1904 സെപ്‌തംബറിലാണ് 'വൃത്തമഞ്‌ജരി' യുടെ പ്രഥമ പതിപ്പ് പുറത്തുവരുന്നത്. സമവൃത്തങ്ങളും അര്‍ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും മാത്രാവൃത്തങ്ങളുമായി സംസ്‌കൃതം അതില്‍ ആധിപത്യം പുലര്‍ത്തി. എണ്ണം 321. ഭാഷാവൃത്തങ്ങള്‍ ആകെ 28 മാത്രം. എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചെറുശ്ശേരി, പൂന്താനം, രാമപുരത്തു വാര്യര്‍ എന്നിവരുടെ കവിതകള്‍ക്കു മാത്രമാണ് വൃത്തമഞ്‌ജരിയില്‍ ഇടം നേടാനായത്. നമ്പ്യാര്‍ക്കവിതയിലെ വൃത്തവൈവിധ്യത്തിലേക്ക് അധികം കടക്കാനൊന്നും എ.ആര്‍. തുനിഞ്ഞതുമില്ല.
"ഏണനയനേ ദേവി
വാണീടു ഗുണാലയേ''
എന്ന ഉദാഹരണം നല്‍കി അദ്ദേഹം ശീര്‍ഷകം ചെയ്‌ത 'അര്‍ധകേക' അമ്പലപ്പുഴ വസിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ക്ക് പടയണിയില്‍ നിന്ന് ലഭിച്ചതായിരിക്കണം (ഇതിന്റെ ഉച്ചസ്ഥായിയിലുള്ള ആലാപനസാധ്യത ഉപയോഗിച്ചാണ് ഡി. വിനയചന്ദ്രന്‍ പില്‍ക്കാലത്ത് 'കോലങ്ങള്‍' എന്ന കവിത രചിച്ചത്). 'വൃത്തരത്നാകര'ത്തെയും 'വൃത്തരത്നാവലി'യെയും 'വൃത്തമഞ്‌ജരി' അവലംബിച്ചിട്ടുണ്ട്.
എ. ആറിനു മുന്‍പ് പുതുപ്പള്ളി പി.കെ. പണിക്കരും (വൃത്തരത്നാകരം) കൊച്ചുണ്ണിത്തമ്പുരാനും (കാന്തവൃത്തം) വൃത്തശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. രണ്ടും വിവര്‍ത്തിതകൃതികളായിരുന്നു. കുറെയെങ്കിലും ഭാഷാവൃത്തങ്ങള്‍ക്ക് ലക്ഷണം ചമച്ചു എന്നിടത്ത് വൃത്തമഞ്‌ജരിയുടെ ചരിത്രപ്രാധാന്യം വര്‍ധിക്കുന്നു. കുമ്മി, കുറത്തി, താലോലം, താരാട്ട്, മാവേലി, മധുമൊഴി, ഓമനക്കുട്ടന്‍, ഒന്നാനാം മതിലകം, കല്യാണികളവാണി, ഗുണമേറും ഭര്‍ത്താവേ തുടങ്ങിയ മലയാളമട്ടുകളുടെ അഭാവം കൊണ്ടാണ് ഇന്ന് 'വൃത്തമഞ്‌ജരി'ക്ക് അപൂര്‍ണത അനുഭവപ്പെടുന്നത്. അതിന് നിമിത്തമായത് ചങ്ങുമ്പഴക്കവിതയും.
കവിത്രയം ഭാഷാശീലുകളില്‍ ഏറെ അഭിരമിച്ചു എന്നു പറഞ്ഞുകൂടാ. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, മഗ്ദലനമറിയം, ഭക്തിദീപിക തുടങ്ങി ചില കൃതികളില്‍ ഭാഷാവൃത്തങ്ങള്‍ ഉപയോഗിച്ചുകാണുന്നു. സംസ്‌കൃതപ്രിയനായിരുന്ന ഉള്ളൂര്‍ 'പ്രേമസംഗീത'ത്തില്‍ ഉപയോഗിച്ച ശീല്‍ അക്ഷരാര്‍ഥത്തില്‍ 'ക്ളിക് ' ചെയ്‌തു. വള്ളത്തോള്‍ സാഹിത്യമഞ്‌ജരികളില്‍ ഉപയോഗിച്ച ചില വൃത്തങ്ങള്‍ ഈ മേഖലയില്‍ ഒരു മുന്നേറ്റം സൃഷ്‌ടിക്കുകയുണ്ടായി. 1917-ല്‍ സാഹിത്യമഞ്‌ജരി ഒന്നാംഭാഗം പുറത്തുവരുമ്പോള്‍ ചങ്ങമ്പുഴയ്‌ക്ക് ആറുവയസ്സാണ് പ്രായം. ചങ്ങമ്പുഴയുടെ കൌമാരകവിതയ്‌ക്ക് സാഹിത്യമഞ്‌ജരികള്‍ വളം നല്‍കിയിരിക്കണം. ജീവിതത്തിലാദ്യമായി ചങ്ങമ്പുഴ - സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് - എഴുതിയ കവിത,
"തൃക്കണ്‍പുര'മെന്നു പേരുള്ളൊരമ്പലം
ബാലകൃഷ്ണന്‍ തന്റെ വാസദേശം
'കുറ്റിച്ചക്കാല'യും വീടിന്റെ മുന്‍പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം''
എന്നിങ്ങനെ മഞ്‌ജരിയില്‍ തന്നെയായത് അതുകൊണ്ടാകാം. എന്നാല്‍ വള്ളത്തോളിനെക്കാള്‍ വളരെ മുന്നോട്ടുപോകാന്‍ ചങ്ങമ്പുഴയ്‌ക്ക് പില്‍ക്കാലത്തു കഴിഞ്ഞു.
1934ലാണ് 'ബാഷ്പാഞ്‌ജലി'യുമായി ചങ്ങമ്പുഴ അരങ്ങേറ്റം കുറിക്കുന്നത്. അവതാരികാകാരനായ ഇ.വി. കൃഷ്ണപിള്ള അനാഗതശ്‌മശ്രുവായ കവിയുടെ മൃത്യുബോധത്തെ ശ്രദ്ധിച്ചെങ്കിലും അതിലുപയോഗിച്ചിരിക്കുന്ന മലനാട്ടുശീലുകളുടെ കാര്യത്തില്‍ മൌനം പാലിച്ചു. കവിയാകട്ടെ, തുടക്കത്തില്‍ കവിതകളുടെ പേരുകള്‍ക്കൊപ്പം മട്ടും സൂചിപ്പിച്ചിരുന്നു. ഓമനക്കുട്ടന്‍ (3 കവിതകള്‍) മാവേലി (ഏഴ് ) തിരുവാതിര (മൂന്ന് ) ഗുണമേറും (മൂന്ന്) ഉപസര്‍പ്പിണി (ഒന്‍പത്) മാങ്കന്ദമഞ്‌ജരി (അഞ്ച്) കാകളി (മൂന്ന്) മലര്‍മാതിന്‍ കാന്തന്‍(രണ്ട്) കേക (എട്ട്) അന്നനട (രണ്ട്), 'കുറത്തി'യിലും 'കല്യാണികളവാണി'യിലും 'മധുരമൊഴി'യിലും 'പാന'യിലും 'കല്യാണരൂപി'യിലും ഒന്നുവീതം - ഇങ്ങനെയാണ് 'ബാഷ്പാഞ്‌ജലി'യിലെ കവിതകളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ശീലുകളുടെ കണക്ക്. ഇവയെല്ലാം പതിനേഴ് മുതല്‍ ഇരുപത്തിയൊന്നു വരെയുള്ള പ്രായത്തിനിടയില്‍ എഴുതിയതാണ് എന്ന വസ്‌തുത ശ്രദ്ധിക്കേണ്ടതാണ്.
ദാര്‍ശനികതയുടെ ഉദാത്ത തലത്തിലേക്കുയരുക എന്നതിനെക്കാള്‍ ഒരു ഗാനരചയിതാവിന്റെ സാന്നിധ്യമാണ് ഈ കവിതകള്‍ അനുഭവപ്പെടുത്തുന്നത്. മരണാനന്തര പ്രസിദ്ധീകരണമായ 'രാഗപരാഗ' (1949)ത്തില്‍ ഒരു ഗാനം തന്നെ കാണാം. പില്‍ക്കാലത്ത് വയലാര്‍ എഴുതിയ ചില പാട്ടുകളുടെ മുന്‍ഗാമിയെപ്പോലുണ്ട് ഈ രചന:
"കാമുകി:
വെള്ളിനിലാക്കതിര്‍പ്പൂനിഴല്‍ക്കാട്ടിലെ
പുള്ളിമാന്‍ പേടയീ രാത്രി
കാമുകന്‍:
ചെല്ലമേ നിന്നെപ്പോല്‍ സ്വര്‍ഗം രചിക്കുമുല്‍-
ഫുല്ലോല്ലസല്‍സ്വപ്‌നദാത്രി
കാമുകി:
വാനിന്റെ വക്കില്‍ നിന്നാടിയൂര്‍ന്നെത്തിയ
വാര്‍മയില്‍പ്പേടയീരാത്രി
കാമുകന്‍:
അപ്രതിമോജ്വലേ, മല്‍പ്രിയേ നിന്നെപ്പോ-
ലല്‍ഭുതോത്തേജകഗാത്രി!
കാമുകി:
ഇക്കിളികൂട്ടുന്നു രാക്കിളിപ്പാട്ടുക-
ളുള്‍ക്കുളിര്‍പ്പൂവിനെപ്പുല്‍കി
കാമുകന്‍:
ലജ്ജ ചാലിച്ച നിന്‍ നര്‍മോക്തിയുന്‍മുക്തി
മജ്ജീവനെന്ന പോല്‍ നല്‍കി''
കാമുകി പാടുന്ന ഈരടികളില്‍ ഗാനാത്മകത കൂടുതലുണ്ട്. കവിത്വത്തില്‍ ഇണങ്ങിനിന്ന ഈ ഗാനാത്മകതയും കൊണ്ടാണ് ചങ്ങമ്പുഴ അഭിജ്ഞാനശാകുന്തളത്തെ സമീപിച്ചത്. അതിനെ ഭാഷയിലാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നു തോന്നുന്നു. ഒന്നാമങ്കത്തിലെ 16,17 മൂന്നാമങ്കത്തിലെ 18 എന്നിങ്ങനെ മൂന്ന് ശ്ളോകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു (കല്ലോലമാല എന്ന സമാഹാരം കാണുക). മാവേലിനാട് / കൈകൊട്ടിക്കളിപ്പാട്ട് എന്ന ശീലിലാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അക്കാലത്ത് പ്രചരിച്ചിരുന്ന അഭിജ്ഞാനശാകുന്തള തര്‍ജമകളെയൊന്നും ഇക്കാര്യത്തില്‍ ചങ്ങമ്പുഴ അനുസരിച്ചില്ല. പൂര്‍ണമായും മൊഴിമാറ്റം ചെയ്‌തിരുന്നെങ്കില്‍ അഭിജ്ഞാനശാകുന്തളം ഭാഷാവൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയ ആദ്യത്തെ ആള്‍ എന്ന സ്ഥാനം ചങ്ങുമ്പഴയ്‌ക്കു ലഭിക്കുമായിരുന്നു. ഇന്ന് ആ സ്ഥാനം തിരുനല്ലൂര്‍ കരുണാകരനുള്ളതാണ്. ഇക്കാര്യത്തില്‍ തിരുനല്ലൂരിനു പ്രേരണയായത് ചങ്ങമ്പുഴ പൂര്‍ത്തിയാക്കാത്ത ഈ ഉദ്യമമായിരിക്കണം.
"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെക്കൂടെ കൂടാതെ
കാമിനീമണി അമ്മ തന്നങ്ക-
സീമനി ചെന്നു കേറിനാന്‍''
എന്ന നടുവം കൃതിയിലൂടെയാണ് 'ഓമനക്കുട്ടന്‍' എന്ന ശീല്‍ നാം പരിചയപ്പെടുന്നത്. അത് നടുവത്തിന്റെ സ്വന്തമോ നാടോടി കാവ്യസംസ്‌കൃതിയില്‍നിന്നു ലഭിച്ചതോ? അറിയില്ല. അന്ന് വെണ്‍മണികവനശീലം രമിച്ചിരുന്നത് സംസ്‌കൃതവൃത്തങ്ങളിലാണ്. ഈവക കൃതികളെയൊക്കെ കുസൃതികളായിട്ടാവും അവര്‍ കരുതിയിരുന്നത്. അതെങ്ങനെയായാലും സംസ്‌കൃതത്തിലെ മല്ലികവൃത്തവുമായി 'ഓമനക്കുട്ട'ന് ചൊല്‍വടില്‍ സാമ്യമുണ്ട്.
"രം സജം ജഭരേഫമിഗ്ഗണ-
യോഗമത്ര ഹി മല്ലികാ''
എന്ന് ലക്ഷണവും
"പഞ്ചബാണനു നിന്നെ ഞാനിഹ
സഞ്ചിതാദരമേകിനേന്‍''
എന്ന് ലക്ഷ്യവും മുറിച്ചു ചൊല്ലിയാല്‍ ഇക്കാര്യം ബോധ്യമാകും.
"സ്വര്‍ണച്ചാമരം വീശിയാദരാല്‍
വന്നെതിരേല്‍ക്കുമങ്ങയെ''
എന്ന ചങ്ങമ്പുഴശൈലി പിന്തുടര്‍ന്ന് വയലാര്‍,
"സ്വര്‍ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍''
എന്നിങ്ങനെ ചലച്ചിത്രഗാനരചനയ്‌ക്കും 'ഓമനക്കുട്ടന്‍' ശീല്‍ ഉപയോഗിച്ചു. യവനസുന്ദരീ, അകലെയാകാശപ്പനിനീര്‍പൂന്തോപ്പില്‍, ആരെയും ഭാവഗായകനാക്കും എന്നിങ്ങനെ ധാരാളം പാട്ടുകള്‍ ഇതേ ശീലില്‍ പിന്നീട് മലയാളത്തിന്റെ വെള്ളിത്തിരയിലുണ്ടായി. ഗാനരചയിതാക്കള്‍ ചങ്ങുമ്പുഴയോട് കടപ്പെട്ടിരിക്കുന്നു. ഗുരു ലഘു വ്യത്യസ്‌തതകള്‍ കൊണ്ട് ഓരോരുത്തര്‍ക്കും ഓരോ ഓമനക്കുട്ടന്‍ ഉണ്ടാക്കാന്‍ കഴിയുന്നുവെന്നത് ശരിതന്നെ.
'പച്ചമലൈ പവിഴമലൈ എങ്കള്‍ മലൈനാട് ' എന്ന കുറത്തിശീല്‍ ഭാഷാഭഗവദ്ഗീതാകാരന്‍ പോലും ഉപയോഗിച്ചിട്ടുണ്ട്.
"പുകഴ്‌മികുമയിന്ദ്രിയൊടു പിന്നെയുമുരൈത്താന്‍
പുണ്യപുരുഷന്‍ മുനികള്‍ നണ്ണു മുകില്‍വര്‍ണന്‍''
എന്നിങ്ങനെ ആറാമധ്യായത്തിലെ മിക്ക പാട്ടുകളും ഈ ശീലിലാണ്. സംസ്‌കൃതത്തിലെ ഇന്ദുവദന എന്ന വൃത്തവുമായി ചൊല്‍വടിവില്‍ ഇതിനു സാമ്യമുണ്ട്.
"പണ്ടുമുത/ലിങ്ങനെ വെ/ളിച്ചവുമിരുട്ടും
രണ്ടുമിട/യുന്നിതു സു/രാസുരര്‍ കണക്കേ''
'ഇന്ദുവദന'യിലുള്ള ഈരടി മേല്‍ക്കാണിച്ച പ്രകാരം ഇടയിട്ട് ചൊല്ലിയാല്‍ അത് 'കുറത്തി'യിലൊതുങ്ങും.
"കരുണരസം കരകവിയും കഥ പറയാം - പക്ഷെ
കരളുരുകിക്കരളുരുകിക്കരയരുതിന്നാരും
* * ** **
ഒരു ദിവസം പുലരൊളിയില്‍
കുരുവികള്‍ നിന്‍ ജനലരികില്‍
** ** **
പ്രണയലോലനാ, യമലേ നിന്നടു-
ത്തിരവിലിന്നു ഞാനെത്തും''
എന്നിങ്ങനെ 'കുറത്തി'യുടെ വ്യത്യസ്‌ത ചൊല്‍വടിവുകള്‍ ചങ്ങമ്പുഴ പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ ആദ്യം ഉദ്ധരിച്ചിരിക്കുന്ന ഈരടികളുടെ വടിവിലാണ്,
"അവള്‍ കുളിക്കും പുഴക്കടവില്‍
അവള്‍ക്കുടുക്കാന്‍ പുടവയുമായ് ''
എന്ന് വയലാര്‍ ചലച്ചിത്രഗാനം എഴുതിയത്.
"പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്‍''
എന്നിങ്ങനെ വേറെയും ഉദാഹരണങ്ങളുണ്ട്.
"ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ''
എന്നു തുടങ്ങുന്ന 'ആത്മരഹസ്യം' എന്ന ചങ്ങമ്പുഴക്കവിതയ്‌ക്കാണ് താന്‍ ആദ്യമായി ഈണം പകര്‍ന്നതെന്ന് ജി. ദേവരാജന്‍ ഒരു അഭിമുഖസംഭാഷണത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത് ആ ശീലിന്റെ ഗാനാത്മകത തൊട്ടറിഞ്ഞതുകൊണ്ടാണ്. രണ്ടാമത്തെ വരിയില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കേകയുടെ ചൊല്‍വടിവിനും ഇണക്കാം. മാതൃക:
"ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ/യെന്‍ സഖീ''
ഗുരു-ലഘുക്കണക്കല്ല, ചൊല്‍വടിവിനെ മാത്രമാണ് ഇവിടെ അവലംബിക്കുന്നത്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ 'മഞ്ഞണിപ്പൂനിലാവ് ' പോലെ അനേകം ഗാനങ്ങള്‍ ലഘുവായ വ്യത്യാസങ്ങളോടെ പിന്നീട് ഇതേ ശീലില്‍ പ്രത്യക്ഷപ്പെട്ടു.
ചങ്ങമ്പുഴയ്‌ക്ക് വൃത്തങ്ങളോടുണ്ടായിരുന്ന സമീപനമെന്തെന്ന് 'പാടാനും പാടില്ലേ' എന്ന കവിതയെ മുന്‍നിറുത്തി ഒ.എന്‍.വി. കുറുപ്പ് വിശദീകരിച്ചിട്ടുണ്ട്. മഞ്‌ജരിയിലെ ഓരോ വരിയിലെയും ആദ്യം നില്‍ക്കുന്ന ഓരോ ഗുരുവിനും പകരം ഈരണ്ട് ലഘുക്കളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ചങ്ങമ്പുഴ 'വാഴക്കുല' എഴുതിത്തുടങ്ങിയത്. അതിന്റെ പരിണാമരമണീയമായ അവസ്ഥയായി അദ്ദേഹം 'പാടനും പാടില്ലേ' എന്ന രചനയെ കാണുന്നു. രാത്രിയില്‍ പാടുകയും ആടുകയും ചെയ്യുന്ന ചെറുമക്കളെ തമ്പ്രാന്‍ വന്ന് വിലക്കുന്നതാണ് ആ കവിതയിലെ പ്രമേയം. നാടന്‍ശീലുകള്‍ പാടിയ ആ ചെറുമക്കളില്‍ ചങ്ങമ്പുഴയുടെ സ്വത്വമുണ്ട്, 'യവനിക'യിലെ ശേഖരനിലെന്നപോലെ. സംസ്‌കൃതവൃത്തനിയമങ്ങളുടെ ഉദ്ദണ്ഡത്വം തന്നെയാണ് ആ തമ്പുരാന്‍. ലാറ്റിന്റെ പിടിയില്‍നിന്ന് ഇംഗ്ളീഷിനെ മോചിപ്പിക്കാന്‍ വേര്‍ഡ്‌സ് വര്‍ത്ത് എന്നപോലെ സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്ന് മലയാളത്തെ മോചിപ്പിക്കാന്‍ ചങ്ങമ്പുഴയും ആഗ്രഹിച്ചിരുന്നു. വൃത്തത്തിന്റെ മേഖലയും അതില്‍പ്പെടും. ബാഷ്‌പാഞ്‌ജലികളൊഴുക്കാന്‍ ശാര്‍ദൂലവിക്രീഡിതവും സ്രഗ്ധരയുമല്ല, നാടന്‍ ഈണങ്ങളാണിണങ്ങുക എന്ന് അദ്ദേഹത്തിന്റെ കവിസ്വത്വം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ശുദ്ധകാല്‍പനികന്‍ എന്ന വിശേഷണത്തിന് ചങ്ങമ്പുഴയെ കൂടുതല്‍ അര്‍ഹനാക്കുന്നു.
****
ഡോ. ബി.വി. ശശികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം : മെയ് 2010
അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം
Subscribe to:
Post Comments (Atom)
1 comment:
ചങ്ങമ്പുഴയ്‌ക്ക് വൃത്തങ്ങളോടുണ്ടായിരുന്ന സമീപനമെന്തെന്ന് 'പാടാനും പാടില്ലേ' എന്ന കവിതയെ മുന്‍നിറുത്തി ഒ.എന്‍.വി. കുറുപ്പ് വിശദീകരിച്ചിട്ടുണ്ട്. മഞ്‌ജരിയിലെ ഓരോ വരിയിലെയും ആദ്യം നില്‍ക്കുന്ന ഓരോ ഗുരുവിനും പകരം ഈരണ്ട് ലഘുക്കളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ചങ്ങമ്പുഴ 'വാഴക്കുല' എഴുതിത്തുടങ്ങിയത്. അതിന്റെ പരിണാമരമണീയമായ അവസ്ഥയായി അദ്ദേഹം 'പാടനും പാടില്ലേ' എന്ന രചനയെ കാണുന്നു. രാത്രിയില്‍ പാടുകയും ആടുകയും ചെയ്യുന്ന ചെറുമക്കളെ തമ്പ്രാന്‍ വന്ന് വിലക്കുന്നതാണ് ആ കവിതയിലെ പ്രമേയം. നാടന്‍ശീലുകള്‍ പാടിയ ആ ചെറുമക്കളില്‍ ചങ്ങമ്പുഴയുടെ സ്വത്വമുണ്ട്, 'യവനിക'യിലെ ശേഖരനിലെന്നപോലെ. സംസ്‌കൃതവൃത്തനിയമങ്ങളുടെ ഉദ്ദണ്ഡത്വം തന്നെയാണ് ആ തമ്പുരാന്‍. ലാറ്റിന്റെ പിടിയില്‍നിന്ന് ഇംഗ്ളീഷിനെ മോചിപ്പിക്കാന്‍ വേര്‍ഡ്‌സ് വര്‍ത്ത് എന്നപോലെ സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്ന് മലയാളത്തെ മോചിപ്പിക്കാന്‍ ചങ്ങമ്പുഴയും ആഗ്രഹിച്ചിരുന്നു. വൃത്തത്തിന്റെ മേഖലയും അതില്‍പ്പെടും. ബാഷ്‌പാഞ്‌ജലികളൊഴുക്കാന്‍ ശാര്‍ദൂലവിക്രീഡിതവും സ്രഗ്ധരയുമല്ല, നാടന്‍ ഈണങ്ങളാണിണങ്ങുക എന്ന് അദ്ദേഹത്തിന്റെ കവിസ്വത്വം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ശുദ്ധകാല്‍പനികന്‍ എന്ന വിശേഷണത്തിന് ചങ്ങമ്പുഴയെ കൂടുതല്‍ അര്‍ഹനാക്കുന്നു.
Post a Comment