ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ സമരപോരാട്ടത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ് 2010 സെപ്തംബര്‍ 7. അന്ന് സ്വതന്ത്ര ഭാരതം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റ ദിനമായിരിക്കും. ഐഎന്‍ടിയുസി അടക്കമുള്ള 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ അന്നു രാജ്യമാകെ സ്തംഭിക്കുന്ന പണിമുടക്ക് നടക്കും. പണിയെടുക്കുന്നവന്റെ വിപുലമായ ഐക്യം രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് സിഐടിയു. ഐക്യമെന്നത് കേവലമായ ഐക്യം മാത്രമല്ല, മറിച്ച് ഭരണവര്‍ഗ്ഗനയങ്ങള്‍ തിരുത്തിക്കുന്നതിനുവേണ്ടിയുള്ള ഐക്യമാകണം - അതിനുവേണ്ടിയുള്ള പോരാട്ടത്തിലെ ഐക്യം. 2009 സെപ്തംബര്‍ 14ന് ദല്‍ഹിയില്‍ ചേര്‍ന്ന 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം 5 പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദേശവ്യാപക പ്രക്ഷോഭ സമരപരിപാടികള്‍ നടത്തിവരികയാണ്. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര ഭരണാധികാരികള്‍ക്കുമുമ്പില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നിരവധി തവണ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതാണ്. 2009 ഒക്ടോബര്‍ 28നു പ്രതിഷേധദിനവും, ഡിസംബര്‍ 16ന് ധര്‍ണയും നടത്തി. 2010 മാര്‍ച്ച് 5ന് സത്യാഗ്രഹവും ജയില്‍ നിറയ്ക്കല്‍ സമരവും രാജ്യവ്യാപകമായി നടത്തിയിട്ടും കണ്ണു തുറക്കാതെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങള്‍ അനുസ്യൂതം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് ഐഎന്‍ടിയുസി അടക്കമുള്ള 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും, പ്രധാന ഫെഡറേഷനുകളും ജൂലൈ 15ന് ഡല്‍ഹിയില്‍ സമ്മേളിച്ച് സെപ്തംബര്‍ 7ന് പണിമുടക്കത്തിനു ആഹ്വാനം നല്‍കിയത്.
ഈ പണിമുടക്കില്‍ കൂടി ഉന്നയിക്കുന്ന മുഖ്യപ്രശ്നം രാഷ്ട്രത്തിന്റെ സമ്പത്ത് എങ്ങനെ ഉപയോഗിക്കണം, ആര്‍ക്കുവേണ്ടി ഉപയോഗിക്കണം എന്നത് തന്നെയാണ്. വിലക്കയറ്റം തടയുക എന്നതാണ് പ്രധാനപ്പെട്ട ഒരു മുദ്രാവാക്യം. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം 17 ശതമാനം കടന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പറയുന്നു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന, എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ചെയ്തത്. പട്ടിണിപ്പാവങ്ങളെ സഹായിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ക്കും, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും സബ്സിഡി നല്‍കാന്‍ കഴിയില്ല എന്നു പറയുന്ന സര്‍ക്കാര്‍, കുത്തകകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത് 5 ലക്ഷം കോടി രൂപയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസിന് ചെലവാക്കാന്‍ പോകുന്നത് 40000 കോടിയും. പാവങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പണമില്ലത്രേ. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ്. അവരുടെ നഷ്ടം നികത്തുന്നതിനാണ് ജനങ്ങളുടെ മേല്‍ ഈ ഭാരം അടിച്ചേല്‍പിച്ചത് എന്നാണല്ലോ സര്‍ക്കാര്‍ വാദം. അത് പച്ചക്കള്ളമാണെന്നതാണ് വസ്തുത. ലോകത്തിലെ പ്രധാന കോര്‍പ്പറേറ്റ് മാസികയായ ഫോര്‍ച്ച്യൂണ്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ 500 ഏറ്റവും വലിയ കമ്പനികളില്‍ 7 എണ്ണം ഇന്ത്യയിലെന്നാണ്. അതില്‍ 5 എണ്ണവും എണ്ണക്കമ്പനികളാണ്. വരുമാനത്തിലും, ലാഭത്തിലും ഈ എണ്ണക്കമ്പനികള്‍ക്ക് വന്‍ വര്‍ദ്ധനവാണുണ്ടായത്. എന്നിട്ടും എന്തിനുവേണ്ടി ഈ നടപടിയെടുത്തു എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. പൊതുമേഖലാ കമ്പനികള്‍ കഴിഞ്ഞാല്‍ അഞ്ചാമത്തെ കമ്പനി അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിയാണ്. അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ വില ലോക കമ്പോള വിലയിലേക്ക് എത്തിക്കുക എന്നത് ആവശ്യമാണ്. ഈ പച്ചയായ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനാണ് കള്ള പ്രചരണങ്ങള്‍.
ബഹുരാഷ്ട്രകുത്തകകള്‍ക്കും, ദേശീയ കുത്തകകള്‍ക്കുംവേണ്ടി നിലവിലുള്ള തൊഴില്‍നിയമങ്ങള്‍പോലും നടപ്പിലാക്കാതെയും, നഗ്നമായി ലംഘിച്ചും തൊഴിലാളിദ്രോഹ നടപടികള്‍ തുടരുകയാണ്. പല സ്ഥലങ്ങളിലും തൊഴിലാളികളുടെ സംഘടനപോലും രൂപീകരിക്കാന്‍ അനുവദിക്കുന്നില്ല.
ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ രാജ്യത്തെയും ബാധിച്ചതിന്റെ ഫലമായി വ്യവസായങ്ങളുടെ അടച്ചിടല്‍, ഉല്‍പാദനം വെട്ടിക്കുറയ്ക്കല്‍ എന്നിവയുടെ ഫലമായി തൊഴില്‍ നഷ്ടം, വേതനക്കുറവ്, തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കല്‍, കരാര്‍വല്‍കരണം, പുറംപണി എന്നിവ ശക്തിപ്പെട്ടു വരികയാണ്. ലോകം ഒരു മൂന്നാം മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധര്‍ പോലും പറയുന്നത്. ഈ സാഹചര്യത്തില്‍ അധ്വാനിക്കുന്നവന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും മനുഷ്യത്വരഹിതമായ ചൂഷണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല ദുരിതം വര്‍ദ്ധിപ്പിക്കുന്ന നയമാണ് നടപ്പിലാക്കുന്നത്.
സിഐടിയു നിരന്തരമായും, സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ ഒരു വര്‍ഷമായും ഉന്നയിക്കുന്ന മുദ്രാവാക്യമാണ് പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കരുതെന്ന്. എന്നിട്ടും, നാശത്തിലേക്ക് നയിക്കുന്ന നയം സര്‍ക്കാര്‍ തുടരുകയാണ്. കോള്‍ ഇന്ത്യാ ലിമിറ്റഡ്, ബിഎസ്എന്‍എല്‍, സെയില്‍, എന്‍എല്‍സി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, എന്‍എംസിസി, പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ചു കഴിഞ്ഞു. വിത്തെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പന നടത്തുന്നത്. ഈ രാജ്യദ്രോഹം നിര്‍ത്തിച്ചേ മതിയാകൂ.
സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ 83.6 കോടി ആളുകള്‍ ദരിദ്ര നാരായണന്മാരായ അസംഘടിതമേഖലയിലെ തൊഴിലാളികളാണ്. അവരെ സംരക്ഷിക്കുന്നതിനുവേണ്ടി സമഗ്രവും സാര്‍വ്വത്രികവുമായ നിയമം കൊണ്ടുവരികയും അതിനെത്ര ഫണ്ട് വേണം അത്രയും അനുവദിക്കുകയും വേണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നാമമാത്ര ഫണ്ട് അനുവദിച്ച് മഹാഭൂരിപക്ഷത്തിനും ഒരു ആനുകൂല്യവുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.
ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസി അടക്കമുള്ള കേന്ദ്ര സംഘടനകള്‍ ദല്‍ഹിയില്‍ സമ്മേളിച്ച് ചുവടെ ചേര്‍ക്കുന്ന 5 ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 7ന് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
1. പൊതുവിതരണം സാര്‍വ്വത്രികമാക്കുക, ചരക്ക് വിപണിയിലെ ഊഹക്കച്ചവടം തടയുക എന്നിവ പോലെയുള്ള അനുയോജ്യമായ വിതരണ - തിരുത്തല്‍ നടപടികളിലൂടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക.
2. മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അതാത് സംരംഭങ്ങള്‍ക്ക് ഉത്തേജക പാക്കേജുകള്‍ നല്‍കുന്നതിനുവേണ്ടിയും പശ്ചാത്തല വികസനത്തില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും മൂര്‍ത്തവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കുക.
3. ഒരു വിധത്തിലുള്ള ഒഴിവാക്കലോ ഉപേക്ഷിക്കലോ കൂടാതെ എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുക, തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായി കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
4. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 പ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അര്‍ഹത ദാരിദ്ര്യരേഖയെ അടിസ്ഥാനപ്പെടുത്തി പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ റദ്ദ് ചെയ്യുക; തൊഴില്‍വകുപ്പിലെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയും അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ സംബന്ധിച്ച ദേശീയ കമ്മീഷന്റെയും ശുപാര്‍ശകള്‍ക്ക് അനുസരിച്ച് കരാര്‍/താല്‍കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ദേശീയമായി അടിസ്ഥാനതല സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്നതിന് അസംഘടിത മേഖലയ്ക്കുവേണ്ടിയുള്ള ദേശീയ നിധി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക.
5. ബജറ്റ് കമ്മി പരിഹരിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി ഉപേക്ഷിക്കുക. പകരം അവയുടെ വര്‍ദ്ധിച്ചുവരുന്ന മിച്ചവും കരുതല്‍ധനവും അവയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയും, രോഗഗ്രസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുവേണ്ടിയും ഉപയോഗിക്കുക.
തൊഴിലാളിവര്‍ഗ്ഗത്തിനെതിരായി ഭരണവര്‍ഗ്ഗം അഴിച്ചുവിടുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയണമെങ്കില്‍ തൊഴിലാളികളുടെ വിപുലമായ ഐക്യവും യോജിച്ച പോരാട്ടവും വേണമെന്ന് സിഐടിയു നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പല രൂപത്തിലുള്ള പ്രക്ഷോഭ സമരങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭരണവര്‍ഗ്ഗനയങ്ങളെ അനുകൂലിച്ചിരുന്ന സംഘടനകള്‍ കൂടി പ്രക്ഷോഭത്തില്‍ അണിചേരുന്നു എന്നതാണ് പ്രധാനം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും യോജിച്ച പോരാട്ടം കൊണ്ടു മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് ഈ സംഘടനകള്‍ക്കും ഉണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ വര്‍ഗ്ഗ ഐക്യം കൂടുതല്‍ വിപുലപ്പെടുത്തുകയും പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഐക്യം അടിത്തട്ട് വരെ എത്തിക്കാനും എന്തിനുവേണ്ടി ഈ സമരം എന്ന കാര്യം മുഴുവന്‍ തൊഴിലാളികളെയും ബോധ്യപ്പെടുത്താനും കഴിയണം.
ഇന്ന് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിനും എതിരായി നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്ന അവസരമാണല്ലോ. ജീര്‍ണ്ണിച്ച മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ കഴിയണമെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം ആശയപരമായും സംഘടനാപരമായും കരുത്ത് നേടണം. തൊഴിലാളികളെ ആശയപരമായി ശക്തരാക്കുന്നതില്‍ ഒരു പ്രധാന പങ്കാണ് ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കൂടിയും, പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ കൂടിയും ചെയ്യുന്നത്. തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി, വര്‍ഗ്ഗ ഐക്യ പ്രസ്ഥാനം തകര്‍ക്കുന്നതിനുവേണ്ടി പല രൂപത്തിലും, ഭാവത്തിലും പ്രവര്‍ത്തിക്കുന്ന പല സംഘടനകളും ഉണ്ടെന്ന് കാണണം. അതിവിപ്ളവം പ്രസംഗിച്ച് നടക്കുന്നവരും സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളും, വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളും എല്ലാം വര്‍ഗ്ഗ ഐക്യം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നവരാണ്. അവര്‍ക്കെല്ലാം താക്കീതായി മാറാന്‍ കഴിയണം, വളര്‍ന്നുകൊണ്ടിരിക്കുന്ന ഐക്യപ്രസ്ഥാനവും അതിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെപ്തംബര്‍ 7ന്റെ പണിമുടക്കവും.
ഈ പണിമുടക്കില്‍ കൂടി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തൊഴിലാളികളുടെ മാത്രം പ്രശ്നങ്ങളല്ല. നമ്മുടെ രാജ്യത്തിലെ സാമാന്യജനങ്ങളുടെ ആകെ പ്രശ്നങ്ങളാണ്. സമ്പദ്ഘടനയുടെ സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പണിമുടക്ക് വിജയിപ്പിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളിവര്‍ഗ്ഗം രംഗത്തിറങ്ങുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനും സഹായിക്കാനും മറ്റു വര്‍ഗ്ഗസംഘടനകളും, ബഹുജന സംഘടനകളും രാജ്യത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും തയ്യാറാകേണ്ടതുണ്ട്.
*
പി നന്ദകുമാര്‍ കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ സമരപോരാട്ടത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ് 2010 സെപ്തംബര്‍ 7. അന്ന് സ്വതന്ത്ര ഭാരതം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റ ദിനമായിരിക്കും. ഐഎന്‍ടിയുസി അടക്കമുള്ള 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ അന്നു രാജ്യമാകെ സ്തംഭിക്കുന്ന പണിമുടക്ക് നടക്കും. പണിയെടുക്കുന്നവന്റെ വിപുലമായ ഐക്യം രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് സിഐടിയു. ഐക്യമെന്നത് കേവലമായ ഐക്യം മാത്രമല്ല, മറിച്ച് ഭരണവര്‍ഗ്ഗനയങ്ങള്‍ തിരുത്തിക്കുന്നതിനുവേണ്ടിയുള്ള ഐക്യമാകണം - അതിനുവേണ്ടിയുള്ള പോരാട്ടത്തിലെ ഐക്യം. 2009 സെപ്തംബര്‍ 14ന് ദല്‍ഹിയില്‍ ചേര്‍ന്ന 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം 5 പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദേശവ്യാപക പ്രക്ഷോഭ സമരപരിപാടികള്‍ നടത്തിവരികയാണ്.
Post a Comment