പതിവ് ആവര്‍ത്തനംകൊണ്ട് അര്‍ഥവും വിലയും നഷ്‌ടപ്പെട്ട ഇടയലേഖനങ്ങള്‍ രാഷ്‌ട്രീയപ്രസ്‌താവനകളായി അധഃപതിച്ചിരിക്കുന്നു. വളരെ വിരളമായും അവധാനപൂര്‍വവും ഉപയോഗിക്കേണ്ടവയാണ് അവ. സമരാഹ്വാനങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ശക്തിപരീക്ഷണങ്ങള്‍ക്കുമപ്പുറത്ത് ധാര്‍മികമായ വിശകലനങ്ങള്‍ ഒന്നും ഈ ലേഖനങ്ങളില്‍ ഇല്ല. ഈശ്വരവിശ്വാസത്തെ തങ്ങള്‍ നേരിടുന്ന ഏതെങ്കിലും ധാര്‍മികപ്രശ്‌നവുമായി ബന്ധപ്പടുത്താനുളള ഒരു ശ്രമവും ഇടയലേഖനങ്ങളില്‍ കാണുന്നില്ല.
സര്‍വസാധാരണമായും സാര്‍വത്രികമായും അംഗീകരിച്ചുപോരുന്ന ഒരുതരം ഈശ്വരവിശ്വാസമുണ്ട്. അത് വിശദീകരണമില്ലാതെ വരുമ്പോഴും ലോകവ്യാപാരങ്ങള്‍ മനുഷ്യന്റെ കഴിവിനപ്പുറമാകുമ്പോഴും മുട്ടുശാന്തിക്കുവേണ്ടി നാം കൊണ്ടുവരുന്ന ഈശ്വരനിലുളളതാണ്. മനുഷ്യന്റെ അറിവിലെ വിടവിലും ബലഹീനതയിലും മാത്രമേ ഈ ഈശ്വരവിശ്വാസം പ്രസക്തമാകുന്നുളളൂ. ഇന്ന് അരങ്ങ് തകര്‍ക്കുന്ന റിയാലിറ്റി ഷോകളിലും അതുപോലെ കടുത്ത മത്സരം നിലനില്‍ക്കുന്ന പല രംഗങ്ങളിലും ഈ ഈശ്വരനാണ് പ്രസക്തമാകുന്നത്. ക്രൈസ്‌തവികമായ എന്തെങ്കിലും സവിശേഷത ഇത്തരം ഒരു ഈശ്വരവിശ്വാസത്തിലില്ല.
വര്‍ഗീയമായ സംഘാടനത്തിനുവേണ്ടി നടത്തുന്ന ഇത്തരം ഈശ്വരവിശ്വാസത്തെക്കുറിച്ചുളള പ്രലാപങ്ങളിലൂടെ തമസ്‌ക്കരിക്കപ്പെടുന്നത് സവിശേഷമായ ക്രൈസ്‌തവ ഈശ്വരദര്‍ശനവും അതിനോടുബന്ധപ്പെട്ട മതവിമര്‍ശനവും ഉത്തരവാദിത്തത്തിന്റേതും ആത്മപരിത്യാഗത്തിന്റേതുമായ ജീവിതശൈലിയുമാണ്. ക്രൂശിതനായ ക്രിസ്‌തുവിനെ ഉദ്ഘോഷിക്കുക”എന്ന ഒരു ക്രൈസ്‌തവന്റെ പരമപ്രധാനമായ ദൌത്യം ഇവിടെ അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുളള വളരെ ഗുരുതരമായ കൃത്യവിലോപമാണ് ഇടയശ്രേഷ്‌ഠന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുളളത്. ദൈവദൂഷണവും രാജ്യദ്രോഹവും ആരോപിച്ച് ഏറ്റവും നികൃഷ്‌ടമായ രീതിയില്‍ വ്യവസ്ഥാപിത ഭരണകൂടവും മതനേതൃത്വവും ചേര്‍ന്ന് തൂക്കിലേറ്റിയ ഒരുവനെയാണ് ക്രൈസ്‌തവര്‍ ക്രിസ്‌തു (കര്‍ത്താവ്, Lord) ആയി അംഗീകരിക്കുന്നത് എന്ന് ഓര്‍ക്കണം. യേശുവിന് എല്ലാ നാമത്തിനും മേലായ നാമം നല്‍കി ആദരിച്ചു; ക്രൂശിന്റെ വഴിയെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുളള ഏകപരിഹാരമായി സ്ഥിരീകരിച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കാനും ഈ വഴിയുടെ മഹനീയത സ്വന്തം ജീവിതംകൊണ്ട് തെളിവുനല്‍കുന്നതിനും വിളിക്കപ്പെട്ടവരാണ് ക്രൈസ്‌തവര്‍. ഈ ക്രൂശിതനായ ക്രിസ്‌തുവിലാണ് ദൈവത്തിന്റെ സകല സമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്”എന്നതാണ് ക്രൈസ്‌തവവിശ്വാസം. ക്രിസ്‌തുവിന്റെ അന്ത്യം അതില്‍ത്തന്നെ വേറിട്ട ഒന്നല്ല; മറിച്ച്, താന്‍ ജീവിച്ച ജീവിതത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ പരിണതഫലമായിരുന്നു എന്നതും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. ക്രിസ്‌തുവിന്റെ ക്രൂശുമരണത്തെ താന്‍ ജീവിച്ച ജീവിതത്തില്‍നിന്ന് വേര്‍പെടുത്തി അതിനെ പാപപരിഹാരബലി സിദ്ധാന്തമായി അവതരിപ്പിക്കുകയും അങ്ങനെ ജനങ്ങളെ ചൂഷണത്തിനു വിധേയരാക്കുകയും ചെയ്യുന്നതിനും ഉളള ശ്രമം സഭാചരിത്രത്തിലുണ്ടായിട്ടുണ്ട്; അത് ഇന്നും തുടരുന്നു.
മനുഷ്യജീവിതത്തെ വികലമാക്കുകയും അപമാനവീകരിക്കുകയും ചുഷണം ചെയ്യുകയും സൃഷ്‌ടിയുടെയും ജീവന്റെയും സമഗ്രതയെ തകര്‍ക്കുകയും ചെയ്യുന്ന തിന്മയുടെ ശക്തികളെ (പൈശാചിക ശക്തികളെ) അമര്‍ച്ച ചെയ്‌തുകൊണ്ടാണ്, അവയെ നേരിട്ടുകൊണ്ടാണ് ക്രിസ്‌തു ദൈവഭരണം ആസന്നമായിരിക്കുന്നു എന്ന് വിളംബരം ചെയ്‌തത്. അത് ചെപ്പടിവിദ്യകളിലൂടെ ജനത്തെ ആകര്‍ഷിക്കാനും സ്വാധീനിക്കാനുമുളള അത്ഭുതങ്ങളായിരുന്നില്ല. ദൈവത്തെയും പിശാചിനെയും, ജീവനെയും മരണത്തെയും, നന്മയെയും തിന്മയെയും യഥാക്രമം പ്രതിനിധാനംചെയ്യുന്ന ഒരു ആശയലോകത്തില്‍, സൌഖ്യമാക്കുന്ന നടപടികളെ പൈശാചികശക്തികള്‍ക്ക് എതിരായ പോരാട്ടമായും ദൈവികശക്തിയുടെ അവയുടെ മേലുളള വിജയമായിട്ടും മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിന്റെ രാജ്യത്തെ കീഴടക്കുന്നതിന്റെ സൂചകങ്ങളായിട്ടാണ് മനുഷ്യര്‍ക്ക് മോചനവും സമ്പൂര്‍ണതയും നല്‍കുന്ന പ്രവര്‍ത്തനങ്ങളെ ക്രിസ്‌തു അവതരിപ്പിച്ചത്. മനുഷ്യന്റെ ദുരിതങ്ങള്‍ എല്ലാം പിശാചിന്റെ സൃഷ്‌ടിയായി കണ്ടിരുന്ന ഒരു ആശയലോകത്തില്‍ ഇത്തരം ഒരു കാഴ്‌ചപ്പാട് ന്യായയുക്തവുമായിരുന്നു.
എന്നാല്‍, തന്റെ സൌഖ്യദായക ശുശ്രൂഷയിലൂടെ ക്രിസ്‌തു മനുഷ്യദുരിതങ്ങള്‍ക്ക് കാരണമായ മത-രാഷ്‌ട്രീയ സാമ്പത്തിക-സാമൂഹ്യഘടനകളിലെ തിന്മകളെത്തന്നെയാണ് നേരിട്ടത്. ജീവകാരുണ്യപരവും നിരുപദ്രവകരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുജീവിച്ച ഒരാളായിരുന്നു ക്രിസ്‌തു എങ്കില്‍ എന്തുകൊണ്ട് മത-രാഷ്‌ട്രീയശക്തികള്‍ ഇത്ര ഭയാശങ്കകളോടുകൂടെ ക്രിസ്‌തുവിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടു, അവനെ തീര്‍ത്തും വകവരുത്താന്‍ തീരുമാനിച്ചു? ശബ്ബത്തില്‍ സൌഖ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ, സാമൂഹികമായ വേര്‍തിരിവുകളുടെ മതിലുകളെ അതിലംഘിക്കുന്നതിലൂടെ, ചൂഷണാധിഷ്‌ഠിതമായ മത-രാഷ്‌ട്രീയശക്തികളുടെ കാപട്യത്തെ തുറന്നുകാട്ടുന്നതിലൂടെ ക്രിസ്‌തു മനുഷ്യവിമോചനത്തോടും ദൈവഭരണത്തോടും ബന്ധപ്പെട്ട ശക്തികളോട് പക്ഷംചേര്‍ന്ന് ഒരു രാഷ്‌ട്രീയ ഇടപെടല്‍ നടത്തുകയായിരുന്നു. ഈ രാഷ്‌ട്രീയമാണ് ക്രിസ്‌തുവിന്റെ ക്രൂശിന് കാരണമായത്.
എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളും തങ്ങളുടേതായ വിപുലമായ കോര്‍പറേറ്റ് ശൃംഖലകളുംകൊണ്ട് “ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഭരണാധികാരികളുടെയും സമ്പന്നവര്‍ഗത്തിന്റെയും പ്രീതിക്കും ആദരവിനും പാത്രീഭൂതരാകുകയും അത്ഭുതസിദ്ധികള്‍കൊണ്ട് ജനങ്ങളുടെ കണ്ണുകള്‍ കെട്ടുകയും ചെയ്യുന്ന മനുഷ്യദൈവങ്ങളില്‍നിന്ന് ക്രിസ്‌തുവിനെ വിഭിന്നനാക്കുന്നത് ക്രൂശിന്റെ ഈ രാഷ്‌ട്രീയമാണ്.
അത് നിലവിലിരിക്കുന്ന സംഘട്ടനാത്മകമായ ചരിത്രത്തിലെ ശാക്തികചേരികളില്‍ ദരിദ്രന്റെയും ബലഹീനരുടെയും പുറന്തളളപ്പെടുന്നവരുടെയും പക്ഷത്തു നില്‍ക്കുന്നതും അവരോടുളള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുന്നതുമാണ് ; അവരുടെ ജീവിതങ്ങളില്‍ വിമോചകമായി ഇടപെടുന്നതാണ്; അപമാനവീകരണത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ നേരിടുന്നതാണ്. താന്‍ ബന്ധപ്പെട്ടിരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ ദൈവരാജ്യത്തിന്റെ ഉപാന്ത്യമാതൃകകള്‍ (penultimate) സൃഷ്‌ടിച്ചുകൊണ്ട് നിലവിലുളള വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതായിരുന്നുഅത്. ഈ രാഷ്‌ട്രീയമാണ് ക്രിസ്‌തുവിനെ ക്രൂശിലെത്തിച്ചത്. ഇതായിരുന്നു, ക്രിസ്‌തുവിന്റെ പ്രേഷിതവൃത്തിയുടെ സ്വഭാവം; അല്ലാതെ, അവ വെറും ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നില്ല.
ക്രൈസ്‌തവന്റെ ലോകത്തിലെ ഏതൊരു ഇടപെടലും ഈ പ്രേഷിതവൃത്തിയുടെ തുടര്‍ച്ചയായിരിക്കണം. എന്നാല്‍, ഇന്ന് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍കൂടി നിര്‍വഹിക്കപ്പെടുന്നത് എന്താണ് ? അവര്‍ക്ക് ക്രിസ്‌തുവിന്റെ പ്രേഷിതവൃത്തിയുമായുളള ബന്ധം എന്താണ്? ഇടയലേഖനങ്ങളില്‍ ഇടയശ്രേഷ്‌ഠര്‍ പ്രത്യക്ഷപ്പെടുന്നത് നിലവിലിരിക്കുന്ന വ്യവസ്ഥിതിയുടെ സംരക്ഷകരായിട്ടാണ്. അതില്‍ ദൈവരാജ്യ പ്രഘോഷണത്തിന്റെ ഒരു സ്വഭാവവും ദ്യശ്യമല്ല. ക്രൂശിതനായ ക്രിസ്‌തുവില്‍നിന്ന് ഉരുത്തിരിയുന്ന ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെ ഒരു ലാഞ്ഛനയും അവയിലില്ല. പിന്നെ എന്ത് സംസ്‌ക്കാരമാണാവോ അവര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ പോകുന്നത് ?
വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്തില്‍ സ്‌നേഹം വിശാലമായ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അത് നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ ക്രമീകരണത്തിന് മുഖാന്തരമാകുന്നത്; അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാക്കപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തിന്റെ ആവിഷ്കാരങ്ങളാണെങ്കില്‍ക്കൂടി അവ താല്‍ക്കാലികവും കാര്യക്ഷമമല്ലാത്തതും വ്യക്തിബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും ചുരുക്കം ചിലരിലും ഒതുങ്ങിനില്‍ക്കുന്നതായിത്തീരുന്നു. ചില സന്ദര്‍ങ്ങളില്‍ അത് ആംബുലന്‍സ് സര്‍വീസ് എന്ന നിലയില്‍ അനുപേക്ഷണീയവും പ്രസക്തവുമാണ്. എന്നാല്‍, നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടിക്ക് അത് ഉപകരിക്കുകയില്ല. അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെയും ഘടനാപരമായ തിന്മകളെയും അവഗണിച്ചുകൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രശംസിക്കുന്ന സഭയുടെ നിലപാട് ക്രൂശിന്റെ നിഷേധമായിത്തീരും.
ക്രൂശില്‍ നാം കാണുന്നത് സ്‌നേഹത്തിന്റെ രാഷ്‌ട്രീയമാണ്; സ്‌നേഹത്തിന്റെ ആധ്യാത്മികതയാണ്. നിലവിലുളള ശാക്തികചേരികളില്‍ ഇടപെട്ടുകൊണ്ട് സ്‌നേഹത്തിന്റെ നിര്‍ബന്ധത്തില്‍ സമസൃഷ്‌ടങ്ങള്‍ക്കുവേണ്ടി ഉത്തരവാദിയായി, ദരിദ്രരോടും ചൂഷിതരോടും പീഡിതരോടും തളളപ്പെട്ടവരോടും ഉളള ഐക്യദാര്‍ഢ്യത്തില്‍ നിലവിലുളള ശക്തിഘടനകളെ എതിരിട്ടതിന്റെ അനിവാര്യമായ പരിണതഫലമായിരുന്നുìക്രൂശ്. ക്രിസ്‌തു തന്റെ സ്‌നേഹത്തിന്റെ രാഷ്‌ട്രീയത്തിന് നല്‍കിയ വിലയാണ് ക്രൂശ്. ഇതിന്റെ എബിസിഡി ഇനിയും ഇടയശ്രേഷ്‌ഠരുടെ ലേഖനങ്ങളില്‍ നിഴലിക്കുന്നില്ല; നിലവിലിരിക്കുന്ന ലോകവ്യവസ്ഥിതിയുടെ സംരക്ഷകരായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്.
ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ തിന്മകളെക്കുറിച്ച് വാചാലമാകുന്നതില്‍മാത്രം കാര്യമില്ല; അതിന്റെ ഉപോല്‍പ്പന്നങ്ങളായ സാംസ്‌ക്കാരികപ്രക്രിയകളിലുളള തങ്ങളുടെ പങ്കാളിത്തത്തെ വിമര്‍ശനപരമായി വിലയിരുത്തുകകൂടി ചെയ്യണം സഭാനേതൃത്വം. സൃഷ്‌ടിയുടെ സമഗ്രതയെ തകര്‍ക്കുന്നതും മനുഷ്യ അന്തസ്സിനെ ഹനിക്കുന്നതും ജീവനെ നിഷേധിക്കുന്നതുമായ ശക്തികള്‍ക്ക് എതിരെ നിലപാടുകള്‍ എടുക്കാന്‍ സഭ തയ്യാറാണോ?
*****
റവ. തോമസ് ജോൺ
(ലേഖകന്‍ സിഎസ്ഐ സഭയിലെ വൈദികനും ആലുവ യുസി കോളേജിലെ സൈക്കോളജി വിഭാഗം റിട്ട. പ്രൊഫസറുമാണ്)
Friday, August 27, 2010
ഇടയലേഖനങ്ങളും ക്രൂശിലെ ബദല്‍ രാഷ്‌ട്രീയവും
Subscribe to:
Post Comments (Atom)
2 comments:
വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്തില്‍ സ്‌നേഹം വിശാലമായ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അത് നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ ക്രമീകരണത്തിന് മുഖാന്തരമാകുന്നത്; അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാക്കപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തിന്റെ ആവിഷ്കാരങ്ങളാണെങ്കില്‍ക്കൂടി അവ താല്‍ക്കാലികവും കാര്യക്ഷമമല്ലാത്തതും വ്യക്തിബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും ചുരുക്കം ചിലരിലും ഒതുങ്ങിനില്‍ക്കുന്നതായിത്തീരുന്നു. ചില സന്ദര്‍ങ്ങളില്‍ അത് ആംബുലന്‍സ് സര്‍വീസ് എന്ന നിലയില്‍ അനുപേക്ഷണീയവും പ്രസക്തവുമാണ്. എന്നാല്‍, നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടിക്ക് അത് ഉപകരിക്കുകയില്ല. അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെയും ഘടനാപരമായ തിന്മകളെയും അവഗണിച്ചുകൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രശംസിക്കുന്ന സഭയുടെ നിലപാട് ക്രൂശിന്റെ നിഷേധമായിത്തീരും.
റവ. തോമസ് ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു. സി.എസ്.ഐ സഭയുടെ നിലപാടല്ല കത്തോലിക്ക സഭയ്കുള്ളത്. കത്തോലിയ്ക്ക സഭയുടെ നിലപാട് തീരുമാനിയ്ക്കുവാന്‍ കത്തോലിയ്ക സഭയ്ക് സംവിധാനങ്ങളുണ്ട്.
Post a Comment