ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെതിരായി ശക്തമായ ജനരോഷം ഉയര്‍ന്നുവന്നത് അടുത്ത കാലത്തായിരുന്നു. ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനോടുള്ള ജനങ്ങളുടെ എതിര്‍പ്പായിരുന്നില്ല അത്. മറിച്ച്, കര്‍ഷകരുടെയും മല്‍സ്യതൊഴിലാളികളുടെയും ലഘുവ്യവസായങ്ങളില്‍ പണിയെടുക്കുന്നവരുടെയും താല്‍പര്യങ്ങളെ വന്‍കിട മുതലാളിമാരുടെ കൊള്ളലാഭത്തിനുവേണ്ടി അടിയറ വെച്ചതിനെയാണ് ജനങ്ങള്‍ എതിര്‍ത്തത്. കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ ജനവിരുദ്ധ നടപടികളുമായി മുമ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അമ്പത്തിയാറോളം രാജ്യങ്ങളുമായോ രാജ്യങ്ങളുടെ പ്രാദേശിക സഖ്യങ്ങളുമായോ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി ഒരു ചോദ്യത്തിനുത്തരമായി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. യൂറോപ്യന്‍ യൂണിയനുമായും ഇസ്രയേലുമായും അടുത്ത് തന്നെ ഒപ്പുവെക്കാന്‍ തക്കവണ്ണം സ്വതന്ത്ര വ്യാപാര കരാറിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ എത്തി കഴിഞ്ഞതായാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്വതന്ത്ര കരാര്‍ ഒപ്പ് വെയ്‌ക്കാനിടവന്നാല്‍ കാര്‍ഷിക - വ്യാവസായിക മേഖലകള്‍ക്കും സാമാന്യജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്കും നീണ്ടുനില്‍ക്കുന്ന ദോഷഫലങ്ങള്‍ ഉണ്ടാവാം. വന്‍കിട മുതലാളിമാരുടെ കൊള്ളലാഭമടിക്കാനുള്ള ആഗ്രഹമാണ് സ്വതന്ത്ര വ്യാപാര കരാറുകളിലേക്ക് ഇന്ത്യാ ഗവണ്‍മെന്റിനെ തള്ളിവിടുന്നത്.
ലോക വ്യാപാര സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന "ദോഹ വട്ട'' ചര്‍ച്ചകള്‍ ഇന്ന് സ്‌തംഭനത്തിലാണ്. മുതലാളിത്ത ലോകത്തെയാകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ഏത് നിലയില്‍ രൂപപ്പെട്ടുവരുമെന്നതിനെപ്പറ്റി വികസിത രാജ്യങ്ങളായ അമേരിക്കയ്‌ക്കും, ജപ്പാനും, ജര്‍മ്മനിക്കും, ഫ്രാന്‍സിനും, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ന് വേണ്ടത്ര വ്യക്തതയില്ല. അതുകൊണ്ട് "ദോഹ വട്ട'' ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. വളരെ കരുതലോടെയാണവര്‍ മുന്നോട്ടുനീങ്ങുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരുന്ന സബ്‌സിഡി സംബന്ധിച്ച തര്‍ക്കങ്ങളും നിലനില്‍ക്കുകയാണ്. അവര്‍ ഒരു തീരുമാനത്തിലും എത്തി ചേര്‍ന്നിട്ടില്ല. ലോക വ്യാപാര സംഘടനയിലെ ചര്‍ച്ചകളില്‍ വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ ചില പ്രശ്‌നങ്ങളിലെങ്കിലും ചെറുത്ത് നില്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഇവയെല്ലാമാണ് "ദോഹ വട്ട'' ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിനെ തടഞ്ഞുനിര്‍ത്തുന്ന കാരണങ്ങള്‍.
വികസിത - വികസ്വര വ്യത്യാസമെന്യേ ഏതാണ്ടെല്ലാ രാജ്യങ്ങളും ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം വിപുലമാക്കാന്‍ വിവിധ രാജ്യങ്ങള്‍ ഇതിനാല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. ലോക വ്യാപാര സംഘടനയില്‍ നടക്കുന്ന ചര്‍ച്ചകള്‍ മുടങ്ങികിടക്കുന്നതുകൊണ്ട് സ്വതന്ത്ര വ്യാപാര കരാറുകളിലേര്‍പ്പെട്ട് വ്യാപാരം വിപുലമാക്കാനാണ് വികസിത - വികസ്വര രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്.
ലോക വ്യാപാര സംഘടനയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്ന കരാറുകളേക്കാള്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ പലപ്പോഴും കൂടുതല്‍ അപകടകാരികളാകുന്നു. ലോകത്തിലെ ഭൂരിപക്ഷം വരുന്ന വികസിത - വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്നുണ്ടാക്കിയ കരാറെന്ന നിലയില്‍ ലോക വ്യാപാര സംഘടനയുടെ കരാറുകള്‍ അപര്യാപ്‌തമാണെങ്കിലും വികസ്വര രാജ്യങ്ങളുടെ കുറെ താല്‍പര്യങ്ങളെങ്കിലും ഒരു അളവുവരെ പരിരക്ഷിക്കാനുള്ള പരാമര്‍ശങ്ങളുണ്ട്. ഈ പരിരക്ഷകള്‍ വിപുലമാക്കണമെന്നതാണ് വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അപര്യാപ്‌തമായ ഇത്തരം പരിരക്ഷകളെപോലും സ്വതന്ത്ര വ്യാപാര കരാറുകളില്‍നിന്നും സമ്മര്‍ദ്ദം ചെലുത്തി ഒഴിവാക്കുന്നതിന് വികസിത രാജ്യങ്ങള്‍ക്ക് കഴിയുന്നു. വികസിത - വികസ്വര രാജ്യങ്ങളെ തുല്യമായി പരിഗണിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങളാവട്ടെ വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സാമാന്യജനങ്ങളുടെ താല്‍പര്യങ്ങള്‍ അടിയറവെക്കാന്‍ സര്‍വഥാ സന്നദ്ധവുമാണ്. ആസിയാന്‍ കരാര്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം ഇന്ത്യാ ഗവണ്‍മെന്റ് പരമരഹസ്യമായാണ് കാത്തുസൂക്ഷിക്കുന്നത്. ആസിയന്‍ രാജ്യങ്ങളുമായുള്ള കരാര്‍ ഒപ്പിട്ടതിനുശേഷംപോലും അത് പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായിരുന്നില്ല. ആസിയാന്‍ രാജ്യങ്ങള്‍ കരാര്‍ പ്രസിദ്ധീകരിച്ചതോടെ ഇന്ത്യാ ഗവണ്‍മെന്റും കരാര്‍ പ്രസിദ്ധപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് അനുഗുണമായ ചര്‍ച്ചകളും നിലപാടുകളുമാണെങ്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ആവശ്യമില്ല. ബഹുജനതാല്‍പര്യം അടിയറവെച്ച് ധനിക താല്‍പര്യം മാത്രം പരിരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നടക്കുന്ന ചര്‍ച്ചകളെല്ലാം രഹസ്യമായി സൂക്ഷിക്കുന്നത്.
യൂറോപ്യന്‍ യൂണിയനും ഇസ്രയേലുമായി ഉണ്ടാവാനിടയുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ അത്യന്തം അപകടകരമായിരിക്കും എന്നാണ് സൂചനകള്‍. വലിയ തോതില്‍ സബ്‌സിഡി നല്‍കുന്ന രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെയ്‌ക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വില കുറഞ്ഞ കാര്‍ഷികോല്‍പന്നങ്ങളും വ്യാവസായികോല്‍പന്നങ്ങളും ഇന്ത്യയിലേക്ക് വന്‍തോതില്‍ കടന്നുവരും. ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങളുടെ വില വീണ്ടും ഇടിയും. ഇന്ത്യ നടത്തിവരുന്ന ഭക്ഷ്യസുരക്ഷാ ശ്രമങ്ങള്‍ അപകടത്തിലാകും. ഭക്ഷ്യധാന്യങ്ങള്‍ക്കുവേണ്ടി യൂറോപ്പിനെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കേണ്ട നിലയിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന അപകടവും സ്വതന്ത്ര വ്യാപാര കരാറിന്റെ പിന്നില്‍ പതിയിരിപ്പുണ്ട്. വന്‍തോതില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നതോടെ പാലിന്റെ ഉല്‍പാദനത്തെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരുടെ ജീവിതം വഴിമുട്ടും. സംസ്‌ക്കരിക്കപ്പെട്ട ഭക്ഷ്യോല്‍പന്നങ്ങളും വന്‍തോതില്‍ ഇന്ത്യയിലേക്ക് കടന്നുവരാം. ഇന്ത്യയിലെ വളരുന്ന ഭക്ഷ്യസംസ്‌ക്കരണ വ്യവസായത്തെ സ്വതന്ത്ര വ്യാപാര കരാര്‍ തകര്‍ക്കും. പേറ്റന്റ് നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയാല്‍ മരുന്നുകളുടെയും വിത്തുകളുടെയും വില വന്‍തോതില്‍ വര്‍ദ്ധിക്കും. നിലവിലുള്ള കര്‍ക്കശമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയയ്‌ക്കുന്ന ഉല്‍പന്നങ്ങളെ തടയാന്‍ ആ രാജ്യങ്ങള്‍ക്ക് കഴിയുന്ന സ്ഥിതിയാണുള്ളത്. മറ്റ് ഒട്ടേറെ വികസ്വര രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുകയാണ്. ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ തന്നെയാണ് പല വികസ്വര രാജ്യങ്ങളും ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതി സാധ്യതകളെ ഇത് ദോഷകരമായി ബാധിക്കും. തങ്ങളെ ബാധിച്ച സാമ്പത്തിക കുഴപ്പത്തിന്റെ ഭാരം ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെമേല്‍ കെട്ടിയേല്‍പിക്കാനുള്ള ശ്രമവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നും ഉണ്ടാവും. യൂറോപ്യന്‍ യൂണിയന്‍ തന്നെ വിവിധ രാജ്യങ്ങളുടെ ഒരു സ്വതന്ത്ര വ്യാപാര മേഖലയാണ്. യൂറോപ്യന്‍ യൂണിയനിലെ താരതമ്യേന പിന്നണിയില്‍ കിടക്കുന്ന രാജ്യങ്ങളുടെമേല്‍ ഭാരം കെട്ടിയേല്‍പിക്കാനാണ് ജര്‍മനിയും ഫ്രാന്‍സും ഒക്കെ ശ്രമിക്കുന്നത്. ഗ്രീസും പോര്‍ച്ചുഗലും ഇന്ന് വലിയ പ്രയാസങ്ങളെ അഭിമുഖീകരിക്കുകയാണ്.
സാമാന്യജനങ്ങളുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ ഉപകരിക്കുന്ന തരത്തിലുള്ള വ്യാപാര കരാറുകളില്‍ മാത്രമേ ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടാന്‍ പാടുള്ളൂ. കരാറുകള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കാനും ബഹുജനാഭിപ്രായം മാനിക്കാനും ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാവണം. സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരപരിധിയില്‍പെടുന്ന പല വിഷയങ്ങളെയും ബാധിക്കുന്നവയാണ് പല കരാറുകളും. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി ആലോചിക്കാതെ കേന്ദ്ര ഗവണ്‍മെന്റ് തന്നെ തീരുമാനമെടുക്കുക എന്നത് ജനാധിപത്യവ്യവസ്ഥയ്‌ക്കും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും എതിരാണ്. സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളെപ്പറ്റി സംസ്ഥാന ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാവണം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജനാധിപത്യ സ്ഥാപനമായ പാര്‍ലമെണ്ടിനെ വിശ്വാസത്തില്‍ എടുക്കാതെ കാര്‍ഷിക - വ്യാവസായിക - സേവനമേഖലകളെ ബാധിക്കുന്ന യാതൊരു വിദേശകരാറിലും ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടരുത്. പാര്‍ലമെണ്ടിന്റെ അംഗീകാരത്തോടെ മാത്രമേ ഇത്തരം കരാറുകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടാവൂ.
യൂറോപ്യന്‍ യൂണിയനും ഇസ്രയേലുമായി നടന്നുവരുന്ന ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു ധവളപത്രം പ്രസിദ്ധപ്പെടുത്തണം എന്ന് അഖിലേന്ത്യാ കിസാന്‍ സഭയും മറ്റ് ഇടതുപക്ഷ കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ആസിയന്‍ കരാറിന് എതിരെ ഉണ്ടായതുപോലെ ശക്തിമത്തായ ബഹുജനാഭിപ്രായം വളര്‍ന്നുവരണം.
*****
എസ് രാമചന്ദ്രന്‍പിള്ള, കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം ഇന്ത്യാ ഗവണ്‍മെന്റ് പരമരഹസ്യമായാണ് കാത്തുസൂക്ഷിക്കുന്നത്. ആസിയന്‍ രാജ്യങ്ങളുമായുള്ള കരാര്‍ ഒപ്പിട്ടതിനുശേഷംപോലും അത് പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായിരുന്നില്ല. ആസിയാന്‍ രാജ്യങ്ങള്‍ കരാര്‍ പ്രസിദ്ധീകരിച്ചതോടെ ഇന്ത്യാ ഗവണ്‍മെന്റും കരാര്‍ പ്രസിദ്ധപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് അനുഗുണമായ ചര്‍ച്ചകളും നിലപാടുകളുമാണെങ്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ആവശ്യമില്ല. ബഹുജനതാല്‍പര്യം അടിയറവെച്ച് ധനിക താല്‍പര്യം മാത്രം പരിരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നടക്കുന്ന ചര്‍ച്ചകളെല്ലാം രഹസ്യമായി സൂക്ഷിക്കുന്നത്.
Post a Comment