Thursday, March 24, 2011

ധനാഢ്യന്റെ തോട്ടത്തിലെ മയില്‍

വര്‍ഗീയതക്കെതിരെ ഗൌരവസ്വഭാവത്തിന്റെ നാട്യത്തിലെഴുതിയ കൃതികള്‍പോലും ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് തപന്‍ബസുവും മറ്റും ചേര്‍ന്ന് ശ്രദ്ധേയമായ ഒരു പഠനം (Khaki Short, Saffron Flag) പൂര്‍ത്തിയാക്കിയത്. അതില്‍ എം എസ് ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യില്‍നിന്നുള്ള കുറേ സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ട്.

'വിചാരധാര'യും അഡോള്‍ഫ് ഹിറ്റ്ലറുടെ 'മെയ്ന്‍കാംഫും' ഒരേ രീതിശാസ്ത്രം പിന്‍പറ്റിയവയാണെന്ന് പല ഉദ്ധരണികളും തെളിയിക്കുകയുമാണ്. പ്രധാന ആശയങ്ങള്‍ ഊന്നിയുറപ്പിക്കാന്‍ ഉപയോഗിക്കുന്ന കഥകള്‍ക്കും ഉപകഥകള്‍ക്കും പോലും സമാനതകളുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്ഥിരമായി പറഞ്ഞു രസിക്കാറുള്ള കഥ തപന്‍ബസു പഠനത്തില്‍ അടിവരയിട്ടുപോകുന്നതായി കാണാം. പണക്കാരനായ ഒരാളുടെ തോട്ടത്തില്‍ അപ്രതീക്ഷിതമായി എത്തിയ മയില്‍. ആ പക്ഷി സ്ഥിരമായി വന്നാല്‍ തന്റെ തോട്ടത്തില്‍ അതൊരു ഭംഗിയായിരിക്കുമെന്ന് അയാള്‍ കരുതി. പിറ്റേ ദിവസം അതേ സമയത്ത് എത്തിയ മയിലിന് കുറച്ച് മയക്കുമരുന്ന് കൊടുക്കാന്‍ പണക്കാരന്‍ തോട്ടം സൂക്ഷിപ്പുകാരനോട് നിര്‍ദേശിക്കുന്നു. ഇത് രണ്ടാഴ്ച തുടരുകയും ചെയ്തു. പിന്നെ മയക്കുമരുന്ന് ഭക്ഷണം നിര്‍ത്തി. എന്നിട്ടും ചാകുംവരെ ആ മയില്‍ ഒരേ സമയത്ത് തോട്ടത്തിലെ നിത്യസന്ദര്‍ശകനായിരുന്നു.

ഗോള്‍വാള്‍ക്കറുടെ ധനാഢ്യനും മയിലും പുതിയകാലത്ത് ഒരു മാധ്യമരൂപകം തന്നെയാണ്. ആദ്യം മയക്കുമരുന്നിന് അടിപ്പെട്ട് വന്നുകൊണ്ടിരുന്ന മയില്‍ അത് നിര്‍ത്തിയപ്പോഴും സന്ദര്‍ശനം തുടരുകയായിരുന്നു. ഒരു പതിറ്റാണ്ടു മുമ്പുവരെ കേരളത്തിലെ മാധ്യമങ്ങള്‍ ഏത് മുന്നണിക്കും സ്ഥാനാര്‍ഥിക്കുമാണ് വോട്ട് ചെയ്യേണ്ടതെന്ന് കൃത്യമായി പറയുകയായിരുന്നു പതിവ്. അടുത്ത കാലത്താകട്ടെ, ബുദ്ധിപരമായ കമ്യൂണിസ്റ്റ് വിരുദ്ധത (Intelligent anticommunism) യുടെ മാതൃകകളിലാണ് അടയിരിക്കുന്നത്. സന്ദേശങ്ങള്‍ നല്‍കുന്നില്ലെങ്കിലും വാര്‍ത്തകളില്‍ സന്ദേശങ്ങള്‍ അതിസമര്‍ഥമായി അടക്കം ചെയ്യുന്നുണ്ട്. ഈ കൌശലം നന്നായി പ്രതിഫലിക്കുന്നത് ചാനലുകളിലാണ്.

തെരഞ്ഞെടുപ്പിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ കൂടിയ സിപിഐ എം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ നടക്കുമ്പോള്‍ മനോരമ, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ചാനലുകള്‍ പല പംക്തികളിലായി രാഷ്ട്രീയത്തെ എപ്പിസോഡുകളാക്കുകയായിരുന്നു. കൌണ്ടര്‍പോയിന്റിലും ന്യൂസ് നൈറ്റുകളിലും വാചാടോപക്കാര്‍ പുനര്‍ജനിച്ച പ്രതീതിതന്നെ. ഡോ. ആസാദും എന്‍ എം പിയേഴ്സണും സി ആര്‍ നീലകണ്ഠനും എന്‍ സുഗതനും മറ്റും ടി എച്ച് മുസ്തഫയുടെ മണ്ടന്‍ നിലവാരത്തിലായിരുന്നു. ഇതിന്റെ അച്ചടിമഷിയായി എസ് സുധീഷും.

വീണ്ടും മാധ്യമ സിന്‍ഡിക്കറ്റ്

മാധ്യമസിന്‍ഡിക്കറ്റ് എന്ന പഴയ കൂട്ടായ്മ ഓര്‍മപ്പെടുത്തുംവിധമായിരുന്നു വി എസ് അച്യുതാനന്ദനെതിരെ കടന്നാക്രമണങ്ങള്‍. അതില്‍ എടുത്തുപറയേണ്ടതാണ് മനോരമ ചാനലിലെ 'നേരെ ചൊവ്വെ'. എം ഐ ഷാനവാസുമായി ജോണി ലൂക്കോസ് നടത്തിയ അഭിമുഖം നിരുപദ്രവകരവും സ്വാഭാവികവുമാണെന്ന് കരുതുകവയ്യ. രോഗബാധിതനായ ഷാനവാസിന്റെ ചാനല്‍ പുനഃപ്രവേശനം, ജീവിതത്തിലേക്ക് സജീവമായതിന്റെ നിശ്ചയദാര്‍ഢ്യം, വ്യക്തിപരമായ തകര്‍ച്ചയില്‍നിന്നുള്ള കരകയറല്‍ എന്നെല്ലാമുള്ള നിലയിലാണ് അതിന്റെ അവതരണമെങ്കിലും അവസാനഭാഗം ക്ഷുദ്രമായ രൂപീകരണങ്ങള്‍കൊണ്ട് മലിനമാണ്. അച്യുതാനന്ദന്റെ സര്‍ക്കസ്, ഊതിവീര്‍പ്പിച്ച ബലൂണ്‍ തുടങ്ങിയ ശകാരങ്ങള്‍ക്കൊടുവില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മാലാഖയാക്കുകയും ചെയ്യുന്നു. ഐസ്ക്രീം കേസ് വീണ്ടും ഉയര്‍ന്നത് ഗൂഢാലോചനയാണെന്ന് ശഠിച്ച ഷാനവാസ് എം കെ മുനീറിനെയും പഴിക്കുന്നുണ്ട്. മുസ്ളിംലീഗ് യുഡിഎഫിലെ അന്തസ്സുള്ള പങ്കാളിയാണെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ഷാനവാസ് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുംവിധം സ്വയം പരിഹാസ്യനാവുകയുമുണ്ടായി. പത്രപംക്തികളേക്കാള്‍ അവതാരകനുമായുള്ള കൃത്രിമമായ അടുപ്പം ഷാനവാസിനെപ്പോലുള്ളവര്‍ക്ക് ഒരുതരം സ്വാഭാവികത നല്‍കുന്നുമുണ്ട്. നേരെ ചൊവ്വേയില്‍ പത്തുവട്ടമെങ്കിലും അദ്ദേഹം ജോണീ എന്ന് വിളിച്ചത് അരോചകമാംവിധം അനുഭവപ്പെടുകയും ചെയ്തു.

ടി എന്‍ പ്രതാപന്റെ എല്‍പി ക്ളാസ്

മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാന്‍ രൂപപ്പെടുത്തിയ മനോരമ ചാനലിലെത്തന്നെ 'ഗ്രൌണ്ട് റിയാലിറ്റി ഷോ' മുരത്ത യുഡിഎഫ് പക്ഷപാതിക്കുപോലും ദഹിക്കുമെന്ന് കരുതുകവയ്യ. മന്ത്രിസഭയിലെ ഒരാള്‍ക്കുപോലും പാസ്മാര്‍ക്ക് ലഭിക്കില്ലെന്ന പ്രതീതിയാണ് പൊതുവില്‍ ആ പരിപാടി പങ്കിടുന്നത്. ഓരോ മേഖലയിലെയും വിദഗ്ധര്‍ക്കൊപ്പം പ്രതിപക്ഷ എംഎല്‍എയെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് അത്. വിഡ്ഢിത്തങ്ങളും പകുതി അറിവും ഏറ്റവും ഉച്ചത്തില്‍ വിളമ്പുന്നതാണ് മാതൃകാ അവതാരകരുടെ/അവതാരികമാരുടെ ലക്ഷണമെന്ന് സ്വയം വിചാരിക്കുന്നവരുടെ മേമ്പൊടികളുമാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. എല്ലാ മന്ത്രിമാരെയും കുറിച്ചുള്ള വിചാരണ ഇവിടെ പരിശോധിക്കുന്നില്ല. ഉദാഹരണത്തിന് ഒന്നുമാത്രം. ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും അവരുടെ കീഴിലുള്ള വകുപ്പിന്റെയും ചരിത്രപരമായ നേട്ടങ്ങള്‍ ഇടതുപക്ഷത്തോട് അനുകമ്പപോലുമില്ലാത്ത അതിപ്രശസ്ത ഡോക്ടര്‍മാര്‍ വരവുവച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പത്തില്‍ മൂന്നുമാര്‍ക്കാണ് നല്‍കിയത്. ഇതു കേട്ടാല്‍ അദ്ദേഹം എല്‍പി ക്ളാസിനപ്പുറം പോയിട്ടില്ലെന്നേ തോന്നൂ.

വികസനത്തിലെ ആള്‍മാറാട്ടം

മനോരമ ചാനലിലെ 'കേള്‍ക്കുന്നുണ്ടോ' എന്ന പംക്തി അത്യുക്തികള്‍ക്കും ന്യൂനോക്തികള്‍ക്കുമിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നതാണ്. വികസനം, കൂടിയൊഴിക്കലുകള്‍, പരിസ്ഥിതി പ്രശ്നം, കുടിവെള്ളത്തിന്റെ അപര്യാപ്തത, യാത്രാക്ളേശം തുടങ്ങിയ പൊതുകാര്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന മറവില്‍ വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ തുറന്നുപിടിക്കുകയാണ് ഇവിടെ. രാഷ്ട്രീയത്തിനുപരി എല്ലാവരും ഒത്തുചേര്‍ന്ന് പരിഹാരം കാണേണ്ട സാമൂഹ്യപ്രതിസന്ധികള്‍ക്കെല്ലാം ഉത്തരവാദി ഇടതുപക്ഷമാണെന്ന ശാഠ്യമാണ് പല ലക്കങ്ങളിലും നിറഞ്ഞത്. വികസനം തീരെയില്ലെന്ന് ആദ്യം പരാതിപ്പെടുക. അത് പരിഹരിക്കാന്‍ ചുവട്വയ്പ്പുകളുണ്ടാകുമ്പോള്‍, എതിര്‍പ്പുകള്‍ക്കൊപ്പം വരിനില്‍ക്കുക എന്ന ആള്‍മാറാട്ടമാണ് ഈ പംക്തിയുടെ മുഖമുദ്ര. ചെങ്ങറയിലെ പ്രതിസന്ധികള്‍ വരച്ചുവച്ച അവതാരകന്‍ അബ്ജോത് വര്‍ഗീസ്, ഒടുവില്‍ ജനങ്ങളോട് ആരായുന്നത് "സര്‍ക്കാര്‍ വഞ്ചിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലപാട് എടുക്കേണ്ടേ'' എന്നാണ്. ഇതേക്കാള്‍ മാന്യമായിട്ടാവും ഷാഫി പറമ്പിലെങ്കിലും പെരുമാറുക.

ഇന്ത്യാവിഷനിലെ പൊളിട്രിക്സില്‍ സാങ്കേതികവിദ്യയുടെ ഏറ്റവും മലീമസമായ ദുരുപയോഗമാണ് അടുത്തിടെ കാണാനാവുന്നത്. മോര്‍ഫിങ്ങും മിക്സിങ്ങും സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി (out of context) യുള്ള അവതരണങ്ങളും. മന്ത്രി ജോസ് തെറ്റയിലിന്റെ ഒരു ഭക്തിഗാനാലാപനത്തിന്റെ നടുവിലേക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവിധ ഭാവങ്ങള്‍ ഉറപ്പിച്ച അതിന്റെ പുതിയ ലക്കം വിഷയദാരിദ്ര്യത്തിന്റെ പ്രശ്നം മാത്രമല്ല, മറിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് ആരെയും കരുവാക്കും എന്ന ധാര്‍ഷ്ട്യമാണ്. ആ പംക്തിയുടെ അവസാനഭാഗത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം നടത്തിയ ഒരു പരാമര്‍ശം ഔചിത്യമില്ലാതെ തുന്നിക്കെട്ടുന്നുമുണ്ട്. പുതിയ കാലത്തെ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞ ആനുഷംഗികമായ വാക്കുകള്‍ ജോര്‍ജ് പുളിക്കന്‍ തന്നെ എത്രവട്ടം ഓര്‍മപ്പെടുത്തി! കമ്യൂണിസ്റ്റുകാര്‍ തീരെ മാറുന്നില്ലെന്ന് ശകാരിക്കുക, എന്തെങ്കിലും സൂചന നല്‍കുമ്പോള്‍ അയ്യയ്യേ ഇതെന്തൊരു മാറ്റമെന്ന് അത്ഭുതം കൂറുക! സോവിയറ്റ് യൂണിയനില്‍ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്നായിരുന്നു പഴയ പരിഹാസം. അത്തരക്കാര്‍ ഇപ്പോള്‍ മഴയില്ലാ നാട്ടില്‍ കുട ഫാക്ടറികള്‍ നിര്‍മിക്കുകയാണ്.

ജോണ്‍ ഹാര്‍ട്ഫീല്‍ഡിന്റെ ഹിറ്റ്ലര്‍ കാര്‍ട്ടൂണ്‍

തന്റെ പിന്നില്‍ ജനലക്ഷങ്ങളുണ്ടെന്ന് (Millions are behind me) അഡോള്‍ഫ് ഹിറ്റ്ലര്‍ പലവട്ടം വീമ്പിളക്കിയിരുന്നു. ഈ അവകാശവാദം പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട്ഫീല്‍ഡിന്റെ കാര്‍ട്ടൂണ്‍ ലോകപ്രശസ്തമാണ്. മുന്നോട്ടുനോക്കിനില്‍ക്കുന്ന ഹിറ്റ്ലര്‍. അയാള്‍ക്ക് പിന്നില്‍ ലക്ഷക്കണക്കിന് ഡ്യൂയിഷ് മാര്‍ക്ക് കൈയില്‍പ്പിടിച്ച് ഒരു കുത്തകമുതലാളി. ജനങ്ങളല്ല, പണമാണ് ഹിറ്റ്ലറെ പിന്തുടരുന്നതെന്നാണ് ഹാര്‍ട് ഫീല്‍ഡ് വിളിച്ചുപറയാന്‍ ശ്രമിച്ചത്. വലതുപക്ഷ നേതാക്കളെ ജനാഭിലാഷത്തിന്റെ പ്രതീകങ്ങളായി പുകഴ്ത്തുന്ന നമ്മുടെ മാധ്യമ മെയ്വഴക്കം ആ പ്രശസ്ത രചന ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയാം. അറുപിന്തിരിപ്പനും ജനവിരുദ്ധരുമായ യുഡിഎഫ് നേതാക്കള്‍ക്കും അവരുടെ പ്രസ്താവനകള്‍ക്കും സംഘടനാ പ്രമേയങ്ങള്‍ക്കും പത്രങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് ദുര്‍വ്യയം ചെയ്യുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയാത്രക്കും കെഎസ്യു പ്രമേയത്തിനും വെണ്ടക്കയില്‍ പൊതിഞ്ഞ വലുപ്പമായിരുന്നു മലയാള മനോരമയിലും മാതൃഭൂമിയിലും മറ്റും. ചാനലുകളില്‍ ചര്‍ച്ചാ അതിസാരം തന്നെ നടന്നു. മല എലിയെ പ്രസവിച്ചു, ചായക്കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ക്കപ്പുറത്തേക്ക് ഈ പ്രമേയങ്ങള്‍ക്ക് എന്തു വിലയാണുള്ളത്. അധികാരത്തിന്റെ ഉപശാലകളില്‍ അവശിഷ്ടങ്ങള്‍ക്കായി മോങ്ങുന്നവരെ ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായമിടുവിക്കുകയാണ് നമ്മുടെ പത്രങ്ങള്‍.

സഞ്ജയ് നിരുപം/ ബാല്‍താക്കറെ

എഐസിസി പുനഃസംഘടനയെക്കുറിച്ചായിരുന്നു അടുത്ത പുളകംകൊള്ളല്‍. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കമ്പനി സിഇഒമാരെ കുത്തിനിറച്ച ആ കോമാളിക്കളിയെ നൂറുനാവുകൊണ്ടാണ് വീരഭൂമികള്‍ പുകഴ്ത്തിയത്. നേര്‍ത്ത എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരെയെല്ലാം മൂലക്കിരുത്തിയായിരുന്നു പുനഃസംഘടന. ഓസ്കാര്‍ ഫെര്‍ണാണ്ടസ,് മുകുള്‍വാസ്നിക് തുടങ്ങിയവരെപ്പോലുള്ള ഹോളിവുഡ് രാഷ്ട്രീയ അഭിനേതാക്കളാണത്രെ ജനവിശ്വാസം വീണ്ടെടുക്കേണ്ടത്. കേരളത്തിന്റെ ചുമതല ലഭിച്ച മധുസൂദന്‍ മിസ്ത്രിയുടെ സ്ഥാനാരോഹണം ഗൌരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ സഹായിയാകട്ടെ, പഴയ ശിവസേനാ നേതാവ് സഞ്ജയ് നിരുപമും. ബാല്‍താക്കറെയുമായി ഇപ്പോഴും നല്ല ബന്ധമുള്ളയാളാണ് നിരുപം. ഗുജറാത്തില്‍ മൃദുഹിന്ദുത്വ തലോടലിലൂടെ കോണ്‍ഗ്രസിനെ ഉപ്പുവച്ച നിലംപോലെയാക്കിയ നേതാവാണ് മിസ്ത്രി. നിരുപം-മിസ്ത്രി കൂട്ടുകെട്ടിനെ കേരളത്തിലേക്ക് നിയോഗിക്കുന്നത് പഴയ കോ-ലീ-ബി പരീക്ഷണത്തിന്റെ രാഷ്ട്രീയ ശാസ്ത്രജ്ഞരായിട്ടാവാമെന്ന് ആരും എഴുതിക്കണ്ടില്ല. പത്രഭാഷയില്‍, കേരളത്തിലെ കോണ്‍ഗ്രസ് വീണ്ടും ശക്തമായിരിക്കയാണ്. കെ മുരളീധരനും എം പി ഗംഗാധരനും സാദിരിക്കോയയും തിരിച്ചെത്തിയതാണ് ആ പ്രചാരണത്തിന്റെ അടിസ്ഥാനം!

സ്പെക്ട്രം കുംഭകോണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയമിതമായ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായി പി സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടതിലും മാതൃഭൂമി-മനോരമാദികള്‍ക്ക് അടക്കാനാവാത്ത സന്തോഷമാണ്. എന്നാല്‍ വാര്‍ത്ത വന്ന ദിവസത്തെ മനോരമ ചാനലില്‍ സത്യത്തിന്റെ ഒരിറ്റ് പുറത്തുചാടിയിരുന്നു. അന്വേഷണത്തോടൊപ്പം പാര്‍ടിയുടെ മുഖംരക്ഷിക്കലും ചാക്കോയുടെ ദൌത്യത്തിലുണ്ടെന്നതാണത്.

മുനീറിന്റെ നിലപാട്

മനോരമ ന്യൂസിന്റെ നിലപാട് പരിപടിയിലെ മുസ്ളിംലീഗ് സെക്രട്ടറി എം കെ മുനീറിന്റെ അഭിപ്രായ പ്രകടനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, പി കെ കുഞ്ഞാലിക്കുട്ടി കളങ്കിതനല്ല എന്നതാണ്. പാര്‍ടി ആവശ്യപ്പെട്ടാല്‍ മുസ്ളിംലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും മുനീര്‍ അതിമോഹം പുറത്തെടുത്തു. എന്നാല്‍ ദേശീയ പ്രസിഡന്റ് ഇ അഹമ്മദാകട്ടെ ആ സംപ്രേഷണത്തിന് ഓഫ് സ്വിച്ചിട്ടു. കുഞ്ഞാലിക്കുട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നയിക്കുകയെന്നാണ് 'ചെറിയ' അധ്യക്ഷന്‍ പറഞ്ഞത്. ഇതൊന്നും മലയാള പത്രങ്ങള്‍ക്ക് വാര്‍ത്തയേയല്ല. എന്നാല്‍ മനോരമയും മാതൃഭൂമിയും കോഴിക്കോട്ടെ ലീഗ് തെരഞ്ഞെടുപ്പ് റാലിക്ക് ഒന്നാംപുറത്തിന്റെ പകുതി സ്ഥലമാണ് ഓഹരി നല്‍കിയത്.

തെരഞ്ഞെടുപ്പുകാലത്തെ ചാനല്‍ സിനിമാ സംപ്രേഷണത്തില്‍പ്പോലും ഫാന്‍സ് അസോസിയേഷന്റെയും തറ ടിക്കറ്റുകാരുടെയും പോസ്റ്റര്‍ ഒട്ടിക്കുന്ന പയ്യന്മാരുടെയും അഭിരുചിക്കപ്പുറം പ്രധാന താല്‍പ്പര്യങ്ങളുണ്ട്. ഏഷ്യാനെറ്റ് മാര്‍ച്ച് ആറിന് 'അറബിക്കഥ' എന്ന മക്രോണി മാഹാത്മ്യം കാണിച്ചത് നിസ്സാരമാണെന്ന് കരുതുന്നവര്‍ തികഞ്ഞ അന്ധത ബാധിച്ചവരാണെന്നേ പറയാനാവൂ. 1999ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ മുരളി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച 'ദി കിങ്ങ്' സംപ്രേഷണം ചെയ്തത് കൂട്ടി വായിക്കുക. അന്ന് അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. എല്ലാ ഹീനകൃത്യങ്ങളുടെയും കറതീര്‍ന്ന കഥാപാത്രമായ ജെ കെ എന്ന ജയകൃഷ്ണന്‍ അക്ഷരാര്‍ഥത്തില്‍ വലതുപക്ഷത്തെയാണ് പ്രതിനിധാനം ചെയ്തതെങ്കിലും മുരളിയെ വ്യക്തിപരമായി എതിര്‍ക്കാന്‍ സിനിമയെ ഉപയോഗിക്കുകയായിരുന്നു

*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി 20 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഗീയതക്കെതിരെ ഗൌരവസ്വഭാവത്തിന്റെ നാട്യത്തിലെഴുതിയ കൃതികള്‍പോലും ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് തപന്‍ബസുവും മറ്റും ചേര്‍ന്ന് ശ്രദ്ധേയമായ ഒരു പഠനം (Khaki Short, Saffron Flag) പൂര്‍ത്തിയാക്കിയത്. അതില്‍ എം എസ് ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യില്‍നിന്നുള്ള കുറേ സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ട്.

'വിചാരധാര'യും അഡോള്‍ഫ് ഹിറ്റ്ലറുടെ 'മെയ്ന്‍കാംഫും' ഒരേ രീതിശാസ്ത്രം പിന്‍പറ്റിയവയാണെന്ന് പല ഉദ്ധരണികളും തെളിയിക്കുകയുമാണ്. പ്രധാന ആശയങ്ങള്‍ ഊന്നിയുറപ്പിക്കാന്‍ ഉപയോഗിക്കുന്ന കഥകള്‍ക്കും ഉപകഥകള്‍ക്കും പോലും സമാനതകളുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്ഥിരമായി പറഞ്ഞു രസിക്കാറുള്ള കഥ തപന്‍ബസു പഠനത്തില്‍ അടിവരയിട്ടുപോകുന്നതായി കാണാം. പണക്കാരനായ ഒരാളുടെ തോട്ടത്തില്‍ അപ്രതീക്ഷിതമായി എത്തിയ മയില്‍. ആ പക്ഷി സ്ഥിരമായി വന്നാല്‍ തന്റെ തോട്ടത്തില്‍ അതൊരു ഭംഗിയായിരിക്കുമെന്ന് അയാള്‍ കരുതി. പിറ്റേ ദിവസം അതേ സമയത്ത് എത്തിയ മയിലിന് കുറച്ച് മയക്കുമരുന്ന് കൊടുക്കാന്‍ പണക്കാരന്‍ തോട്ടം സൂക്ഷിപ്പുകാരനോട് നിര്‍ദേശിക്കുന്നു. ഇത് രണ്ടാഴ്ച തുടരുകയും ചെയ്തു. പിന്നെ മയക്കുമരുന്ന് ഭക്ഷണം നിര്‍ത്തി. എന്നിട്ടും ചാകുംവരെ ആ മയില്‍ ഒരേ സമയത്ത് തോട്ടത്തിലെ നിത്യസന്ദര്‍ശകനായിരുന്നു.