Tuesday, August 3, 2010

ഹിന്ദുത്വത്തിന്റെ ഭീകരവഴികള്‍

ഭീകരവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയം മുതല്‍ തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ളിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ളിം സംഘടനകളുടെ പേരും പ്രചരിക്കും. 2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരേ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു. അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ളാമിനെതിരായ യുദ്ധമായി മാറി.

ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. എല്ലാ മുസ്ളിങ്ങളും ഭീകരവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ളിങ്ങളാണെന്ന സിദ്ധാന്തമാണ് സംഘപരിവാര്‍ മുന്നോട്ട് വെച്ചിരുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിന് നല്‍കുന്ന എല്ലാ സഹായങ്ങളും ഭീകരവാദികള്‍ക്കുള്ള പ്രീണനമാണെന്നും ഇവര്‍ പ്രചരിപ്പിച്ചു. ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദി മാത്രമാണെന്നും ലിബറലുകളും പുരോഗമന ചിന്താഗതിക്കാരും പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുച്ഛിച്ചുതള്ളി. എന്നാല്‍ സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദ മുഖം മറച്ചുവെക്കാനുള്ള തന്ത്രം മാത്രമായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരവാദം ഇന്ന് പൊതുസമൂഹത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി പതുക്കെയാണെങ്കിലും മാറുകയാണ്. അതായത് ഹിന്ദുക്കള്‍ സമാധാനപ്രേമികളും അഹിംസാവാദികളും ആണെന്ന വാര്‍പ്പ് മാതൃകകള്‍ ഉടയുകയാണ്.

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ ഭീകരവാദികള്‍ വധിച്ചിട്ടു പോലും ഇത്തരമൊരു പൊതുബോധം എങ്ങനെ സൃഷ്‌ടിക്കപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്. കാരണം ഗാന്ധിജിയുടെ വധത്തിന് ശേഷം 1948 ഫെബ്രുവരി 4 ന് ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തന്നെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ സംഘടനകളുടെ അംഗങ്ങള്‍ 'ജനങ്ങളെ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനും ആയുധങ്ങള്‍ കൈവശപ്പെടുത്താനും അതീവ രഹസ്യമായി ശ്രമിക്കുന്നതായി' പറയുന്നുണ്ട്. 'സംഘപരിവാറിന്റെ ഈ ആക്രമണസ്വഭാവം പല ജീവിതങ്ങളും കവര്‍ന്നുവെന്നും അതില്‍ ഏറ്റവും വിലപ്പെട്ട ജീവിതം മഹാത്മാ ഗാന്ധിയുടേതാണെന്നും' സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഹിന്ദുത്വത്തെക്കുറിച്ച് രണ്ട് പുസ്‌തകം സമീപകാലത്ത് എഴുതിയ ജ്യേതിര്‍മയ ശര്‍മ ഹിന്ദുക്കള്‍ സമാധാനപ്രിയരും അഹിംസാവാദികളുമാണെന്ന 'കെട്ടുകഥയുടെ പ്രചാരണത്തില്‍ നിങ്ങള്‍ പങ്കാളിയാണെങ്കില്‍ നിങ്ങളും ഒരു ഗൂഢാലോചനയില്‍ പങ്കെടുക്കുകയാണെ'ന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ മധ്യവര്‍ഗമാണ് ഇത്തരമൊരു ഹിന്ദുഷോവനിസ്റ്റ് ആശയത്തെ ഏറ്റവും കൂടുതല്‍ പുല്‍കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹിന്ദുത്വവാദികള്‍ പ്രത്യാക്രമണ തത്വശാസ്‌ത്രത്തില്‍ വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുയും ചെയ്‌തിരുന്നു വെന്നത് ചരിത്രം. പുരാണങ്ങളില്‍നിന്നും മറ്റുമാണ് ഇത്തരമൊരു തത്വശാസ്‌ത്രത്തിന് ഈ ശക്തികള്‍ രൂപം നല്‍കിയത്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസുരന്മാരെ നിഷ്‌ക്കാസനം ചെയ്‌ത ദേവന്മാര്‍ നേടുന്ന വിജയം ഇവര്‍ക്ക് പ്രേരണയായി. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ ശത്രുക്കളെ അസുരന്മാരായി കരുതി അവരെ ഉന്മൂലനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന തത്വശാസ്‌ത്രത്തില്‍ പലപ്പോഴും എത്തി. തിരിച്ചടിക്കുന്നത് ആക്രമാസക്തമായിരിക്കണമെന്നും അത് ക്ഷാത്രവീര്യത്തിന്റെ ഉജ്വല പ്രകടനമാണെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മാത്രമേ തിരിച്ചടിക്കുകയുള്ളൂവെന്ന് ഹിന്ദുത്വവാദികള്‍ വാദിക്കുമ്പോഴും എപ്പോഴാണ് ഹിന്ദുത്വം അക്രമിക്കപ്പെടുന്നത് എന്ന് നിശ്ചയിക്കുന്നതും തങ്ങളുടെ ശത്രുക്കള്‍ ആരാണെന്ന് നിശ്ചയിക്കുന്നതും അവര്‍ ഏകപക്ഷീയമാണെന്ന വസ്‌തുതയും നിലനില്‍ക്കുന്നു.

വി ഡി സവര്‍ക്കറും നാഥുറാം വിനായക് ഗോഡ്‌സെയും മറ്റും തിരിച്ചടിക്കാനായി അക്രമമാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരായിരുന്നു. അതിന് നിയമസാധുതയുണ്ടെന്നും അവര്‍ വിശ്വസിച്ചു. ഹിന്ദു മഹാസഭയും ആര്‍എസ്എസ്സും ഈ വിചാരധാരയിലൂടെയാണ് മുന്നോട്ട് പോയത്. ഇതുകൊണ്ടാണ് മഹാത്മജിയെ പോലും വധിക്കാന്‍ ഹിന്ദുത്വ ആശയഗതിക്കാര്‍ക്ക് കഴിഞ്ഞതും അതില്‍ മനഃസ്ഥാപമില്ലെന്ന് കൊലയാളികള്‍ക്ക് പറയാന്‍ മനക്കരുത്ത് ലഭിച്ചതും. ഈ മനോഭാവത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായത്. സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിക്ക് നേരേ അഭിമുഖമായ സ്ഥലത്തു തന്നെയാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നിട്ട് ഇപ്പോഴും ആര്‍എസ്എസ് നേതൃത്വം പറയുന്നത് ഹിന്ദുക്കള്‍ക്ക് ഭീകരവാദിയാകാന്‍ കഴിയില്ലെന്നും ഇനി ആരെങ്കിലും അങ്ങനെ ആയിട്ടുണ്ടെങ്കില്‍ ഇസ്ളാമിക ഭീകരവാദികളുടെ സമ്മര്‍ദം കൊണ്ട് മാത്രം ആയവരാണെന്നുമാണ്. ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററായ ശേഷാദ്രിചാരിയാണ് ഈ വാദം മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ ശക്തികള്‍ പരസ്‌പരം ശക്തിപകരുന്നുവെന്ന സിദ്ധാന്തം തന്നെയാണ് വളച്ചുകെട്ടില്ലാതെ ശേഷാദ്രിചാരിയും പറയുന്നത്. ഇസ്ളാമിക ഭീകരതയെ ചെറുക്കാന്‍ ഹിന്ദുക്കള്‍ക്ക് ഭീകരവാദിയാകുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. അതായത് ആര്‍എസ്എസിന്റെ ആത്യന്തികമായ എതിര്‍പ്പ് ഭീകരവാദത്തോടല്ല; മറിച്ച് ഇസ്ളാമിക ഭീകരതയോട് മാത്രമാണെന്നാണ്.

ഗാന്ധിജിയുടെ വധത്തിന് ശേഷം നിരോധിക്കപ്പെടുകയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്‌തുവെങ്കിലും വര്‍ഗീയ അജന്‍ഡ അവര്‍ ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല അതിന് മൂര്‍ച്ച കൂട്ടുകയും ചെയ്‌തു. ഇതിന്റെ ഫലമായിരുന്നു 1992 ഡിസംബര്‍ 6 ന് ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. നാലു പതിറ്റാണ്ട് കാലം സംഘപരിവാര്‍ വിവിധ ബാനറില്‍ നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെയും ആയുധ പരിശീലനത്തിന്റെയും ഫലമായിരുന്നു പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. അയോധ്യയിലെ 'വിജയത്തിന്' ശേഷമാണ് ഹിന്ദുത്വ ഭീകരത ഇന്ത്യയില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നത്. 2002 ഫെബ്രുവരിയില്‍ മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ ഇത്തരം ശക്തികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്‌തു. ഹിന്ദുത്വ ഭീകരതയുടെ മികച്ച ഉദാഹരണമാണ് ഗോധ്ര സംഭവവും അത് ഉപകരണമാക്കി ഗുജറാത്ത് സംസ്ഥാന ഭരണത്തിന്റെ സഹായത്തോടെ നടന്ന വംശഹത്യയും. ഇതോടെ ഉത്തരേന്ത്യയിലെമ്പാടും ചെറുതും വലുതുമായ ഹിന്ദുത്വ ഭീകരസംഘടനകള്‍ തലപൊക്കി.

ഇതിനുശേഷം ഉണ്ടാകുന്ന പ്രധാന ഹിന്ദുത്വ ഭീകരപ്രവര്‍ത്തനമാണ് ഒറീസയില്‍ നടന്ന ക്രിസ്‌ത്യന്‍ വേട്ട. 2007 നവംബറില്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ ചേര്‍ന്ന ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ രണ്ട് പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടും ദളിത് ക്രിസ്‌ത്യാനികള്‍ക്കും മുസ്ളിങ്ങള്‍ക്കും സംവരണാനുകൂല്യം ശുപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ടും നടപ്പിലാക്കാനുള്ള നീക്കം തടയുക എന്നതായിരുന്നു അത്. ഭരണഘടനയുടെ ആമുഖത്തിലുള്ള മതേതരം എന്ന പദപ്രയോഗം മാറ്റണമെന്നും മതാധിഷ്ഠിത രാഷ്‌ട്രമാണ് ഇന്ത്യയെന്ന് പ്രഖ്യാപിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ പാര്‍ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അദ്വാനി ആവശ്യപ്പെട്ടു. മുസ്ളിങ്ങള്‍ മാത്രമല്ല ക്രിസ്‌ത്യാനികളും ഭീകരവാദികളാണെന്ന് ആരോപിച്ചാണ് ഒറീസയിലെ കന്ദമല്‍ ജില്ലയില്‍ സംഘപരിവാര്‍ വന്‍ ആക്രമണങ്ങള്‍ നടത്തിയത്. 2007 ഡിസംബറിലായിരുന്നു ആദ്യ ആക്രമണം. 2007ലെ ക്രിസ്‌‌തുമസ് വേളയിലുണ്ടായിരുന്നത് പോലെ 2008 ലെ ക്രിസ്‌തുമസ് വേളയിലും ക്രിസ്‌ത്യാനികള്‍ക്കെതിരെ ആക്രമണം നടത്താന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്‌തിരുന്നുവെന്ന് വ്യാപകവും ഒരേ രീതിയിലുമുള്ള ആക്രമണ രീതി വ്യക്തമാക്കുന്നു.

പലസ്‌തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം നടത്തി അറബികളെ ആട്ടിയോടിക്കുക എന്ന സമീപനമാണ് ഇസ്രയേല്‍ സ്വീകരിച്ചതെങ്കില്‍ അവരില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് സംഘപരിവാര്‍ സ്വീകരിച്ച തന്ത്രം ക്രിസ്‌ത്യാനികളുടെ വീട്, ആരാധനാലയം ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും ആവര്‍ത്തിച്ച് നശിപ്പിച്ച് അവരെ ആട്ടിയോടിക്കുക എന്നതാണ്. 'ഹിന്ദുവാണെങ്കില്‍ ജീവിക്കാം അല്ലെങ്കില്‍ പുറത്തുപോകാം' എന്ന ഫാസിസ്‌റ്റ് മുദ്രാവാക്യം യഥാര്‍ഥത്തില്‍ നടപ്പിലാക്കുകയായിരുന്നു ഒറീസയില്‍ സംഘപരിവാര്‍.

ത്രിശൂലത്തില്‍നിന്ന് ബോംബിലേക്ക്

ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിന് തുടക്കമിടുകയും അയോധ്യയിലെ ബാബ്റി മസ്‌ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയും ചെയ്‌ത് ആര്‍എസ്എസ് നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനത്തെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും പൊലീസിനും മാധ്യമങ്ങള്‍ക്കും. ബാബ്റിമസ്‌ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ തന്നെ മധ്യേന്ത്യയുടെ പലഭാഗത്തും ഹിന്ദുത്വഭീകരവാദം പലരൂപത്തിലും തലപൊക്കി. മധ്യപ്രദേശിലെ നീമച്ചിലും ഭോപ്പാലിലുമാണ് ആദ്യമായി ഇത്തരം സംഘടനകള്‍ ചില സ്‌ഫോടനങ്ങള്‍ നടത്തുന്നത്. ബാബ്റിമസ്‌ജിദ് തകര്‍ത്തതിന് തൊട്ടു മുമ്പാണ് ഈ രണ്ടിടത്തും തീവ്രത കുറഞ്ഞ ബോംബ് സ്‌ഫോടനമുണ്ടായത്. 2003 മുതല്‍ തുടര്‍ച്ചയായി മഹാരാഷ്‌ട്രയില്‍ പലയിടത്തും ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. 2003 നവംബര്‍ 21 ന് പര്‍ബാനിയിലെ റഹ്‌മത് നഗറിലെ മുഹമ്മദീയ പള്ളിയില്‍ ബോംബ് സ്‌ഫോടനമുണ്ടായി. 2004 ആഗസ്‌ത് 27 ന് പര്‍ബാനി ജില്ലയിലെ തന്നെ പര്‍ണയിലെ സിദ്ധാര്‍ഥ് നഗറിലുള്ള മിറാജ് ഉല്‍ ഉലൂം മദ്രസയില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഇതേദിവസം തന്നെ ജല്‍നയിലെ ഖാദിസിയ പള്ളിയിലും സ്‌ഫോടനമുണ്ടായി. ഈ സ്‌ഫോടനങ്ങളെല്ലാം വെള്ളിയാഴ്‌ചയായിരുന്നു. അതും ഉച്ചക്കുള്ള നമസ്‌ക്കാരം കഴിയുന്ന സമയത്ത്.

എന്നാല്‍ മുസ്ളിം ആരാധനാലയങ്ങളില്‍ മുസ്ളീം ഭീകരര്‍ തന്നെ ബോംബുവെക്കുമോ എന്ന സംശയം ഒരിക്കലും പൊലീസോ അന്വേഷണ ഉദ്യേഗസ്ഥരോ മുന്നോട്ടുവെച്ചില്ല. ഇതിന് കാരണം ഇന്ത്യന്‍ ഐബിയുടെയും മറ്റും പരിശീലനത്തിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്ന ഹിന്ദുഅനകൂല മനോഭാവമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയന്റ് ഡയറൿടര്‍ മലോയ് കൃഷ്‌ണ ധര്‍ തന്റെ 'ഓപ്പണ്‍ സീക്രട്ട്' എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്. ആര്‍എസ്എസ്സുകാരനായ ധറില്‍ നിന്നുതന്നെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം മുന്നോട്ട് വന്നത് എന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. മഹാരാഷ്‌ട്ര എ ടി എസിന്റെ മേധാവിയായ ഹേമന്ത് കര്‍ക്കറെയാണ് ആദ്യമായി ഹിന്ദുത്വ ഭീകരവാദമാണോ ഇതിന് പിന്നിലെന്ന സംശയം ഉയര്‍ത്തിയത്. ആ രീതിയില്‍ അന്വേഷണം മുന്നോട്ടു പോയപ്പോഴാണ് പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വ ഭീകരവാദികള്‍ക്ക് കൈയുണ്ടെന്ന് തെളിയിക്കപ്പെട്ടത്. മലേഗാവിലെ ഒരു പാതക്ക് ഹേമന്ത് കര്‍ക്കറെയുടെ പേരിട്ടുകൊണ്ടാണ് അദ്ദേഹത്തോടുള്ള ബഹുമാനം ജനങ്ങള്‍ പ്രകടിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ ധീരനായ ഈ ഓഫീസര്‍ കൊല്ലപ്പെടുകയും ചെയ്‌തു, ദുരൂഹമായ സാഹചര്യത്തില്‍.

2006 ഏപ്രില്‍ ആറിന് മഹാരാഷ്‌ട്രയിലെ തന്നെ നന്ദേഡിലും സ്‌ഫോടനമുണ്ടായി. പൊതുമരാമത്ത് വകുപ്പിലെ റിട്ട. എന്‍ജിനിയറായ ലക്ഷ്‌മണന്‍ രാജ് കോണ്ട്വാറിന്റെ വസതിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ലക്ഷ്‌മണ കോണ്ട്വാറിന്റെ മകന്‍ നരേഷ് കോണ്ട്വാറും ഹിമാംശു ഫാന്‍സേയുമാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം(അതും വെള്ളിയാഴ്‌ചയായിരുന്നു)ഔറംഗാബാദിലെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പള്ളിയില്‍ ബോംബ് വെക്കാനായിരുന്നു. ഇവര്‍ക്ക് പദ്ധതിയെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ നാര്‍കോ ടെസ്റ്റില്‍ തെളിഞ്ഞു. മാത്രമല്ല നേരത്തേ പര്‍ബാനിയിലും ജല്‍നയിലും മറ്റുമുണ്ടായ സ്‌ഫോടനത്തിനും ഫാന്‍സേയാണ് നേതൃത്വം നല്‍കിയതെന്നും തെളിഞ്ഞു.

ഫാന്‍സേ ബജ്രംഗ്‌ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രമുഖ നേതാവായിരുന്നു. 'മുസ്ളിം പള്ളികള്‍ക്ക് മുമ്പില്‍ ബോംബ് സ്‌ഫോടനം നടത്തല്‍ മാത്രമാണ് ഹിന്ദുത്വത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്നും അതിന് തയ്യാറായില്ലെങ്കില്‍ ഹിന്ദുക്കള്‍ ഹിജഡകളായി വിലയിരുത്തപ്പെടുമെന്നും' വിശ്വസിച്ചിരുന്നയാളായിരുന്നുവത്രെ ഫാന്‍സേ. 2001 ആഗസ്‌ത് 8 ന് നന്ദേഡിലെ വിവേക് നഗറിലുള്ള ഷേഖ് യൂസഫ് ഷേഖ് ഗഫൂര്‍ എന്ന അധ്യാപകനെതിരെ ആസിഡ് ബോംബ് എറിഞ്ഞുകൊണ്ടാണ് ഫാന്‍സേ തന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സിന്‍ഹഗഡിലെ ആകാശ് റിസോര്‍ട്ടില്‍ വെച്ച് 2003 ലാണ് മറോട്ടി കേശവ് വാഗ്, രാഹുല്‍ മനോഹര്‍ റാവു പാണ്ഡെ, യോഗേഷ് രവീന്ദ്ര വിദുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ബോംബ് നിര്‍മാണത്തില്‍ ഫാന്‍സേയും പരിശീലനം നേടുന്നത്. വിഎച്ച്പിയുടെ ഇന്റര്‍നാഷനല്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ, നന്ദേഡിലെ വിഎച്ച്പി നേതാവ് ബാലാജി പക്കാഡിയ എന്നിവരുടെ ഉത്തരവുകള്‍ക്കനുസരിച്ചായിരുന്നു ഫാന്‍സേ പ്രവര്‍ത്തിച്ചിരുന്നത്. ഇവരുമായി സംസാരിക്കാനായി പ്രത്യേക മൊബൈല്‍ സിം കാര്‍ഡ് തന്നെ ഫാന്‍സേ സൂക്ഷിച്ചിരുന്നു. ഭീകരവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹിന്ദുക്കള്‍ക്ക് പകരമായി 300-400 മുസ്ളിങ്ങളെ കൊല്ലുകയായിരുന്നുവത്രെ ഫാന്‍സേയുടെ ലക്ഷ്യം. ഫാന്‍സേയുടെ വീട് പരിശോധിച്ചപ്പോള്‍ മുസ്ളിം പള്ളികളുടെ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടവും കള്ളത്താടിയും പത്ത് ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തു.

സൈനിക സ്‌കൂളുകളില്‍ പരിശീലനം

നാഗ്‌പൂരിലെയും നാസിക്കിലെയും ബോണ്‍സാല സൈനിക സ്‌കൂളുകളാണ് ഹിന്ദുത്വ ഭീകരവാദത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രം. 1937 ലാണ് നാസിക്കില്‍ ഈ സ്‌കൂള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ഹൈന്ദവ ഫാസിസത്തിന് രൂപം കൊടുക്കുന്നതില്‍ പ്രത്യേകിച്ചും അതിന്റെ സൈനികവത്ക്കരണത്തിന് നേതൃത്വം നല്‍കിയ ഡോ. ബി എസ് മൂഞ്ചെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. ഇന്നത്തെ ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരില്‍ ജനിച്ച് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ സംരക്ഷകനായി മാറിയ മൂഞ്ചെ മുസ്സോളിനിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് സ്ഥാപിച്ച വിദ്യാലയമാണിത്. 1931 മാര്‍ച്ച് 19 ന് റോമില്‍ ചെന്ന് മുസ്സോളിനിയെ കണ്ടതില്‍ നിന്നു തന്നെ ഫാസിസത്തോട് അദ്ദേഹത്തിനുള്ള ആരാധനയുടെ ആഴം വ്യക്തമാകും. മുസ്സോളിനിയുടെ സൈനിക കോളേജും കായിക വിദ്യാഭ്യാസം പഠിപ്പിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി സ്‌കൂളും ബല്ലില യുവജന സംഘടനയുടെ പ്രവര്‍ത്തനവും സൂക്ഷ്‌മമായി വീക്ഷിച്ച അദ്ദേഹം അതില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്. ഫാസിസ്റ്റ് ഇറ്റലിയുടെ മാതൃകയില്‍ ഇന്ത്യയിലെ ഹിന്ദുക്കളെയും മാറ്റണമെന്ന് ചിന്തിച്ച 'ആദ്യത്തെ ഇന്ത്യന്‍ ഫാസിസ്റ്റാണ്' മൂഞ്ചെ എന്ന് പറയാം. ഇന്ത്യയില്‍ തിരിച്ചു വന്നതിന് ശേഷം 'ദ മറാത്ത'യില്‍ മൂഞ്ചെ ഇങ്ങനെ എഴുതി: 'യഥാര്‍ഥത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ ജര്‍മനിയിലെ യുവജനപ്രസ്ഥാനത്തെയും ഇറ്റലിയിലെ ബല്ലില പ്രസ്ഥാനത്തെയും അനുകരിക്കുകയാണ് വേണ്ടത്.'

സൈന്യത്തെ ഇന്ത്യന്‍വത്ക്കരിക്കുകയും ഇന്ത്യയെ സൈനികവത്ക്കരിക്കുകയും ചെയ്യുക എന്നത് മൂഞ്ചെയുടെ ലക്ഷ്യമായിരുന്നു. ഇതിനായി 1935 ല്‍ സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എഡുക്കേഷന്‍ സൊസൈറ്റിക്ക് രൂപം നല്‍കി. അതിന്റെ ബാനറിലാണ് സൈനിക സ്‌കൂള്‍ സ്ഥാപിച്ചത്. 1996 ലാണ് നാഗ്‌പൂരിലെ സൈനിക സ്‌കൂള്‍ ആരംഭിച്ചത്. ശിവസേനയുടെ മുഖ്യമന്ത്രി മനോഹര്‍ ജോഷിയാണ് ഈ സ്‌കൂള്‍ ഉദ്ഘാടനം ചെയ്‌തത്.

ഹിന്ദുത്വ ഭീകരവാദത്തിന് വിത്തുപാകിയ മറ്റൊരു സംഘടന അഭിനവ ഭാരതാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ സ്ഥാപിച്ച സംഘടനയാണിത്. 1904നും 1909 നും ഇടയില്‍ നാസിക്കില്‍ വെച്ചാണ് ഈ സംഘടനയും നിലവില്‍ വന്നത്. ജര്‍മന്‍ നാസിസത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇത്തരമൊരു സംഘടനക്ക് സവര്‍ക്കര്‍ രൂപം നല്‍കിയത്. ജൂതന്മാരെ കൊന്നൊടുക്കി ജര്‍മന്‍കാരുടെ വംശശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹിറ്റ്ലര്‍ നടത്തിയ ശ്രമമാണ് സവര്‍ക്കറെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിത്. 'മിത്രമേള' എന്ന പേരില്‍ ഒളിവില്‍ പ്രവര്‍ത്തിച്ച ഈ സംഘടനയുടെ പ്രധാന നേതാക്കള്‍ സവര്‍ക്കര്‍ സഹോദരന്മാര്‍ തന്നെയായിരുന്നു.

സവര്‍ക്കറുടെ കാലശേഷം വിസ്‌മൃതിയിലേക്ക് മറഞ്ഞ അഭിനവ് ഭാരതിന് പുതുജീവന്‍ ലഭിക്കുന്നത് 2006 ലാണ്. ബിജെപിയുടെ 'മൃദു ഹിന്ദുത്വ' സമീപനത്തില്‍ പ്രതിഷേധമുള്ള ആര്‍എസ്എസ് പാരമ്പര്യമുള്ള നാലഞ്ചുപേര്‍ ചേര്‍ന്നാണ് ഈ സംഘടനക്ക് പുതുജീവന്‍ നല്‍കിയത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ സവര്‍ക്കറുടെ മകന്റെ ഭാര്യ ഹിമാനി സവര്‍ക്കറാണ് പ്രസിഡന്റ്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സേയുടെ മകളുകൂടിയാണ് ഹിമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭോപ്പാലിലും ആഗസ്‌തില്‍ വിദിശയിലും (രണ്ട് സ്ഥലവും മധ്യപ്രദേശിലാണ്) ഈ സംഘടന കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു. 'നൂറ്റാണ്ടുകളായി കൊല്ലപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്ന്' കണ്‍വെന്‍ഷനുകളില്‍ വിതരണം ചെയ്‌ത ലഘുലേഖ ആഹ്വാനം ചെയ്‌തിരുന്നു. മുസ്ളിങ്ങളെയും ഹിന്ദുക്കളെയും 'ധര്‍മശത്രുക്കളായി' ചിത്രീകരിച്ച ലഘുലേഖ 'ഈ ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്നും' ആഹ്വാനം ചെയ്‌തു. 'ഞങ്ങള്‍ ഭീകരവാദത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയുമില്ലെന്ന്' ഹിമാനി സവര്‍ക്കര്‍ തന്നെ അടുത്തയിടെ അഭിപ്രായപ്പെടുകയുണ്ടായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ 29 ന് മഹാരാഷ്‌ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രജ്ഞാസിങ് ഠാക്കൂറിനെ അറസ്‌റ്റ് ചെയ്‌തതോടെയാണ് മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലുമായി വര്‍ഷങ്ങളായി വളരുന്ന ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇന്തോര്‍-നാഗ്‌പൂര്‍-പുണെ മേഖലയിലാണ് ഹിന്ദുത്വ ഭീകരവാദത്തിന്റെ കേന്ദ്രം. മതനിരപേക്ഷ തയില്‍ അടിയുറച്ച് വിശ്വസിക്കുന്ന സൈന്യത്തെപ്പോലും ഹിന്ദുത്വ ഭീകരവാദം പിടികൂടിയിരിക്കുന്നുവെന്ന് സര്‍വീസിലുള്ള ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെയും റിട്ട. മേജര്‍ രമേഷ് ഉപാധ്യായയുടെയും അറസ്‌റ്റ് വ്യക്തമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആര്‍ഡിഎൿസ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കള്‍ പ്രജ്ഞാസിങ്ങിനും മറ്റും ലഭിക്കുന്നത് ഈ സൈനികരുടെ സഹായത്തോടെയായിരുന്നുവത്രെ. മാത്രമല്ല ഈ സൈനികരാണ് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതും. ഇതില്‍ രമേഷ് ഉപാധ്യായ അഭിനവഭാരതില്‍ അംഗമാണ്. അറസ്‌റ്റിലായ അഭിഭാഷകന്‍ സമീര്‍ കുല്‍ക്കര്‍ണി ഈ സംഘടനയുടെ ഭാരവാഹിയും.

മധ്യപ്രദേശിലെ ബീണ്ട് ജില്ലക്കാരിയായ പ്രജ്ഞ്യസിങ് 2006 ല്‍ സന്ന്യാസം സ്വീകരിക്കുന്നതുവരെയും ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വിഎച്ച്പിയുടെ ദുര്‍ഗാവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകയുമായിരുന്നു. ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ഇവരുമായി വേദികള്‍ പങ്കിട്ടിട്ടുമുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍, ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിങ് എന്നിവരോടൊപ്പം പ്രജ്ഞാസിങ് ഇരിക്കുന്ന പടങ്ങള്‍ പുറത്ത് വന്നു. ക്ഷേത്രങ്ങളെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി അധഃപതിപ്പിക്കുകയാണ് ഇവര്‍. ഏപ്രിലില്‍ ഭോപാലിലെ ഗുരുബക്ഷി കി തലയിലുള്ള ശ്രീരാം മന്ദിറില്‍ വെച്ചാണ് പ്രജ്ഞാസിങ്ങും സമീര്‍ കുല്‍ക്കര്‍ണിയും രാംജി കല്‍സംഗ്രയും രമേഷ് ഉപാധ്യായയും ചേര്‍ന്ന് മുസ്ളിം കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ രഹസ്യപദ്ധതി തയ്യാറാക്കിയതത്രെ. അഭിനവ് ഭാരതിന്റെ കണ്‍വെന്‍ഷന്‍ ചേര്‍ന്നതും ഈ ക്ഷേത്രത്തിന്റെ ഹാളിലായിരുന്നു.

മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രജ്ഞാസിങ്ങും കൂട്ടരുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പ്രജ്ഞാസിങ്ങിന്റെ മോട്ടോര്‍ സൈക്കിളാണ് 2008 സെപ്‌തംബര്‍ 29 ന് ഏഴ് പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനത്തിന് കാരണമായത്. ഈ കേസില്‍ പ്രജ്ഞാസിങ്ങിന് പുറമെ ശ്രീകാന്ത് പുരോഹിതും ദയാനന്ദ് പാണ്ഡെയും ഇപ്പോള്‍ അറസ്‌റ്റിലായി. 2007 ല്‍ 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എൿസ്പ്രസ് ബോംബ് സ്‌ഫോടത്തിന് പിന്നിലും മെയ് 18ന് ഹൈദരാബാദിലെ മെക്ക മസ്‌ജിദ് സ്‌ഫോടനത്തിന് പിന്നിലും ഒക്ടോബര്‍ 11 ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അജ്‌മീര്‍ ദര്‍ഗയിലെ സ്‌ഫോടനത്തിന് പിന്നിലും ഇതേ ഹിന്ദുത്വ ഭീകരവാദികളാണെന്ന കാര്യമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നനത്. 2009 ല്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഗോവ സ്‌ഫോടനത്തിന് പിന്നിലും ഹിന്ദുത്വ ഭീകരതയുടെ കൈകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രജ്ഞാസിങ്ങിന്റെ അടുത്ത അനുയായിയും ആര്‍എസ്എസ് പ്രചാരകനുമായ സുനില്‍ ജോഷിയാണ് മെക്ക മസ്‌ജിദ്-അജ്‌മീര്‍-സംഝോത എൿസ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നു. രാമചന്ദ്ര കല്‍സാഗ്രെ, സന്ദീപ് ദാംഗെ എന്നിവരുടെ സഹായത്തോടെയാണ് സുനില്‍ ജോഷി ഈ കാര്യങ്ങള്‍ നടത്തിയത്. ഈ മൂവരും ഇന്തോര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇവരുമായി ബന്ധമുണ്ടായിരുന്ന ദേവേന്ദ്ര ഗുപ്‌തയും ലോകേഷ് ശര്‍മയും അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഹിന്ദുക്കളെ ക്രിസ്‌തു മതത്തിലേക്ക് മതം മാറ്റുന്നതിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പ്യാര്‍സിങ് നിനാമയെ 2003 ല്‍ വധിച്ച കേസിലെ പ്രതിയാണ് ലോകേഷ് ശര്‍മ.

ആര്‍എസ്എസ് തന്നെ

2007 ഡിസംബര്‍ 29 ന് മധ്യപ്രദേശിലെ ദേവാസില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു. കൂടെയുള്ള ആര്‍എസ്എസുകാര്‍ തന്നെയാണ് 'ഗുരുജി' എന്ന് വിളിക്കുന്ന സുനില്‍ ജോഷിയെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ മദന്‍മോഹന്‍ മോഡി വെളിപ്പെടുത്തുകയുണ്ടായി. പ്രജ്ഞാസിങ്ങും കേണല്‍ ശ്രീകാന്ത് പുരോഹിതും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഇയാളെ അവര്‍ തന്നെ വധിച്ചതാണെന്ന സൂചനയും ലഭ്യമാണെന്ന് മഹാരാഷ്‌ട്ര എടിഎസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിരിക്കുകയാണ്. ഈ കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ശിവരാജ്‌സിങ് ചൌഹാന്‍ തയ്യാറായിട്ടില്ല. അന്വേഷിച്ചാല്‍ ഹിന്ദുത്വ ഭീകരതയുടെ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ചുരുളഴിയുമെന്നതുതന്നെ കാരണം. അതോടൊപ്പം ആര്‍എസ്എസ് എന്ന സംഘടനക്ക് തന്നെ ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഇതോടെ കൂടുതല്‍ ശക്തമായി തെളിയിക്കപ്പെടുകയും ചെയ്യും. കാരണം കൊല്ലപ്പെട്ട സുനില്‍ ജോഷിയും ആര്‍എസ്എസിന്റെ 15 അംഗ എൿസിക്യൂട്ടീവ് അംഗവും അവരുടെ പ്രധാന തന്ത്രശാലിയുമായ ഇന്ദ്രേഷ് കുമാറുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 29ന് രാജസ്ഥാന്‍ എടിഎസ് അറസ്‌റ്റു ചെയ്‌ത ദേവേന്ദ്രഗുപ്‌തയുടെ കോണ്‍ടാക്‌ട് ലിസ്‌റ്റില്‍ ഇന്ദ്രേഷിന്റെ പേരുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷകരുടെ നിരീക്ഷണത്തിലായിരുന്നു ഇന്ദ്രേഷ്. 2008ല്‍ കശ്‌മീരിലെ അമര്‍നാഥ് ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഇന്ദ്രേഷ്.

സംഘപരിവാര്‍ നേതാക്കളുമായി ബന്ധപ്പെടാന്‍ ഗുപ്‌ത മൂന്ന് മൊബൈല്‍ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ആര്‍എസ്സിനു പുറമെ വിഎച്ച്പിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള എട്ട് പേരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കോള്‍ രജിസ്‌റ്ററില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഖ്‌നൌ, കാണ്‍പുര്‍, വരാണസി, ഗൊരഖ്‌പൂര്‍, ഫൈസാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഈ നേതാക്കളെല്ലാം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്ദ്രേഷ് കുമാറാകട്ടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. അതായത് ആര്‍എസ്എസിന്റെ കേന്ദ്ര നേതൃത്വവുമായി തന്നെ ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തം. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ഇതുവരെയായും ഈ രീതിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. ആര്‍എസ്എസ് ദേശീയ സമിതിയംഗം അശോക് ബേരിയെയും ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള പ്രാന്തപ്രചാരക് അശോക് വർഷ്‌ണിയെയും സിബിഐ നിരവധി തവണ ചോദ്യംചെയ്‌തിരുന്നു. അജ്‌മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ദേവേന്ദര്‍ ഗുപ്‌തക്ക് സഹായവും സംരക്ഷണവും നല്‍കിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകള്‍ ഗുപ്‌തക്ക് സംഘടിപ്പിച്ചു നല്‍കിയത് വർ‌ഷ്‌ണിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അജ്‌മീര്‍, മെക്ക മസ്‌ജിദ്, മലേഗാവ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തത് ഗുജറാത്തിലെ സംഘപരിവാര്‍ സ്വാമി അസിമാനന്ദയും അറസ്‌റ്റിലായ പ്രജ്ഞാസിങ് ഠാക്കൂറും ചേര്‍ന്നാണെന്നും വെളിപ്പെട്ടു.

വധശ്രമം ഉപരാഷ്‌ട്രപതിക്കും നേരെ

ഏറ്റവും അവസാനമായി ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയെ വധിക്കാന്‍ പോലും ഹിന്ദുത്വ ഭീകരവാദികള്‍ ശ്രമിച്ച കാര്യം പുറത്തുവരികയുണ്ടായി. മലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ സംഘപരിവാര്‍ സ്വാമി 'ശങ്കരാചാര്യ' ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപിൽ നിന്ന് സിബിഐക്ക് ലഭിച്ച ഓഡിയോ ടേപ്പില്‍നിന്നാണ് ഇക്കാര്യം പുറത്തുവന്നത്. 2007 ഒൿടോബറില്‍ ഡല്‍ഹി ജാമിയ മിലിയ ഇസ്ളാമിക സര്‍വകലാശാലയില്‍ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോൿടര്‍ ആര്‍ പി സിങ്ങിന്റെ നേതൃത്വത്തില്‍ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പദ്ധതി നടപ്പാക്കാനായില്ല.

അന്‍സാരിക്കെതിരെ പ്രതികരിക്കാന്‍ 15 ലിറ്റര്‍ പെട്രോളുമായി താന്‍ പോയെന്നും എന്നാല്‍, എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും ഡോ. സിങ് പറയുന്നത് ഓഡിയോ ടേപ്പിലുണ്ട്. ജാമിയ മിലിയയിലെ അവാർഡ് ദാന ചടങ്ങില്‍ ഉപരാഷ്‌ട്രപതി പങ്കെടുത്തല്ലോയെന്ന പാണ്ഡെയുടെ ചോദ്യത്തിനാണ് ഈ മറുപടി. ടേപിലെ ശബ്‌ദം ഇരുവരുടേതുമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഹിന്ദുത്വ ഭീകരരുടെ ഗൂഢാലോചനയില്‍ സുപ്രധാന പങ്ക് വഹിച്ച ഡോ. സിങ്ങിനെ അറസ്റ്റുചെയ്‌തെങ്കിലും ഒരു വട്ടം ചോദ്യംചെയ്‌തശേഷം സിബിഐ നിരുപാധികം വിട്ടയച്ചു. ഇയാള്‍ ഇപ്പോഴും ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ജോലിചെയ്യുകയാണ്. മലേഗാവ് കേസില്‍ പ്രതിയായ പാണ്ഡെ ഇപ്പോള്‍ നാസിക് ജയിലിലാണ്.

ഫരീദാബാദില്‍ ചേര്‍ന്ന രഹസ്യയോഗത്തിലെ സംഭാഷണങ്ങളാണ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് ലഭിച്ചത്. മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതും ഈസ്റ്റ് ഡല്‍ഹി എംപിയായിരുന്ന ബിജെപി നേതാവ് ബി എല്‍ ശര്‍മയും യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും വ്യക്തമായി. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം നഷ്‌ടമായെന്നും ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനായി രാജ്യത്തിനെതിരെ യുദ്ധംചെയ്യുമെന്നും പുരോഹിത് പറയുന്നത് ടേപ്പിലുണ്ട്. 'ഈ രാജ്യം നമ്മുടേതല്ല. നമ്മള്‍ സ്വാതന്ത്ര്യത്തിനായി പോരാടണം, ഹിന്ദുക്കളുടെ സ്വാതന്ത്ര്യത്തിനായി.'- പുരോഹിത് പറയുന്നു.

കേണല്‍ പുരോഹിത് ആക്രമണങ്ങള്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും എത്തിച്ചുകൊടുത്തിരുന്നെന്നും ടേപ്പിലെ സംഭാഷണം വ്യക്തമാക്കുന്നു. 'എനിക്ക് ഗ്രനേഡുകളും ആര്‍ഡിഎൿസും ഹൈവോള്‍ട്ടേജ് ഡിറ്റണേറ്ററുകളും ബാറ്ററികളും വേണം. ഞങ്ങള്‍ സമീപിച്ചവര്‍ പറഞ്ഞത് സൈന്യത്തിന് ഇവ നല്‍കാന്‍ കഴിയുമെന്നാണ്. ഇതെല്ലാം കിട്ടിയാല്‍ ഗംഭീരമായി യുദ്ധം ചെയ്യാം. ജമ്മുവില്‍നിന്ന് നൂറ് ചാവേറുകളെ ഞാന്‍ നല്‍കാം'- ഡോ. സിങ് പുരോഹിതിനോട് പറയുന്നു. പുരോഹിതിന്റെ സംഭാഷണം ഇങ്ങനെ: 'നമുക്ക് ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കാം. ഇരുവരും ചെയ്യുന്നത് എന്താണെന്ന് പരസ്‌പരം അറിയിക്കുക. ഇത് നമ്മുടെ ആസൂത്രണത്തിന് സഹായിക്കും. പരിശീലനം നടക്കുമ്പോള്‍ നിങ്ങള്‍ പാതിരാത്രിക്ക് വേണമെങ്കിലും വിളിച്ചോളൂ..'.

ഇത് ഭീകരപ്രവര്‍ത്തനമല്ലെങ്കില്‍ പിന്നെന്താണ് ?

*****

വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭീകരവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയം മുതല്‍ തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ളിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ളിം സംഘടനകളുടെ പേരും പ്രചരിക്കും. 2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരേ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു. അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ളാമിനെതിരായ യുദ്ധമായി മാറി.

ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. എല്ലാ മുസ്ളിങ്ങളും ഭീകരവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ളിങ്ങളാണെന്ന സിദ്ധാന്തമാണ് സംഘപരിവാര്‍ മുന്നോട്ട് വെച്ചിരുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിന് നല്‍കുന്ന എല്ലാ സഹായങ്ങളും ഭീകരവാദികള്‍ക്കുള്ള പ്രീണനമാണെന്നും ഇവര്‍ പ്രചരിപ്പിച്ചു. ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദി മാത്രമാണെന്നും ലിബറലുകളും പുരോഗമന ചിന്താഗതിക്കാരും പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുച്ഛിച്ചുതള്ളി. എന്നാല്‍ സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദ മുഖം മറച്ചുവെക്കാനുള്ള തന്ത്രം മാത്രമായിരുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭീകരവാദം ഇന്ന് പൊതുസമൂഹത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി പതുക്കെയാണെങ്കിലും മാറുകയാണ്. അതായത് ഹിന്ദുക്കള്‍ സമാധാനപ്രേമികളും അഹിംസാവാദികളും ആണെന്ന വാര്‍പ്പ് മാതൃകകള്‍ ഉടയുകയാണ്.

Anonymous said...

ഹിന്ദുക്കള്‍ സമാധാനപ്രേമികളും അഹിംസാവാദികളും ആണെന്ന വാര്‍പ്പ് മാതൃകകള്‍ ഉടയുകയാണ്

Ha ha ha Who said Hindus are peace loving persons, almost all accused in different CPM RSS clashes and bomb throwers are Hindus only, there never been a Muslim in anycase.