Sunday, August 1, 2010

ന്യൂനപക്ഷവും ഭൂരിപക്ഷവും

ഇടതുപക്ഷത്തോടുള്ള രാഷ്‌ട്രീയ ശത്രുത കൂടാതെ, സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്താന്‍ ടി ടി ശ്രീകുമാറിനെ സഹായിക്കുന്ന മറ്റു ഘടകങ്ങളുണ്ട്. ഇന്ത്യയെപ്പോലെ ബഹുമത സ്വഭാവമുള്ള ഒരു രാഷ്‌ടത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ജോണ്‍ ലോക്കും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലും സഹായിക്കുകയില്ലെന്ന് അദ്ദേഹം പറയുന്നു. അതിനുപകരം അദ്ദേഹം സ്വീകരിക്കുന്നത് ജോണ്‍ റൌള്‍സിന്റെ സങ്കല്‍പങ്ങളാണ്. അതായത് ലോക്കും മില്ലും ഉയര്‍ത്തിപ്പിടിച്ച വ്യക്തിഗത നീതിക്കും വിതരണ നീതിക്കുമപ്പുറം, പൌരസമൂഹത്തില്‍ സംഘര്‍ഷം നടത്തുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള നീതിയുക്തമായ സമവായം എന്ന ആശയമാണ് അദ്ദേഹം അംഗീകരിക്കുന്നത്. ഇതിനാധാരമായ സംവര്‍ഗങ്ങള്‍ മതം, ഭരണകൂടം, പങ്കാളിത്തം, ബഹുശ്രുതി എന്നിവയാണെന്ന് അദ്ദേഹം പറയുന്നു.

മറ്റൊരു ഭാഷയില്‍ പറയുകയാണെങ്കില്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്തി സ്വാതന്ത്ര്യത്തിലും വിഭവങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിതരണത്തിലും അധിഷ്ഠിതമായ ലിബറല്‍ ജനാധിപത്യ സങ്കല്‍പങ്ങളെ അദ്ദേഹം തിരസ്‌ക്കരിക്കുന്നു. അതിനോടൊപ്പം അന്ന് ഉയര്‍ത്തിപ്പിടിച്ച കേവല മതേതരത്വത്തെയും അദ്ദേഹം തിരസ്‌ക്കരിക്കുന്നു. മതം, ഭരണകൂടം, പങ്കാളിത്തം, ബഹുശ്രുതി എന്നിവയെ ആധാരമാക്കിയ ജനാധിപത്യ സങ്കല്‍പം ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യം ഉയര്‍ത്തിയ ആശയങ്ങളല്ല, അതിനുപകരം, വ്യത്യസ്‌ത നീതിസംഹിതകളും സ്വാവബോധവും ഉള്‍ക്കൊള്ളുന്ന സമുദായങ്ങള്‍ തമ്മിലുള്ള സമവായമാണ്. ഇന്ത്യയില്‍ ഹൈന്ദവ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലും റൌള്‍സിയന്‍ നീതി സങ്കല്‍പത്തെ ആധാരമാക്കിയ സമവായമാണ് ആവശ്യം. ഹൈന്ദവ ഭൂരിപക്ഷ ശക്തികള്‍ തുടര്‍ച്ചയായി ചെയ്‌തു വന്നത് ഈ സമവായത്തിന്റെ നിരാസമാണ്. അവരുടെ മര്‍ദ്ദനം സഹിക്കാതാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറികള്‍ ഉണ്ടായേക്കും, അതിനെ മനസ്സിലാക്കി അവരെ സമവായത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. "ന്യൂനപക്ഷ വര്‍ഗീയത''എന്ന പേരില്‍ അവരെ കടന്നാക്രമിക്കുകയല്ല. അവരെ കടന്നാക്രമിക്കുക വഴി ഇടതുപക്ഷവും സിപിഐ എമ്മും ചെയ്യുന്നത് ഹൈന്ദവ ഭൂരിപക്ഷ ശക്തികളെ ശക്തിപ്പെടുത്തുകയാണ്.

ശ്രീകുമാര്‍ പ്രകടിപ്പിക്കുന്ന മാധ്യമ രാഷ്‌ട്രീയ വിവാദങ്ങളുടെ വാചാടോപ രീതിയെ മാറ്റി നിര്‍ത്തിയാല്‍ മനസ്സിലാകുന്ന വാദങ്ങളാണ് മേല്‍ക്കുറിച്ചത്. ഒറ്റനോട്ടത്തില്‍, ഈ വാദങ്ങളില്‍ കഴമ്പുണ്ടെന്നു തോന്നാം. പൌരസമൂഹങ്ങളുടെ സ്ഥിരതയ്‌ല്ലാവശ്യം വ്യത്യസ്‌ത വിഭാഗങ്ങളുടെ സമവായമല്ലേ? അതിനല്ലേ ഭരണകൂടം മുന്നിട്ടിറങ്ങേണ്ടത് ? മതങ്ങളുടെ സ്വത്വബോധത്തെ മാനിക്കാതെയും അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ നീതിയുക്തമായ പങ്കാളിത്തം നല്‍കാതെയും അവരുടെമേല്‍ നടത്തുന്ന കടന്നാക്രമണം നീതി നിഷേധമല്ലേ? ഇതെല്ലാം ശരിയാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ തീര്‍ച്ചയായും ഏകപക്ഷീയമായ സര്‍വാധിപത്യത്തിന്റെയും ഏകമതാധിപത്യത്തിന്റെയും ശക്തികളാണ്. ഇന്ത്യയിലെ ഹൈന്ദവ ഭൂരിപക്ഷ ശക്തികള്‍ ഇത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയുമാണ്. ചോദ്യം ഇതാണ്: ഇടതുപക്ഷവും സിപിഐ എമ്മും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളാണോ?

ഇവിടെ ശ്രീകുമാറിന്റെ ന്യൂനപക്ഷ, ഭൂരിപക്ഷ സങ്കല്‍പങ്ങളില്‍ കടന്നുവരുന്ന ചില ആശയങ്ങളുണ്ട്. അതിലൊന്ന് മതേതരത്വമാണ്. മതേതരത്വവും മതനിരപേക്ഷതയും അദ്ദേഹം അര്‍ത്ഥ വ്യത്യാസം കൂടാതെയാണ് ഉപയോഗിക്കുന്നത്. മതേതരത്വം മതങ്ങളില്‍നിന്ന് ഇതരമായ ആശയസംഹിതയും ജീവിതരീതിയും വെച്ചു പുലര്‍ത്താനുള്ള മനുഷ്യരുടെ അവകാശമാണ്; മതനിരപേക്ഷത മതങ്ങള്‍ തമ്മിലുള്ള ഭിന്നത കണക്കിലെടുക്കാതെ ഒരു പൊതുമണ്ഡലം സൃഷ്‌ടിക്കാനുള്ള ശ്രമമാണ്. 18-19 നൂറ്റാണ്ടിലെ ചിന്തകര്‍ പ്രധാനമായും ഊന്നിയത് മതേതരത്വത്തിലാണ്. 20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ചിന്തകര്‍ ഊന്നിയത് മതനിരപേക്ഷതയിലാണ്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥമാണ് ശ്രീകുമാര്‍ പൊതുവില്‍ അംഗീകരിക്കുന്നതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ഇടതുപക്ഷവുമായി അദ്ദേഹത്തിന് അഭിപ്രായ ഭിന്നത ഉണ്ടാകേണ്ട കാര്യമില്ല. രണ്ടാമത്, മതേതരത്വത്തിന്റെ (മതനിരപേക്ഷതയുടെ?) താത്വികതലവും പ്രായോഗികതലവും തമ്മില്‍ അദ്ദേഹം വേര്‍തിരിക്കുന്നുണ്ട്. താത്വികതലത്തില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നാലും സമൂഹ പ്രയോഗത്തില്‍ വരുന്നത് ജീവിതരീതിയുടെ പ്രായോഗികതലമാണ്. അവിടെയാണ് നീതിയുക്തമായ സമവായം ആവശ്യമുള്ളത്. എന്നാല്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഈ രണ്ടു തലങ്ങളും തമ്മില്‍ കൂട്ടിക്കുഴച്ച് ആക്രമിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. അതിലും വസ്‌തുതയുണ്ട്. കാരണം സമവായം ആവശ്യമുള്ളത് വ്യത്യസ്‌ത ജീവിതരീതികളുടെ നീതിയുക്തമായ അംഗീകാരത്തിലാണ്. അത് കേവലം മതമേലധ്യക്ഷന്മാരുടെ "വേദി പങ്കിട''ലല്ല, ഇന്ദിരാഗാന്ധി മുമ്പു പറഞ്ഞ 'സര്‍വമത സമദ്ഭാവവു'മല്ല. അതിനുപകരം, മുമ്പു സൂചിപ്പിച്ച സമവായത്തിലടിയുറച്ച മതനിരപേക്ഷമായ പൊതുമണ്ഡലത്തിന്റെ സൃഷ്‌ടിയാണ്. ഇതിലൊന്നിലും ഇടതുപക്ഷത്തിന് അഭിപ്രായഭിന്നതയുണ്ടാവേണ്ടതില്ല.

ഇത്തരം സമവായം എങ്ങനെ സാധിക്കും? പാശ്ചാത്യ രാഷ്‌ടങ്ങളില്‍ നിലനിന്ന ഏകമത ഭരണകൂടങ്ങളുടെ ആശയങ്ങളാണ് ഇന്നത്തെ മതേതര സങ്കല്‍പം എന്ന് അദ്ദേഹം വാദിക്കുന്നു. അത് ബഹുമത സ്വഭാവമുള്ള നമ്മുടെ രാഷ്‌ടങ്ങള്‍ക്ക് അനുയോജ്യമല്ല. അത്തരം രാഷ്‌ടങ്ങളില്‍ ഭൂരിപക്ഷമതവുമായുണ്ടാക്കിയ കരാറനുസരിച്ചാണ് ഭരണകൂടം പ്രവര്‍ത്തിച്ചത്. അതിന്റെ മാതൃകയില്‍ ഭൂരിപക്ഷ ഹിന്ദുമതവുമായുണ്ടാക്കിയ കരാറനുസരിച്ചാണ് ഇന്ത്യന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലമാണ് ഭൂരിപക്ഷവും ന്യൂനപക്ഷവും ഇവ തമ്മിലുള്ള സംഘര്‍ഷങ്ങളും.

ഇവിടെ ചരിത്രപരമായ സ്‌ഖാലിത്യം ശ്രീകുമാറിന്റെ വാദങ്ങളില്‍ കടന്നുകൂടുന്നുണ്ട്. ശ്രീകുമാറിന്റെ 'മതം' ഏകസ്വര സ്വഭാവമുള്ള ഒരു സംവര്‍ഗമാണ്. ഈ മതത്തിനകത്തുവരുന്ന ഭിന്നതകളെയും വൈരുദ്ധ്യങ്ങളെയും അദ്ദേഹം കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തിന്റെ ഉദാഹരണത്തില്‍നിന്നു തന്നെ, നെപ്പോളിയന്‍ കരാറുണ്ടാക്കിയത് റോമന്‍ കത്തോലിക്കാമതവുമായാണ്. നെപ്പോളിയന്റെ ശത്രുക്കളായ ഇംഗ്ളണ്ടിലും ജര്‍മ്മനിയിലും പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷമായിരുന്നു. ഇംഗ്ളണ്ടില്‍ പ്രൊട്ടസ്റ്റന്റ് രാജഭരണത്തിന്‍കീഴില്‍ കാല്‍വിനിസ്റ്റ് പ്യൂരിറ്റാന്‍മാര്‍ ശ്രീകുമാറിന്റെ ഭാഷയില്‍ 'ന്യൂനപക്ഷ'മായിരുന്നു. അവരാണ് അമേരിക്കയിലെ ആദ്യത്തെ ഇംഗ്ളീഷ് കുടിയേറ്റക്കാര്‍. ഇംഗ്ളണ്ടും അയര്‍ലണ്ടും തമ്മില്‍ നടന്നുപോരുന്ന സംഘര്‍ഷം പ്രൊട്ടസ്റ്റന്റ് - കത്തോലിക്കാ സംഘര്‍ഷം കൂടിയാണ്. ഇതെല്ലാം കൂടാതെ എല്ലാ യൂറോപ്യന്‍ രാഷ്‌ടങ്ങളിലും ഒരു പൊതു ന്യൂനപക്ഷം കൂടിയുണ്ടായിരുന്നു; ജൂതന്മാര്‍. പിന്നീടുയര്‍ന്നുവന്ന സിയോണിസം യൂറോപ്പിലെ ഭൂരിപക്ഷ മതാധിപത്യത്തിനെതിരായി ഉയര്‍ന്നുവന്നതാണ്.

ഭാഷാ സാംസ്‌ക്കാരിക തലം കൂടി കണക്കിലെടുത്താല്‍ ബഹുസ്വരത യൂറോപ്യന്‍ രാഷ്‌ടങ്ങള്‍ക്കും അന്യമായിരുന്നില്ല. ജര്‍മ്മനിയിലെ ഫാസിസം 'ന്യൂനപക്ഷ'ങ്ങളായ ജൂതന്മാരെയും സ്ളാവുകളെയും (കൂട്ടത്തില്‍ കമ്യൂണിസ്റ്റുകാരെയും) ശത്രുക്കളായി കണ്ടായിരുന്നു. അതേസമയം ആസ്‌ട്രിയയിലെ ഭൂരിപക്ഷ ജര്‍മ്മന്‍കാര്‍ക്കും പോളണ്ടിലെയും ചെക്കോസ്ളോവാക്യയിലെയും 'ന്യൂനപക്ഷ' സുഡെറ്റെന്‍ - പോളിഷ് ജര്‍മ്മന്‍കാര്‍ക്കും അനുകൂലമായാണ് ഹിറ്റ്ലര്‍ തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഇവിടെയെല്ലാം മത - സാംസ്‌ക്കാരിക ഭിന്നതകള്‍ പക്ഷങ്ങളായി മാറിയതും അവ രാഷ് ട്രീയമായി ഉപയോഗിക്കപ്പെട്ടതും കാണാം.

ശ്രീകുമാര്‍ ഉപയോഗിക്കുന്ന മറ്റൊരുദാഹരണവും പ്രസക്തമാണ്. മുസ്ളീം സ്‌ത്രീകള്‍ 'ഹിജാബ്' ഉപയോഗിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ഫ്രഞ്ച് നിയമമാണത്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സൂചനയായാണ് അദ്ദേഹം അതിനെ കാണുന്നത്. അത് ശരിയുമാണ്. അതിനോടൊപ്പം മറ്റൊന്നും കൂടി അതു സൂചിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷമായ പൊതുമണ്ഡലം സൃഷ്‌ടിക്കുന്നതില്‍ യൂറോപ്യന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ വിജയിച്ചിട്ടില്ലെന്ന വസ്‌തുതയാണത്. അതുപോലെ മറ്റൊരു ചോദ്യവും അതുന്നയിക്കുന്നു. മതനിരപേക്ഷതയുടെയും മതപരമായ സമവായത്തിന്റെയും മാനദണ്ഡങ്ങള്‍ എന്താണ് ? സമവായത്തിന്റെയും പരസ്‌പരാംഗീകാരത്തിന്റെയും അവയുടെ അടിസ്ഥാനത്തിലുള്ള നീതിയുടെയും ഏതു രൂപങ്ങളാണ് പൊതുമണ്ഡലത്തിന്റെ സൃഷ്‌ടിയെ സഹായിക്കുക? അവ മതസ്വത്വങ്ങളുടെയോ ഭാഷാ സാംസ്‌ക്കാരിക സ്വത്വങ്ങളുടെയോ അടിസ്ഥാനത്തില്‍ ചിതറിപ്പോവുകയില്ലെന്നതിന് എന്താണുറപ്പ് ?

ഈ പ്രശ്‌നങ്ങള്‍ ബഹുമതാധിഷ്ഠിതമായ ഇന്ത്യയില്‍ കൂടുതല്‍ ഗൌരവമുള്ളതാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ പിറവി തന്നെ മതാധിഷ്ഠിതമായ വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ആ വിഭജനത്തിന്റെ ബാലാരിഷ്‌ടതകള്‍ കാശ്‌മീരിന്റെയും ബംഗ്ളാദേശ് കുടിയേറ്റക്കാരുടെയും രൂപത്തില്‍ ഇന്നും നമ്മെ പിന്തുടരുന്നു. ഇതേ സാഹചര്യത്തില്‍ പിറന്നുവീണ ഭരണഘടനാപരമായ സമവായമാണ് ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച സങ്കല്‍പവും. അതായത് ഇന്ത്യയില്‍ ഭൂരിപക്ഷംപോലെ ന്യൂനപക്ഷവും ഭരണകൂടവുമായുള്ള കരാറാണ്, ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരമായി നിലനിര്‍ത്തപ്പെടുന്ന നിയമരൂപമാണ്. അതായത്, ശ്രീകുമാര്‍ പറയുന്ന സംവര്‍ഗങ്ങളിലെ പങ്കാളിത്തത്തെയും ബഹുശ്രുതിയെയും നിയമപരമായി നിലനിര്‍ത്തുന്ന കരാറായാണ് ഇന്ന് ഭരണഘടന പ്രവര്‍ത്തിക്കുന്നത്.

ഏകമത സ്വഭാവമുള്ളതെന്നു പറയപ്പെടുന്ന ഭരണകൂടങ്ങള്‍ക്ക് ഏകമത സ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്. അവരുടെ പ്രത്യേകതകള്‍ മറ്റു പ്രദേശങ്ങളെയും രാഷ്‌ടങ്ങളെയും കീഴടക്കാനും നിയന്ത്രിക്കാനുമുള്ള ഒഴിവു കഴിവായി മാറിയെന്നു കാണാം. അതേസമയം, ബഹുമത സ്വഭാവമുള്ള ഒരു രാഷ്‌ടത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സമവായത്തിന്റെ രൂപമായി ഭരണഘടന പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തീര്‍ച്ചയായും, ഭരണകൂടത്തിന്റെ നിയമരൂപങ്ങള്‍കൊണ്ടു മാത്രം സമവായവും നീതിയും ഉറപ്പുവരുത്താന്‍ കഴിയുകയില്ലെന്നതിന്റെ പ്രകടമായ ഉദാഹരണം ഇന്ത്യ തന്നെയാണ്. സാമൂഹ്യ സംഘര്‍ഷങ്ങളാല്‍ നല്‍കപ്പെടുന്ന സാങ്കേതികവും നിയമപരവുമായ പരിഹാരങ്ങള്‍ക്ക് സ്ഥായിയായ സ്വാധീനം ഉണ്ടാവുകയില്ല. സമവായം എത്ര ഉദാത്തമായ സങ്കല്‍പമായാലും അതിനു പരിമിതികളുണ്ടെന്ന് ഇപ്പോള്‍ ശക്തിപ്പെടുന്ന സ്വത്വ സംഘര്‍ഷങ്ങള്‍ തന്നെ തെളിയിക്കുന്നു.

ഇവിടെയാണ് ശ്രീകുമാറിന്റെ രാഷ്‌ട്രീയ നിലപാടിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. ശ്രീകുമാറിന് ന്യൂനപക്ഷവും ഭൂരിപക്ഷവും ഇന്ത്യയിലെ "പോസ്റ്റ് കൊളോണിയല്‍'' ഭരണകൂടം വരുത്താന്‍ ശ്രമിച്ച നിയമവ്യവസ്ഥയുടെ രൂപമല്ല. 1932 മുതല്‍ കേരളത്തില്‍ (ഇന്ത്യയിലും?) വളര്‍ന്നുവന്ന സംഘര്‍ഷങ്ങളുടെ രൂപമാണ്. 1932ന് മറ്റൊരു പ്രാധാന്യമുണ്ട്. അന്നു മുതലാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സൃഷ്‌ടിയായ കമ്യൂണല്‍ അവാര്‍ഡ് നിലവില്‍ വരുന്നതും ഭരണതലത്തിലും ഔദ്യോഗിക തലത്തിലും സംവരണം വ്യവസ്ഥാപിതമാകുന്നതും. അതായത് കൊളോണിയലിസത്തിന്റെയും പോസ്റ്റ് കൊളോണിയല്‍ ഭരണകൂടത്തിന്റെയും നിയമപരമായ രൂപങ്ങള്‍ സമൂഹതലത്തിലെ വൈരുദ്ധ്യങ്ങളെ മാറ്റിയെടുക്കുകയും അവയ്‌ക്ക് അധികാരഘടനയിലെ "പങ്കാളിത്ത''ത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷങ്ങളുടെ രൂപം നല്‍കുകയും ചെയ്‌തു. ഇവ വീണ്ടും സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കു ജന്മം നല്‍കി. ഇത്തരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ മനുഷ്യരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി വളര്‍ന്നുവരുന്ന ജൈവരൂപങ്ങളല്ല, ബൂര്‍ഷ്വാ അധികാരഘടനയുടെ നിര്‍മ്മിതിയുടെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്ന ദ്വിതീയ സ്വഭാവമുള്ള പോരാട്ടങ്ങളാണ്. ഇവയെയാണ് ശ്രീകുമാര്‍ ജനാധിപത്യ നിര്‍മ്മിതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളായി കാണുന്നത്. ഇവയ്‌ക്ക് സാമൂഹ്യതലത്തില്‍ പ്രസക്തിയുണ്ട്. ആ പ്രസക്തി ബൂര്‍ഷ്വാ ജനാധിപത്യസംവിധാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രസക്തിയാണെന്നു മാത്രം.

ശ്രീകുമാര്‍ അതുകൊണ്ട് അവസാനിപ്പിക്കുന്നില്ല. ബൂര്‍ഷ്വാ ജനാധിപത്യ ഘടനയുമായി വളര്‍ന്നുവന്ന ഭൂരിപക്ഷ - ന്യൂനപക്ഷ സങ്കല്‍പങ്ങളെ പൌരസമൂഹത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനാശയങ്ങളായി അദ്ദേഹം കാണുന്നു. ഭൂരിപക്ഷവുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഭരണകൂടങ്ങള്‍ ന്യൂനപക്ഷത്തിനെതിരെയുള്ള മര്‍ദ്ദന ഉപകരണങ്ങളാണ്. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും നിയമപരമായ സങ്കല്‍പങ്ങളല്ല. സമൂഹഘടനയെ നിര്‍ണയിക്കുന്ന അടിസ്ഥാന സംവര്‍ഗങ്ങളാണ്. അതായത് ബൂര്‍ഷ്വാ ലിബറലുകളുടെ സാമൂഹ്യസംഘര്‍ഷങ്ങള്‍ക്കും മാര്‍ക്സിസ്റ്റുകാരുടെ വര്‍ഗസമരത്തിനും ബദലായി അദ്ദേഹം അവതരിപ്പിക്കുന്നത് ന്യൂനപക്ഷവും ഭൂരിപക്ഷവും പ്രതിനിധീകരിക്കുന്ന സ്വത്വസംഘര്‍ഷങ്ങളാണ്. അല്ലെങ്കില്‍ ഭൂരിപക്ഷ ഹൈന്ദവ രാഷ്‌ട്രീയവും ന്യൂനപക്ഷ ക്രിസ്‌ത്യന്‍ - മുസ്ളീം രാഷ്‌ട്രീയങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. അതോടെ സ്വത്വസംഘര്‍ഷങ്ങള്‍ കേന്ദ്ര സ്ഥാനത്തിലേക്കു വരുകയും മറ്റുള്ളവ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ജനാധിപത്യം, നീതി, സാമൂഹ്യമായ സമവായം തുടങ്ങിയവയ്‌ക്ക് സ്വത്വപരമായ അര്‍ത്ഥങ്ങള്‍ കൈവരികയും ചെയ്യുന്നു.

സ്വത്വസംഘര്‍ഷങ്ങള്‍ മുമ്പു സൂചിപ്പിച്ചതുപോലെ ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും പരിമിതികളുടെ ഫലങ്ങളാണ്. ഈ പരിമിതികളാണ് ഫാസിസത്തെയും സൃഷ്‌ടിച്ചത്. മതഭൂരിപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രയോഗത്തിന് ഫാസിസ്റ്റ് സ്വഭാവം കൈവരുന്നതും ഇതുകൊണ്ടു തന്നെ. ഫാസിസത്തെ ഫാസിസം കൊണ്ടല്ല ചെറുക്കേണ്ടത് എന്ന് ശ്രീകുമാറും സമ്മതിക്കും. ഫാസിസത്തെ ചെറുക്കാന്‍ വിശാല ജനാധിപത്യ ഐക്യം എന്ന ആശയവും മുമ്പുതന്നെ വെയ്‌ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ ജനാധിപത്യ ഐക്യത്തിന്റെ അടിത്തറ സ്വത്വപരമായ സമവായമാകണമെന്നു പറഞ്ഞാല്‍ അതോടെ ഭൂരിപക്ഷ സ്വത്വമടക്കമുള്ള സ്വത്വങ്ങളുടെ അസ്‌തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്യുക. ഭൂരിപക്ഷമില്ലാതെ ന്യൂനപക്ഷമില്ല. ന്യൂനപക്ഷമില്ലാതെ ഭൂരിപക്ഷവുമില്ല. ഓരോ മതവും സമുദായവും നിലനില്‍ക്കുന്നത് മറ്റു സമുദായങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് അവ തമ്മിലുള്ള സമവായം ജനാധിപത്യത്തിന്റെയും ബഹുശ്രുതിയുടെയും പങ്കാളിത്തത്തിന്റെയും അടിത്തറയാകുമ്പോള്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടും. അതായത് അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം മുതലായ ഭരണഘടനയിലെ ബൂര്‍ഷ്വാ ലിബറല്‍ ആശയങ്ങള്‍ക്കുപോലും പ്രസക്തിയില്ലാതാകും. ഭൂരിപക്ഷാധിപത്യത്തെ ചെറുത്തുനില്‍ക്കാന്‍ ന്യൂനപക്ഷത്തിനു കഴിഞ്ഞേക്കാം. പക്ഷേ അത് ഭൂരിപക്ഷവും ന്യൂനപക്ഷവും ചേര്‍ന്ന് മതങ്ങള്‍ എന്ന നിലയില്‍ ജനങ്ങളുടെ പ്രവര്‍ത്തനത്തിനും ചിന്തയ്‌ക്കും മേല്‍ അടിച്ചേല്‍പിക്കുന്ന മര്‍ദ്ദനത്തിന്റെ രൂപം കൈക്കൊള്ളും.

ഇതാണോ ശ്രീകുമാറിനെപ്പോലുള്ള ബുദ്ധിജീവികളും മറ്റു സ്വത്വ രാഷ്‌ട്രീയക്കാരും ആഗ്രഹിക്കുന്നത് ? ഇത്തരത്തിലുള്ള സാമുദായിക സമവായമാണോ നമ്മുടെ ആദര്‍ശ ജനാധിപത്യം? ഇസ്ളാമിക സ്വത്വ രാഷ്‌ട്രീയക്കാരില്‍ ഒരു വിഭാഗമെങ്കിലും നവമെഡീവല്‍ സ്വഭാവമുള്ള ഇസ്ളാമിക രാഷ്‌ടത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അതേ സ്വഭാവം തന്നെയാണ് ഹിന്ദു രാഷ്‌ടത്തിനും ഉള്ളത്. ക്രൈസ്‌തവസഭ നേരിട്ട് രാഷ്‌ട്രീയത്തിലേക്കു വരുന്നതോടെ നവമെഡീവല്‍ സ്വഭാവം അവരിലേക്കും കടന്നുവന്നിരിക്കുന്നു. ഇവരെല്ലാവരും കൂടി സൃഷ്‌ടിക്കുന്ന ജനാധിപത്യ "സമവായം'' എന്തായിരിക്കും? ഒന്നു വ്യക്തമാണ്. ശ്രീകുമാര്‍ തന്നെ സൂചിപ്പിക്കുന്ന സ്വകാര്യ നിക്ഷേപങ്ങളുടെയും ഉടമാവകാശങ്ങളുടെയും സംരക്ഷണത്തില്‍ തന്നെയാണ് പ്രായോഗികമായി ന്യൂനപക്ഷ - ഭൂരിപക്ഷ രാഷ്‌ട്രീയങ്ങള്‍ ഊന്നുന്നത്. അവരുടെ ഇടയില്‍ തന്നെയുള്ള ചൂഷിതരുടെയും പുറന്തള്ളപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ സമുദായ പ്രശ്‌നങ്ങളായാണ് അവര്‍ കാണുന്നത്. അതായത് ഓരോ സമുദായവും നിലനില്‍ക്കുന്നത് അവരുടെ ഉള്ളിലെ ചൂഷിതരും ചൂഷകരും തമ്മില്‍ മതസമുദായങ്ങളുടെ അടിസ്ഥാനത്തില്‍ അടിച്ചേല്‍പിക്കപ്പെടുന്ന സമവായത്തിലാണ്. ഇതു നിലനിര്‍ത്തുന്നതിനുള്ള ആന്തരിക മര്‍ദ്ദന രൂപങ്ങള്‍ ഓരോ സമുദായത്തിലും വളര്‍ന്നുവരുന്നു.

ഈ മര്‍ദ്ദന രൂപങ്ങളാണ് ഇസ്ളാമിക വിവാഹമോചനമുറകളെ സംബന്ധിച്ചും ദളിത് ക്രൈസ്‌തവരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ജാതിപരമായ മര്‍ദ്ദനമുറകളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളായി നമ്മുടെ മുമ്പില്‍ വരുന്നത്. അതുകൊണ്ടാണ് ശരിഅത്തും മനുസ്‌മൃതിയും സഭാ കീഴ്വഴക്കങ്ങളും സംബന്ധിച്ച വിവാദങ്ങളായി മാറുന്നത്. സ്വന്തം സമുദായത്തിന്റെ നിയന്ത്രണം സാധിക്കുന്നത് മറ്റു സമുദായങ്ങള്‍ക്കെതിരായുള്ള ശക്തമായ പ്രചരണത്തിലൂടെ കൂടിയാണ്. അവയൊന്നും താത്വികമായ സംവാദങ്ങളല്ല. അവ അധികാരഘടനയിലെ നിയമപരമായ പങ്കാളിത്തത്തെ ചൊല്ലി മാത്രമുള്ള തര്‍ക്കങ്ങളല്ല. അവയുടെ ഉറവിടങ്ങള്‍ സാംസ്‌ക്കാരവും ജീവിതരീതികളുമാണ്. ഇത്തരം തര്‍ക്കങ്ങള്‍ സൃഷ്‌ടിക്കുന്ന സംഘര്‍ഷങ്ങളാണ് വര്‍ഗീയരൂപങ്ങളായി മാറുന്നത്; മതനിരപേക്ഷമായ പൊതുമണ്ഡലത്തിന്റെ രൂപീകരണത്തെയും ജനാധിപത്യത്തെയും തകര്‍ക്കുന്നത്. അവ ഏതു കോണില്‍നിന്ന് വന്നാലും അതിശക്തമായി വിമര്‍ശിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പിന് ആവശ്യമാണ്.

ഇടതുപക്ഷം വിമര്‍ശിക്കുന്നത് ഒരു അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ മാത്രമല്ല, ഹൈന്ദവ ഭീകരര്‍ നടത്തിയ മെക്കാമസ്‌ജിദ്,മാലെഗാവ്, അജ്‌മീര്‍ സ്‌ഫോടനങ്ങളെയും ഒറീസയിലും മറ്റു സ്ഥലങ്ങളിലും ക്രിസ്‌ത്യന്‍ പുരോഹിതര്‍ക്കെതിരെ ഹൈന്ദവഭീകരര്‍ നടത്തിയ ആക്രമണങ്ങളെയുമാണ്. കേരളത്തില്‍ ജോസഫ് ഗ്രൂപ്പിനെയും ഐഎന്‍എല്ലിനെയും ഇടതുപക്ഷം പുറത്തുചാടിച്ചതല്ല. അവരുടെ ഇടയില്‍ നടക്കുന്ന സ്വത്വപരമായ ദൃഢീകരണ പ്രക്രിയയുടെ ഭാഗമായി സ്വയം വിട്ടുപോവുകയായിരുന്നു. സ്വത്വസംഘര്‍ഷങ്ങളുടെയോ ഭൂരിപക്ഷ ആക്രമണത്തിനെതിരായി ന്യൂനപക്ഷം നടത്തുന്ന സമരങ്ങളുടെ പ്രാധാന്യത്തെയോ ഇടതുപക്ഷം കുറച്ചുകാണുന്നില്ല. സ്വത്വവാദികളുടെ 'സഹതാപ'ത്തിനു പാത്രമാകുന്ന പല ബുദ്ധിജീവികളും ഇടതുപക്ഷത്തോടൊപ്പം പോരാടാന്‍ തയ്യാറാകുന്നതും അതേ കാരണം കൊണ്ടാണ്. ചൂഷകവര്‍ഗങ്ങള്‍ക്കെതിരായും ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായും നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ന്യൂനപക്ഷങ്ങളുടെമേലുള്ള മര്‍ദ്ദനങ്ങളുടെ പ്രശ്‌നങ്ങളും ഏറ്റെടുക്കാനും പോരാടാനും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ ഇടങ്ങളിലെല്ലാം അതു ചെയ്‌തുപോരുന്നുമുണ്ട്.

അവിടെ ശ്രീകുമാറിന്റെ "ഹൈന്ദവ ഇടതുപക്ഷ'' വാദത്തിന്റെ പ്രസക്തി കൂടുതല്‍ പ്രകടമാകുന്നു. ഇത്തരത്തിലുള്ള സമരങ്ങളില്‍ കണ്ണിചേരുക ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെയും ആവശ്യമാണ്. ബാബ്റി മസ്‌ജിദ് തകര്‍ക്കലിനെതിരായ സമരത്തിലും ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരായ നിരവധി സമരങ്ങളിലും ഈ ഐക്യം പ്രകടമായിട്ടുണ്ട്. ഇതേ ഐക്യം തന്നെ ചൂഷകര്‍ക്കെതിരായ പൊതു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ശ്രമിക്കേണ്ടതുണ്ട്. ആ ഐക്യത്തിന്റെ പ്രധാനകണ്ണിയായ ഇടതുപക്ഷത്തെ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താവായി അപ്പുറത്തുനിര്‍ത്തുന്നതോടെ തകരുന്നത് ഈ ഐക്യമാണ്, സ്വത്വരാഷ്‌ട്രീയക്കാര്‍ക്കൊഴികെ ന്യൂനപക്ഷങ്ങളിലെ സാധാരണക്കാര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള മതിപ്പാണ്. അതിലൂടെ തകരുന്നത് സാമൂഹ്യവിപ്ളവത്തിലൂടെ വളര്‍ന്നുവരേണ്ട പുതിയൊരു നീതി സങ്കല്‍പമാണ്. ഈ പരിവര്‍ത്തനാത്മക നീതിയുടെ നിരാകരണമാണ് സാമൂഹ്യവിപ്ളവത്തിനുപകരം ഭൂരിപക്ഷ - ന്യൂനപക്ഷ സ്വത്വ സംഘര്‍ഷങ്ങളെ പ്രതിഷ്ഠിക്കുന്നതിലൂടെ ശ്രീകുമാര്‍ ചെയ്യുന്നത്. ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും കുഴിമാടം മാന്താന്‍ കാത്തുനില്‍ക്കുന്നവര്‍ നിരവധിയുണ്ട്, ധാരാളം ബുദ്ധിജീവികളും. അതിനുശേഷമുണ്ടാകുന്ന ലോകം ഫാസിസ്റ്റാവുകയില്ലെന്ന് അവര്‍ക്ക് ഉറപ്പു പറയാന്‍ കഴിയുമോ?

*****

ഡോ. കെ എന്‍ ഗണേശ്, കടാപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അവിടെ ശ്രീകുമാറിന്റെ "ഹൈന്ദവ ഇടതുപക്ഷ'' വാദത്തിന്റെ പ്രസക്തി കൂടുതല്‍ പ്രകടമാകുന്നു. ഇത്തരത്തിലുള്ള സമരങ്ങളില്‍ കണ്ണിചേരുക ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെയും ആവശ്യമാണ്. ബാബ്റി മസ്‌ജിദ് തകര്‍ക്കലിനെതിരായ സമരത്തിലും ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരായ നിരവധി സമരങ്ങളിലും ഈ ഐക്യം പ്രകടമായിട്ടുണ്ട്. ഇതേ ഐക്യം തന്നെ ചൂഷകര്‍ക്കെതിരായ പൊതു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ശ്രമിക്കേണ്ടതുണ്ട്. ആ ഐക്യത്തിന്റെ പ്രധാനകണ്ണിയായ ഇടതുപക്ഷത്തെ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താവായി അപ്പുറത്തുനിര്‍ത്തുന്നതോടെ തകരുന്നത് ഈ ഐക്യമാണ്, സ്വത്വരാഷ്‌ട്രീയക്കാര്‍ക്കൊഴികെ ന്യൂനപക്ഷങ്ങളിലെ സാധാരണക്കാര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള മതിപ്പാണ്. അതിലൂടെ തകരുന്നത് സാമൂഹ്യവിപ്ളവത്തിലൂടെ വളര്‍ന്നുവരേണ്ട പുതിയൊരു നീതി സങ്കല്‍പമാണ്. ഈ പരിവര്‍ത്തനാത്മക നീതിയുടെ നിരാകരണമാണ് സാമൂഹ്യവിപ്ളവത്തിനുപകരം ഭൂരിപക്ഷ - ന്യൂനപക്ഷ സ്വത്വ സംഘര്‍ഷങ്ങളെ പ്രതിഷ്ഠിക്കുന്നതിലൂടെ ശ്രീകുമാര്‍ ചെയ്യുന്നത്. ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും കുഴിമാടം മാന്താന്‍ കാത്തുനില്‍ക്കുന്നവര്‍ നിരവധിയുണ്ട്, ധാരാളം ബുദ്ധിജീവികളും. അതിനുശേഷമുണ്ടാകുന്ന ലോകം ഫാസിസ്റ്റാവുകയില്ലെന്ന് അവര്‍ക്ക് ഉറപ്പു പറയാന്‍ കഴിയുമോ?