Monday, August 30, 2010

മാധ്യമ നിര്‍മിത വിജയങ്ങള്‍

ടെലിവിഷനില്‍ വാര്‍ത്ത വന്നു നിറയുന്ന പുതിയ കാലത്ത് പത്രങ്ങള്‍ക്കെന്താണ് പ്രസക്തി എന്ന് പലരും തല പുകക്കുന്നുണ്ട്. ഇക്കണക്കിന് പോയാല്‍ ഇനിയൊരു പത്തു വര്‍ഷത്തിനപ്പുറം ഇന്ന് കാണുന്നതു പോലുള്ള പത്രലോകം ഉണ്ടായില്ലെന്നു വന്നേക്കുമെന്നും ഗവേഷണം ചെയ്ത് തെളിയിക്കുന്നവരുമുണ്ട്. സെക്കന്റിന് സെക്കന്റിന് വാര്‍ത്തകള്‍ ദൃശ്യങ്ങളായും സ്ക്രോളുകളായും നിറഞ്ഞ് മറയുന്ന ജാലവിദ്യയാണല്ലോ ടെലിവിഷനിലുള്ളത്. ഇതിനപ്പുറം പത്രങ്ങളില്‍ എന്തെഴുതിപ്പിടിപ്പിക്കാന്‍ എന്നാവും പാവം പത്രക്കാര്‍ ആലോചിക്കുന്നത്. എന്നാലും, എഴുതി ചരിത്രമാക്കുന്നത് പത്രങ്ങളിലാണെന്നും അതിന് ഒരു ദിവസം എന്ന മഹത്തായ ആയുസ്സുണ്ടെന്നും ടി വിക്കാണെങ്കില്‍ സെക്കന്റുകളില്‍ മരിക്കാനാണ് ഗതി എന്നും പത്ര-വരേണ്യ ചിന്താഗതിക്കാര്‍ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ന്യൂസ് ചാനലുകളില്‍ താഴെ ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരങ്ങള്‍ കണ്ണിലൂടെ കാണിയുടെ ബോധമണ്ഡലത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത് എങ്ങിനെ സമൂഹത്തെ തെറ്റിദ്ധാരണയുടെ മൂടുപടം കൊണ്ട് മൂടി കുഴപ്പത്തിലാക്കാമെന്ന് ചാനല്‍ കുട്ടപ്പന്മാര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ഒരുദാഹരണം നോക്കുക. ബംഗളൂരുവില്‍ ഏപ്രില്‍ 17ന് ഐ പി എല്‍ വേദിയായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ അബ്ദുനാസിര്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ് ആചാര്യ എന്ന വാര്‍ത്ത ഇടതടവില്ലാതെ ഒരു ദിവസം മുഴുവനും ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഫ്ളാഷ് ന്യൂസായും ബ്രേക്കിംഗ് ന്യൂസായും പ്രവഹിച്ചുകൊണ്ടേ ഇരുന്നു. അന്നു തന്നെ തന്റെ അഭിഭാഷകന്‍ വഴി മഅ്ദനി ഇത് നിഷേധിച്ചിരുന്നുവെങ്കിലും അതിന് പ്രാമുഖ്യം കൊടുത്തിരുന്നുമില്ല. തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ കിടക്കുന്നു മറ്റൊരു സ്ക്രോള്‍. ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ പി ഡി പി നേതാവ് അബ്ദുനാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പോലീസ് കമീഷണര്‍ ശങ്കര്‍ ബിദ്രി പറഞ്ഞു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ഈ സ്ക്രോള്‍ ടിവിയില്‍ എത്ര നേരം തങ്ങി നില്‍ക്കുന്നുവെന്ന് സമയമെടുത്ത് ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രമിച്ചു. അത്ഭുതത്തോടെയെന്ന് പറയട്ടെ (നാടകീയമായി പറയുന്നതാണ് - എന്തത്ഭുതം - എല്ലാം എഴുതി വെച്ച തിരക്കഥ പോലെ), ഏതാനും നേരം മാത്രം കാണിച്ച ആ സ്ക്രോള്‍ പിന്നീട് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്ന നിലയില്‍ അപ്രത്യക്ഷമായി.

ഈ കുറിപ്പ് പക്ഷെ മഅ്ദനി പ്രശ്നത്തെക്കുറിച്ചല്ല. വാര്‍ത്തകള്‍ നിറയുകയും സംഭ്രമിപ്പിക്കുകയും തലച്ചോറുകളെ ഇളക്കിമറിക്കുകയും ചെയ്യുമ്പോള്‍ ഒരു സമൂഹത്തിന് എന്തു സംഭവിക്കും എന്ന ചില ആലോചനകള്‍ മാത്രമാണിവിടെ പങ്കു വെക്കുന്നത്. കോങ്ങാട് നാരായണന്‍ കുട്ടി, കെ വി സുധീഷ്, ജയകൃഷ്ണന്‍ എന്നിവരുടെ നിഷ്ഠൂരമായ കൊലകളേക്കാളും കേരളം കണ്ട കടുത്ത പാതകമായിരുന്നു 2010 ജൂലൈ നാലിന് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയത് എന്നാണ് എന്റെ സുഹൃത്തും നോവലിസ്റ്റും സാമൂഹ്യ നിരീക്ഷകനുമായ കെ പി രാമനുണ്ണി പറയുന്നത് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ആഗസ്ത് 29-സപ്തംബര്‍ 4). ഈ നാലു കേസുകളിലുമായി പാലിച്ചിരിക്കുന്ന 'അളവുതൂക്ക' മികവിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. അതല്ല പ്രശ്നം. ടെലിവിഷന്‍ കാലത്തിനും മുമ്പു നടന്ന മൂന്നു കൊലകളേക്കാളും നിഷ്ഠൂരമായ ഒരു കര്‍ത്തവ്യമായി ആ അറ്റു പോയതും തുന്നിപ്പിടിപ്പിച്ചതുമായ കൈപ്പത്തി ഇപ്പോള്‍ കേരള സമൂഹത്തെ ഭിന്നിപ്പിക്കുകയും പേടിസ്വപ്നങ്ങളില്‍ വേട്ടയാടുകയുമാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍, വാര്‍ത്തകളില്‍ നാം ഈ പ്രശ്നത്തോട് സമചിത്തതയോടെയാണോ പെരുമാറിയത് എന്ന് ഇരുന്നു ചിന്തിക്കേണ്ട ബാധ്യത കേരള സമൂഹത്തിനുണ്ടെന്നാണ് എന്റെ പക്ഷം.

അഭൂതപൂര്‍വ്വമായ വിധത്തില്‍ ഈ വാര്‍ത്തയും അതിനെ തുടര്‍ന്നുള്ള രക്തദാനം, പ്രതികളെ പിടിക്കല്‍, ചോദ്യം ചെയ്യല്‍, മൊഴികള്‍(?), കണ്ടെത്തലുകള്‍, ലീഡുകള്‍, ഗൂഢാലോചനകള്‍ എന്നിങ്ങനെ അറിവിന്റെയും വാര്‍ത്തകളുടെയും അച്ചടി-ചാനല്‍-സൈബര്‍ സ്ഥലങ്ങള്‍ മുഴുവന്‍ നിറയുന്ന അക്ഷരങ്ങളും ദൃശ്യങ്ങളും ചേര്‍ന്ന് കേരളീയരെ എപ്രകാരമുള്ള ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുകയാണ് എന്ന് നാം ആലോചിച്ചു നോക്കുക. ഒരു അന്വേഷണ ഏജന്‍സിയും വ്യക്തമായ തെളിവുകളോടെ നിരത്തുന്ന അഭിപ്രായങ്ങളല്ല, എന്റെ ഊഹങ്ങള്‍ മാത്രമാണ് പങ്കു വെക്കുന്നത് എന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുകയുമാണ്. തെരുവുകളിലും കള്‍വെര്‍ട്ടുകളിലും ചായപ്പീടികകളിലും വിദ്യാലയങ്ങളിലും ആപ്പീസുകളിലും ബസ്സുകളിലും തീവണ്ടികളിലും നടക്കുന്ന മനുഷ്യനും മനുഷ്യനും തമ്മിലുള്ള വര്‍ത്തമാനങ്ങളും ചര്‍ച്ചകളും പരിശോധിക്കുക. വിരമിച്ച ഒരിടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്നോട് സ്വകാര്യമായി ചോദിക്കുകയാണ്: അപ്പോള്‍ മഅ്ദനി ഒരു കൊടും ഭീകരന്‍ തന്നെയാണല്ലേ!

കേരള ചരിത്രത്തിലടുത്ത കാലത്തൊന്നും കാണാത്ത വിധത്തില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കും മൃദുഹിന്ദുത്വ നിലപാടുകള്‍ക്കും വന്‍ ജനസമ്മതി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നാണിതില്‍ നിന്നും മനസ്സിലാക്കുന്നത്. ഹിന്ദുത്വ ഭീകരതക്കെതിരെ കൂടുതല്‍ ജാഗ്രത വേണം എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖ ചരിത്രകാരനായ എം ജി എസ് നാരായണന്‍ പറയുന്നതു കേട്ടു: ഏതെങ്കിലും മതത്തെ ഭീകരതയുടെ വിശേഷണപദമായി ഉപയോഗിക്കുന്നത് ശരിയല്ല. മുസ്ളിം ഭീകരത എന്ന പദം ഒറ്റ പദമായി മാറിക്കഴിയുമ്പോഴൊന്നും തോന്നാത്ത ബോധോദയം ഇപ്പോഴുണ്ടായത് നന്നായി. എന്നാല്‍, മുസ്ളിം ഭീകരത തന്നെയാണ് അഥവാ അതു മാത്രമാണ്, ലോകത്തെ മുഴുവനുമെന്നതു പോലെ ഇന്ത്യയിലും കേരളത്തിലുമുള്ള ഇപ്പോഴത്തെ മുഖ്യപ്രശ്നം എന്ന സാമ്രാജ്യത്വത്തിന്റെയും ദേശീയ ഫാസിസ്റുകളുടെയും പ്രചാരണം കൈവെട്ട് കേസോടു കൂടി മുമ്പ് കാണാത്ത വിധത്തിലും വലിയ തോതിലും ജനസമ്മതി ആര്‍ജ്ജിച്ചുകഴിഞ്ഞു. മാത്രമല്ല, സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന മൃദുഹിന്ദുത്വ വാദികള്‍ ഇതിനു മുമ്പ് ആശയം മൃദുഹിന്ദുത്വത്തിനും വോട്ട് മതനിരപേക്ഷ കക്ഷികള്‍ക്കും എന്ന നിലപാടാണെടുത്തതെങ്കില്‍, ഇതോടു കൂടി ഒരു വോട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ക്കുമാവാം എന്ന നില തന്നെ എത്തിയോ എന്ന് കാണണമെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു വരെ കാക്കുകയേ നിവൃത്തിയുള്ളൂ.

അതിലും ഭയാനകമായ ഒരു വസ്തുത, കൈവെട്ട് നടത്തിയതായി ആരോപിക്കപ്പെട്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് അഥവാ എന്‍ ഡി എഫിന് ഇതുമൂലമുണ്ടായിട്ടുള്ള മൈലേജാണ്. ഇത്തരത്തിലുള്ള സംഘടനകളൊക്കെ തന്നെയും ഒരു കലാപമോ ഭീതിജനകമായ സംഗതികളോ ഉണ്ടായിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് മുതലെടുത്തുകൊണ്ടാണ് വളര്‍ച്ച പ്രാപിക്കുന്നത്. ഇപ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. കേസന്വേഷണവാര്‍ത്തകളിലൂടെ അപരവത്ക്കരിക്കപ്പെടുന്ന മുസ്ളിം സമുദായത്തിന്റെ സഹതാപതരംഗത്തില്‍ ഒളിപ്പുരയൊരുക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമങ്ങള്‍ ഒരു പരിധി വരെയെങ്കിലും വിജയിക്കുന്നുവെന്നു വേണം കരുതാന്‍.

ടെലിവിഷനിലായാലും പത്രത്തിലായാലും വാര്‍ത്തകളുടെ അവതരണം, തുടര്‍ച്ച, സത്യസന്ധത, ആത്മാര്‍ത്ഥത, സമഗ്രത, ചരിത്രബോധം, നൈതികത, ആര്‍ജ്ജവം എന്നിവ പാലിച്ചില്ലെങ്കില്‍, സമൂഹത്തെ പലതായി പിളര്‍ക്കാനും ദുഷിച്ച ശക്തികള്‍ക്ക് കീഴ്പ്പെടുത്താനുമാണ് പലപ്പോഴും ഇടയാകുക എന്ന് ഇതുപോലെ തെളിയുന്ന മറ്റു സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നാശിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.

*
ജി. പി. രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടെലിവിഷനിലായാലും പത്രത്തിലായാലും വാര്‍ത്തകളുടെ അവതരണം, തുടര്‍ച്ച, സത്യസന്ധത, ആത്മാര്‍ത്ഥത, സമഗ്രത, ചരിത്രബോധം, നൈതികത, ആര്‍ജ്ജവം എന്നിവ പാലിച്ചില്ലെങ്കില്‍, സമൂഹത്തെ പലതായി പിളര്‍ക്കാനും ദുഷിച്ച ശക്തികള്‍ക്ക് കീഴ്പ്പെടുത്താനുമാണ് പലപ്പോഴും ഇടയാകുക എന്ന് ഇതുപോലെ തെളിയുന്ന മറ്റു സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നാശിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.

ജി പി രാമചന്ദ്രന്‍ എഴുതുന്നു