അറേബ്യന്‍ രാജ്യങ്ങളില്‍ വീശി അടിക്കുന്ന കൊടുംകാറ്റ് എന്തുകൊണ്ടും നമുക്ക്, ഇന്ത്യക്കാര്‍ക്ക്, പാഠം ആവേണ്ടതാണ്. സ്വേച്ഛാധിപത്യത്തിനും ഭരണകൂടഭീകരതയ്ക്കുമെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങാനും സ്വയം മൃത്യുവരിക്കാനും തയ്യാറായിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞതുപോലെ, ജനങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ അല്ലാതെ ഒന്നും ഇല്ലാതായിരിക്കുന്നു. കിട്ടാനുള്ളതോ? പുതിയൊരു ലോകവും. ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും തുറസും.
നമ്മുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നത് വിസ്മരിക്കുന്നില്ല. ഓരോ അഞ്ചുവര്‍ഷവും - ചിലപ്പോള്‍ അതിനുമുമ്പും നാം കൃത്യമായി പോളിംഗ് ബൂത്തുകളില്‍പോയി സമ്മതിദാനാവകാശം വിനിയോഗിക്കുകയും ഭരണകൂടങ്ങളെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാറ്റുകയും ചെയ്യുന്നു എന്ന അര്‍ഥത്തില്‍ ഇത് വാസ്തവവുമാണ്. എന്നാല്‍ അഴിമതിയുടെ കാര്യത്തിലും ദാരിദ്ര്യത്തിലും സാധാരണക്കാരോടുള്ള ഭരണകര്‍ത്താക്കളുടെ സമീപനത്തിലും നാം പല ജനാധിപത്യേതര രാഷ്ട്രങ്ങളുമായി മത്സരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
അപവാദങ്ങള്‍ മാറ്റിവച്ചാല്‍, നമ്മുടെ ഓരോ സര്‍ക്കാരും ഭരണകര്‍ത്താവും നേരിടുന്ന അഴിമതി ആരോപണങ്ങളുടെ വലിപ്പം ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ച് ഇതേ പംക്തിയില്‍ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ അഴിമതി ആരോപണവും പുറത്തുവരുമ്പോള്‍ എന്തുവലിയ കോലാഹലങ്ങളാണ്? മാധ്യമ റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍, നിയമസഭയിലും പാര്‍ലമെന്റിലും പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളും സഭ തടസ്സപ്പെടുത്തലുമായി അത് വളര്‍ന്നുവലുതായി മാനം മുട്ടുന്നു. ഒടുവിലോ? മലപോലെ വന്നത് എലിപോലെ പോകുന്നു. ആരോപണ വിധേയര്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നമ്മെ പരിഹസിക്കുന്നു.
കുറേനാളുകള്‍ക്ക് മുമ്പ് വലിയൊരു അഴിമതി കഥയായി വന്നതാണ് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ പ്രമുഖന്‍ രാമലിംഗം രാജുവുമായി ബന്ധപ്പെട്ട ആരോപണം. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചത് നമ്മെ വിസ്മയിപ്പിക്കുന്നു. അദ്ദേഹത്തെ നാം കോര്‍പ്പറേറ്റ് ഭരണത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു! ബോഫോഴ്‌സ് തോക്കിടപാടിലെ മുഖ്യപ്രതിയായ ഒട്ടോവിയോ ക്വത്‌റോച്ചിയെ ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെടുവാന്‍ നാം അനുവദിച്ചു. 1992 ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി മാധവ് സിംഗ് സോളങ്കി കേസ് സാവധാനമാക്കുവാന്‍ സ്വിസ് മന്ത്രിക്ക് കുറിപ്പ് കൊടുത്തു എന്നാണ് അണിയറ സംസാരം. ഇക്കാര്യം പുറത്തുവന്നപ്പോള്‍ സോളങ്കിയുടെ രാജി ആവശ്യപ്പെട്ട് നരസിംഹറാവു മുഖം രക്ഷിച്ചു. ഇന്ന് ഇപ്പോള്‍ സ്വിസ് ബാങ്കുകളില്‍ പൂഴ്ത്തി വച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന സമീപനം ഏതാണ്ട് ഇതാണ്. കള്ളപ്പണക്കാരെ കുരുക്കാനാവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് സ്വിസ് ബാങ്ക് അധികാരികള്‍ പറഞ്ഞിട്ടും അനങ്ങാപ്പാറ നയമാണ് അത് സ്വീകരിച്ചിരിക്കുന്നത്.
പ്രശ്‌നം കള്ളപ്പണം വെള്ളക്കാരുടേതാണ് (സമ്പന്നരുടെ) എന്നതാണ്. തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്നവരുടെ (ഖദര്‍ എന്നു വായിക്കുക), വെളുത്ത ശരീരത്ത് കറുത്ത വസ്ത്രം (ഓവര്‍ കോട്ട്) ധരിക്കുന്നവരുടെ, സഫാരി സ്യൂട്ട് ധരിക്കുന്നവരുടെ..... ഈവിധം വിവിധ ഇനം വെളുത്ത വര്‍ഗങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഗാന്ധിജി പണ്ട് വെള്ളവസ്ത്രത്തില്‍ അതും സ്വയം തുന്നിയ വസ്ത്രം, ഒളിപ്പിച്ചുവച്ചത് കറുത്തവന്റെ അപകര്‍ഷതാ ബോധത്തെയാണ്. ഈ വിധം വെള്ളക്കാരോട് പൊരുതാന്‍ അദ്ദേഹം അവന് ആത്മവിശ്വാസം നല്‍കി. ഈ വെള്ള വസ്ത്രം ഇന്ന് അധികാരത്തിന്റെയും അഴിമതിയുടെയും അഹന്തയുടെയും പ്രതീകം ആയിരിക്കുന്നു എന്നത് നാം വര്‍ത്തമാനകാലത്ത് എവിടെ നില്‍ക്കുന്നു എന്നതിന്റെയും രാഷ്ട്രപിതാവും ഇന്നത്തെ തലമുറയും തമ്മിലുള്ള അകലത്തിന്റെയും തെളിവാണ്.
സമ്പന്നരില്‍ നിന്ന് ഭൂമി ഇരന്നുവാങ്ങി ദരിദ്രര്‍ക്ക് ദാനം നല്‍കിയ നാടാണ് നമ്മുടേത്. 4.2 ദശലക്ഷം ഏക്കര്‍ ഭൂമിയാണ് വിനോബാഭാവെ ഇപ്രകാരം കൈമാറിയത്. അന്നദ്ദേഹത്തെ പുച്ഛിച്ചുതള്ളിയ നാം ഇന്ന് ദരിദ്രന്റെ ഭൂമി തട്ടിയെടുത്ത് സമ്പന്നന് കാഴ്ചവയ്ക്കുന്നു. മുന്‍ ഉപപ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദയുടെ മരണം സംഭവിച്ചത് അഹമ്മദാബാദിലെ ഇരുളടഞ്ഞ ഫ്‌ളാറ്റിലായിരുന്നെന്ന് കേട്ടിട്ടുണ്ട്. അത്രയ്ക്ക് ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇതിന്റെ മറ്റ് ഉദാഹരണങ്ങളാണ് ഇ എം എസും സി അച്യുതമേനോനും എ കെ ഗോപാലനും എം എന്‍ ഗോവിന്ദന്‍ നായരുമൊക്കെ. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ വീട്ടില്‍ എണ്‍പതുകളില്‍ എന്നോ കയറിയ കള്ളന് കൈവശപ്പെടുത്താനായത് കേവലം എണ്ണൂറ് രൂപയും ഒരുപവന്‍ സ്വര്‍ണാഭരണവും മാത്രമാണ്. ഇവരെല്ലാം ധരിച്ചിരുന്നതും ശുഭ്രവസ്ത്രമായിരുന്നു.
വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന അധികാര ഭ്രമത്തിനും അഹന്തയ്ക്കും അതിരുകള്‍ ഇല്ലാതായിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രശ്‌നം. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ച് പറഞ്ഞത് ഓര്‍മ്മവരുന്നു (ഇന്ന് അദ്ദേഹം കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ അധിപനാണ്) 'ആത്മഹത്യ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണ്. പക്ഷേ, ഇതിന്റെ പേരില്‍ ഞങ്ങള്‍ ഒരു കര്‍ഷകനെതിരെയും കേസ് എടുത്തിട്ടില്ല'. തുടര്‍ന്ന് അദ്ദേഹം പത്രക്കാരോടായി ചോദിച്ചു, 'ഇത്തരത്തില്‍ എന്തെങ്കിലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?' കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശരത്പവാര്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച് പ്രതികരിച്ചതും ഏതാണ്ട് ഈ വിധം തന്നെ. 'വിലക്കയറ്റത്തിന്റെ യഥാര്‍ഥകാരണം ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ചപ്പാത്തി തിന്നുന്നു' എന്നതാണ്! എന്തൊരു പഥിത കാരുണ്യം? നമ്മുടേത് ജനാധിപത്യമോ ഫ്യൂഡലിസമോ എന്ന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു. ഈ വിധം അധികാരവും അഹന്തയും ചേര്‍ന്ന് പിറവി നല്‍കുന്നതാണ് അഴിമതി. എന്നാല്‍ ഇതിനെ തടയിടുവാന്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി തീരെ ദുര്‍ബലമാണെന്നതാണ് വാസ്തവം.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2 ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ഒരു പാര്‍ലമെന്റ് സമ്മേളനം മുഴുവന്‍ അലങ്കോലപ്പെടുത്താന്‍ വിട്ടിട്ട് ഒടുവില്‍ അതേ ആവശ്യത്തിന് മുന്നില്‍ മുട്ട് മടക്കിയിരിക്കുന്നു. തുടക്കത്തില്‍ ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ നമ്മുടെ ധനകാര്യമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞത്, 'പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മാവോയിസ്റ്റുകളോട് പോയി ചേരൂ' എന്നാണ്. എത്ര മഹത്തായ ജനാധിപത്യ ബോധം. ഇതും വെളുത്ത വസ്ത്രത്തിലെ കറുത്ത അഹന്തയുടെ പ്രതീകമല്ലെങ്കില്‍ മറ്റെന്താണ്?
ഇനി സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയെ നിയമിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. 2 ജി സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് പൊതുതാല്‍പര്യത്തിന് ഹാനികരമാണത്രെ! 103 കമ്പനികളുടെ മേല്‍ 283.72 കോടി രൂപ പിഴ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 1.76 ലക്ഷം കോടി രൂപ നഷ്ടമായാല്‍ എന്ത്, നമുക്ക് 283.72 കോടി രൂപ തിരികെ ലഭിക്കുന്നില്ലേ എന്നാണ് അത് ഉന്നയിക്കുന്ന ചോദ്യം. ജെ പി സി യെ ആര്‍ക്കാണ് ഭയം? പക്ഷേ, നാം ഒരുകാര്യം ഓര്‍ക്കുന്നത് നന്ന്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. അവര്‍ സാവധാനമേ പ്രതികരിക്കൂ എന്നുമാത്രം. ഇതാണ് അറബി ലോകത്ത് നാം ദര്‍ശിക്കുന്നതും.
*****
ഡോ. ജെ പ്രഭാഷ്, കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
1 comment:

Post a Comment