എയിഡഡ് സ്‌കൂള്‍ അദ്ധ്യാപക നിയമനത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് ഈയിടെ കേരള ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഓരോ അദ്ധ്യയന വര്‍ഷത്തിന്റെയും ആരംഭത്തില്‍ത്തന്നെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ നിജപ്പെടുത്തുകയും അവ ചട്ടപ്രകാരം നികത്താവുന്ന ഒഴിവുകളാണെന്ന് വിദ്യാഭ്യാസ വകുപ്പധികൃതരുടെ സമ്മതിപത്രം നേടുകയും ചെയ്‌തതിനുശേഷമായിരിക്കണം എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അദ്ധ്യാപക നിയമനം നടത്തേണ്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. അങ്ങനെയായാല്‍ നിയമനം നേടിയതിനുശേഷം വകുപ്പധികൃതരുടെ അംഗീകാരത്തിനും ശമ്പളത്തിനും വേണ്ടി മാസങ്ങളോ വര്‍ഷങ്ങളോ തന്നെ അദ്ധ്യാപകര്‍ അലഞ്ഞു തിരിയേണ്ടിവരില്ലായെന്നും അവര്‍ സംതൃപ്‌തരായിരിക്കുമെന്നും കോടതി പറയുകയുണ്ടായി. കോടതി ഇത്രയും പറഞ്ഞതിനപ്പുറം ചില വസ്‌തുതകളിലേക്കും കൂടി ഈ നിരീക്ഷണത്തെ ബാധകമാക്കാം. അത് വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയെ സംബന്ധിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒഴിവുകളിലേക്ക് ജാതി - മത - ധന പരിഗണനകള്‍വെച്ച് നിയമനം നേടിയതിനുശേഷം അംഗീകാരം ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഭയ - കൌടില്യ - ലോഭങ്ങളിലൂടെ സ്വാധീനിച്ച് കാര്യം സാധിക്കുന്നുണ്ട് എന്നത് വസ്‌തുതയാണ്. തെളിവുകളും രേഖകളും സാക്ഷികളുമില്ലാത്തതിനാല്‍ കേസുമില്ല ശിക്ഷയുമില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും - നീതിന്യായ കോടതികളിലെ ന്യായാധിപര്‍ മുതല്‍ ഭരണ - പ്രതിപക്ഷ രാഷ്‌ട്രീയക്കാര്‍ക്കുവരെ അറിവുള്ള കാര്യമാണത്.
ഭരണസംവിധാനത്തിന്റെ നാനാമേഖലകളിലെ അഴിമതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നാംതരം കായ്‌ഫലമുള്ള തെങ്ങുകളെ മൂന്നാംതരമെന്ന് കണ്ടെഴുതിയ (assessment) മല്ലന്‍ ശങ്കരന്റെ വലതുകയ്യിന്റെ പെരുവിരല്‍ ഛേദിച്ചു കളയുകയും കളവുചെയ്‌തവന്റെ നെറ്റിയില്‍ ചുട്ടുപഴുപ്പിച്ച കൊരടാവുകൊണ്ട് ചാപ്പ കുത്തുകയും ചെയ്‌ത വേലുത്തമ്പിദളവയുടെ ശിക്ഷാമുറകള്‍ക്ക് തിരുവിതാംകൂറിലെ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനും ഒരു നൂറ്റാണ്ടിനുശേഷം ഖജനാവു കൊള്ളയടിച്ച് ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും മണിമാളികകള്‍ പണിത അധികാരികളോട് "തിരുവിതാംകൂറിലെ ഖജനാവ് പൊന്നു തമ്പുരാന്റെ തറവാട്ടു സ്വത്തല്ല'' എന്ന് വിളിച്ചുപറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികവും കഴിഞ്ഞു. എന്നിട്ടും അഴിമതി കുറയുന്നില്ല. ഒറ്റയടിക്ക് നിറുത്തലാക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസമല്ല അത്.
കോടതി നിരീക്ഷിച്ച പ്രകാരം നിയമനം നടത്തിയാലും അദ്ധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാകുമെന്നല്ലാതെ നിയമിക്കപ്പെടുന്ന അദ്ധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അത് പര്യാപ്‌തമാവില്ല. എന്തെന്നാല്‍ എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഗുണനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇതേ വരെ ആരും ശ്രദ്ധിച്ചില്ലായെന്നതാണ് വസ്‌തുത. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും എഴുത്തുപരീക്ഷയില്ലാതെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയോ നിയമിക്കുകയോ ചെയ്യാറില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അര്‍ഹതപ്പട്ടിക തയ്യാറാക്കുന്നതിനുപോലും എഴുത്തുപരീക്ഷ നടത്താറുണ്ട്. സര്‍വകലാശാലകളിലും ഇതുതന്നെയാണ് സ്ഥിതി. ഉയര്‍ന്ന തസ്‌തികകളിലെ നിയമനത്തിന് അഭിമുഖ പരീക്ഷയുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയുമുണ്ട്. ഹയര്‍സെക്കണ്ടറി അദ്ധ്യാപകരാകാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പരീക്ഷ പാസാകണം. കോളേജദ്ധ്യാപകനാകാന്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) പരീക്ഷ പാസാകണം. ഈ പരീക്ഷകളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പിഎസ്സിയില്‍ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതിനുശേഷം പിഎസ്‌സി വക പരീക്ഷയുണ്ട്. അതില്‍ വിജയിച്ച് ചുരുക്കപ്പട്ടികയില്‍ കടന്നുകൂടിയാല്‍ പിന്നീട് അഭിമുഖ പരീക്ഷയുണ്ട്. അതിലും വിജയിച്ചാല്‍ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ. ഇതിനുശേഷം സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനം നടത്തുന്നു. എയിഡഡ് ഹയര്‍ സെക്കന്‍ഡറിയിലും കോളേജിലും സെറ്റും നെറ്റും ഉള്ളവരെ അഭിമുഖപരീക്ഷ നടത്തിയതിനുശേഷമാണ് നിയമിക്കുന്നത്. അത്രയെങ്കിലും ഗുണനിയന്ത്രണം അവിടെയുണ്ട്. എന്നാല്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എയിഡഡ് മേഖലയിലെ അദ്ധ്യാപക നിയമനത്തില്‍ യാതൊരുവിധ ഗുണനിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിനിടയ്‌ക്ക് കൂണു മുളക്കുന്നതുപോലെയാണ് കേരളത്തില്‍ ടിടിഐകളും ട്രെയിനിംഗ് കോളേജുകളും തുടങ്ങിയിട്ടുള്ളത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഇതിലേറെയുണ്ട്. അവിടെയെല്ലാം കോഴ കൊടുത്തും ഭാരിച്ച ഫീസ് കൊടുത്തും പഠനം പൂര്‍ത്തിയാക്കിയവരാണ് കേരളത്തിലെ പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും നിയമനം തേടിയെത്തുന്നത്. ഇതില്‍ യഥാര്‍ത്ഥ യോഗ്യതയും കഴിവുമുള്ള ചിലര്‍ പിഎസ്സി നടത്തുന്ന പരീക്ഷകള്‍ താണ്ടി സര്‍ക്കാര്‍ സ്‌കൂളുകളിലെത്തും. എന്നാല്‍ എയിഡഡ് സ്‌കൂളുകളിലോ? അണ്‍ എയിഡഡ് കോളേജില്‍ അഡ്‌മിഷന്‍ തരപ്പെടുത്തിയതുപോലെ തന്നെ എയിഡഡ് സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ കോഴ നല്‍കി അദ്ധ്യാപകരാകുന്നു. കോഴ വാങ്ങാത്ത മാനേജര്‍മാരാണെങ്കില്‍ ജാതി - മത - ബന്ധുബലം പരിഗണിച്ച് നിയമനം നടത്തുന്നു. ഇതിലേതായാലും അത്തരത്തില്‍ നിയമനം നേടിയവരുടെ നിലവാരത്തെപ്പറ്റി സംശയമുണ്ടാവുക സ്വാഭാവികമാണ്. ഇത്തരക്കാരുടെ നിയമനത്തിന് അംഗീകാരം കിട്ടാനാണ് മാസങ്ങളും വര്‍ഷങ്ങളും നെട്ടോട്ടമോടേണ്ടതായി വരുന്നുവെന്ന് കോടതി നിരീക്ഷിച്ചത്. അഡ്‌മിഷന്‍ കിട്ടാനും നിയമനം നേടാനും ലക്ഷങ്ങള്‍ മുടക്കിയവരുടെ മനോഭാവം ഉല്‍പന്നം വില കൊടുത്തു വാങ്ങുന്നവരുടേതായിരിക്കും. ആ മനോഭാവമാണ് നിയമനാംഗീകാരം കിട്ടുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. നേരത്തെ ലക്ഷങ്ങള്‍ മുടക്കിയവര്‍ക്ക് ഇനി ആയിരങ്ങള്‍ മുടക്കേണ്ട കാര്യമല്ലേയുള്ളൂ. ആനയെ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് തോട്ടികൂടി വാങ്ങിക്കൂട?
ശിശുകേന്ദ്രിതവും പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവും ആയതും നിരന്തര മൂല്യനിര്‍ണയമുള്ളതും, ജ്ഞാന നിര്‍മിതി രീതിയിലധിഷ്ഠിതവുമായ കേരളത്തിലെ പുതിയ പാഠ്യപദ്ധതി ഇക്കൂട്ടരുടെ മുമ്പില്‍ പൊതിക്കാത്ത തേങ്ങാപോലെയാണ്. ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള മനോഭാവമല്ല അവരുടേത്. സുരക്ഷിതമായ ഒരു തൊഴിലും സ്ഥിരമായ വരുമാനവും സമൂഹത്തില്‍ അംഗീകാരവും വിവാഹ കമ്പോളത്തില്‍ ഉയര്‍ന്ന റേറ്റും എന്നതിനപ്പുറം ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന മഹത്തരവും ശ്രമകരവുമായ ദൌത്യമാണ് തങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് ഒരിക്കലും ഇവര്‍ക്ക് തോന്നിയിട്ടില്ല. പുതിയ പാഠ്യപദ്ധതിയേയും അദ്ധ്യാപക പരിശീലനത്തേയും നിശബ്‌ദമായി അട്ടിമറിച്ചതില്‍ ഇവരുടെ പങ്ക് നിര്‍ണായകമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞുപോകാനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ധ്യാപകരുടെ ഗുണനിലവാരത്തകര്‍ച്ചയാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം കുടികൊള്ളുന്നത് അദ്ധ്യാപകരുടെ നിലവാരത്തിലാണ്. യോഗ്യതയും ശേഷിയും അഭിരുചിയുമുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായിരിക്കും; ഗുരുനാഥന്മാരായിരിക്കും; ദാര്‍ശനികരായിരിക്കും; സ്‌നേഹനിധികളായിരിക്കും. അത്തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ, അണ്‍ എയിഡഡ് മേഖലയിലേക്കും സിബിഎസ്ഇയിലേക്കുമുള്ള ഒഴുക്ക് തടയാനാവുകയുള്ളു. പത്താം ക്ളാസുവരെ സിബിഎസ്ഇയിലും ഐസിഎസ്സിയിലും പഠിച്ചവര്‍ ഹയര്‍ സെക്കന്‍ഡറിയിലെത്തുമ്പോള്‍ കേരള പാഠ്യപദ്ധതി സ്വീകരിക്കാനും കാരണം മറ്റൊന്നല്ല.
ഇത്രയും പറഞ്ഞതിനര്‍ത്ഥം എയിഡഡ് മേഖലയിലെ മുഴുവന്‍ അദ്ധ്യാപകരും നിര്‍ഗുണന്മാരും സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ ഗുണവാന്മാരുമാണെന്നല്ല. രണ്ടിടത്തും ഗുണവാന്മാരും നിര്‍ഗുണരുമുണ്ട്. ആപേക്ഷികമായ അന്തരമുണ്ടെന്നേയുള്ളൂ. ഗുണമേന്മ ഉറപ്പാക്കുന്നതിന് നിയമനത്തിലെ പ്രക്രിയ ഒരു പ്രധാന ഘടകമാണ്. പിഎസ്‌സി വഴി നിയമനം നടത്തുമ്പോള്‍ പാലിക്കപ്പെടുന്ന നടപടിക്രമങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ സഹായകരമാണ്. അങ്ങനെ നിയമിക്കപ്പെടുന്നവരുടെ ഗുണനിലവാരം നിലനിറുത്തേണ്ടതും വര്‍ദ്ധിപ്പിക്കേണ്ടതും വിദ്യാഭ്യാസ വകുപ്പിന്റെ കടമയാണ്. കോടികള്‍ ചെലവാക്കി വര്‍ഷംതോറും പരിശീലനം നടത്തിയിട്ടും ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരിശീലനത്തിന്റെ പിഴവാണെന്നു വേണം കരുതാന്‍. എയിഡഡ് ആയാലും സര്‍ക്കാര്‍ വക ആയാലും അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്ന പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും ഒന്നു തന്നെയാണ്. സുദീര്‍ഘമായ ഒരു നിയമന പ്രക്രിയയിലൂടെ കടന്നുവരുന്ന സര്‍ക്കാര്‍ സ്‌കൂളദ്ധ്യാപകരുടെ നിലവാരം അത്തരമൊരു പ്രക്രിയയ്‌ക്കു വിധേയമാകാതെ കടന്നുവന്നവരുടേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും. പിഎസ്‌സി പരീക്ഷയ്‌ക്കും ഇന്റര്‍വ്യൂവിനും വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ അവരുടെ നിലവാരം മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. അത്തരമൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ലാത്ത എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അനുഭവമില്ലാത്തവരാണ്. ഇതാണ് രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം.
ഇക്കാരണങ്ങളാല്‍ എയിഡഡ് സ്‌കൂള്‍ അദ്ധ്യാപക നിയമനത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നടപടി ക്രമങ്ങള്‍ അടിയന്തിരമായി നടപ്പാക്കേണ്ടത് ആവശ്യമാണ്. അതിലേക്കായി ചില നിര്‍ദ്ദേശങ്ങള്‍ വെയ്‌ക്കുകയാണ്. ഒന്ന്; ഹയര്‍ സെക്കന്ററി - കോളേജദ്ധ്യാപക നിയമനത്തില്‍ സെറ്റും നെറ്റും ഉള്ളതുപോലെ സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിലും ഒരു സെറ്റ് പരീക്ഷ നിര്‍ബന്ധമാക്കണം. (സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും ഇത് ബാധകമാക്കേണ്ടതാണ്). രണ്ട്, വ്യക്തിഗത മാനേജ്‌മെന്റായാലും കോര്‍പ്പറേറ്റ് മാനേജ്‌മെന്റായാലും അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം കൊടുക്കുകയും ഉദ്യോഗാര്‍ത്ഥികളെ എഴുത്തുപരീക്ഷയ്‌ക്കു വിധേയരാക്കുകയുംവേണം. എഴുത്തുപരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കണം. മൂന്ന്, അത്തരത്തില്‍ വിജയികളായി വരുന്നവരെ അഭിമുഖ പരീക്ഷയ്‌ക്കു വിധേയരാക്കണം. പിഎസ്‌സി ചെയ്യുന്നതുപോലെ അഭിമുഖ പരീക്ഷയുടെ വിഹിതം ആകെ മാര്‍ക്കിന്റെ ഇരുപതുശതമാനത്തില്‍ കവിയാന്‍ പാടില്ല. അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഈ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളിലേയും എയിഡഡ് സ്‌കൂളിലേയും അദ്ധ്യാപകരുടെ നിയമന ഘട്ടത്തില്‍ തന്നെ തുല്യതയും ഗുണമേന്മയും ഉറപ്പാക്കാന്‍ കഴിയും.
മേല്‍പ്പറഞ്ഞ മൂന്നു ഘട്ടങ്ങളില്‍ ആദ്യത്തേതിന് ഇന്ന് നിലവിലുള്ള സംവിധാനം തന്നെ പര്യാപ്‌തമാകും. രണ്ടാംഘട്ടത്തിലെ എഴുത്തുപരീക്ഷയുടെ ഘടകങ്ങള്‍ നിശ്ചയിക്കുകയും ചോദ്യത്തിന്റെ നിലവാരം നിശ്ചയിക്കുകയും ചെയ്‌തു കഴിഞ്ഞാല്‍ പരീക്ഷ നടത്താന്‍ മാനേജര്‍മാരെത്തന്നെ ചുമതലപ്പെടുത്താവുന്നതാണ്. മൂന്നാംഘട്ടത്തിലെ അഭിമുഖ പരീക്ഷയ്‌ക്ക് സര്‍ക്കാര്‍ പ്രതിനിധിയും വിദ്യാഭ്യാസ വിദഗ്ദ്ധനുമടങ്ങിയ ഒരു സമിതി രൂപീകരിക്കാന്‍ മാനേജര്‍മാരെത്തന്നെ ചുമതലപ്പെടുത്തിയാല്‍ മതി. അഭിമുഖപരീക്ഷ കഴിഞ്ഞാല്‍ ഒരു നിശ്ചിത സമയത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയും വേണം. കുത്തഴിഞ്ഞുകിടക്കുന്ന അദ്ധ്യാപകനിയമനം ചിട്ടപ്പെടുത്താന്‍ ഈ നടപടികള്‍ സഹായകമാകും.
ഇത്തരം ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതുകൊണ്ട് മാനേജര്‍മാരുടെ അവകാശങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടുകയില്ല. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഭരണഘടനാപരമായും അല്ലാതെയും തങ്ങള്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ യാതൊരുവിധത്തിലും ഹനിക്കപ്പെടുകയില്ല. മേല്‍പറഞ്ഞ നടപടിക്രമങ്ങളിലൂടെ ഗുണനിലവാരമുള്ള അദ്ധ്യാപകരെ നിയമിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ സ്ഥാപനങ്ങളുടെ മേന്മ വര്‍ദ്ധിക്കുകയും ഇപ്പോഴുള്ളതിനേക്കാള്‍ യശസ്സ് കൈവരികയും ചെയ്യും. പൊതുവില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ അത് സഹായകരമായിരിക്കും. ഭാവി തലമുറയുടെ നിലവാരം നിശ്ചയിക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. പൊതുജീവിതത്തിന്റെ സമസ്‌ത മേഖലകളുടെയും നിലവാരം സ്‌കൂള്‍ വിദ്യാഭ്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ശിശുവിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം മുലപ്പാലാണ് എന്നതുപോലെ സാമൂഹ്യജീവിയായ മനുഷ്യന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്.
അവകാശവും കടമയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നിനു മാത്രമായി നിലനില്‍പില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്. അതു നല്‍കാനുള്ള കടമ സര്‍ക്കാരിന്റേതാണ്. അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
*****
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് : ചിന്ത വാരിക
Sunday, August 1, 2010
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും എയിഡഡ് സ്‌കൂള്‍ അദ്ധ്യാപക നിയമനവും
Subscribe to:
Post Comments (Atom)
1 comment:
എയിഡഡ് സ്‌കൂള്‍ അദ്ധ്യാപക നിയമനത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് ഈയിടെ കേരള ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഓരോ അദ്ധ്യയന വര്‍ഷത്തിന്റെയും ആരംഭത്തില്‍ത്തന്നെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ നിജപ്പെടുത്തുകയും അവ ചട്ടപ്രകാരം നികത്താവുന്ന ഒഴിവുകളാണെന്ന് വിദ്യാഭ്യാസ വകുപ്പധികൃതരുടെ സമ്മതിപത്രം നേടുകയും ചെയ്‌തതിനുശേഷമായിരിക്കണം എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അദ്ധ്യാപക നിയമനം നടത്തേണ്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. അങ്ങനെയായാല്‍ നിയമനം നേടിയതിനുശേഷം വകുപ്പധികൃതരുടെ അംഗീകാരത്തിനും ശമ്പളത്തിനും വേണ്ടി മാസങ്ങളോ വര്‍ഷങ്ങളോ തന്നെ അദ്ധ്യാപകര്‍ അലഞ്ഞു തിരിയേണ്ടിവരില്ലായെന്നും അവര്‍ സംതൃപ്‌തരായിരിക്കുമെന്നും കോടതി പറയുകയുണ്ടായി. കോടതി ഇത്രയും പറഞ്ഞതിനപ്പുറം ചില വസ്‌തുതകളിലേക്കും കൂടി ഈ നിരീക്ഷണത്തെ ബാധകമാക്കാം. അത് വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയെ സംബന്ധിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒഴിവുകളിലേക്ക് ജാതി - മത - ധന പരിഗണനകള്‍വെച്ച് നിയമനം നേടിയതിനുശേഷം അംഗീകാരം ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഭയ - കൌടില്യ - ലോഭങ്ങളിലൂടെ സ്വാധീനിച്ച് കാര്യം സാധിക്കുന്നുണ്ട് എന്നത് വസ്‌തുതയാണ്. തെളിവുകളും രേഖകളും സാക്ഷികളുമില്ലാത്തതിനാല്‍ കേസുമില്ല ശിക്ഷയുമില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും - നീതിന്യായ കോടതികളിലെ ന്യായാധിപര്‍ മുതല്‍ ഭരണ - പ്രതിപക്ഷ രാഷ്‌ട്രീയക്കാര്‍ക്കുവരെ അറിവുള്ള കാര്യമാണത്.
Post a Comment