Sunday, August 22, 2010

വൈകുണ്ഠസ്വാമികളും നവോത്ഥാനവും

നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന വൈകുണ്ഠസ്വാമിയുടെ പ്രവര്‍ത്തനമേഖല ഇന്നത്തെ കന്യാകുമാരിജില്ല ഉള്‍പ്പെടുന്ന പഴയ തെക്കന്‍ തിരുവിതാംകൂര്‍ ആയിരുന്നു. കൂടാതെ കന്യാകുമാരി ജില്ലയുടെ കിഴക്ക് സ്ഥിതിചെയ്യുന്ന തിരുനെല്‍വേലി, മധുര തുടങ്ങിയ ജില്ലയിലും വൈകുണ്ഠസ്വാമിയുടെ പ്രഭാവം പ്രചരിച്ചിരുന്നു. വൈകുണ്ഠസ്വാമിയുടെ (അയ്യാ വൈകുണ്ഠര്‍ എന്നാണ് സാധാരണ തമിഴില്‍ പരാമര്‍ശിക്കാറ്) പേരും പെരുമയും പൊരുളും അദ്ദേഹം തട്ടിയുണര്‍ത്തി അവകാശബോധം വളര്‍ത്തിക്കൊടുത്ത നാടാര്‍, ചാന്നാര്‍ തുടങ്ങി സവര്‍ണ ആധിപത്യത്തിന് അടിമകളായിരുന്നവരുടെ ഇടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും സാധാരണ അക്കാദമിക് പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും ദൃഷ്‌ടിയില്‍ അദ്ദേഹം പെട്ടിരുന്നോ എന്ന് സംശയം.

അയ്യാ വൈകുണ്ഠരെ നിരുപദ്രവിയായ ഒരു സാധാരണ ലോകോപകാരിയായിമാത്രം കരുതുന്നവരുണ്ട്. മറ്റു ചിലരാകട്ടെ ഈ മഹാനായ ചരിത്രപുരുഷനെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒരു ദൈവമാക്കി പ്രതിഷ്‌ഠിച്ച് ഒരു വിപ്ളവകാരിയും കലാപകാരിയും എന്ന പദവിയില്‍നിന്ന് അദ്ദേഹത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശ്രീനാരായണഗുരു തുടങ്ങിയ മറ്റ് നവോത്ഥാന നായകരുടെ ചരിത്രത്തിലും ഇത്തരം ദുരനുഭവം കാണാം. ലോകചരിത്രത്തിലെ പല നവോത്ഥാന നായകര്‍ക്കും ഈയൊരു പരിണതി സംഭവിച്ചിട്ടിട്ടുണ്ട്. ഈശ്വരാസ്‌തിത്വത്തെ അംഗീകരിക്കാത്ത ഗൌതമബുദ്ധനെ ദേവവിഗ്രഹമായി സങ്കല്‍പ്പിച്ചു പൂജിക്കുന്ന അനുഭവം നമുക്കുണ്ടല്ലോ.

തന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി തിരുവിതാംകൂര്‍ നാട്ടുരാജാവുമായും ബ്രിട്ടീഷ് മേല്‍ക്കോയ്‌മയുമായും കലഹിച്ച് തടവില്‍ കിടക്കേണ്ടിവന്ന കലാപകാരിയും വിപ്ളവകാരിയുമായിരുന്നു വൈകുണ്ഠസ്വാമി. മേലാളരെ കാണുമ്പോള്‍ തോളിലെ മുണ്ട് അരയില്‍ കെട്ടുകയോ കക്ഷത്തില്‍ മടക്കിവയ്‌ക്കുകയോ ചെയ്യുന്ന അടിമ മനോഭാവത്തെ തകര്‍ക്കാന്‍ സകലരും തലയില്‍ മുണ്ടുകെട്ടണമെന്ന് നിര്‍ദേശിച്ച സ്വാമി ജനങ്ങളുടെ ആത്മാഭിമാനം വര്‍ധിപ്പിക്കാനായി തന്നെത്തന്നെ ആദ്യം പൂജിക്കുക എന്ന നിര്‍ദേശത്തോടെ ദൈവവിഗ്രഹത്തിന്റെ സ്ഥാനത്ത് കണ്ണാടി പ്രതിഷ്‌ഠിച്ചതും ഓര്‍ക്കുക.

സവര്‍ണാധിപത്യത്തിനെതിരെ മാത്രമല്ല അധ്വാനിക്കുന്നവരെ സാമ്പത്തികമായി ചൂഷണംചെയ്യുന്ന ഭൂവുടമകള്‍ക്കും പനയുടമസ്ഥര്‍ക്കും എതിരെ സമരം ചെയ്യാനും അയ്യാ അവരെ പഠിപ്പിച്ചു. ഇങ്ങനെ നോക്കിയാല്‍, പില്‍ക്കാലത്ത് പ്രചാരത്തില്‍ വന്ന പല ആദര്‍ശങ്ങളുടെയും ആദ്യത്തെ ആവിഷ്‌ക്കര്‍ത്താവായിരുന്നു അയ്യാ വൈകുണ്ഠര്‍ എന്നും പില്‍ക്കാല നവോത്ഥാന നായകരില്‍ പലരും വൈകുണ്ഠരില്‍നിന്നാണ് പലതും പഠിച്ച് പ്രചരിപ്പിച്ചതെന്നും കാണാവുന്നതാണ്. (ജോയി ബാലന്‍ വ്ളാത്താങ്കരയുടെ 'വൈകുണ്ഠസ്വാമിയും സാമൂഹ്യ നവോത്ഥാനവും'- ചിന്തപബ്ളിഷേഴ്സ് - എന്ന പുസ്തകത്തിന്റെ അവതാരികയില്‍നിന്ന്)

*****

പി ഗോവിന്ദപ്പിള്ള

1 comment:

വര്‍ക്കേഴ്സ് ഫോറം said...