വനിതാ സംവരണം എന്ന ഒരു വാക്ക് സ്വന്തം രാഷ്‌ട്രീയ ചരിത്രത്തില്‍ ഉച്ചരിച്ചിട്ടില്ലാത്ത ഒരു രാഷ്‌ട്രീയ പാര്‍ടിയാണ് മുസ്ളിംലീഗ്. സിഡോ ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യങ്ങളില്‍ സ്‌ത്രീകളുടെ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്‌ട്രസഭ ആശങ്ക പ്രകടിപ്പിക്കുകയും പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിന് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്‌തു. ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാഷ്‌ട്രമാണെങ്കിലും ജനാധിപത്യ വേദികളിലും ഭരണസ്ഥാപനങ്ങളിലും സ്‌ത്രീകളുടെ പങ്കാളിത്തം ഒട്ടും തൃപ്‌തികരമല്ല എന്നും ഐക്യരാഷ്‌ട്രസഭ അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ സ്‌ത്രീവിമോചന പ്രസ്ഥാനങ്ങള്‍ വനിതാസംവരണം അത്യന്താപേക്ഷിതമാണെന്ന് ചിന്തിച്ചതും അതിനുവേണ്ടി മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയതും.
കേരളത്തില്‍ വനിതാ സംവരണം സഹകരണ സംഘങ്ങളില്‍ നിര്‍ബന്ധമാക്കിയതും അതിനുശേഷം 1988ല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ഗ്രാമപഞ്ചായത്തില്‍ സ്‌ത്രീകള്‍ക്ക് സംവരണം ചെയ്‌തതും എല്‍ ഡി എഫ് ഗവണ്‍മെന്റാണ്. ഈ കാലയളവിലൊന്നും മുസ്ളിംലീഗ് വനിതാ സംവരണം അവര്‍ക്ക് ഒരു പ്രശ്‌നമായി കണ്ടിരുന്നില്ലെന്ന് മാത്രമല്ല, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്ളിം സ്‌ത്രീകള്‍ വേറെ എന്തിനോവേണ്ടി ഇറങ്ങി നടക്കുന്നവളാണെന്നും അഭിസാരികയാണെന്നുതന്നെയും പ്രസംഗിക്കുന്നതിനും ഒരുതടസ്സവുമുണ്ടായിരുന്നില്ല. ഇതെഴുതുന്ന ഞാനടക്കം കാള്‍ഗേള്‍ എന്ന വിശേഷണം കേള്‍ക്കേണ്ടിവന്നിട്ടണ്ട്. 1990 വരെ ഇത്തരം ആക്ഷേപങ്ങള്‍ കേരളത്തിലെ പൊതുരംഗത്തിറങ്ങുന്ന മുസ്ളിം സ്‌ത്രീകള്‍ പ്രത്യേകിച്ചും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ 1989ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജില്ലാ കൌണ്‍സില്‍ നിയമം പാസാക്കിയപ്പോള്‍ 30 ശതമാനം വനിതാ സംവരണം ഇന്ത്യയിലാദ്യമായി നിര്‍ബന്ധമാക്കി. 1990 ല്‍ ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുസ്ളിംലീഗിനും 30 ശതമാനം സ്‌ത്രീകളെ മത്സരിപ്പിക്കേണ്ടിവന്നു. അതിനുശേഷം 1996ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണം നടപ്പായി. അക്കാലത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ പി മറിയുമ്മ പാണക്കാട് തങ്ങള്‍ ഇരിക്കുന്ന വേദിയില്‍ ഇരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നമായി ഉയര്‍ത്തിയത്.
തങ്ങള്‍ ഇരിക്കുന്നിടത്ത് സ്‌ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. ഇസ്ളാമിക ചരിത്രത്തില്‍ നബിയുടെ ഭാര്യ ഹസ്രത്ത്: ആയിഷ ജമല്‍ യുദ്ധത്തില്‍ ഒട്ടകപ്പുറത്തിരുന്ന് ഖുറൈഷികള്‍ക്കെതിരെ യുദ്ധംചെയ്‌തു എന്നും ഒട്ടകത്തിന് അമ്പുകൊണ്ട് അത് നിലംപതിക്കുംവരെ യുദ്ധം തുടര്‍ന്നു എന്നും പറയുമ്പോഴാണ് സ്‌ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല എന്ന രീതിയില്‍ ലീഗും ചില മുസ്ളിം സംഘടനകളും ചര്‍ച്ചകള്‍ നടത്തുന്നത്.
വനിതാ സംവരണം 50 ശതമാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാവാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മത്സരിക്കുന്നവരുമായ സ്‌ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. തെരഞ്ഞെടുപ്പ് ഇസ്ളാമിക ഭരണകൂടത്തിലേക്കല്ല ത്രിതല പഞ്ചായത്തിലേക്കാണെന്ന കാര്യം മറന്നതുപോലെയാണ് ലീഗിന്റെ പ്രതികരണം. 1990 മുതല്‍ സ്‌ത്രീകള്‍ പൊതുവിലും മുസ്ളിം സ്‌ത്രീകള്‍ പ്രത്യേകമായും താഴേതട്ടിലെങ്കിലും സജീവമാണ്. ആ സജീവതക്ക് മൂക്കുകയറിടാനാണ്നീക്കം.
തങ്ങള്‍ വെക്കുന്ന നിബന്ധനകള്‍ പാലിച്ച് സ്‌ത്രീകള്‍ തങ്ങള്‍ പറയുന്നതനുസരിച്ച് പൊതു ഇടങ്ങളില്‍ വന്നാല്‍ മതി എന്ന ശാസന താലിബാനിസത്തിലേക്കാണ് വഴിയൊരുക്കുക. ഈ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടത്തിന് പുറത്ത് മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാനോ അല്ലെങ്കില്‍ ഇത് ശരിയാണെന്ന് വിശ്വസിപ്പിച്ച് സ്വയം അംഗീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനോ ഉള്ള പരിശ്രമമാണ് മുസ്ളിംലീഗിന്റേത്. ഇത് പതുക്കെ പതുക്കെ പഴയകാലത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ വീട്ടിലിരുന്നാല്‍ പ്യൂണ്‍ കൊണ്ടുപോയി മിനുട്സ് ഒപ്പിടുവിച്ചിരുന്ന രീതിയിലേക്ക് സ്‌ത്രീകളെ കൊണ്ടെത്തിക്കും. സ്‌ത്രീകള്‍ക്ക് പൊതു ഇടം നഷ്‌ടപ്പെടുത്തും. ഇഷ്‌ടമനുസരിച്ച് വസ്‌ത്രം ധരിക്കാനുള്ള അവകാശങ്ങളെ തന്നെയും ഇല്ലായ്‌മ ചെയ്യും.
ത്രിതല പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജാതി-മത വിഭാഗങ്ങളുടെയും പ്രതിനിധികളാണ്. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാളെ മുസ്ളിം സ്‌ത്രീകള്‍ അന്യമതക്കാരായവരോട് ഇടപഴകുന്നത് ഹറാം (നിഷിദ്ധം) ആണെന്ന് പറയാനും ഇക്കൂട്ടര്‍ മടിക്കില്ല. ലീഗിന്റെ പോഷകസംഘടനയായി അധഃപതിച്ച ഒരു സുന്നിവിഭാഗം സംഘടന മുസ്ളിം സ്‌ത്രീകള്‍ രക്തബന്ധുക്കളുടെയോ സ്വന്തം ഭര്‍ത്താവിന്റെയോ കൂടെ മാത്രമേ വോട്ട് ചോദിക്കാനിറങ്ങാന്‍ പാടുള്ളു എന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഇക്കൂട്ടരെക്കൂടി തൃപ്‌തിപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹത്തിലാണ് ലീഗ് പെരുമാറ്റച്ചട്ട പ്രസ്‌താവനയുമായി രംഗത്ത് വന്നത്.
ദേശീയതലത്തില്‍ വനിതാ സംവരണം പാസാക്കുന്നതിനെ എതിര്‍ക്കുന്ന മുടന്തന്‍ ന്യായക്കാരുടെ പക്ഷത്തുതന്നെയാണ് മുസ്ളിംലീഗും നില്‍ക്കുന്നത്. വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ഒരു പ്രമേയംപോലും ഇതുവരെ പാസാക്കാന്‍ ധൈര്യം കാണിക്കാത്ത വനിതാലീഗിന് പെരുമാറ്റച്ചട്ട കാര്യത്തിലും മൌനം പാലിക്കാനെ സാധിക്കൂ. വനിതാലീഗ് പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ "വരുമ്പോള്‍ പറയാം'' എന്ന് പറഞ്ഞ് ഒഴിഞ്ഞതുതന്നെ ഇതിന് ഉദാഹരണമാണ്. പുരുഷന്മാരുടെ മെഗ ഫോണായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സ്വതന്ത്രമായി ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയാതെ പോകുന്നതില്‍ അത്ഭുതപ്പെടാനില്ല.
പെരുമാറ്റച്ചട്ടം നടപ്പായി ജയിച്ചുവരുന്ന സ്‌ത്രീകള്‍ എങ്ങനെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഭരണം നടത്തുക. മുഖം അന്യപുരുഷന്മാര്‍ കാണാന്‍ പാടില്ല എന്നും തൊട്ടാല്‍ വുളു (നമസ്‌ക്കാരത്തിന് മുമ്പ് ചെയ്യുന്ന ശുചീകരണം) മുറിയാത്തവരെയല്ലാതെ കാണാനും സ്‌പര്‍ശിക്കാനും പാടില്ല എന്നും പറഞ്ഞാല്‍ ഇസ്ളാം മതവിശ്വാസിയല്ലാത്ത ആര്‍ക്കും കൈകൊടുത്ത് വന്ദിക്കാന്‍പോലും പാടില്ല എന്നല്ലെ അര്‍ഥമാക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍നിന്നും സ്‌ത്രീകളെ അകറ്റി വീണ്ടും സ്‌ത്രീയുടെ ഇടം അടുക്കളയുടെ നാലു ചുമരുകള്‍ തന്നെയാണെന്ന് ഓര്‍മപ്പെടുത്താനും അത് പ്രായോഗികവല്‍ക്കരിക്കാനുമുള്ള ശ്രമമായിട്ടെ ജനാധിപത്യവാദികളായ സ്‌ത്രീകള്‍ക്ക് ഇതിനെ കാണാന്‍ കഴിയൂ.
കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ളിംലീഗ് നേതാക്കള്‍ സ്‌ത്രീകളെ പൊതുവെ കാണുന്ന രീതിയിലെ ഒരു സംസ്‌ക്കാരവും ഇത്തരം ഒരു നിലപാടിന്റെ പിന്നിലുണ്ട്.
*****
പി കെ സൈനബ, കടപ്പാട് :ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
2 comments:
തങ്ങള്‍ വെക്കുന്ന നിബന്ധനകള്‍ പാലിച്ച് സ്‌ത്രീകള്‍ തങ്ങള്‍ പറയുന്നതനുസരിച്ച് പൊതു ഇടങ്ങളില്‍ വന്നാല്‍ മതി എന്ന ശാസന താലിബാനിസത്തിലേക്കാണ് വഴിയൊരുക്കുക. ഈ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടത്തിന് പുറത്ത് മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാനോ അല്ലെങ്കില്‍ ഇത് ശരിയാണെന്ന് വിശ്വസിപ്പിച്ച് സ്വയം അംഗീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനോ ഉള്ള പരിശ്രമമാണ് മുസ്ളിംലീഗിന്റേത്. ഇത് പതുക്കെ പതുക്കെ പഴയകാലത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ വീട്ടിലിരുന്നാല്‍ പ്യൂണ്‍ കൊണ്ടുപോയി മിനുട്സ് ഒപ്പിടുവിച്ചിരുന്ന രീതിയിലേക്ക് സ്‌ത്രീകളെ കൊണ്ടെത്തിക്കും. സ്‌ത്രീകള്‍ക്ക് പൊതു ഇടം നഷ്‌ടപ്പെടുത്തും. ഇഷ്‌ടമനുസരിച്ച് വസ്‌ത്രം ധരിക്കാനുള്ള അവകാശങ്ങളെ തന്നെയും ഇല്ലായ്‌മ ചെയ്യും.
ത്രിതല പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജാതി-മത വിഭാഗങ്ങളുടെയും പ്രതിനിധികളാണ്. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാളെ മുസ്ളിം സ്‌ത്രീകള്‍ അന്യമതക്കാരായവരോട് ഇടപഴകുന്നത് ഹറാം (നിഷിദ്ധം) ആണെന്ന് പറയാനും ഇക്കൂട്ടര്‍ മടിക്കില്ല. ലീഗിന്റെ പോഷകസംഘടനയായി അധഃപതിച്ച ഒരു സുന്നിവിഭാഗം സംഘടന മുസ്ളിം സ്‌ത്രീകള്‍ രക്തബന്ധുക്കളുടെയോ സ്വന്തം ഭര്‍ത്താവിന്റെയോ കൂടെ മാത്രമേ വോട്ട് ചോദിക്കാനിറങ്ങാന്‍ പാടുള്ളു എന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഇക്കൂട്ടരെക്കൂടി തൃപ്‌തിപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹത്തിലാണ് ലീഗ് പെരുമാറ്റച്ചട്ട പ്രസ്‌താവനയുമായി രംഗത്ത് വന്നത്.
keralathile leegum Mangalapurathe Sree rama senayum thammil enthanu vyathyasam>
Post a Comment