അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാനതകളില്ലാത്ത പൈശാചികതയുടെ നിത്യസ്‌മാരകങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. ചരിത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്‌ത ഏറ്റവും വലിയ ക്രൂരത. ഞൊടിയിടകൊണ്ട് സമസ്‌ത ജീവജാലങ്ങളേയും തുടച്ചുനീക്കി ഹരിതഭൂമിയെ ഊഷരഭൂമിയാക്കി മാറ്റാന്‍ കെല്‍പുള്ള അണ്വായുധം ജീവന്റെ അതിജീവനത്തെ അപകടകരമാംവിധം അസ്ഥിരപ്പെടുത്തിയിരിക്കുന്നു.
രണ്ടാംലോക മഹായുദ്ധത്തിന്റെ ഒന്നാം പാദത്തില്‍ (1939-41) അച്ചുതണ്ട് ശക്തികള്‍ (ഇറ്റലി - ജര്‍മ്മനി - ജപ്പാൻ) വന്‍ മുന്നേറ്റം നടത്തി. യൂറോപ്യന്‍ വന്‍കര ഏറെക്കുറെ പൂര്‍ണ്ണമായി ഹിറ്റ്ലറുടെ നിയന്ത്രണത്തിലായി. ഏഷ്യയില്‍ ജപ്പാന്‍ അതിദ്രുതം മുന്നേറി. ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമണത്തോടെയാണ് യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി മാറുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനത നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനം - ഏകദേശം 2 കോടി റഷ്യക്കാര്‍ - കൊല്ലപ്പെട്ടു. കമ്യൂണിസ്‌റ്റ് റഷ്യയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ശക്തനുമായ ഏകാധിപതി - അഡോള്‍ഫ് ഹിറ്റ്ലര്‍ - പരാജയത്തിന്റെ പനിനീർ കുടിച്ച് കാമുകി ഇവാ ബ്രൌണിനൊപ്പം ആത്മഹത്യ ചെയ്‌തു.
1940 ജൂണ്‍ 11ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറ്റലി 1942 അവസാനമാകുമ്പോഴേയ്‌ക്കും പരാജയത്തിന്റെ വഴിയിലായി. ഇറ്റലിയിലെ ഫാസിസ്‌റ്റ് വിരുദ്ധ ശക്തികള്‍ മുസ്സോളിനിയെ പുറത്താക്കി. 1945 ഏപ്രില്‍ 28ന് മുസ്സോളിനിയേയും ഭാര്യയേയും വെടിവെച്ചു കൊന്നതോടെ ഫാസിസത്തിന് ഇറ്റലിയില്‍ അന്ത്യമായി.
ഹിറ്റ്ലറും മുസ്സോളിനിയും വീണെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ ജനറല്‍ ടോജോയുടെ ജപ്പാന്‍ മുന്നേറ്റം തുടര്‍ന്നു. 1941ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. 1817-1825 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ ആവിഷ്‌ക്കരിച്ച 'മണ്‍റോ സിദ്ധാന്ത' പ്രകാരം അമേരിക്കന്‍ വന്‍കരകള്‍ക്ക് പുറത്ത് രാഷ്‌ട്രീയ - സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നില്ല. ലീഗ് ഓഫ് നേഷന്‍സില്‍ അമേരിക്ക അംഗമാകാതിരുന്നത് ഇതുമൂലമാണ്. സാര്‍വ്വദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈ 'ഒറ്റപ്പെടല്‍ നയം' (Isolation Policy) എന്നന്നേയ്‌ക്കുമായി അവസാനിപ്പിച്ച് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തില്‍ പ്രവേശിച്ചത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്നാണ്.
രണ്ടാംലോക മഹായുദ്ധത്തിന്റെ രണ്ടാംപാദത്തില്‍ (1941-1945) സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റം സാമ്രാജ്യത്വശക്തികളെ അലോസരപ്പെടുത്തി. സോവിയറ്റ് സ്വാധീനമേഖലകള്‍ വിപുലമാകുന്നത് മുതലാളിത്തശക്തികളുടെ സൈനിക - രാഷ്‌ട്രീയ - സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നതിനാല്‍ സോവിയറ്റ് ഇതര സഖ്യകക്ഷികളുടെ സഖ്യത്തിന് 1940കളില്‍ത്തന്നെ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചിരുന്നു. 1941 ആഗസ്‌ത് 14ന് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ന്യൂഫൌണ്ട്ലാന്റിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇതിനുള്ള തുടക്കമായിരുന്നു. 'അറ്റ്ലാന്റിക് ചാര്‍ട്ടർ' എന്നറിയപ്പെട്ട എട്ട് തത്വങ്ങള്‍ അടങ്ങിയ ഈ പ്രഖ്യാപനമാണ് ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിന് അടിത്തറയിട്ടത്. "എല്ലാ രാജ്യങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടായിരിക്കും'' എന്ന ആറാമത്തെ തത്വത്തില്‍ സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥയുടെ നിരാസം അടങ്ങിയിട്ടുണ്ട്. സോവിയറ്റ് സ്വാധീനമേഖലകളില്‍ "മാര്‍ക്കറ്റ് ഇല്ലാത്ത സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥകൾ'' ഉണ്ടാകാതിരിക്കണമെന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.
1945 ആയപ്പോഴേയ്‌ക്കും ജപ്പാനടക്കമുള്ള അച്ചുതണ്ട് ശക്തികളുടെ പതനം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളി എന്ന ന്യായം പറഞ്ഞ് അമേരിക്ക അണ്വായുധം പ്രയോഗിക്കുന്നത്. പരാജയം സുനിശ്ചിതമായ ജപ്പാനുമേല്‍ ആറ്റംബോംബ് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധവുമാണ്. എന്നാല്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ ചൂഷണവും ഹൃദയശൂന്യമായ രൊക്കം പണവും'' മാത്രം അവശേഷിപ്പിച്ച മുതലാളിത്ത സാമ്രാജ്യത്വത്തിന് ലോകാധിപത്യം നേടാന്‍ ഹിരോഷിമയും നാഗസാക്കിയും അനിവാര്യമായിരുന്നു.
ശാന്തസമുദ്രത്തിലെ ടിനിയന്‍ ദ്വീപിലെ നോര്‍ത്ത് ഫീല്‍ഡ് എയര്‍ബേസില്‍നിന്ന് കുതിച്ചുയര്‍ന്ന 'എ നോല ഗേ' എന്ന ബി -29 യുദ്ധവിമാനം 1945 ആഗസ്‌ത് 6ന് പുലര്‍ച്ചെ 8.15ന് ഹോന്‍സു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്നു പേരിട്ട യുറേനിയം -235 ആറ്റംബോംബ് വര്‍ഷിച്ചു. 9700 പൌണ്ട് (ഏകദേശം 4000 കിലോഗ്രാം) ഭാരമുള്ള ഈ കൊച്ചുരാക്ഷസന്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശം വിതച്ചു. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും 43 സെക്കന്റിനുള്ളില്‍ കത്തിച്ചാമ്പലായി. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു. ഹിരോഷിമയിലെ മൊത്തം ജനസംഖ്യ 3 ലക്ഷമായിരുന്നു എന്നോര്‍ക്കുക. "അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം (Mushroom Cloud) നഗരത്തെ മൂടി'' എന്നാണ് ബി-29ന്റെ പൈലറ്റ് പോള്‍ ടിബറ്റ്സിന്റെ വിവരണം.
ഹിരോഷിമയിലെ കരളലിയിക്കുന്ന കാഴ്‌ചകള്‍ സാമ്രാജ്യത്വത്തിന്റെ ക്രൌര്യം ഒട്ടും കുറച്ചില്ല. 1945 ആഗസ്‌ത് 9ന് രാവിലെ 11.02ന് ബോക്‌സ് കാര്‍ എന്ന യുദ്ധവിമാനം "ഫാറ്റ്മാൻ'' എന്നു പേരിട്ട 4500 കിലോ ഭാരമുള്ള പ്ളൂട്ടോണിയം ബോംബ് നാഗസാക്കിയുടെ മേല്‍ വര്‍ഷിച്ചു. 75000 പേര്‍ തല്‍ക്ഷണം കരിഞ്ഞ് ചാരമായി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടത്തിയ ആറ്റംബോംബ് ആക്രമണങ്ങള്‍ സാമ്രാജ്യത്വ യുദ്ധവെറിയുടെ ഭീകരമായ മുഖം പുറത്തുകാട്ടി.
ശാസ്‌ത്ര സാങ്കേതിക വിദ്യകളെ ചൂഷണത്തിനും സര്‍വ്വനാശത്തിനും വിനിയോഗിച്ച ചരിത്രമാണ് സാമ്രാജ്യത്വശക്തികള്‍ക്കുള്ളത്. അണ്വായുധം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതി "മാന്‍ഹാട്ടണ്‍ പ്രോജക്‌ട്'' എന്നാണറിയപ്പെടുന്നത്. ബ്രിട്ടനും കാനഡയും ഈ പ്രോജക്‌ടില്‍ പങ്കാളികളാണ്. അമേരിക്കന്‍ ഭൌതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹെയ്‌മര്‍ ആയിരുന്നു ശാസ്‌ത്ര ഗവേഷണത്തിന്റെ ഡയറക്‌ടർ. 1945 ജൂലൈ 16ന് ആദ്യത്തെ അണുബോംബ് ന്യൂ മെക്‌സിക്കോയിലെ അലമോഗോര്‍ഡോയില്‍ വിജയകരമായി പരീക്ഷിച്ചു.
1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണം വരെ അമേരിക്കന്‍ വന്‍കരകളില്‍മാത്രം ചുറ്റിത്തിരിഞ്ഞിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്രാജ്യത്വമോഹം യുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ വന്‍കരകളിലേക്കും യൂറോപ്പിലേയ്‌ക്കും വ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ ശക്തികളുടെ കൈകളില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിയന്ത്രണവും ലോകമുതലാളിത്തത്തിന്റെ നേതൃത്വവും അമേരിക്ക ഏറ്റെടുത്തു. രണ്ടാംലോകമഹായുദ്ധം ഏറെക്കുറെ അവസാനിക്കുകയും സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാവുകയും ചെയ്‌ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയാണ് തങ്ങളെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താനാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്. യുദ്ധാനന്തര ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള മനഃശാസ്‌ത്രയുദ്ധത്തിന്റെ അടിത്തറയായിരുന്നു അണ്വായുധം.
ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങള്‍ക്ക് സൈനികലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധാനന്തര ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുക, മുതലാളിത്ത ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, കമ്യൂണിസത്തിന്റെ വ്യാപനം തടയുക, മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുക തുടങ്ങിയ സൈനീകേതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിരോഷിമ - നാഗസാക്കി കൂട്ടക്കൊല നടത്തിയത്. ഇതോടൊപ്പം സര്‍വ്വ സംഹാരശേഷിയുള്ള അണ്വായുധം കൈവശമുള്ള ഏകരാഷ്‌ട്രം എന്ന നിലയില്‍ ആഗോള ശാക്തീക ബലാബലം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കുണ്ടായിരുന്നു.
1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.
രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവർ''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കിൽ അവർ. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയർ) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.
ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.
*****
ഡോ. പി ജെ വിന്‍സെന്റ് , കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.
രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവര്‍''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവര്‍. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയര്‍) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.
ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.
Post a Comment