തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. സംസ്ഥാന നിയമസഭ ഐകകണ്ഠ്യേനയാണ് ഇത് സംബന്ധിച്ച നിയമഭേദഗതി പാസാക്കിയത്. എന്നാല്‍ പല വലതുപക്ഷ രാഷ്‌ട്രീയകക്ഷികള്‍ക്കുമത് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ സംജാതമാക്കിയിരിക്കയാണ്.
മുസ്ളിംലീഗിനെയാണ് ഇത് ഏറെ വിഷമിപ്പിക്കുന്നത്. സ്‌ത്രീവിരുദ്ധ നിലപാടുകളുടെ പാരമ്പര്യമുള്ള ഈ പ്രസ്ഥാനം സംവരണകാര്യത്തിലും സ്‌ത്രീവിരുദ്ധത പ്രകടമായി പ്രഖ്യാപിച്ചിരിക്കയാണ്. വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇത് നടപ്പില്‍ വരുത്തുന്നത്. വനിതാലീഗ് പ്രവര്‍ത്തകര്‍ മറ്റ് വനിതാ സംഘടനകളുമായി ബന്ധപ്പെടാന്‍ പാടില്ല, സഹകരിക്കാന്‍ പാടില്ല, കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ സാമൂഹ്യപ്രവര്‍ത്തനം ക്രമീകരിക്കണം, മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം ധരിക്കണം തുടങ്ങിയ ഫത്വകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നുമെങ്കിലും അതീവ ഗുരുതരമായ ചില സാമൂഹ്യ പ്രത്യാഘാതങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ദാരിദ്ര്യം, അസമത്വം, സ്‌ത്രീകള്‍ മാത്രമായി സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന നിരവധി പീഡനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് ഭരണാധികാരി വര്‍ഗത്തോട് പോരാട്ടം നടത്താനുള്ള സന്നദ്ധതയെയാണ് ഒന്നാമതായി നിഷേധിക്കുന്നത്. രണ്ടാമത്തെ കാര്യം പ്രത്യേകം പരിശോധിക്കേണ്ട വിഷയമാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന കുടുംബഛിദ്രങ്ങളുടെ കണക്കെടുത്താല്‍ സാമൂഹ്യ-രാഷ്‌ട്രീയരംഗത്തുള്ളവരുടെ കുടുംബങ്ങളല്ല കൂടുതലും തകരുന്നത് എന്ന് കാണാന്‍ കഴിയും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടുന്ന സ്‌ത്രീകളുടെ കുടുംബമാണ് ഏറെ അസംതൃപ്‌തമാകുന്നത്. അത്തരം അസംതൃപ്‌ത കേന്ദ്രങ്ങളില്‍ നിന്നാണ് സാമൂഹ്യവിരുദ്ധരും, ഭീകരവാദികളും ജന്മമെടുക്കുന്നത്. ആയതിനാല്‍ സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനം കുടുംബഭദ്രത തകര്‍ക്കുന്നു എന്ന മുറവിളി നിഗൂഢലക്ഷ്യത്തോടു കൂടിയതാണ്. മാന്യമായ വസ്‌ത്രം ധരിക്കണമെന്ന കാര്യം ശരിതന്നെ. സ്‌ത്രീയായാലും പുരുഷനായാലും. എന്നാല്‍ പുരുഷന്മാര്‍ക്കില്ലാത്ത ഡ്രസ്‌കോഡ് സ്‌ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നത് നിന്ദയാണ്. പുരോഗമനത്തിന് പകരം പ്രതിലോമ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഖേദകരമാണ്. ലോകരാഷ്‌ട്രങ്ങളില്‍ മുസ്ളിം സ്‌ത്രീസംഘടനകള്‍ ഇതിനെതിരായി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്.
ഇസ്ളാമിക രാഷ്‌ട്രമായ കുവൈത്തില്‍ വുമണ്‍സ് കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സൊസൈറ്റി(WCSS)യുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. അവര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി 2005-ല്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചു. 2009-ല്‍ നാല് വനിതകള്‍ കുവൈത്ത് പാര്‍ലമെന്റായ മജ്‌ലിസ്-ഇ-ഉമ്മയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചില മതതീവ്രവാദികള്‍ക്ക് ഇതംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ 'ഇസ്ളാമിസ്‌റ്റുകള്‍' എന്ന പേരില്‍ വനിതാ എംപിമാര്‍ക്കെതിരെ 'ഫത്വ' ഇറക്കി. ശരീരം അടിമുടിവരെ മറയ്‌ക്കുന്ന പര്‍ദ (ഹിജാബ്) ധരിക്കാതെ വനിതാ മെമ്പര്‍മാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കരുതെന്നായിരുന്നു ഫത്വ. നീതി നിഷേധത്തിനെതിരെ വുമണ്‍സ് കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സൊസൈറ്റി കോടതിയില്‍ എത്തി. കുവൈത്ത് ടോപ് കോര്‍ട് ചരിത്രപ്രാധാന്യമുള്ള ഒരു വിധി പുറപ്പെടുവിച്ചു. മതവിശ്വാസങ്ങളുടെ മറപിടിച്ചുകൊണ്ട് വസ്‌ത്രധാരണരീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും സ്‌ത്രീകളുടെ പൊതുപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും പരമോന്നത കോടതി വിധിച്ചു. തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം പുരുഷ വിദ്വേഷപരമായ ഫെമിനിസമായി കാണാന്‍ WCSS തയ്യാറല്ല. പുരോഗമനവാദികളായ പുരുഷന്മാരോട് ചേര്‍ന്നുകൊണ്ട് സ്‌ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ക്രിയാത്മകമായ ഇടപെടല്‍ നടത്തും എന്നാണവര്‍ പറയുന്നത്. സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ കുവൈത്ത് സമൂഹത്തില്‍നിന്ന് അളവറ്റ പിന്തുണ ലഭിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. അതുതന്നെയാണ് ശരിയായ സാമൂഹ്യപ്രവര്‍ത്തന രീതി.
ലീഗ് നേതൃത്വത്തിന്റെ പ്രസ്‌താവന താലിബാനിസത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ സ്‌ത്രീകള്‍ക്കായി നിര്‍മിച്ച 'നരകം' ലോകമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ നരകസൃഷ്‌ടിയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പങ്കുണ്ട്. ഇടതുപക്ഷ ആശയഗതിക്കാരനായ ഡോ. നജീബുള്ളയുടെ ഭരണകാലത്താണ് പെണ്‍കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാമെന്ന നിയമമുണ്ടായത്. അടിമത്തത്തിന്റെ ഇരുളില്‍ ആണ്ടുകിടക്കുന്ന സ്‌ത്രീ സമൂഹത്തെ പുരോഗതിയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയായിരുന്നു അഫ്‌ഗാന്‍ ഭരണകൂടം. അതുവഴി ഒരു സമൂഹത്തിന്റെ ആകെ മോചനവും ഉന്നമനവുമാണ് ലക്ഷ്യമിട്ടത്. പക്ഷേ അസഹിഷ്ണുക്കളായ അമേരിക്കന്‍ ഭരണാധികാരികള്‍ ആ മോഹം തകര്‍ത്തുകളഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ക്ക് ചെല്ലും ചെലവും നല്‍കി അവര്‍ വളര്‍ത്തി. ഒസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ ദത്തുപുത്രനായി. താലിബാന്‍ തീവ്രവാദികളെ കരുവാക്കി നജീബുള്ളയെ ആക്രമിച്ച് കൊലപ്പെടുത്തി വിളക്കുകാലില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന താലിബാന്‍ തീവ്രവാദികള്‍ അഫ്‌ഗാന്‍ സ്‌ത്രീകളെ അടിമകളും ഭോഗവസ്‌തുക്കളുമാക്കി അകത്തളങ്ങളില്‍ കെട്ടിയിട്ടു. തൊഴില്‍രംഗത്തുനിന്ന് സ്‌ത്രീകള്‍ വീട്ടിനകത്തേക്ക് ആട്ടിയോടിക്കപ്പെട്ടു. ആപാദചൂഡം മൂടുന്ന പര്‍ദ ധരിക്കാതെയോ, പുരുഷന്റെ അകമ്പടിയില്ലാതെയോ ഒരു സ്‌ത്രീയും പുറത്തിറങ്ങരുതെന്ന അന്ത്യശാസനം നല്‍കി. ഏതെങ്കിലും സ്‌ത്രീ അവര്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയതായി വിശ്വസിക്കുന്ന കണ്ണുകള്‍കൊണ്ട് ഈ ഭൂമിയുടെ സൌന്ദര്യം ഒരു നോക്കു കാണാന്‍ ശ്രമിച്ചാല്‍ അവരെ തീവ്രവാദികള്‍ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലും. പര്‍ദയില്‍ പൊതിഞ്ഞ് സ്‌ത്രീയെ 'സംരക്ഷിക്കുന്ന'വര്‍ തന്നെ അതിക്രൂരമായി സ്‌ത്രീകളെ മാനഭംഗം ചെയ്യുകയും പിഞ്ചുപെണ്‍കുട്ടികളെപ്പോലും പിച്ചിച്ചീന്തുകയും ചെയ്യുന്നു. അഫ്‌ഗാനിലും മറ്റും ഇതാണ് സ്ഥിതിയെങ്കില്‍ ഇറാനിലും ബംഗ്ളാദേശിലുമെല്ലാം സ്‌ത്രീകളുടെ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്ക് മുസ്ളിം സമുദായത്തിലെ പുരോഗമനവാദികളായ ആയിരക്കണക്കിന് പുരുഷന്മാരുടെ പിന്തുണയുമുണ്ട്.
ലോകരാഷ്‌ട്രങ്ങളില്‍ തന്നെ ഇങ്ങനെയൊരു സാഹചര്യം ഒരുങ്ങുമ്പോഴാണ് ഇന്ത്യയില്‍ മതസങ്കുചിതവാദികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പരിശ്രമങ്ങള്‍ക്ക് മുസ്ളിംലീഗ് പോലുള്ള സംഘടനകള്‍ വഴിയൊരുക്കുകയാണ്. അത്യധികം അപകടകരമായ ഒരു അവസ്ഥയാണിത്. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്‌ട്രമല്ല. മതേതരത്വം നമ്മുടെ ഭരണഘടനാ വാഗ്ദാനമാണ്. ബഹുമത സാരാംശങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് ജാതി-മത വിഭാഗങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ള പൌരാവലിയെ ചില പൊതു നിയമങ്ങള്‍ക്ക് വിധേയരാക്കിക്കൊണ്ടുമാത്രമെ ഭദ്രമായ ഒരു രാഷ്‌ട്രം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. സ്വതന്ത്ര- ജനാധിപത്യ- മതനിരപേക്ഷ റിപ്പബ്ളിക് എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് അതാണ്. ലോകജനത സോഷ്യലിസ്‌റ്റ് ആശയഗതികള്‍ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള പ്രായോഗികമാര്‍ഗമായി അംഗീകരിക്കാന്‍ തുടങ്ങിയപ്പോള്‍ നാം ഭരണഘടനയില്‍ സോഷ്യലിസവും വാഗ്ദാനമായി ചേര്‍ത്തിട്ടുണ്ട്. സങ്കുചിത മതബോധങ്ങള്‍ക്ക് അതീതമായി ഇന്ത്യന്‍ പൌരന്മാരെന്ന പൊതുബോധം നിലനിര്‍ത്തുകയാണ് നമ്മുടെ കടമ. ഇവിടെ ഹിന്ദു ഇന്ത്യനാണ്, മുസ്ളിം ഇന്ത്യനാണ്, ക്രിസ്‌ത്യാനിയും പാര്‍സിയും ഇന്ത്യക്കാരാണ്. ഏത് മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. മതനിരപേക്ഷത കൈവരിക്കേണ്ട സ്ഥാനത്ത് മതവര്‍ഗീയത ഉദയം ചെയ്യുന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഹിന്ദു-മുസ്ളിം തീവ്രവാദങ്ങളും മതരാഷ്‌ട്രവാദവും മുളയിലേ നുള്ളിക്കളയേണ്ട അപരാധങ്ങളാണ്. മതവും അധികാരവും തമ്മിലുള്ള സഹവാസം തീവ്രവാദ ആശയങ്ങള്‍ക്ക് കരുത്തുപകരും. ഗുജറാത്തില്‍ നാമത് കണ്ടു. പാക് ഭീകരവാദികള്‍ പാകിസ്ഥാനിലും കശ്‌മീര്‍ താഴ്വരകളിലും ഇപ്പോള്‍ ഇന്ത്യന്‍ തെരുവുകളിലും നടത്തുന്ന കുത്സിത ശ്രമങ്ങളിലൂടെ നാമത് കാണുന്നു. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയ പ്രവേശത്തെയും എസ്‌ഡിപിഐ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തേയും എതിര്‍ക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. അധികാരം സാമൂഹ്യ നവോത്ഥാനത്തിനുള്ള സഹായിയായല്ല സങ്കുചിത വീക്ഷണങ്ങളുടെ സംരക്ഷണത്തിനാണ് മേല്‍പ്പറഞ്ഞ സംഘടനകളെ ഉപയോഗപ്പെടുത്തുക. അതിന്റെ പ്രതിഫലനമാണ് സ്‌ത്രീസമൂഹത്തോടുള്ള പ്രതികരണത്തില്‍ കാണുന്നത്. സ്‌ത്രീ രണ്ടാംതരമാണെന്ന് സ്ഥാപിക്കാന്‍ മതഗ്രന്ഥങ്ങളെ തെറ്റായി പുരുഷമേധാവിത്വത്തിന് ചേരുംവിധം വ്യാഖ്യാനിക്കുകയാണ്.
ബൈബിളും, ഖുര്‍ആനും, ഭഗവത്ഗീതയുമെല്ലാം മനുഷ്യത്വപൂര്‍ണമായി വ്യാഖ്യാനിക്കപ്പെടണം. സമൂഹത്തിലെ വര്‍ഗവിഭജനത്തോടെ പിന്നണിയിലായിപ്പോയ സ്‌ത്രീസമൂഹത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ യേശുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം വചനങ്ങളിലുണ്ട്. പല ഘട്ടങ്ങളിലായി ജന്മംകൊണ്ട സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. സ്വാമി വിവേകാനന്ദനും വാഗ്‌ഭടാനന്ദനും ശ്രീനാരായണഗുരുദേവനും സൂഫിവര്യന്മാരും ക്രൈസ്‌തവ മിഷനറിമാരും ഈ സാമൂഹ്യധര്‍മം നിര്‍വഹിച്ചിട്ടുണ്ട്. സ്‌ത്രീകളെ അടിച്ചമര്‍ത്തല്‍ ദൈവനിന്ദയാണെന്ന് കാര്യകാരണ സഹിതം അവരെല്ലാം സൂചിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഇസ്ളാമിന്റെ രാഷ്‌ട്രം (ഹുക്കുമത്തേ ഇലാഹി) വരണമെന്ന് ശഠിക്കുന്നവര്‍ നിര്‍ദേശിക്കുന്ന മതനിയമങ്ങള്‍ മുഹമ്മദ് നബി ആഗ്രഹിക്കുന്നതല്ല. തങ്ങള്‍ ജീവിച്ചിരിക്കുമ്പോഴുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ധീരമായ പോരാട്ടം നടത്തിയവരാണ് യേശുക്രിസ്‌തുവും മുഹമ്മദ് നബിയും. അന്ധകാരത്തില്‍ ആണ്ടുകിടക്കുന്ന അറേബ്യന്‍ സമൂഹത്തെ രക്ഷിക്കാന്‍ അന്ന് സാധിക്കുന്നത്ര പുരോഗമനവാദങ്ങള്‍ നബി മുന്നോട്ടുവെച്ചു. തികച്ചും പുരുഷമേധാവിത്വപരമായ സമൂഹമായിരുന്നു അത്. പുരുഷന്മാര്‍ ഇഷ്‌ടം പോലെ സ്‌ത്രീകളെ വേള്‍ക്കുകയും രമിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന കുത്തഴിഞ്ഞ രീതിക്ക് വിരാമമിടാനാണ് രണ്ടോ മൂന്നോ സ്‌ത്രീകളെ കല്യാണം കഴിക്കാനും അവരോട് തുല്യനീതി പുലര്‍ത്താനും സംരക്ഷിക്കാനും നബി നിര്‍ദേശിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകള്‍ക്ക് ജീവനാംശം നല്‍കാനും നിര്‍ദേശിച്ചു. സ്‌ത്രീക്ക് ഉന്നതമായ സ്ഥാനം നല്‍കാന്‍ നബി ഉദ്ദേശിച്ചു എന്നു വ്യക്തമാക്കാന്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ ഖുര്‍ആനിലുണ്ട്. സ്‌ത്രീമനുഷ്യജന്മം തന്നെയോ എന്നും ദൈവാംശമില്ലാത്ത പിശാചിന്റെ അംശമാണോയെന്നും, സ്‌ത്രീ ആത്മാവും ഹൃദയവുമില്ലാത്ത ജീവിയാണെന്നും മതപണ്ഡിതന്മാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബി ധീരമായി പ്രഖ്യാപിച്ചു ,പുരുഷനും സ്‌ത്രീയും ദൈവാംശത്തില്‍നിന്ന് ജാതരായ മനുഷ്യരാണെന്ന്."സത്യവിശ്വാസം, ദയ, ഭക്തി, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവയോടെ അല്ലാഹുവിനെ സ്‌മരിക്കുന്ന സ്‌ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് '' എന്ന നബിയുടെ പ്രസ്‌താവന പൂര്‍ണമായ സ്‌ത്രീപുരുഷസമത്വ ആശയമാണ് ധ്വനിപ്പിക്കുന്നത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ 'സമ്പാദിക്കുന്നതും തീറ്റിപ്പോറ്റുന്നതും' പുരുഷനായിരുന്നു. സ്‌ത്രീയ്‌ക്ക് സമ്പാദിച്ചുകൂടെന്നും തീറ്റിപ്പോറ്റിക്കൂടെന്നും നബി സൂചിപ്പിച്ചിട്ടില്ല. ഗാര്‍ഹികപീഡനത്തിന്റെ കാര്യത്തില്‍പോലും ഏറെ പുരോഗമനപരമായ നടപടിയാണ് മുഹമ്മദ് നബി സ്വീകരിച്ചത്. ഹബീബ ബിന്‍ദ് സൈദ് എന്ന സ്‌ത്രീ ഭര്‍ത്താവ് തല്ലുന്നു എന്ന് പരാതി പറഞ്ഞപ്പോള്‍ തിരിച്ച് തല്ലിക്കൊള്ളാന്‍ നബി ആജഞാപിച്ചു. പുരുഷന്മാര്‍ ഇതിനെതിരെ കലാപമുയര്‍ത്തിയപ്പോള്‍ പുരുഷന്മാരുടെ ഇടയില്‍ തങ്ങളുടെ സ്ഥാനമെന്താണെന്ന്. സ്‌ത്രീകള്‍ നബിയോടു ചോദിച്ചു. അപ്പോഴാണ് ദൈവത്തിന്റെ മുന്നില്‍ സ്‌ത്രീകളും പുരുഷന്മാരും തുല്യരാണെന്ന മേല്‍പ്പറഞ്ഞ പ്രസ്‌താവന നബി നടത്തിയത്. അറേബ്യന്‍ സമൂഹത്തെ പരിഷ്‌ക്കരിക്കാന്‍ അന്ന് പ്രവാചകന്‍ ചെയ്‌ത പരിശ്രമങ്ങളെ മുന്നോട്ടുനയിക്കേണ്ടതിന് പകരം ആ പഴയ സമൂഹത്തിന്റെ പുനരവതരണമാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഫ്യൂഡല്‍ ബന്ധങ്ങളില്‍നിന്നും മുതലാളിത്ത ചൂഷണത്തില്‍നിന്നും സമുദായത്തെയാകെയും സ്‌ത്രീകളെ പ്രത്യേകിച്ചും മോചിപ്പിക്കാന്‍ കഴിയുംവിധം മതനിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ 'മതഭ്രാന്ത് ഒരു തരം മസ്‌തിഷ്‌ക്ക വ്യാധിയാണ്. മനുഷ്യമനസ്സിനെ വ്യാഘ്ര തുല്യമാക്കുന്ന മാനസികാവസ്ഥ' ചാതുര്‍വര്‍ണ്യ വ്യവസ്ഥയും ജാതിമേധാവിത്വവും ഹിന്ദുമതത്തില്‍ സ്‌ത്രീകള്‍ക്കായി കല്പിച്ച ദുരവസ്ഥയില്‍നിന്നും കേരളം ഒരുവിധം നീന്തിക്കയറിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും അയിത്തവും 'അഭിമാനഹത്യ'കളും 'പിശാച് വേട്ട'യുമൊക്കെയായി സാധുസ്‌ത്രീകളെ കൊന്നൊടുക്കുകയാണ്. മതപരമായ കടുംപിടുത്തങ്ങളില്‍ ഹോമിക്കാനുള്ളതല്ല സ്‌ത്രീകളുടെ ജീവിതം. അവര്‍ നല്ല ഭരണകര്‍ത്താക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായി വരട്ടെ. അപ്പോഴാണ് അവര്‍ നല്ല ജീവിത പങ്കാളികളും നല്ല അമ്മമാരും സഹോദരിമാരും ഒക്കെയായി മാറുക.
വനിതാ ലീഗ് മുസ്ളിംലീഗിനെ സംബന്ധിച്ചിടത്തോളം അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. മുമ്പ് മുസ്ളിം സ്‌ത്രീകള്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുമ്പോള്‍ സങ്കുചിത ബോധമുള്ള ചില ലീഗ് നേതാക്കള്‍ അതിനെ അപഹസിച്ചിരുന്നു. മഹിളാ അസോസിയേഷന്റെ പല നേതാക്കളും ഇത്തരം ഭര്‍ത്സനങ്ങള്‍ കേട്ടവരാണ്. അതിനെ ശക്തമായി പ്രതിരോധിച്ച് വളര്‍ന്നുവന്നവരാണ്. പിന്നീട് വനിതാസംവരണം വന്നപ്പോള്‍ ലീഗിന്റെ മട്ടുമാറി. സംവരണ സീറ്റില്‍ സ്‌ത്രീകളെ മത്സരിപ്പിക്കാതെ വയ്യല്ലോ. അധികാരത്തിന്റെ പ്രശ്‌നമല്ലെ. ഭാര്യമാരെയും മറ്റും മത്സരിപ്പിച്ച് പിന്‍സീറ്റ് ഡ്രൈവിങ് ആക്കാമെന്ന് പലരും മോഹിച്ചു. എന്നാല്‍ ഭരണരംഗത്തേക്ക് കടന്നുവന്ന മുസ്ളിം സഹോദരിമാര്‍ അവരുടെ കഴിവ് തെളിയിച്ചു. നല്ല പഞ്ചായത്ത് മെമ്പര്‍മാരും പ്രസിഡന്റുമാരുമുണ്ടായി. സമൂഹത്തിന് നേതൃത്വം കൊടുക്കാനുള്ള നേതൃപാടവം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ തെളിയിച്ചു. പലപ്പോഴും വിലക്കുകളുമായി തീവ്രവാദികളായ പുരുഷന്മാര്‍ വന്നിരുന്നു. ഭരണപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സ്‌ത്രീകള്‍ക്ക് കൃത്യം അഞ്ചുമണിക്ക് മുമ്പ് വീട്ടില്‍ ഹാജരാകണമെന്ന ഫത്വ അനുസരിക്കാന്‍ കഴിയില്ല. പൊതുവേദികള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതെല്ലാം സ്‌ത്രീകള്‍ ഒഴിവാക്കണമെന്ന ആഗ്രഹമുള്ളവര്‍ ലീഗിലുണ്ട് (എല്ലാവരുമല്ല). അത്തരക്കാര്‍ തീവ്രവാദികളുടെ കൂടാരങ്ങളില്‍ മുസ്ളിം സ്‌ത്രീകളെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ്. അതിന് സ്‌ത്രീസമൂഹവും ജനാധിപത്യവിശ്വാസികളും വഴങ്ങിക്കൊടുത്തുകൂട. കുടുംബത്തിന്റെ, കുഞ്ഞുങ്ങളുടെ, സമൂഹത്തിന്റെ ഉത്തരവാദിത്തം സ്‌ത്രീയും പുരുഷനും കൂട്ടായി ഏറ്റെടുക്കണം. പരസ്‌പരം ബഹുമാനവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന (സമൂഹത്തിലും കുടുംബത്തിലും) സ്‌ത്രീപുരുഷന്മാര്‍ക്ക് അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ കഴിയും. വസ്‌ത്രധാരണ ഫത്വയും പെരുമാറ്റച്ചട്ടവും ഇല്ലാതെതന്നെ. എല്ലാ ജാതിമത വിഭാഗങ്ങളും അത്തരം ഒരു സമത്വത്തിനായി നിലകൊണ്ടാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുള്ളൂ.
*****
കെ കെ ശൈലജടീച്ചര്‍, കടപ്പാട് :ദേശാഭിമാനി
Monday, August 9, 2010
മുസ്ളിംലീഗിന്റെ സ്‌ത്രീ വിരുദ്ധത
Subscribe to:
Post Comments (Atom)
No comments:
Post a Comment