Saturday, March 5, 2011

കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ ആഘാതം

കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനം അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന യുപിഎ മന്ത്രിസഭയുടെ മുഖത്തേറ്റ ആഘാതമാണ്. അഴിമതിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ നടുനായകമാകേണ്ട സ്ഥാപനമാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍. ആ കമീഷന്റെ നേതൃസ്ഥാനത്തേക്ക് യുപിഎ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് നിയോഗിച്ചത് അഴിമതിയുടെ പശ്ചാത്തലമുള്ള വ്യക്തിയെയാണെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയ്ക്കു നേര്‍ക്ക് ജുഡീഷ്യറിയില്‍നിന്നുയരുന്ന വലിയ ഒരു ചോദ്യചിഹ്നമാണ്.

ഇതേ ദിവസംതന്നെ സുപ്രീംകോടതി മറ്റു രണ്ടു ചോദ്യംകൂടി മന്‍മോഹന്‍സിങ് സര്‍ക്കാരിനോട് ചോദിച്ചു. നികുതി വെട്ടിപ്പുകാരനായ ഹസന്‍അലിയെ സംരക്ഷിക്കുന്നത് എന്തിന് എന്നതാണ് ആദ്യത്തെ ചോദ്യം. രേഖകള്‍പ്രകാരം അയോഗ്യത വ്യക്തമായിരുന്നിട്ട് 2ജി സ്പെക്ട്രം ലൈസന്‍സ് എറ്റിസലാറ്റിന് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ത് എന്നതായിരുന്നു അടുത്ത ചോദ്യം. ഒരേദിവസം രാജ്യത്തിന്റെ അത്യുന്നത ന്യായപീഠം ഉയര്‍ത്തിയ മൂന്ന് പ്രശ്‌നവും പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ ഓഫീസിനെയും യുപിഎയുടെ രാഷ്ട്രീയ വിശ്വാസ്യതയെയും സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുന്നു.

കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനം നിയമവിരുദ്ധമെന്ന നിലയ്ക്ക് കോടതിക്ക് റദ്ദാക്കേണ്ടിവന്ന സാഹചര്യത്തില്‍ നിയമലംഘനത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഏറ്റെടുക്കേണ്ടതാണ്. കാരണം, അദ്ദേഹം അധ്യക്ഷനായുള്ള മൂന്നംഗ സമിതിയാണ് പി ജെ തോമസിനെ കേന്ദ്രവിജിലന്‍സ് കമീഷണറായി നിയമിക്കാന്‍ നിശ്ചയിച്ചത്. പ്രധാനമന്ത്രി നടത്തുന്ന ഇത്തരമൊരു നിയമനം സുപ്രീംകോടതിക്ക് റദ്ദാക്കേണ്ടി വരുന്നതാകട്ടെ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യവുമാണ്.

കേരളത്തിലെ ഒരു കോടതിയില്‍ നിലവിലുള്ള കേസിലെ എട്ടാം പ്രതിയാണ് പി ജെ തോമസ് എന്നകാര്യം എന്തുകൊണ്ട് കാണാന്‍ കൂട്ടാക്കാതിരുന്നു. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം ഇടപാടിന്റെ കാലത്ത്, ആ ഇടപാടിന് നേതൃത്വം നല്‍കിയ ടെലികോംവകുപ്പിന്റെ സെക്രട്ടറിയായിരുന്നു പി ജെ തോമസ് എന്ന കാര്യം എന്തുകൊണ്ട് കാണാന്‍ കൂട്ടാക്കാതിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരം പറയേണ്ടതുണ്ട്. ഇതൊന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്ന മന്‍മോഹന്‍സിങ്ങിന്റെ നിലപാട് ബാലിശമാണ്. സിബിഐക്കുമേല്‍പ്പോലും നിയന്ത്രണാധികാരമുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ നേതൃസ്ഥാനത്തേക്ക് ഒരാളെ നിയമിക്കുമ്പോള്‍, ആ വ്യക്തിയുടെ സര്‍വീസ് പശ്ചാത്തലവിവരങ്ങള്‍ പരിശോധിക്കില്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്?

മറ്റൊരുകാര്യംകൊണ്ടുകൂടി മന്‍മോഹന്‍സിങ്ങിന്റെ വാദം വിലപോകാത്തതാകുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനത്തിന്റെ തെരഞ്ഞെടുപ്പു പാനലിലുണ്ടായിരുന്ന ഒരംഗംതന്നെ വിയോജനക്കുറിപ്പ് പ്രധാനമന്ത്രിക്ക് എഴുതി നല്‍കിയിരുന്നതാണ്. എന്നാല്‍, സമിതിയിലുണ്ടായിരുന്ന പി ചിദംബരവും മന്‍മോഹന്‍സിങ്ങും അത് അവഗണിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രത്തോട് വിശദീകരിക്കാന്‍ ബാധ്യസ്ഥനാകുന്നത്.

രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമായിരുന്നു 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ടുണ്ടായത്. അത് നടന്ന ഘട്ടത്തില്‍ ടെലികോം സെക്രട്ടറിയായിരുന്ന വ്യക്തി, അതേ കാരണംകൊണ്ടുതന്നെ ആ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുമ്പോള്‍ സിബിഐക്കുമേല്‍പ്പോലും നിയന്ത്രണാധികാരമുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ നേതൃത്വത്തിലിരുന്നുകൂടാത്തതാണ്. ഇത് സാമാന്യയുക്തിയാണെന്നിരിക്കെ, 2ജി സ്പെക്ട്രം അഴിമതി പുറത്തുവന്നശേഷവും പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി അവരോധിക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ചെയ്തത്. അന്വേഷണത്തെതന്നെ തകര്‍ത്തുകളയുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിനുപിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

മലേഷ്യയില്‍നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെ കരുണാകരന്‍ മന്ത്രിസഭ 1500 ടൺ പാമൊലിന്‍ ഇറക്കുമതിചെയ്തതുമായി ബന്ധപ്പെട്ട കേസ് അതിന്റെ രാഷ്ട്രീയ പ്രാധാന്യംകൊണ്ടുതന്നെ ദേശീയ ശ്രദ്ധയില്‍ വന്നിരുന്നതാണ്. അതും തങ്ങളുടെ ശ്രദ്ധയില്‍ വന്നിരുന്നില്ല എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ മന്‍മോഹന്‍സിങ് എന്ന ചോദ്യമാണ് ആദ്യം മനസ്സില്‍ വരിക.

അഴിമതികള്‍ മൂടിവയ്ക്കാന്‍ ചിദംബരവും സോണിയ ഗാന്ധിയുമായി ഒത്തുചേര്‍ന്ന് കരുക്കള്‍ നീക്കുന്ന തന്ത്രശാലിയാണ് പ്രധാനമന്ത്രിയെന്ന് കരുതുന്നതാണ് കൂടുതല്‍ ഉചിതം. സര്‍വീസ് ഫയല്‍ നോക്കാതെ ബയോഡാറ്റമാത്രം നോക്കിയാണോ ഇത്രമേല്‍ പ്രധാനപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തേക്ക് നിയമനം നടത്തിയത് എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ മന്‍മോഹന്‍സിങ്ങിന് ബാധ്യതയുണ്ട്. കേന്ദ്ര വിജിലന്‍സ് കമീഷന്റെ പൊതുമേല്‍നോട്ടത്തിലാണ് സിബിഐക്ക് അന്വേഷണം നടത്തേണ്ടിവരുന്നത് എന്നിരിക്കെ, 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് സിബിഐ നടത്തുന്ന അന്വേഷണം, ആ അഴിമതി നടന്ന ഘട്ടത്തില്‍ ആ വകുപ്പ് ഭരിച്ചിരുന്ന വ്യക്തിയുടെ മേല്‍നോട്ടത്തിലാക്കുന്നതില്‍ ഒരു അപാകതയും തോന്നിയില്ലേ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഡോ. മന്‍മോഹന്‍സിങ് എന്ത് വിശദീകരണമാണ് നല്‍കുക.

സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെയാകെ വിശ്വാസ്യത തകര്‍ക്കുന്ന തുടര്‍പ്രക്രിയയിലാണ് യുപിഎ ഭരണം. ആ പരമ്പരയിലെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി അഴിമതി നടത്തുക, അഴിമതിക്കാരെ സംരക്ഷിക്കുക, അഴിമതികള്‍ക്ക് മറയിടുക എന്നിവയാണ് കുറെക്കാലമായി യുപിഎ സര്‍ക്കാര്‍ ചെയ്തിരുകൊണ്ടിരിക്കുന്നത്. കോമൺവെല്‍ത്ത് ഗെയിംസ് സംഘാടനം, ആദര്‍ശ് ഫ്ളാറ്റ് ഇടപാട്, 2ജി സ്പെക്ട്രം എന്നിങ്ങനെ രാജ്യത്തെ നടുക്കിയ വന്‍ കുംഭകോണങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച ഭരണമാണ് യുപിഎയുടേത്. ആ അഴിമതികള്‍ക്കാകെ മറയിടാനുള്ള ദൌത്യം സര്‍ക്കാര്‍തന്നെ ഏറ്റെടുക്കുന്നത് സ്വാഭാവികംമാത്രം. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനം നിയമവിരുദ്ധമാണെന്ന വിധിവന്ന അതേ ദിവസംതന്നെയാണ് ഇന്ത്യകണ്ട ഏറ്റവും വലിയ നികുതിവെട്ടിപ്പുകാരായ ഹസന്‍അലി അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂട്ടാക്കാത്തതെന്ത് എന്ന ചോദ്യംകൂടി സുപ്രീംകോടതി യുപിഎ സര്‍ക്കാരിന്റെ മുഖത്തടിച്ചതുപോലെ ചോദിച്ചത് എന്നതും ശ്രദ്ധയമാണ്. ഇതേദിവസംതന്നെയാണ് 2ജി സ്പെക്ട്രം കുംഭകോണത്തിലെ പ്രതിയായ മുന്‍ മന്ത്രി എ രാജയുടെ റിമാന്‍ഡ് കോടതി നീട്ടിയതും.

ഒരുവശത്ത് വന്‍ അഴിമതികള്‍ ഭരണരാഷ്ട്രീയ നേതാക്കള്‍ നടത്തുമ്പോള്‍ത്തന്നെ അതില്‍ പലതും കോടതിയിലൂടെയും അല്ലാതെയും തുറന്നുകാട്ടപ്പെടുന്നു എന്നത് ആശ്വാസകരമാണ്. ഹസന്‍അലി ഈ രാജ്യത്തിനും നിയമത്തിനും മേലെയാണോ എന്നാണ് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്നത്. അയാളെ ചോദ്യംചെയ്യാന്‍പോലും മടിക്കുന്നതെന്ത് എന്ന് കോടതി ചോദിച്ചു. ഈ ചോദ്യങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ മുമ്പിലുണ്ട്. ആ ചോദ്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ ഒരു വിശദീകരണമാവശ്യപ്പെടുന്നുണ്ട്. ആ വിശദീകരണം നല്‍കേണ്ടത് മന്‍മോഹന്‍സിങ്ങും അദ്ദേഹത്തെ നിഴലാക്കി നിര്‍ത്തി ഭരണംനടത്തുന്ന സോണിയ ഗാന്ധിയുമാണ്. പക്ഷേ, അവര്‍ മൌനം തുടരുന്നു. ആ മൌനത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ കഴിയാത്തവരല്ല ഇന്ത്യയിലെ ജനങ്ങള്‍.


*****


ദേശാഭിമാനി മുഖപ്രസംഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ ഒരു കോടതിയില്‍ നിലവിലുള്ള കേസിലെ എട്ടാം പ്രതിയാണ് പി ജെ തോമസ് എന്നകാര്യം എന്തുകൊണ്ട് കാണാന്‍ കൂട്ടാക്കാതിരുന്നു. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം ഇടപാടിന്റെ കാലത്ത്, ആ ഇടപാടിന് നേതൃത്വം നല്‍കിയ ടെലികോംവകുപ്പിന്റെ സെക്രട്ടറിയായിരുന്നു പി ജെ തോമസ് എന്ന കാര്യം എന്തുകൊണ്ട് കാണാന്‍ കൂട്ടാക്കാതിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരം പറയേണ്ടതുണ്ട്. ഇതൊന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്ന മന്‍മോഹന്‍സിങ്ങിന്റെ നിലപാട് ബാലിശമാണ്. സിബിഐക്കുമേല്‍പ്പോലും നിയന്ത്രണാധികാരമുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ നേതൃസ്ഥാനത്തേക്ക് ഒരാളെ നിയമിക്കുമ്പോള്‍, ആ വ്യക്തിയുടെ സര്‍വീസ് പശ്ചാത്തലവിവരങ്ങള്‍ പരിശോധിക്കില്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്?