Sunday, August 22, 2010

നവ ലിബറാലിസവും മതനിരപേക്ഷതയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവിയും

2009 മെയ് മാസത്തില്‍ നടന്ന 15-ാം പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, ആധുനിക ഇന്ത്യയുടെ വികാസ പരിണാമങ്ങളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പ് പ്രകടനത്തിനും അപ്പുറമാണെന്ന് കൂട്ടിച്ചേര്‍ക്കാനും ഞാന്‍ താല്‍പര്യപ്പെടുന്നു. എന്നിരുന്നാലും ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. അവയുടെ സവിശേഷ സന്ദര്‍ഭത്തിലും ഇടതുപക്ഷം പിന്തുടര്‍ന്ന സവിശേഷമായ തെരഞ്ഞെടുപ്പ് അടവുകളുടെ അടിസ്ഥാനത്തിലുമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ കാണേണ്ടത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിതര-ബിജെപി ഇതര കക്ഷികളുടെ ഒരു കൂട്ടുകക്ഷി ബദല്‍ സര്‍ക്കാരിനെ ഉയര്‍ത്തിക്കാണിച്ചത് ജനങ്ങളുടെ കാഴ്‌ചപ്പാടില്‍ പ്രായോഗികവും വിശ്വസനീയവുമായിരുന്നില്ല എന്ന നിഗമനത്തിലാണ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് അവലോകനം എത്തിച്ചേര്‍ന്നത്. ഇതിനോടൊപ്പം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഞങ്ങളുടെ സമ്മതിദായക അടിത്തറയില്‍ ചോര്‍ച്ചയുണ്ടാകുന്നതിന് ഇടയാക്കിയ സവിശേഷ സംസ്ഥാനതല ഘടകങ്ങളുമുണ്ട്. നവ ഉദാരവല്‍ക്കരണവുമായി പൊരുത്തപ്പെട്ടുപോകാനോ അതിനെ ഉള്‍ക്കൊള്ളാനോ ഇടതുപക്ഷത്തിന് കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് ഫലമുണ്ടായത് എന്ന് വ്യാഖ്യാനിക്കാനാവില്ല. ഇതായിരുന്നു കാര്യമെങ്കില്‍ 2004 സംഭവിക്കുമായിരുന്നില്ല. (അന്ന് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണ നിര്‍ണാകയമായിരുന്നു.) എന്നാല്‍, ഇന്ത്യയില്‍ നവഉദാരവല്‍ക്കരണവും അതിന്റെ സവിശേഷ ഗതിക്രമവും പുതുതായി ഒരു വെല്ലുവിളിയും ഉയര്‍ത്തിയില്ല എന്ന് ഇത് സൂചിപ്പിക്കുന്നുമില്ല. നാം നേരിടേണ്ടതായിട്ടുള്ള അത്തരം വെല്ലുവിളികള്‍ ഉണ്ടെന്നത് വാസ്‌തവംതന്നെയാണ്. ഇതിലേക്ക് നമുക്ക് പിന്നീട് മടങ്ങിവരാം.

II

ഈ പ്രാരംഭ പരാമര്‍ശങ്ങളോടുകൂടി ഈ പ്രസംഗത്തില്‍ ഞാന്‍ എത്തിച്ചേരേണ്ട നിഗമനങ്ങളിലേക്ക് കടക്കട്ടെ. നവ ഉദാരവല്‍ക്കരണത്തോട് ഇടതുപക്ഷത്തിനുള്ള അചഞ്ചലമായ എതിര്‍പ്പും അതേ അളവില്‍ത്തന്നെയും ഇടതുപക്ഷത്തിന് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയുമാണ് ഇന്ത്യയുടെ-നമുക്ക് അറിയാവുന്നതുപോലെ ഇന്നത്തെ ഇന്ത്യയുടെ-ഭാവിയെ നിര്‍വചിക്കുന്നത്.

ഈ ദൃഢ പ്രസ്‌താവനയുടെ കാരണങ്ങളിലേക്ക് ഞാന്‍ കടക്കട്ടെ.

ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാത്ക്കരണ പ്രക്രിയയില്‍ ഇടതുപക്ഷം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്; ഇപ്പോഴും അത് ആ പങ്ക് വഹിക്കുകയുമാണ്. എന്താണ് ഈ ആശയം? ഒരു ബഹു ദേശീയ രാജ്യത്ത് അനന്യമായ ഒരു ഏകത്വത്തിന്റെ സൃഷ്‌ടിയും ദൃഢീകരിക്കലുമാണത്. ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും അനിതര സാധാരണമായ വിധമുള്ളതാണ് ഇന്ത്യയുടെ വൈവിധ്യം-ഭാഷാപരവും മതപരവും വംശീയവും സാംസ്‌ക്കാരികവും മറ്റുമാണ്. ഇന്ത്യയില്‍ 1618 ഭാഷകള്‍ ഉണ്ടെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്; 6400 ജാതികള്‍ ഇവിടെയുണ്ട്; പ്രമുഖമായ ആറ് മതങ്ങളുമുണ്ട്-അവയില്‍ നാലെണ്ണം തദ്ദേശീയമായി ജന്മംകൊണ്ടതുമാണ്. നരവംശ ശാസ്‌ത്രപരമായി നിര്‍വചിക്കപ്പെട്ട ആറ് വംശീയ വിഭാഗങ്ങളുമുണ്ട്. രാഷ്‌ട്രീയമായി 30തിലേറെ സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് ഭരണനിര്‍വഹണം നടത്തുന്നത്; 29 പ്രമുഖ മത-സാംസ്‌ക്കാരിക ഉത്സവങ്ങളുണ്ട്. ലോകത്തില്‍ മറ്റൊരു രാജ്യത്തും ഇല്ലാത്തത്ര മതപരമായ പൊതു അവധി ദിവസങ്ങളും ഇവിടെയുണ്ട്.

ഈ ഉപഭൂണ്ഡത്തിന്റെ വിഭജനം നടത്തിയത് ബ്രിട്ടീഷുകാരായിരുന്നുവെന്നും ആ വിഭജനം ആയിരുന്നു പത്തുലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുന്നതിനും ഭീമമായ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും മതാടിസ്ഥാനത്തില്‍ കൂട്ട പലായനം നടന്നതിനും ഇടയാക്കിയത് എന്നുമുള്ള വസ്‌തുതയെ കണ്ടില്ലെന്ന് നടിക്കുകയാണ്. രാജ്യങ്ങളുടെ വിഭജനത്തിലൂടെ തങ്ങള്‍ അധികാരമൊഴിഞ്ഞ സ്ഥലങ്ങളെ ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമേഖലകളാക്കുക എന്ന പാരമ്പര്യമാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിനുള്ളത്-പലസ്‌തീനും സൈപ്രസും മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡംവരെ ഇതാണ് സ്ഥിതി. സ്വാതന്ത്ര്യത്തിനുവേണ്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടന്ന സമരമാണ് ഈ നാനാത്വത്തെ ഏകോപിപ്പിച്ചത്; ഒരു അഖിലേന്ത്യാ ബോധത്തിന് രൂപം നല്‍കിക്കൊണ്ട് 660-ല്‍ അധികം ഫ്യൂഡല്‍ രാജവാഴ്‌ചയ്‌ക്ക് കീഴിലായിരുന്ന ഭരണകൂടങ്ങളെ ആധുനിക ഇന്ത്യ ആയി സംയോജിപ്പിച്ചത് ആ സമരമായിരുന്നു. ഇന്ത്യ എന്ന ഈ ആശയത്തിന്റെ സാക്ഷാത്കാര പ്രക്രിയയില്‍ ഇടതുപക്ഷം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ത്യ എന്ന ആശയത്തിന്റെ കാതലായി വര്‍ത്തിക്കുന്ന മൂന്ന് വിഷയങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഇക്കാര്യം വ്യക്തമാക്കാം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഭൂപ്രശ്‌നം ഉന്നയിച്ച് കമ്യൂണിസ്റ്റുകാര്‍ ആരംഭിച്ച സമരങ്ങള്‍-കേരളത്തിലെ പുന്നപ്ര വയലാര്‍, ബംഗാളിലെ തേഭാഗ, പ്രസ്ഥാനം, ആസാമിലെ സുര്‍മ താഴ്വരയിലെ സമരം, മഹാരാഷ്‌ട്രയിലെ വര്‍ളി കലാപം തുടങ്ങിയവ-ഭൂപരിഷ്‌ക്കരണം എന്ന വിഷയത്തെ മുഖ്യ വിഷയമാക്കി മാറ്റി. തെലങ്കാനയിലെ സായുധസമരം ഈ പ്രശ്‌നത്തെ പ്രത്യേകം ശ്രദ്ധേയമാക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് സെമിന്ദാരി സമ്പ്രദായം നിരോധിച്ചത് ഇന്ത്യന്‍ കര്‍ഷക ജനസാമാന്യം ഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിനിടയാക്കി.

സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്‌ക്കുവേണ്ടിയുള്ള ജനകീയ പോരാട്ടങ്ങള്‍ക്ക് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കിയതും ഇടതുപക്ഷമായിരുന്നു. വിശാലാന്ധ്രയ്‌ക്കും ഐക്യ കേരളത്തിനും സംയുക്ത മഹാരാഷ്‌ട്രയ്‌ക്കും വേണ്ടിയുള്ള സമരങ്ങള്‍ നയിച്ചത് മറ്റു പലര്‍ക്കുമൊപ്പം പില്‍ക്കാലത്ത് ഈ രാജ്യത്തെ കമ്യൂണിസ്‌റ്റ് നേതാക്കന്മാരായി വളര്‍ന്നുവന്ന മഹാരഥന്മാരായിരുന്നു. ഇത് ഇന്ത്യയില്‍ അധിവസിച്ചിരുന്ന വിവിധ ഭാഷാദേശീയതകളെ സംയോജിപ്പിച്ച് ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാത്കരണ പ്രക്രിയക്ക് വഴിയൊരുക്കി.

സര്‍വോപരി ഇടതുപക്ഷത്തിന് മതനിരപേക്ഷതയോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രതിബദ്ധത ആയിരുന്നു ഇന്ത്യ എന്ന ആശയത്തിന്റെ അംഗീകാരത്തിനുള്ള അടിത്തറ സൃഷ്‌ടിച്ചത്. അനന്തമായ വൈവിധ്യങ്ങളോടുകൂടിയ ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നതിന് ഈ വൈവിധ്യത്തില്‍ പൊതുവായുള്ള കണ്ണികളെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ കഴിയൂ; ഈ വൈവിധ്യത്തിനുമേല്‍ ഏതെങ്കിലും വിധത്തിലുള്ള ഏകത്വം അടിച്ചേല്‍പിച്ചുകൊണ്ട് അത് നിറവേറ്റാനാവില്ല. ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിലെ എല്ലാ വശങ്ങളെയും സംബന്ധിച്ച് ഇതുതന്നെയാണ് ശരിയെങ്കിലും മതവുമായി ബന്ധപ്പെട്ട വശത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. ഇന്ത്യയുടെ വിഭജനത്തെയും അതിനൊപ്പമുണ്ടായ ഭീകരമായ വര്‍ഗീയ ലഹളയെയും തുടര്‍ന്ന് ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് മതനിരപേക്ഷത അനിവാര്യമായി മാറി. എന്നാല്‍ മതത്തെ രാഷ്‌ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുക എന്ന നിലയില്‍ മതനിരപേക്ഷതയെ നിര്‍വചിക്കുക എന്ന ഇടതുപക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതില്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ പകുതി വഴി മാത്രമേ പോയുള്ളൂ. പ്രായോഗികമായി, ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ എല്ലാ മതങ്ങളുടെയും തുല്യത എന്ന നിലയില്‍ മതനിപേക്ഷതയുടെ നിര്‍വചനത്തെ പരിമിതപ്പെടുത്തി. വാസ്‌തവത്തില്‍, ഇത് വര്‍ഗീയ ശക്തികള്‍ക്ക് കരുത്തും പ്രോത്സാഹനവും പ്രദാനംചെയ്യുന്നതായിരുന്നു.

ഇന്ത്യ എന്ന സങ്കല്‍പനം ഉയര്‍ന്നുവന്നത്, സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണം എന്നത് സംബന്ധിച്ച് വളര്‍ന്നുവന്ന മൂന്ന് കാഴ്‌ചപ്പാടുകള്‍ തമ്മിലുള്ള നിരന്തരമായ പോരാട്ടത്തില്‍നിന്നായിരുന്നു. സ്വതന്ത്ര ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക് ആയിരിക്കണം എന്ന കാഴ്‌ചപ്പാടായിരുന്നു മുഖ്യധാരയിലെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഈ ലക്ഷ്യത്തോട് യോജിച്ച ഇടതുപക്ഷം കൂടുതല്‍ മുന്നോട്ടുപോയി; ഈ രാജ്യത്തിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തെ സോഷ്യലിസത്തിനുകീഴില്‍ മാത്രം സാധ്യമാകുന്ന, ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കത്തക്കവിധം വിപുലപ്പെടുത്തണം എന്ന കാഴ്‌ചപ്പാട് അവതരിപ്പിച്ചു. ഈ രണ്ടില്‍നിന്നും വിരുദ്ധവും വ്യത്യസ്‌തവുമായിരുന്നു മൂന്നാമത്തെ കാഴ്‌ചപ്പാട്. ആ വിഭാഗം വാദിച്ചത് സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം ഇവിടത്തെ ജനങ്ങളുടെ മതപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടണം എന്നായിരുന്നു. ഈ കാഴ്‌ചപ്പാട് രണ്ടുവിധത്തില്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നു. മുസ്ളീംലീഗ് ഇസ്ളാമിക രാഷ്‌ട്രത്തിനായി വാദിച്ചപ്പോള്‍, ആര്‍എസ്എസ് ഹിന്ദു രാഷ്‌ട്രത്തിനായി വാദിച്ചു. ഈ രാജ്യത്തിന്റെ ദൌര്‍ഭാഗ്യകരമായ വിഭജനത്തോടെ ഇതില്‍ ആദ്യത്തെ വിഭാഗത്തിന് വിജയിക്കാന്‍ കഴിഞ്ഞു. ഇപ്പോഴും അതിന്റെ കെടുതികളും പ്രത്യാഘാതങ്ങളും നേരിട്ടുകൊണ്ടിരിക്കുകയുമാണ്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ, സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തില്‍ അവരുടെ ലക്ഷ്യം നേടാനായില്ല; ആധുനിക ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം എന്ന അവരുടെ സങ്കല്‍പനപ്രകാരം മാറ്റുന്നതിനുള്ള നീക്കം അവര്‍ തുടരുകയാണ്. ഒരര്‍ത്ഥത്തില്‍ സമകാലിക ഇന്ത്യയിലെ പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളും രാഷ്‌ട്രീയ സംഘര്‍ഷങ്ങളും ഈ മൂന്ന് കാഴ്‌ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്. ഇന്ത്യ എന്ന ആശയത്തിന്റെ ദൃഢീകരണത്തിന്റെ ദിശയും ഉള്ളടക്കവും നിര്‍വചിക്കുന്നത് ഈ പോരാട്ടത്തിന്റെ മാനങ്ങളാണെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല.

III

കൊളംബിയ സര്‍വ്വകലാശാലയുടെ ശ്രേഷ്‌ഠരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഒരാളായ, ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്ന നിലയില്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഡോ. ബി ആര്‍ അംബേദ്ക്കറെ ഞാന്‍ ആധാരമാക്കട്ടെ. 1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മ്മാണസഭയുടെ അംഗീകാരത്തിനായി കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

"1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടേതായ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. രാഷ്‌ട്രീയത്തില്‍ നമുക്ക് സമത്വം ഉണ്ടായിരിക്കും; സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമുക്ക് അസമത്വമായിരിക്കും. രാഷ്‌ട്രീയത്തില്‍, നാം ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു വില എന്ന തത്വം അംഗീകരിക്കും. നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍, നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം നാം ഒരാള്‍ക്ക് ഒരു വില എന്ന തത്വം അപ്പോഴും നിഷേധിക്കും.

"ഈ വൈരുദ്ധ്യങ്ങളുടേതായ ജീവിതം നമുക്ക് എത്രകാലം തുടരാന്‍ കഴിയും? നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമുക്ക് എത്രകാലം സമത്വം നിഷേധിക്കുന്നത് തുടരാനാകും?

"ഇത് നിഷേധിക്കുന്നത് നാം വളരെക്കാലം തുടരുകയാണെങ്കില്‍, നമ്മുടെ രാഷ്‌ട്രീയ ജനാധിപത്യത്തെ അപകടത്തില്‍ അകപ്പെടുത്തിക്കൊണ്ടുമാത്രമായിരിക്കും നാം അങ്ങനെ ചെയ്യുന്നത്. സാധ്യമായേടത്തോളം നേരത്തെതന്നെ ഈ വൈരുദ്ധ്യത്തെ നാം നീക്കംചെയ്യണം; അല്ലെങ്കില്‍ ഈ അസമത്വത്തില്‍നിന്ന് ദുരിതം അനുഭവിക്കുന്നവര്‍ ഈ സഭ വളരെ പണിപ്പെട്ട് കെട്ടിപ്പടുത്ത രാഷ്‌ട്രീയ ജനാധിപത്യത്തിന്റെ ഘടനയെത്തന്നെ തകര്‍ക്കും.''

ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന നവലിബറല്‍ ഗതിക്രമം ഡോ. അംബേദ്കറുടെ ഉത്കണ്ഠകളെ കൂടുതല്‍ മൂര്‍ഛിപ്പിച്ചിരിക്കുകയാണ്. ഇന്നിവിടെ എനിക്കുമുമ്പ് സംസാരിച്ച ഡോ. പ്രഭാത് പട്നായിക്, സി പി ചന്ദ്രശേഖര്‍, ജയതിഘോഷ് എന്നിവര്‍ ഇന്ത്യന്‍ ജനതയാകെ അനുഭവിക്കുന്ന സാമ്പത്തിക ദുരിതങ്ങളെക്കുറിച്ച് വളരെ വിശദമായും ഉള്‍ക്കാഴ്‌ചയോടെയും ഇക്കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ അവര്‍ നടത്തിയ സമ്പന്നമായ വിശകലനങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ഈ വിശകലനങ്ങളില്‍നിന്ന് എത്തിച്ചേരുന്ന നിഗമനങ്ങള്‍ ആരെയും സംഭ്രമിപ്പിക്കുന്നവയാണ്. മുമ്പ് ഇവിടെ നിലനിന്നിരുന്ന സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്ന സംവിധാനത്തില്‍നിന്നും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ദശകങ്ങളില്‍ ഭരണവര്‍ഗം പിന്തുടര്‍ന്ന ഗതിക്രമത്തില്‍നിന്നും പാടെ വിടപറഞ്ഞുകൊണ്ടാണ് അവര്‍ നവ ഉദാരവല്‍ക്കരണത്തെ വരിച്ചത്. ആഗോളമായി, ഇപ്പോള്‍ സാമ്രാജ്യത്വം പിന്തുടരുന്ന ഉദാരവല്‍ക്കരണത്തിന്റെ മുഖമുദ്ര, കവര്‍ന്നെടുക്കലിന് (appropriation) ഉപരി കണ്ടുകെട്ടലിലൂടെ (expropriation) മൂലധനത്തിന്റെ ആദിമസഞ്ചയ പ്രക്രിയ തീവ്രമാക്കലാണ്. വിപുലീകരണത്തിലൂടെ (expansion) യുള്ള മൂലധന സഞ്ചയത്തിന് വിരുദ്ധമായി അപഹരണത്തിലൂടെയുള്ള മൂലധന സഞ്ചയം എന്നാണ് ഇതിനെ പ്രഭാത് വിശേഷിപ്പിച്ചത്.

കണ്ടുകെട്ടലിലൂടെയുള്ള നിര്‍ദയമായ ഇത്തരം സഞ്ചയത്തിലൂടെ നവലിബറല്‍ നയനടപടികള്‍ കടുത്ത കാര്‍ഷിക പ്രതിസന്ധിയും കഷ്‌ടപ്പാടുകളും സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിന്റെ ആത്യന്തികഫലമായി ഇന്ന് രണ്ട് ഇന്ത്യകള്‍ രൂപപ്പെട്ടിരിക്കുന്നതാണ്-തിളങ്ങുന്ന ഇന്ത്യയും തകരുന്ന ഇന്ത്യയും.

2009ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സംഖ്യ 52 ആയി വർദ്ധിച്ചിരിക്കുന്നുവെന്നും അവരുടെ ആകെ മൊത്തം ആസ്‌തി 27,600 കോടി ഡോളര്‍ അഥവാ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ നാലില്‍ ഒന്ന് ആണെന്നുമാണ് ഫോര്‍ബ്‌സ് മാഗസിന്‍ പ്രസ്‌താവിച്ചിരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നരില്‍ മുന്നില്‍നില്‍ക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ആളുകള്‍ ഇന്ത്യക്കാരാണ്. അതേസമയം പ്രധാനമന്ത്രി നിയോഗിച്ച ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യന്‍ ജനതയുടെ 77 ശതമാനത്തിന് അഥവാ 83.6 കോടി ആളുകള്‍ക്ക് പ്രതിദിനം ചെലവഴിക്കാന്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനം മാത്രമേ ഉള്ളൂവെന്നാണ്. യു എന്‍ മാനവ വികസന റിപ്പോര്‍ട്ടിലെ ക്രയശേഷി തുല്യതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 75.6 ശതമാനം ഇന്ത്യക്കാരും പ്രതിദിനം 2 ഡോളറില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്ന് കാണാം. നമ്മുടെ കുഞ്ഞുങ്ങളില്‍ 47 ശതമാനം പേരും പോഷകാഹാരക്കുറവുമൂലം ഭാരക്കുറവ് അനുഭവിക്കുന്നു. 17 ശതമാനംപേര്‍ 40 വയസ്സ് അതിജീവിക്കുന്നില്ല. ഗര്‍ഭിണികളില്‍ 78 ശതമാനവും വിളര്‍ച്ച ബാധിച്ചവരാണ്. ഇന്ത്യയുടെ ഭാവി തലമുറയ്‌ക്ക് അവരാണ് ജന്മം നല്‍കുന്നത്. ഇതാണ് മറ്റേ ഇന്ത്യ-ശരിക്കുമുള്ള ഇന്ത്യ.

ആയതിനാല്‍ ഈ നവലിബറല്‍ നയ നടപടികള്‍ ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാത്കരണ പ്രക്രിയയെത്തന്നെ വെട്ടിപ്പൊളിക്കുകയാണ്. സാര്‍വത്രികമായ അഭിവൃദ്ധി സ്ഥാപിച്ചുകൊണ്ടുമാത്രമേ ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാല്‍കാരം സാധ്യമാകൂ.

IV

നാം നേരത്തെ കണ്ട മൂന്ന് കാഴ്‌ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടം ഇന്ത്യയുടെ രാഷ്‌ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ഹിന്ദു രാഷ്‌ട്രത്തിന്റെ കാഴ്‌ചപ്പാട് 1939ല്‍തന്നെ ആര്‍എസ്എസ് മേധാവികളില്‍ ഒരാള്‍ ഞെട്ടിപ്പിക്കുന്നവിധം വ്യക്തമാക്കിയിട്ടുണ്ട്.

"ഹിന്ദുസ്ഥാനില്‍ പുരാതനമായ ഹിന്ദുരാഷ്‌ട്രമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ല; മറ്റൊന്നും നിലനില്‍ക്കേണ്ട ആവശ്യവുമില്ല; ഹിന്ദു രാഷ്‌ട്രമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ദേശീയമായി-അതായത്, ഹിന്ദുവംശവും മതവും സംസ്‌ക്കാരവും ഭാഷയും - ഉള്‍പ്പെടുത്തപ്പെടാത്തതെല്ലാം സ്വാഭാവികമായി യഥാര്‍ത്ഥ 'ദേശീയ' ജീവിതത്തില്‍നിന്ന് ഒളിമങ്ങി അപ്രത്യക്ഷമാകും''.

"ക്രമേണ ശരിക്കും 'ദേശീയ'മായിട്ടുള്ള പ്രസ്ഥാനങ്ങള്‍ മാത്രം അതിന്റെ ഇന്നത്തെ നിര്‍ജീവാവസ്ഥയില്‍നിന്ന് പുനര്‍നിര്‍മാണവും പുനരുജ്ജീവനവും ലക്ഷ്യമാക്കിയതെന്ന നിലയില്‍ ഹിന്ദുരാഷ്‌ട്രമായി നില്‍ക്കും. ദേശീയവാദികളായ ദേശാഭിമാനികള്‍ക്കു മാത്രമേ, ഹിന്ദുവംശത്തെയും രാഷ്‌ട്രത്തെയും തങ്ങളുടെ നെഞ്ചിലേറ്റി മഹത്വവല്‍ക്കരിക്കാനുള്ള അഭിനിവേശമുള്ളവര്‍ക്ക് മാത്രമേ, ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലും നീക്കത്തിലും കൃത്യമായി ഇടപെടാന്‍ കഴിയൂ. മറ്റെല്ലാ പേരും ഒന്നുകില്‍ വഞ്ചകരായിരിക്കും അല്ലെങ്കില്‍, ദേശീയ ലക്ഷ്യത്തിനോട് ശത്രുതയുള്ളവരായിരിക്കും, അഥവാ ധാര്‍മ്മികവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പമ്പരവിഡ്ഢികളായിരിക്കും''.

വീണ്ടും ഇങ്ങനെ തുടരുന്നു:

".... എന്നാല്‍, തങ്ങളുടെ വംശീയവും മതപരവും സാംസ്‌ക്കാരികവുമായ വ്യത്യസ്‌തതകള്‍ നിലനിര്‍ത്തുന്നവരെ വിദേശികളായിട്ടല്ലാതെ കാണാനാവില്ല.''

വീണ്ടും,

"വിദേശി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുമുന്നില്‍ രണ്ട് വഴികള്‍ മാത്രമേ തുറന്നിട്ടുള്ളൂ. ഒന്നുകില്‍ അവര്‍ക്ക് ദേശീയ വംശത്തില്‍ അലിഞ്ഞുചേരുകയും അതിന്റെ സംസ്‌ക്കാരം സ്വീകരിക്കുകയും ചെയ്യാം; അല്ലെങ്കില്‍ ദേശീയ വംശം അനുവദിക്കുന്നിടത്തോളം കാലം അവരുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിധേയരായി കഴിയാം; എന്നിട്ട് ദേശീയ വംശത്തിന്റെ സൌമനസ്യത്തോടെ ഇച്‌ഛയ്‌ക്ക് വിധേയമായി രാജ്യം വിടാം.... ഈ നിലപാട് പ്രകാരം, തന്ത്രശാലികളായ പഴയ രാഷ്‌ട്രങ്ങളുടെ അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍, ഹിന്ദുസ്ഥാനിലെ വിദേശവംശജര്‍ ഒന്നുകില്‍ ഹിന്ദു സംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ആദരിക്കാനും അതിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിക്കാനും തയ്യാറാകണം, ഹിന്ദു വംശത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മഹത്വവല്‍ക്കരണത്തെക്കുറിച്ചല്ലാതെ മറ്റൊരു ആശയത്തെയും അംഗീകരിക്കരുത്, അതായത് ഹിന്ദുരാഷ്‌ട്രം എന്ന ആശയമല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്; അവരുടെ വേറിട്ട നിലനില്‍പ്പുതന്നെ ഉപേക്ഷിച്ച് ഹിന്ദുവംശത്തില്‍ അലിഞ്ഞുചേരുകയോ അല്ലെങ്കില്‍ ഹിന്ദു രാഷ്‌ട്രത്തിന് പൂര്‍ണമായി കീഴ്വഴങ്ങി, ഒരു അവകാശവും ഇല്ലാതെ, പ്രത്യേക അവകാശാധികാരങ്ങളുമില്ലാതെ, പ്രത്യേകമായ എന്തെങ്കിലും പരിഗണനപോലുമില്ലാതെ, എന്തിന് പൌരാവകാശംപോലുമില്ലാതെ ഇവിടെ കഴിഞ്ഞുകൂടാം. ചുരുങ്ങിയത് ഇതല്ലാതെ അവര്‍ക്ക് സ്വീകരിക്കാന്‍ മറ്റൊരു വഴിയും ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. നാം ചിര പുരാതനമായ ഒരു രാഷ്‌ട്രമാണ്; പുരാതന രാഷ്‌ട്രങ്ങള്‍ നമ്മുടെ രാജ്യത്ത് ജീവിക്കാന്‍ താല്‍പര്യപ്പെട്ട വിദേശ വംശങ്ങളെ എങ്ങനെയാണോ കൈകാര്യം ചെയ്‌തത് അതേപോലെതന്നെ നാം ഇവരെ കൈകാര്യം ചെയ്യുന്നതാണ്.''

ഇത്തരം 'പുരാതന രാഷ്‌ട്രങ്ങള്‍' എങ്ങനെയാണ് കൈകാര്യം ചെയ്‌തിരുന്നത് ? ഫാസിസ്‌റ്റ് ജര്‍മ്മനിയുടെ മാതൃകയെക്കാള്‍ എടുത്തുകാണിക്കാന്‍ പറ്റിയ ഒന്നുണ്ടാവില്ല.

"വംശത്തിന്റെയും അതിന്റെ സംസ്‌ക്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ജര്‍മ്മനി ആ രാജ്യത്തുണ്ടായിരുന്ന സെമറ്റിക് വംശത്തെ-ജൂതന്മാരെ-തുടച്ചു നീക്കിക്കൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ അത്യുച്ചാവസ്ഥയില്‍ ഇവിടെ പ്രകടിപ്പിക്കപ്പെട്ടിരിക്കുകയാണ്. അടിമുടി വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്‌ക്കാരങ്ങളെയും സംബന്ധിച്ചിടത്തോളം മൊത്തം ഒന്നിച്ച് ലയിച്ചുചേരുന്നത് എത്രമാത്രം അസാധ്യമായ കാര്യമാണെന്ന് ജര്‍മ്മനി തെളിയിച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാനിലെ നമ്മെ സംബന്ധിച്ചിടത്തോളം പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ മികച്ച പാഠമാണിത്.''

1980 കളുടെ അവസാനമായപ്പോഴേക്ക്, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്ന ആവശ്യത്തോടുകൂടി ഇത് അതിന്റെ പാരമ്യത്തിലെത്തി. ബാബറിമസ്‌ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ചത് അതാണ്. ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ആന്തരികമായ അസഹിഷ്‌ണുതയോടുകൂടിയ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കി മാറ്റിത്തീര്‍ക്കുന്നതിനുവേണ്ടി രാഷ്‌ട്ര സംവിധാനത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍, തുടര്‍ന്നും നിരവധി പ്രശ്‌നങ്ങളില്‍ വ്യക്തമായി കാണപ്പെട്ടു. 2002ലെ ഗുജറാത്തിലെ കൂട്ടക്കൊല, രാജ്യത്തിന്റെ ബോധതലത്തെ ഒരേസമയത്തു ഭയചകിതമാക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. നാം നേരത്തെ പ്രസ്‌താവിച്ച, ഇന്ത്യയുടെ അളവറ്റ വൈവിധ്യത്തിനുള്ളില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന തുല്യതയുടെ അടിവേരുകളില്‍ത്തന്നെ ആഞ്ഞടിച്ചുകൊണ്ട്, ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാല്‍ക്കാരത്തെ തകര്‍ക്കുകയാണ് ഇത്തരം വര്‍ഗീയതാവല്‍ക്കരണം സ്വന്തം നിലയില്‍ ചെയ്യുന്നത്.

അതുകൊണ്ട്, ഇന്ത്യ എന്ന ആശയത്തിന്റെ ശരിക്കും ആന്റി തീസിസ് തന്നെയാണ് നവ ഉദാരവല്‍ക്കരണം, വര്‍ഗീയത എന്നിവ രണ്ടും. ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാല്‍ക്കാരത്തിന്റെ കാര്യത്തില്‍ ഇവ രണ്ടിനോടുമുള്ള ഇടതുപക്ഷത്തിന്റെ ദൃഢമായ എതിര്‍പ്പ് സുപ്രധാനമായ ഒരു ഘടകംതന്നെയാണ്. അത്തരമൊരു സാക്ഷാല്‍ക്കാരം സാധിക്കുന്നതിനായി ഇന്ത്യന്‍ ജനതയ്‌ക്കിടയിലെ രാഷ്‌ട്രീയശക്തി ബന്ധങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിന് വിജയം കൈവരിക്കേണ്ടതുണ്ട്. വര്‍ഗസമരങ്ങളെ മൂര്‍ച്‌ഛിപ്പിച്ചുകൊണ്ടാണ് ഇത് ചെയ്യാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. അവശ്യവസ്‌തുക്കളുടെ നിരന്തരമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് നിയമം ലംഘിച്ച് അറസ്‌റ്റ്വരിക്കാന്‍ രാജ്യത്തെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍, ഇന്നുതൊട്ട് ഒരാഴ്‌ച കഴിഞ്ഞാല്‍, ഏപ്രില്‍ 8-ാം തീയതി, തയ്യാറാവും. വരും നാളുകളില്‍ അത്തരം ജനകീയ സമരങ്ങള്‍ മൂര്‍ച്‌ഛിക്കുകതന്നെ ചെയ്യും. അതേ അവസരത്തില്‍ത്തന്നെ, സ്വയം ശക്തിയാര്‍ജ്ജിക്കുന്നതിനും ആ പ്രക്രിയയ്‌ക്കിടയില്‍ ആധുനിക ഇന്ത്യയുടെ ദൃഢീകരണത്തെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി ഇടതുപക്ഷം ഏറ്റെടുക്കേണ്ട ചില നിര്‍ണായക പ്രശ്‌നങ്ങളുമുണ്ട്.

V

അത്തരം പ്രശ്‌നങ്ങളില്‍ ഒന്ന്, ജാതിയുടെ പ്രശ്‌നം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് സംബന്ധിച്ചുള്ളതാണ്. ഇക്കാര്യത്തെ സംബന്ധിച്ച് പ്രൊഫസ്സര്‍ ജാവേദ് ആലം ഇന്ന് ഉച്ചതിരിഞ്ഞ്, വളരെ രസകരമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. അതില്‍ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം ആവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അവയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടത് ആവശ്യമാണ്. പല നൂറ്റാണ്ടുകളിലൂടെ സംഭവിച്ച ജാതീയമായ വേര്‍തിരിവിനുള്ളിലാണ് ഇന്ത്യയില്‍ വര്‍ഗങ്ങളുടെ രൂപീകരണം സംഭവിക്കുന്നത്. ഇത്തരമൊരു പരിത:സ്ഥിതിയില്‍ സാമൂഹ്യമായി ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജാതികളില്‍പ്പെടുന്നവരാണ് ഏറ്റവും ചൂഷിതരായ വര്‍ഗങ്ങള്‍ എന്നതിനാല്‍, ജാതിയും വര്‍ഗവും തമ്മില്‍ വളരെ വലിയ അളവില്‍ കൂടിക്കലരുന്ന അവസ്ഥയുണ്ട്. അതായത് ഇന്ത്യയിലെ വര്‍ഗഭരണം നിലനില്‍ക്കുന്നത് രണ്ട് കാലുകളിലാണ് - സാമ്പത്തികമായ ചൂഷണത്തിന്മേലും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്മേലും. ഈ രണ്ടുവിധത്തിലുമുള്ള സമരങ്ങളെ ഇടതുപക്ഷം സമന്വയിപ്പിക്കുന്നില്ലെങ്കില്‍, ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള ഗതി "ഓടിക്കൊണ്ടായിരിക്കുകയില്ല, മറിച്ച് മുടന്തിക്കൊണ്ടായിരിക്കും''. ഈ ആവശ്യകതയെക്കുറിച്ച് നാം യഥാര്‍ത്ഥത്തില്‍ ബോധവാന്മാരാണ്. അതേ അവസരത്തില്‍ത്തന്നെ, പ്രായോഗികമായി അത്തരമൊരു സമന്വയത്തെ ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതുമുണ്ട്.

ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതായ വികസന മാര്‍ഗവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു നിര്‍ണായകമായ പ്രശ്‌നം. നന്ദിഗ്രാം, സിന്‍ഗൂര്‍ എന്നീ വാക്കുകള്‍ അന്താരാഷ്‌ട്ര ശബ്‌ദകോശത്തില്‍ സാധാരണ വാക്കുകളായിത്തീര്‍ന്നിരിക്കുന്നുവെന്ന് പലരും പറയുന്നുണ്ട്. പശ്ചിമബംഗാളിലെ ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിനെതിരായ പ്രചരണത്തില്‍ വളരെയേറെ തെറ്റായ വിവരങ്ങളുണ്ട്; വളരെയേറെ വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവെയ്‌ക്കപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. നമുക്ക് പല കാര്യങ്ങളും പിന്നീട് ചര്‍ച്ചചെയ്യാം. തല്‍ക്കാലം താഴെപറയുന്ന കാര്യം മാത്രം പരിഗണിക്കാം.

കാര്‍ ഫാക്‌ടറിക്കുവേണ്ടി സിന്‍ഗൂരില്‍ ഏതാണ്ട് ആയിരം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ ഭൂമിക്ക് 12000ല്‍ അധികം പേര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുകയുണ്ടായി. 12,000 പേര്‍ക്ക് ആയിരം ഏക്കര്‍ എന്നതിനര്‍ഥം, ഒരേക്കര്‍ ഭൂമികൊണ്ട് 12 കുടുംബങ്ങള്‍ നിയമപരമായി ജീവിക്കുന്നു എന്നാണ്. അത് സാധ്യമാണോ? യഥാര്‍ത്ഥത്തില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ കൃഷിയെടുത്ത് ജീവിക്കുന്നുണ്ടാവാം. ബാക്കിയുള്ളവര്‍ റിക്ഷ വലിച്ചോ വീട്ടുജോലികള്‍ ചെയ്‌തോ ഒക്കെയാവും ജീവിക്കാന്‍ വകകാണുന്നത്. അവരുടെ ഉപജീവനനിലവാരം ഉയര്‍ത്തുന്നതിന് പ്രാപ്‌തമായ മാര്‍ഗ്ഗമല്ല അവിടെ ഭൂമിയും കൃഷിയും. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ട് പതിറ്റാണ്ടുകളില്‍ കൈക്കൊണ്ട ഭൂപരിഷ്‌ക്കരണ നടപടികള്‍മൂലം (ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴിച്ച് മറ്റൊരു സംസ്ഥാനത്തിലും ഇങ്ങനെ ഭൂപരിഷ്‌ക്കരണം നടപ്പാക്കപ്പെട്ടിട്ടില്ല) രണ്ട് തലമുറകളില്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭൂമി തുണ്ടംതുണ്ടമായി വിഭജിക്കപ്പെട്ടു. വ്യവസായവല്‍ക്കരണംമൂലം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നും അതിന്റെ ഫലമായി സാമ്പത്തിക പ്രവര്‍ത്തനം നടക്കുമെന്നും ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള അവസരങ്ങള്‍ ലഭിക്കുമെന്നും ഉള്ള അടിസ്ഥാനത്തില്‍, ജീവിതനിലവാരം ഉയര്‍ത്താനുള്ള മാര്‍ഗമെന്ന നിലയില്‍ വ്യവസായവല്‍ക്കരണം പരിഗണിക്കപ്പെട്ടു.

നന്ദിഗ്രാമിനെ സംബന്ധിച്ചാണെങ്കില്‍, ഒരു തുണ്ട് ഭൂമിപോലും ഒരിക്കലും ഏറ്റെടുക്കുകയുണ്ടായിട്ടില്ല. കെമിക്കല്‍ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള പരിഗണനയെ സംബന്ധിച്ച അപൂര്‍ണമായ പദ്ധതിപോലും, അതിനെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. അവിടെയുണ്ടായ കുഴപ്പം, പൂര്‍ണമായും രാഷ്‌ട്രീയ സ്വഭാവത്തോടുകൂടിയതാണ്. 2011ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി തുടര്‍ച്ചയായി എട്ടാം തവണയും വിജയിക്കുന്നതെങ്കിലും തടയണം എന്ന് ആഗ്രഹിക്കുന്ന, നിരാശരായ പ്രതിപക്ഷം ഉണ്ടാക്കിത്തീര്‍ത്ത രാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ പ്രശ്‌നമാണ് അവിടെയുള്ളത്.

പശ്ചിമബംഗാളില്‍ ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. എന്നാല്‍ ഇപ്പോഴത്തെ കാര്യത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കഴിഞ്ഞകാലങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ഗൃഹപാഠങ്ങള്‍ കര്‍ശനമായി ചെയ്‌തിരുന്നുവെന്നും ഇത്തവണ അതുണ്ടായില്ലെന്നും പറയാവുന്നതാണ്. 2006ല്‍ തുടര്‍ച്ചയായി ഏഴാംതവണയും ഇടതുപക്ഷ മുന്നണി അധികാരത്തിലേക്ക് തിരിച്ചുവന്ന ഉടനെയാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത് എന്നതാണ് അതിന്റെ ഒരു കാരണം. മറ്റ് പല പ്രശ്‌നങ്ങളോടുമൊപ്പം വ്യവസായവല്‍ക്കരണത്തിന്റെ പ്രശ്‌നവും കൂടി ഉന്നയിച്ചുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ മുന്നണി നേരിട്ടത്. ഇടതുപക്ഷ മുന്നണിക്ക് വമ്പിച്ച വിജയം കൈവന്നതുകൊണ്ട്, നിര്‍ദ്ദിഷ്‌ട വ്യവസായവല്‍ക്കരണപദ്ധതിക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുന്നുവെന്ന് അനുമാനിക്കപ്പെട്ടു. മുന്‍കാലങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമതല കമ്മിറ്റികള്‍ രൂപീകരിക്കുമായിരുന്നു; ഭൂമി ഏറ്റെടുക്കുന്നതിന്റെ കാരണങ്ങളും ഉദ്ദേശങ്ങളും അവര്‍ക്ക് വിശദീകരിച്ചുകൊടുത്തതിനുശേഷം, സംസ്ഥാന ഗവണ്‍മെന്റ് ഭൂമി ഏറ്റെടുക്കുന്നതിന്റെ വ്യവസ്ഥകള്‍ അവരുമായി ചര്‍ച്ചചെയ്യുമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതിനുശേഷം മാത്രമേ ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമായിരുന്നുള്ളു. അത്തരമൊരു സമീപനം ഇത്തവണയും സ്വീകരിച്ചിരുന്നുവെങ്കില്‍ എത്രയോ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു; അതിനേക്കാളൊക്കെ പ്രധാനമായി ഇടതുപക്ഷ മുന്നണിയുടെ എതിരാളികള്‍ക്ക് ധാര്‍മികവും നിഷ്‌ഠൂരവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷ മുന്നണിക്കെതിരായി ആക്രമണം നടത്താനുള്ള അവസരം ലഭിക്കുമായിരുന്നില്ല.

ഇവിടെ കൂടുതല്‍ വിപുലമായ മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകളുടെമേലുള്ള ഭരണഘടനാപരമായ പരിമിതികളുടെ പശ്ചാത്തലത്തില്‍, എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളെക്കൊണ്ടും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ചെലുത്തിക്കൊണ്ടിരിക്കുന്ന അളവറ്റ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍, സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു; നവ ഉദാരവല്‍ക്കരണത്തിനെതിരായ പരിശ്രമങ്ങളും വ്യവസായ വികസനത്തിനുള്ള പരിശ്രമങ്ങളും ഒന്നിച്ചുപോകുമോ? നവ ഉദാരവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് ശക്തിപ്പെടുത്തുന്ന അവസരത്തില്‍തന്നെ ജനങ്ങള്‍ക്ക് ആശ്വാസം പ്രദാനംചെയ്യുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റുകള്‍ പ്രഥമവും പ്രധാനവുമായി മുന്നോട്ടുവെയ്‌ക്കുന്നത്. നവ ഉദാരവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് ശക്തിപ്പെടുത്തുന്നതിനായി കണ്ടുകെട്ടലിലൂടെയുള്ള (expropriation) മൂലധനത്തിന്റെ ആദിമ സഞ്ചയപ്രക്രിയയുടെ എല്ലാ രൂപങ്ങളും (കൃഷിക്കാരില്‍നിന്ന് കൃഷിഭൂമി ബലംപ്രയോഗിച്ച് പിടിച്ചെടുക്കുക, മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ ബലം പ്രയോഗിച്ച് വെട്ടിച്ചുരുക്കുക, സംസ്ഥാനത്തിലേക്കുള്ള വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ അനിയന്ത്രിതവും തടവില്ലാത്തതുമായ ഒഴുക്ക് അനുവദിക്കുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു) ഈ ഗവണ്‍മെന്റുകള്‍ തടയേണ്ടത് ആവശ്യമാണ്. നവ ഉദാരവല്‍ക്കരണ നയത്തിന്‍കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ത്തന്നെ വിഭവ ഞെരുക്കം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, വിഭവങ്ങളുടെ ഒഴുക്കിന് ഇത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. അതിന്റെ ഫലമായി വികസന പ്രവര്‍ത്തനങ്ങളുടെ സാധ്യതയും വ്യാപ്‌തിയും വീണ്ടും വെട്ടിച്ചുരുക്കപ്പെടും. അതുകൊണ്ട് നവ ഉദാരവല്‍ക്കരണത്തേയും അതിന്റെ ഫലങ്ങളേയും എതിര്‍ക്കുന്ന അവസരത്തില്‍ത്തന്നെ, ദുരിതങ്ങളില്‍നിന്ന് അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടി, സംസ്ഥാന ഗവണ്‍മെന്റിന്റെ കയ്യിലുള്ള പരിമിതമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുക എന്നത്, ഇടതുപക്ഷം ഇന്ന് നേരിടുന്ന വെല്ലുവിളിയാണ്; അതിനെ തരണംചെയ്യാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്വത്വരാഷ്‌ട്രീയത്തിന്റെ ഉയര്‍ച്ചയും സാര്‍വത്രിക വിദ്യാഭ്യാസം, വികലാംഗരുടെ അവകാശങ്ങള്‍, ദളിതരുടെ അവകാശങ്ങള്‍ തുടങ്ങി വിവിധ എന്‍ജിഒകള്‍ ഏറ്റെടുക്കുന്ന പ്രത്യേക പ്രശ്‌നങ്ങളും ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ദുരിതാവസ്ഥയെ തീവ്ര ഇടതുപക്ഷം ഉപയോഗപ്പെടുത്തുന്നതും എല്ലാം അരാഷ്‌ട്രീയവല്‍ക്കരണ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. സ്വത്വരാഷ്‌ട്രീയംകൊണ്ട് ഏറിക്കവിഞ്ഞാല്‍ ആ പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞേക്കും; എന്നാല്‍ നിലവിലുള്ള വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് അത് ലക്ഷ്യം വെയ്‌ക്കുന്നതേയില്ല. ഇത് തീവ്ര ഇടതുപക്ഷത്തെ സംബന്ധിച്ചും ശരിയാണ് - സായുധ വിപ്ളവത്തെക്കുറിച്ച് അവര്‍ തീവ്രമായി പ്രസംഗിക്കുന്നുണ്ടെങ്കിലും. അതെന്തായാലും മുതലാളിത്ത വ്യവസ്ഥയെ മാറ്റിമറിക്കുക എന്നതുതന്നെയാണ് സിപിഐ (എം)ന്റെ ലക്ഷ്യം.

VI

വ്യവസ്ഥയെ മാറ്റിമറിക്കുന്നതിനുള്ള സമരം ശക്തിപ്പെടുത്തുന്നതിനായി ഇടതുപക്ഷത്തിന്, തൊഴിലാളി-കര്‍ഷകസഖ്യം (അടിസ്ഥാനപരമായ വര്‍ഗസഖ്യം) കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയിലെ വര്‍ഗശക്തികളുടെ ബലാബലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിത്തീര്‍ക്കുന്നതിനുവേണ്ടിയാണത്. സ്വാഭാവികമായും ഇതു ചെയ്യേണ്ടത് നവ ഉദാരവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് (അതായത് സാമ്രാജ്യത്വവിരുദ്ധ നിലപാട്) ശക്തിപ്പെടുത്തിക്കൊണ്ടും വര്‍ഗീയശക്തികളോടുള്ള എതിര്‍പ്പ് (മതനിരപേക്ഷത നിലപാട്) ശക്തിപ്പെടുത്തിക്കൊണ്ടുമാണ്.

അതെന്തായാലും, അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനായി, കേന്ദ്ര ഗവണ്‍മെന്റിനെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥ തടയേണ്ടത് ആവശ്യമാണ്. അതേ അവസരത്തില്‍തന്നെ, നവ ഉദാരവല്‍ക്കരണത്തിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിനായി, ഗവണ്‍മെന്റിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് പാര്‍ടി ഏറ്റെടുക്കുന്നതിനെ തടയേണ്ടതും ആവശ്യമാണ്. അതായത് കോണ്‍ഗ്രസ് വിരുദ്ധ - ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ടികളുടെ കൂട്ടായ്‌മ കെട്ടിപ്പടുക്കേണ്ടതുണ്ട്. വിശ്വസനീയമായ ബദല്‍ നയങ്ങളില്ലാതെ അത്തരം ഒരു മുന്നണി പലപ്പോഴും തെരഞ്ഞെടുപ്പ് അവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. എന്നുതന്നെയല്ല, വിവിധ സംസ്ഥാനങ്ങളില്‍ ഗവണ്‍മെന്റില്‍ ഇരുന്നപ്പോള്‍ അത്തരം പല പാര്‍ടികളും മുമ്പ് പലപ്പോഴും അതേ നവ ഉദാരവല്‍ക്കരണനയങ്ങള്‍തന്നെ അനുവര്‍ത്തിച്ചിട്ടുണ്ടാവും; വര്‍ഗീയ ശക്തികളുമായി രമ്യതയില്‍ കഴിഞ്ഞിട്ടുണ്ടാവും; അങ്ങനെ തങ്ങളുടെ വിശ്വാസ്യതയെ സംശയകരമായ അവസ്ഥയില്‍ എത്തിച്ചിട്ടുണ്ടാവും. അത്തരം തെരഞ്ഞെടുപ്പ് മുന്നണികളില്‍നിന്ന് വ്യത്യസ്‌തമായി, മതനിരപേക്ഷവും നവ ഉദാരവല്‍ക്കരണ വിരുദ്ധവുമായ ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി - വിരുദ്ധ കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയ ബദല്‍ ശക്തിപ്പെടുത്തിയെടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പരിശ്രമമാണ്. ഈ ബദല്‍നയ ദിശാബോധത്തെ ആസ്‌പദമാക്കി നടത്തുന്ന ജനകീയ സമരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് നടത്തേണ്ടത്. വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റംവരുത്തുന്നതിനായി ഈ ദിശയില്‍ മുന്നേറുന്നതിന് പല ഇടക്കാല നടപടികളും കൈക്കൊള്ളേണ്ടിവരും. മൂര്‍ത്തമായ പരിത:സ്ഥിതികളെ മൂര്‍ത്തമായ വിധത്തില്‍ വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അത് ചെയ്യേണ്ടത്.

ഇതിനിടയില്‍ ഇടതുപക്ഷത്തെ ഇന്നിപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി, നമ്മുടെ ശക്തികേന്ദ്രങ്ങളില്‍, പ്രത്യേകിച്ചും പശ്ചിമബംഗാളില്‍, എല്ലാ ഇടതുവിരുദ്ധ ശക്തികളും ഒന്നിച്ചുകൂടിനിന്നുകൊണ്ട് നമുക്കെതിരായി നടത്തുന്ന സംയുക്തമായ ആക്രമണമാണ്. ഇടതുപക്ഷ മുന്നണിക്കെതിരായി എല്ലാവരും ഒത്തുചേര്‍ന്നിട്ടുള്ള ഈ ഐക്യത്തില്‍, കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിന്‍കീഴില്‍ തീവ്ര ഇടതുപക്ഷക്കാരായ മാവോയിസ്‌റ്റുകളും വിദേശഫണ്ട് പറ്റുന്ന എന്‍ജിഒമാരും കോര്‍പ്പറേറ്റ് മാധ്യമങ്ങളിലെ ചില വിഭാഗങ്ങളും ഹിന്ദുക്കളുടെ പേരിലും മുസ്ളീങ്ങളുടെ പേരിലും ഉള്ള വര്‍ഗീയ ശക്തികളും എല്ലാം ഉള്‍പ്പെടുന്നു. ഇന്നിപ്പോള്‍, ഞാനിവിടെനിന്നു പ്രസംഗിക്കുന്ന ഈ അവസരത്തില്‍ പശ്ചിമബംഗാളില്‍ മാത്രം, എന്റെ ഇരുന്നൂറോളം സഖാക്കളെ ഈ സംഘം കൊലപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. മുമ്പും ഞങ്ങള്‍ക്ക് അത്തരം ആക്രമണങ്ങളിലൂടെ കടന്നു പോകേണ്ടിവന്നിട്ടുണ്ട്; വിലപ്പെട്ട ജീവിതങ്ങള്‍ നഷ്‌ടപ്പെടേണ്ടിവന്നിട്ടുണ്ട്; കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ട്; എങ്കിലും ഞങ്ങള്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ന്നുവന്നു.

നാം തുടക്കത്തില്‍തന്നെ പ്രസ്‌താവിച്ചപോലെ, ഇന്ത്യ എന്ന ആശയത്തിന് വിജയിക്കണമെങ്കില്‍, നിലനില്‍ക്കണമെങ്കില്‍, നവ ഉദാരവല്‍ക്കരണത്തേയും വര്‍ഗീയതയേയും ദുര്‍ബലപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം. ഇതേ കാരണംകൊണ്ടുതന്നെയാണ്, ഈ പഥത്തിലൂടെ ചരിക്കുന്ന എല്ലാ ശക്തികളും, ഇടതുപക്ഷത്തെ ആക്രമിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുംവേണ്ടി ഒന്നിച്ചുകൂടിയിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം ഇതാണ്. തുടക്കത്തില്‍ ഞാന്‍ ഊന്നിപ്പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ ഇന്ത്യയുടെ ഭാവിയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവിയും അവിഭാജ്യമായും സമ്പൂര്‍ണ്ണമായും പരസ്‌പരബന്ധിതമായിക്കിടക്കുകയാണ്.

നവ ഉദാരവല്‍ക്കരണ വ്യവസ്ഥയില്‍ സാമ്പത്തികനയമാണ് രാഷ്‌ട്രീയത്തെ ചലിപ്പിക്കുന്നത്. അതിനുപകരം, രാഷ്‌ട്രീയം അതിനാവശ്യമായ സാമ്പത്തികനയമേതെന്ന് തീരുമാനിക്കുന്ന ഒരു വ്യവസ്ഥയാണ് ഇന്ത്യക്ക് ആവശ്യം. ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ദേശീയതയെയാണ് വര്‍ഗീയത പ്രതിനിധീകരിക്കുന്നത്. അതിനുപകരം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ദേശീയതയാണ് ഇന്ത്യക്ക് ആവശ്യം. ഇതിനുവേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും. ഇന്ത്യ എന്ന ആശയത്തെ സാക്ഷാല്‍ക്കരിക്കുന്നതിന് ഇതുകൊണ്ടേ കഴിയൂ.

*****

സീതാറാം യെച്ചൂരി, കടപ്പാട് : ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കൊളംബിയ സര്‍വ്വകലാശാലയുടെ ശ്രേഷ്‌ഠരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഒരാളായ, ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്ന നിലയില്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഡോ. ബി ആര്‍ അംബേദ്ക്കറെ ഞാന്‍ ആധാരമാക്കട്ടെ. 1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മ്മാണസഭയുടെ അംഗീകാരത്തിനായി കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

"1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടേതായ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. രാഷ്‌ട്രീയത്തില്‍ നമുക്ക് സമത്വം ഉണ്ടായിരിക്കും; സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമുക്ക് അസമത്വമായിരിക്കും. രാഷ്‌ട്രീയത്തില്‍, നാം ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു വില എന്ന തത്വം അംഗീകരിക്കും. നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍, നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം നാം ഒരാള്‍ക്ക് ഒരു വില എന്ന തത്വം അപ്പോഴും നിഷേധിക്കും.

"ഈ വൈരുദ്ധ്യങ്ങളുടേതായ ജീവിതം നമുക്ക് എത്രകാലം തുടരാന്‍ കഴിയും? നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമുക്ക് എത്രകാലം സമത്വം നിഷേധിക്കുന്നത് തുടരാനാകും?

"ഇത് നിഷേധിക്കുന്നത് നാം വളരെക്കാലം തുടരുകയാണെങ്കില്‍, നമ്മുടെ രാഷ്‌ട്രീയ ജനാധിപത്യത്തെ അപകടത്തില്‍ അകപ്പെടുത്തിക്കൊണ്ടുമാത്രമായിരിക്കും നാം അങ്ങനെ ചെയ്യുന്നത്. സാധ്യമായേടത്തോളം നേരത്തെതന്നെ ഈ വൈരുദ്ധ്യത്തെ നാം നീക്കംചെയ്യണം; അല്ലെങ്കില്‍ ഈ അസമത്വത്തില്‍നിന്ന് ദുരിതം അനുഭവിക്കുന്നവര്‍ ഈ സഭ വളരെ പണിപ്പെട്ട് കെട്ടിപ്പടുത്ത രാഷ്‌ട്രീയ ജനാധിപത്യത്തിന്റെ ഘടനയെത്തന്നെ തകര്‍ക്കും.''

ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന നവലിബറല്‍ ഗതിക്രമം ഡോ. അംബേദ്കറുടെ ഉത്കണ്ഠകളെ കൂടുതല്‍ മൂര്‍ഛിപ്പിച്ചിരിക്കുകയാണ്.

മലമൂട്ടില്‍ മത്തായി said...

This post gives the illusion that the left has punched far above its weight class when it comes to the liberation of India. But then a couple of posts before, it was explained that the left sat out of the final push to get the British. So then, are you trying to have it both ways?

The left was in opposition when the first parliament started. So how come the left was with the Congress as this post claims?

Being secular in word does not mean that the left is secular in deed - just look at the way in which the Madani episode was handled in Kerala. Terrorists and extremists are to be condemned - whether they are from left, right or center. More than anything else, the left is after the votes now. And also the money.

The voters saw through that this time - which is why the left got reduced from the role of kingmakers to the level of a regional party in the current parliament.