Sunday, August 29, 2010

വിദ്യാഭ്യാസത്തിലെ പൊതു-സ്വകാര്യ പങ്കാളിത്തം

പുതിയ വികസന തന്ത്രങ്ങളിലെ , വിശിഷ്യാ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ വികസന തന്ത്രങ്ങളിലെ , ആകര്‍ഷകമായ ഒരു മുദ്രാവാക്യമായി പൊതു-സ്വകാര്യ പങ്കാളിത്തം (Public Private Partnership) മാറിയിരിക്കുന്നു. ദേശീയ വികസനത്തില്‍ സ്വകാര്യമേഖലയുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വിഭവ സമാഹരണത്തിനുമുള്ള നൂതന ആശയമായിട്ടാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുവിഭവങ്ങള്‍ അപര്യാപ്‌തമാണെന്ന് ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് ഇതിനുവേണ്ടി വാദിക്കുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വെ, റോഡുകള്‍ എന്നിവയുടെ വികസനംപോലുള്ള ഒട്ടേറെ പശ്ചാത്തല വികസന മേഖലകളില്‍ ഇതിനകംതന്നെ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കിക്കഴിഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കിൽ ഇവയ്‌ക്ക് സമ്മിശ്രമായ ഫലമാണുള്ളത്. ചില പ്രത്യേക മേഖലകളിൽ മാത്രം ഒതുങ്ങി നിർത്താതെ വിദ്യാഭ്യാസം, ആരോഗ്യം തുടാങ്ങിയ മാനവ വികസന മേഖലകളിലേക്കു കൂടി പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുകയാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഒരു പ്രധാനതന്ത്രം എന്ന നിലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. മറ്റു നിരവധി കാര്യങ്ങളുടെ കൂട്ടത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷനില്‍ അഫിലിയേറ്റ് ചെയ്‌ത പുതിയ 6000 മോഡല്‍ സ്‌കൂളുകള്‍ കൂടി തുടങ്ങുന്നതിന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇവയില്‍ 2500 എണ്ണവും പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരമുള്ളതായരിക്കും. മികച്ച വിദ്യാഭ്യാസ സൌകര്യങ്ങള്‍ നിലവിലില്ലാത്ത പിന്നോക്ക മേഖലകളിലും ഉള്‍പ്രദേശങ്ങളിലുമായിട്ടുമാണ് ഈ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നോക്ക മേഖലകളില്‍ക്കൂടി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുന്നതിനാണ് ഇത്.

സ്വകാര്യമേഖലയുമായി ആശയവിനിമയം നടത്തി ആസൂത്രണ കമ്മീഷന്‍ അന്തിമ രൂപം നല്‍കിയ മാതൃക പ്രകാരം ഈ സ്‌കൂളുകള്‍ 2014 ഓടുകൂടി നിലവില്‍ വരേണ്ടതാണ്. 65 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ശേഷി ഈ സ്‌കൂളുകള്‍ക്കുണ്ടായിരിക്കണം. അതില്‍ 25 ലക്ഷം കുട്ടികള്‍ ദരിദ്രരും അവശരുമായ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കണം.

ഓരോ വിദ്യാലയത്തിലും ഏകദേശം 2500 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണം. അതില്‍ 1000 പേരും ദരിദ്രജന വിഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കണം. അവരില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കണം. ഈ 1000 വിദ്യാര്‍ത്ഥികളില്‍ 50 ശതമാനവും പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും മറ്റു പിന്നോക്ക വിഭാഗങ്ങളും ആയിരിക്കണം. അവര്‍ ഓരോരുത്തരും പ്രതിമാസം ഫീസിനത്തില്‍ 25 രൂപ വീതം അടയ്‌ക്കേണ്ടതാണ്. മറ്റ് ദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള ബാക്കി കുട്ടികള്‍ പ്രതിമാസം 50 രൂപാ ക്രമത്തില്‍ ഫീസ് നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിവരുന്ന ചെലവിന്റെ അവശേഷിക്കുന്ന ഭാഗം (ഓരോ കുട്ടിക്കും പ്രതിമാസം 1000 രൂപ മുതല്‍ 12000 രൂപ വരെ വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്). ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തിരികെ നല്‍കും. 2017 വരെ ഈ ഇനത്തില്‍ സര്‍ക്കാര്‍ 10500കോടി രൂപ നല്‍കേണ്ടിവരും എന്നാണ് മതിപ്പ് കണക്ക്. പൊതുവെ വിലകള്‍ കുതിച്ചുയരുകയും വിശിഷ്യാ വിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ ഈ തുക ഉയരാനാണ് സാധ്യത.

ഇതിനെല്ലാം ഉപരി, ഈ സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ വിവിധ പദ്ധതികളിൽ പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലഭ്യമാകുന്നതാണ്. അവശേഷിക്കുന്ന 1500 സീറ്റുകളില്‍ സ്‌കൂളുകള്‍ക്ക് ആരെ വേണമെങ്കിലും പ്രവേശിപ്പിക്കാം; ഇഷ്‌ടമുള്ള തുക ഫീസായി ഈടാക്കുകയും ചെയ്യാവുന്നതാണ്.

ഈ മാതൃക പ്രകാരം ചുരുങ്ങിയത് 25 ലക്ഷം നെറ്റ്വർത്തുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അര്‍ഹരാണ്. ഓരോ സ്ഥാപനവും ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ സര്‍ക്കാരില്‍ ഡെപ്പോസിറ്റ് ചെയ്യണം; അതേ സ്ഥാപനം വീണ്ടും ഒന്നോ അധികമോ സ്‌കൂള്‍ സ്ഥാപിക്കണമെന്നുണ്ടെങ്കില്‍ ആദ്യത്തെ ഒരു സ്‌കൂളിന് പുറമെ തുടങ്ങുന്ന ഓരോ സ്‌കൂളിനും 25 ലക്ഷം രൂപ വീതം ഡെപ്പോസിറ്റ് ചെയ്യണം. ഓരോ കോര്‍പ്പറേറ്റ് സ്ഥാപനത്തിനും 25 സ്‌കൂളുകള്‍ വരെ സ്ഥാപിക്കാവുന്നതാണ്. വിദ്യാഭ്യാസരംഗത്ത് മുന്‍പരിചയമുള്ള ലാഭേച്‌ഛ ഇല്ലാത്ത കമ്പനികള്‍ ഓരോ സ്‌കൂളിനും 25 ലക്ഷം രൂപ വീതം ഡെപ്പോസിറ്റ് ചെയ്യേണ്ടതാണ്. ഏറ്റവും മികച്ച സ്വകാര്യ സ്‌കൂളുകളില്‍ ലഭ്യമാകുന്ന തരത്തിലുള്ള പശ്ചാത്തല സൌകര്യങ്ങള്‍ ഈ സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം.

ഈ മാതൃകയില്‍ വളരെ വ്യക്തമായ ചില സുപ്രധാന വശങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, പൊതുഖജനാവില്‍ നിന്ന് സ്വകാര്യ വിദ്യാലയങ്ങളിലേക്ക് വലിയതോതില്‍ വിഭവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും എന്നതാണ്. രണ്ടാമത്തേത്, 1500 വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവുന്ന ഫീസിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ സ്‌കൂള്‍ ഭരണ നിര്‍വഹണത്തിന്റെ എല്ലാ കാര്യങ്ങളിലും സ്‌കൂളുകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നതാണ്. അങ്ങനെ ഈ മാതൃക ലാഭേച്‌ഛ ഇല്ലാത്തതെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ഥാപനങ്ങളെ യഥാര്‍ത്ഥത്തില്‍ ലാഭമുണ്ടാക്കാന്‍ അനുവദിക്കുകയാണ്. മൂന്നാമതായി, ഈ സ്‌കൂളുകളില്‍ സര്‍ക്കാരിന് വളരെക്കുറച്ച് നിയന്ത്രണം മാത്രമേ ഉണ്ടാവൂ. ദരിദ്രവിഭാഗങ്ങളില്‍ നിന്ന് 1000 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്നും അവരില്‍ നിന്ന് ഒരു നിശ്ചിതനിരക്കില്‍ മാത്രമേ ഫീസ് ഈടാക്കാവൂ എന്നും അല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ല.

ഈ മാതൃക സ്വകാര്യവല്‍ക്കരണം അല്ലെന്നും ലാഭക്കൊതിയന്മാരെ വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാന്‍ അനുവദിക്കുകയില്ലെന്നും സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അതിന് വിരുദ്ധമായാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും വലിയ തോതിലുള്ള വാണിജ്യവല്‍ക്കരണവും ആണ് സംഭവിക്കുന്നത്. ഇത് പൊതുപണം വിനിയോഗിച്ച് നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവുമല്ലാതെ മറ്റൊന്നുമല്ല. പശ്ചാത്തലസൌകര്യം കെട്ടിപ്പടുക്കുന്നതില്‍ നിന്നും വാണിജ്യഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായി വിദ്യാഭ്യാസത്തെ കാണേണ്ട ആവശ്യമുണ്ടെന്ന് പൊതു-സ്വകാര്യപങ്കാളിത്ത മാതൃക കരുതുന്നില്ല എന്നതാണ് പ്രധാനപ്പെട്ട സംഗതി.

മറ്റൊരു മാതൃക

ഇതിന് സമാനം എങ്കിലും തികച്ചും വേറിട്ടതും വ്യത്യസ്‌തവും ആയ പൊതു-സ്വകാര്യ പങ്കാളിത്തത്തോടുകൂടിയ വിദ്യാഭ്യാസത്തിന്റെ സമ്പന്നമായ അനുഭവം നമുക്കുണ്ട്. എന്നാല്‍ അതിനെ വളരെ അപൂര്‍വമായി മാത്രമേ പൊതു-സ്വകാര്യ പങ്കാളിത്തം ഉള്ളതായി പരാമര്‍ശിക്കാറുള്ളൂ. സര്‍ക്കാര്‍ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂള്‍ സമ്പ്രദായമാണിത്. ധനപരമായ കാരണങ്ങളാല്‍ ഈ കാലത്ത് ഒരു സംസ്ഥാന സര്‍ക്കാരും ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ മാതൃക പ്രകാരം ഏതെങ്കിലും ലാഭേച്‌ഛ ഇല്ലാത്ത സ്വകാര്യ സംഘടന (ഒരു ട്രസ്റോ സന്നദ്ധ സംഘടനയോ ചിലപ്പോള്‍ ബിസിനസ്സ് സ്ഥാപനങ്ങളോ) തങ്ങളുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്‌കൂള്‍ സ്ഥാപിക്കുകയും അതേ സംവിധാനം തന്നെ കുറച്ച് വര്‍ഷത്തേയ്‌ക്ക് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു; പിന്നീടാണ് അത് തുടര്‍ചെലവുകള്‍ക്കായി സര്‍ക്കാര്‍ സഹായത്തിന് അര്‍ഹത നേടുന്നത്. സ്‌റ്റാഫിന്റെ ശമ്പളം ഇനത്തിലേക്കുള്ള തുകയ്‌ക്കാണ് സര്‍ക്കാര്‍ സഹായം അഭ്യർത്ഥിന്നത്.

ഇത്തരം സ്‌കൂളുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന് വിധേയമാണ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കല്‍, ഫീസ്, സ്‌കോളര്‍ഷിപ്പ്, മറ്റ് ഇൻ‌സെന്റീവുകളും സബ്‌സിഡികളും, സ്‌റ്റാഫിന്റെ റിക്രൂട്ട്മെന്റ്, ശമ്പളഘടന എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഇവ പിന്തുടരേണ്ടതുണ്ട്. ഫലത്തില്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അവ വ്യത്യസ്‌തമല്ലാതാകുന്നു. എന്നാല്‍ മാനേജ്‌മെന്റ് സ്വകാര്യ മേഖലയ്‌ക്കാണെന്നു മാത്രം. ഈ സ്‌കൂളുകളുടെ ആവര്‍ത്തന ചെലവിന്റെ ഏകദേശം 95 ശതമാനം ചിലപ്പോള്‍ ആവര്‍ത്തനേതര ചെലവിന്റെ ഒരു ഭാഗവും സര്‍ക്കാര്‍ ധനസഹായത്തില്‍ നിര്‍വഹിക്കുന്നതായാണ് കണ്ടുവരുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന ചില അഴിമതികള്‍ കാരണം പല സ്‌കൂളുകളെയും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുകയോ ചെയ്യാറുണ്ട്.

ഇപ്പോള്‍ ഇന്ത്യയിലെ സെക്കന്‍ഡറി സ്‌കൂള്‍ സംവിധാനത്തിന്റെ മുഖ്യഭാഗമായ എയ്‌ഡഡ് സ്‌കൂള്‍ സമ്പ്രദായവും നിര്‍ദ്ദിഷ്‌ട പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയും തമ്മിലുള്ള പ്രധാന വ്യത്യാസം സര്‍ക്കാര്‍ നിയന്ത്രണവും അതുമായി ബന്ധപ്പെട്ട് സ്വകാര്യ മാനേജ്‌മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ടവയാണ്. ഇപ്പോഴത്തെ സ്വകാര്യപങ്കാളിത്ത മാതൃക വിദ്യാഭ്യാസത്തില്‍ സര്‍ക്കാരിന്റെയോ മറ്റ് ഏതെങ്കിലും തരത്തിലുള്ളതോ ആയ സാമൂഹ്യ നിയന്ത്രണം പാടില്ല എന്ന നവലിബറല്‍ കാലത്തെ സമീപനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാണ്. വാസ്‌തവത്തില്‍, അത് സ്വകാര്യമേഖലയ്‌ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്നു. ആദ്യ ധാരണ പ്രകാരം ഈ സ്‌കൂള്‍ 'വൌച്ചര്‍ സ്‌കൂളുകളാ'യി മാറ്റപ്പെടാവുന്നതാണ്; 10 വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തിലാക്കുന്നതോടെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കപ്പെടും. രണ്ടാമതായി ചില സ്‌കൂളുകള്‍ അന്യായമായ ചില നടപടികളിലൂടെ ലാഭമുണ്ടാക്കുന്നു. എയ്‌ഡഡ് സ്‌കൂള്‍ സമ്പ്രദായം യഥാര്‍ത്ഥത്തില്‍ ലാഭമുണ്ടാക്കാന്‍ സാധ്യത പ്രദാനം ചെയ്യുന്നതല്ല. നേരെമറിച്ച്, സ്‌കൂളുകള്‍ക്ക് യഥേഷ്‌ടം ഫീസ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളതുകൊണ്ടും ഫീസ് നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടോ സ്‌കൂളുകളുടെ ചെലവുകളുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന് ഒരു പങ്കും ഇല്ലാത്തതുകൊണ്ടും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക യാതൊരു മറയുമില്ലാതെ ലാഭമുണ്ടാക്കാന്‍ അനുമതി നല്‍കുന്നു. സര്‍വോപരി "നിക്ഷേപത്തിന് ന്യായമായ ലാഭം'' ഉറപ്പാക്കുന്നില്ലെങ്കില്‍ ഒരു സ്വകാര്യ കമ്പനിയും സ്‌കൂള്‍ സ്ഥാപിക്കാന്‍ തയ്യാറാവില്ല എന്ന കാര്യം ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെടുന്നതുമാണ്.

എല്ലാത്തിനും പുറമെ, എയ്‌ഡഡ് സ്‌കൂള്‍ സമ്പ്രദായം ഉള്‍പ്പെടെയുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ എല്ലാ മുന്‍ മാതൃകകളും മനുഷ്യ സ്‌നേഹവും പൊതുജന സേവനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളവ ആയിരുന്നു; അവ വിദ്യാഭ്യാസ മേഖലയിലുള്ള സന്നദ്ധ സംഭാവനകളുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മാതൃകയുടെ ലക്ഷ്യം തികച്ചും വ്യത്യസ്‌തമാണ്. വാണിജ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് അത് ക്ഷണിക്കുന്നത്. അവയുടെ ആത്യന്തികമായ ലക്ഷ്യങ്ങള്‍ പലപ്പോഴും സ്‌കൂളുകള്‍ സ്ഥാപിക്കുന്നതുകൊണ്ടുദ്ദേശിക്കുന്ന വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങളുമായി അല്പവും പൊരുത്തപ്പെടുന്നതല്ല. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും കാറുകളുടെയും റഫ്റിജറേറ്ററുകളുടെയും സോപ്പുകളുടെയും നിര്‍മ്മാണവും തമ്മില്‍ ഒരു വ്യത്യാസവുമില്ല; ഏതായാലും ആകര്‍ഷകമായ ലാഭം ഉറപ്പാക്കണമെന്നു മാത്രം.

സ്വകാര്യമേഖലയില്‍ പൊതുജന സേവനവും മാനുഷികമൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം ഉള്‍ക്കൊളളിക്കുന്നതിനും പകരം വിദ്യാഭ്യാസത്തില്‍ സാധാരണപോലെ ബിസിനസ് നടത്താന്‍ ഭീമമായ സബ്‌സിഡി നല്‍കി സര്‍ക്കാര്‍ അവരെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. സൌജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം വാഗ്ദാനം നല്‍കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന അപ്പര്‍പ്രൈമറി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സെക്കന്‍ഡറി സ്‌കൂളുകളും ചിലപ്പോള്‍ ഇതില്‍ ഉള്‍പ്പെടും.


*****

ജന്ധ്യാല ബി.ജി. തിലക്, കടപ്പാട് : സിഐടിയൂ സന്ദേശം

(ന്യൂഡല്‍ഹിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ളാനിങ് ആന്റ് അഡ്‌മിനിസ്‌ട്രേഷനിലെ പ്രൊഫസര് ആണ്‌ ജന്ധ്യാല ബി.ജി. തിലക് ‍)

ദി ഹിന്ദു പ്രസിദ്ധീകരിച്ച Public-private partnership in education എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ വികസന തന്ത്രങ്ങളിലെ , വിശിഷ്യാ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ വികസന തന്ത്രങ്ങളിലെ , ആകര്‍ഷകമായ ഒരു മുദ്രാവാക്യമായി പൊതു-സ്വകാര്യ പങ്കാളിത്തം (Public Private Partnership) മാറിയിരിക്കുന്നു. ദേശീയ വികസനത്തില്‍ സ്വകാര്യമേഖലയുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വിഭവ സമാഹരണത്തിനുമുള്ള നൂതന ആശയമായിട്ടാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുവിഭവങ്ങള്‍ അപര്യാപ്‌തമാണെന്ന് ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് ഇതിനുവേണ്ടി വാദിക്കുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വെ, റോഡുകള്‍ എന്നിവയുടെ വികസനംപോലുള്ള ഒട്ടേറെ പശ്ചാത്തല വികസന മേഖലകളില്‍ ഇതിനകംതന്നെ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കിക്കഴിഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഇവയ്‌ക്ക് സമ്മിശ്രമായ ഫലമാണുള്ളത്. ചില പ്രത്യേക മേഖലകളില്‍ മാത്രം ഒതുങ്ങി നിര്‍ത്താതെ വിദ്യാഭ്യാസം, ആരോഗ്യം തുടാങ്ങിയ മാനവ വികസന മേഖലകളിലേക്കു കൂടി പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുകയാണ്.