Monday, August 23, 2010

സ്‌ത്രീശാക്തീകരണം: 'കില'യുടെ മുന്നേറ്റം

സ്‌ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ, സ്‌ത്രീസമൂഹത്തെ ആകെ നേരിടുന്ന വെല്ലുവിളിയാണ്. സ്‌ത്രീശാക്തീകരണം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങളും വിവാദങ്ങളും നടക്കുമ്പോള്‍, സ്‌ത്രീനീതിയിലൂന്നിയ നീതി യാഥാര്‍ത്ഥ്യമാക്കാനുള്ള വിപുലമായ പരിശീലനയത്‌നമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ (കില) നടപ്പാക്കുന്നത്. സ്‌ത്രീകള്‍ വ്യാപരിക്കുന്ന സാമൂഹ്യ, രാഷ്‌ട്രീയ, തൊഴില്‍ മേഖലകളിലെല്ലാം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ആഴത്തില്‍ പഠിക്കുകയും അങ്ങനെ ശേഖരിക്കുന്ന 'വിവരവ്യൂഹം' പ്രയോജനപ്പെടുത്തി കൂടുതല്‍ ആസൂത്രിതമായ വികസനം കൈവരിക്കുകയുമാണ് ലക്ഷ്യം.

സ്‌ത്രീവികസനത്തിന് സഹായകമായ ആസൂത്രണത്തിലൂടെ സ്‌ത്രീകള്‍ക്ക് പ്രയോജനകരമായ കൂടുതല്‍ പ്രോജക്‌ടുകള്‍ ഏറ്റെടുക്കാന്‍, വര്‍ധിച്ച തൊഴില്‍ വിഭവ വകയിരുത്തല്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ കില നടത്തിയത്. ഈ പഠനം അക്കാദമിക് വിദഗ്ധരുടെ സൃഷ്‌ടിയല്ല. പ്രായോഗിക അനുഭവമുള്ള ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, 'പങ്കാളിത്ത പഠനരീതി ശാസ്‌ത്രം' അവലംബിച്ചുള്ളതായിരുന്നു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 41 പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച സ്‌ത്രീപദവി പഠനം, നിലവിലുള്ള സ്‌ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ശരിയായ 'വിവര അടിത്തറ' സൃഷ്‌ടിച്ചു. വനിതാ ജനപ്രതിനിധികളുടെ കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനായി എല്ലാ ജില്ലകളിലും വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ അനുഭവം പങ്കുവെയ്‌ക്കല്‍ ശില്‍പശാലയിലൂടെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനും തദ്ദേശ ഭരണസ്ഥാപനങ്ങളിലെ നേതൃനിരയിലേക്കുയരാനും ആത്മവിശ്വാസവും കരുത്തും പകര്‍ന്നു.

കിലയുടെ പരിശീലന പ്രവര്‍ത്തനങ്ങളും പഠനസാമഗ്രികളും കൂടുതല്‍ സ്‌ത്രീപക്ഷ സ്വഭാവം കൈവരിക്കുന്നതിന്, സ്‌ത്രീപക്ഷ വിശകലനത്തിനു വിധേയമാക്കി. ഇത് നാളിതുവരെ ഇന്ത്യയില്‍ മറ്റൊരിടത്തും നടപ്പാക്കാത്ത ഒന്നാണ്. കൈപുസ്‌തകങ്ങളും പഠനസാമഗ്രികളും വിശകലനം ചെയ്‌തുള്ള മാതൃക ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. ഈ തിരിച്ചറിവില്‍നിന്ന് തയ്യാറാക്കുന്ന 'സ്‌ത്രീപക്ഷ-സൌഹൃദ' പുസ്‌തകങ്ങള്‍ക്ക് സ്‌ത്രീപങ്കാളിത്തത്തോടെയുള്ള ഭരണപരിചയം മാത്രമല്ല, വികസനരംഗത്ത് സജീവത നിലനിര്‍ത്താന്‍ പുതിയ രീതിശാസ്‌ത്രാവബോധം സൃഷ്‌ടിക്കാനുമാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്‌ത്രീകളില്‍ ഏറിയപങ്കും സാമൂഹ്യ, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര അനുഭവജ്ഞാനമില്ലാത്തവരാണ്. ഇവരുടെ നേതൃശേഷി വികസിപ്പിച്ച് അവര്‍ക്ക് ഭരണപാടവം ഉണ്ടാക്കണം. സാമൂഹ്യ ശാക്തീകരണം, വികസന നയരൂപീകരണം, പ്രാദേശികതല ഉദ്യോഗസ്ഥരുടെ ഏകോപനം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നൈപുണ്യം (സര്‍ഗാത്മകത) വികസിപ്പിക്കേണ്ടതുണ്ട്. സ്‌ത്രീകളുടെ സാമൂഹ്യസാമ്പത്തിക പിന്നോക്കാവസ്ഥ മുറിച്ചുകടക്കാനുള്ള ഉപാധിയായി ആവിഷ്‌ക്കരിക്കുന്ന 'വനിതാ ഘടകപദ്ധതി'യുടെ സ്‌ത്രീനീതിയിലൂന്നിയ പ്രാദേശിക നീതി യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ സ്‌ത്രീപക്ഷ കാഴ്‌ചപ്പാടോടെയുള്ള പരിശീലനമാണ് കില നല്‍കിയത്.

ഓരോ പഞ്ചായത്തിലെയും നഗരസഭയിലെയും വനിതാവികസന ശില്‍പശാലയില്‍ വര്‍ക്കിംഗ് ഗ്രൂപ്പിനുള്ള പരിശീലനമായിരുന്നു നല്‍കിയത്. കുടുംബശ്രീ സംവിധാനത്തെ സ്‌ത്രീകളുടെ സാമൂഹ്യ ശാക്തീകരണത്തിനുള്ള ഉപാധിയാക്കി മാറ്റണം. 'തൊഴിലും വീടും' പദ്ധതിയെ ജനകീയ മുന്നേറ്റത്തിലൂന്നിയ പങ്കാളിത്ത പദ്ധതിയാക്കി എങ്ങനെ മാറ്റാമെന്ന് ശില്‍പശാലയിലെ അനുഭവപാഠം ചൂണ്ടിക്കാട്ടുന്നു. മാനവവികസനത്തില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു പഠനപദ്ധതി.

ഭരണരംഗങ്ങളില്‍ കേരളത്തിലെ വനിതാ പ്രതിനിധികള്‍ നേരിടുന്ന രാഷ്‌ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, കൊച്ചിയില്‍ ചേര്‍ന്ന 'മഹിളാശക്തി അഭിയാന്‍' ഏകദിന കണ്‍വെന്‍ഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സ്‌ത്രീകള്‍ക്ക് പ്രാദേശികഭരണനിര്‍വഹണ പ്രക്രിയയില്‍ കാര്യപ്രാപ്‌തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ആ കണ്‍വെന്‍ഷന്‍ മുഖ്യമായും പണിഗണിച്ചത്. കേന്ദ്രപഞ്ചായത്തിരാജ് വകുപ്പും സംസ്ഥാന തദ്ദേശഭരണവകുപ്പും കിലയും ചേര്‍ന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ഈ സംഗമം കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരാണ് ഉദ്ഘാടനംചെയ്‌തത്. വനിതാ ജനപ്രതിനിധികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

അനുഭവപങ്കാളിത്തമുള്ള വനിതാ ജനപ്രതിനിധികളുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച പ്രമേയത്തില്‍ ഊന്നല്‍ നല്‍കിയ വിഷയങ്ങളായിരുന്നു. ഭരണരംഗത്തെ പരിമിതികളും സ്‌ത്രീശാക്തീകരണ സംവിധാനത്തിലെ സ്ഥിതിഗതികളും വിലയിരുത്തി തടസ്സങ്ങള്‍ എന്തെന്ന് കണ്ടെത്തി. സ്‌ത്രീകള്‍ക്ക് അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിന് കാലതാമസമാകുന്ന ഈ തടസം നീക്കാതെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാകില്ല. ഒടുവില്‍ അവര്‍ കുറ്റപ്പെടുത്തലിന് വിധേയരാകുന്നു! സ്‌ത്രീകള്‍ കഴിവില്ലാത്തവരാണെന്ന് ചിത്രീകരിക്കപ്പെടുന്നു!!

ഒന്ന്: സംസ്ഥാന-ജില്ലാ തലങ്ങളില്‍ വനിതാജനപ്രതിനിധികളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കണം.

രണ്ട്: വനിതാ ജനപ്രതിനിധികള്‍ക്കുകൂടി സ്വീകാര്യമായ സംവിധാനം ഇതിനായി രൂപീകരിക്കണം.

മൂന്ന്: ശരിയായ പരിശീലനങ്ങളുടെ അഭാവം, പരിചയ സമ്പത്തില്ലായ്‌മ, കര്‍മ്മശേഷി വര്‍ധിപ്പിക്കുന്നതിനുള്ള തടസം-ഇവ തരണംചെയ്യണം.

സംസ്ഥാനത്തിന്റെ പദ്ധതി അടങ്കലിന്റെ നാല്‍പതുശതമാനം പ്രാദേശിക സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഈ തുകയില്‍ പത്തുശതമാനം സ്‌ത്രീകളുടെ മാത്രം വികസനത്തിനു സഹായകമായ വനിതാ ഘടകപദ്ധതിക്കായി നീക്കിവെച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സത്രീ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിഹിതം ഫലപ്രദമായി വിനിയോഗിക്കാനാകുന്നില്ല? ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്‌ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക പദവികളെയും പ്രശ്‌നങ്ങളെയും സംബന്ധിച്ച പ്രശ്‌നം ഗൌരവമായി കിലയും കണ്ടത്.

എസ് ഡി പി കാപ്‌ഡെക്കിന്റെയും സഖി റിസോഴ്‌സ് സെന്ററിന്റെയും സഹായത്തോടെ കില നടത്തിയ പരിശീലനം പൂര്‍ത്തിയാക്കിയ പഞ്ചായത്തുകളുടെ പഠനറിപ്പോര്‍ട്ട് അനുഭവപാഠം പങ്കുവെയ്‌ക്കുന്നതായിരുന്നു. സ്‌ത്രീപദവി പഠനത്തില്‍നിന്നാണ് ആസൂത്രണത്തിലേക്കുള്ള ഫലപ്രദമായ നീക്കത്തിന് സ്‌ത്രീകളുടെ പങ്കാളിത്ത വികസന പ്രവര്‍ത്തനം മുന്നേറിയത്. കേരളത്തില്‍ അടുത്തുനടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക് അമ്പതുശതമാനം സീറ്റുകള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. സ്‌ത്രീപദവി ഉയര്‍ത്തി, വികസന-സാമൂഹ്യമേഖലകളില്‍ അവരുടെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഏറെ ശ്ളാഘനീയമാണ്. പാര്‍ലമെന്റില്‍ 33 ശതമാനം സീറ്റ് സ്‌ത്രീകള്‍ക്കായി നീക്കിവെയ്‌ക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായെങ്കിലും ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കാനായില്ല. പല കേന്ദ്രങ്ങളില്‍നിന്നും ഏറെ സംശയത്തോടെയുള്ള തടസവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, അതുന്നയിക്കുന്നവരുടെ ഉല്‍ക്കണ്ഠയും മറ്റും അസ്ഥാനത്താണെന്ന് തെളിയിക്കുന്ന സ്‌ത്രീസംവരണ സംവിധാനം കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍തന്നെയുണ്ട്. ജനകീയാസൂത്രണപദ്ധതിയിലെ ജീവത്തായ ഗ്രാമസഭയുടെയും കുടുംബശ്രീയുടെയും മറ്റും പ്രവര്‍ത്തനങ്ങളില്‍ ഏറെ ക്രിയാത്മകമായ സ്‌ത്രീപങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. ഇവിടെയൊക്കെ സംവരണസീറ്റുകളില്‍ മാത്രമല്ല, ജനറല്‍ സീറ്റിലും പ്രാപ്‌തരായ വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജില്ലാ - പ്രാദേശിക - സര്‍ക്കാര്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ സംഘടിപ്പിക്കുക എന്ന ബൃഹത്തായ പദ്ധതി, സ്‌ത്രീകളുടെ അന്തസും പദവിയും ഉയര്‍ത്താന്‍ ലക്ഷ്യംവെച്ചുള്ളതാണ്. സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും അവകാശലംഘനങ്ങളും തടയുന്നതിനാണ് പ്രാദേശികതല സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃത ആസൂത്രണമാണ് ജാഗ്രതാസമിതി രൂപീകരണത്തിന്റെയും അടിസ്ഥാനം. ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം എങ്ങനെയാകണം എന്നതുസംബന്ധിച്ച് കിലയില്‍ പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പ്രാദേശിക സമിതി പരിശീലനത്തോടൊപ്പം നഗരസഭകളിലെ പ്രതിനിധികള്‍ക്കും പരിശീലനം തുടങ്ങിയിട്ടുണ്ട്.

ഭരണഘടന വിഭാവനംചെയ്യുന്ന സ്‌ത്രീകളുടെ അവകാശങ്ങള്‍, അവകാശലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍, ജാഗ്രതാസമിതിയില്‍ പരാതിനല്‍കേണ്ടതെങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പരിശീലനമാണ് നല്‍കുന്നത്. സ്‌ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തെ സംബന്ധിച്ച വിഷയങ്ങള്‍ പലതും വനിതാകമ്മീഷന്റെ പരിധിയില്‍പെടുന്നതാണ്. എങ്കിലും സമൂഹത്തിന്റെ താഴെ തലങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് വനിതാ കമ്മീഷന് പരിമിതികളുണ്ട്. കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ വര്‍ധനവും പരിഹാര നടപടികള്‍ക്ക് കാലതാമസമുണ്ടാക്കുന്നു. സ്‌ത്രീനീതി ഉറപ്പാക്കാന്‍ ഏറെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ മേഖലയില്‍ കില പ്രവര്‍ത്തിച്ചത്. വാര്‍ഡുതല ജാഗ്രതാ സമിതിക്കൊപ്പം വിവിധ മേഖലയിലെ വിദഗ്ധരുടെ സഹായസമിതിയും ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്.

വികേന്ദ്രീകരണവും വനിതാ വികസനവും സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. അതുള്‍ക്കൊള്ളുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പഞ്ചവത്സര പദ്ധതിക്ക് സമാനമായ പ്രാദേശിക സര്‍ക്കാരുകളുടെ വികസനരേഖയിലും വാര്‍ഷികപദ്ധതി രേഖയിലും അതാതു പ്രദേശത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തു, ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്ന 'സ്‌ത്രീയും വികസനവും' എന്ന അധ്യായംതന്നെ വേണമെന്ന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

പഞ്ചായത്തിന്റെ വികസന തന്ത്രത്തിന് അന്തിമ രൂപംനല്‍കുന്ന വികസന സെമിനാറിലും ഒരു ഗ്രൂപ്പ്, സ്‌ത്രീകളുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി ഏറ്റെടുക്കണം. എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സ്‌ത്രീപങ്കാളിത്തം ഉറപ്പാക്കി അവരുടെ മുഖ്യധാരാവല്‍ക്കരണത്തിന് നേതൃത്വം നല്‍കണം. സ്‌ത്രീപദവി പഠനം നടത്തുന്നത് ആവശ്യാധിഷ്ഠിത പ്രോജക്‌ടുകള്‍ രൂപീകരിക്കാനാകണം. വനിതാ ഘടകപദ്ധതി പ്രോജക്‌ടുകള്‍ പരിശോധിക്കാന്‍ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ സബ്‌കമ്മിറ്റികള്‍ വേണം. പൊതു പ്രോജക്‌ടുകള്‍ വിശലകലനംചെയ്യുമ്പോള്‍ 'ലിംഗപദവി'യില്‍ അവ ഉണ്ടാക്കുന്ന ചലനങ്ങള്‍ പരിഗണിക്കണം. കുടുംബശ്രീമിഷന്‍, അയല്‍കൂട്ടങ്ങളുടെ രൂപീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഏറെ മുഖ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷ്യമിട്ടത്.

ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശില്‍പശാലകളില്‍ അനുഭവപാഠം പങ്കുവെയ്‌ക്കുന്ന ക്രിയാത്മക പദ്ധതികളാണ് 'കില' രൂപപ്പെടുത്തിയത്. പങ്കാളിത്ത വികസനത്തില്‍ സ്‌ത്രീസമൂഹത്തിന്റെ അഭൂതപൂര്‍വ്വമായ മുന്നേറ്റം ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇ എം എസ് ഭവനപദ്ധതിയില്‍ ദൃശ്യമാകുന്നുണ്ട്. തൊഴിലും വീടും പദ്ധതിയിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും സ്‌ത്രീപ്രാതിനിധ്യം വര്‍ധിച്ച തോതിലുണ്ട്.

സ്‌ത്രീശാക്തീകരണം ലക്ഷ്യംവെച്ചുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കുന്നതില്‍ കില കേരളത്തിനു മാത്രമല്ല, ഇതര സംസ്ഥാനങ്ങള്‍ക്കും ലോക രാഷ്‌ട്രങ്ങള്‍ക്കും മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് ഏറ്റെടുത്തു നടപ്പാക്കിയത്. ദേശീയ - അന്തര്‍ദേശീയതലത്തില്‍ പ്രശസ്‌തിയാര്‍ജ്ജിച്ച ഈ പരിശീലനകേന്ദ്രം, ഇരുപതാണ്ട് പിന്നിടുമ്പോള്‍ അഭിമാനകരമായ വികസന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രമാണ്. സ്‌ത്രീപദവി ഉയര്‍ത്തല്‍ പദ്ധതിയുടെ പ്രായോഗികതലം ശക്തിപ്പെടുത്താന്‍ സൃഷ്‌ടിപരമായ കാഴ്‌ചപ്പാടോടെ നിലകൊള്ളുന്ന കില ഒരു 'സ്‌ത്രീസൌഹൃദ കേന്ദ്രം' കൂടിയാണ്. കിലയില്‍ വരുന്ന വനിതാ പ്രതിനിധികളുടെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രത്യേക അങ്കണവാടി സ്ഥാപിക്കാന്‍ പോകുന്നു! അതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയില്‍ തല്‍പരരായ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും ഗവേഷകരുടെയും കൂട്ടായ്‌മ രൂപപ്പെടുത്തുന്ന കിലയ്‌ക്ക്, സ്‌ത്രീപങ്കാളിത്ത വികസനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ലക്ഷ്യം. ഈ സാമൂഹ്യ വീക്ഷണം ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. സ്‌ത്രീശാക്തീകരണലക്ഷ്യംവെച്ചുള്ള കേരളത്തിന്റെ ചുവടുവെയ്‌പ് ചരിത്രത്തില്‍ ഇടംതേടും.

*****

പ്രൊഫ. എം രമാകാന്തന്‍ (ഡയറക്‌ടര്‍, കില, പി വി പങ്കജാക്ഷന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്‌ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ, സ്‌ത്രീസമൂഹത്തെ ആകെ നേരിടുന്ന വെല്ലുവിളിയാണ്. സ്‌ത്രീശാക്തീകരണം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങളും വിവാദങ്ങളും നടക്കുമ്പോള്‍, സ്‌ത്രീനീതിയിലൂന്നിയ നീതി യാഥാര്‍ത്ഥ്യമാക്കാനുള്ള വിപുലമായ പരിശീലനയത്‌നമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍ (കില) നടപ്പാക്കുന്നത്. സ്‌ത്രീകള്‍ വ്യാപരിക്കുന്ന സാമൂഹ്യ, രാഷ്‌ട്രീയ, തൊഴില്‍ മേഖലകളിലെല്ലാം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ആഴത്തില്‍ പഠിക്കുകയും അങ്ങനെ ശേഖരിക്കുന്ന 'വിവരവ്യൂഹം' പ്രയോജനപ്പെടുത്തി കൂടുതല്‍ ആസൂത്രിതമായ വികസനം കൈവരിക്കുകയുമാണ് ലക്ഷ്യം.