Monday, August 30, 2010

യുഡിഎഫും മാധ്യമങ്ങളും ആടിനെ പട്ടിയാക്കുന്നു

ഭരണഘടനയില്‍ കേന്ദ്രവിഷയമാണ് ലോട്ടറി. കേന്ദ്രസര്‍ക്കാരിന്റെ 98 ലെ ലോട്ടറി നിയന്ത്രണനിയമവും 2010 ലെ ചട്ടവും അനുസരിച്ചാണ് ഭാഗ്യക്കുറി നടത്തുന്ന 13 സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കേണ്ടത്. 1967 ല്‍ ആരംഭിച്ച കേരള ഭാഗ്യക്കുറി എല്ലാ നിയമവ്യവസ്ഥകളും പാലിക്കുന്നുണ്ട്. കേന്ദ്രനിയമം വരുന്നതിനു മുമ്പുതന്നെ വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് നടത്തിവന്നത്. തുടക്കത്തില്‍ 20 ലക്ഷവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 125 കോടിയും ഇപ്പോള്‍ 625 കോടിയുമാണ് പ്രതിവര്‍ഷ വിറ്റുവരവ്.

കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചില്ല. 2005 ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിരോധിക്കുകപോലും ചെയ്‌തു. വികലാംഗരടക്കമുള്ള പതിനായിരങ്ങളുടെ ഉപജീവനമാര്‍ഗവും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം നല്‍കുന്നതുമായ കേരള ഭാഗ്യക്കുറി നിരോധനത്തിനെതിരെ ജനങ്ങളാകെ രംഗത്തിറങ്ങി. നിരോധനം പിന്‍വലിക്കേണ്ടി വന്നു. ഓൺലൈൻ ലോട്ടറി കൊണ്ടുവരാനായിരുന്നു അന്ന് പേപ്പര്‍ ലോട്ടറി നിരോധിച്ചതെന്നു പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു. ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ലോട്ടറി വിവാദവും അതിനുവേണ്ടിയാണ്. ഈ സമീപനമല്ല ഇടതുപക്ഷവും ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളും സ്വീകരിച്ചത്. ഓൺലൈൻ ലോട്ടറി നിരോധിക്കണം, നിയമവിധേയ പേപ്പര്‍ ലോട്ടറി സംരക്ഷിക്കണം, നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്.

2006 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറി നവീകരിച്ച് സമഗ്രമായ ക്ഷേമനിധി നിയമം കൊണ്ടുവന്നു. യുഡിഎഫ് കാലത്ത് കടം കയറി ലോട്ടറി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബോണസും പെന്‍ഷനും ചികിത്സാധന സഹായവും ഉള്‍പ്പെടെയുള്ള 13 ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികള്‍ പലതും ചൂതാട്ട രീതിയിലാണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്നത് തുച്ഛമായ കമീഷന്‍ മാത്രം. കേരള ഭാഗ്യക്കുറിയുടെ 10 രൂപ ടിക്കറ്റ് വിറ്റാല്‍ 3 രൂപ ശരാശരി കിട്ടുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറി വിറ്റാല്‍ 1 രൂപ പോലും കിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറിയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതിവര്‍ഷം 150 കോടി എത്തുന്നു. പിന്നെ എന്തിന് ഇടതുപക്ഷം അന്യസംസ്ഥാന ലോട്ടറിയെ പ്രോത്സാഹിപ്പിക്കണം? സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാണ്. കര്‍ണാടകത്തിലെ രാത്രികാല ഗതാഗത നിരോധനത്തിനെതിരായി കേരളത്തില്‍ ഓടുന്ന കര്‍ണാടക ബസുകള്‍ നിരോധിക്കാന്‍ നമുക്ക് കഴിയാത്തതുപോലെ സുവ്യക്തമായ കാര്യമാണ് അന്യ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ നമുക്ക് അധികാരമില്ലെന്നത്. ഈ യാഥാര്‍ഥ്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിപോലും അംഗീകരിച്ചതാണ്. അന്തര്‍സംസ്ഥാന ബന്ധങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും കരാറിന്റെയും കേന്ദ്രനിയമങ്ങളുടെയും പ്രശ്‌നമാണിത്. അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത്.

അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ 14 കത്തുകള്‍ കേന്ദ്രത്തിനയച്ചിട്ടുണ്ട്. കേന്ദ്രം ഒന്നും ചെയ്‌തില്ല. കാരണം ലോട്ടറി മാഫിയത്തലവന്‍ മണികുമാര്‍ സുബ്ബ കോൺഗ്രസ്എംപിയും എഐസിസി അംഗവുമാണ്. 25,000 കോടി രൂപ നികുതി വെട്ടിപ്പ് മേഘാലയയിലും നാഗാലാന്‍ഡിലും നടന്നതിനെക്കുറിച്ച് തെഹല്‍ക പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മണികുമാര്‍ സുബ്ബയുടെ എംഎസ് അസോസിയേറ്റ്സ് നികുതിവെട്ടിപ്പിനു പുറമെ 5000 കോടി രൂപ സമ്മാനത്തുകയും കൊടുക്കാതിരുന്നതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായി പറയുന്നു. (2010 ഫെബ്രുവരി 13, വോള്യം 7. 6-ാം പതിപ്പ്). ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നായ ഇതിന്റെ ഗതിയെന്തായി എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം.

നിരവധി ലോട്ടറി തട്ടിപ്പു കേസുകളില്‍ പ്രതിയായ സുബ്ബയെ തെഹല്‍ക വിശേഷിപ്പിക്കുന്നത് ‘'പാസ്‌റ്റ്മാസ്‌റ്റര്‍'’എന്നാണ്. മാര്‍ട്ടിനും കോൺഗ്രസുമായി അടുത്ത ബന്ധമുണ്ട്. കോൺഗ്രസ് നേതാവും എംപിയുമായ ജെ എം അരുൺ ‘ലിബ്രാസ് ’ എന്ന പ്രമുഖ ലോട്ടറി സ്ഥാപനത്തിന്റെ ഉടമയാണ്. കോൺഗ്രസ് നേതാക്കളും അവരുടെ ദത്തുപുത്രന്മാരുമാണ് അന്യസംസ്ഥാന ലോട്ടറി മുതലാളിമാരില്‍ പ്രമുഖരെന്ന് ഇതില്‍നിന്ന് വ്യക്തം. നിയമവിരുദ്ധമായി ലോട്ടറി വില്‍പ്പന നടക്കുന്ന യുപിഎ ഘടകകക്ഷി ഭരിക്കുന്ന തമിഴ്‌നാട്ടിലും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലും കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും റെയ്‌ഡ് പോലും നടത്താന്‍ കഴിയാത്തതെന്തേ?

യുഡിഎഫ് ഭരണകാലത്ത് അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കില്ലെന്നു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ പ്രശ്‌നം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്റെ മറുപടി. ഇപ്പോള്‍ തോമസ് ഐസക്കിനെതിരെ ആക്ഷേപമുന്നയിച്ചവര്‍ ഇതോര്‍ക്കുന്നത് നന്നായിരിക്കും. ലോട്ടറി വീണ്ടും വിവാദമായപ്പോള്‍ 2009 ആഗസ്‌ത് 8 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗതീരുമാനങ്ങള്‍ ഇവയാണ്.

1)“ഓൺലൈൻ ലോട്ടറി ഒരു രൂപത്തിലും അനുവദിക്കരുത്. 2)സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഓൺലൈൻ ലോട്ടറി നിരോധനം തുടരാന്‍ സാഹചര്യം ഉണ്ടാക്കണം.
3) ഓൺലൈൻ ലോട്ടറി നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം.
4) ലോട്ടറി നിയന്ത്രണ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണം.

എല്ലാവരും അംഗീകരിച്ച ഈ തീരുമാനം നിവേദനമായി പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2010 ഏപ്രില്‍ 1 മുതല്‍ ഓൺലൈൻ ലോട്ടറിയെന്ന ചൂതാട്ടം നിയമവിധേയമാക്കുകയാണ് ചെയ്‌തത്. പിന്നീട് സര്‍വകക്ഷി എംപിമാരുടെ സംഘം ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കണ്ട് ഓൺലൈൻ ലോട്ടറി നിരോധിക്കുന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും കേന്ദ്രം പുല്ലുവില കല്‍പ്പിച്ചില്ല. നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നറിയാവുന്നതു കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ ഐഎന്‍ടിയുസി നേതാവ് ഫിലിപ്പ് ജോസഫ് വരെ ഒപ്പിട്ട നിവേദനം കേന്ദ്രത്തിന് നല്‍കിയത്. ഇനിയെങ്കിലും സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചുള്ള പ്രതിപക്ഷത്തിന്റെ കള്ളക്കളി അവസാനിപ്പിച്ചുകൂടേ.

2010 ലെ കരട് ലോട്ടറി ചട്ടത്തിന്റെ 6-ാം വകുപ്പ് പ്രകാരം അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിന്മേല്‍ നടപടി സ്വീകരിക്കാന്‍, വേണമെങ്കില്‍ നിരോധിക്കാന്‍ വ്യവസ്ഥ ചെയ്‌തിരുന്നു. എന്നാല്‍, ലോട്ടറി മാഫിയ ഇടപെട്ടതിനെത്തുടര്‍ന്ന് വ്യവസ്ഥ ഗസറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കാണാതായി. ചട്ടത്തിലെ 5-ാം വകുപ്പ് പ്രകാരം നിയമലംഘനത്തിനെതിരെ കത്തെഴുതാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ. 5(4) പ്രകാരമാവട്ടെ കേന്ദ്രത്തിന് മാത്രമേ നടപടി എടുക്കാന്‍ അധികാരമുള്ളൂ. കേന്ദ്രസര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിക്കാണോ മാര്‍ട്ടിനാണോ കൂടുതല്‍ സ്വാധീനം. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ സംസ്ഥാനത്തിന് അധികാരം നല്‍കുകയോ കേന്ദ്രംതന്നെ മാര്‍ട്ടിന്‍ ലോട്ടറി നിരോധിക്കുകയോ വേണം.

2005-ല്‍ കേരളഭാഗ്യക്കുറി നിരോധിച്ച് തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിച്ചവരെ ആരും മറന്നിട്ടില്ല. കേരള ഭാഗ്യക്കുറി സംരക്ഷിക്കുകയും നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളും ഓൺലൈൻ ലോട്ടറികളും നിരോധിക്കുകയുമാണ് വേണ്ടത്. അതിനായി മാര്‍ട്ടിന്മാരെയും സുബ്ബമാരെയും വിലങ്ങ് വയ്‌ക്കാനുള്ള നിയമം കേന്ദ്രം കൊണ്ടുവരിക തന്നെ വേണം.

മാര്‍ട്ടിന് കേരളത്തില്‍ വ്യാപാരം നടത്താന്‍ രജിസ്‌ട്രേഷന്‍ നല്‍കിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. മാര്‍ട്ടിനോട് പ്രിയമില്ലെങ്കില്‍ നിയമം കൊണ്ടുവരാതിരിക്കാനും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ നിരോധിക്കാനും യുഡിഎഫിന് കഴിയുമായിരുന്നില്ലേ? അന്ന് 5 സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തില്‍ നടത്തിയിരുന്നു. ഇപ്പോള്‍ രണ്ട് മാത്രം. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന നികുതി നിയമത്തില്‍ 2 ലക്ഷം രൂപയായിരുന്നു പ്രതിദിന നറുക്കെടുപ്പ് നികുതി. അത് 7 ലക്ഷം രൂപയായി എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ഭൂട്ടാന്‍ ലോട്ടറി ഇന്ത്യയില്‍ നടത്താന്‍ അനുമതി നല്‍കുന്നത് രണ്ട് രാജ്യവും തമ്മില്‍ കരാറുണ്ടാക്കിയതിനെ തുടര്‍ന്നാണ്. നിയമലംഘനം കണ്ടെത്തിയാല്‍ ലോട്ടറി വ്യാപാരം റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. എന്തേ ചിദംബരം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാത്തത് ?

നിയമവിരുദ്ധമായ ലോട്ടറിക്കെതിരെ നിരവധി നടപടികള്‍ എല്‍ഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള നികുതി നിയമത്തില്‍ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമുണ്ടായാല്‍ നികുതി സ്വീകരിക്കാതിരിക്കാന്‍ വ്യവസ്ഥ കൊണ്ടുവരാന്‍ കഴിയുമോ എന്നു പരിശോധിക്കുകയാണ് എല്‍ഡിഎഫ്. 2005ലെ ലോട്ടറി നികുതി നിയമത്തിലെ പ്രധാന ന്യൂനത പ്രൊമോട്ടര്‍ സ്റേറ്റ്മെന്റ് സമര്‍പ്പിച്ചാല്‍ സംസ്ഥാനം നികുതി സ്വീകരിക്കാന്‍ നിയമപരമായി ബാധ്യസ്ഥമാകുന്നതാണ്. ഈ പഴുതിലൂടെയാണ് മാര്‍ട്ടിന്‍ ക്രമക്കേടുകള്‍ നടത്തിയത്. പ്രൊമോട്ടറുടെ സ്റേറ്റ്മെന്റിനോടൊപ്പം സിക്കിം സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ലോട്ടറി നിയന്ത്രണ നിയമത്തിലെ 4-ാം വകുപ്പിന്റെ ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും വേണമെന്നുള്ള വ്യവസ്ഥ കൊണ്ടുവന്ന് യുഡിഎഫ് നിയമത്തിലെ പഴുതുകള്‍ അടയ്‌ക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തിന് അതിന് അധികാരമില്ലെന്ന് കോടതിയില്‍ പോയി ലോട്ടറി മാഫിയാ സംഘത്തിനുവേണ്ടി വാദിക്കാതിരിക്കാനെങ്കിലും നളിനി ചിദംബരത്തോടും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരോടും സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ പറയുമോ?

ഓൺലൈൻ ചൂതാട്ടനിയമത്തിലൂടെയും നിയമലംഘനം അനുവദിക്കുകയും ചെയ്യുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് കേന്ദ്രം ചെയ്യുന്നത്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന പ്രചാരണ രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. കേരള ഭാഗ്യക്കുറി വില്‍പ്പന വര്‍ധിപ്പിക്കുകയാണ് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാനുള്ള പോംവഴി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്ന വിധം ലോട്ടറിയാകെ നിരോധിക്കണമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തത് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സമ്പൂര്‍ണ നിരോധനമല്ല, അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുകയും ഓൺലൈൻ ലോട്ടറി നിരോധിക്കുകയും കേരള ഭാഗ്യക്കുറി സുതാര്യമായി എല്ലാ നിയമ വ്റ്യവസ്ഥകളും പാലിച്ച് നടത്തുകയുമാണ് വേണ്ടത്. കേരള ഭാഗ്യക്കുറി സംരക്ഷിക്കുക എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുക്കുക തന്നെ വേണം.

*****

എം വി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി 30-08-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഓണ്‍ലൈന്‍ ചൂതാട്ടനിയമത്തിലൂടെയും നിയമലംഘനം അനുവദിക്കുകയും ചെയ്യുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് കേന്ദ്രം ചെയ്യുന്നത്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന പ്രചാരണ രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. കേരള ഭാഗ്യക്കുറി വില്‍പ്പന വര്‍ധിപ്പിക്കുകയാണ് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാനുള്ള പോംവഴി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്ന വിധം ലോട്ടറിയാകെ നിരോധിക്കണമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തത് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സമ്പൂര്‍ണ നിരോധനമല്ല, അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുകയും ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയും കേരള ഭാഗ്യക്കുറി സുതാര്യമായി എല്ലാ നിയമ വ്റ്യവസ്ഥകളും പാലിച്ച് നടത്തുകയുമാണ് വേണ്ടത്. കേരള ഭാഗ്യക്കുറി സംരക്ഷിക്കുക എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുക്കുക തന്നെ വേണം.