മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കൂട്ടക്കരുതിക്ക് ലോകം സാക്ഷിയായിട്ട് 65 വര്‍ഷം പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇന്നും ഈ രണ്ട് നഗരങ്ങളിലെയും ജനങ്ങള്‍ ആ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിട്ടില്ല.
ഇതുകൊണ്ടൊന്നും അമേരിക്കയുടെ നശീകരണവാസന അവസാനിച്ചില്ല. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധക്കൊതിയന്‍മാരായ യാങ്കികള്‍ നരവേട്ട തുടര്‍ന്നു, പുതിയ ആയുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് കുന്നുകൂട്ടി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളോട് ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇറാഖിലെ ഫല്ലൂജ നഗരവാസികളോട് ബുഷ് ഭരണകൂടം കാണിച്ചത്. 2004ല്‍ ബോംബും രാസായുധങ്ങളും ഉപയോഗിച്ച് ഫല്ലൂജയെ നശിപ്പിക്കുകയായിരുന്നു അമേരിക്ക. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005 -2009 എന്ന പഠനത്തിലൂടെ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ക്യാന്‍സര്‍, ലൂക്കേമിയ തുടങ്ങിയ രോഗങ്ങളും നവജാത ശിശുമരണനിരക്കുംമാത്രം കണക്കാക്കിയാല്‍ ഒരു നഗരം അനുഭവിക്കുന്ന തീരായാതനയുടെ ചെറിയൊരു ചിത്രം നമുക്ക് ലഭിക്കും.
പടിഞ്ഞാറന്‍ ബഗ്ദാദില്‍നിന്ന് 43 മൈല്‍ അകലെയാണ് ഫല്ലൂജ നഗരം. ബാബിലോണിയന്‍ സംസ്കാരത്തിന്റെ അതിസമ്പന്നമായ പാരമ്പര്യം പേറുന്ന, പള്ളികളുടെ നഗരം എന്ന ഓമനപ്പേരുള്ള ഫല്ലൂജ ഇന്ന് നരകഭൂമിയാണ്. ഓപ്പറേഷന്‍ ഫാന്റം ഫ്യൂറി എന്ന് വിളിച്ച ആക്രമണത്തിലൂടെ ആ നഗരത്തെയും ലക്ഷക്കണക്കിന് ജനങ്ങളെയും യുഎസ് സൈന്യം കൊന്നൊടുക്കി. മാരകരാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് പോലും ഉപയോഗിച്ചായിരുന്നു ആക്രമണം. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റം ചെയ്തുകൊണ്ട് അമേരിക്ക വീണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി 711 വീട് കേന്ദ്രീകരിച്ച് 4,843 പേരുമായി നടത്തിയ അഭിമുഖത്തിന് ഒടുവിലാണ് ക്രിസ് ബിസോയ്, മലാക് ഹമദാന്‍, എന്റസാര്‍ അരിയാബി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലെ വസ്തുതകള്‍ പുറത്തുവന്നത്.
അഞ്ച് വര്‍ഷത്തിനു മുമ്പ്, അതായത് യുഎസ് ആക്രമണത്തിന് മുമ്പുണ്ടായിരുന്ന ക്യാന്‍സര്‍ രോഗികളുടെ നാല് മടങ്ങാണ് ഇന്ന് ഫല്ലൂജയിലെ ക്യാന്‍സര്‍ നിരക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന് ശേഷം അവിടെയുള്ള ജനങ്ങളെ ബാധിച്ച ക്യാന്‍സറിന്റെ വകഭേദങ്ങളാണ് ഫല്ലൂജയിലും കാണുന്നത്. ഈജിപ്തിലെയും ജോര്‍ദാനിലെയും കുവൈറ്റിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ലൂക്കേമിയ 38 മടങ്ങും കുട്ടികളുടെ ക്യാന്‍സര്‍നിരക്ക് 12 മടങ്ങും സ്തനാര്‍ബുദം 10 മടങ്ങും കൂടുതലാണ് ഫല്ലൂജയില്‍. ലിംഫോമ, ട്യൂമര്‍ എന്നിവയുടെ നിരക്കും മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പല മടങ്ങ് കൂടുതലാണ്. 100 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ 80 കുഞ്ഞുങ്ങളും ജനിച്ച് ഏറെക്കഴിയുംമുമ്പ് മരിക്കുന്നു. ശിശുമരണനിരക്ക് ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അഞ്ച് മടങ്ങും കുവൈറ്റുമായി ഒത്തുനോക്കുമ്പോള്‍ എട്ട് മടങ്ങുമാണ്.
ലിംഗാനുപാതത്തിലും പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കുന്നു. ആക്രമണത്തിനു മുമ്പ് 1050 ആണ്‍കുട്ടികള്‍ക്ക് 1000 പെണ്‍കുട്ടികള്‍ എന്നതായിരുന്നു നിരക്ക്. എന്നാല്‍, ഇപ്പോള്‍ ഇത് 1000 പെണ്‍കുട്ടികള്‍, 860 ആണ്‍കുട്ടികള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു. 1945ന് ശേഷം ഹിരോഷിമയിലും ഇതേ പ്രതിഭാസമാണുണ്ടായത്. ഫല്ലൂജയില്‍ അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ അണുബോംബുണ്ടാക്കുന്ന യുറേനിയം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ജനിതകവൈകല്യവും ലിംഗാനുപാതത്തില്‍ വലിയ മാറ്റവുമുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2009 സെപ്തംബറില്‍ ഫല്ലൂജയിലെ ജനറല്‍ ആശുപത്രിയില്‍ 170 കുഞ്ഞുങ്ങള്‍ ജനിച്ചു. ഇവരില്‍ 24 ശതമാനം കുഞ്ഞുങ്ങള്‍ ഏഴുദിവസത്തിനകം മരിച്ചു. അംഗവൈകല്യവും ജനിതകപ്രശ്നങ്ങളുമില്ലാത്ത കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍, ഈ പഠനത്തിനും വസ്തുതകള്‍ക്കും പെന്റഗണ്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. അമേരിക്കന്‍ സൈനിക ആക്രമണം കൊണ്ട് ഫല്ലൂജയില്‍ യാതൊരു പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിശ്വസനീയമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് യുഎസ് പ്രതിരോധസെക്രട്ടറി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. വലിയ രീതിയിലുള്ള പഠനം നടന്നിട്ടില്ലെന്നത് ശരിതന്നെയാണ്. അതിന് അമേരിക്കയും ഇറാഖിലെ പാവഭരണകൂടവും സമ്മതിച്ചിട്ടില്ലെന്നതാണ് വാസ്തവം. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005-2009 സര്‍വേ നടത്തുമ്പോഴും തടയാനായി അമേരിക്കന്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇറാഖി ഭരണകൂടം ശ്രമിച്ചിരുന്നു. സര്‍വേയ്ക്കുള്ള ചോദ്യാവലി വിതരണംചെയ്തപ്പോള്‍ ഭീകരപ്രവര്‍ത്തകരാണ് സര്‍വേക്കു പിന്നിലെന്നും ഇവരുമായി സഹകരിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇറാഖി ടെലിവിഷനിലൂടെ ഭീഷണി മുഴക്കി. എങ്കിലും പഠനം മുഴുമിപ്പിക്കാനും അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ക്രിസ് ബിസോയിക്കും സംഘത്തിനും സാധിച്ചു.
2003 ഏപ്രില്‍ 28നാണ് അമേരിക്കന്‍ സാമ്രാജ്യത്വ കഴുകന്‍മാര്‍ ഫല്ലൂജയിലെ ജനങ്ങളുടെമേല്‍ പല്ലും നഖവും ആഴ്ത്താന്‍ തുടങ്ങിയത്. ഒരു സ്കൂളില്‍ അമേരിക്കന്‍ സൈനിക ക്യാമ്പ് നടത്തുന്നതിനെതിരെ പ്രതിഷേധിച്ച ഫല്ലൂജക്കാര്‍ക്കെതിരെ പട്ടാളം നിറയൊഴിച്ചു. അന്ന് 200 പേരാണ് മരിച്ചുവീണത്. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഏറ്റവുമധികം ചെറുത്തുനില്‍പ്പുയര്‍ന്നത് ഫല്ലൂജയില്‍ നിന്നായിരുന്നു. അതിനാല്‍ ഫല്ലൂജക്കാരെ നശിപ്പിക്കുക യാങ്കി സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിത്തീര്‍ന്നു.
2004 നവംബറില്‍ ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ആയിരക്കണക്കിന് മനുഷ്യരും കെട്ടിടങ്ങളും കത്തിയമര്‍ന്നു. മാരകമായ രീതിയില്‍ ബോംബാക്രമണം നടത്തി. അമേരിക്ക നിരത്തിയ കണക്കു പ്രകാരം 'ഏറ്റുമുട്ടലി'ല്‍ 1400 പേര്‍ മരിച്ചു! ഇന്നും ഫല്ലൂജയിലെ കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം ലോകത്തിന് അന്യമാണ്. ആക്രമണത്തിനു മുമ്പ് നഗരത്തിലെ ജനസംഖ്യ 4.25 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. ഇപ്പോള്‍ 2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലാണെന്നാണ് ചില അനൌദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനിയുണ്ടായതായി അനുമാനിക്കാം. ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോയിട്ടുമുണ്ട്. നഗരത്തിലെ പാതിയിലധികം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ശുദ്ധജലംപോലും ലഭിക്കാതെ നരകിക്കുകയാണ് അവശേഷിക്കുന്ന ജനങ്ങള്‍.
ഫല്ലൂജയിലെ കൂട്ടക്കുരുതിയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ യുഎസ് സൈനികവക്താവ് കേണല്‍ മൈക് റഗ്നറോട് ചോദിച്ചപ്പോള്‍, 'ആ, എനിക്കൊന്നുമറിയില്ല'' എന്ന് കൈമലര്‍ത്തി. ഒരു ജനതയെ, അവരുടെ സംസ്കാരത്തെ, കുഞ്ഞുങ്ങളെ, ഇനി പിറക്കാന്‍ പോകുന്ന തലമുറയെ മുഴുവന്‍ തീരാദുരിതത്തിലാഴ്ത്തിയിട്ടും ഇത്ര നിസ്സംഗമായി പ്രതികരിക്കാന്‍ അമേരിക്കക്കാരന് മാത്രമേ കഴിയൂ. ഈ അമേരിക്കന്‍ യുദ്ധക്കൊതിക്ക് സമാധാനം കാംക്ഷിക്കുന്ന ലോകസമൂഹം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഹിരോഷിമ-നാഗസാക്കി ദിനങ്ങളില്‍ ഫല്ലൂജ നല്‍കുന്നത്.
*
ബിജു പി കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
2 comments:
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കൂട്ടക്കരുതിക്ക് ലോകം സാക്ഷിയായിട്ട് 65 വര്‍ഷം പിന്നിടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇന്നും ഈ രണ്ട് നഗരങ്ങളിലെയും ജനങ്ങള്‍ ആ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിട്ടില്ല.
ഇതുകൊണ്ടൊന്നും അമേരിക്കയുടെ നശീകരണവാസന അവസാനിച്ചില്ല. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധക്കൊതിയന്‍മാരായ യാങ്കികള്‍ നരവേട്ട തുടര്‍ന്നു, പുതിയ ആയുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് കുന്നുകൂട്ടി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളോട് ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇറാഖിലെ ഫല്ലൂജ നഗരവാസികളോട് ബുഷ് ഭരണകൂടം കാണിച്ചത്. 2004ല്‍ ബോംബും രാസായുധങ്ങളും ഉപയോഗിച്ച് ഫല്ലൂജയെ നശിപ്പിക്കുകയായിരുന്നു അമേരിക്ക. Cancer, Infant Mortality and Birth Sex - Raito in Fallujah, Iraq 2005 -2009 എന്ന പഠനത്തിലൂടെ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ക്യാന്‍സര്‍, ലൂക്കേമിയ തുടങ്ങിയ രോഗങ്ങളും നവജാത ശിശുമരണനിരക്കുംമാത്രം കണക്കാക്കിയാല്‍ ഒരു നഗരം അനുഭവിക്കുന്ന തീരായാതനയുടെ ചെറിയൊരു ചിത്രം നമുക്ക് ലഭിക്കും.
..
എല്ലാ സാമ്രാജ്യങ്ങള്‍ക്കും ഒരു തിരിച്ചടി ചരിത്രമാണ്..
..
Post a Comment