവമേനോന്‍ മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന് തീവണ്ടി ഇറങ്ങി ഭാര്യവീട്ടില്‍ (ആനക്കര) പോകാന്‍ സൗകര്യം നോക്കിയാണ് കുറ്റിപ്പുറത്തു പാലം പണിതതെന്ന് ദൂഷ്യം പറച്ചില്‍ നാടെങ്ങുമുണ്ടായി.
പാലം വരും എന്ന് ഇക്കാലത്തിനിടെ എത്രയൊ വട്ടം വാര്‍ത്ത വന്നു, ചില കല്ലിടലുകളും ഉല്‍ഘാടനങ്ങള്‍പോലും നടന്നു. പാലം മാത്രം വന്നില്ല. ചമ്രവട്ടം എന്ന സ്ഥലപ്പേരു മാറ്റി വരാപ്പാലവട്ടം എന്ന് ആക്കേണ്ടിവരുമോ എന്ന സംശയം മുറികിയ കാലത്താണ് രണ്ട് കുട്ടികള്‍ പുഴയ്ക്ക് അപ്പുറവുമിപ്പുറവും എംഎല്‍ഏമാരായത്. ഒരു വശത്ത് അബ്ദുല്ലക്കുട്ടിയും മറുവശത്ത് പാലൊളി മുഹമ്മദുകുട്ടിയും. കുട്ടിക്കളിയൊന്നും പറ്റില്ല, പാലം ഇനിയും വന്നില്ലെങ്കില്‍ ജനം വോട്ടിന്റെ പാലം വലിക്കും എന്ന് തീര്‍ച്ചയുമായി.
അങ്ങനെ വീണ്ടും ഒരു ഉല്‍ഘാടനം വന്നു. 'ഓ! ഒന്നും നടപ്പില്ല, ഒക്കെ വെറതെ!' എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ആളുകള്‍ പിറുപിറുത്തു. എന്നാലോ, മൂന്നു കൊല്ലംകൊണ്ട് ജലസംഭരണിയും പാലവും എല്ലാം തീര്‍ക്കും എന്ന് ഇരു കുട്ടികളും വാശിയിലായി. അതോടെ ഇതൊരു കുട്ടിക്കളിയല്ലാതായി.
രാപ്പകല്‍ ഭേദമില്ലാതെ പണിയോടുപണിയായി പിന്നെ. രവീന്ദ്രന്‍ എന്നൊരു എഞ്ചിനീയര്‍, ആന്റണി എന്നൊരു മാനേജര്‍. കര്‍മ്മകുശലരായ കുറെ പണിക്കാരും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ അകമ്പടിയും. വെയിലും മഴയും മഞ്ഞും കുളിരും പുഴയിലെ വെള്ളവും ഒഴുക്കും ഒന്നുമിവര്‍ക്ക് പ്രശ്‌നമല്ലാതായി. ഊണും ഉറക്കവും കുളിയും പുഴയില്‍ത്തന്നെ.
ആളുകള്‍ അന്തംവിട്ടുപോയി. ഇങ്ങനെയും ഒരു പാലം പണിയൊ! സര്‍ക്കാര്‍ വകുപ്പുകളിലെ ജോലിക്കാര്‍ ഈ മഹാപരിശ്രമികളുടെ കൂടെ മടിയില്ലാതെ രംഗത്തുണ്ടായതാണ് നാട്ടുകാരെ ഏറെ അത്ഭുതപ്പെടുത്തിയത്. ഇങ്ങനെയും സരക്കാറുദ്യോഗസ്ഥരോ! ശ്രീ കെ. ജയകുമാര്‍ ഐഎഎസ്സ് എന്ന ഭീഷ്മവ്രതന്‍ എല്ലാ തെടസ്സങ്ങളും അപ്പപ്പോള്‍ നീക്കി.
ഒരു കിലോമീറ്ററോളം നീളവും എഴുപത്തിരണ്ട് സ്പാനുകളുമുണ്ട് ഈ പാലത്തിന്. അതിനാല്‍ മിക്കവരും കരുതി എന്നല്ല പറയുകതന്നെ ചെയ്തു 'ആരെത്ര തല കുത്തി നിന്നാലും ഈ പാലം രണ്ടുമൂന്നു കൊല്ലംകൊണ്ടൊന്നും തീരില്ല!' ഒരു ചെറിയ പാലം കൂട്ടായി എന്ന് അയല്‍നാട്ടില്‍ പണിയാന്‍ 36 വര്‍ഷമാണ് എടുത്തത്. തിരൂരിലെ താഴേപ്പാലം എന്ന നൂറു മീറ്റര്‍ പാലം പണിയാന്‍ ആറര കൊല്ലവും!
നാട്ടുകാരില്‍ പലരും കുടെക്കൂടെ പുഴയില്‍ ചെന്നു നോക്കി. എന്തായി എന്ന് അറിയാന്‍ എല്ലാവര്‍ക്കും ഉത്സാഹം. അതേസമയം, പാലം പണിയുന്നത് തടസ്സപ്പെടാവുന്ന എന്തെങ്കിലും സംഭവിക്കാതിരിക്കാന്‍ എല്ലാവരും മനസ്സിരുത്തി. സമരമൊ തര്‍ക്കമൊ ബഹളമൊ ഒന്നുമേ ഉണ്ടായില്ല. കരാറുകാര്‍ പരസ്യമായി പ്രഖ്യാപിച്ചു, 'ഇത്ര സുഖമായി ഒരേടത്തും ഞങ്ങള്‍ ഒരു പദ്ധതിയും ഇതുവരെ പണിതിട്ടില്ല.'
നാട്ടുകാര്‍ തിരിച്ചും പ്രഖ്യാപിച്ചു, 'ഇത്ര ശുഷ്‌കാന്തിയോടെ പണിയെടുക്കുന്ന കരാറുകാരെ ഇന്നേവരെ ഞങ്ങളാരും കണ്ടിട്ടുമില്ല.'
ഒത്തു പിടിച്ചാല്‍ മലയെന്നല്ല പാലവും പോരും എന്നു തെളിയിച്ചുകൊണ്ട് മാര്‍ച്ച് 6ന് (മുന്‍നിശ്ചയത്തിനു നാലു മാസം മുമ്പെ) പാലം പണി തീര്‍ന്നു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നും തെളിഞ്ഞു. അതും കൂഴച്ചക്കയൊന്നും അല്ല, നല്ല വരിക്കച്ചക്കതന്നെ!
പഴയ വെട്ടത്തു നാട്ടിലെ പ്രജകളുടെ ഇപ്പോഴത്തെ തലമുറക്കാര്‍ മൊത്തമായി ഇന്നലെ ചമ്രവട്ടത്ത് എത്തിയിരുന്നു. പാലം കാണാന്‍, അതിലൂടെ ഒന്നു നടക്കാന്‍! ഒരിക്കലും വരില്ലെന്നു കരുതിയത് വന്നതിലുള്ള സന്തോഷവും അത് കണ്‍ചിമ്മി തുറക്കുമ്മുമ്പ് സംഭവിച്ചതിലുള്ള ആശ്ചര്യവും പങ്കിടാന്‍.
അക്കരെ കൂടുകൂട്ടിയ കാക്ക ഇടവപ്പാതി കഴിഞ്ഞാല്‍ ഇക്കരേയ്ക്കു പറക്കാന്‍ ധൈര്യപ്പെടാത്തത്ര വീതിയും കുത്തൊഴുക്കുമുള്ള പുഴയാണ്. വേനലില്‍ വെയില്‍ ചൂടായാല്‍ പിന്നെ പുഴ കടക്കാനാവുമായിരുന്നില്ല. ചുട്ട മണലില്‍ കാല്‍ പൊള്ളിപ്പോകും! 'തനിക്കു ചുടുമ്പോള്‍ കുട്ടി ചുവടെ!' എന്നൊരു പഴമൊഴിപോലും അതുകൊണ്ടുണ്ടായി. പെറ്റമ്മ സ്വന്തം കുഞ്ഞിനെപ്പോലും നിലത്തിട്ട് അതിന്‍മീതെ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്ര കംിനമാണ് പുഴയിലെ മണിലെന്റെ ചൂട് എന്നു ധ്വനി. വേനലും വര്‍ഷവുമല്ലാത്ത ഇടക്കാലങ്ങളില്‍ പല ചാലുകളായി ഒഴുകുന്നതിനാല്‍ മുറിച്ചു കടകക്കാന്‍ വലിയ കഷ്ടമാണ്. ഇപ്പോഴിതാ, പത്തു മിനിറ്റുകൊണ്ട് അക്കരെ നടന്നെത്താം. വാഹനമുണ്ടെങ്കില്‍ ഒരു മിനിറ്റ് മതി!
ആരെന്തു പറഞ്ഞാലും നിശ്ചയിച്ചാലും ഈ നശിച്ച നാട്ടില്‍ ഒരു നല്ല കാര്യവും നടക്കില്ല എന്നായിരുന്നു ഇന്നലെ വരെ ഇവിടത്തുകാരുടെ അഭിപ്രായം. മോചനമില്ലാത്ത നരകത്തില്‍ വീണുപോയവരുടെ നിരാശ എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ഇതിന്റെ നിഴലാണല്ലൊ കേരളത്തിലെന്നല്ല ഇന്ത്യയില്‍ എവിടെയും എല്ലാ മുഖങ്ങളിലും ഇന്നുള്ളത്. അതാണ് ഈ ചെറിയ നാട്ടില്‍ രായ്ക്കു രാമാനം മാറിയത്. എല്ലാവരും കൂടി വിചാരിച്ചാല്‍ എന്തും നടക്കും, നടത്താം, എന്ന പ്രത്യാശ ഇപ്പോള്‍ ഇവിടെ നൂറുമേനി വിളയുന്നു.
ഈ ഒരു മാറ്റമാണ് മറ്റെന്തിലുമേറെ മഹത്തായി എനിക്കു തോന്നുന്നത്. നിരാശയുടെ പടുകുഴിയില്‍നിന്ന് പ്രത്യാശയുടെ ഉയരങ്ങളിലേയ്ക്കുള്ള മനോഹരമായ പാലമാണ് പണിതിരിക്കുന്നത്. വയസ്സനായ ഒരു അയല്‍ക്കാരന്‍ പറയുകയുണ്ടായി, 'എല്ലാ പാലങ്ങളും പണിയുന്നത് പടച്ച തമ്പുരാന്‍തന്നെ. പക്ഷേ, അതിലുടെ കടന്നുപോകാനുള്ള അര്‍ഹത ഇരുപക്കത്തുമുള്ള ആളുകള്‍ക്ക് തികഞ്ഞാലേ പണിതു തരൂ!'
സന്‍മനസ്സുകൊണ്ട് ആ അര്‍ഹത തെളിയിക്കാനൊത്താല്‍ സ്വര്‍ഗ്ഗമായി എന്ന വസ്തുതയുടെ പ്രതീകവും സാക്ഷ്യവുമാണ് ഈ പാലം
*
സി രാധാകൃഷ്ണന്‍, കടപ്പാട് : ജനയുഗം
ചിത്രങ്ങള്‍ക്ക് കടപ്പാട് : മാധ്യമം, http://rkdrtirur.blogspot.com/
Subscribe to:
Post Comments (Atom)
1 comment:
ഞങ്ങള്‍ ചമ്രവട്ടത്തുകാര്‍ ഇത് രണ്ടാംതവണയാണ് പുതു നൂറ്റാണ്ടില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യാരാജ്യത്ത് ആദ്യമായി കമ്പ്യൂട്ടര്‍ സാക്ഷരത തികച്ച ഗ്രാമം എന്ന ബഹുമതി കൈവന്നിട്ട് അഞ്ചാറ് കൊല്ലമേ ആയുള്ളൂ. ജാതിമതഭേദം കൂടാതെ ഓരോ വീട്ടിലും ഒരാളെങ്കിലും കമ്പ്യൂട്ടറുമായി പരിചയം നേടി എന്നര്‍ത്ഥം. ഇതു സാധിച്ചത് ഐടി മിഷ്യന്‍ പ്രവര്‍ത്തകരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു.
ഇപ്പോഴിതാ മറ്റൊരു കൂട്ടം ആളുകളുടെ ഭഗീരഥപ്രയത്‌നത്തിന്റെ ഫലമായി മറ്റൊരു പ്രശസ്ത നേട്ടം കൈവന്നിരിക്കുന്നു. ചമ്രവട്ടം പാലം പണി തീര്‍ന്നിരിക്കുന്നു. അതിനെന്ത്, ഈ ലോകത്ത് എത്ര പാലങ്ങള്‍ പണി തീരുന്നു എന്ന് ഇതിനെ നിസ്സാരമായി കാണരുത്. പല തരത്തിലും ഇതൊരു വിശേഷപ്പെട്ട പാലമാണ്.
Post a Comment