Monday, August 9, 2010

സ്‌ത്രീകള്‍ അടിമകളോ?

ജീവിതത്തിലായാലും സാഹിത്യത്തിലായാലും രാഷ്‌ട്രീയത്തിലായാലും നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ ഇന്നും രണ്ടാംകിടക്കാരാണ്, കീഴാളരാണ്. അവരെന്നും പിന്‍നിരയിലായിരിക്കണമെന്നാഗ്രഹിക്കുന്ന പുരുഷന്മാരാണ് ഇന്നും ഭൂരിപക്ഷക്കാര്‍ എന്നത് ലജ്ജാകരമായ സത്യം. അതുകൊണ്ടാണല്ലോ പാര്‍ലമെന്റില്‍ സ്‌ത്രീകള്‍ക്ക് അമ്പതുശതമാനം സംവരണം ഇപ്പോഴും നീണ്ടുപോകുന്നത്. ക്രിയാത്മകമായ കാര്യങ്ങളില്‍പ്പോലും സഹകരിക്കാതെ, പാര്‍ലമെന്റ് ബഹിഷ്‌ക്കരിക്കുകയും തമ്മില്‍ പൊരുതുകയും ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികള്‍ ഇത്തരം കാര്യങ്ങളില്‍ ഒറ്റക്കെട്ടാവുന്നത് സ്‌ത്രീകളെ ആശങ്കാകുലരും അസ്വസ്ഥരുമാക്കുന്നു. കക്ഷിഭേദമെന്യേ എല്ലാ പാര്‍ടിക്കാരും ഒത്തൊരുമിച്ച് അനുകൂലിക്കുന്ന അപൂര്‍വം ചില സംഗതികളേ പാര്‍ലമെന്റിലും അസബ്ളിയിലും സംഭവിക്കാറുള്ളൂ. അംഗങ്ങളുടെ ശമ്പളവര്‍ധനവും സ്‌ത്രീകളുടെ അമ്പത് ശതമാനം സംവരണത്തെ എതിര്‍ത്ത് തോല്‍പ്പിക്കലും. ജനസേവനം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം കുറഞ്ഞതാണ് ഇന്നത്തെ രാഷ്‌ട്രീയാരക്ഷിതാവസ്ഥക്ക് കാരണമെന്ന സാധാരണക്കാരുടെ ധാരണ തിരുത്തിക്കുറിക്കേണ്ടത് ഇവിടത്തെ രാഷ്‌ട്രീയപ്രവര്‍ത്തകരുടെ ബാധ്യത മാത്രമല്ല കടമ കൂടിയാണ്.

എനിക്ക് ഒരു രാഷ്‌ട്രീയകക്ഷിയോടും വലിയ മമതയില്ല. എന്നല്ല, എല്ലാവരോടും പരാതികളേറെയുണ്ടുതാനും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഞങ്ങളെപ്പോലുള്ളവരുടെ കുടുംബബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഇടയ്‌ക്കിടെയുള്ള ബന്ദോ ഹര്‍ത്താലോ ഇതിനൊരു പരിഹാരമാര്‍ഗമാണെന്ന് ജനം വിശ്വസിക്കുന്നില്ല. അക്രമം ഭയന്ന് മാത്രമാണ് ജനം ബന്ദ് ദിവസങ്ങളില്‍ വീട്ടിലിരിക്കുന്നത്. ജനജീവിതം സുഗമമാക്കുകയും അവരോട് നീതിപാലിക്കുകയും അഴിമതിക്ക് എതിരു നില്‍ക്കുകയും ചെയ്യുന്നവര്‍ ഏത് കക്ഷിക്കാരായാലും അവരെ അനുകൂലിക്കുക എന്നതാണ് ഞങ്ങളെപ്പോലുള്ളവരുടെ രാഷ്‌ട്രീയനയം.

വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് മുസ്ളിംലീഗ് നേതാക്കള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്ന പെരുമാറ്റച്ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാനാണ് 'ദേശാഭിമാനി' എന്നോടാവശ്യപ്പെട്ടത്. അതിനുമുമ്പ് ഇന്നത്തെ രാഷ്‌ട്രീയ അപചയങ്ങളെക്കുറിച്ചുള്ള എന്റെ നയം വ്യക്തമാക്കണമെന്നു തോന്നിയതുകൊണ്ടാണ് മുഖവുരയായി ചിലത് പറഞ്ഞത്.

പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളെ തേജോവധം ചെയ്യുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേയുള്ള രീതിയാണ്. സാഹിത്യ രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക് കുടുംബവും പൊതുപ്രവര്‍ത്തനവും ഒത്തുകൊണ്ടുപോവുക എന്നത് ശ്രമകരമായ പ്രവൃത്തിയാണ്. ത്യാഗങ്ങള്‍ ഏറെ സഹിക്കേണ്ടിയും വരുന്നു. എഴുത്തുകാരികളുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുകയും അവരുടെ കഥാപാത്രങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും അവരുടേതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന വായനക്കാരും നിരൂപകരും ഇന്നും കേരളത്തില്‍ ധാരാളമുണ്ട്. രാഷ്‌ട്രീയരംഗത്തെയും സ്ഥിതി മറിച്ചല്ലെന്നാണ് അനുഭവസ്ഥരുമായുള്ള ഇടപെടലുകളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. മിക്ക രാഷ്‌ട്രീയപാര്‍ടികള്‍ക്കും അവരുടെ വനിതാഘടകങ്ങള്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. പഞ്ചായത്തുതലങ്ങളില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം വന്നതോടെയാണ് അതുവരെ വീട്ടിനകത്ത് ജീവിതം തളച്ചിടേണ്ടിവന്ന ഗ്രാമീണ വനിതകള്‍ക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. സംവരണ സീറ്റുകളില്‍ സ്‌ത്രീകളെ മത്സരിപ്പിക്കാതെ നിവൃത്തിയില്ലെന്നു വന്നപ്പോള്‍ മാത്രമാണ് പല രാഷ്‌ട്രീയ സംഘടനകളും സ്‌ത്രീകളെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അധികാരമോഹംകൊണ്ട് മാത്രമാണ് മിക്ക രാഷ്‌ട്രീയകക്ഷികളും ഇങ്ങനെയൊരു സാഹസത്തിന് തുനിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളില്‍ പലര്‍ക്കും മികച്ച ഭരണകര്‍ത്താക്കളും സാമൂഹ്യപ്രവര്‍ത്തകരുമാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നു എന്നാണ് പത്രവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. അതോടെയാണ് പുരുഷന്മാരുടെ ഈഗോ സ്‌ത്രീകളുടെ നേരെ പടയ്‌ക്കിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്.

ത്രിതല പഞ്ചായത്ത് ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് ലഭിച്ച വലിയ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം സ്‌ത്രീകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സ്‌ത്രീശാക്തീകരണം സാധ്യമായതോടെ കേരളത്തിലെ ഉള്‍നാടുകളിലെ സാധാരണക്കാരായ ഒരു വലിയ വിഭാഗം സ്‌ത്രീകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ സ്‌ത്രീമനസ്സുകളില്‍ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാനും സാധിച്ചു. ഇതിനെ തുരങ്കംവെക്കാനുള്ള പ്രവൃത്തികളെ സ്‌ത്രീസംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച പല സംഭവങ്ങളും പത്രവാര്‍ത്തകളിലൂടെ നമ്മളിലെത്തുകയും ചെയ്‌തിട്ടുണ്ട്.

ജനസമ്പര്‍ക്കം കൂടുതലുള്ളവരാണ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് പ്രതിനിധികള്‍. പാര്‍ലമെന്റ്, അസംബ്ളി പ്രതിനിധികളേക്കാള്‍ ജനബന്ധവും ഇവര്‍ക്കാണുള്ളത്, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്കിടയില്‍. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനുംഅതിന് പരിഹാരം കണ്ടെത്താനും വനിതാ പ്രതിനിധികള്‍ക്ക് സാധിക്കും. വ്യാജവാറ്റ്, മദ്യവില്‍പ്പന തുടങ്ങിയ മേഖലകളില്‍പ്പോലും പ്രവര്‍ത്തിക്കാന്‍ സ്‌ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. ഇതിനെതിരെ ജാഗ്രതാസമിതികള്‍ രൂപീകരിച്ചും ബോധവല്‍ക്കരണം നടത്തിയും പല സ്‌ത്രീസംഘടനകളും മാതൃക കാണിച്ചിട്ടുണ്ട്. കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ പദ്ധതികള്‍ ഗ്രാമീണസ്‌ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തരാക്കുക മാത്രമല്ല സാമൂഹ്യജീവിതത്തില്‍ ഗൌരവമായി ഇടപെടാനും അതുവഴി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിക്കാനും അവസരം സൃഷ്‌ടിച്ചു. അന്യായങ്ങള്‍ക്കെതിരെ കമാന്ന് മിണ്ടാതിരുന്നവര്‍ അനീതിയെ എതിര്‍ക്കുകയും സ്വന്തം ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ പടയ്‌ക്കിറങ്ങുകയും ചെയ്‌തതോടെ അവരെ അപവാദപ്രചാരണങ്ങളില്‍ കുടുക്കി മനോവീര്യം നശിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നത് സത്യമാണ്. ഇത്തരം സങ്കുചിതവും ഇടുങ്ങിയതുമായ ചിന്താഗതികള്‍ പഞ്ചായത്ത് ഭരണത്തില്‍ സൃഷ്‌ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ എപ്പോഴും പ്രധാനമായി ബാധിക്കുക സ്‌ത്രീകളുടെ അധികാരത്തെയായിരിക്കും.

പഞ്ചായത്ത് തലങ്ങളില്‍ മത്സരരംഗത്തിറങ്ങിയവരില്‍ പലരും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരും ഭരണരംഗത്ത് പ്രവര്‍ത്തിച്ച് ശീലമില്ലാത്തവരുമായിരുന്നു. വീട്ടിനുള്ളില്‍മാത്രം ഒതുങ്ങിനിന്നവര്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ചില പാളിച്ചകള്‍ സ്വാഭാവികം. അത് പെരുപ്പിച്ച് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പൊതുരംഗത്ത് നിന്ന് അകറ്റാന്‍ ശ്രമിക്കുന്നത് നീതികേടാണ്. സ്‌ത്രീയായാലും പുരുഷനായാലും അവരവരുടെ ജീവിതത്തില്‍ പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കേണ്ടത് അവരവര്‍ തന്നെയാണ്. അല്ലാതെ പാര്‍ടികളോ സംഘടനകളോ അല്ല.

സ്‌ത്രീയെ ഇന്നും വെറുമൊരു ഭോഗവസ്‌തു മാത്രമായി കാണുന്നതുകൊണ്ടാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ പെരുമാറ്റച്ചട്ടങ്ങളും ഡ്രസ്‌കോഡുകളും സ്‌ത്രീകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. വസ്‌ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സ്‌ത്രീയുടെയും പുരുഷന്റെയും വസ്‌ത്രധാരണം സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതത് നാടുകളിലെ കാലാവസ്ഥക്ക് അനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ നിലവിലുള്ളത്. വേഷധാരണം മതത്തിന്റെ അടയാളമായതോടെയാണ് മനുഷ്യമനസ്സുകള്‍ തമ്മില്‍ അകലാന്‍ തുടങ്ങിയത്. സ്‌ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നതും വേഷം ധരിക്കുന്നതും പുരുഷനെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എന്ന അബദ്ധധാരണ തിരുത്തിക്കുറിക്കേണ്ടത് സ്‌ത്രീകള്‍ തന്നെയാണ്. സ്വന്തം ശരീരസൌന്ദര്യം തേച്ചുമിനുക്കി സൂക്ഷിച്ച് പുരുഷനെ വശീകരിക്കുകയല്ല സ്‌ത്രീയുടെ പാരമമായ ധര്‍മം. പുരുഷനെന്നപോലെ സ്‌ത്രീക്കും വീടിനോടും നാടിനോടും സമൂഹത്തോടും ബാധ്യതകളും കടപ്പാടുകളുമുണ്ട്. ഇന്ന് പുരുഷനെപ്പോലെത്തന്നെ സ്‌ത്രീക്കും പുറത്തിറങ്ങി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ ഏതെങ്കിലും പാര്‍ടിയോ സംഘടനയോഅനുശാസിക്കുന്ന രീതിയില്‍ വേഷം ധരിക്കണമെന്ന് ശഠിക്കുന്നത് അഭിലഷണീയമല്ല. സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും മാന്യമായ വേഷധാരണം തന്നെയാണ് ഉത്തമം. ഇന്നത്തെ യുവതലമുറയില്‍പ്പെട്ട പെണ്‍കുട്ടികളുടെ മാത്രമല്ല ആണ്‍കുട്ടികളുടെയും വേഷം മാതാപിതാക്കളുടെ ഉറക്കംകെടുത്തുന്നതാണ്. സ്വന്തം ശരീരം വില്‍പ്പനച്ചരക്കാണ് എന്ന മട്ടിലാണ് പല പെണ്‍കുട്ടികളും വസ്‌ത്രം ധരിക്കുന്നത്. സ്വന്തം നഗ്നത വെളിപ്പെടുത്താതെയുള്ള വസ്‌ത്രധാരണമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന മതത്തില്‍പ്പെട്ടവര്‍ ഇന്ന വേഷം ധരിക്കണമെന്ന് ശഠിക്കുന്നത് ശരിയായ രീതിയല്ല.

അസമയങ്ങളില്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍മാനസികമായും ശാരീരികമായും എമ്പാടും പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു എന്നുള്ളത് നഗ്നസത്യമാണ്. അതുകൊണ്ട് സ്‌ത്രീകള്‍ അസമയങ്ങളില്‍ പ്രവര്‍ത്തനരംഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നത് സ്‌ത്രീസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ജീവിക്കാന്‍വേണ്ടി രാപ്പകല്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ സ്‌ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുന്നത്. അത്തരം സ്‌ത്രീകളെ സംരക്ഷിക്കുകയും അവര്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവര്‍ വഴിതെറ്റിപ്പോകുമെന്ന് ഭയന്ന് അസമയങ്ങളില്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കരുത് എന്ന് അനുശാസിക്കുന്നത് ഭീരുത്വമാണ്.

കാലാകാലമായി പൊതുസമൂഹത്തിന്റെ പിന്നാമ്പുറത്തുനിന്ന സ്‌ത്രീസമൂഹം മറ്റു മേഖലകളിലെന്നപോലെ ഭരണരംഗത്തും മുന്നേറുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തേണ്ട രാഷ്‌ട്രീയകക്ഷികള്‍ അവരെ നിരുത്സാഹപ്പെടുത്തുന്നത് ശരിയായ രീതിയല്ല. കേരളത്തിലെ ഗ്രാമീണസ്‌ത്രീകള്‍ ഇന്ന് ഉണര്‍വിന്റെ ലോകത്താണ്. പൊതുപ്രവര്‍ത്തനവും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള തത്രപ്പാടിനിടയില്‍ പരിചയക്കുറവുമൂലം ചിലര്‍ക്ക് ചില പാളിച്ചകള്‍ വന്നിട്ടുണ്ടാകാം. ഒരു ചെറിയ വിഭാഗത്തിന് സംഭവിച്ച പാളിച്ചകള്‍ പെരുപ്പിച്ച് വലിയൊരു വിഭാഗത്തെ ബലിയാടാക്കുന്നത് നീതീകരിക്കാനാവില്ല. വീടിന്റെ, സമൂഹത്തിന്റെ, നാടിന്റെ ഉത്തരവാദിത്തം സ്‌ത്രീയും പുരുഷനും കൂട്ടായി ഏറ്റെടുക്കണം; പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ പരസ്‌പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന യുവജനതയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.

*****

ബി എം സുഹറ, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ത്രിതല പഞ്ചായത്ത് ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് ലഭിച്ച വലിയ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം സ്‌ത്രീകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സ്‌ത്രീശാക്തീകരണം സാധ്യമായതോടെ കേരളത്തിലെ ഉള്‍നാടുകളിലെ സാധാരണക്കാരായ ഒരു വലിയ വിഭാഗം സ്‌ത്രീകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ സ്‌ത്രീമനസ്സുകളില്‍ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാനും സാധിച്ചു. ഇതിനെ തുരങ്കംവെക്കാനുള്ള പ്രവൃത്തികളെ സ്‌ത്രീസംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച പല സംഭവങ്ങളും പത്രവാര്‍ത്തകളിലൂടെ നമ്മളിലെത്തുകയും ചെയ്‌തിട്ടുണ്ട്.