Friday, August 27, 2010

കോടതിയും മാധ്യമങ്ങളും പൌരാവകാശങ്ങളും

വിചാരണാന്ത്യം വിധി എന്തുതന്നെയായാലും കോടതികളിലെ വാചാ പരാമര്‍ശങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവര്‍ ജുഗുപ്‌സാവഹമായ മാധ്യമ വിചാരണയും നേരിടുന്നുണ്ട്. കോടതി കുറ്റവിമുക്തമാക്കിയശേഷവും സമൂഹത്തില്‍ കുറ്റം ചെയ്‌തവരെപ്പോലെ ജീവിക്കേണ്ടിവരുന്ന നിരപരാധികളും ഇതുമൂലം ശിക്ഷിക്കപ്പെടുന്നുണ്ട്.

മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന ഇത്തരം റിപ്പോര്‍ട്ടിങ് രീതികള്‍ തടയാന്‍ നീതിനിര്‍വഹണ കോടതികള്‍ അവരുടെ അധികാരം വിനിയോഗിക്കണം. 'മാധ്യമ സൃഷ്‌ടികള്‍' ന്യായാധിപന്മാരെ അലട്ടുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നിഷേധ പ്രസ്‌താവനകള്‍ക്കും നിയമനടപടികള്‍ക്കും അവസരം ലഭിക്കും. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന കോടതികളുടെ വാചാ പരാമര്‍ശങ്ങള്‍ പൌരന്റെ അവകാശങ്ങളെയും സല്‍പ്പേരിനെയും ദോഷകരമായി ബാധിക്കുന്ന അവസരങ്ങളില്‍ അത് നിഷേധിക്കാന്‍ കോടതികള്‍ മുന്നോട്ടുവരാറില്ല. കോടതിയലക്ഷ്യം ഭയന്ന് മാധ്യമങ്ങള്‍ക്കെതിരെ നിഷേധപ്രസ്‌താവന നടത്താന്‍ ഒരു വ്യക്തിയും മുതിരാറില്ല. നിയമ നടപടികള്‍ക്ക് മുതിര്‍ന്നാല്‍ മാധ്യമങ്ങള്‍ക്ക് അവര്‍ സംഘടിതമായി നല്‍കിയ വാര്‍ത്തകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കുകയുമാകാം. വ്യക്തിപരമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്‍കുന്ന നമ്മുടെ ഭരണഘടനയ്‌ക്കകത്ത് വിചാരണ നേരിടേണ്ടിവരുന്ന ഏതൊരു വ്യക്തിയും അഭിമുഖീകരിച്ചേക്കാവുന്ന അവകാശനിഷേധമാണ് ഇത്. ഇവിടെ വ്യക്തി തീര്‍ത്തും നിസ്സഹായനാകുന്നു.

ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ കൂട്ടായി സൃഷ്‌ടിക്കുന്ന വാര്‍ത്തകളും വ്യാഖ്യാനങ്ങളും പലകുറി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ന്യായാധിപന്മാര്‍ നടത്തിയതായി പറയുന്ന പരാമര്‍ശങ്ങളും മിക്ക മാധ്യമങ്ങളിലും ഒരുപോലെ വരികയും ദൃശ്യമാധ്യമങ്ങളില്‍ ചര്‍ച്ചകളും ഫ്ളാഷ് ന്യൂസുകളുമായി പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാവാം തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെതിരെ മാധ്യമസൃഷ്‌ടി എന്ന പ്രയോഗം ന്യായാധിപന്മാര്‍ക്ക് വേണ്ടിവന്നത്.

കോടതിവിധിന്യായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണ്ടതാണ്. എന്നാല്‍, വാചാ പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌ത് കോടതികളെപ്പോലും രാഷ്‌ട്രീയ പ്രചാരണത്തിനുള്ള ഉപാധികളാക്കി ചുരുക്കുന്ന പ്രവണത ഒരുതരത്തിലും ആശാസ്യമല്ല. വിചാരണ വേളയില്‍ ചില പരാമര്‍ശങ്ങള്‍ നടത്താന്‍ ഒരുപക്ഷേ കോടതികള്‍ നിര്‍ബന്ധിതമായേക്കാം. അതൊരിക്കലും കേസിന്റെ വിധിപ്രസ്‌താവമായി ദുര്‍വ്യാഖ്യാനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപാധിയായിക്കൂടാ. കോടതികളെ രാഷ്‌ട്രീയ ലക്ഷ്യം നിര്‍വഹിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറ്റാന്‍ ഭരണഘടനാ സ്ഥാപനങ്ങളെയോ മാധ്യമങ്ങളെയോ മറ്റു സ്വാധീന ശക്തികളെയോ അനുവദിച്ചുകൂടാ.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യവെ മദ്രാസ് ഹൈക്കോടതിയുടെ നടപടികളെത്തന്നെ സ്വാധീനിക്കുന്നവിധം വലിയ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ സൃഷ്‌ടിച്ചത്. കോടതിയില്‍ അഭിഭാഷകരും ജഡ്‌ജിമാരും വിചാരണ വേളയില്‍ നടത്തുന്ന സംഭാഷണ ശകലങ്ങള്‍ നിറംപിടിപ്പിച്ച വാര്‍ത്തകളായി തമിഴ് മാധ്യമങ്ങള്‍ കൈകാര്യംചെയ്‌തു. ഇതില്‍ ക്ഷുഭിതരായ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മാധ്യമങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേസിലെ വിധിന്യായത്തില്‍തന്നെ പ്രത്യേകം പരാമര്‍ശിച്ചു.

നിയമസഭയിലും പാര്‍ലമെന്റിലും നടത്തുന്ന ചില പരാമര്‍ശങ്ങള്‍ അൺപാര്‍ലമെന്ററിയാണെന്നും റിപ്പോര്‍ട്ട് ചെയ്യരുതെന്നുമുള്ള നിരവധി റൂളിങ് ഉണ്ടായിട്ടുണ്ട്. സഭാധ്യക്ഷന്റെ ഉത്തരവ് ലംഘിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് അവകാശലംഘനത്തിന് നടപടികള്‍ സ്വീകരിച്ച അനുഭവങ്ങളുമുണ്ട്.

ചില മാധ്യമവാര്‍ത്തകളും കോടതി വിധികളും പൌരാവകാശങ്ങള്‍ തീരെ പരിഗണിക്കുന്നില്ല. അത്തരമൊരു കോടതിവിധിയാണ് പൊതുയോഗ നിരോധനം. സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഭരണഘടനയനുസരിച്ച് പൌരന്മാരുടെ മൌലികാവകാശങ്ങളാണ്. ഒന്ന് നിഷേധിച്ച് മറ്റൊന്ന് സംരക്ഷിക്കുന്നത് ഉചിതമല്ല. പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്‌ജിമാരിലൊരാള്‍ പൊതുവേദിയില്‍ ന്യായീകരിച്ചതിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്. 'റോഡുവക്കിലെ പൊതുസമ്മേളനങ്ങള്‍ നിരോധിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് ഹൈക്കോടതി ജഡ്‌ജി സി എന്‍ രാമചന്ദ്രന്‍നായര്‍' (മാതൃഭൂമി ജൂലൈ 19). വിധിയെ ന്യായീകരിച്ചുള്ള പരാമര്‍ശങ്ങളും മാധ്യമങ്ങളില്‍തന്നെയാണ് വരുന്നത്. മൂന്നാഴ്‌ചയ്‌ക്കു ശേഷമാണ് അതേ ജഡ്‌ജിയടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പൊതുയോഗ നിരോധനമെന്ന മുന്‍വിധി ആവര്‍ത്തിച്ചതും സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി തള്ളിയതും. റിവ്യൂ ഹര്‍ജി അതേ കോടതിയാണ് കേള്‍ക്കേണ്ടതെന്നത് നിയമപരമായി ശരി തന്നെ. എന്നാല്‍, താന്‍ പറയാനിരിക്കുന്ന വിധി എന്തായിരിക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് ധാര്‍മികമായി ശരിയാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതോടെ ബെഞ്ച് മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം ശരിയായിരുന്നുവെന്ന് തെളിഞ്ഞു.

കോടതിക്കകത്തും പുറത്തും വിധിയെ ന്യായീകരിക്കുന്നത് നിഷ്‌പക്ഷമായി നീതി നടപ്പാക്കുന്ന നീതിദേവതയുടെ മുഖമല്ല. മറിച്ച് മുന്‍വിധിയോടെയുള്ള വിധിന്യായം മാത്രം. നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നീതി മാത്രമാണ് നടപ്പാക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയെന്നതും ജുഡീഷ്യറിയുടെ ബാധ്യതയാണ്. ഭരണഘടന പ്രദാനംചെയ്യുന്ന പൌരാവകാശം സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്. ചുരുക്കത്തില്‍ വിധികളും വാര്‍ത്തകളും, പൌരാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുംവിധത്തിലാകുന്നത് ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാവുന്നതല്ല.

ആദ്യത്തെ പൊതുയോഗനിരോധന ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ജൂണിലാണുണ്ടായത്. ആ വിധി പ്രസ്‌താവിച്ച ജഡ്‌ജിമാര്‍ തന്നെ സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ആഗസ്‌ത് 13ന് തള്ളിയത് അപ്രതീക്ഷിതമല്ല. ജുഡീഷ്യറിയെപ്പോലെതന്നെ മറ്റൊരു ഭരണഘടനാ സ്ഥാപനമായ സര്‍ക്കാരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിധിയേക്കാള്‍ ഗുരുതരം. സര്‍ക്കാരിനെപ്പറ്റി കോടതി പറഞ്ഞതായി മുന്‍കാലങ്ങളെപ്പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് പരിശോധിച്ചാല്‍ പൌരാവകാശ സംരക്ഷണമല്ല, സര്‍ക്കാര്‍വിരുദ്ധ രാഷ്‌ട്രീയ പ്രചാരണം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ആഗസ്‌ത് 14ന്റെ മനോരമ കോടതിവിധിയെക്കുറിച്ചുള്ള മുഖലേഖനത്തില്‍ ഇപ്രകാരം പറയുന്നു.

'സര്‍ക്കാരിനെ മൂന്നാംകിട വ്യവഹാരിക്കു തുല്യമാക്കിയത് ആരെന്ന് കണ്ടെത്തണം. 'മുതിര്‍ന്ന ജഡ്‌ജിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി മറ്റൊരു ജഡ്‌ജിയുടെ മുന്നില്‍ കേസെത്തിക്കുകയെന്നതായിരുന്നു ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്നാണ് കോടതി മാറ്റത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ ആവശ്യത്തെക്കുറിച്ചുള്ള കോടതിയുടെ പ്രതികരണം.' 'സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ജനതാല്‍പ്പര്യത്തിനോ സര്‍ക്കാര്‍ താല്‍പ്പര്യത്തിനോ അല്ല.' 'ജനതാല്‍പ്പര്യത്തിനെതിരെ റിവ്യൂ ഹര്‍ജി നല്‍കിയ സര്‍ക്കാരിന് കനത്ത കോടതിച്ചെലവ് ചുമത്തേണ്ടതാണ്.' 'സര്‍ക്കാര്‍ പണം പൊതുജനങ്ങളുടെ പണമായതിനാല്‍ സര്‍ക്കാരിന് പിഴചുമത്തുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാകും'. എന്നിങ്ങനെയാണ് കോടതി പറഞ്ഞതായി വന്ന വാര്‍ത്തകള്‍.

'ജനം' എന്നു പറയുന്നതാരാണ്? സര്‍ക്കാര്‍ ജനങ്ങളെ പ്രതിനിധാനംചെയ്യുന്നില്ല എന്ന് ജനാധിപത്യബോധമുള്ളവര്‍ക്ക് പറയാന്‍ കഴിയുമോ? സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കണമെന്നു പറയുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പ്പര്യത്തിനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. സ്വാതന്ത്ര്യസമരകാലത്ത് പയ്യന്നൂരില്‍ വഴിനടക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത എ കെ ജി തന്നെയാണ് പെരിന്തല്‍മണ്ണയില്‍ പാതയോരത്ത് നിരോധനം ലംഘിച്ച് പ്രസംഗിച്ചതും. വഴിനടക്കാന്‍ വേണ്ടി സമരം ചെയ്‌തപ്പോള്‍ ഉലക്കകൊണ്ടുള്ള അടിയും പാതയോരത്ത് പ്രസംഗിച്ചപ്പോള്‍ അറസ്‌റ്റുമാണ് പ്രതിഫലം. വ്യക്തിപരമായ നേട്ടത്തിനല്ല എ കെ ജി നടത്തിയ പോരാട്ടം. നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യമാണ് ഉയര്‍ത്തിപ്പിടിച്ചത്.

വാഹനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്നു. അത് തടയാന്‍ റോഡരികിലൂടെയുള്ള കാല്‍നടയാത്രയോ വാഹനയാത്രയോ നിരോധിക്കാന്‍ കോടതി തയ്യാറാകുമോ? ഇപ്പോള്‍തന്നെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലികള്‍ സ്‌കൂള്‍ ഗ്രൌണ്ടിലും മറ്റ് മൈതാനങ്ങളിലുമാണ് നടത്തുന്നത്. പഠനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ ഭാവിയില്‍ അവിടെയും പൊതുയോഗങ്ങള്‍ നിരോധിക്കേണ്ടിവരും.

ആകെയുള്ള ഒരാശ്വാസം അനുബന്ധ വിധിയില്‍ ജസ്‌റ്റിസ് പി എസ് ഗോപിനാഥന്‍ വ്യക്തമാക്കിയ കാര്യമാണ്. "ചര്‍ച്ചകള്‍, യോഗങ്ങള്‍, ബോധവല്‍ക്കരണം, അഴിമതിവിരുദ്ധ പോരാട്ടം, വികലനയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ഇതൊക്കെ ജനാധിപത്യ സംവിധാനത്തില്‍ വേണ്ടതുതന്നെയാണ്. '' സമാധാനപരമായ ജനകീയ പ്രതിഷേധകേന്ദ്രങ്ങളാക്കി കവലകളെ ഗാന്ധിജി മുതല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ സ്‌മരണയാണ് പല റോഡരികിലെയും പാര്‍ക്കുകളും മൈതാനങ്ങളും ഗാന്ധിജിയുടെ പേരിലാവാന്‍ കാരണം. ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാതെ തന്നെ പൊതുയോഗം നടത്താന്‍ അനുമതി നല്‍കുകയാണ് വേണ്ടത്.

ജനം എന്നു പറയുന്നത് ആലുവ സ്വദേശിയായ ഒരു ഖാലിദ് മുണ്ടപ്പള്ളി മാത്രമല്ല. അദ്ദേഹമാകട്ടെ ബസുടമ കൂടിയാണ്. ടോള്‍ പിരിക്കുന്ന പ്രശ്‌നം വന്നപ്പോള്‍ വാഹനങ്ങള്‍ ഉപരോധിച്ച് സമരം നടത്തിയും മറ്റും ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞയാളുമാണ്. റോഡുവക്കില്‍ പൊതുയോഗം സംഘടിപ്പിക്കുന്നവര്‍ ഖാലിദ് ചെയ്‌ത കുറ്റം ചെയ്യാറില്ല. ഇത്തരത്തിലാണ് ഹര്‍ജിക്കാരന്റെ പൌരാവകാശബോധമെന്ന് ഹൈക്കോടതിയെ ധരിപ്പിക്കാന്‍ എതിര്‍കക്ഷികളെ കേള്‍ക്കുകപോലും ചെയ്യാതിരുന്നാല്‍ എങ്ങനെ കഴിയും?

സ്വാഭാവിക നീതിനിഷേധം നടത്തിയും മുന്‍വിധിയോടെ ഈ പ്രശ്‌നത്തെ സമീപിക്കുകയും ചെയ്‌തവര്‍ കുറ്റക്കാരല്ലപോലും. കുറ്റവാളി കുറ്റപത്രം ചുമത്തുന്നതുപോലെയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിചാരണ. നിരായുധനാക്കിയതിനുശേഷമുള്ള ആക്രമണം മൂലം സ്വയം പ്രതിരോധിക്കാന്‍പോലും സാധിക്കുന്നില്ല. സംഘടിക്കാനും സമരംചെയ്യാനും ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ വേണ്ടി ഒരു നിയമനിര്‍മാണം നടത്തേണ്ടിവന്നാലും തെറ്റില്ല. അതിന് ജുഡീഷ്യറിക്കല്ല സാധിക്കുക, നിയമനിര്‍മാണ സഭയ്‌ക്കാണ്. പ്രശ്‌നപരിഹാരത്തിന് നീതിതേടിയുള്ള അപ്പീല്‍ വഴിയുള്ള സര്‍ക്കാരിന്റെ പരിശ്രമം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.


*****

എം വി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി, 27- 08-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനം എന്നു പറയുന്നത് ആലുവ സ്വദേശിയായ ഒരു ഖാലിദ് മുണ്ടപ്പള്ളി മാത്രമല്ല. അദ്ദേഹമാകട്ടെ ബസുടമ കൂടിയാണ്. ടോള്‍ പിരിക്കുന്ന പ്രശ്‌നം വന്നപ്പോള്‍ വാഹനങ്ങള്‍ ഉപരോധിച്ച് സമരം നടത്തിയും മറ്റും ജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞയാളുമാണ്. റോഡുവക്കില്‍ പൊതുയോഗം സംഘടിപ്പിക്കുന്നവര്‍ ഖാലിദ് ചെയ്‌ത കുറ്റം ചെയ്യാറില്ല. ഇത്തരത്തിലാണ് ഹര്‍ജിക്കാരന്റെ പൌരാവകാശബോധമെന്ന് ഹൈക്കോടതിയെ ധരിപ്പിക്കാന്‍ എതിര്‍കക്ഷികളെ കേള്‍ക്കുകപോലും ചെയ്യാതിരുന്നാല്‍ എങ്ങനെ കഴിയും?

സ്വാഭാവിക നീതിനിഷേധം നടത്തിയും മുന്‍വിധിയോടെ ഈ പ്രശ്‌നത്തെ സമീപിക്കുകയും ചെയ്‌തവര്‍ കുറ്റക്കാരല്ലപോലും. കുറ്റവാളി കുറ്റപത്രം ചുമത്തുന്നതുപോലെയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിചാരണ. നിരായുധനാക്കിയതിനുശേഷമുള്ള ആക്രമണം മൂലം സ്വയം പ്രതിരോധിക്കാന്‍പോലും സാധിക്കുന്നില്ല. സംഘടിക്കാനും സമരംചെയ്യാനും ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ വേണ്ടി ഒരു നിയമനിര്‍മാണം നടത്തേണ്ടിവന്നാലും തെറ്റില്ല. അതിന് ജുഡീഷ്യറിക്കല്ല സാധിക്കുക, നിയമനിര്‍മാണ സഭയ്‌ക്കാണ്. പ്രശ്‌നപരിഹാരത്തിന് നീതിതേടിയുള്ള അപ്പീല്‍ വഴിയുള്ള സര്‍ക്കാരിന്റെ പരിശ്രമം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.