തലക്കെട്ടു കണ്ട് അമ്പരക്കാന്‍ വഴിയുണ്ട്. ഞാനും ഒന്ന് പരിഭ്രമിയ്‌ക്കുകയുണ്ടായി. അത് ഇങ്ങനെയൊരു പരസ്യവാചകം കണ്ടിട്ടായിരുന്നു. എലിക്കെണിയുണ്ടാക്കുന്ന ഒരു കമ്പനിയുടേതായിരുന്നു അത്. ഒരു പരസ്യവാചകത്തിനപ്പുറം ആരുടെയൊക്കെയോ മോഹപ്രകടനം കൂടിയാണ് അത് എന്നു തോന്നി. എലിയില്ലാത്ത വീട് സ്വപ്‌നം കാണാത്തവരായി ആരെങ്കിലുമുണ്ടാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് നമ്മള്‍ എങ്ങനെയും എലികളെപ്പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുന്നു. മേല്‍പ്പറഞ്ഞ കമ്പനികള്‍ അടക്കമുള്ള നിര്‍മ്മാതാക്കളാവട്ടെ കെണിയൊരുക്കി നമ്മളേയും കാത്തിരിക്കുന്നു.
അതുകൊണ്ട് എലിക്കെണികള്‍ സുലഭമാണ് ചന്തയില്‍. 'കുടുംബ'മടക്കം കെണിയില്‍ വീഴാനുള്ള സംവിധാനങ്ങളുണ്ട്. 'ഫാമിലി കെണി'കള്‍. എലികളെ കുടുക്കാന്‍ ഇപ്പോള്‍ കേക്കുകളും കിട്ടാനുണ്ട്. കേക്കു തിന്നുന്ന എലിയ്‌ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് ഏതെങ്കിലും കിണറ്റിലോ കുളത്തിലോ പുഴയിലോ ചെന്നുചാടി ചാവുകയും ചെയ്യുന്നു. ഈയിടെ പുറത്തിറങ്ങിയ മറ്റൊരുപകരണത്തില്‍ എലി ഒരു ഷീറ്റില്‍ ഒട്ടിപ്പിടിക്കും. പിന്നെ നമുക്ക് അതിനെ കൊണ്ടുപോയി യാഥേഷ്‌ടം കൊല്ലാം.
യഥേഷ്‌ടം എന്നു പറഞ്ഞുവെന്നേയുള്ളൂ. അത് നല്ല ബുദ്ധിമുട്ടുള്ളതാണ്. കെണിയില്‍ കുടുങ്ങുന്നതോടെ എലി നമ്മുടെ സഹാനുഭൂതി പിടിച്ചുപറ്റും. പിന്നെ നമ്മുടെ സ്ഥിതി അനിയന്‍ മാങ്ങോട്ട്‌രിയുടെ 'ഗുണവൈഷമ്യങ്ങള്‍' എന്ന കഥയിലെ ശങ്കരന്‍കുട്ടിയേപ്പോലെയാണ്. കെണിയുടെ കോണില്‍ ചുരുണ്ടുകൂടിയുള്ള അതിന്റെ നില്‍പ്പു കാണുമ്പോള്‍ അടൂര്‍ഗോപാലകൃഷ്‌ണന്റെ 'എലിപ്പത്തായ'ത്തിലെ കരമനയേപ്പോലെ തോന്നുകയും ചെയ്യും. രക്ഷപ്പെടാനുള്ള അതിന്റെ പരാക്രമങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ വലിയ വിഷമമാണ്. അതു കാണുമ്പോള്‍ നമ്മള്‍ അല്‍പം വേദാന്തിയൊക്കെയാവും. പക്ഷേ കൊല്ലാതെ പറ്റില്ലല്ലോ. സാധാരണ രീതി വെള്ളത്തില്‍ മുക്കിക്കൊല്ലുകയാണ്. കുളത്തിലോ പുഴയിലോ ഒക്കെ ആവാം. ഒരു ബക്കറ്റ് വെള്ളമുണ്ടായാലും മതി. അതുമല്ലെങ്കില്‍ വെയിലത്തു വെയ്‌ക്കാം. വെയിലുകൊണ്ട് എലിയുടെ തൊണ്ടയും ദേഹവും വരളുകയും ചരമമടയുകയും ചെയ്യുന്നു. ശങ്കരന്‍കുട്ടി നഗരത്തില്‍ താമസിക്കുന്ന ആളായതുകൊണ്ട് പിടിച്ച എലിയെ കൊന്നാല്‍ത്തന്നെ എവിടെ നിക്ഷേപിക്കണം എന്ന പ്രശ്‌നം ബാക്കിയാണ്. അയാള്‍ കെണിയുമായി ടെറസ്സിലേയ്‌ക്കു നടക്കുന്നു. അവിടെ വെച്ച് കെണി തുറക്കുന്നു. ആദ്യം ചത്തപോലെ കിടന്ന എലി പൊടുന്നനെ അയാളുടെ കാലുകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുന്നു.
മറ്റൊരു തരം എലിക്കെണിയുണ്ട്. വെട്ടുകെണി. അതില്‍ കുടുങ്ങുന്നതോടെ കഴുത്തില്‍ ലോഹപ്പല്ലുകള്‍ അമരുകയും എലി രക്തം ചിന്തിച്ചാവുകയും ചെയ്യുന്നു. അല്‍പം ഹൃദയകാഠിന്യമുള്ളവര്‍ക്കേ ഇതൊക്കെ വെടിപ്പായി ചെയ്യാനാവൂ.
ഇത്തരം കെണികൊണ്ട് ചില സങ്കടങ്ങളും ഉണ്ടാവാറുണ്ട്. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു പറയുന്നതു പോലെ ഒരിക്കല്‍ കെണിയില്‍പ്പെട്ടത് ഒന്നാന്തരം ഒരണ്ണാര്‍ക്കണ്ണന്‍. ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്തവനെന്നു മാത്രമല്ല ശ്രീരാമനെ സേതുബന്ധനത്തിനു സഹായിക്കുകയും ചെയ്‌തവന്‍. പറഞ്ഞിട്ടെന്താ? അതിന്റെ ഭംഗിയുള്ള വാലിന്റെ ഒരറ്റം മുറിഞ്ഞുപോയി. അതിനുശേഷം അത്തരം കെണികള്‍ വേണ്ടാ എന്നു വെച്ചു.
അപ്പോള്‍ കൊല നമ്മുടെ കൈകൊണ്ടുതന്നെ വേണം. എലിയെ കൊല്ലുക എന്നൊക്കെ പറയാന്‍ രസമാണ്. എന്നാല്‍ ഇല്ലം ചുടുന്നതുപോലെ എളുപ്പമല്ലല്ലോ അത്. അതുകൊണ്ട് എലി കുടുങ്ങിയാല്‍ സുധാകരനെ കാത്തിരിക്കുന്നു. പണിക്കു പോവുന്നതിനിടയില്‍ കയറിവന്ന് അയാള്‍ കെണി തൂക്കിപ്പിടിച്ച് പുഴക്കടവിലേയ്‌ക്കു നടക്കും. അഞ്ചുമിനിട്ടിനകം നനഞ്ഞ കെണി ഇറയത്തുവെച്ച് ഒന്നുമറിയാത്തപോലെ ഇറങ്ങിപ്പോവും. പക്ഷേ കുഴപ്പം അതല്ല. തിരക്കിനിടയില്‍ പലപ്പോഴും സുധാകരന്‍ വരാന്‍ താമസിക്കും. ദിവസങ്ങളോളം എലി കൂട്ടില്‍ക്കിടക്കും. ചിലപ്പോള്‍ അതില്‍ക്കിടന്നുതന്നെ സിദ്ധികൂടുകയും ചെയ്യും.
എന്നാല്‍ അനിയന്‍ മാങ്ങോട്ട്‌രിയുടെ കഥയിലെ അച്ഛനേപ്പോലെ ''തെയ്യുണ്യേ, അദ്‌നെ ബടെ വെച്ച് കൊല്ല്വോന്നും വേണ്ട, ദൂരെ എവിട്യേങ്ങിലും കൊണ്ടോയ് കളയ് '' എന്നു പറയാന്‍ പറ്റുമോ? ഇത്രയും ഉപദ്രവകാരിയായ ഒരു ജന്തു വേറെയുണ്ടായിട്ടുവേണ്ടേ? അരിയും പരിപ്പും പലവ്യഞ്ജനങ്ങളും അപഹരിക്കുന്നതു മനസ്സിലാക്കാം. മണ്ണിലിറങ്ങി കൊള്ളിക്കിഴങ്ങും ചേനയും ചേമ്പുമൊക്കെ ശാപ്പിടുന്നതും മനസ്സിലാക്കാം. എലിക്കും ജീവിക്കണമല്ലോ. പക്ഷേ പുസ്തകം വെട്ടി നശിപ്പിക്കുക, ടിവിയുടെ റിമോട്ട് കണ്‍ട്രോള്‍ കരണ്ടു തിന്നുക, പ്ലാസ്റ്റിക് ടിന്നുകള്‍ കരണ്ട് ഓട്ടയാക്കുക എന്നു തുടങ്ങി ഇനി ഇന്നതേ ചെയ്യൂ എന്നില്ല എലിയ്‌ക്ക്. ചില രാത്രികളില്‍ പുതപ്പിനുള്ളിലും വിരിയ്‌ക്കുള്ളിലുമൊക്കെ കയറിക്കൂടുന്നതും മനസ്സിലാക്കാന്‍ വിഷമമാണ്. പക്ഷേ ഉപദേശിച്ചു നേരെയാക്കാനൊന്നും പറ്റാത്ത കേസാണല്ലോ.
ആകെയുള്ള ആശ്രയം പൂച്ചയാണ്. അത് എലിയുടെ ആജന്മശത്രുവാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ധരിച്ചിട്ടാണ് എവിടെനിന്നോ വഴിതെറ്റിവന്ന പൂച്ചയ്‌ക്ക് പാലും ചോറും പപ്പടവും ചപ്പാത്തിയുമൊക്കെ കൊടുക്കാന്‍ തുടങ്ങിയത്. അതോടെ പൂച്ച ടോട്ടല്‍ വെജിറ്റേറിയനായിപ്പോയി എന്നാണ് തോന്നുന്നത്. അത് എലിയെ തിരിഞ്ഞുനോക്കിയതേയില്ല. ചിലപ്പോള്‍ തട്ടിന്‍പുറത്തേയ്‌ക്കും കലവറയിലേയ്‌ക്കും മറ്റും നോക്കി കരയുന്നതും വാല് കുത്തനെ വിറപ്പിക്കുന്നതും കണ്ടിരുന്നു. എലിയെ പിടിക്കാനുള്ള ഉന്നം നോക്കുകയാവും എന്നു കരുതി. നമ്മളെ വിഡ്ഢികളാക്കുന്ന നടപടികളാണ് അതൊക്കെ എന്ന് പിന്നീടു മനസ്സിലായി. അതും സഹിയ്‌ക്കാം. ഊണ്‍മേശയില്‍ വെച്ച മോര് തട്ടിമറിക്കാനും പാതിയമ്പുറത്തുവെച്ച പാല് കട്ടുകുടിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ എലിയാണോ ഭേദം എന്നുവരെ തോന്നി. അങ്ങനെ ഒരു ദിവസം അതിനെ തൂക്കിയെടുത്ത് ശത്രുരാജ്യമായ അടുത്ത ഗ്രാമപ്പഞ്ചായത്തിലേക്ക് കൊണ്ടുപോയിവിട്ടു.
പൂച്ച ഒന്നും ചെയ്‌തില്ലെങ്കിലും എലികള്‍ അതിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നിരി്ക്കണം. കുറേ കാലത്തേക്ക് ഒരനക്കവുമുണ്ടായിരുന്നില്ല. അടുക്കിവെച്ച ടിന്നുകളൊന്നും തുരക്കുന്നില്ല. അടച്ചുവെച്ച പാത്രങ്ങളൊന്നും തുറക്കുന്നില്ല. എന്തും എവിടെയും വെയ്‌ക്കാം എന്ന നില കൈവന്നതുപോലെ. സമാധാനത്തിന്റെ വെള്ളക്കൊടിയുയര്‍ത്തിയിരിയ്‌ക്കുമ്പോള്‍ അതാ, വീണ്ടും എലിയുടെ വിളയാട്ടങ്ങള്‍. അടുക്കളയിലെ ഷെല്‍ഫിന്റെ വാതില്‍ കരണ്ട് അകത്തുകടന്നിരിയ്‌ക്കുന്നു. കുത്തനെ നിന്നിരുന്ന വെളിച്ചെണ്ണക്കുപ്പി ചെരിഞ്ഞുകിടക്കുന്നു. വെളിച്ചെണ്ണ മുഴുവന്‍ പരന്നുകിടക്കുന്നു. ടിന്നുകള്‍ തുരന്ന് പരിപ്പും ഉഴുന്നുമൊക്കെ പരത്തിയിട്ടിട്ടുണ്ട്. കലവറയില്‍ കെട്ടിത്തൂക്കിയ ഞാലിപ്പൂവന്റെ ഒരു പടല മുഴുവന്‍ തിന്നിരിയ്‌ക്കുന്നു. കലവറയും അടുക്കളയും കടന്ന് കിടപ്പുമുറിയിലും എത്തിയിരിയ്‌ക്കുന്നു എലി. വീട്ടില്‍ ആളില്ലാത്ത ഒരു രാത്രി കിടക്കവിരി മുഴുവന്‍ കടിച്ചുപൊളിച്ചിട്ടു.
നഷ്‌ടങ്ങളുടെ കണക്കെടുക്കുന്നതിനു മുമ്പ് തീര്‍ച്ചയാക്കി. ഇന്നു രാത്രി കെണിയൊരുക്കുക തന്നെ. ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് ഒരു നാളികേരപ്പൂളെടുത്തു. ഇത്ര വലിയ പൂള് എലിയ്‌ക്കു വേണ്ടിവരില്ല എന്നു തോന്നി. ('ഇത്ര നല്ല ദോശ ഒരു പൊലീസുകാരന്‍ തിന്നുകയോ' എന്ന് വി. കെ. എന്നിന്റെ പയ്യന്‍ ചിന്തിച്ചതുപോലെ.) അതുകൊണ്ട് നാളികേരപ്പൂള് രണ്ടായി മുറിച്ചു. വലിയ കഷണം മനുഷ്യന്‍ ശാപ്പിട്ടു. കെണി തുറന്ന് മറ്റേക്കഷണം കമ്പിയില്‍ കൊളുത്തിയിട്ടു. എവിടെ വെയ്ക്കണം എന്നാണ് ഇനി തീരുമാനിയ്ക്കാനുള്ളത്. തട്ടിന്‍പുറത്തുനിന്ന് കോണിയിറങ്ങിവരുമ്പോള്‍ നേരിട്ടു കുടുങ്ങാന്‍ തക്കവണ്ണം കോണിച്ചോട്ടില്‍ വെയ്‌ക്കാം. അല്ലെങ്കില്‍ ഷെല്‍ഫിന്റെ മുന്നില്‍ വെയ്‌ക്കാം. എലിയുടെ ഇന്നലത്തെ തച്ച് അവിടെയായിരുന്നുവല്ലോ. എവിടെയായാലും വാസന വരാതിരിക്കില്ല. നാളികേരപ്പൂള് തീയില്‍വെച്ച് ചുട്ടെടുത്തിട്ടുണ്ടല്ലോ.
കണക്കുകൂട്ടലുകള്‍ തെറ്റി. രണ്ടുരാത്രികള്‍ കഴിഞ്ഞിട്ടും എലി കെണിയില്‍ വീണില്ല. രാവിലെ പ്രതീക്ഷയോടെ അടുക്കളവാതില്‍ തുറന്നുനോക്കുമ്പോള്‍ കെണി വായ തുറന്നുതന്നെ ഇരിക്കുന്നു. കുറച്ചുകൂടി കാക്കാമെന്നു വെച്ചു. 'ഏഴുരാത്രികള്‍' എന്നാണല്ലോ കാലടി ഗോപിയുടെ കണക്ക്.
പത്രം തുറന്നപ്പോള്‍ ആറാം പേജില്‍ ഒരു വാര്‍ത്ത. ശരാശരി ഇന്ത്യക്കാരനേക്കാള്‍ ആരോഗ്യമുണ്ടത്രേ എലിയ്‌ക്ക്. പറയുന്നത് അണ്ടനോ അടകോടനോ അല്ല. ഡോ. എച്ച്. എ. ബി. പാര്‍പിയ. അറിയപ്പെടുന്ന ഭക്ഷ്യശാസ്‌ത്രജ്ഞന്‍. കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ മേധാവി. പോരാത്തതിന് ഐക്യരാഷ്‌ട്രസമിതിയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയൊത്ത് പ്രവര്‍ത്തിക്കുന്ന ആളും. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഒരു മനുഷ്യന്റെ ഭക്ഷണം ആറ് എലികള്‍ കൂടി തിന്നുന്നു. ഇന്ത്യയിലെ ശരാശരി എലികള്‍ ശരാശരി മനുഷ്യരേക്കാള്‍ പോഷകസമ്പുഷ്‌ടരാണ്.'' വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യനഷ്‌ടം 30 മുതല്‍ 35 ശതമാനം വരെയാണുപോലും. അതുമുഴുവന്‍ എലി മൂലമാണോ എന്ന് ഡോ. പാര്‍പിയ വ്യക്തമായി പറയുന്നില്ല. എന്നാലും അതില്‍ വലിയ ഒരു പങ്ക് എലിയുടേതാണെന്നു നമുക്കു തീര്‍ച്ചയാക്കാം.
കഴിഞ്ഞ മാസമാണ് ലോക്‌സഭയില്‍ ഭക്ഷ്യമന്ത്രി ശരദ് പവാര്‍ ഒരു പ്രസ്താവന നടത്തിയത്. ആയിടെ നടന്ന പരിശോധനയില്‍ വിവിധ ഭക്ഷ്യധാന്യസംഭരണശാലകളില്‍നിന്ന് 11,700 ടണ്‍ ചീഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം ഏഴു കോടി ഉറുപ്പികയോളം വിലവരുന്നത്ര. ഫുഡ് കോര്‍പ്പറേഷന്റെ ചോര്‍ന്നൊലിയ്‌ക്കുന്ന സംഭരണശാലകളില്‍ ധാന്യങ്ങള്‍ മഞ്ഞും മഴയും വെയിലും കൊണ്ടു നശിക്കുകയാണ്. പലതിനും മേല്‍ക്കൂരകള്‍ പോലുമില്ല. നിരവധി ലക്ഷങ്ങള്‍ പട്ടിണിക്കാരായുള്ള ഇന്ത്യയിലാണ് ഇതു സംഭവിയ്‌ക്കുന്നതെന്നോര്‍ക്കുക. സുപ്രീം കോടതി ഇടപെട്ട് ഈ ധാന്യങ്ങള്‍ മുഴുവന്‍ നിസ്സാരവിലയ്‌ക്കോ അല്ലെങ്കില്‍ സൗജന്യമായിത്തന്നെയോ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിനെ ഉപദേശിയ്‌ക്കുകയുണ്ടായി.
ഭക്ഷ്യധാന്യസബ്‌സിഡി കൊടുക്കാന്‍ പ്രതിവര്‍ഷം 55,000 കോടി ഉറുപ്പിക ചെലവാക്കുന്നുണ്ട് സര്‍ക്കാര്‍. അതില്‍ വെറും 5,000 കോടി ഉറുപ്പിക കൊണ്ട് സംഭരണസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഇത്രയധികം ധാന്യങ്ങള്‍ പാഴായിപ്പോവുന്നത് ഒഴിവാക്കാമെന്ന് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പലപ്പോഴും മുന്‍ഗണനകള്‍ തലകീഴായി കിടക്കുന്ന ഇന്ത്യയില്‍ ഇതെല്ലാം സര്‍ക്കാരിന്റെ തമാശകളാണ്.
അതിനു പുറമേയാണ് എലിയുടെ തമാശകള്‍. ഡോ. പാര്‍പിയയുടെ കണക്ക് ആരേയും ഞെട്ടിപ്പിക്കാന്‍ പോന്നതാണ്. മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചാലും എലിയ്‌ക്ക് ഭക്ഷ്യക്ഷാമം വരില്ല. അല്ലെങ്കില്‍ത്തന്നെയും തിന്നുവാനില്ലാതെ ഇന്നോളവുമെലി ചത്തതുണ്ടോ?
എഴുതിക്കഴിഞ്ഞപ്പോഴാണ് അത് എന്‍. വി. കൃഷ്‌ണവാരിയരുടെ 'എലികള്‍' എന്ന കവിതയിലെ വരിയാണല്ലോ എന്ന് ഓര്‍മ്മ വന്നത്. 1942-ലെ ബംഗാള്‍ ക്ഷാമം പശ്ചാത്തലമാക്കി എഴുതിയ കവിത. തള്ളയെലി തന്റെ കുട്ടികളെ ഉപദേശിക്കുന്ന രൂപത്തിലാണ് അത്. ചത്തുകിടക്കുന്ന ഒരു വേശ്യയുടെ ശരീരം തിന്നുകൊണ്ടിരിയ്‌ക്കുകയാണ് തള്ളയും കുട്ടികളും.
''പട്ടണം തന്നിലും - ചൊല്ലിയാരോ - മര്‍ത്ത്യര്‍ ചത്തിതുപോലെ കിടക്കുന്നത്രേ
പക്ഷേ,യെടുത്തു കുഴിച്ചുമൂടുന്നുപോല്‍ പട്ടിയും കാക്കയും നോക്കിനില്‍ക്കേ!''
എന്ന വരികളിലൂടെ ക്ഷാമത്തിന്റെ രൂക്ഷത അപ്പാടെ നമുക്ക് അനുഭവിയ്‌ക്കാറാവുന്നു. തള്ളയെലിയുടെ ഉപദേശം ചെവിക്കൊള്ളാന്‍ തക്കവണ്ണം കുട്ടികള്‍ വളര്‍ന്നിട്ടില്ല. ഇരുട്ടില്‍ അവര്‍ വേശ്യയുടെ ശവം കാര്‍ന്നുതിന്നുന്ന തിരക്കിലാണ്. ''എല്ലില്‍ക്കടിച്ചു മുറിഞ്ഞുവോ പല്ലുകള്‍?'' എന്ന് തള്ള ആശങ്കപ്പെടുന്നു. കുട്ടികള്‍ക്ക് വിവേകം ഒട്ടുമില്ല. തള്ള ദേഷ്യത്തോടെ ചോദിയ്‌ക്കുന്നു: ''നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല, നിങ്ങളെലികളോ മാനുഷരോ?''
കടുത്ത ക്ഷാമത്തില്‍ മനുഷ്യര്‍ ചത്തുചീഞ്ഞുനാറുമ്പോള്‍ എലികള്‍ അനുഷ്‌ഠിക്കുന്നത് ഒരു ശുചീകരണധര്‍മ്മമാവാം. പക്ഷേ അത് കവിതയില്‍ മാത്രമാണ്. ''ചീത്തകള്‍ കൊത്തിവലിക്കുകിലുമേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍'' എന്ന് കാക്കയെ വൈലോപ്പിള്ളി പ്രകീര്‍ത്തിയ്‌ക്കുന്നതുപോലെ എലിയെ പറ്റുമെന്നു തോന്നുന്നില്ല. ഓരോ ജീവിയ്‌ക്കും ഭൂമിയില്‍ ഓരോ ധര്‍മ്മം ഉണ്ടെന്നുതന്നെ നമ്മള്‍ വിചാരിക്കണം. എങ്കില്‍ എലിയുടെ ധര്‍മ്മമെന്താണ്? ഗണപതിയുടെ അമ്പലങ്ങളില്‍ ഡ്രൈവറുടെ ഡ്യൂട്ടിയുണ്ടെന്നതില്‍പ്പരം എന്തു പണിയാണ് എലിയ്‌ക്കുള്ളത് ?
അപ്പോഴാണ് അറിയുന്നത്, എലികള്‍ക്കും ഒരമ്പലമുണ്ടത്രേ. അത് രാജസ്ഥാനിലെ ദേശ്‌നോക്കെ എന്ന സ്ഥലത്താണ്: കര്‍ണിമാതാ ക്ഷേത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മഹാരാജാ ഗംഗാ സിംഗ് എലികളുടെ ദേവതയായ കര്‍ണിമാതയ്‌ക്കു കാണിക്കയായി പണിതതാണ് ഇത്. മാര്‍ബിളും വെള്ളിയും സ്വര്‍ണ്ണവും ധാരാളമായി ഉപയോഗിച്ചാണ് ഇത് പണിതിരിയ്‌ക്കുന്നത്. ഇവിടെ ഇരുപതിനായിരത്തോളം എലികളുണ്ട്. അവയെ ദര്‍ശിയ്‌ക്കാന്‍ അകലെനിന്നുപോലും ഭക്തര്‍ എത്തിക്കൊണ്ടിരിയ്‌ക്കുന്നു. അബദ്ധത്തിലെങ്ങാന്‍ നമ്മുടെ കാലുകൊണ്ട് അതിലേതെങ്കിലും എലി സമാധിയായാല്‍ പ്രായശ്ചിത്തമുണ്ട്. സ്വര്‍ണ്ണംകൊണ്ടോ വെള്ളികൊണ്ടോ എലിരൂപമുണ്ടാക്കി നടയ്‌ക്കു വെയ്ക്കണം.
ഈ അമ്പലം നിലവില്‍ വന്നതില്‍പ്പിന്നെ അവിടെ എലിപ്പനിയോ പ്ലേഗോ ഒന്നും ഉണ്ടായിട്ടില്ലപോല്‍. പുണ്യം തന്നെ; സംശയമില്ല.
പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ നാട്ടില്‍ ഇത്തരം അമ്പലങ്ങളൊന്നുമില്ലല്ലോ. അതുകൊണ്ട് എലികള്‍ നമ്മുടെ വീടുകളില്‍ത്തന്നെ ജീവിക്കുന്നു. നമ്മള്‍ എലിക്കെണി വെച്ച് കാത്തിരിയ്‌ക്കുന്നു.
ഏഴു രാത്രികള്‍ വരെ നീണ്ടില്ല. നാലാം ദിവസം എലി കുടുങ്ങി. അതുകൊണ്ട് കാര്യമുണ്ടായില്ല. പണിത്തിരക്കിനിടയില്‍ സുധാകരന്‍ വന്നില്ല. കുടുങ്ങിയതിന്റെ ആറാം ദിവസം എലി ജീവച്ഛവമായി. കെണിയില്‍ക്കിടന്നു ചത്താല്‍ ശരിയാവില്ല. മരണമണം പുരണ്ട കെണിയുടെ നാലയലത്തുപോലും എലികള്‍ വരില്ല. 'എലിപ്പത്തായ'ത്തിലെ ശാരദയേപ്പോലെ തന്റേടത്തോടെ കെണിയും പിടിച്ച് കുളത്തിലേയ്‌ക്കു നടക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും കണ്ണ് ഇറുക്കിയടച്ചാണ് ഞാന്‍ പുഴയിലേയ്‌ക്കു നടന്നത്.
ഇടയ്‌ക്ക് ഒന്നു കെണിയിലേയ്‌ക്കു പാളിനോക്കി. തൂക്കിപ്പിടിച്ച കെണിയില്‍ എലി താഴെ അടിഞ്ഞുകിടക്കുന്നു. പാവം, വെള്ളം പോലും കിട്ടാതെ ചത്തുപോയിരിയ്‌ക്കുന്നു. പുഴ കടന്ന് മണ്ടേമ്പാടത്തേയ്‌ക്കു നടന്നു. ഇറങ്ങിച്ചെന്ന് പാടവരമ്പിലിരുന്നു. വാതില്‍ തുറന്ന് കെണി കുടഞ്ഞ് എലിയെ പുറത്തേയ്ക്കിട്ടു.
അനിയന്‍ മാങ്ങോട്ട്‌രിയുടെ കഥയിലേപ്പോലെത്തന്നെയാണ് സംഭവിച്ചത്. അതുവരെ ചത്തപോലെ കിടന്ന എലി ജീവനുംകൊണ്ട് പാടത്തേയ്‌ക്ക് ഊളിയിടുന്നത് ഉള്‍വിറയലോടെ കണ്ടുനിന്നു. എവിടേക്കാണ് ഓടിയത് ? നോക്കിയാല്‍ വീടിന്റെ എതിര്‍ദിശയിലേയ്‌ക്കാണ്. അതുകൊണ്ടുമാത്രം ഇനി അത് വീട്ടിലേയ്‌ക്കു തിരിച്ചുവരില്ല എന്നുറപ്പിയ്‌ക്കാമോ?
ഇല്ല. ഇവിടെ ഒന്നും പ്രാവര്‍ത്തികമാവില്ല. സ്വപ്‌നങ്ങള്‍ കാണാനേ നമ്മളേക്കൊണ്ടാവൂ. അതിനു ചെലവില്ലല്ലോ. എന്തിനു കേരളമാക്കുന്നു? പരസ്യവാചകം 'എലിയില്ലാത്ത ഭാരതം' എന്നോ 'എലിയില്ലാത്ത ലോകം' എന്നുതന്നെയോ ആക്കാം. സ്വപ്‌നം കാണുമ്പോള്‍ അതു ചെറിയതാവണം എന്നു നിര്‍ബ്ബന്ധമൊന്നുമില്ലല്ലോ!
*****
അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം
Friday, August 20, 2010
Subscribe to:
Post Comments (Atom)
2 comments:
പത്രം തുറന്നപ്പോള്‍ ആറാം പേജില്‍ ഒരു വാര്‍ത്ത. ശരാശരി ഇന്ത്യക്കാരനേക്കാള്‍ ആരോഗ്യമുണ്ടത്രേ എലിയ്‌ക്ക്. പറയുന്നത് അണ്ടനോ അടകോടനോ അല്ല. ഡോ. എച്ച്. എ. ബി. പാര്‍പിയ. അറിയപ്പെടുന്ന ഭക്ഷ്യശാസ്‌ത്രജ്ഞന്‍. കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ മേധാവി. പോരാത്തതിന് ഐക്യരാഷ്‌ട്രസമിതിയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയൊത്ത് പ്രവര്‍ത്തിക്കുന്ന ആളും. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഒരു മനുഷ്യന്റെ ഭക്ഷണം ആറ് എലികള്‍ കൂടി തിന്നുന്നു. ഇന്ത്യയിലെ ശരാശരി എലികള്‍ ശരാശരി മനുഷ്യരേക്കാള്‍ പോഷകസമ്പുഷ്‌ടരാണ്.'' വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യനഷ്‌ടം 30 മുതല്‍ 35 ശതമാനം വരെയാണുപോലും. അതുമുഴുവന്‍ എലി മൂലമാണോ എന്ന് ഡോ. പാര്‍പിയ വ്യക്തമായി പറയുന്നില്ല. എന്നാലും അതില്‍ വലിയ ഒരു പങ്ക് എലിയുടേതാണെന്നു നമുക്കു തീര്‍ച്ചയാക്കാം.
appol Baiju Eli kaattamo - )
Post a Comment