രാജ്യസുരക്ഷപോലും കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ പക്കല്‍ അപകടത്തിലാവുന്നുവെന്ന അപായകരമായ മുന്നറിയിപ്പാണ് സുപ്രീംകോടതിയില്‍നിന്ന് കഴിഞ്ഞദിവസമുണ്ടായത്. 2ജി സ്‌പെക്‌ട്രം കുംഭകോണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തുറന്നടിച്ചുതന്നെ ഇക്കാര്യം പറഞ്ഞ പരമാധികാര നീതിന്യായപീഠം ഹസന്‍ അലിഖാന്‍ കേസില്‍ വരികള്‍ക്കിടയിലൂടെയും ഇതുതന്നെ പറഞ്ഞു. വിദേശ ടെലികോം കമ്പനികളായ എത്തിസലാത്തിനും ഡി ബി ടെലികോമിനും എസ്‌ടെല്ലിനും നമ്മുടെ ടെലികോം മേഖലയില്‍ കടന്നുകയറാനുള്ള അനുവാദം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെയാണ് രാജ്യസുരക്ഷയില്‍പോലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായി സുപ്രീംകോടതി വിലയിരുത്തിയത്.
ഈ വിദേശകമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കമ്പനികളുടെ പശ്ചാത്തലം, അവരുടെ വിവരവിനിമയം സംബന്ധിച്ച സാങ്കേതിക സാധ്യതകള്‍ തുടങ്ങിയവയൊക്കെ സമഗ്രമായി പരിശോധിച്ച ആഭ്യന്തരവകുപ്പുതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. രാജ്യത്തിന്റെ മര്‍മപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളിലേക്കടക്കം ആകാശവീചികളിലൂടെ കടന്നുകയറാനും അവിടങ്ങളിലെ അതിപ്രധാനമായ രാജ്യരക്ഷാവിവരങ്ങള്‍വരെ ചോര്‍ത്തിയെടുത്ത് വിദേശത്തേക്ക് കടത്താനും ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇവര്‍ക്കുള്ളത് എന്നും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇവരുടെ വരവ് അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് ആഭ്യന്തരവകുപ്പ് സൂക്ഷ്‌മ പരിശോധനകള്‍ക്കുശേഷം വിലയിരുത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് അവഗണിച്ച് ടെലികോം രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അനുവാദം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്. എന്താവാം ഇതിന് യുപിഎ മന്ത്രിസഭയെ പ്രേരിപ്പിച്ചത് എന്ന അതിപ്രധാന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. രാജ്യസുരക്ഷാകാര്യത്തില്‍ ഇങ്ങനെ വിട്ടുവീഴ്ച ചെയ്യാന്‍ യുപിഎ സര്‍ക്കാരിന് എങ്ങനെ കഴിയുന്നുവെന്നത് മുഴുവന്‍ ദേശാഭിമാനികളും ആലോചിക്കേണ്ടതുണ്ട്.
പ്രതിരോധസജ്ജത സംബന്ധിച്ച വിവരങ്ങള്‍, സൈന്യശേഷി സംബന്ധിച്ച കാര്യങ്ങള്‍, സൈന്യസ്ഥാപനങ്ങള്‍ സംബന്ധിച്ച മാപ്പുകള്‍ തുടങ്ങിയവപോലും ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ചോര്‍ന്നുപോകാനിടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. ഒരുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ റെക്കോര്‍ഡ് കുംഭകോണത്തിനുള്ള സാധ്യതയ്‌ക്ക് ആ റിപ്പോര്‍ട്ട് ഒരു തടസ്സമാവാതെ നോക്കുന്നതിനാണ് യുപിഎ മന്ത്രിസഭ വ്യഗ്രതകാട്ടിയത്. അപാരമായ അഴിമതിക്കുള്ള സാധ്യത മുമ്പില്‍വന്നപ്പോള്‍ രാജ്യസുരക്ഷയേക്കാള്‍ പ്രാധാന്യം ഈ അഴിമതിക്കായി എന്നതാണ് സത്യം. ഈ രാജ്യം ഇത്തരമൊരു അഴിമതിസംഘത്തിന്റെ കൈയില്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പറയാന്‍ കഴിയും. ഈ ചോദ്യമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഈ ചോദ്യം ജനതയുടെ മുമ്പില്‍വച്ച ജസ്റ്റിസുമാരായ ജി എസ് സിങ്‌വിയും എ കെ ഗാംഗുലിയും രാജ്യത്തിന്റെയാകെ നന്ദിയര്‍ഹിക്കുന്നുവെന്നകാര്യം നിസ്സംശയമാണ്.
വിദേശനിക്ഷേപം സ്വന്തമാക്കാനുള്ള ഭ്രാന്തമായ വ്യഗ്രതയില്‍ ദേശസുരക്ഷയെ ബലികഴിക്കുകയാണ് യുപിഎ സര്‍ക്കാര്‍ എന്നത് വ്യക്തം. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് കണ്ടില്ലെന്നുനടിച്ച് ധൃതിയില്‍ ആ കമ്പനികളെ സ്വീകരിക്കുകയാണ് ടെലികോം വകുപ്പ് ചെയ്‌തത്. ഇത് എന്തുകൊണ്ടുണ്ടായി എന്നതുസംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ രാജ്യത്തിനുമുമ്പില്‍ വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണ്. തങ്ങള്‍ ഈ മേഖലയില്‍ വിദഗ്ധരല്ല എന്നും, എന്നാല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടത്തെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍പോലും രാജ്യത്തുനിന്ന് ചോര്‍ന്നുപോകുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. രാജ്യത്തെയാകെ ഉല്‍ക്കണ്ഠപ്പെടുത്താന്‍ പോരുന്ന വിഷയമാണിത്. സിവിസി പ്രശ്‌നത്തിലെന്നപോലെ, ഇക്കാര്യത്തിലും താന്‍ ഒന്നുമറിഞ്ഞില്ല എന്ന മട്ടില്‍ മന്‍മോഹന്‍സിങ് ഒഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്‍, ഒന്നുമറിയാതെ പ്രധാനമന്ത്രിസ്ഥാനത്ത് ഇദ്ദേഹം എന്തിനിരിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മന്‍മോഹന്‍സിങ്ങിനെ മുന്നില്‍നിര്‍ത്തി വിദേശതാല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയെടുക്കുന്നുവെന്നത് തെളിയുകയാണ്. ആ ശക്തികള്‍ക്കും അവയ്‌ക്ക് ഇന്ത്യയിലുള്ള സ്വാധീനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
അമേരിക്ക മുതല്‍ ഇസ്രയേല്‍വരെയുള്ള ശക്തികളുടെ സൈന്യങ്ങളുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്താന്‍ മടിക്കാത്ത ഭരണമാണ് യുപിഎയുടേത്. അമേരിക്കന്‍ സൈന്യാധിപനെ പട്ടുവിരിച്ച് സ്വീകരിച്ചതാണിവര്‍. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയില്‍ വന്നപ്പോള്‍ പ്രോട്ടോകോള്‍പോലും കാറ്റില്‍പറത്തി പ്രധാനമന്ത്രിതന്നെ വിമാനത്താവളത്തില്‍പോയി സ്വീകരിച്ച ചരിത്രവുമിവിടെയുണ്ട്. ഇത്തരം കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, രാജ്യസുരക്ഷയേക്കാള്‍ യുപിഎ മന്ത്രിസഭയുടെ പരിഗണന മറ്റുചില കാര്യങ്ങളിലാണെന്നുകാണാം. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കുപോലും ഈ വിധത്തില്‍ പറയേണ്ടിവന്നതിന്റെ ഗൌരവാവസ്ഥയെ കാണേണ്ടത്.
സുപ്രീംകോടതിയുടെ വിമര്‍ശത്തിന് വിധേയമായ മറ്റൊരു കാര്യം കുറ്റവാളിയായ ഹസ്സന്‍ അലിഖാനെതിരെ ഭീകരപ്രവര്‍ത്തന കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന വൈമുഖ്യമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രം അയാളുടെമേല്‍ ചുമത്തി അതേക്കാള്‍ പ്രധാനമായ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും ആയുധദല്ലാളന്മാരുമൊക്കെയായി ഹസ്സന്‍ അലിക്ക് ബന്ധമുണ്ടെന്ന കാര്യം വ്യക്തമായിട്ടും അയാള്‍ക്കെതിരായ കുറ്റപത്രത്തില്‍ അതൊന്നും കാണാത്തതെന്ത് എന്നാണ് കോടതി ചോദിച്ചത്. മുംബൈ കൂട്ടക്കൊല കേസിന്റെ സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലിക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയ ഭരണമാണിത്. അത്തരമൊരു ഭരണത്തില്‍ ഹസ്സന്‍ അലിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാവുമെന്നതില്‍ അത്ഭുതമില്ല. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായിട്ടുള്ള ഭീകരപ്രവര്‍ത്തകരുമായി ബന്ധമുള്ള ഹസ്സന്‍ അലിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമവും ഭീകരപ്രവര്‍ത്തന നിരോധന നിയമവും വ്യവസ്ഥചെയ്യുന്ന വകുപ്പുകള്‍പ്രകാരം കുറ്റംചുമത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. അന്വേഷണം നേരായവഴിക്കല്ല പുരോഗമിക്കുന്നത് എന്ന കോടതിയുടെ വിമര്‍ശവും ശ്രദ്ധേയമാണ്. ഹസ്സന്‍ അലിയെ അറസ്‌റ്റുചെയ്യാന്‍ മടിച്ചാണെങ്കിലും യുപിഎ സര്‍ക്കാര്‍തയ്യാറായത് സുപ്രീംകോടതിയില്‍നിന്ന് അതിരൂക്ഷമായ വിമര്‍ശങ്ങള്‍ അക്കാര്യത്തിലുണ്ടായപ്പോള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ഏതായാലും യുപിഎ സര്‍ക്കാര്‍ ജനതാല്‍പ്പര്യവും രാജ്യതാല്‍പ്പര്യവും അപകടപ്പെടുത്തി മുമ്പോട്ടുപോകുമ്പോള്‍ ഈ വിധത്തില്‍ സുപ്രീംകോടതി അതിനെ തടയാനിടപെടുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.
*****
ദേശാഭിമാനി മുഖപ്രസംഗം 11032011
Subscribe to:
Post Comments (Atom)
1 comment:

Post a Comment