ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കുകയും എഴുതുകയും ചെയ്‌തവരില്‍ ഏറെ ശ്രദ്ധേയനാണ് പാലഗുമ്മി സായ്‌നാഥ് എന്ന പി സായ്‌നാഥ്. 'പെന്‍ഗ്വിന്‍' വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ‘Everyone Loves a Good Drought ’എന്ന കൃതി 'നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന പേരില്‍ കെ എ ഷാജി വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. വിശപ്പിനെയും ക്ഷാമത്തെയും കുറിച്ച് എഴുതുന്ന ലോകത്തെ വിദഗ്ധരിലൊരാളായി അമര്‍ത്യാസെന്‍ വിലയിരുത്തുന്ന സായ്‌നാഥിന് മഗ്‌സസെ പുരസ്‌ക്കാരവും ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡും ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം, വികസനത്തിന്റെ രാഷ്‌ട്രീയം എന്നീ വിഷയങ്ങളെപ്പറ്റി ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക, കനഡ, യൂറോപ്പ് എന്നിവിടങ്ങളിലുമുള്ള വിവിധ സര്‍വകലാശാലകളില്‍ 'വിസിറ്റിങ് ലൿചറര്‍' ആയി പ്രവര്‍ത്തിക്കുന്നു അദ്ദേഹം. വര്‍ഷത്തില്‍ 270ല്‍ കൂടുതല്‍ ദിവസം ഗ്രാമീണപ്രശ്‌നങ്ങള്‍ മുഖ്യധാരാ സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ നാട്ടിന്‍പുറങ്ങളില്‍ ചെലവഴിക്കുന്ന അദ്ദേഹം വാക്കും പ്രവൃത്തിയും രണ്ടല്ലാത്ത അപൂര്‍വ പ്രതിഭയാണ്.

മംഗലൂരിലെ ബജ്‌പെ വിമാനത്താവളത്തില്‍ സായ്‌നാഥ് എത്തുമ്പോള്‍ ഉച്ചകഴിഞ്ഞ് 2.10 ആയിരുന്നു. 'ചെക്ക് ഔട്ട്' ചെയ്‌ത് പുറത്തുവന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വാഹനത്തിനടുത്തേയ്‌ക്കു നടക്കുമ്പോള്‍ വഴിയിലെവിടെയെങ്കിലുമുള്ള ഭക്ഷണശാലയില്‍നിന്ന് ലഞ്ച് ആവാമെന്ന ധാരണയിലെത്തിയിരുന്നു. കണ്ണൂരിനെപ്പറ്റിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെപ്പറ്റിയുമെല്ലാം അറിയാന്‍ താല്‍പ്പര്യമുണ്ട് സായ്‌നാഥിന്. കല്യാശേരിയിലെ രാഷ്‌ട്രീയ സാമൂഹ്യമാറ്റങ്ങളെ യുപിയിലെ ഷെര്‍പുര്‍ എന്ന ഗ്രാമത്തിന്റെ അവസ്ഥയുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുന്ന പഠനം സായ്‌നാഥിന്റേതായുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ സമഗ്രാവബോധവും അക്കാദമിഷ്യന്റെ സൂക്ഷ്‌മമായ തിരിച്ചറിവും ഒത്തുചേരുന്ന മനസ്സാണ് സായ്‌നാഥിന്റെതെന്ന് ചോദ്യങ്ങളില്‍, അഭിപ്രായപ്രകടനത്തില്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷതയില്‍നിന്നു മനസ്സിലാക്കാം. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനത്തിന് കേരളത്തില്‍ വന്നത് സായ്‌നാഥ് ഓര്‍ത്തു. കല്യാശേരിയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ സാമൂഹ്യമാറ്റത്തിനായി തുടങ്ങിയിരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി, പുഴയുടെ തീരത്തുള്ള പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തെപ്പറ്റിയുമെല്ലാം താല്‍പ്പര്യത്തോടെ സംസാരിച്ചു. Hunter gatherer എന്ന അവസ്ഥയിലെ മനുഷ്യന്റെ ആത്മീയ സങ്കല്‍പ്പം, നായയുടെ വെങ്കലരൂപങ്ങള്‍ ക്ഷേത്രത്തില്‍ കണ്ടത്, കെ പി ആര്‍ രയരപ്പന്‍ സ്ഥലം പരിചയപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം സംഭാഷണ വിഷയമായി.
വഴിയരികില്‍ കണ്ട 'പെഗാസസ് ' എന്ന റസ്‌റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. പച്ചരിയും പരിപ്പും തൈരുമാണ് ഇന്ത്യന്‍ അവസ്ഥയിലെ ഏറ്റവും നല്ല ഭക്ഷണമെന്ന് സായ്‌നാഥ് കരുതുന്നു. മലബാറിലെ മീന്‍കറിയെപ്പറ്റി അദ്ദേഹത്തിന് ഉയര്‍ന്ന അഭിപ്രായമുണ്ട്. ഒരുവിധം 'എലിറ്റ്' ശൈലിയിലുള്ള 'പെഗാസസ് ', താന്‍ പല ദിവസവും വഴിവക്കിലെ 'ഡാബ'യില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി പറയാന്‍ കാരണമായി.

ഭക്ഷണശേഷം വീണ്ടും വാഹനത്തിലേക്ക്. എന്തുകൊണ്ട് സായ്‌നാഥ് ? തന്റെ അച്ഛന്‍ ഷിര്‍ദി സായിബാബയുടെ വിശ്വാസിയായിരുന്നതിനാല്‍ തനിക്ക് ലഭിച്ച പേരാണിതെന്ന രഹസ്യം സംഭാഷണത്തെ വിശ്വാസത്തിന്റെ പ്രശ്‌നങ്ങളിലേക്കു നയിച്ചു. സാധാരണരീതിയില്‍ മതവിശ്വാസിയല്ല താനെന്നു പറഞ്ഞ സായ്‌നാഥ് സ്വയമൊരു യുക്തിവാദിയായി കരുതുന്നു. മുക്കുവന്‍ കടലിനോട്, ആദിവാസി കാടിനോട്, കൃഷിക്കാരന്‍ മണ്ണിനോട് നിലനിര്‍ത്തുന്ന ബന്ധത്തെ ആത്മീയമെന്ന രീതിയില്‍ കാണുന്ന സായ്‌നാഥ് അത്തരമൊരു അവസ്ഥയെക്കുറിച്ച് തികച്ചും നിര്‍മലമായ അവബോധം പുലര്‍ത്തുന്നു എന്നതിന് സ്വന്തം ജീവിതം സാക്ഷി.
രാഷ്‌ട്രപതിയായിരുന്ന വി വി ഗിരിയുടെ കൊച്ചുമകനാണ് സായ്‌നാഥ്. പി എന്നാല്‍ പാലഗുമ്മിയെന്ന ഗ്രാമം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തരം സമരംചെയ്‌ത നാട്ടുകാര്‍. അധിനിവേശശക്തികള്‍ 19-ാം നൂറ്റാണ്ടില്‍ ഇല്ലാതാക്കിയിരുന്നു. അവശേഷിച്ചവര്‍ മറ്റു നാടുകളിലേക്കു ചിതറിപ്പോയി, നാടിന്റെ പേര് ചില വ്യക്തികളിലൂടെ നിലനില്‍ക്കുന്നു. ആന്ധ്രയിലെ പല സ്വാതന്ത്ര്യസമര പോരാളികളെപ്പറ്റിയും ഓര്‍മിപ്പിച്ചു. നിയോ ലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ വെള്ളപ്പൊക്കത്തില്‍ തകരുന്ന കാര്‍ഷിക സംസ്‌ക്കാരങ്ങളെപ്പറ്റി പറയുന്ന, എഴുതുന്ന സായ്‌നാഥ് എപ്പോഴും പ്രകടിപ്പിക്കുന്നത് പോരാട്ടവീര്യമാണ്. മിക്കവാറും കുട്ടികളെപ്പോലെ നിഷ്‌ക്കളങ്കമായ ഭാവത്തില്‍ കാണപ്പെടുന്ന അദ്ദേഹം വസ്‌തുതകള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും തീക്ഷ്‌ണത ആവാഹിക്കുന്നു.

ഇന്ത്യന്‍സമൂഹത്തെ ചലനാത്മകമല്ലാതാക്കുന്നത് ജാതിവ്യവസ്ഥയുടെ ശക്തമായ സാന്നിധ്യമാണെന്ന് സായ്‌നാഥ് നിരീക്ഷിച്ചു. പുരോഗമനപരമായി ചിന്തിച്ചിരുന്നവര്‍ സാമ്പത്തികമാറ്റം ഉണ്ടാവുമ്പോള്‍ ജാതി ഇല്ലാതാവുമെന്നു കരുതിയിരുന്നു. ജാതിവ്യവസ്ഥ മുതലാളിത്തവ്യവസ്ഥയുടെ ഭാഗമായി മാറി അതിജീവനശേഷി നേടിയിട്ടുണ്ട്. പുരോഗമന കാഴ്‌ചപ്പാടുള്ളവര്‍ അംബേദ്കര്‍ എഴുതിയ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവത്തിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കരുതുന്നു.
ജാതിക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ജാതിമര്‍ദനത്തിനെതിരായ പ്ളാറ്റ്ഫോം എന്ന നിലയില്‍നിന്ന് ജാതിയെത്തന്നെ ശക്തിപ്പെടുത്തുന്നത് കേരളീയാവസ്ഥയുമായി ബന്ധപ്പെടുത്തി നിരീക്ഷിച്ചു സായ്‌നാഥ്. അമരാവതിയില്‍ ജാതിക്കെതിരായി തുടങ്ങിയ 'അജാത് ' എന്ന സംഘടനയിലെ അംഗങ്ങള്‍ മറ്റൊരു ജാതിപോലെയായി മാറുന്ന വൈരുധ്യത്തെപ്പറ്റിയും ശക്തമായ ജാതീയവിവേചനംതന്നെ സാമൂഹ്യമാറ്റങ്ങള്‍ക്കായുള്ള പ്രചോദനമാവാനിടയുള്ളതിനെപ്പറ്റിയും 'ഭ്രാന്താലയ'മെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം നേടിയ പുരോഗതിയെപ്പറ്റിയുമെല്ലാം യാത്രക്കിടെ സംസാരിച്ചു. എങ്കിലും കേരളത്തിലും സൂക്ഷ്‌മമായ തലത്തില്‍ ജാതീയവിവേചനങ്ങള്‍ തുടരുന്നു എന്നായിരുന്നു നിരീക്ഷണം.
മലബാറിലെ സഹകരണപ്രസ്ഥാനത്തെപ്പറ്റിയും ജാതീയമായ വിവേചനം നിലനിന്നിരുന്ന കാലത്തുതന്നെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്ന പൊളിച്ചെഴുത്തുവഴി സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചവരുടെ ദേശമാണ് കണ്ണൂര്‍ എന്ന കാര്യവുമെല്ലാം എടുത്തുപറഞ്ഞ് സംഭാഷണം തുടര്‍ന്നു.

സത്യം സ്വതന്ത്രരാക്കും എന്നതാണ് സായ്‌നാഥിന്റെ വിശ്വാസം. വാണിജ്യലാഭത്തിന്റെ തടവറയിലായ മാധ്യമങ്ങളെപ്പറ്റി, ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ ഇടയാക്കുംവിധം ആഗോളീകരണം നടത്തുന്ന തേരോട്ടങ്ങളെക്കുറിച്ച്, പട്ടിണിയും മരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതാവുന്നത് മുന്‍നിര്‍ത്തി, തെക്കന്‍ രാജസ്ഥാനില്‍ ഊഴമിട്ട് പട്ടിണികിടന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്ന, പണിക്കുപോവേണ്ടയാള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ദൈന്യതസംബന്ധിച്ച്, വിലകുറഞ്ഞ നാനോകാര്‍ മാര്‍ക്കറ്റിലിറക്കുന്ന സമയത്ത് സാമ്പാര്‍പരിപ്പിന്റെ വില 104 രൂപ ആയി വര്‍ധിക്കുന്ന വൈരുധ്യത്തെപ്പറ്റി, രണ്ട് സഹോദരന്മാര്‍ക്കായി പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം മാറ്റിവച്ച ഭരണാധികാരികള്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ ഊന്നിയെല്ലാം സായ്‌നാഥ് സംസാരിച്ചു.
കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വിശിഷ്‌ടാതിഥിയായി എത്തിയ സായ്‌നാഥിനോട് സഹപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് പെയ്‌ഡ് ന്യൂസുമായി ബന്ധപ്പെട്ട് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നായിരുന്നു. പണം വാങ്ങി വാര്‍ത്തയെഴുതുന്നവരെക്കുറിച്ച് അദ്ദേഹം എഴുതിയതിന്റെ അടിസ്ഥാനത്തിലാണ് പ്രസ് കൌണ്‍സില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അംഗങ്ങളില്‍ ഒരുവിഭാഗം അനുകൂലിച്ചപ്പോള്‍ മറ്റൊരുവിഭാഗം ശക്തമായി എതിര്‍പ്പു പ്രകടിപ്പിക്കുകയും, റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു. സ്വകാര്യകമ്പനികളും പത്രസ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന ഉടമ്പടി, അങ്ങനെ ഉണ്ടാവുന്ന കരാര്‍ വാര്‍ത്തയെഴുത്തിനെക്കുറിച്ച്, തെരഞ്ഞെടുപ്പുകാലത്ത് പണം വാങ്ങി വാര്‍ത്തകള്‍ കൊടുക്കുന്നത്, ദേശീയ വികാരമായ ക്രിക്കറ്റ് ഐപിഎല്‍ എന്ന കാസിനോ സംസ്‌ക്കാരത്തിലേക്ക് വഴുതിവീഴുന്നതിനെ കേന്ദ്രീകരിച്ചെല്ലാം വ്യക്തമാക്കി സായ്‌നാഥ്. പത്രസ്ഥാപനങ്ങള്‍, സ്വകാര്യകമ്പനികളുമായി ഏര്‍പ്പെടുന്ന കരാര്‍പ്രകാരം അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ കൊടുക്കുന്നതിന് ഉദാഹരണമായി 240 കമ്പനികളുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തെപ്പറ്റി സായ്‌നാഥ് പറഞ്ഞു. ഇതുവഴി കമ്പനികളുടെ ഏഴുമുതല്‍ 10 ശതമാനംവരെ ഓഹരികള്‍ പത്രസ്ഥാപനത്തിനു ലഭിക്കുന്നു.

എണ്‍പത്തിമൂന്നു കോടി ഇന്ത്യക്കാര്‍ പ്രതിദിനം 20 രൂപയോ അതില്‍ കുറവോ മാത്രം വരുമാനമുള്ളവരായിരിക്കെ (ജനസംഖ്യയുടെ 77 ശതമാനം) കോര്‍പറേറ്റ് മേഖലയിലെ വലിയ കമ്പനികള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ അഞ്ചുലക്ഷം കോടി രൂപ എഴുതിത്തള്ളിയതിനെപ്പറ്റി മാധ്യമങ്ങള്‍ നിശ്ശബ്‌ദത പാലിക്കുന്നു. 50 ശതമാനത്തിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയാണ് എന്ന് 2009 ലെ കണക്കുകള്‍ പറയുമ്പോഴും കോര്‍പറേറ്റ് മേഖലയില്‍ മണിക്കൂറില്‍ 57 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. 30 വര്‍ഷത്തിലൊരിക്കല്‍ മാത്രം കര്‍ഷകരുടെ 70,000 കോടി രൂപ എഴുതിത്തള്ളിയത് വലിയ വാര്‍ത്തയാവുന്നു. അതിനെതിരെ മുഖപ്രസംഗം എഴുതുന്ന മാധ്യമങ്ങളുമുണ്ടെന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. 30 മിനിറ്റില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. 10 വര്‍ഷത്തിനിടെ 80 ലക്ഷം കര്‍ഷകര്‍ മറ്റു മാര്‍ഗമില്ലാതെ കൃഷി ഉപേക്ഷിച്ച് പോവേണ്ടിവന്നു. ഇതെല്ലാം മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നതിനെപ്പറ്റി സായ്‌നാഥ് ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ജനതയുടെ 70 ശതമാനത്തിലധികം വരുന്ന പാവപ്പെട്ട കര്‍ഷകരെയും, കര്‍ഷത്തൊഴിലാളികളെയും പൂര്‍ണമായി ഒഴിച്ചുനിര്‍ത്തുന്ന സമീപനമാണ് മാധ്യമങ്ങളുടെതെന്നു പറയാനുള്ള ആര്‍ജവം. വിദ്യാഭ്യാസരംഗത്തെ അമിതവാണിജ്യവല്‍ക്കരണം കേരളത്തിന് ആപത്താവുമെന്ന നിരീക്ഷണവും ശ്രദ്ധേയമായി. ഏതു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോഴും സായ്‌നാഥ് സത്യത്തെ സ്‌പര്‍ശിക്കുന്നു. കാണാനും മനസ്സിലാക്കാനും തയ്യാറുള്ള മനുഷ്യര്‍ക്കായി നിലപാടുകള്‍ വ്യക്തമാക്കുന്നു.
*****റെജി പായിക്കാട്ട്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്
1 comment:
സത്യം സ്വതന്ത്രരാക്കും എന്നതാണ് സായ്‌നാഥിന്റെ വിശ്വാസം. വാണിജ്യലാഭത്തിന്റെ തടവറയിലായ മാധ്യമങ്ങളെപ്പറ്റി, ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ ഇടയാക്കുംവിധം ആഗോളീകരണം നടത്തുന്ന തേരോട്ടങ്ങളെക്കുറിച്ച്, പട്ടിണിയും മരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതാവുന്നത് മുന്‍നിര്‍ത്തി, തെക്കന്‍ രാജസ്ഥാനില്‍ ഊഴമിട്ട് പട്ടിണികിടന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്ന, പണിക്കുപോവേണ്ടയാള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ദൈന്യതസംബന്ധിച്ച്, വിലകുറഞ്ഞ നാനോകാര്‍ മാര്‍ക്കറ്റിലിറക്കുന്ന സമയത്ത് സാമ്പാര്‍പരിപ്പിന്റെ വില 104 രൂപ ആയി വര്‍ധിക്കുന്ന വൈരുധ്യത്തെപ്പറ്റി, രണ്ട് സഹോദരന്മാര്‍ക്കായി പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം മാറ്റിവച്ച ഭരണാധികാരികള്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ ഊന്നിയെല്ലാം സായ്‌നാഥ് സംസാരിച്ചു.
Post a Comment