ഈശ്വരവിശ്വാസികള്‍ നിരീശ്വരവാദികള്‍ക്ക് വോട്ടുചെയ്യാന്‍ പാടില്ല എന്ന രാഷ്‌ട്രീയ പ്രഖ്യാപനം ഒരു മതനേതൃത്വം നടത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ടിയായ കോൺഗ്രസ് ഐയുടെ നിലപാട് എന്താണ് ? ജൂലൈ 22ന് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. "വിശ്വാസികള്‍ക്കനുകൂലമായി ചിന്തിക്കണമെന്ന് ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മതവിഭാഗത്തിന്റെ തലപ്പത്തുള്ളവര്‍ പറഞ്ഞാല്‍ അതിലെന്താണ് തെറ്റ് '' എന്നാണ് കോൺഗ്രസ് നിയമസഭാംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിനോട് പ്രതികരിച്ചത്.
ഇടയലേഖനങ്ങള്‍ മുമ്പും കേരളത്തില്‍ രാഷ്‌ട്രീയ സംവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. എന്നാല്‍ 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി നല്‍കുന്ന ആഹ്വാനം' എന്ന തലക്കെട്ടിലുള്ള ഇടയലേഖനം ജനാധിപത്യബോധമുള്ള പൌരന്മാരെയെല്ലാം ആശങ്കപ്പെടുത്തുകയാണ്. "ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്‌ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മല്‍സരിച്ചു ജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ടി അംഗങ്ങളാക്കാനും മുമ്പ് അവര്‍ സ്വീകരിച്ചിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനും വേണ്ടി ഒരുക്കിയ നിശബ്‌ദകെണിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി സ്ഥാനം. എല്ലാ പാര്‍ടികളും വെറും രാഷ്‌ട്രീയ പാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. കേവല രാഷ്‌ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്‌ഠാനത്തിനും ജനാധിപത്യ- സനാതന മൂല്യങ്ങള്‍ക്കും മതസൌഹാര്‍ദത്തിനുമെതിരായ പ്രത്യയശാസ്‌ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികളാവുന്നതും അത്തരം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും-'' ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
മതവും മതനിരപേക്ഷതയും രാഷ്‌ട്രത്തിന്റെ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണപരവുമായ ജീവിതത്തില്‍ മതം ഇടപെടരുത് എന്നത് മതനിരപേക്ഷതയുടെ അടിസ്ഥാനതത്വമാണ്. മതനിരപേക്ഷ രാഷ്‌ട്രത്തില്‍ മതം പൌരന്മാരുടെ വ്യക്തിപരമായ കാര്യമാണ്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതാനുഷ്‌ഠാനങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പൌരന് അവകാശമുണ്ട്. എന്നാല്‍, ഇടയലേഖനം പറയുന്നു: "സാമൂഹിക നന്മ, വളര്‍ച്ച എന്നിവ കരുതി രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക്, പ്രത്യേകിച്ചും അല്‍മായ വിശ്വാസികള്‍ക്ക് കടമയുണ്ടെന്ന കാര്യം ഊന്നിപ്പറയട്ടെ''. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പൌരത്വപരമായ ഉത്തരവാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്‌തുകൊള്ളുന്നു''.
പൌരന്മാര്‍ എന്ന നിലയില്‍ മതപുരോഹിതന്മാര്‍ക്ക് രാഷ്‌ട്രീയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും രാഷ്‌ട്രീയ പാര്‍ടികളില്‍ സജീവമാകാനും അവകാശമുണ്ട്. അതവര്‍ നിര്‍വഹിക്കട്ടെ. എന്നാല്‍, ക്രിസ്‌ത്യന്‍ മതനേതൃത്വം അവകാശപ്പെടുന്നതുപോലെ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ എല്ലാ മതങ്ങള്‍ക്കും അവകാശമുണ്ടെന്ന് അംഗീകരിച്ചാല്‍ പിന്നെ മതേതരത്വം എന്ന കാഴ്‌ചപ്പാടിന് എന്തര്‍ഥമാണുണ്ടാവുക? മതനേതൃത്വം രാഷ്‌ട്രീയനേതൃത്വമായി മാറാനും മതാധിഷ്ഠിത രാഷ്‌ട്രത്തിനായുള്ള ആവശ്യം ഉന്നയിക്കാനും പിന്നെ എന്താണ് തടസ്സം?
വര്‍ഗീയരാഷ്‌ട്രീയത്തെ സാധൂകരിക്കുന്നു
മതവും രാഷ്‌ട്രീയവും വേര്‍പിരിയണമെന്ന ആധുനിക ജനാധിപത്യ-മതേതര രാഷ്‌ട്രത്തിന്റെ അടിസ്ഥാന തത്വത്തെ നിരാകരിച്ച് രാഷ്‌ട്രീയത്തില്‍ മതം ഇടപെടുകയെന്ന ഗുരുതരമായ തെറ്റാണ് അഭിവന്ദ്യരായ മെത്രാന്മാര്‍ ഇടയലേഖനത്തിലൂടെ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ടിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്ന കെസിബിസിയുടെ വാദം നിരര്‍ഥകമാണ്. 'വോട്ട് ചെയ്യരുത്' എന്ന് പറയുന്നതും രാഷ്‌ട്രീയ ഇടപെടല്‍തന്നെ. ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതെന്ന് ക്രൈസ്‌തവ സഹോദരീസഹോദരന്മാരോട് ആഹ്വാനംചെയ്ത അഭിവന്ദ്യമെത്രാന്മാര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന് ഹിന്ദുമതവിശ്വാസികളോട് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നിലപാടിനെ എങ്ങനെ എതിര്‍ക്കാനാവും? ദൈവവിശ്വാസം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഇസ്ളാം രാഷ്‌ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ജമാഅത്തെ ഇസ്ളാമിയുടെ നയം തെറ്റാണെന്ന് എങ്ങനെ പറയാനാവും? മതകോടതികള്‍ സ്ഥാപിക്കുകയും അധ്യാപകന്റെ കൈവെട്ടുകയുംചെയ്ത എന്‍ഡിഎഫ് -പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഏത് നയം മുന്‍നിര്‍ത്തി എതിര്‍ക്കാനാവും? ഫലത്തില്‍ മതങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ ഇടപെടാനും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും അവകാശമുണ്ടെന്ന ഇടയലേഖനം വര്‍ഗീയ രാഷ്‌ട്രീയത്തെയും മതതീവ്രവാദത്തെയും സാധൂകരിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകര്‍ക്കാനും ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനും ആര്‍എസ്എസ്- ബിജെപി നേതൃത്വത്തില്‍ ഹിന്ദുവര്‍ഗീയ പ്രസ്ഥാനങ്ങള്‍ പരിശ്രമിക്കുന്ന വര്‍ത്തമാനകാല രാഷ്‌ട്രീയ സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കത്തോലിക്ക സഭ തയ്യാറാകുന്നത് രാജ്യദ്രോഹകരമായ പ്രവൃത്തിയാണ്. അഭിവന്ദ്യരായ മെത്രാന്മാര്‍ സ്വയം തിരുത്തണമെന്നാണ് ജനാധിപത്യ സമൂഹം ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് തുറന്ന ചര്‍ച്ച തന്നെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
ഇടതുപക്ഷ വിരോധത്തിന്റെ വര്‍ഗാടിത്തറ
കേരളത്തിലെ പ്രൊഫഷണല്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തെ നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ അഭിവന്ദ്യമെത്രാന്മാര്‍ ശക്തമായി എതിര്‍ത്തു. ദരിദ്രര്‍ക്ക് സംവരണം വ്യവസ്ഥചെയ്‌തിരുന്ന പ്രസ്‌തുത നിയമം നടപ്പായിരുന്നുവെങ്കില്‍ ദൈവവിശ്വാസികളായ തൊഴിലാളി- കര്‍ഷക കുടുംബങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഡോക്‌ടറും എന്‍ജിനിയറും ആകാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമായിരുന്നു. 1957ലെ കമ്യൂണിസ്‌റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ ജന്മിത്തം അവസാനിപ്പിച്ച് കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കി. 26.5 ലക്ഷം കുടിയാന്മാര്‍ക്കാണ് തല്‍ഫലമായി ഭൂമി ലഭിച്ചത്. ക്രിസ്‌തുമതവിശ്വാസികളായ പതിനായിരക്കണക്കിന് ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചു. എന്നാല്‍, കത്തോലിക്കസഭ ജന്മിമാരോടൊപ്പമാണ് നിലയുറപ്പിച്ചത്. 1957ല്‍ വിദ്യാഭ്യാസ നിയമത്തിലൂടെ സ്വകാര്യ മാനേജ്‌മെന്റുകളെ പൊതു നിയന്ത്രണത്തിലാക്കിയതും സഭയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കമ്യൂണിസ്‌റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ കോഗ്രസിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭ പരസ്യമായി രംഗത്തുവന്നു. ക്രിസ്‌ത്യന്‍ സമുദായത്തിനകത്തെ വന്‍കിട ഭൂവുടമകള്‍, തോട്ടം മുതലാളിമാര്‍, വിദ്യാഭ്യാസ വ്യവസായികള്‍, ഇതര സമ്പന്ന- സ്വത്തുടമസ്ഥ വര്‍ഗങ്ങള്‍ എന്നിവരുടെയെല്ലാം വര്‍ഗതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കസഭ ഇടതുപക്ഷത്തെ നിരന്തരം എതിര്‍ക്കുന്നതെന്ന് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
ദൈവവിശ്വാസികളായ സാധാരണക്കാര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ വിലക്കയറ്റം തടയാനും കാര്‍ഷിക-വ്യാവസായിക മേഖലകളെ സംരക്ഷിക്കാനും അഴിമതിരഹിതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാര വികേന്ദ്രീകരണത്തിലൂടെ പാവപ്പെട്ടവര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കാനും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം വ്യാപകമായി അണിനിരക്കാന്‍ സന്നദ്ധരാകുന്നു. വര്‍ഗപരമായി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഇടതുപക്ഷമായതിനാലാണ് തൊഴിലാളി, കര്‍ഷകവിഭാഗങ്ങളില്‍പ്പെട്ട ദൈവവിശ്വാസികളായ സാധാരണക്കാര്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളായും സ്വതന്ത്രസ്ഥാനാര്‍ഥികളായും രംഗത്തുവരാനും വോട്ടുനല്‍കാനും തയ്യാറാകുന്നത്.
ദൈവവിശ്വാസത്തിനെതിരെ ഇടതുപക്ഷം യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. വിശ്വാസികളെ ആട്ടിയകറ്റുന്നത് ഇടതുപക്ഷത്തിന്റെ നയവുമല്ല. ദൈവവിശ്വാസികളും ദൈവവിശ്വാസികളല്ലാത്തവരുമായ തൊഴിലാളി- കര്‍ഷക അധ്വാന ജനവിഭാഗങ്ങളെ അവരുടെ ജീവിത ദുരിതങ്ങള്‍ക്കെതിരായ സമരത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്താനാണ് 1964ല്‍ രൂപീകരിക്കപ്പെട്ടശേഷം ഇന്നേവരെ സിപിഐ എം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല നാടുകളിലും ക്രൈസ്‌തവ പുരോഹിതന്മാര്‍ ഇടതുപക്ഷത്തോടൊപ്പം കൈകോര്‍ത്ത് തൊഴിലാളി- കര്‍ഷക സമരങ്ങളില്‍ പങ്കാളികളാവുന്ന അവേശകരമായ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ദരിദ്രരായ ക്രിസ്‌തുമത വിശ്വാസികള്‍ ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുന്നത് കേരളത്തിലെ അഭിവന്ദ്യമെത്രാന്മാര്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് കരുതേണ്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതേതരത്വത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുവര്‍ഗീയ ശക്തികളെ സ്വന്തം ജീവന്‍ ബലികൊടുത്തും ചെറുക്കുന്നു. ന്യൂനപക്ഷ സംരക്ഷണത്തിനായി ഉറച്ച നിലപാടെടുക്കുന്നു.
പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു മതേതരത്വം സംബന്ധിച്ച് കര്‍ക്കശനിലപാട് സ്വീകരിച്ചിരുന്നു. ബാബറി മസ്‌ജിദില്‍ ഹിന്ദുമതമൌലികവാദികള്‍ രാമലക്ഷ്‌മണവിഗ്രഹങ്ങള്‍ കൊണ്ടുവച്ചതറിഞ്ഞപ്പോള്‍ അവയെടുത്ത് സരയൂ നദയിലൊഴുക്കാനാണ് നെഹ്റു ആവശ്യപ്പെട്ടത്. മതസൌഹാര്‍ദം തകര്‍ക്കാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ നീക്കത്തെ നിശിതമായി എതിര്‍ക്കുന്ന നയമാണ് അക്കാലത്ത് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാല്‍, പില്‍ക്കാലത്ത് വര്‍ഗീയശക്തികളോട് കോൺഗ്രസ് മൃദുസമീപനം സ്വീകരിച്ചുതുടങ്ങി. ഇടയലേഖനത്തെ ന്യായീകരിക്കുന്ന കോഗ്രസിന്റെ നിലപാട് മതേതരസമൂഹത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്ന് രാജ്യത്തെ സ്നേഹിക്കുന്ന മുഴുവന്‍ കോൺഗ്രസ് അനുഭാവികളും തിരിച്ചറിയണം. എ കെ ആന്റണി, വയലാര്‍ രവി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ഇടയലേഖനത്തെ സംബന്ധിച്ച് പ്രതികരിക്കുമെന്ന് കരുതാം. മതേതരത്വം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കണമെന്ന് ബോധ്യമുള്ള മുഴുവന്‍ ബഹുജനങ്ങളും ഇടയലേഖനത്തെ ന്യായീകരിക്കുന്ന കോഗ്രസിന്റെ നിലപാടിനെ അപലപിക്കാന്‍ മുന്നോട്ടുവരണം.
*****
പി കൃഷ്ണപ്രസാദ്, കടപ്പാട് : ദേശാഭിമാനി
Friday, August 20, 2010
മതേതര പാര്‍ടികളും ഇടയലേഖനവും
Subscribe to:
Post Comments (Atom)
3 comments:
മതവും രാഷ്‌ട്രീയവും വേര്‍പിരിയണമെന്ന ആധുനിക ജനാധിപത്യ-മതേതര രാഷ്‌ട്രത്തിന്റെ അടിസ്ഥാന തത്വത്തെ നിരാകരിച്ച് രാഷ്‌ട്രീയത്തില്‍ മതം ഇടപെടുകയെന്ന ഗുരുതരമായ തെറ്റാണ് അഭിവന്ദ്യരായ മെത്രാന്മാര്‍ ഇടയലേഖനത്തിലൂടെ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ടിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്ന കെസിബിസിയുടെ വാദം നിരര്‍ഥകമാണ്. 'വോട്ട് ചെയ്യരുത്' എന്ന് പറയുന്നതും രാഷ്‌ട്രീയ ഇടപെടല്‍തന്നെ. ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതെന്ന് ക്രൈസ്‌തവ സഹോദരീസഹോദരന്മാരോട് ആഹ്വാനംചെയ്ത അഭിവന്ദ്യമെത്രാന്മാര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന് ഹിന്ദുമതവിശ്വാസികളോട് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നിലപാടിനെ എങ്ങനെ എതിര്‍ക്കാനാവും? ദൈവവിശ്വാസം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഇസ്ളാം രാഷ്‌ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ജമാഅത്തെ ഇസ്ളാമിയുടെ നയം തെറ്റാണെന്ന് എങ്ങനെ പറയാനാവും? മതകോടതികള്‍ സ്ഥാപിക്കുകയും അധ്യാപകന്റെ കൈവെട്ടുകയുംചെയ്ത എന്‍ഡിഎഫ് -പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഏത് നയം മുന്‍നിര്‍ത്തി എതിര്‍ക്കാനാവും? ഫലത്തില്‍ മതങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ ഇടപെടാനും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും അവകാശമുണ്ടെന്ന ഇടയലേഖനം വര്‍ഗീയ രാഷ്‌ട്രീയത്തെയും മതതീവ്രവാദത്തെയും സാധൂകരിക്കുകയാണ് ചെയ്യുന്നത്.
How is afraid Of Idaya lekhanam?
Are u not ashamed to say that great revolutionary CPM is now afraid of Mavoists and Church?
"----to say that great revolutionary CPM is now afraid of Mavoists and Church? "
No, no Maoist and church are afraid of Cpm.
That is why idayalekhanam
Anyway, achayans are welcome to Kandamal-orissa party office of cpm
Are the church not ashamed ?
Post a Comment