Saturday, March 12, 2011

കവിത, നാടന്‍പാട്ട് റിയാലിറ്റി ഷോ

ഇന്ന്, ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന രണ്ട് റിയാലിറ്റി ഷോകളാണ് മാമ്പഴവും എല്ലാരും ചൊല്ലണ് എന്നതും. ഒന്ന് കവിതയുടെയും മറ്റൊന്ന് നാടന്‍പാട്ടിന്റെയും ആലാപന രീതികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

റിയാലിറ്റി ഷോകളില്‍ എത്രമാത്രം റിയാലിറ്റി ഉണ്ട് എന്നത് അന്വേഷണം അര്‍ഹിക്കുന്ന വിഷയമാണ്. ചലച്ചിത്രഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോകളധികവും ശബ്‌ദാനുകരണ മത്സരങ്ങളും വിധികര്‍ത്താക്കളുടെ സംഗതി പരാമര്‍ശപ്രകാരം ഹാസ്യപരിപാടിയുമായിട്ടുണ്ട്. ഹാസ്യാനുകരണത്തില്‍ മികവുപുലര്‍ത്തുന്ന നമ്മുടെ കലാകാരന്മാര്‍ ഈ വികട സ്വരസ്വതിയെ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

ഒരു അശുഭപശ്ചാത്തലത്തിലാണ് കവിത ചൊല്ലലിന്റെ ആകര്‍ഷകത്വവുമായി മാമ്പഴം കടന്നുവരുന്നത്. പേരു തന്നെ വൈലോപ്പിള്ളിക്കവിതയെ ഓര്‍മിപ്പിക്കുമെന്നതിനാല്‍ ഗൃഹസദസിന്റെ ശ്രദ്ധ മാമ്പഴത്തിലേക്കു തിരിഞ്ഞു.

താല്‍പര്യമുള്ളവരെ ക്ഷണിച്ചുവരുത്തി അതില്‍ ആലാപനശുദ്ധിയുള്ളവരെ കണ്ടെത്തി ചെറുതോതിലുള്ള പരിശീലനം നല്‍കുകയായിരുന്നു സംഘാടകര്‍ ആദ്യം ചെയ്‌തത്. കേട്ടു പരിചയമുള്ള കാസറ്റ് കവിതകളെ ഒഴിവാക്കിനിര്‍ത്താനും അവര്‍ ശ്രദ്ധിച്ചു. കാസറ്റിലൂടെ പ്രചരിക്കപ്പെട്ട കവിതകളെ മറ്റൊരു രീതിയില്‍ സമീപിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്താല്‍ അവ അസ്വീകാര്യമാകും എന്ന് സംഘാടകര്‍ ഭയപ്പെട്ടിരുന്നെന്നു തോന്നുന്നു. അവരുടെ ഭയം ന്യായവുമാണ്. ചില കവിതകള്‍ അതിന്റെ ഈണത്തോടൊപ്പമാണ് പിറക്കുന്നതും ജീവിക്കുന്നതും. പൂവില്‍നിന്നും മണത്തെ അത് നല്ലതായാലും ചീത്തയായാലും അടര്‍ത്തിമാറ്റാന്‍ കഴിയാത്തതുപോലെ ചില കവിതകളില്‍ നിന്നും അതിന്റെ ജനപ്രിയ സംഗീതത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുകയില്ല. ചലച്ചിത്ര ഗാനങ്ങളുടെ മഹത്വവും ഇതു തന്നെയാണ്.

മലയാളികള്‍ പല നാളുകളിലായി ശ്രദ്ധിക്കാതിരുന്ന പല കവിതകളും മാമ്പഴത്തിലൂടെ ഓര്‍മിപ്പിക്കപ്പെട്ടു. ടി എസ് തിരുമുമ്പ്, ബാലാമണിയമ്മ, ജി ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അപ്രശസ്‌ത രചനകള്‍ അവതരിപ്പിക്കുകവഴി വലിയൊരു കര്‍ത്തവ്യനിര്‍വഹണമാണ് മലയാള കവിതാ സാംസ്‌കാരികരംഗത്ത് മാമ്പഴം നടത്തിയിട്ടുള്ളത്.

മാമ്പഴത്തിന്റെ പ്രധാന പോരായ്‌മ ഈണത്തിലുള്ളതു മാത്രമേ ചൊല്ലപ്പെടാന്‍ അര്‍ഹതയുള്ളൂ എന്ന ധാരണയുണ്ടാക്കിയതാണ്. കടമ്മനിട്ടയുടെ കണ്ണൂര്‍ക്കോട്ടയും സച്ചിദാനന്ദന്റെ സത്യവാങ്മൂലവും മറ്റും നാടകീയതയോടെയും തീക്ഷ്‌ണതയോടെയും അവതരിപ്പിച്ചാല്‍ അവയ്‌ക്ക് ഗൃഹസദസുകളില്‍ വലിയ സ്വീകാര്യതയുണ്ടാക്കും. കവിത ചൊല്ലലിന്റെ മറ്റൊരു ഗംഭീരതലം അതോടെ വ്യാപകമാവുകയും ചെയ്യും. ഒരു പശുക്കുട്ടിയുടെ മരണം, സത്യവാങ്മൂലം, ഹൂഗ്ലി തുടങ്ങിയ കവിതകള്‍ ഭരത് മുരളി അവതരിപ്പിച്ചിരുന്നത് വജ്രശോഭയുള്ള അനുഭവമായിട്ടേ ഓര്‍മിക്കാന്‍ കഴിയൂ.

നാടന്‍പാട്ടുകള്‍ ഒറ്റയ്‌ക്കും സംഘമായും അവതരിപ്പിക്കുകയാണ് എല്ലാരും ചൊല്ലണ് എന്ന റിയാലിറ്റി ഷോയിലുള്ളത്. നാടന്‍പാട്ടുകളധികവും കേരളത്തിലെ ദളിതരുടെ സംഭാവനയാണ്. ദുഃഖത്തെയും സന്തോഷത്തെയും പരിഹാസത്തെയും വാമൊഴിയായി പകര്‍ത്തുകയായിരുന്നു ദളിതര്‍ ചെയ്‌തത്.

ദളിതഗാനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒരേ ഒരു പരിപാടി എന്ന നിലയില്‍ ഈ റിയാലിറ്റി ഷോയെ ഒരു കീഴാള സൗന്ദര്യബോധ പരിപാടിയായി വിലയിരുത്താവുന്നതാണ്. മാമ്പഴത്തിന്റെയോ മറ്റു റിയാലിറ്റി ഷോകളുടെയോ വേഷപ്പൊലിമ ഈ ദളിത് ഷോയില്‍ ഇല്ല. ധനിക റിയാലിറ്റി ഷോകള്‍ക്ക് ബദലായുള്ള ദരിദ്ര റിയാലിറ്റി ഷോയാണിത്. മോഹിനിയാട്ടത്തിനുപകരം മാന്തൂപ്പ് കൈകളിലേന്തിയ തെരുവുനൃത്തങ്ങളാണിതിലുള്ളത്.

കേരളീയ വാദ്യോപകരണങ്ങളോടൊപ്പം സന്നിവേശിപ്പിക്കാറുള്ള ആധുനിക തട്ടുപൊളിപ്പന്‍ സംഗീതോപകരണങ്ങളാണ് എല്ലാവരും ചൊല്ലണ് എന്ന റിയാലിറ്റി ഷോയുടെ അഭംഗി. നാടന്‍പാട്ടുകളോടൊപ്പം നാടന്‍ ചമഞ്ഞ ചില ബാര്‍പ്പാട്ടുകളും പ്രത്യക്ഷപ്പെടാറുണ്ടെന്നതും പോരായ്‌മയാണ്.

ചില ചെറു പോരായ്‌മകള്‍ മാറ്റിവച്ചാല്‍ മറ്റ് ഷോകളെ അപേക്ഷിച്ച് മാമ്പഴവും എല്ലാരും ചൊല്ലണ് എന്ന റിയാലിറ്റി ഷോയും എത്രയോ ആശ്വാസപ്രദമാണ്.


*****


കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ന്, ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന രണ്ട് റിയാലിറ്റി ഷോകളാണ് മാമ്പഴവും എല്ലാരും ചൊല്ലണ് എന്നതും. ഒന്ന് കവിതയുടെയും മറ്റൊന്ന് നാടന്‍പാട്ടിന്റെയും ആലാപന രീതികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

റിയാലിറ്റി ഷോകളില്‍ എത്രമാത്രം റിയാലിറ്റി ഉണ്ട് എന്നത് അന്വേഷണം അര്‍ഹിക്കുന്ന വിഷയമാണ്. ചലച്ചിത്രഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോകളധികവും ശബ്‌ദാനുകരണ മത്സരങ്ങളും വിധികര്‍ത്താക്കളുടെ സംഗതി പരാമര്‍ശപ്രകാരം ഹാസ്യപരിപാടിയുമായിട്ടുണ്ട്. ഹാസ്യാനുകരണത്തില്‍ മികവുപുലര്‍ത്തുന്ന നമ്മുടെ കലാകാരന്മാര്‍ ഈ വികട സ്വരസ്വതിയെ പ്രയോജനപ്പെടുത്തുന്നുമുണ്ട്.