"എന്റെ കഥകള്‍ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. എന്റെ കഥാലോകത്തിന്റെ അടിസ്ഥാനസ്വഭാവമാണ് പരിവര്‍ത്തനം. പക്ഷേ, ഒരേകരേഖയിലൂടെ ക്രമാനുഗതം മുന്നോട്ടുനീങ്ങുന്ന ഒരു പരിവര്‍ത്തന സ്വഭാവമല്ല എന്റേത്. പ്രശസ്‌ത ഗ്രാഫിക് ആര്‍ടിസ്‌റ്റായ ഫോലോന്‍ (Folon) ന്റെ ഒരു രചനയുണ്ട്; ശൂന്യതയില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍. വഴിയന്വേഷിക്കുന്ന അയാളുടെ മുമ്പില്‍ പരസ്‌പര വിരുദ്ധമായ വ്യത്യസ്‌ത ദിശകളിലേക്ക് വഴിചൂണ്ടുന്ന ആരോസ് (Arrows). ഇതുപോലുള്ള ഒരാശയക്കുഴപ്പത്തില്‍നിന്നാണ് എന്റെ രചനകള്‍ ജന്മം കൊള്ളുന്നത്. എക്സിസ്റ്റന്‍ഷ്യലിസ്റ്റ് സ്വഭാവമുള്ള കഥകളും മാര്‍ക്സിസ്റ്റ് സ്വഭാവമുള്ള കഥകളും ഈ രണ്ട് സ്വഭാവങ്ങളും ഇല്ലാത്ത കഥകളും ഒരേസമയം ഞാന്‍ രചിക്കുന്നത് അതുകൊണ്ടാണ് ''. സ്വന്തം കഥകളെക്കുറിച്ചുള്ള എം മുകുന്ദന്റെ ഈ വാക്കുകള്‍ എഴുത്തുകാരന്റെ അന്തസ്സിനെയും സമീപനങ്ങളെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആധുനികതയുടെ ശക്തനായ പ്രയോക്താവായി അറിയപ്പെട്ട എം മുകുന്ദന്റെ ഗ്രാമാന്തരീക്ഷമുള്ള കഥകള്‍ വായിക്കുമ്പോള്‍, കഥാഭാവുകത്വത്തിലുള്ള നൈരന്തര്യം അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും. അര്‍ഥരഹിതമായ ലോകസങ്കല്പവും വ്യക്തിത്വപ്രതിസന്ധിയും വിഗ്രഹഭഞ്ജകത്വവും ഉള്‍ച്ചേര്‍ന്ന കഥകളും (രാധ രാധ മാത്രം, പ്രഭാതം മുതല്‍ പ്രഭാതം വരെ, ഇന്ദ്രിയങ്ങളില്‍ ശൈത്യം, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, മുണ്ഡനം ചെയ്യപ്പെട്ട ജീവിതം,.....) സോദ്ദേശ രചനകളും (കള്ളന്‍ നായ, കൃഷിക്കാരന്‍, മുലപ്പാല്‍,.....) സമകാലിക ജീവിതത്തിന്റെ നെറികെട്ട അവസ്ഥകളോടുള്ള പ്രതികരണങ്ങളായ കഥകളും (ഡല്‍ഹി 1981, ഫോട്ടോ, ദിനോസറുകളുടെ കാലം......) മാറിക്കൊണ്ടിരിക്കുന്ന കഥാലോകത്തെയാണ് കാണിച്ചുതരുന്നത്. എഴുത്ത് പൊള്ളിക്കുന്ന ആത്മാനുഭവമാണെന്നാണ് മുകുന്ദന്റെ വാദം. എഴുത്തുകാരന്‍ നടന്നുതീര്‍ത്ത വഴികള്‍, കുടിച്ചുതീര്‍ത്ത വെള്ളം, ശ്വസിച്ചുകൊണ്ടിരിക്കുന്ന വായു..... ഇങ്ങനെ ഏതേതനുഭവങ്ങളിലും തന്റേതായ ഒരു വ്യാഖ്യാനം, നിലപാട് രേഖപ്പെടുത്തുകതന്നെയാണ് പ്രധാനം. ഗ്രാമീണ ജീവിതത്തില്‍നിന്ന് ഉപജീവനാര്‍ഥം നഗരാനുഭവത്തിലേക്കെത്തിയവര്‍ക്കുണ്ടായ വ്യക്തിത്വപ്രതിസന്ധിയും അസ്വസ്ഥതകളും മറ്റും രൂപപ്പെടുത്തിയ അന്യവല്‍ക്കരണമാണ് നമ്മുടെ ആധുനികത മുഖ്യമായും മുന്നോട്ടുവച്ചത്. എം പി നാരായണപിള്ളയും ഒ വി വിജയനുമാണ് മുകുന്ദനൊപ്പം പരാമര്‍ശിക്കേണ്ട ആധുനികര്‍.
ആധുനികതയുടെ, അസ്‌തിത്വവാദ സ്വഭാവമുള്ള നിരവധി കഥകള്‍ക്കൊപ്പം ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളത്രയും സ്വാംശീകരിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുമ്പേ നടന്നവരില്‍ ബഷീറിനും പൊറ്റെക്കാട്ടിനും മാധവിക്കുട്ടിക്കും എം ടിക്കും ഇത്തരത്തില്‍ ബഹുസ്വരമാര്‍ന്ന പ്രമേയപരിസരമുണ്ടായിരുന്നു. പക്ഷേ നഗരമെന്ന മഹാ സാഗരത്തെ കണ്ട് അമ്പരന്ന് നില്‍ക്കുകയും പിന്നീട് ഗ്രാമത്തിന്റെ തനിമകളിലേക്കും സ്വത്വത്തിലേക്കും മടങ്ങിപ്പോവുകയുമാണുണ്ടായത്. മുകുന്ദനും നാരായണപിള്ളയും ഒ വി വിജയനുമൊക്കെ അങ്ങനെയായിരുന്നില്ല. ആധുനികത പരാജയപ്പെട്ടു, മരിച്ചു എന്ന പ്രഖ്യാപനങ്ങള്‍ക്കോ മുറവിളികള്‍ക്കോ കാതോര്‍ക്കാതെ, കാലവും ദേശവും സ്വത്വബോധത്തെ എങ്ങനെയൊക്കെ പരിവര്‍ത്തനപ്പെടുത്തുന്നുവെന്ന പര്യാലോചനകളായിരുന്നു ഈ എഴുത്തുകാരുടെ പ്രവര്‍ത്തനങ്ങള്‍. അത് നമ്മുടെ കഥയുടെ ഭാവുകത്വപരിണാമങ്ങള്‍ക്ക് ആക്കം കുട്ടുകയും ചെയ്തു. അതുകൊണ്ടാണ് പലതരം കഥകളും ഒരേ സമയം രചിക്കുവാന്‍ പര്യാപ്‌തനാണ് എന്ന് എം മുകുന്ദന്‍ അവകാശപ്പെടുന്നത്.
കഥയെ കാലവാചിയായ കല എന്നു വിശേഷിപ്പിക്കാറുണ്ട്; ഒപ്പം കാലത്തിനപ്പുറം പടര്‍ന്നു കയറുന്ന ഒരഗ്നിസ്‌ഫുലിംഗവുമാണ്. നല്ല കഥകള്‍ വീണ്ടും വീണ്ടും വായിക്കുന്നത്, കാലാതിവര്‍ത്തിയാകുന്നത് എഴുത്തുകാരന്റെ ജീവിതത്തിനോടുള്ള ആഭിമുഖ്യംകൊണ്ടുതന്നെയാണ്. Slice of life എന്ന് ബോധ്യപ്പെടുത്തുന്ന, ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒന്നായാണ് കഥ നിലനില്‍ക്കുന്നത്. ആധുനികതയ്ക്കുശേഷവും ആധുനികരായ എഴുത്തുകാര്‍ എഴുതുന്നതും വായിക്കപ്പെടുന്നതും മാനവികതയിലും കാരുണ്യത്തിലും വിശ്വസിക്കുന്നതുകൊണ്ടും മാറുന്ന കാലത്തെ തിരിച്ചറിയുന്നതുകൊണ്ടുമാണ്, അന്തസ്സാരശൂന്യമായ നഗരചിത്രങ്ങളും കാരുണ്യത്തിന്റെ നനവുള്ള ഗ്രാമക്കാഴ്ചകളും അന്വയിക്കുന്ന മനുഷ്യാനുഭവത്തിന്റെ ഭൂമികയാണ് മുകുന്ദന്റെ കഥ. പരസ്‌പരവിരുദ്ധമായ വ്യത്യസ്‌ത ദിശകളിലേക്ക് ഈ കഥാലോകം വഴിചൂണ്ടുന്നു. കഥയിലേക്ക് അനേകം വഴികളുള്ളതുപോലെതന്നെയാണ് കഥയില്‍നിന്നും ജീവിതത്തിലേക്കുള്ള വഴികളും.
രണ്ട്
നന്മകളാല്‍ സമൃദ്ധമായ നാട്ടുമ്പുറ വര്‍ണനകളല്ല, മുകുന്ദന്റെ ഗ്രാമീണകഥകളത്രയും. നഗരക്കാഴ്ചകളെല്ലാം നാട്യങ്ങളാണെന്ന് കരുതുവാനും വയ്യ. ഗ്രാമങ്ങളിലെ വിദ്യാഭ്യാസവും ഗതാഗതവും ആധുനികതയുടെ പ്രത്യക്ഷവല്‍ക്കരണമായാണ് നാം കണ്ടിട്ടുള്ളത്. ആദിമമനുഷ്യന്റെ പ്രകൃത്യാവബോധവും സഹജാവബോധവും കരുത്തും പരുക്കന്‍ ഭാവവും കരിമ്പാറപൊട്ടിയുറന്നുവരുന്ന തെളിനീരിന്റെ ശുദ്ധിയുള്ള വാക്കും ഏറെ വര്‍ണിക്കപ്പെട്ടതാണ്. എന്നാല്‍ നഗരത്തിലേതുപോലെയുള്ള സ്വത്വപ്രതിസന്ധികളും പ്രശ്നങ്ങളും ഗ്രാമജീവിതത്തിലും സംജാതമായിരുന്നുവെന്ന് നാം വൈകിയാണ് അറിഞ്ഞത്. വിദ്യാഭ്യാസവും ഗതാഗത സൌകര്യങ്ങളും വിനിയമമേഖലയുമെല്ലാം കൊണ്ടുവന്ന ആധുനികമായ അവസ്ഥാന്തരം ഗ്രാമത്തിനുമുണ്ട്. 'ഞാന്‍ ആരാണ്?' പോലുള്ള ചോദ്യങ്ങളുതിര്‍ത്ത ആധുനികതയ്ക്കപ്പുറം പച്ചമനുഷ്യന്റെ ലാവണ്യമവതരിപ്പിച്ച ലോകവും മുകുന്ദനുണ്ട്. ഗ്രാമക്കാഴ്ചയും നാടന്‍ജീവിതവും നാട്ടുവഴക്കവും ചേര്‍ന്നൊരുക്കുന്ന പ്രകൃതിയില്‍ മുകുന്ദന്‍ എന്ന കൃഷിക്കാരന്‍ ഉഴുതുമറിച്ചുണ്ടാക്കുന്നത് ഒരുകൂട്ടം മനുഷ്യപ്പറ്റുള്ള കഥകളാണ്. ഗ്രാമ/നഗര വ്യതിയാനങ്ങളില്ലാതെയും വായിക്കാമെന്നിടത്താണ് മുകുന്ദന്റെ പലവഴികളും മാനവികതയില്‍ ഒന്നിക്കുന്നു എന്ന് തിരിച്ചറിയാനാവുന്നത്. എന്തൊക്കെയാണ് മുകുന്ദന്റെ ഗ്രാമാന്തരീക്ഷത്തിലെ കഥകള്‍ പറയുന്നത് ? അടിസ്ഥാനപരമായും ഇവിടെ കഥപറച്ചില്‍ തന്നെയാണ്. ആഖ്യാതാവും സാക്ഷിയും കഥാപാത്രവും കഥാകൃത്ത് തന്നെയാകുന്ന മുഹൂര്‍ത്തങ്ങളാണ് കൂടുതലും. യാഥാര്‍ഥ്യത്തോട് നീതിപുലര്‍ത്തിയാണ് ഭാവനയുടെ സ്വതന്ത്രസഞ്ചാരം. കാല്പനികതയുടെ ജീര്‍ണഭാവുകത്വം സൃഷ്‌ടിച്ച കേവലപ്രകൃതിയും പച്ചപ്പുമല്ല മുകുന്ദന്റെ ഗ്രാമക്കാഴ്ചകള്‍. അതിന് രണ്ടു ഭാവങ്ങളാണുള്ളത്; ദേശവും സ്വത്വവും. ദേശം എന്നത് ഭാഷകൊണ്ടും കഥകളില്‍ പരാമര്‍ശിക്കുന്ന സ്ഥലനാമങ്ങളാലും കണ്ടെടുക്കാവുന്ന ഒന്നാണ്. ഉത്തരകേരളമെന്നോ മലബാറെന്നോ മുകുന്ദന്റെ കഥകളിലെ 'ദേശ' കല്പനയെ വിളിക്കാം. മയ്യഴിയുടെ കഥാകാരന്‍ എന്ന പ്രതിഷ്ഠ നേടിയ വിശേഷണവും ഓര്‍മിക്കാം. സ്വത്വത്തെ സംബന്ധിച്ചിടത്തോളം രണ്ടവസ്ഥകളുണ്ട്. ദേശത്തിന്റെ സാമ്പ്രദായികഭാവം മുറ്റിനില്‍ക്കുന്ന മനുഷ്യപ്രകൃതിയാണ് ഒന്ന്, നാഗരിക ജീവിതത്തിന്റെ നിരന്തരമായ ഇടപെടലുകളാല്‍ രൂപാന്തര പ്രാപ്തിയിലെത്തുന്ന സ്വത്വവുമുണ്ട്. ഗ്രാമജീവിതവും നഗരം കടന്നുവരുന്ന ഗ്രാമവും ഗ്രാമം കടന്നുവരുന്ന നഗരങ്ങളുമായി കൂടിപ്പിണഞ്ഞു കിടക്കുന്ന വ്യത്യസ്‌തമായൊരു ദേശസ്വത്വം മുകുന്ദന്റെ കഥകളുടെ പ്രത്യേകതയാണ്.
മൂന്ന്
കേരളീയ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ സാഹിത്യസൃഷ്‌ടികളെയും ബാധിക്കുമെന്നത് ഒരു സാധാരണകാര്യമാണ്. കാലത്തിനൊത്ത് മാറുന്ന സമൂഹത്തില്‍ ഗ്രാമവും പ്രകൃതിയുമെന്ന വേര്‍തിരിവുകളില്ല. കാലത്തെയും ജീവിതത്തെയും ഗ്രാമനഗര വിവേചനങ്ങളില്ലാതെ യാഥാര്‍ഥ്യബോധത്തോടെ ആവിഷ്കരിച്ച എം മുകുന്ദന്റെ കഥാപ്രപഞ്ചത്തില്‍ അസ്‌തിത്വവാദ ദര്‍ശനം പ്രമേയമായി വരുന്നവ, നൂറ്ററുപത് കഥകളില്‍ താരതമ്യേന മുപ്പതുശതമാനം മാത്രമാണ്. ഇതരരചനകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് ജീവിതത്തിന്റെ സാധാരണ വേഷങ്ങളാണ്. ഭാഷയുടെ ലാളിത്യവും പ്രമേയത്തിന്റെ സാധാരണത്തവും ഒരു തലംമാത്രമാണ്. ലാളിത്യത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന സങ്കീര്‍ണതകള്‍ ഗ്രാമത്തെക്കുറിച്ചും കുടുംബാന്തരീക്ഷത്തെക്കറിച്ചുമെഴുതിയ കഥകളിലുമുണ്ട്. കള്ളന്‍ നായ, മുലപ്പാല്‍, കൃഷിക്കാരന്‍, നദിയും തോണിയും, കുളിമുറി, ജലച്ചായം, വേട്ടക്കാര്‍ സൂക്ഷിക്കുക, ഫോട്ടോ, നാട്ടുമ്പുറം, പ്ളാസ്റ്റിക്ക് തുടങ്ങിയ കഥകള്‍ ഓര്‍മിക്കാം. ഭാഷയുടെ ലാളിത്യവും ആഖ്യാനത്തിന്റെ ആകര്‍ഷണീയതയും അതിലുമപ്പുറം കഥ പറച്ചിലിന്റെ മൌലികതയുംകൊണ്ട് ഈ കഥകളോരോന്നും ആസ്വാദകരെ വല്ലാതെ സ്വാധീനിക്കും; ആഹ്ളാദിപ്പിക്കും. അതേ സമയം സൂക്ഷ്‌മപ്രമേയത്തില്‍ മനുഷ്യാവസ്ഥ പിന്നിട്ടുപോകുന്ന സങ്കീര്‍ണതകളെല്ലാം ഈ രചനകള്‍ ആവാഹിക്കുന്നതായി അനുഭവപ്പെടും.
നാല്
എം മുകുന്ദന്റെ ആദ്യകാല കഥകളില്‍ ശ്രദ്ധേയമാണ് 'കള്ളന്‍ നായ.' തീര്‍ത്തും ഗ്രാമീണമായ ഈ കഥ നവോത്ഥാനത്തിനുശേഷം വിശപ്പ് എന്ന അവസ്ഥയെ ഏറ്റവും മൂര്‍ത്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒന്നാണ്. കടുത്ത ദാരിദ്ര്യമുള്ള അയല്‍പക്കം. ആകെയുണ്ടായിരുന്ന രണ്ടിടങ്ങഴി അരിയുള്ള സഞ്ചി നായ കടിച്ചെടുത്ത് ഓടുന്നു. അയല്‍പക്കത്തെ വീട്ടുപറമ്പില്‍വച്ച് അവിടത്തെ വീട്ടമ്മ (ദേവു) എറിഞ്ഞോടിച്ചതിനാല്‍ സഞ്ചി വീഴുന്നു. അതെടുത്തു ചോറ് വച്ചു കുട്ടികളുടെ വിശപ്പുമാറ്റിയെങ്കിലും അരി നഷ്‌ടപ്പെട്ടവരെക്കുറിച്ചോര്‍ത്ത് ദേവുവിന് ഒരുവറ്റും തിന്നാനാകാതെ വിഷമിക്കുന്നതാണ് ഈ കഥ. അരി നഷ്‌ടപ്പെട്ടതിന് കല്യാണിക്ക് കിട്ടുന്ന പീഡനവും അരി മോഷ്‌ടിച്ച് ചോറുവച്ച ദേവുവിന്റെ മനോവ്യഥയും ഒരുപോലെയാണ്. കഷ്‌ടപ്പാടും യാതനകളും ഇത്രയും ഹൃദയഭേദിയായി അവതരിപ്പിച്ച കഥകള്‍ മലയാളത്തില്‍ അധികമില്ല. 'കള്ളന്‍ നായ' നായ മാത്രമല്ല, ദേവുവും ഒരു വ്യവസ്ഥയുമാണ് എന്നാണ് കഥാകൃത്ത് ഓര്‍മിപ്പിക്കുന്നത്. ലളിതവും അകൃത്രിമവുമാണ് ഈ കഥാഖ്യാനം.
നഗരത്തിലെ ഒരു പതിറ്റാണ്ടുകാലത്തെ ജീവിതത്തിനുശേഷം ഗ്രാമത്തിലെത്തി കൃഷിയും ഭാര്യയും കുട്ടികളുമായി ശാന്തിയോടെയും സമാധാനത്തോടെയും കഴിയുന്ന ഒരാളുടെ ദിനസരികളാണ് 'കൃഷിക്കാരന്‍' എന്ന കഥ. നഗരത്തിലെ ഫ്ളാറ്റ്ജീവിതത്തില്‍നിന്ന് മണ്ണിലേക്കിറങ്ങിവന്ന (പായും മുട്ടവിളക്കും, പാളയും കയറും ചകിരിനാരും, മല്ലിന്റെ അടിവസ്‌ത്രവും മുറിക്കയ്യന്‍ ഷര്‍ടും, കിണ്ണത്തില്‍ കഞ്ഞിയും പ്ളാവില കുത്തിയതും നാടന്‍കള്ളും ഒക്കെ നിറഞ്ഞ ഒരു നാടന്‍ ജീവിതം...) പച്ചമനുഷ്യനാണ് കൃഷിക്കാരന്‍. 'കയ്യാലയില്‍ വച്ചിരിക്കുന്ന തന്റെ കൈക്കോട്ടിനെക്കുറിച്ചും അതിന്റെ വായ്ത്തലയില്‍ ഉണങ്ങിക്കിടക്കുന്ന പുതുമണ്ണിനെക്കുറിച്ചും ചിന്തിച്ചുകൊണ്ട് സാവധാനം സന്തോഷവാനായി ഉറങ്ങാന്‍ തുടങ്ങി' എന്നാണ് കഥാന്ത്യം. തകരപ്പെട്ടിയിലെ ഫോട്ടോ ഒഴികെ നഗരത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നും കഥയിലില്ല. ഗ്രാമീണന്റെ മനസ്സിന്റെ വിശുദ്ധിയും ആശ്വാസവും കുളിര്‍മയുമെല്ലാം നിറഞ്ഞ ഗ്രാമീണതയുടെ നന്മ മുഴുവനും അപൂര്‍വമായ ഈ രചനയിലുണ്ട്.
'മുലപ്പാല്‍' തീര്‍ത്തും വ്യത്യസ്‌തമായൊരു രചനയാണ്. രണ്ടാമത്തെ കുട്ടിയുണ്ടായിട്ടും നാലുവയസ്സുകാരനായ മൂത്തകുട്ടിക്ക് മുലപ്പാല്‍ കൊടുക്കുന്ന അമ്മയുടെ സങ്കടങ്ങളും മുലപ്പാല്‍ കുടിച്ചുമാത്രം കഴിയുന്ന രാജു അതിനുവേണ്ടി വാശിപിടിക്കുകയും കിട്ടാതെ വന്നപ്പോള്‍ കോലായയുടെ മൂലയില്‍ ചാക്കില്‍കിടക്കുന്ന പട്ടിയുടെ അകിടിലേക്ക് കുനിയുകയാണ് കുട്ടി. മാതൃവാത്സല്യവും കുട്ടിയുടെ നിഷ്‌ക്കളങ്കതയുമാണ് കഥാവസ്‌തു. മനോവിജ്ഞാനീയമായ നിലപാടുകള്‍ വച്ചുനോക്കിയാല്‍ മാതൃരതിയും പിതൃബോധവുമെല്ലാം ഇക്കഥയിലുണ്ട്. 'ഈ ജീവിതം അനാഥമാണ് ' എന്ന കഥയിലും 'തോറ്റങ്ങള്‍' എന്ന നോവലിലും കോവിലന്‍, അമ്മയും പട്ടിയും ചേര്‍ത്ത് അപരവ്യക്തിത്വത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. മുകുന്ദന്‍ താരതമ്യങ്ങളിലല്ല, തന്റെ രചന പൂര്‍ണമാക്കുന്നത്. പക്ഷിമൃഗാദികളെയും തങ്ങളെയും ഒന്നിച്ചു കാണുന്ന ഗ്രാമീണ ബാലന്റെ അവസ്ഥയായും കഥ വായിക്കാം.
'കാളവണ്ടിക്കാരന്‍ ചെക്കു'വും 'മൂത്ര'വും ഗ്രാമാന്തരീക്ഷത്തിലുള്ള കഥകളാണ്. പരപീഡാസ്വഭാവമാണ് ചെക്കുവിലും കുമാരന്‍നായരിലുമുള്ളത്. ഒരാള്‍ ഗ്രാമീണന്റെ പതിവുലോകത്തിനപ്പുറത്തേക്കിറങ്ങി പ്രതികാരംമൂത്ത് കുഞ്ഞുഹൃദയത്തിലേക്ക് കത്തിയാഴ്ത്തുമ്പോള്‍ മറ്റേയാള്‍ പലിശപ്പണം തിരിച്ചുകിട്ടാതെ ശവമാടത്തിലേക്ക് കാര്‍ക്കിച്ചു തുപ്പി മുണ്ടുയര്‍ത്തി മൂത്രമൊഴിക്കുകയാണ്. രണ്ടു കഥയിലും കാഴ്ചക്കാരനായി ഒരാളുണ്ട്. അയാളുടെ വേദനയാണ് ആദ്യ കഥയിലെങ്കില്‍ പ്രതികരണമാണ് പിന്നീടുണ്ടാകുന്നത്. ഗ്രാമത്തിന്റെ നന്മകള്‍ക്കപ്പുറത്ത് ഭീതിദമായ ആള്‍രൂപങ്ങളാണ് ചെക്കുവും കുമരന്‍നായരും. ഗ്രാമക്കാഴ്ചകളില്‍ ഭിന്നമുഖങ്ങള്‍ ഇങ്ങനെയുമുണ്ടല്ലോ; നാട്ടുമ്പുറത്തെ ജീവിതത്തിലും അപസ്വരങ്ങളുണ്ടെന്ന് വ്യക്തം.
വിഭ്രാമകമായൊരു ആഖ്യാനമുള്ള കഥയാണ് 'ജലച്ചായം'. അബദ്ധവശാല്‍ കിണറ്റില്‍വീണ ബാബു എന്ന കുട്ടിയുടെ ജലയാത്രാ വിവരണവും ഒടുവില്‍ ആളുകള്‍ രക്ഷപ്പെടുത്തി അമ്മയുടെ കൈകളിലെത്തിക്കുന്നതുമാണ് കഥ. കിണറ്റില്‍ തുഴഞ്ഞുകൊണ്ടിരിക്കെയാണ് വാസുമ്മാനും ലക്ഷ്മിയമ്മായിക്കും പിന്നെ നാണുമുത്തശ്ശനും നിറഞ്ഞ ലോകത്തെത്തുന്നത്. തീര്‍ത്തും അസംഭവ്യമാണിത്; പക്ഷേ, വെള്ളത്തില്‍ മരണവുമായി മല്ലടിച്ച നേരങ്ങളിലെ കുട്ടിയുടെ ആകുലതകളും ജീവിതാസക്തിയും കഥാകൃത്ത് തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
'വേട്ടക്കാര്‍ സൂക്ഷിക്കുക' അക്ഷരാര്‍ഥത്തില്‍ ആധിപിടിപ്പിക്കുന്ന ഒരനുഭവമാണ് നല്‍കുക. എരച്ചന്‍ എന്ന വേട്ടക്കാരന്റെ നായാട്ടില്‍നിന്ന് കാട്ടിലെ ജീവിവര്‍ഗത്തെ രക്ഷിക്കാനുള്ള ദേശത്തിന്റെ അപേക്ഷ ഏറ്റെടുക്കുന്നത് കൊട്ടൂരന്‍ എന്ന തേന്‍കച്ചവടക്കാനാണ്. എരച്ചന്റെ ഭാര്യ മാമ്പിയെ നായാടുന്നിടത്താണ് കൊട്ടൂരന്റെ പക ഒടുങ്ങുന്നത്. വേട്ടക്കാര്‍ സൂക്ഷിക്കുക എന്ന ശാസനയോടെ കഥ അവസാനിക്കുന്നു. മുകുന്ദന്റെ ആഖ്യാനതന്ത്രവും ഈ കഥയെ ശ്രദ്ധേയമാക്കുന്നുണ്ട്. കഥാപാത്രങ്ങളെ കൃത്യമായി പരിചയപ്പെടുത്തി കഥാഗതിയിലേക്ക് വായനക്കാരെ അനുനയിക്കുക. അധിനിവേശങ്ങളെയെല്ലാം ഗ്രാമീണമായൊരു കരുത്തോടെ, പ്രകൃത്യാവബോധത്തോടെ പ്രതിരോധിക്കുക എന്ന ധ്വനിയും ഇവിടെയുണ്ട്. എരച്ചന്‍, കൊട്ടൂരന്‍, കുങ്കര്‍, മാമ്പി, നീലാണ്ടന്‍, കൊമ്പന്‍, പൊക്കന്‍, തമ്പായി തുടങ്ങിയ പേരുകളും തമ്പായിയുടെ പീടികയിലെ സാധനങ്ങളും (പായും കുട്ടയും കുരിയലും മുറവും ഉറിയും മോരും വെള്ളവും...) കടവും വയലും ചിറയും ഉള്‍പ്പെടെ നാട്ടുമ്പുറത്തിന്റെ തെളിഞ്ഞ ഭൂപടം കഥാകൃത്ത് വരച്ചിട്ടുണ്ട്.
സ്വന്തം ദേശം നഷ്‌ടപ്പെടുന്നവര്‍ക്ക് എല്ലാം നഷ്‌ടപ്പെടുമെന്ന ബോധം ഉള്ളില്‍ പേറിനടക്കുന്ന എഴുത്തുകാരന്‍കൂടിയാണ് എം മുകുന്ദന്‍. നാല്പതിലേറെ വര്‍ഷത്തെ നഗരജീവിതത്തിനിടയില്‍ എഴുതിയതിലെല്ലാം നാട്ടറിവിന്റെ ഒരംശം നിലനിര്‍ത്തുവാന്‍ ഭാഷയിലാകട്ടെ പ്രമേയത്തിലാകട്ടെ, പ്രയോഗങ്ങളിലാകട്ടെ, സ്ഥലനാമങ്ങളിലും വ്യക്തിബന്ധങ്ങളിലുമൊക്കെ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പ്രവാസജീവിതത്തില്‍ വേറൊരു എഴുത്തുകാരനും മുകുന്ദനോളം നാട്ടുഭാഷ ഭംഗിയായി പ്രയോഗിച്ചിട്ടില്ല.
ആഗോളവല്‍ക്കരണത്തിന്റെ ഇടപെടലുകളുടെ മൂര്‍ത്തമായ ചിത്രമാണ് 'നാട്ടുമ്പുറം' എന്ന കഥ. ദേശം ഇവിടെ മയ്യഴിയോ തലശ്ശേരിയോ കോടിയേരിയോ മനേക്കരയോ മലബാറിലെ ഏതെങ്കിലും ഗ്രാമമോ ആകാം. മനുഷ്യപ്പറ്റുകൊണ്ട് ദുരന്തം അനുഭവിക്കേണ്ടിവന്ന നാണുനായരും നിഷ്‌ക്കളങ്കതകൊണ്ട് തകര്‍ന്നുപോയ മകളും പിന്നെ നാട്ടുകാരും അവരോട് അനുഭാവം പുലര്‍ത്തുന്ന ഗവേഷകനായ ഗംഗാധരനും ചേര്‍ന്ന നാട്ടുമ്പുറം നന്മകളുടെ വിളനിലംതന്നെയാണ്. പക്ഷേ, ആല്‍ബി എന്ന സായിപ്പിന് പ്രേമ എന്ന ബാലവാടിടീച്ചര്‍ ഒരു ലൈംഗികഉപകരണം മാത്രമായിരുന്നു. പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് ഗര്‍ഭിണിയായി ഉപേക്ഷിക്കപ്പെട്ട ഒരു നാടന്‍ പെണ്‍കുട്ടി, പുറംലോകം എന്തെന്നറിയാത്തവള്‍. ആല്‍ബിയെ തേടി ആംസ്റ്റര്‍ഡാമിലെത്തിയ ഗംഗാധരന്, തിന്നും കുടിച്ചും രമിച്ചും വ്യക്തിസ്വാതന്ത്ര്യമാഘോഷിക്കുന്ന സംസ്‌ക്കാരത്തില്‍ പരാജയപ്പെടേണ്ടിവരുന്നു. ചരിത്രപുസ്‌തകത്തില്‍ പഠിച്ച 'സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം' ഏതാണെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒന്നാം ലോകക്കാരുടെ മാലിന്യങ്ങള്‍ പേറുന്ന, ഉച്ചിഷ്‌ടങ്ങള്‍ തിന്നാന്‍ വിധിക്കപ്പെട്ട മൂന്നാം ലോകക്കാരുടെ ജീവിതമാണ് ഈ രചന. അക്രാമകവീര്യത്തോടെയല്ല പുതിയ കാലത്തെ ശത്രുക്കള്‍ ആധിപത്യമുറപ്പിക്കുന്നത്; വളരെ സുതാര്യമായാണ്. ഓരോ ഗ്രാമീണനും താന്‍ 'ആഗോള ഗ്രാമീണനാ'യി മാറി എന്ന് ഊറ്റംകൊള്ളുന്നവിധം സ്വാധീനം ദൃഢമാണ്. പ്രാദേശികമായ ഭാഷയും സംസ്‌ക്കാരവും ഗൃഹാതുരതയുടെ കാല്പനികത മുറ്റിയ മുഹൂര്‍ത്തങ്ങളായല്ല, തിരിച്ചിറവോടെ ശക്തമായ അറിവടയാളങ്ങളായാണ് മുകുന്ദന്‍ കുറിച്ചുവയ്‌ക്കുന്നത്. കഥ പ്രതിരോധത്തിന്റെ കലയായിത്തീരുകതന്നെയാണ്.
കടുത്ത സാമൂഹ്യവിമര്‍ശനം നാട്ടുമ്പുറം, ഫോട്ടോ, പ്ളാസ്റ്റിക് പോലുള്ള കഥകളിലുണ്ട്. പുതിയ വ്യവസ്ഥയുടെ യന്ത്രക്കൈയുകള്‍ എല്ലാം അടിച്ചമര്‍ത്തുകയാണ്. 'ദിനോസറുകളുടെ കാലം' പോലുള്ള പുതിയ കഥകളില്‍ ഇത്തരം മാറ്റങ്ങളുടെ രാഷ്‌ട്രീയവിവക്ഷകളും മുകുന്ദന്‍ ചിത്രീകരിക്കുന്നുണ്ട്. വായനക്കാരെന്ന നിലയില്‍, എഴുത്തുകാരന്റെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം; അതാണ് സ്വാതന്ത്ര്യവും ജനാധിപത്യവും. അതേസമയം അത്തരമൊരവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ബാധ്യസ്ഥരാണ് ഓരോരുത്തരും. മാറിക്കൊണ്ടിരിക്കുന്ന സമൂഹവും ജീവിതവും നല്‍കുന്ന അനുഭവക്കാഴ്‌ചകളില്‍നിന്നും എഴുത്തുകാരനുമാത്രം ഒറ്റതിരിഞ്ഞുപോകാനാവില്ല. കഥയില്‍ താനൊരു പരിവര്‍ത്തനവാദിയാകുന്നതിനെക്കുറിച്ച് മുകുന്ദന്‍ പറയുന്നതും മറ്റൊന്നല്ല.
അഞ്ച്
നഗരം വിളിച്ചുകൊണ്ടിരിക്കുമ്പോഴും താനൊരു ഗ്രാമീണനാണ് എന്നുറക്കെ പറയുന്ന മനുഷ്യനാണ് എഴുത്തിലും പുറത്തും എം മുകുന്ദന്‍. സാമൂഹ്യജീവിതത്തിന്റെ മാറ്റങ്ങള്‍ സത്യസന്ധമായും ആത്മാര്‍ഥമായും അവതരിപ്പിക്കുന്ന കഥകളില്‍ത്തന്നെ ഗ്രാമജീവിതത്തിന്റെ ആഴവും പരപ്പും ശക്തിദൌര്‍ബല്യങ്ങളും കുസൃതികളും കൊതിക്കെറുവുകളും കുന്നായ്‌മകളും വ്യാമോഹങ്ങളും ചിലപ്പോഴൊക്കെ ഏറ്റുവാങ്ങേണ്ടിവരുന്ന ദാരുണ പരാജയങ്ങളും മുകുന്ദന്‍ തിരിച്ചറിയുന്നുണ്ട്. നഷ്‌ടപ്പെട്ട ശാലീനതയും വയലും തോടും കുന്നും കൃഷിയും നാട്ടുവഴക്കവും വീണ്ടെടുക്കുക എളുപ്പമല്ലെങ്കിലും വൈകാരിക പ്രതികരണം സാഫല്യത്തിന്റെ ഒരു വഴിയാണ്. അത്, വര്‍ത്തമാനത്തിന്റെ ഉര്‍വരതയില്‍ ആഴ്ന്നിറങ്ങാന്‍ പ്രേരണയും പ്രചോദനവുമാകും. വിഷയസ്വീകരണത്തിലെ പ്രത്യേകതയ്‌ക്കൊപ്പം ആഖ്യാനത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധയും ജാഗ്രതയും ഈ എഴുത്തുകാരനെ വേറിട്ട ശബ്‌ദത്തിനുടമയാക്കുന്നു.
*****
എ വി പവിത്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
ആഗോളവല്‍ക്കരണത്തിന്റെ ഇടപെടലുകളുടെ മൂര്‍ത്തമായ ചിത്രമാണ് 'നാട്ടുമ്പുറം' എന്ന കഥ. ദേശം ഇവിടെ മയ്യഴിയോ തലശ്ശേരിയോ കോടിയേരിയോ മനേക്കരയോ മലബാറിലെ ഏതെങ്കിലും ഗ്രാമമോ ആകാം. മനുഷ്യപ്പറ്റുകൊണ്ട് ദുരന്തം അനുഭവിക്കേണ്ടിവന്ന നാണുനായരും നിഷ്‌ക്കളങ്കതകൊണ്ട് തകര്‍ന്നുപോയ മകളും പിന്നെ നാട്ടുകാരും അവരോട് അനുഭാവം പുലര്‍ത്തുന്ന ഗവേഷകനായ ഗംഗാധരനും ചേര്‍ന്ന നാട്ടുമ്പുറം നന്മകളുടെ വിളനിലംതന്നെയാണ്. പക്ഷേ, ആല്‍ബി എന്ന സായിപ്പിന് പ്രേമ എന്ന ബാലവാടിടീച്ചര്‍ ഒരു ലൈംഗികഉപകരണം മാത്രമായിരുന്നു. പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് ഗര്‍ഭിണിയായി ഉപേക്ഷിക്കപ്പെട്ട ഒരു നാടന്‍ പെണ്‍കുട്ടി, പുറംലോകം എന്തെന്നറിയാത്തവള്‍. ആല്‍ബിയെ തേടി ആംസ്റ്റര്‍ഡാമിലെത്തിയ ഗംഗാധരന്, തിന്നും കുടിച്ചും രമിച്ചും വ്യക്തിസ്വാതന്ത്ര്യമാഘോഷിക്കുന്ന സംസ്‌ക്കാരത്തില്‍ പരാജയപ്പെടേണ്ടിവരുന്നു. ചരിത്രപുസ്‌തകത്തില്‍ പഠിച്ച 'സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം' ഏതാണെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒന്നാം ലോകക്കാരുടെ മാലിന്യങ്ങള്‍ പേറുന്ന, ഉച്ചിഷ്‌ടങ്ങള്‍ തിന്നാന്‍ വിധിക്കപ്പെട്ട മൂന്നാം ലോകക്കാരുടെ ജീവിതമാണ് ഈ രചന. അക്രാമകവീര്യത്തോടെയല്ല പുതിയ കാലത്തെ ശത്രുക്കള്‍ ആധിപത്യമുറപ്പിക്കുന്നത്; വളരെ സുതാര്യമായാണ്. ഓരോ ഗ്രാമീണനും താന്‍ 'ആഗോള ഗ്രാമീണനാ'യി മാറി എന്ന് ഊറ്റംകൊള്ളുന്നവിധം സ്വാധീനം ദൃഢമാണ്. പ്രാദേശികമായ ഭാഷയും സംസ്‌ക്കാരവും ഗൃഹാതുരതയുടെ കാല്പനികത മുറ്റിയ മുഹൂര്‍ത്തങ്ങളായല്ല, തിരിച്ചിറവോടെ ശക്തമായ അറിവടയാളങ്ങളായാണ് മുകുന്ദന്‍ കുറിച്ചുവയ്‌ക്കുന്നത്. കഥ പ്രതിരോധത്തിന്റെ കലയായിത്തീരുകതന്നെയാണ്.
Post a Comment