Wednesday, August 11, 2010

ബാബുരാജ് - പാടുക പാട്ടുകാരാ

മലയാളിയുടെ ഹൃദയത്തിലിരുന്നാണ് ബാബുരാജ് പാടിയത്. അന്തരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ബാബുരാജ് നമ്മുടെ ഹൃദയത്തിലിരുന്ന് പാടിക്കൊണ്ടേയിരിക്കുന്നു. സത്യത്തിൽ ബാബുരാജ് മലയാളിക്ക് പാട്ടുകാരനോ,സംഗീതജ്ഞനോ അല്ല, വികാരമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ പോലെ ആ ജീവിതവും മലയാളിയെ തൊട്ടിട്ടുണ്ട്.

പ്രശസ്‌തിയുടെ ഗിരിശൃംഗങ്ങളിൽ കഴിയുമ്പോഴും ദാരിദ്ര്യം ഉണ്ട്, നിരാലംബനായി എന്നപോലെ, നമുക്കിടയിൽ നിന്നും മറഞ്ഞുപോയ വല്ലാത്ത ഒരുജീവിതം.

വിഷാദം നിറഞ്ഞ ബാബുരാജിന്റെ പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ കണ്ണുകൾ നനയുന്നത് ആ ജീവിതം കൂടി നമ്മുടെ കൺമുന്നിൽ പിടയുന്നതു കൊണ്ടാണ്.മലയാളി മററൊരു പാട്ടുകാരനെ ഓർത്തും ഇങ്ങനെ കരഞ്ഞിട്ടില്ല. ഒരു പക്ഷേ കരയുകയും ഇല്ല. അതാണു ബാബുക്ക എന്ന M.S. ബാബുരാജ് .ആ ജീവിതം തൃശൂർ ആൿട് ലാബ് ഈയിടെ അരങ്ങത്തെത്തിച്ചു. ബാബുരാജ് - പാടുക പാട്ടുകാരാ എന്ന ഒറ്റയാൾ നാടകത്തിലൂടെ.

വി.ആർ.സുധീഷിന്റെ ബാബുരാജ് എന്ന കഥയിൽ നിന്നാണ് ശശിധരൻ നടുവിൽ എന്ന സംവിധായകൻ ഈ നാടകം കണ്ടെത്തിയിരിക്കുന്നത്. ബാലനായ ശിവൻ ബാബുവിന്റെ പാട്ടുകളിലൂടെ, തന്റെ പ്രണയത്തിലൂടെയും ബാല്യ - കൌമാര - യൌവന ദശകളിലൂടെയും ബാബുരാജിന്റെ തന്നെ ജീവിതത്തിലൂടെയും കടന്നുപോകുന്നതാണ് സുധീഷിന്റെ കഥ.

“പാടുമ്പോഴും പാട്ടു കേൾക്കുമ്പോഴും ശിവേട്ടന്റെ കണ്ണുകൾ നിറയും അല്ലേ” എന്ന് കഥയിലെ ഹരിപ്രിയ ഒരിക്കൽ ചോദിക്കുന്നുണ്ട്. ഹരിപ്രിയ നേരത്തെ സൂര്യകാന്തി എന്ന പാട്ട് പാടിയതു കേട്ട അനുഭവം ഓർത്തെടുത്ത് അപ്പോൾ ശിവൻ പറയുന്നു, “സൂര്യകാന്തി കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു”.

സത്യത്തിൽ ബാബുരാജിന്റെ പാട്ടുകൾ പോലെ ആത്മാവിൽ ചെന്നു തൊടുന്നതാണ് വി.ആർ.സുധീഷിന്റെ ഈ അക്ഷരങ്ങൾ.

എന്നാൽ ശശിധരൻ നടുവിൽ കഥ ഒരു തുടക്കമായെ എടുത്തിട്ടുള്ളൂ.

നാടകത്തിൽ പാട്ടുകളിലൂടെ പരസ്‌പരം തിരിച്ചറിഞ്ഞ ശിവനും ഹരിപ്രിയയുമില്ല, ബാബുരാജും അദ്ദേഹത്തിന്റെ ജീവിതവും, ആ ജീവിതം നടന്ന പൊള്ളുന്ന വഴികളുമേയുള്ളൂ.

ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ അവരുടെ തിരക്കഥാ രചനാ സമ്പ്രദായ വിവരണ പുസ്‌തകങ്ങളിൽ എടുത്തുപറയാറുണ്ട് - മറ്റൊരാളുടെ കൃതി നിങ്ങൾ തിരക്കഥയാക്കുമ്പോൾ നിങ്ങൾക്കതൊരു സ്റ്റാർട്ടിങ് പോയിന്റേ ആകാവൂ. പിന്നീടുള്ള ഓട്ടവും ഫിനിഷും ഒക്കെ നിങ്ങളുടെ മാർഗത്തിലൂടെയാവാം. മൂലത്തിന്റെ സത്ത ചോരരുതെന്നു മാ‍ത്രം.

ഇവിടെ നാടകകൃത്ത്, സ്വതന്ത്രനായി തന്നെ, ബാബുരാജിന്റെ ജീവിതത്തിലൂടെ പായുകയാണ്.

ജാൻ മുഹമ്മദ് എന്ന ഖവാലി ഗായകന്റെ മകനായി ജനിച്ച്, തെരുവിൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പാട്ടു പാടിപ്പാടി, ചലചിത്ര രംഗത്തെക്കു വളർന്ന്, മലയാളിയുടെ സംഗീതസംസ്‌ക്കാരത്തിന് തന്റേതു മാത്രമായ ശേഷിപ്പുകൾ തീർത്തു വെച്ച് കടന്നുപോയ ബാബുരാജിന്റെ ജീവിതത്തിലെ സകല കോണുകളിലേക്കും ഈ കൊച്ചു നാടകം മിഴിതുറക്കുന്നുണ്ട്.

വിഭജനകാലത്ത് , ബോബെയിൽ അക്രമാസക്തരായ ഹൈന്ദവ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ മുഹമ്മദ് സാബിർ എന്ന പേര് ബാബുരാജ് എന്ന് മാറ്റിപ്പറഞ്ഞ ബാബുരാജ്, പിന്നെ അവർ പാടാനാവശ്യപ്പെടുമ്പോൾ പാടുന്ന ഒരു നിമിഷമുണ്ട് - നാടകത്തിൽ - ഇവിടം തൊട്ട് ഈ നാടകത്തിലെ ഏക അഭിനേതാവായ എൻ.കെ.സജീവ് നാടകകൃത്തിനേയും സംവിധായകനേയും അതിശയിക്കുന്നു.

പൂനാ ഫിലിം ഇൻസ്റ്റിട്ട്യൂറ്റിലും മുംബൈയിലെ വിസിലിംഗ് വുഡ്‌സ് ഇന്റർനാഷണലിലും അഭിനയ പരിശീലന വിഭാഗം അദ്ധ്യാപകനായ സജീവ് സ്‌റ്റേജ് തന്റേതാക്കുന്നത് അങ്ങേയററത്തെ മിതത്വം കൊണ്ടാണ്. കണ്ണുകൾ കൊണ്ടോ ശബ്‌ദം കൊണ്ടോ അഭിനയിക്കാതിരിക്കാനാണ് നാടകത്തിലുടനീളം സജീവ് ശ്രദ്ധിക്കുന്നത്.

അടുത്തിടെ തിരശ്ശീലയിലെ ഒരു നക്ഷത്രം സ്‌റ്റേജ് “കീഴടക്കിയപ്പോൾ” തൊട്ടതെല്ലം പർവതീകരിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുന്നതു കണ്ടു. ഏതു മാധ്യമത്തിൽ പദമൂന്നുമ്പോഴും, ആ മാധ്യമത്തെക്കുരിച്ചുള്ള പതിവുധാരണകളുടെ പിമ്പെ പോകാതെ തന്റേതായ ഒരു വഴി കണ്ടെടുക്കമെന്ന് സജീവ് ഈ നാടകത്തിലൂടെ എന്തായലും ഓർമ്മിപ്പിക്കുന്നുണ്ട്.

കമ്മ്യുണിസ്‌റ്റ് പാർട്ടിക്കുവേണ്ടി പാടി നടന്ന ബാബുരാജിനെ ഓർക്കവെ, കമ്മ്യുണിസ്‌റ്റ് പാർറ്റിയുടെ വളർച്ചയിൽ കലാകാരന്മാർക്ക് പങ്കില്ലെന്ന് ആർക്കാണ് പറയാനാവുക എന്നൊരു ചോദ്യം നാടകകൃത്ത് ഉന്നയിക്കുന്നുണ്ട്. ബാബുരാജ് എന്ന നാടകം സ്‌റ്റേജിൽ നിന്നും സദസ്സിലേക്ക് പടരുന്നതും ഈ ചോദ്യം മുതൽക്കാണ് . പിന്നെ, വിശന്നു തളർന്നു ഹാർമോണിയം വായിക്കുന്ന ബാബുരാജിനു, ചുണ്ടിൽ ചായ ഗ്ലാസ്സ് അടുപ്പിച്ചു കൊടുത്ത ഇ.കെ.നായനാരെക്കുറിച്ചു പറയുമ്പോൾ, മദ്രാസിലെ തെരുവുകുട്ടികളുടെ മുന്നിൽ ബാബുരാജ് വയറ്റത്തടിച്ച് ‘അനന്തശയനാ’ പാടുമ്പോൾ സിനിമയിൽ അതിപ്രശസ്‌തനായിട്ടും ചെക്കു മാറാൻ ബാങ്ക് അക്കൌണ്ട് പോലുമില്ലാത്ത ബാബുരാജിനെ പറഞ്ഞു വെക്കുമ്പോൾ ഒക്കെ നാടകം പൂർണമായും സദസ്സിന്റെ ഉള്ളിലാണു നടക്കുന്നത്.

ബഷീറിന്റെ ബാല്യകാലസഖിക്കും എൻ.മാധവന്റെ ഹിഗ്വിറ്റയ്‌ക്കും ആനന്ദിന്റെ നാലമത്തെ ആണിക്കും കാരന്തിന്റെ ചൊമനദുഡിക്കും ഒക്കെ നാടകഭാഷ്യം നൽകിയിട്ടുള്ള ശശിധരൻ നടുവിലിനും മുത്തു സ്വാമി, രുദ്ര പ്രസാദ് സെൻ ഗുപ്ത, നീലം മാൻസിങ് ചൌധരി തുടങ്ങിയ നാടക കലാകാരന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള സജീവിനും പറഞ്ഞതിനപ്പുറം പറഞ്ഞുവെന്ന തോന്നലുളവാക്കുവാൻ കഴിഞ്ഞുവെന്നതാണ് ഈ നാടകത്തിന്റെ വലിയ സവിശേഷതയായി എനിക്കു തോന്നിയിട്ടുള്ളത് .

ഒരു പക്ഷേ ബാബുരാജ് അനുഭവിച്ച നിസ്സഹായതകളിൽ പലതും ഈ കലാകാരന്മാരുടേയും ജീവിതത്തിന്റെ ഭാഗമാവാം. അതുകൊണ്ടാവം വേദനകൾക്കും ഒററപ്പെടലിനും തീറെഴുതപ്പെട്ട ഒരു ജീവിതം ആയാസരഹിതമായി അവർക്കു പുനരാവിഷ്‌ക്കാനായത്.

നാടകത്തിലുടനീളം ബാബുരാജിന്റെ പാട്ടുകൾ പിന്നണിയായും സജീവ് സ്വയം പാടിയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അവ കേൾക്കുമ്പോൾ പലപ്പോഴും നാം വി.ആർ.സുധീഷിന്റെ കഥയിലെ ശിവനാകുന്നു.

പിന്നെ എന്റെ പ്രധാന വിമർശനം നാടകാന്ത്യത്തെക്കുറിച്ചാണ് - ബാബുരാജിന്റെ അവസാന നാളുകൾ അവതരിപ്പിക്കുന്നിടത്ത് നാടക ഒട്ടും അസാധാരണമാകുന്നില്ലെന്നു ഞാൻ കരുതുന്നു. ഇതുവരെ കണ്ടതിനും പറഞ്ഞതിനും അനുഭവിച്ചതിനും അപ്പുറം എന്തോ ഒന്നു ഇവിടെ പ്രേഷകർക്കായി കരുതിവെക്കേണ്ടതായിരിന്നു. ഇങ്ങനെ പറയുമ്പോഴും ബാബുരാജിനു നൽകാവുന്ന വലിയൊരു ശ്രദ്ധാഞ്ജലിയാണീ നാടകം എന്നതു കാണാതിരിക്കുന്നില്ല.

*

ബാബുരാജ് - പാടുക പാട്ടുകാരാ കാണാൻ പോകും മുൻപ് ചലച്ചിത്ര സംവിധായകനായ സുഹൃത്ത് പറഞ്ഞു “ബാബുരാജിപ്പോ ഫാഷനാണ്, പലർക്കും. ഇതു നന്നാവാനിടയില്ല “

തിരശ്ശീല വീണപ്പോൾ അദ്ദേഹം കുറേ നേരം മിണ്ടാതിരുന്നു. പിന്നെ മന്ത്രിച്ചു

“ബാബുക്കയെ നമ്മൾ സിനിമാക്കാരൊക്കെ ശരിക്ക് അറിഞ്ഞിട്ടില്ല”

*****

കലവൂർ രവികുമാർ, ചിത്രങ്ങൾ : തുളസി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാബുരാജ് - പാടുക പാട്ടുകാരാ കാണാന്‍ പോകും മുന്‍പ് ചലച്ചിത്ര സംവിധായകനായ സുഹൃത്ത് പറഞ്ഞു “ബാബുരാജിപ്പോ ഫാഷനാണ്, പലര്‍ക്കും. ഇതു നന്നാവാനിടയില്ല “

തിരശ്ശീല വീണപ്പോള്‍ അദ്ദേഹം കുറേ നേരം മിണ്ടാതിരുന്നു. പിന്നെ മന്ത്രിച്ചു

“ബാബുക്കയെ നമ്മള്‍ സിനിമാക്കാരൊക്കെ ശരിക്ക് അറിഞ്ഞിട്ടില്ല”