തുടുത്ത കര്‍ക്കടകക്കാലത്ത് കുന്തിപ്പുഴയിലൂടെയൊരു തോണിയാത്ര അനുസ്‌മരിക്കുന്നുണ്ട് ഇ എം എസിന്റെ മകള്‍ രാധ. മഴയും പുഴയും അലകടലായി പെയ്യുന്നു. തോണിയൊന്നുലഞ്ഞു. പേടിച്ചുപോയ ഏഴുവയസ്സുകാരിയായ ആ പാവാടക്കാരിയെ ആ അച്‌ഛന്‍ വാരിപ്പുണര്‍ന്നു. അച്‌ഛനെ ഇന്നുമോര്‍ക്കുമ്പോള്‍ ആ സുരക്ഷിത കരങ്ങള്‍ രാധക്കുമേല്‍ ആര്‍ദ്രമാകും. ഇ എം എസിന്റെ മരണം വരെ, നിറഞ്ഞ മഴയിലെ വിശാലമായ മേഘംപോലെ ആ അച്‌ഛന്‍ മകള്‍ക്ക്മേല്‍ സുരക്ഷിതമായി നിലകൊണ്ടു. അതിന്റെ ആര്‍ദ്രതക്ക് സമുദ്രത്തിന്റെ കരുത്തുണ്ട്. ലോകമറിയുന്ന ഇ എമ്മിന്റെ പുത്രീവാത്സല്യമുണ്ട്...
മഴയൊഴിഞ്ഞ നേരത്തെ നിലാവ് എന്നാണ് ഇ കെ നായനാരെന്ന അച്‌ഛനെ അറിയപ്പെടാത്ത മകള്‍ സുധ നിര്‍വചിച്ചത്. നിഴല്‍പ്പുറം എന്നത് കണ്ണീര്‍ മഴയുടെ ഒരരികാണെന്ന് പാവം ആ മകള്‍ കരുതിയിരിക്കും. പിന്നെയും മഴ, നിലക്കാത്ത മഴ... ഒടുവില്‍ നാട്ടിടവഴിയില്‍ വെള്ളം തെറിപ്പിച്ച് മഴ കായുന്ന പാവാടക്കാരിയെപ്പോലെ നാട്ടുമ്പുറത്തെ ആ പെണ്‍കുട്ടി അച്‌ഛനെ സ്വീകരിച്ചു. അപ്പോഴേക്കും അച്‌ഛന്‍ നാടാകെ പരന്ന ചുവപ്പുവെളിച്ചമാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു.
തങ്ങളോട് കാട്ടാത്ത സ്നേഹം ചെറുമക്കളോടെങ്കിലും പ്രകടമാക്കും എന്ന് മോഹിച്ച് തളര്‍ന്ന രാധ ഇ എം എസിന്റെ രണ്ടാമത്തെ മകളാണ്. പേരമക്കളിലൂടെ മക്കളെ കണ്ട് പിതൃസ്നേഹം വഴിഞ്ഞൊഴുകുന്നത് അകലെനിന്നുകണ്ട് ആശ്വസിച്ചവളാണ് നായനാരുടെ മൂത്ത മകള്‍ സുധ. കേള്‍വികേട്ട തങ്ങളുടെ പിതാക്കളെപ്പറ്റി നിരവധി പിതൃമൃഹൂര്‍ത്തങ്ങള്‍ ഇവര്‍ ഈ ഒത്തുചേരലില്‍ പങ്കുവെക്കുന്നു. ഇ എം എസിന്റെ മകള്‍ രാധയും നായനാരുടെ മകള്‍ സുധയും അനുഭവങ്ങളുടെ തീക്കടലില്‍ ഒരേ ഓളങ്ങളാണ് പങ്കുവെക്കുന്നത്. എങ്കിലും അതിന് വൈയക്തികമായി ചില അടരുകളുണ്ട്. വൈജാത്യങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ദേശാഭിമാനി ദിനപത്രത്തിന്റെ മാനേജ്‌മെന്റ് വിഭാഗത്തില്‍ സഹപ്രവര്‍ത്തകരായി ജോലി ചെയ്യുമ്പോഴും, അകലെനിന്ന് നോക്കുന്നവര്‍ക്ക് അവര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പെണ്‍മക്കളാണെന്ന് പ്രാഥമികമായി വായിച്ചെടുക്കാം. എന്നാല്‍ ചില കച്ചവട സിനിമകളില്‍ പൊലിപ്പിക്കുന്നപോലെ മന്ത്രി പുത്ര(ത്രി)ന്മാര്‍ എന്ന കാഴ്‌ച ഇവിടെ കാണാനാകില്ല. വ്യക്തിപരമായി എന്നും കമ്യൂണിസ്റ്റുകാര്‍ തീര്‍ത്ത കുടുംബചിത്രം അതായിരുന്നല്ലോ. അവിടെ അധികാരം വേണമെന്നു തോന്നുമ്പോള്‍ അച്‌ഛന് മൂത്രശങ്കയുണ്ടായില്ല. മകന്റെ തറവാട്ടു പ്രവേശനത്തിനായി കടല്‍ക്കിഴവക്കാഴ്‌ചകള്‍ ഉണ്ടാകുകയേയില്ല.
ദേശാഭിമാനി വാരികക്ക് വേണ്ടി രാധയും സുധയും തമ്മില്‍ സംസാരിച്ച ലളിതമാര്‍ന്ന പിതൃവാങ്മയങ്ങളിലൂടെ ചെറിയ സഞ്ചാരം. അതിന്റെ കേട്ടെഴുത്തും.
രാധ: സുധയെപ്പോലെയോ ഒരുപക്ഷേ അതില്‍ക്കൂടുതലോ അച്‌ഛന്‍ എന്ന അനുഭവത്തിനുവേണ്ടി കൊതിച്ച കുട്ടിക്കാലമായിരുന്ന എന്റെത്. ഞാനാക്കാര്യം ചിലയിടങ്ങളില്‍ കുറിച്ചിട്ടുമുണ്ട്. സുധക്കെങ്ങനെയാണ് നായനാരെന്ന അച്‌ഛനെ പെട്ടെന്ന് ഓര്‍ത്തെടുക്കാനാവുന്നത്.
സുധ: വല്ലപ്പോഴും വീട്ടിലെത്തുന്ന അച്‌ഛന്‍ മഴ കഴിഞ്ഞെത്തുന്ന നിലാവുപോലെയായിരുന്നു വീട്ടില്‍. അടുക്കളയും മുറികളും പരിസരവുമൊക്കെ ആകെയൊന്ന് സജീവമാകും. പക്ഷേ, അതൊന്നും കാണാനോ കേള്‍ക്കാനോ സമയമില്ലാതെ നേരംവെളുക്കുംമുമ്പ് അച്‌ഛന്‍ സ്ഥലം വിടും. ഓര്‍മയുള്ള നാള്‍മുതല്‍ ഓരോ ഘട്ടത്തിലും മനസ്സില്‍ അഭിമാനമുണര്‍ത്തുന്ന പിതൃബിംബമാണ് എനിക്ക് അച്‌ഛന്‍. സ്‌കൂള്‍ കാലത്ത് മറ്റു കുട്ടികള്‍ അച്‌ഛന്റെ വിരലില്‍ തൂങ്ങി വരുന്നതുകാണുമ്പോള്‍, മീറ്റിങ്ങിനും സ്‌കൂള്‍ വാര്‍ഷികത്തിനും അമ്മമാത്രം വരുന്നതുകാണുമ്പോള്‍ ഞാന്‍ അച്‌ഛന്റെ സാന്നിധ്യത്തിനുവേണ്ടി വല്ലാതെ കൊതിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ, മറ്റുള്ള കുട്ടികളുടെ അച്‌ഛന്മാരില്‍നിന്നും വ്യത്യസ്‌തനാണ് എന്റെ അച്‌ഛന്‍ എന്ന തിരിച്ചറിവ് എനിക്കുണ്ടായിത്തുടങ്ങി. പത്രത്തില്‍ ചിത്രം കാണുമ്പോഴും റേഡിയോ വാര്‍ത്തയില്‍ അച്‌ഛന്റെ പേര് പരാമര്‍ശിക്കുമ്പോഴും കല്യാശേരിയിലെ പാര്‍ടി യോഗത്തില്‍ പൊടിപാറുന്ന പ്രസംഗം കാച്ചുമ്പോഴും എന്റെ അച്‌ഛന്‍ ജനങ്ങള്‍ ആദരിക്കുന്ന വലിയൊരു നേതാവാണെന്ന് മനസ്സിലായി. അച്‌ഛന്റെ സാന്നിധ്യം എനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് മനസ്സിലായി. അമ്മയായിരുന്നു അച്‌ഛനാരെന്ന് എനിക്ക് പതിയെ മനസ്സിലാക്കിത്തന്നതില്‍ പ്രധാനി. അച്‌ഛനെന്ന മഹാനായ രാഷ്‌ട്രീയക്കാരന്റെ തിളക്കമുറ്റിയ ചിത്രം അമ്മ എന്റെ മനസ്സില്‍ വരച്ചിട്ടു.
വല്ലപ്പോഴും വീട്ടിലെത്തിയ അച്‌ഛനെ കാണാന്‍ നാട്ടുകാരുടെയും തിരക്കുണ്ടാകും. സഖാവേയെന്ന വിളിയോടെ അവര്‍ വീടിന്റെ ഉമ്മറപ്പടി വരെ എത്തും. തുടര്‍ന്ന് ഗൌരവമായ ചര്‍ച്ചകള്‍. കല്യാശേരിയില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട ആളായിരുന്നു എന്റെ അച്‌ഛനെന്ന് ബാല്യം മുതല്‍ തന്നെ എനിക്ക് മനസ്സിലായി.
1980ല്‍ അച്‌ഛന്‍ ആദ്യമായി മുഖ്യമന്ത്രിയായ ഉടനെയായിരുന്നു എന്റെ വിവാഹം. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ ഭാഗ്യവതിയായ വധുവായിരുന്നു ഞാന്‍. ഭരണപരമായ തിരക്ക് മാറ്റിവെച്ച് നാലുദിവസം അച്‌ഛന്‍ വീട്ടില്‍ തന്നെനിന്ന് എല്ലാ കാര്യത്തിലും ഇടപെട്ടു. മുമ്പൊന്നും വീട്ടിലെ ഒരു കാര്യത്തിനും ഇത്രമാത്രം ഉത്സാഹത്തോടെ ഓടിനടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അന്ന് പ്രമുഖരായ നേതാക്കളും വിശിഷ്‌ട വ്യക്തികളും എന്റെ കല്യാണത്തിനെത്തി. ഇവരുടെയൊക്കെയും അനുഗ്രഹത്തോടെ കതിര്‍മണ്ഡപത്തിലെത്തിയ ഞാന്‍ എന്റെ അച്‌ഛനെക്കുറച്ച് വല്ലാതെ അഭിമാനം കൊണ്ടു... ഇങ്ങനെ മറ്റേതൊരു സാധാരണ പെണ്‍കുട്ടിയെപ്പോലെയും വ്യക്തിപരമായി നിറഞ്ഞ ഓര്‍മകള്‍ അച്‌ഛനെക്കുറിച്ച് പറയാനുണ്ടാകും. അതിലേറെയും കേട്ടതും വായിച്ചറിഞ്ഞതുമാണെന്ന പ്രത്യേകതയുമുണ്ട്.
രാധ: കാലം കുറച്ചുകൂടി പിറകിലായതിനാല്‍ അല്‍പം വ്യത്യസ്‌തമായിട്ടാണ് കുട്ടിക്കാലത്ത് എന്റെ പിതൃഅനുഭവം എന്നുപറയാം. ലോകമറിയുന്ന ഇ എം വീട്ടില്‍ വല്ലപ്പോഴും എത്തുന്ന ആളായിരുന്നല്ലോ. എങ്കിലും അച്‌ഛനുമായി കൂടുതല്‍ കമ്യൂണിക്കേറ്റു ചെയ്യാന്‍ എനിക്കായെന്നു തോന്നുന്നു. എന്തും തുറന്നു പറയാവുന്ന ഒരാളായിരുന്നു എനിക്ക് അച്‌ഛന്‍. അതുപോലെ അനിയേട്ടനും (അന്തരിച്ച ഇ എം ശ്രീധരന്‍). ഓപ്പോള്‍ (ഡോ. മാലതി) എന്റെ കുട്ടിക്കാലത്തുതന്നെ പഠിക്കാനായി കേരളത്തിന് പുറത്തായിരുന്നു. വല്ലപ്പോഴും കാണും അത്രതന്നെ. അമ്മയുമായുള്ള കമ്യൂണിക്കേഷനും പല കാരണങ്ങളാല്‍ എനിക്ക് നടക്കാതെവന്നു. അനിയന്‍ (എസ് ശശി) എന്നെക്കാള്‍ വളരെ ചെറിയതായിരുന്നു.
സ്വന്തം കുടുംബത്തിലും അച്‌ഛന്റെയും അമ്മയുടെയും തറവാട്ടിലും അന്നത്തെക്കാലത്തുപോലും പെണ്‍കുട്ടിയെന്ന വിവേചനമൊന്നുമില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എല്ലായിടത്തും ആണ്‍കുട്ടികളായിരുന്നു എന്റെ കളികൂട്ടുകാര്‍. എല്ലാവരും അവരിരൊളായി എന്നെ കരുതി. അച്‌ഛന്റെ തറവാട്ടില്‍ പലരും പറയും രാധക്ക് ആണ്‍കുട്ടികളുടെ സ്വഭാവമാണെന്ന്. അവിടെ ഞാനാണ് അവസാനത്തെ പെണ്‍കുട്ടി. അതുകൊണ്ടാവും വ്യക്തിപരമായി അച്‌ഛന് എന്നോട് പ്രത്യേക സ്‌നേഹമുള്ളതായി തോന്നിയിട്ടുണ്ട്. എനിക്ക് മാത്രമല്ല പലര്‍ക്കും അത് അനുഭവപ്പെട്ടിട്ടുമുണ്ട്.
വല്ലപ്പോഴും വന്നുപോകുന്ന തിരക്കുപിടിച്ചയാളാണ് എന്റെ അച്‌ഛനെന്ന് എനിക്ക് ധാരണയുണ്ടാകുന്നത് ഏതാണ്ട് അഞ്ചുവയസ് കഴിയുന്നതോടെയാണ്. അപ്പോള്‍ കിട്ടുന്ന അവസരത്തിലൊക്കെ അച്‌ഛനുമായി ചേര്‍ന്നിരിക്കാന്‍ ഞാനും അനിയേട്ടനും ഉത്സാഹപ്പെട്ടു. എന്നാലും വലിയൊരു പ്രകടമായ സ്‌നേഹധാരയൊന്നും അനുഭവപ്പെട്ടില്ല. അച്‌ഛന്‍ അക്കാലം ഒളിവിലും ജയിലിലുമൊക്കെയായിരുന്നല്ലോ. അതിന്റെ പ്രത്യേകതയായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാക്കാനാവും.
സുധ: ഞാന്‍ മൂത്ത മകന്‍ സൂരജിനെ പ്രസവിച്ചുകിടന്നപ്പോള്‍ അച്‌ഛന്‍ തിരുവനന്തപുരത്തുനിന്നും കണ്ണൂരില്‍ ഓടിയെത്തിയത് ഇന്നും എനിക്ക് തിളങ്ങുന്ന ഓര്‍മയാണ്. അച്‌ഛന്റെ ആദ്യ സന്തതിയായ ഞാനുണ്ടായപ്പോള്‍ രണ്ടാഴ്‌ച കഴിഞ്ഞാണ് വീട്ടിലെത്തിയതെന്ന് ഓര്‍മക്കുറിപ്പില്‍ വായിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ അച്‌ഛന്റെ മുഖത്തെ സന്തോഷത്തിന് കാലത്തിന്റെ തുടിക്കുന്ന നിറമുണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ ജനിച്ചപ്പോള്‍ കാണാന്‍ കഴിയാത്ത അച്‌ഛന്‍ മുത്തച്‌ഛനായത് ആഘോഷിക്കുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് സൂരജിന്റെ ജനനം. ആദ്യ മന്ത്രിസഭ രാജിവെച്ച ഉടനെ. മറ്റൊരു പ്രത്യേകതയുമുണ്ട്. ഡിസംബര്‍ ഒമ്പതിനാണ് അച്‌ഛന്റെ ജന്മദിനം. പേരമകനുണ്ടായ സന്തോഷത്തില്‍ അച്‌ഛന്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ ലഡു വിതരണം ചെയ്‌തതായി കേട്ടിട്ടുണ്ട്. മക്കളോട് അപൂര്‍വമായി മാത്രം ഹൃദയം തുറന്നിട്ട അച്‌ഛന്‍ മുത്തച്‌ഛനായപ്പോള്‍ ഉദാരനായത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.
രാധ: രാഷ്‌ടീയക്കാരനായ നായനാരാണോ, ഭരണാധികാരിയായ നായനാരാണോ മകളെന്ന രീതിയില്‍ സുധയെ കൂടുതല്‍ സ്വാധീനിച്ചത് ?
സുധ: അങ്ങനെ ഭിന്ന മുഖമുള്ളതായി മകളെന്ന നിലയില്‍ ഞാന്‍ വായിച്ചിട്ടില്ല. ഭരണാധികാരിയായും നേതാവായും അച്‌ഛന്‍ എപ്പോഴും തിരക്കിലായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാധ്യമങ്ങളില്‍ ഏറെ നിറഞ്ഞുനില്‍ക്കും എന്ന പ്രത്യേകതയുണ്ട്. ടി വി ചാനലുകളില്‍ അച്‌ഛന്റെ മനസ്സു തുറന്നുള്ള സംസാരം എനിക്കേറെ ഇഷ്‌ടപ്പെട്ടതാണ്. ക്യാമറക്ക് മുന്നില്‍ ഡിപ്ളമാറ്റിക്കായി അളന്നുതൂക്കി സംസാരിക്കുന്ന മുഖ്യമന്ത്രിയല്ല, മനസ്സില്‍ തോന്നിയത് വെട്ടിത്തുറന്നു പറയുന്ന പച്ചയായ മനുഷ്യന്‍. ഏതു സംഘര്‍ഷത്തെയും അച്‌ഛന്‍ ചിരിച്ചുകൊണ്ട് നേരിട്ടു. അച്‌ഛനില്‍നിന്നും ഞാന്‍ കടംകൊണ്ട ഗുണം അതാണെന്നു തോന്നുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ ലാഘവത്തോടെ ഞാന്‍ നേരിട്ടത്, നേരിടാന്‍ കഴിയുന്നത് തീര്‍ച്ചയായും അച്‌ഛന്‍ കടംതന്ന ഈ കഴിവുകൊണ്ടാണ്.
രാധ: ഇ എം എസെന്ന അച്‌ഛനെ വിലയിരുത്തുമ്പോള്‍ രാഷ്‌ട്രീയക്കാരന്‍, ഭരണാധികാരി എന്നൊക്കെയുള്ള നിര്‍വചനം വേറിട്ട് പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാഷ്‌ട്രീയം അച്‌ഛനൊപ്പം ഞങ്ങള്‍ക്കെല്ലാം ജീവവായു തന്നെയാണ്. അച്‌ഛന്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഒസ്യത്താണ് തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം എന്നുപറയാം. പാര്‍ടി പ്രവര്‍ത്തനംപോലെതന്നെ വര്‍ഗസമരത്തിന് ആക്കം കൂട്ടേണ്ട പ്രക്രിയയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനവും എന്ന നിലപാടണല്ലോ കമ്യൂണിസ്റ്റുകാര്‍ക്ക്. അച്‌ഛനിലെ ഭരണാധികാരി, രാഷ്‌ട്രീയക്കാരന്‍ എന്ന വേര്‍തിരിവ് എനിക്ക് ഒരിക്കലും പഥ്യമായിരുന്നില്ല. ഭരണാധികാരം ഒരു നിമിത്തമായി മാത്രമെ കാണാനാവൂ. മറിച്ച് പാര്‍ടി നേതാവ്, ജനറല്‍ സെക്രട്ടറി മുതലായ നിലയിലാണ് അച്‌ഛനെ മക്കള്‍ക്ക് ഏറെയിഷ്‌ടം. ഏതു നിലയിലുള്ള വിഞ്ജാനശാഖകളിലും സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് സംഭാവന നല്‍കിയ മഹാന്‍ എന്ന നിലയിലും അച്‌ഛനെ കാണാന്‍ എനിക്കായിട്ടുണ്ട്.
സുധ: കല്യാശേരിയിലെ വീട്ടില്‍ മഴ കഴിഞ്ഞെത്തുന്ന നിലാവിനെപ്പോലെ അതിഥിയായെത്തുന്നയാളാണ് നായനാര്‍. ഒരുപാട് തിരക്കുള്ള നേതാവിന്റെ ഭാര്യയെന്ന ബോധത്തോടെ ജീവിക്കുന്ന അമ്മ, വീടിന്റെ ചുമതലകള്‍ സ്വയമേറ്റ് അച്‌ഛനെ നാട്ടിലേക്ക് സ്വതന്ത്രനാക്കി. ഭര്‍ത്താവിന്റെ അസാന്നിധ്യം തളര്‍ത്തിയ മൂഹൂര്‍ത്തങ്ങള്‍ അമ്മക്ക് ഒരുപാടുണ്ടായിട്ടുണ്ടാകും. കുട്ടികള്‍ക്ക് പനിവന്നാല്‍, പഠിക്കാനാകാത്ത പാഠങ്ങളുടെ പേരില്‍ കുട്ടികള്‍ വിലപിച്ചാല്‍, സാമ്പത്തികമായി ഞെരുക്കം വന്നാല്‍ അപ്പോഴെക്കെ അമ്മ അച്‌ഛനെ പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ അച്‌ഛനെ അതൊന്നും അമ്മ അറിയിച്ചിട്ടുണ്ടാകില്ല. ആരോടും പറയാതെ മക്കളുടെ പിറന്നാളുപോലും അച്‌ഛനെ ഓര്‍മിപ്പിക്കാനാവാതെ അമ്മ കുടുംബത്തില്‍ ആഘോഷിച്ചു. പിറന്നാളിനെല്ലാം സമ്മാനമായി അച്‌ഛന്‍ പടികടന്നു വരുമെന്ന കനത്ത പ്രതീക്ഷയൊന്നും ഞങ്ങള്‍ മക്കള്‍ പുലര്‍ത്തുമായിരുന്നില്ല.
എന്നാല്‍ ഓണത്തിനും വിഷുവിനും അച്‌ഛനെല്ലാ തിരക്കുംമാറ്റി വീട്ടിലെത്താന്‍ ശ്രമിക്കും. സദ്യവട്ടത്തിന്റെ എല്ലാ മധുരത്തേക്കാളും അച്‌ഛന്‍ ഞങ്ങളുടെ വീട്ടില്‍ സജീവമാകും. എന്റെ എല്ലാ ഓണത്തിന്റെ ഓര്‍മയിലും പൂക്കളായി അച്‌ഛന്‍ പെയ്‌തുകൊണ്ടിരിക്കും. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ ദൂരം താണ്ടി എവിടെയായാലും ഞങ്ങള്‍ അച്‌ഛനരികിലെത്തും. അവസാനത്തെ വിഷുക്കൈനീട്ടം തന്നശേഷമാണ് ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കായി അച്‌ഛന്‍ പോയത്.
രാധ: കുടുംബം എന്നത് സ്ഥാപനമായും അതിനെ അച്‌ഛന്‍ അല്ലെങ്കില്‍ അമ്മ നയിക്കുക എന്ന സങ്കല്‍പം തന്നെ ഞങ്ങള്‍ക്ക് അന്യമാണ്. കാരണം അച്‌ഛനില്ലാത്ത അവസ്ഥയില്‍, ജയിലിലോ ഒളിവിലോ ആകുമ്പോള്‍ അമ്മയുടെ പരിമിതമായ കഴിവുപയോഗിച്ച് കുടുംബം പുലര്‍ത്തി. അത്രമാത്രം.
കരയില്ലാത്ത കടലിലെ ഒറ്റയാള്‍ തുഴച്ചിലായിരുന്നു അമ്മക്ക് ജീവിതം. അച്‌ഛന്‍ ജയിലിലായിരുന്നപ്പോള്‍ ഞാനും അമ്മയും അച്‌ഛനെ കാണാന്‍പോയ ഓര്‍മയുണ്ട്. വളരെനേരം പുറത്തുകാത്തുനിന്നാല്‍ മാത്രമെ അകത്തേക്ക് വിളിക്കൂ. മിനിറ്റുകള്‍കൊണ്ട് പുറത്തിറങ്ങണം. എല്ലാക്കാലത്തും പാര്‍ടിയായിരുന്നു ഞങ്ങളുടെ രക്ഷിതാക്കള്‍. അനിയേട്ടന്റെ മകന്‍ മരിച്ചപ്പോഴും അനിയേട്ടന്റെ ഭാര്യ ഡോ. യമുന മരിച്ചപ്പോഴും അമ്മ ആകെ തകര്‍ന്നു. ഏടത്തി (ഡോ. യമുന) മരിച്ചതിന് ശേഷം അമ്മ തീരെ മിണ്ടാതായി. ഉത്സാഹം തീരെ കുറഞ്ഞു. അച്‌ഛന്‍ മരിച്ചപ്പോഴും ഇങ്ങനെ ദീര്‍ഘമൌനം പൂണ്ടു. ഏടത്തിയുടെ മരണത്തിന് ശേഷം അമ്മ കൂടുതല്‍ കാലം ജീവിച്ചില്ല...
ഓര്‍മകളുടെ നനുത്ത ഓരത്ത് ഹൃദ്യമായ ഒരു പിതൃഅനുഭവം പറയാനുണ്ടാകില്ലേ സുധക്ക് ?
സുധ: തീര്‍ച്ചയായും. പയ്യന്നൂര്‍ സെന്റ്മേരീസ് സ്‌കൂളില്‍ നാലാം ക്ളാസില്‍ പഠിക്കുന്ന കാലം ഹോസ്റ്റലില്‍ നിന്നാണ് പഠനം. മിക്ക കുട്ടികളെയും അച്‌ഛന്‍ വന്നാണ് കൂട്ടിക്കൊണ്ടുപോകുന്നത്. അച്‌ഛനക്കാലം കാസര്‍കോട് എംപിയാണ്. ഒരുദിവസം അവിചാരിതമായി അച്‌ഛന്‍ എന്റെ സ്‌കൂളിലെത്തി. കൂടെ അമ്മയുമുണ്ട്. സ്‌കൂളില്‍ സിസ്റ്റര്‍മാരെല്ലാം അച്‌ഛനെ ആദരിച്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മറ്റൊരു കുട്ടിയുടെ അച്‌ഛനും അത്തരമൊരു ആദരം ലഭിച്ചത് ഞാന്‍ കണ്ടിട്ടില്ല. എന്റെ കുഞ്ഞുമനസ്സ് അച്‌ഛനെപ്രതി വല്ലാതെ തുള്ളിച്ചാടി. അന്ന് കൂട്ടുകാരുടെ മുന്നില്‍ ഞാന്‍ രാജകുമാരിയെപ്പോലെ പാറിപ്പാറി നടന്നു.
രാധ: പുഴയും സമുദ്രവും അച്‌ഛനുമൊക്കെയായി ചില ശ്ളഥചിത്രങ്ങളാണ് കുട്ടിക്കാലത്ത് എന്റെ മനസ്സില്‍. ഒരുപക്ഷേ പെയ്‌തൊഴിയാന്‍ വെമ്പുന്ന മേഘം പോലെ മനസ്സ് ആര്‍ദ്രമാകുമ്പോള്‍, ഈ കല്‍പന മനസ്സിനെ സ്വാധീനിച്ചുവെന്ന് തോന്നുന്നു. കുട്ടിക്കാലത്ത് അച്‌ഛനൊപ്പം കുന്തിപ്പുഴയിലൂടെ യാത്രചെയ്‌ത ഓര്‍മയുണ്ട് മനസ്സില്‍. കര്‍ക്കടക്കത്തിലെ കോരിച്ചൊരിയുന്ന മഴ. അച്‌ഛന്‍ തോണിയില്‍ കുടയും പിടിച്ച് എന്നെ ചേര്‍ത്തുനിര്‍ത്തി. എനിക്കന്ന് ആറോ ഏഴോ വയസ് പ്രായം. ചുഴിയും നുരയും മാത്രം ചുറ്റിലും. ആ ഭീതിയില്‍ അച്‌ഛനെ കെട്ടിപ്പിടിച്ച് ഞാന്‍ നിന്നപ്പോള്‍ അനുഭവപ്പെട്ട സുരക്ഷിതത്വം അപാരമാണ്. അത് അച്‌ഛന്‍ മരിച്ച ദിവസം വരെ നീണ്ടു.
ഞാനും അനിയന്‍ ശശിയും അച്‌ഛനും അമ്മക്കുമൊപ്പം ഒരുമാസം കന്യാകുമാരിക്കടുത്ത് വാടകവീടെടുത്ത് താമസിച്ചിരുന്നു. പാര്‍ടിയില്‍ പുതിയ ധ്രുവീകരണത്തിന്റെ കാലമായിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അന്ന് സിപിഐ എം രേഖകളും രാഷ്‌ട്രീയപ്രമേയവും പാര്‍ടി പരിപാടിയും മറ്റും തയ്യാറാക്കുകയായിരുന്നു അച്‌ഛന്‍. വൈകിട്ട് അല്‍പം വിശ്രമം. അപ്പോള്‍ എന്നെയും ശശിയേയും കൂട്ടി അച്‌ഛന്‍ കടലില്‍ കുളിക്കാന്‍ പോകും. തിരകളില്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ച് അച്‌ഛന്‍ കടലില്‍ മുങ്ങും. അമ്മ കരയില്‍ കാഴ്‌ച നോക്കി നില്‍ക്കും. മനസ്സില്‍ എന്നും പച്ചപിടിച്ചുനില്‍ക്കുന്ന സ്‌മരണകളില്‍ ചിലതാണിവ. പുറത്തെ കടലിരമ്പംപോലെ അച്‌ഛന്റെ മനസ്സിലും അക്കാലം പ്രത്യയശാസ്‌ത്രത്തിന്റെ കടലിരമ്പമായിരുന്നുവെന്ന് കരയില്‍ പൂഴിമണ്ണ് വാരിക്കളിച്ച ഞങ്ങള്‍ അന്നറിഞ്ഞിരുന്നില്ല.
സുധ: നേതാവ്, ഭരണാധികാരി തുടങ്ങിയ സമയത്തെ സംഘര്‍ഷങ്ങള്‍ ഇ എം എസ് വീട്ടില്‍ നേരിട്ടതായി ഓര്‍ക്കുന്നുണ്ടോ..അതായത് പാര്‍ടിയിലെ പ്രശ്‌നങ്ങളും ഭരണകാലത്തെ പ്രതികൂല സാഹചര്യങ്ങളും വീട്ടില്‍ പങ്കുവെച്ചിരുന്നോ? അമ്മയോടും സഹോദരങ്ങളോടും മറ്റും ?
രാധ: മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയറ്റിലും ഭരണകേന്ദ്രങ്ങളിലും കാര്യങ്ങള്‍ തീര്‍ത്താണ് അച്‌ഛന്‍ വീട്ടിലേക്ക് വരിക. ഭരണകാര്യത്തിന് വീട് ഒരു ഇടമാക്കാന്‍ അച്‌ഛനും അമ്മക്കും താല്‍പര്യമില്ല. വീട് സ്വകാര്യ ഇടമായി മാറ്റാനാണ് അമ്മക്ക് എപ്പോഴും ഇഷ്‌ടം. എന്നാല്‍ സഖാക്കള്‍ക്ക് എപ്പോഴും കയറിവരാന്‍ പറ്റുന്നതും. സുഹൃത്തുക്കളും സഖാക്കളും പലപ്പോഴും വീട്ടിലേക്ക് വരും. അച്‌ഛനെ സംഘര്‍ഷങ്ങള്‍ പൊതുവെ അലട്ടാറില്ല. സംഘര്‍ഷത്തിന് കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ ഇടം കൊടുത്താല്‍ അതിനുമാത്രമെ നേരം കാണൂ. പാര്‍ടിയിലെ പ്രശ്‌നം അച്‌ഛന്‍ അതാത് ഘടകങ്ങളില്‍ പറഞ്ഞുതീര്‍ക്കും. അല്ലാതെ വീട്ടിലൊ പൊതുവേദിയിലൊ ചര്‍ച്ച ചെയ്യുന്നത് കമ്യൂണിസ്‌റ്റ് രീതിയല്ലല്ലോ. ഭരണാധികാര കാലത്തെ സംഘര്‍ഷങ്ങള്‍ സ്വയം ഏറ്റെടുക്കുമ്പോള്‍തന്നെ അത് പൊതുജനങ്ങളുമായി പങ്കുവെക്കും. അപ്പോള്‍ സംഘര്‍ഷത്തിന് അയവുവരും. അല്ലെങ്കിലും സംഘര്‍ഷങ്ങള്‍ അച്‌ഛന്‍ വ്യക്തിപരമായി എടുക്കുന്നത് കണ്ടിട്ടില്ല. പാര്‍ടിയിലായാലും ഭരണത്തിലായാലും. അമ്മയോടും ഞങ്ങളോടും പങ്കുവെക്കാവുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് അച്‌ഛന് നല്ല നിശ്ചയമുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് അച്‌ഛന്‍ പൊതുവെ പോയില്ല.
പാര്‍ടി നേതാവെന്ന നിലയില്‍ നായനാരും ഏതാണ്ട് ഇതേപോലെ തന്നെയാകും. അല്ലെ സുധേ?
സുധ: അമ്മ കുടുംബകാര്യങ്ങള്‍ അച്‌ഛനോട് പറയാത്തതുപോലെ അച്‌ഛന്‍ ഞങ്ങളോടും കാര്യമായ രാഷ്‌ടീയവര്‍ത്തമാനം പങ്കുവെക്കാറില്ല. ഭരണ- രാഷ്‌ട്രീയ സംഘര്‍ഷങ്ങളെല്ലാം പാര്‍ടിക്കുള്ളില്‍ മാത്രം. ഒരുകാര്യം ഞാന്‍ ഇന്നുമോര്‍ക്കുന്നു. അല്‍പം സങ്കീര്‍ണമായ സാഹചര്യത്തിന് ശേഷമാണല്ലോ അച്‌ഛന്‍ അവസാനം മുഖ്യമന്ത്രിയായത്. അന്ന് ഞങ്ങള്‍ തിരുവനന്തപുരത്ത് വഴുതക്കാടാണ് താമസം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ അച്‌ഛന്‍ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങളാരും ചിന്തിച്ചിട്ടേയില്ല. രാത്രി ഒന്നുമറിയാത്തപോലെ അച്‌ഛന്‍ വന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. അതിനുശേഷം രാത്രിയില്‍ ടിവി ന്യൂസ് കണ്ടാണ് ഞങ്ങള്‍ ആ വിവരം അറിയുന്നത്. പാര്‍ടിയെടുത്ത ആ തീരുമാനം പാര്‍ടി പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ വീട്ടുകാരും അറിയേണ്ടതുള്ളൂ എന്നാണ് അച്‌ഛന്‍ കരുതിയതെന്നര്‍ഥം.
രാധ: യാത്രകളില്‍ എപ്പോഴെങ്കിലും നായനാര്‍ കുടുംബത്തെയാകെ ഒപ്പം കൊണ്ടുപോയതായി ഓര്‍ക്കുന്നുണ്ടോ ?
സുധ: ഇളയ അനിയന്‍ വിനോദ് ജനിക്കുന്നതിനു മുമ്പ് അച്‌ഛനൊപ്പം ഒരിക്കല്‍ കുടുംബസമേതം ഡല്‍ഹിയില്‍ പോയിരുന്നു. ഒരിക്കല്‍ മാത്രം. താജ്‌മഹലും റെഡ്‌ഫോര്‍ട്ടും മറ്റനേകം ചരിത്രസ്‌മാരകങ്ങളും അച്‌ഛന്‍ കാട്ടിത്തന്നു. അച്‌ഛന്റെ സിനിമാഭ്രാന്ത് പ്രശസ്‌തമാണല്ലോ. പല പ്രാവശ്യവും അച്‌ഛനൊപ്പം ഞങ്ങള്‍ മക്കള്‍ സിനിമക്ക് കൂട്ടുപോയിട്ടുണ്ട്. അച്‌ഛന്റെ മക്കള്‍ക്കുള്ള സമ്മാനത്തില്‍ പ്രധാനം സിനിമ കാട്ടിത്തരലായിരുന്നു.
രാധ: വിവാഹത്തിന് മുമ്പ് ഞാന്‍ പല സ്ഥലത്തും അച്‌ഛനൊപ്പം കൂട്ട് പോയിട്ടുണ്ട്. ചിലപ്പോള്‍ അമ്മയും കൂടെയുണ്ടാകും. ദീര്‍ഘമല്ലെങ്കിലും തീര്‍ത്തും ആസ്വാദ്യകരമായിരുന്നു ആ യാത്രകള്‍. പല പ്രധാന സഖാക്കളുടെയും വീട്ടിലേക്ക് അങ്ങനെ പോകാനായി. പ്രധാന നേതാക്കളുടെ വീട്ടുകാരുമായും അതുവഴി ബന്ധം പുലര്‍ത്താന്‍ എനിക്കായി. രക്തസാക്ഷികളുടെ കുടുംബവുമായും മറ്റും അന്നുണ്ടാക്കിയ ബന്ധം ഇപ്പോഴും തുടരുന്നു. കുട്ടനാട്ടിലും മറ്റും ബോട്ടിലും തോണിയിലും അച്‌ഛനൊപ്പം പോകുമ്പോള്‍ സ്വീകരിക്കുന്ന സഖാക്കള്‍ മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിക്കും. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്ന് അച്‌ഛന് അഭിവാദ്യം അര്‍പ്പിക്കും.
സുധ: മുഖ്യമന്ത്രി എന്ന രീതിയിലുള്ള അധികാരപര്‍വം മകളെന്ന വ്യക്തിയെ എപ്പോഴെങ്കിലും സഹായിക്കുകയോ, ദ്രോഹിക്കുകയോ ചെയ്‌തിട്ടുണ്ടോ ?
രാധ: ഭരണാധികാരി എന്ന പദവി സ്വന്തം താല്‍പര്യത്തിന് ഉപയോഗിച്ചാലേ സഹായം, ദ്രോഹം തുടങ്ങിയ പോസിറ്റീവ്, നെഗറ്റീവ് സമീപനമുണ്ടാകൂ. അധികാരം പൊതുസമൂഹത്തിനായതിനാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സഹായം, ദ്രോഹം തുടങ്ങിയ സംഞ്ജകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. നേട്ടത്തിന് വേണ്ടി കൈനീട്ടി കിട്ടിയില്ലെങ്കില്‍ വേദനയുണ്ടാകും. കൈനീട്ടാതിരുന്നാല്‍ പ്രശ്‌നമില്ല. ഒന്നും വ്യക്തിനിഷ്‌ഠമായി എടുക്കാതിരിക്കുക എന്നതായിരുന്നു അച്‌ഛന്റെ രീതി, എനിക്കു തന്ന വലിയ ഉപദേശവും.
സുധ: മക്കള്‍ക്ക് സഹായമോ ദ്രോഹമോ ചെയ്യാതെ ഒരച്‌ഛന് അധികാരത്തിലിരിക്കാനാവില്ല എന്നത് സത്യമാണ്. എന്നാല്‍ നായനാര്‍ എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാവുന്നത്കൊണ്ട് ഞങ്ങളാരും ഒന്നും പ്രതീക്ഷിച്ചില്ല. ഒരാവശ്യവും ഉന്നയിച്ചില്ല. അടുത്ത ബന്ധുക്കള്‍ ചില ആവശ്യങ്ങളുമായി വരുമ്പോള്‍ അവരെ സഹായിക്കാന്‍ കഴിയാത്തതിനാല്‍ ചില്ലറ വിഷമം തോന്നിയിരുന്നു. അച്‌ഛനോടെങ്ങനെ പറയും എന്ന നിസ്സഹായാവസ്ഥ പലപ്പോഴും ഞങ്ങള്‍ക്കും അമ്മക്കും ഉണ്ടായിട്ടുണ്ട്.
ഒരുപാട് സവിശേഷതകളുള്ളതാണ് ആദ്യ കമ്യൂണിസ്‌റ്റ് മന്ത്രിസഭ. അതിന്റെ തലവനായിരുന്ന അച്‌ഛന്റെ കൂടെ ക്ളിഫ് ഹൌസില്‍ താമസിച്ച ഓര്‍മ വല്ലതും രാധേച്ചിക്കുണ്ടോ?
രാധ: ആദ്യമന്ത്രിസഭാക്കാലം എനിക്ക് നേരിയ ഓര്‍മ മാത്രമെയുള്ളൂ. വളരെ ചെറിയ കുട്ടിയായിരുന്നു. ഒരുതരം വീര്‍പ്പുമുട്ടുന്ന അനുഭവമായിരുന്നു എനിക്ക് ക്ളിഫ് ഹൌസില്‍ എന്നാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നത്. ഗേറ്റിലെ പാറാവുകാരായ പൊലീസുകാരാണ് കൂട്ടുകാര്‍. ഗേറ്റിലെ പൊലീസുകാര്‍ക്കൊപ്പം ഉച്ചക്കും രാത്രിയിലും കഞ്ഞിയും പയറും പുഴുക്കുമൊക്കെ മൂക്കുമുട്ടെ കഴിക്കും. ക്ളിഫ് ഹൌസിലും എന്നും കഞ്ഞിയായിരിക്കും. എന്നാല്‍ എന്റെ ചങ്ങാത്തവും ഭക്ഷണവും ഗേറ്റിലെ പൊലീസുകാര്‍ക്കൊപ്പമായിരുന്നു.
അച്‌ഛന്‍ ആദ്യം ക്ളിഫ് ഹൌസിലായിരുന്നെങ്കിലും 1967ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ശാന്തിനഗറിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ആദ്യം അച്‌ഛന്റെ സഹോദരിയുടെ മകന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വല്യച്‌ഛന്റെ മകന്‍ വേണുവേട്ടനും അനിയേട്ടനും (ഇ എം ശ്രീധരന്‍) മോഡല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഓപ്പോള്‍ (ഡോ. മാലതി) വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും. ബന്ധുക്കള്‍ ഇടക്ക് വന്നുപോകും, അത്രമാത്രം.
സുധ: നായനാര്‍ പ്രതിപക്ഷ നേതാവായപ്പോള്‍ അല്‍പകാലം ഞാന്‍ കന്റോണ്‍മെന്റ് ഹൌസില്‍ താമസിച്ചിരുന്നു. രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ അമ്മക്ക് അച്‌ഛനൊപ്പം താമസിക്കേണ്ടി വന്നതിനാല്‍ ഞാന്‍ കല്യശേരിയില്‍ താമസിച്ചു. അമ്മൂമ്മയും അമ്മാവന്‍ കെ പി ആര്‍ രയരപ്പനും അന്ന് വീട്ടിലുണ്ട്. അവരെ നോക്കുന്ന ചുമതല എനിക്കായി. എങ്കിലും മക്കള്‍ പഠനാവശ്യം ക്ളിഫ് ഹൌസിലായിരുന്നു താമസിച്ചത്. പൊലീസുകാരോട് സംസാരിക്കുന്നതും മറ്റും അവര്‍ എന്നെ ഫോണില്‍ അറിയിക്കും. സുരക്ഷിതകരങ്ങളില്‍ മക്കളുടെ വിദ്യാഭ്യാസം നന്നായി മുന്നേറുന്നത് ഞാന്‍ സമാധാനത്തോടെ അറിഞ്ഞു. മക്കള്‍ സൂരജും സൂര്യയും സംഗീതും ഇന്ന് നല്ല നിലയിലെത്തിയത് അച്‌ഛന്‍ നല്‍കിയ നല്ല വിദ്യാഭ്യാസത്തെ തുടര്‍ന്നാണ്. അച്‌ഛന്റെ താല്‍പര്യത്തിലാണ് മകള്‍ പത്രപ്രവര്‍ത്തനം പഠിച്ചത്.
ഭരണാധികാരി എന്ന നിലയില്‍ ഇ എംഎസിനെ എങ്ങനെയാണ് മകള്‍ വിലയിരുത്തുന്നത്?
രാധ: ഭരണാധികാരി എന്ന നിലയില്‍ അച്‌ഛന് നിര്‍വചനം കൊടുക്കുന്നതിനേക്കാള്‍ ഒരു കമ്യൂണിസ്‌റ്റ് നേതാവ് ഭരണത്തിലെത്തിയാല്‍ ഏതു രീതിയില്‍ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമായ സംവിധാനം കൊണ്ടുവരാം എന്നതിന്റെ തെളിവാണ് 1957ലെയും 67ലെയും സര്‍ക്കാര്‍. അത് ഇ എം എസിന്റെ മാത്രം നേട്ടമായി കാണേണ്ടതില്ല. പൂര്‍വ മാതൃകയൊന്നുമില്ലാതെയാണല്ലോ ആദ്യ കമ്യൂണിസ്‌റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. കുടിയൊഴിപ്പിക്കല്‍ തടയുന്നതുള്‍പ്പടെയുള്ള നിയമങ്ങളും സര്‍ക്കാരും ഇന്ത്യക്കാകെ മാതൃകയായി. അധികാരത്തില്‍ വരുമെന്ന് സ്വപ്‌നം പോലും കാണാന്‍ കഴിയാതിരുന്ന കാലത്താണ് മലബാറിലെ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് അത് പഠിച്ച കമ്മിറ്റിക്ക് മുമ്പാകെ (കുട്ടികൃഷ്ണമോനോന്‍ കമ്മിറ്റി) അച്‌ഛന്‍ വിയോജനക്കുറിപ്പ് സമര്‍പ്പിച്ചത്. ഇതും തിരുകൊച്ചിയിലെ കര്‍ഷകപ്രശ്‌നങ്ങളുമാണ് 1957ലെ കര്‍ഷകബന്ധ ബില്ലിന് ബീജാവാപമായത്. ജനകീയസമരമായിരുന്നു മന്ത്രിസഭയുടെ ചാലകശക്തി. അങ്ങനെ, ഇന്നത്തെ കേരളം എങ്ങനെ ആയിത്തീരണമെന്ന ധീരമായ കാഴ്‌ചപ്പാടു മുതല്‍ ജനകീയാസൂത്രണം വരെ പാര്‍ടിയുടെ സഹായത്തോടെ അച്‌ഛന്റെ ധീരമായ കാല്‍വെപ്പുകള്‍ ധാരാളമാണെന്നു കാണാം. സാക്ഷരതാ, ജനകീയാസൂത്രണ പരിപാടികളില്‍ സഖാവ് നായനാരിലും ഇത്തരം ധീരമായ ചുവടുകള്‍ കാണാനാകും.
സുധ: തീര്‍ച്ചയായും സാക്ഷര കേരളത്തിന്റെ അക്ഷരമുഖം വെട്ടിയ അച്‌ഛന്റെ ഭരണാധികാര പാടവം നാടിന് മറക്കാനാകുമോ. കര്‍ഷകത്തൊഴിലാളി പെന്‍ഷനും തൊഴിലില്ലായ്‌മ വേതനവും അധികാരവികേന്ദ്രീകരണവും അടക്കം രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ പരിഷ്‌ക്കാരങ്ങള്‍. ഗ്രാമ്യമനസ്സിന്റെ തുടിപ്പും ഉയിര്‍പ്പുമായിരുന്നു ലക്ഷ്യമിട്ടത്.
രാധ: ഇത്തരം ഭരണപരിഷ്‌ക്കാരങ്ങളുടെ അജന്‍ഡ നിശ്ചയിക്കുമ്പോഴും പാര്‍ടിയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ലാതെ പാര്‍ടിയെക്കാള്‍ വലിയ നേതാവായി ഇ എം എസ് ഒരിക്കലും സ്വയം വിലയിരുത്തിയിട്ടില്ല എന്നു കാണാം. ആത്മകഥയില്‍പോലും അച്‌ഛനെക്കുറിച്ച് വളരെക്കുറച്ച് മാത്രമെ പ്രതിപാദിച്ചിട്ടുള്ളൂ. പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ പടവിലും താന്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നേ അച്‌ഛന്‍ പറഞ്ഞിട്ടുള്ളൂ. അത് പക്ഷേ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായിരുന്നല്ലോ. പി സുന്ദരയ്യയെയും സി എച്ചിനെയുംപോലെ സ്വകാര്യ സംഭവങ്ങളില്‍പോലും വളരെക്കുറച്ചു മാത്രമെ തന്നെക്കുറിച്ച് പ്രതിപാദിച്ചുള്ളൂ എന്നു കാണാം.
സുധ: അച്‌ഛന്റെ പുസ്‌തകങ്ങളിലൂടെയാണ് അധികവും നായനാരെ എനിക്കും കൂടുതല്‍ അനുഭവവേദ്യമായത്. ഇപ്പോഴും കിട്ടുന്ന അറിവുകള്‍ പലതും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
രാധ: സുധയുടെ മക്കള്‍ക്ക് സഖാവ് നായനാര്‍ നല്ലൊരു മുത്തച്‌ഛനായിരുന്നു അല്ലെ?
സുധ: തീര്‍ച്ചയായും... മക്കളില്‍നിന്നും കൈമോശം വന്ന അച്‌ഛനെന്ന പദവി മനോഹരമായി നായനാര്‍ കൊച്ചുമക്കളില്‍ നിന്നും നേടിയെടുത്തു. ഞങ്ങളറിയാത്ത അച്‌ഛനില്‍നിന്നും കൊച്ചുമക്കള്‍ മനോഹരമായി അപ്പൂപ്പനെ കണ്ടെടുത്തു. കുട്ടികള്‍ക്ക് അച്ചാച്ചനടുത്ത് എല്ലാത്തരത്തിലും സ്വാതന്ത്ര്യമുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഞങ്ങളെക്കാള്‍ രാഷ്‌ട്രീയബോധം ഉണ്ടാകാന്‍ കാരണം അച്‌ഛന്റെ സാമീപ്യമായിരുന്നു. മകള്‍ സൂര്യ പത്രപവര്‍ത്തനം പഠിച്ചതും അച്‌ഛന്റെ താല്‍പര്യപ്രകാരമാണ്. അച്‌ഛന്‍ മരിച്ചതിന് ശേഷവും എന്റെ മക്കള്‍ക്ക് കണ്ണൂരേക്ക് മടങ്ങാനാവാത്തത് അവര്‍ക്ക് അച്ചാച്ചനുമായി ഹൃദയബന്ധമുണ്ടായത് ഇവിടെ (തിരുവനന്തപുരം) നിന്നായതു കൊണ്ടാണ്. തുടര്‍ന്നാണ് ഞങ്ങളും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
നായനാരുടെ വാച്ചുപ്രേമം പ്രസിദ്ധമാണല്ലോ. ഞങ്ങള്‍ക്കാര്‍ക്കും നല്‍കാത്ത അപൂര്‍വ വാച്ചുകള്‍ പലതും കൊച്ചുമക്കള്‍ക്ക് നല്‍കും. അച്ചാച്‌ഛന്റെ ഓര്‍മകള്‍ വാച്ചിലൂടെയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് മൂത്ത മകന്‍ ബ്രിട്ടനിലുള്ള സൂരജ് ഇടക്കിടെ പറയും.
രാധ: ഞങ്ങളോട് കാണിക്കാത്ത സ്നേഹം ഞങ്ങളുടെ മക്കളോട് അച്‌ഛന്‍ കാണിക്കുമെന്ന മോഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നതാണ് സത്യം. അനിയേട്ടന്റെ മകന്‍ കണ്ണന്‍ ഇക്കാര്യം ഒരിക്കല്‍ എന്നോട് നേരിട്ട് പറഞ്ഞത് വിഷമത്തോടെ കേട്ടുനില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. അച്‌ഛന് അങ്ങനെയേ കഴിയൂ എന്ന് ഞാന്‍ എങ്ങനെ കണ്ണനെ പറഞ്ഞ് മനസ്സിലാക്കും. 'പുഴുപ്പല്ലും കാണിച്ച് മുത്തശ്ശന്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം കേരളത്തില്‍ എല്ലായിടത്തും കാണുമ്പോള്‍ എനിക്ക് സങ്കടവും സന്തോഷവും വരും' എന്ന് കണ്ണന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരിക്കാനും കരയാനും കഴിയാത്ത അവസ്ഥയായിപ്പോയി. മുത്തച്‌ഛന്റെ പേരക്കുട്ടികള്‍ എന്ന നിലയില്‍ അവരെ ആരും അറിയില്ല. പലപ്പോഴും സ്‌കൂളും കോളേജും വിട്ടതിന് ശേഷമാണ് അവര്‍ ഇ എം എസിന്റെ പേരമക്കളാണെന്ന് പലരും അറിയുന്നത്.
സുധ: ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കാന്‍ അച്‌ഛന്റെ പ്രേരണ ഉണ്ടായിരുന്നോ?
രാധ: ഇല്ല; ഇന്നത് വേണം വേണ്ട എന്നു പറയുന്നത് അച്‌ഛന്റെ സ്വഭാവമല്ല. മക്കളായാലും ഓരോരുത്തര്‍ക്കും അവരവരുടെ വഴി തെരഞ്ഞെടുക്കാം. അങ്ങനെയാണ് അനിയേട്ടന്‍ സിഎ കഴിഞ്ഞ് മദ്രാസില്‍ ജോലിചെയ്യുമ്പോള്‍ രാജിവെച്ച് രാഷ്‌ട്രീയത്തിലിറങ്ങിയത്. ആദ്യം ചിന്തയില്‍ പ്രവര്‍ത്തിച്ചു. ചിന്ത പബ്ളിഷേഴ്‌സിന്റെ വികസനകാലഘട്ടമാണത്. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞ് പാര്‍ടി സംസ്ഥാനകമ്മിറ്റിയിലെത്തി. കെഎസ് വൈഎഫിലും കര്‍ഷകസംഘത്തിലും ഏട്ടന്‍ പ്രവര്‍ത്തിച്ചു. ഞാനും ചിന്തയിലൂടെയാണ് ദേശാഭിമാനിയിലെത്തുന്നത്. അനിയന്‍ ശശിയും ശശിയുടെ ഭാര്യ ഗിരിജയും ഇപ്പോള്‍ ദേശാഭിമാനിയിലാണ്.
സുധ: ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ ഇ എം എസാണ് എന്നെ ദേശാഭിമാനിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചത്. അച്‌ഛന് ഏറെ സന്തോഷമുണ്ടാക്കിയ തീരുമാനമായിരുന്നു അത്.
രാധ: നായനാര്‍ സഖാവിന്റെ സന്തത സഹചാരികളായിരുന്ന വാര്യര്‍ സഖാവിനെപ്പോലുള്ളവരെ ഈ സമയത്ത് അനുസ്‌മരിക്കണമെന്ന് തോന്നുന്നു അല്ലെ...
സുധ: വാര്യരെക്കുറിച്ച് ഞാന്‍ പറയാതെതന്നെ മലയാളികള്‍ക്കെല്ലാവര്‍ക്കുമറിയാം. ഒരുപക്ഷേ നായനാരുടെ മക്കളെക്കാളും മലയാളി ഏറെ കേട്ടിട്ടുണ്ടാകുക വാര്യരുടെ പേരായിരിക്കും. വാര്യര്‍ ഒരു അസാധാരണ വ്യക്തിയാണ്. ഏതു കാര്യത്തിലും നിഷ്‌ക്കര്‍ഷതയും കാര്‍ക്കശ്യവുമുള്ള നായനാരുടെ സന്തത സഹചാരിയാകുക അത്ര എളുപ്പമുള്ള കാര്യമല്ല. നേരം പുലരും മുമ്പ് തുടങ്ങുന്ന പത്രവായന മുതല്‍ വാര്യരുടെ മേല്‍നോട്ടം തുടങ്ങും. ഒരു പത്രം കിട്ടിയില്ലെങ്കില്‍, വൈകിപ്പോയാല്‍, കണ്ണട വെച്ച സ്ഥലത്ത് കണ്ടില്ലെങ്കില്‍, പുസ്‌തകം അലമാരയില്‍നിന്ന് നീങ്ങിപ്പോയാല്‍, വാച്ച് നിന്നുപോയാല്‍... വാര്യരുടെ മുന്നില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. അമ്മക്കുപോലും മാനേജ് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് പലതും. അച്‌ഛന്‍ മരിക്കുംവരെ ആ ആത്മബന്ധം തുടര്‍ന്നു. സ്വന്തം സഖാവിന് എന്തു പറ്റിയാലും കൂടുതല്‍ വേദനിച്ചത് വാര്യരായിരുന്നു. എന്തിനും ഏതിനും നിഴല്‍പോലെ പിന്തുടര്‍ന്ന വാര്യര്‍ക്ക് വിമാനം കയറാന്‍ പേടിയായതിനാല്‍ മാത്രം ദില്ലി യാത്രയില്‍ അനുഗമിച്ചിരുന്നില്ല. വിമാനത്തില്‍ വാര്യര്‍ക്ക് മനം പിരട്ടുമത്രേ. വാര്യര്‍ സഖാവ് മരിച്ചപ്പോള്‍ മൃതദേഹം കാണാന്‍ പറ്റില്ലെന്ന് വിലപിച്ച് അമ്മ കണ്ണൂരില്‍ നിന്നും കാണാനെത്തിയില്ല.
അച്‌ഛന്റെ മറ്റൊരു സഹായി കുക്ക് കൃഷ്ണനാണ്. കുട്ടിക്കാലത്ത് ഏറമ്പാല തറവാട്ടില്‍ നിന്നതുമുതലുള്ള ആത്മബന്ധം മരണം വരെ തുടര്‍ന്നു. കൃഷ്‌ണന്‍ ഇപ്പോള്‍ കുടുംബസമേതം കണ്ണൂരാണ്.
രാധ: ഇ എം എസിന് ഞങ്ങളെക്കാളുമേറെ ആത്മബന്ധമുണ്ടായിരുന്നത് സഹായികളോടാണ്. ചന്ദ്രനും വേണുവുമാണ് അതില്‍ പ്രധാനികള്‍. ചന്ദ്രനിപ്പോള്‍ വയ്യാതെയായിരിക്കുന്നു. പാര്‍ടി ഓഫീസിലെ ബാലേട്ടനായും അച്‌ഛന് അടുത്ത ബന്ധമുണ്ട്. അച്‌ഛന്റെ സ്റ്റെനോ കുമാരന്‍ ഇപ്പോള്‍ എടപ്പാളിലാണ്. ഇടക്ക് പോയി കാണാറുണ്ട്.
*****
വിനോദ് പായം, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
മഴയൊഴിഞ്ഞ നേരത്തെ നിലാവ് എന്നാണ് ഇ കെ നായനാരെന്ന അച്‌ഛനെ അറിയപ്പെടാത്ത മകള്‍ സുധ നിര്‍വചിച്ചത്. നിഴല്‍പ്പുറം എന്നത് കണ്ണീര്‍ മഴയുടെ ഒരരികാണെന്ന് പാവം ആ മകള്‍ കരുതിയിരിക്കും. പിന്നെയും മഴ, നിലക്കാത്ത മഴ... ഒടുവില്‍ നാട്ടിടവഴിയില്‍ വെള്ളം തെറിപ്പിച്ച് മഴ കായുന്ന പാവാടക്കാരിയെപ്പോലെ നാട്ടുമ്പുറത്തെ ആ പെണ്‍കുട്ടി അച്‌ഛനെ സ്വീകരിച്ചു. അപ്പോഴേക്കും അച്‌ഛന്‍ നാടാകെ പരന്ന ചുവപ്പുവെളിച്ചമാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു.
തങ്ങളോട് കാട്ടാത്ത സ്നേഹം ചെറുമക്കളോടെങ്കിലും പ്രകടമാക്കും എന്ന് മോഹിച്ച് തളര്‍ന്ന രാധ ഇ എം എസിന്റെ രണ്ടാമത്തെ മകളാണ്. പേരമക്കളിലൂടെ മക്കളെ കണ്ട് പിതൃസ്നേഹം വഴിഞ്ഞൊഴുകുന്നത് അകലെനിന്നുകണ്ട് ആശ്വസിച്ചവളാണ് നായനാരുടെ മൂത്ത മകള്‍ സുധ. കേള്‍വികേട്ട തങ്ങളുടെ പിതാക്കളെപ്പറ്റി നിരവധി പിതൃമൃഹൂര്‍ത്തങ്ങള്‍ ഇവര്‍ ഈ ഒത്തുചേരലില്‍ പങ്കുവെക്കുന്നു.
Post a Comment