മൈക്രോവേവ് മേഖലയില്‍ ഗവേഷണം നടത്തുന്ന പ്രഗല്‍ഭനായൊരു ശാസ്‌ത്രജ്ഞസുഹൃത്തിനോട് 'ശാസ്‌ത്രഗതി' മാസികയ്‌ക്കുവേണ്ടി ഞാനൊരു ലേഖനം ആവശ്യപ്പെട്ടു. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണത്തെപ്പറ്റി ഒരുപാട് ഉത്കണ്ഠകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലമാണല്ലോ. അതേപ്പറ്റിയുള്ള ശാസ്‌ത്രീയ വിവരങ്ങള്‍ വായനക്കാരിലെത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ, എന്റെ സുഹൃത്ത് പേടിച്ച് ഒഴിഞ്ഞുമാറി. ''അതൊക്കെ വളരെ കോണ്‍ട്രവേഴ്‌സ്യല്‍ കാർയങ്ങളല്ലേ? എനിക്കുവയ്യ പുലിവാലു പിടിക്കാന്‍ ''എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തെപ്പറ്റി പോപ്പുലർ സയന്‍സ് തലത്തിലുള്ള ഇംഗ്ലീഷ് ലേഖനങ്ങള്‍ മാത്രം വായിച്ചു പരിചയമുള്ളവർ ആധികാരതയോടെ നമ്മുടെ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന സമയത്താണ് ആ മേഖലയില്‍ അവഗാഹമുള്ള ഇദ്ദേഹത്തെപ്പോലുള്ളവർ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് എന്നത് എന്നെ തികച്ചും അസ്വസ്ഥനാക്കി.
അതുപോലുള്ള മറ്റൊരനുഭവവും ഈയിടെ ഉണ്ടായി. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഇപ്പോള്‍ വലിയ പ്രശ്‌നമാണല്ലോ. ക്യാരിബാഗ് കത്തിക്കാമോ പാടില്ലയോ എന്നതിനെപ്പറ്റി വിവരമുള്ളവർക്കിടയില്‍പോലും തർക്കം നിലനില്‍ക്കുന്നു. ഹൈസ്‌കൂള്‍ ശാസ്‌ത്രമനുസരിച്ച് അതുണ്ടാക്കിയിരിക്കുന്നത് 'പോളി എത്തിലീൻ' എന്ന രാസവസ്‌തുകൊണ്ടാണ്. അതില്‍ ഹൈഡ്രജന്റെയും കാർബണിന്റെയും പരമാണുക്കള്‍ മാത്രമേ ഉള്ളൂ. അതു കത്തിച്ചാല്‍ തികച്ചും നിരുപദ്രവകരമായ കാർബണ്‍ ഡയോക്‌സൈഡും നീരാവിയും മാത്രമേ ഉണ്ടാകൂ. അപ്പോള്‍ കത്തിക്കാം. പക്ഷേ സ്വല്പം കൂടി ശാസ്‌ത്രം പഠിച്ചവർ ചൂണ്ടിക്കാണിക്കുന്നത് മിക്ക പ്ലാസ്റ്റിക്കുകളിലും അതിന് നിറവും ബലവും നല്‍കാനായി മറ്റു രാസവസ്‌തുക്കള്‍ കൂടി കലർത്താറുണ്ടെന്ന വസ്‌തുതയാണ്. അത്തരം വസ്‌തുക്കളുടെ ജ്വലനഫലമായിട്ടാണ് പ്ലാസ്റ്റിക്ക് കത്തുമ്പോള്‍ ചെറിയൊരു മണമുണ്ടാകുന്നത്. അങ്ങനെയുണ്ടാകുന്ന വാതകങ്ങളില്‍ ചിലവ വിഷമയമാണെന്നും അവർ പറയുന്നു.
പ്ലാസ്റ്റിക്കുകളില്‍ കലർത്തുന്ന രാസവസ്‌തുക്കള്‍ ഏവയാണെന്നും അവ കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ എന്തൊക്കെയാണെന്നും ഏതളവിലാണെന്നുമൊക്കെ നന്നായറിയുന്നവരാണല്ലോ പോളിമർ ശാസ്‌ത്രജ്ഞന്മാർ. അത്തരം അളവുപരമായ, കൃത്യമായ അറിവും പ്രധാനമാണ്. അല്ലാതെ വെറുതെ പ്ലാസ്റ്റിക്ക് കത്തിച്ചാല്‍ വിഷവാതകങ്ങള്‍ ഉണ്ടാകും എന്നു പറഞ്ഞാല്‍ പോരല്ലോ. അങ്ങനെയാണെങ്കില്‍ വിറകു കത്തിക്കുമ്പോഴും ബെന്‍സോ ആല്‍ഫാ പൈറീന്‍ മുതലായ ക്യാന്‍സർജനക വിഷവാതകങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നു കരുതി നാം വിറകു കത്തിക്കാതിരിക്കുന്നില്ലല്ലോ. കത്തിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ വേണമെന്നു മാത്രം. അതുപോലെയാണോ ക്യാരിബാഗിന്റെ കാർയവും എന്നറിയണമല്ലോ?. അതുകൊണ്ട് ഞാന്‍ എനിക്കു പരിചയമുള്ള ഒരു പോളിമർ ശാസ്‌ത്രജ്ഞന്റെയടുക്കല്‍ വിഷയം അവതരിപ്പിച്ചു. ഈ ഘടകങ്ങളൊക്കെ പരിശോധിച്ച് സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ഒരു ലേഖനം എഴുതിത്തരണമെന്നായിരുന്നു ആവശ്യം. പക്ഷേ അദ്ദേഹവും എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. സംഗതി ഇതുതന്നെ. ''അതു വളരെ വിവാദമുണ്ടാക്കുന്ന വിഷയമല്ലേ, എന്തിനാ അതിലൊക്കെ തലയിട്ടു പ്രശ്‌നം ഉണ്ടാക്കുന്നത് ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
ആദ്യമെനിക്ക് ഈ ശാസ്‌ത്രജ്ഞ സുഹൃത്തുക്കളോട് അല്‍പം നീരസം തോന്നി എന്നു പറയാതെവയ്യ. നമ്മളെന്തിനാണ് ഇത്തരം ഗഹന വിഷയങ്ങളെക്കുറിച്ചു പഠിക്കുന്നതും, അതു പഠിക്കാനായി വന്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതും? ജനജീവിതത്തെ സാരമായി ബാധിക്കുന്ന, അല്ലെങ്കില്‍ ബാധിച്ചേക്കുമെന്ന് ജനങ്ങള്‍ ഉത്കണ്ഠപ്പെടുന്ന സംഗതികളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനല്ലേ? പറയാന്‍ അർഹതയുള്ളവർ, ചുമതലപ്പെട്ടവർ, അതു പറയാത്തതുകൊണ്ടല്ലേ അതേക്കുറിച്ച് കേട്ടറിവു മാത്രമുള്ളവർ അഭിപ്രായം പറയേണ്ടിവരുന്നതും വിവാദങ്ങള്‍ ഉണ്ടാകുന്നതും. അപ്പോള്‍ ഇങ്ങനെയുള്ള ഒഴിഞ്ഞുമാറല്‍ കർത്തവ്യവിലോപമല്ലേ, എന്നായിരുന്നു എന്റെ വിചാരം. പക്ഷേ അവരുമായി കൂടുതല്‍ സംസാരിച്ചപ്പോള്‍ അവരുടെ ഭയത്തിലും കുറച്ചു കാര്യമുണ്ട് എന്ന തിരിച്ചറിവും ഉണ്ടായി.
അതു വിശദീകരിക്കണമെങ്കില്‍ മറ്റ് ഒന്നുരണ്ട് അനുഭവങ്ങള്‍ കൂടി വിവരിക്കേണ്ടിയിരിക്കുന്നു. ഗ്രീന്‍ കേരള എക്‌സ്പ്രസില്‍ എലപ്പുള്ളി പഞ്ചായത്ത് അവതരിപ്പിച്ചതാണ് ഒരു അനുഭവം. വളരെ ചുറുചുറുക്കുള്ള ഒരു വെറ്റിനറി ഓഫീസറാണ് ആ പഞ്ചായത്തിലുള്ളത്. അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങള്‍ക്കിടയിലാണ് അവിടത്തെ ഒരു ഗ്രാമത്തില്‍ വളരുന്ന ഒരു പ്രത്യേകയിനം പശുക്കളെപ്പറ്റി അദ്ദേഹം അറിയുന്നത്. കാഴ്‌ചയില്‍ ചെറുത്, പാലും കുറവ്. പക്ഷേ അവയുടെ പാലിന് ചില സവിശേഷ ഗുണങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. മുമ്പു കണ്ടിട്ടുള്ള നാടന്‍ ഇനങ്ങളില്‍ നിന്ന് പല വ്യത്യാസങ്ങളും തോന്നിയതുകൊണ്ട് നമ്മുടെ വെറ്ററിനറി ഓഫീസർ അതിന്റെ ജനിതക സാമ്പിളുകള്‍ ശേഖരിച്ചു ഹരിയാനയിലെ കർണാലിലുള്ള ദേശീയ സ്ഥാപനത്തിലേയ്‌ക്കയച്ചു. അവിടെനിന്നു കിട്ടിയ പരിശോധനാഫലം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുകയും ആവേശഭരിതനാക്കുകയും ചെയ്‌തു. അന്യം നിന്നുപോയി എന്നു കരുതപ്പെട്ടിരുന്ന പശ്ചിമഘട്ടത്തിലെ ഒരു കുറിയ ഇനം പശുവിന്റെ താവഴിയാണത്രേ ഇവ.
ഏതാണ്ടു കുറ്റിയറ്റുപോയ വെച്ചൂർ പശുവിനെ കാർഷിക സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ വീണ്ടെടുത്ത കഥ പ്രസിദ്ധമാണല്ലോ. അതുപോലുള്ള മറ്റൊരു സുപ്രധാന കണ്ടെത്തൽ. ഭാഗ്യത്തിന് ഇത് വെച്ചൂർ പശുവിനോളം ലുപ്തമായിട്ടില്ല. ഏതാണ്ട് നൂറോളം എണ്ണം അവശേഷിക്കുന്നുണ്ട്. അവ നഷ്ടപ്പെടാതെയും കലർപ്പുവരാതെയും സംരക്ഷിക്കാനുള്ള പ്രാഥമിക മുന്‍കരുതലുകളെടുത്തുകൊണ്ട് നമ്മുടെ ഡോക്ടർ ഉടന്‍ ഡിപ്പാർട്ടുമെന്റ് മേലധികാരികളെ വിവരം അറിയിച്ചു. പക്ഷേ അനുമോദനവും പ്രോത്സാഹനവും പ്രതീക്ഷിച്ച ഡോക്ടർക്ക് കിട്ടിയത് ശിക്ഷണ നടപടിക്കുള്ള കാരണം കാണിക്കല്‍ നോട്ടീസായിരുന്നു. കുറേക്കാലമായി നമ്മുടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന നയം നാടന്‍ ഇനങ്ങളെ വകവരുത്തി മുന്തിയ ഇനം പശുക്കിടാങ്ങളെ പ്രചരിപ്പിക്കുക എന്നതാണല്ലോ. അതനുസരിച്ച് ഒരു കാലത്ത് നമ്മുടെ മൃഗഡോക്ടർമാരെല്ലാം നാടായനാട്ടിലെല്ലാം കറങ്ങിനടന്ന് നാടന്‍ വിത്തുകാളകളെയെല്ലാം വരിയുടച്ചതാണ്. പിന്നെ, കൃത്രിമ ഗർഭോത്പാദനം മാത്രമല്ലേയുള്ളൂ ശരണം. അങ്ങനെ കുത്തിവെച്ചുണ്ടാക്കിയതാണ് ഈ തലമുറയില്‍ നാം കാണുന്ന പശുക്കളെല്ലാം. എന്തുകൊണ്ട് ഈ ഡോക്ടറുടെ അധികാരാതിർത്തിക്കുള്ളില്‍ അപ്രകാരം നാടന്‍ ഉരുക്കളെ വംശനാശം വരുത്തിയില്ല, എന്നായിരുന്നു അധികാരികളുടെ ചോദ്യം!
ഒരുകാലത്ത് നമ്മുടെ സർക്കാർ അങ്ങനെയൊരു ബുദ്ധിമോശം കാട്ടി എന്നതു സത്യമാണ്. എന്നു കരുതി ജൈവവൈവിധ്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുകയും സെമിനാർ നടത്തുകയും ചെയ്യുന്ന ഇക്കാലത്തും അതേരീതിയില്‍ ചിന്തിക്കുന്ന വകുപ്പുമേധാവികളെപ്പറ്റി എന്തു പറയാന്‍ ?
പക്ഷേ സംഗതി സീരിയസ്സാണ്. വകുപ്പുമേധാവികള്‍ വരയ്‌ക്കുന്ന വരയ്‌ക്കപ്പുറം കടന്ന് സ്വന്തമായി ജനസേവനം നടത്താനിറങ്ങിയാല്‍ ഇങ്ങനത്തെ ഗുലുമാലുകളൊക്കെ ഉണ്ടാകും. കാർഷിക സർവകലാശാലയിലെ ഒരു ശാസ്‌ത്രജ്ഞയ്‌ക്കുണ്ടായ അനുഭവം കേള്‍ക്കൂ. കേരളത്തില്‍ വില്‍ക്കപ്പെടുന്ന കീടനാശിനികളെപ്പറ്റിയാണ് അവർ പഠിച്ചത്. പഠനഫലങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. തികച്ചും അശാസ്‌ത്രീയമായ, അളവില്‍ കവിഞ്ഞ, അസമയത്തുള്ള അനാവശ്യമായ കിടനാശിനി പ്രയോഗം. നിരോധിച്ച കീടനാശിനികള്‍പോലും മറു പേരുകളിലും പേരില്ലാതെയും അനധികൃതമായി വില്‍ക്കപ്പെടുന്നു. കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ധനസഹായത്തോടെ നടത്തിയ ഈ പഠനത്തിന്റെ ഫലങ്ങള്‍ ഒരു ശാസ്‌ത്രമാസികയില്‍ തന്നെയാണ് അവർ പ്രസിദ്ധീകരിച്ചത്. എങ്കിലും ചില വാർത്താപത്രങ്ങളിലും അതേപ്പറ്റിയുള്ള വിവരങ്ങള്‍ വന്നു. ഉടന്‍ വന്നു ഉന്നതങ്ങളില്‍ നിന്നുള്ള ഇണ്ടാസ്. ആരോടു ചോദിച്ചുകൊണ്ടാണ് ഇത്തരം പഠനങ്ങള്‍ നടത്തിയത്? ആരുടെ അനുവാദത്തോടെയാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത് ? ഇങ്ങനെ പോയി അവരുടെ ചോദ്യങ്ങൾ. ഏറേനാള്‍മുമ്പ് കേരളത്തില്‍ വില്‍ക്കപ്പെടുന്ന കവർപാലുകളെപ്പറ്റി പഠനം നടത്തിയ ശാസ്‌ത്രജ്ഞർക്കും ഇതുപോലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നതായി വായിച്ചതോർക്കുന്നു. ഏതായാലും ആ പഠനഫലങ്ങളെ ആധാരമാക്കി തുടർനടപടികളൊന്നും ഉണ്ടായില്ല എന്നതുറപ്പ്.
ഈ മൂന്നു സംഭവങ്ങളും കാർഷികരംഗത്തെ സംബന്ധിച്ചാണെന്നതു യാദൃച്‌ഛികമല്ല. കുറച്ചെങ്കിലും നാടിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളെപ്പറ്റി പഠനം നടത്തുന്നത് കാർഷിക ശാസ്‌ത്രജ്ഞരാണല്ലോ. മറ്റുള്ളവർ എന്തിനെപ്പറ്റിയാണു പഠിക്കുന്നത്, ആ ഫലങ്ങള്‍ എങ്ങനെ എവിടെ പ്രസിദ്ധീകരിക്കുന്നു, അവ എങ്ങനെ നാടിനു ഗുണപ്പെടുന്നു തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആരും അന്വേഷിക്കാറുതന്നെയില്ല. അതാണു തങ്ങളുടെ ഔദ്യോഗിക ഭാവിക്കു നല്ലത് എന്ന് അവരും മനസ്സിലാക്കിയിട്ടുണ്ട്. വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി വിവാദമുണ്ടാക്കുന്നു, തങ്ങളെ ഏല്‍പ്പിച്ച പണി ചെയ്യുക, ശമ്പളം വാങ്ങുക, കാലാകാലങ്ങളില്‍ പ്രൊമോഷന്‍ വാങ്ങുക, ഒടുവില്‍ പരിക്കുപറ്റാതെ പെന്‍ഷന്‍ നേടുക-ഇത്രയേയുള്ളൂ അവരുടെ അജണ്ട. ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെപ്പറ്റി പഠിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ശാസ്‌ത്രജ്ഞർക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ ഓർക്കുമ്പോള്‍ എങ്ങനെയാണ് ഇവരെ കുറ്റപ്പെടുത്തുക?
ഇതിങ്ങനെ ആയാല്‍ മതിയോ? യഥാർഥത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെയും ശാസ്‌ത്രഗവേഷണത്തിന്റെയും ഉദ്ദേശ്യമെന്താണ് ? സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അറിവ് നിർമിക്കുകയും പ്രയോഗിക്കുകയും ചെയ്യുക എന്നതല്ലേ? അതു ചെയ്യാനല്ലേ അവരെ നാം നിർബന്ധിക്കേണ്ടത്? അതിനു പകരം അതിനു മുതിരുന്നവരെ നിരുത്സാഹപ്പെടുത്തിയാലോ? അപ്പോഴാണ് ശാസ്‌ത്രജ്ഞർ ദന്തഗോപുരങ്ങളില്‍ അഭയം തേടുന്നത്. അതിന് അവരെ അനുവദിച്ചാല്‍ നഷ്ടം സമൂഹത്തിന് തന്നെയാകും. അതുണ്ടായിക്കൂടാ.
*****
ആർ വി ജി മേനോൻ , കടപ്പാട് : ജനയുഗം
Tuesday, August 31, 2010
Subscribe to:
Post Comments (Atom)
5 comments:
യഥാർഥത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെയും ശാസ്‌ത്രഗവേഷണത്തിന്റെയും ഉദ്ദേശ്യമെന്താണ് ? സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അറിവ് നിർമിക്കുകയും പ്രയോഗിക്കുകയും ചെയ്യുക എന്നതല്ലേ? അതു ചെയ്യാനല്ലേ അവരെ നാം നിർബന്ധിക്കേണ്ടത്? അതിനു പകരം അതിനു മുതിരുന്നവരെ നിരുത്സാഹപ്പെടുത്തിയാലോ? അപ്പോഴാണ് ശാസ്‌ത്രജ്ഞർ ദന്തഗോപുരങ്ങളില്‍ അഭയം തേടുന്നത്. അതിന് അവരെ അനുവദിച്ചാല്‍ നഷ്ടം സമൂഹത്തിന് തന്നെയാകും. അതുണ്ടായിക്കൂടാ.
വായിക്കപ്പെടേണ്ട പോസ്റ്റ്, ആര്‍ വി ജി മേനോന് അഭിനന്ദനങ്ങള്‍
ഹോ...!!! ഇത് ഭയാനകമായ നമ്മുടെ ബുദ്ധിമാന്ദ്യത്തെക്കുറിച്ചുള്ള അറിവു തന്നെ.
വെറും ദാസ്യ അടിമ ജോലിക്കാരെ ഉത്പ്പാദിപ്പിക്കാനും
നിലനിര്‍ത്താനുമുള്ള അനുവാദമേ നമ്മുടെ സമൂഹത്തിനുള്ളു. അന്വേഷണ ബുദ്ധിയുള്ള,മനുഷ്യസ്നേഹം കൂടിയ അസാധാരണ മനുഷ്യരെ കണ്ടെത്തിയാല്‍ ആ ശേഷിയില്ലാത്തവര്‍ സംഘം ചേര്‍ന്ന് ബുദ്ധികൂടിയ മനുഷ്യസ്നേഹിയെ വരിയുടെച്ചില്ലെങ്കില്‍ ചക്കുകാളയെപ്പോലെ സമാധാനപൂര്‍വ്വം ചക്കിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന സമൂഹം
പുതിയ വഴി കണ്ടെത്തി പിരിഞ്ഞു പോയാലോ !!!
ശാസ്ത്രജ്ഞരും മനുഷ്യസ്നേഹികളുമായ അസാധാരണ മനുഷ്യരാണ് മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുന്നതെന്ന സത്യം ... ഇനിയും നാം
നിസാരമാക്കി തള്ളിയാല്‍ ലോകത്തെ തെണ്ടികളും പിച്ചക്കാരും, ദാസ്യ വൃത്തിക്കുമാത്രം ജന്മംകൊണ്ടവരാണ് മലയാളി എന്ന് സ്ഥിരമായി ഉറപ്പിക്കുന്ന ഫലമാണുണ്ടാകുക.
വളരെ കാതലായ സാമൂഹ്യപ്രശ്നത്തിലേക്ക് അനുഭവത്തിന്റെ തെളിവുകളുമായി വെളിച്ചം വീശുന്ന ഈ ലേഖനം എഴുതിയ ആര്‍.വി.ജി.മേനോനും, ബ്ലോഗില്‍ പോസ്റ്റു ചെയ്ത വര്‍ക്കേഴ്സ് ഫോറത്തിനും ചിത്രകാരന്‍ നന്ദി പറയുന്നു.
നല്ല തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉത്പ്പാദിപ്പിക്കാനുള്ള
ഗവേഷണങ്ങളും, പരീക്ഷണങ്ങളും, സാങ്കേതിക വിദ്യയും, നിലവിലുള്ള ഉപകരണങ്ങളുടെ പിന്നിലുള്ള ശാസ്ത്രജ്ഞരുടെ വിവരങ്ങളും ചിത്രങ്ങളും,വാണിജ്യാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കുന്നവരുടെ വിലാസവും ആര്‍ക്കെങ്കിലും ലഭ്യമാകുന്നെങ്കില്‍ ബ്ലോഗില്‍ പോസ്റ്റണേ... എന്ന് ബൂലോകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യട്ടെ.
ശാസ്ത്റജ്ഞറ്‍ എന്നൊരു വറ്‍ഗ്ഗം ഇവിടെ ഇല്ല എന്നാതാണു സത്യം, പേരില്‍ സയണ്റ്റിസ്റ്റ്, ചിലപ്പോള്‍ ഫ്രാഞ്ച് താടി , ബുജി നാട്യം അത്റയേ ഉള്ളു, നമ്മുടെ ശാസ്ത്റ സാങ്കേതിക സ്ഥാപനങ്ങളെല്ലാം അടിമപ്പാളയങ്ങളാണു , ത്റീ മങ്കി പ്റിന്‍സിപ്പിള്‍ അനുസരിച്ചാല്‍ പ്റൊമോഷന്‍ സമയത്ത് കിട്ടും ട്റാന്‍സ്ഫറ്‍ ഇല്ലാതെ സുഖമായി ജീവിക്കാം
വീ എസ് എസി ആയാലും കാറ്‍ഷിക സറ്‍വകലാശാല ആയാലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി ആയാലും എല്ലാം ഒരു ചെറിയ വിഭാഗം പണി എടുക്കുന്നതിണ്റ്റെ ഫലം മറ്റുള്ളവറ്‍ ഊറ്റി കുടിച്ചു മേനി പറഞ്ഞു നടക്കുന്നു
എല്ലായിടത്തും ജാതി മത ലോബികള്‍ , വീ എസ് എസിയില്‍ ബ്റാഹമണ മേധാവിത്വം കഴിഞ്ഞാല്‍ നായറ്‍ ലോബി ഇതു രണ്ടുമല്ലെങ്കില്‍ പ്റൊമോഷന്‍ കിട്ടിയാല്‍ കിട്ടി ഇടക്കിടെ റ്റ്റാന്‍സ്ഫറ്‍ ഉറപ്പ്, ഇവിടെ ഒന്നും യൂണിയന്‍ അനുവദിച്ചിട്ടില്ല
സ്വന്തം സറ്‍വീസ് മാറ്ററ്‍ പോലും ചോദിക്കാന്‍ ആറ്‍ക്കും ധൈര്യമില്ല
ഒന്നോ രണ്ടൊ മെമ്മോ സ്വന്തം എടുത്തു ചാട്ടത്തിനു (അനേഷണ കൌതുകം) കിട്ടുമ്പോള്‍ ഏതു ഗവേഷകനും മനസ്സുമടുത്ത് ത്റീ മങ്കി ആവും, ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല പ്റതികരിക്കുന്നില്ല
അരൂഷിയുടെ വാക്കുകളില്‍ നിന്നും കുറച്ചുകൂടി കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നു.
Post a Comment