Sunday, August 22, 2010

ആകാശപ്പയര്‍മരങ്ങള്‍

ചെറുപ്പത്തിലേ ഞാനൊരു സ്വപ്‌നാടനക്കാരനായിരുന്നു. വെയിലേറിയ സായാഹ്നങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടവരമ്പുകളിലൂടെ ലൈബ്രറിയിലേക്കു പോയത്. പാടവരമ്പുകളിലെവിടെയോ പുസ്‌തകങ്ങള്‍ ചിതറിവീണത്. പച്ചവില്ലീസ് പുതച്ച പാടത്ത് മറഞ്ഞിരുന്ന കുറുക്കന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് നേരെവന്നത്. ആ പച്ചപുതച്ച പാടങ്ങള്‍ ഒരു അകക്കാഴ്‌ചയായി ഇപ്പോഴും മോഹിപ്പിക്കുന്നുണ്ട്. ഈയിടെ തീരദേശഗ്രാമത്തിന്റെ പഴയ പാടശേഖരങ്ങളിലൂടെ നടന്നുപോകവെ അതെല്ലാം ഓര്‍മകളുടെ ശ്‌മശാനഭൂമിയായി മാറിയതായി കണ്ടു. പാടങ്ങളെല്ലാം ഭ്രമിപ്പിക്കുന്ന വീടുകളും കൊട്ടാരങ്ങളും നിറഞ്ഞ ഇടവഴികളും തെരുവുകളുമായി.

അക്കാലത്ത് ജ്യേഷ്‌ഠന്‍ തപാല്‍പെട്ടിയില്‍ ഇടാന്‍ ഏല്‍പ്പിച്ച കത്തുകള്‍ പലതും അലക്കിനുശേഷം എന്റെ പോക്കറ്റില്‍ കഞ്ഞിപ്പശയുമായി ഒട്ടിച്ചേര്‍ന്നിരുന്നു. എന്റെ ചിന്തകളെല്ലാം സമകാലജീവിതത്തിനപ്പുറത്തുള്ള വിദൂര ഭൂമികളെക്കുറിച്ചായിരുന്നു. ബാല്യവും കൌമാരവും ഒത്തുചേരുന്ന ദശാസന്ധിയില്‍ ജീവിതത്തിന്റെ വ്യാകുലതകളും വിസ്‌മയങ്ങളും തേടുന്ന മനസ്സ് രൂപപ്പെട്ടിരുന്നു. സാഹിത്യവും രാഷ്‌ട്രീയവും കഥകളുമായി കഴിയുന്ന ജ്യേഷ്‌ഠന്‍ വിപ്ളവത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട് വീട്ടില്‍. മൂത്ത ജ്യേഷ്‌ഠത്തി ബിരുദം പൂര്‍ത്തിയാക്കി. കല്യാണാലോചനകള്‍ വന്നുകൊണ്ടിരുന്നു. സ്‌ത്രീധനത്തിന്റെയും ശരിയാകാത്ത വിവാഹത്തിന്റെയും സാമ്പത്തിക സംഘര്‍ഷങ്ങളുടെയും പേരില്‍ വീട് പുകഞ്ഞു.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ കാറ്റലോഗ് വീട്ടിലെ അലമാരയിലുണ്ടായിരുന്നു. ജ്യേഷ്‌ഠന്റെ പുസ്‌തകശേഖരമാണത്. വായനയില്‍ ജ്യേഷ്‌ഠനെനിക്ക് മാര്‍ഗദര്‍ശകനായി. നീ 'എന്‍ബിഎസ് ' കാറ്റലോഗുകള്‍ നോക്കി വായിക്കുക എന്ന നിര്‍ദേശത്തിലൂടെ വായനക്കാരനാകാന്‍ നിയോഗിക്കപ്പെട്ടു. ആദ്യ പേജില്‍ എസ് കെ പൊറ്റെക്കാട്. ലൈബ്രറിയില്‍ മേശയ്‌ക്കു മുന്നില്‍ ലൈബ്രേറിയനായി വേലായുധന്‍ പണിക്കശ്ശേരി. വടക്കേ മലബാറിന്റെ മണമുള്ള കഥകളും നോവലുകളും പെരുമകളും വായിച്ച് എന്റെ മനസ്സ് നിറഞ്ഞു. ആഫ്രിക്കയിലെയും ബോര്‍ണിയയിലെയും ബാലിയിലെയും സഞ്ചാരകഥകളില്‍ ഭ്രമിച്ചു. ഒരുദിവസം വേലായുധേട്ടന്‍ പറഞ്ഞു: 'ഇനി പൊറ്റെക്കാടിന്റെ പുസ്‌തകങ്ങളില്ല. എല്ലാം നീ വായിച്ചുതീര്‍ത്തു'. വായനയുടെ നദി എന്‍ബിഎസ് കാറ്റലോഗിലൂടെ വീണ്ടും. ബഷീറിലേക്ക്, കാരൂരിലേക്ക്, പോഞ്ഞിക്കര റാഫിയിലേക്ക്, ഉറൂബിലേക്ക്, ആനി തയ്യിലിന്റെ വിവര്‍ത്തനവിസ്‌മയങ്ങളിലൂടെ അലൿസാണ്ടര്‍ ഡ്യൂമാസിലേക്ക്, ലിയോ ടോള്‍സ്റ്റോയിലേക്ക്. ദസ്‌തയേവ്സ്കിയിലേക്ക്.... കാരമസോവ് സഹോദരന്മാര്‍ വായിച്ചത് എട്ടാംക്ളാസില്‍ വച്ചായിരുന്നു. സ്‌കൂള്‍ടീച്ചറായ ജ്യേഷ്‌ഠത്തിയുടെ വിലാസത്തില്‍ അവിടത്തെ ലൈബ്രറിയില്‍നിന്നാണ് കിട്ടിയത്. അച്ചടിമണം വിട്ടുമാറാത്ത തടിച്ച പുസ്‌തകം ചുമന്ന് ക്ളാസിലേക്ക്. ഇത്രയും വലിയ പുസ്‌തകം നീ എങ്ങനെ വായിച്ചുതീര്‍ക്കുമെന്ന് കൂട്ടുകാര്‍ വിസ്‌മയംപൂണ്ടു. ഞാന്‍ അലോഷ്യയുടെ മനസ്സിന്റെ ഉയരങ്ങളിലേക്ക് കയറിപ്പോയി. വായന മനസ്സിന്റെ ഭ്രമണപഥങ്ങളെ തെറ്റിച്ചിരുന്നു. പൂത്തുകിടക്കുന്ന പറങ്കിമാവുകള്‍ക്കും മയില്‍പ്പീലിയന്‍ മാവുകള്‍ക്കും താഴെ കാക്ക കൊത്തിയിട്ട പറങ്കിയണ്ടികളും കശുമാങ്ങകളും നിറഞ്ഞിരുന്നു. എന്റെ കൌമാരപ്രായക്കാര്‍ അതൊക്കെ പെറുക്കിയെടുക്കുകയായിരുന്നു. ഞാന്‍ അപ്പോഴും വായനയിലായിരുന്നു. വിശ്വനാഥനെ സ്വപ്‌നംകാണുകയായിരുന്നു.

പില്‍ക്കാലത്ത് ചൂടുതീ പാറുന്ന മരുഭൂമിയുടെ കോലായിലിരുന്ന് എന്നോട് കൊച്ചുബാവയും കുട്ടികൃഷ്ണനും തര്‍ക്കിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു, ' വായനയുടെ പഴകിയ ശൈലി മാറ്റുക. പുതിയ വായനയാണ് നമുക്ക് ആവശ്യം. ആധുനികതയുടെ വായനയാണത്. 'ഇതേ മരുഭൂമിയുടെ കോലായിലിരുന്ന് ബോബന്‍ അയ്യപ്പപ്പണിക്കരുടെയും പാലൂരിന്റെയും സച്ചിദാനന്ദന്റെയും കവിതകള്‍ വായിച്ചു. അപ്പോള്‍ കോതമംഗലത്തുകാരന്‍ ജോസ് കടന്നുവന്നു. എന്നോടു ചോദിച്ചു: താങ്കള്‍ എമിലിസോളയെ വായിച്ചുവോ? ഫ്ളോബറിനെ ---? അല്‍ബേര്‍ കാമുവിനെ വായിച്ചുവോ?

ഉണ്ടോ? ഞാന്‍ സ്വയം ചോദിച്ചു. വായ അടഞ്ഞതുപോലെ. വായന തീര്‍ത്തുവെന്നു കരുതുന്ന അഹങ്കാരത്തിന്റെ മേലങ്കികള്‍ ഉരിഞ്ഞുപോയി. ഞാന്‍ വിനീതനായി. എന്നാലും ആത്മവിശ്വാസത്തോടെ അവരുടെ നേരെ മിഴികള്‍ തുറന്നുവച്ചു. എന്നിട്ടു പറഞ്ഞു: "സുഹൃത്തേ, വായന ഒന്നേയുള്ളു. പഴയ വായനയും പുതിയ വായനയുമെല്ലാം താല്‍ക്കാലികമായ തരംതിരിവ് മാത്രം. വായനയിലൂടെ അറിവിന്റെയും ഉണര്‍വിന്റെയും പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുന്നു.'' ഞാന്‍ കാഫ്കയെയും കാമുവിനെയും സാര്‍ത്രിനെയും സിമോണിനെയും മാര്‍കോസിനെയും തെരഞ്ഞുപോയി. മരുഭൂമിയിലെ അതേ കോലായില്‍തന്നെയാണ് ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ് വായിച്ച് കൊടുംവിമര്‍ശത്തിന്റെ വാളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയത്. മരണസര്‍ട്ടിഫിക്കറ്റു തേടി ജനനസര്‍ട്ടിഫിക്കറ്റിലെത്തുന്ന ഭ്രമാത്മകതകള്‍. ഇതു ജീവിതമാണോ സാര്‍? പക്ഷേ പില്‍ക്കാല ജീവിതം എന്നെ തിരുത്തി. ജീവിതത്തിന് ഒരു യുക്തിയുമില്ല. അത് നമ്മെ ഭ്രമിപ്പിക്കുന്നു. ജീവിതം നേര്‍രേഖയല്ല.

ചെറുപ്പത്തിലേ പത്രവായനകളില്‍ മുഴുകി. മണ്ണാര്‍ക്കാട്ടുകാരന്‍ ഒരു കൃഷ്ണന്‍ തീയിലേക്ക് എടുത്തുചാടി രണ്ടു പിഞ്ചുപൈതങ്ങളെ രക്ഷിച്ചു. എന്നിട്ട് ആ തീജ്വാലകള്‍ക്ക് സ്വയം ഇരയായി. ബാല്യത്തെ മഥിച്ച ആ സംഭവമാണ് പത്രവായനയിലേക്കു തിരിച്ചത്. സാവധാനമാണ് തുടങ്ങിയത്. പിന്നെ ദ്രുതവായനക്കാരനായി. വായനകളില്‍ റോസാപ്പൂ ധരിച്ച നെഹ്റു ഉണ്ടായിരുന്നു. കൊടുമ്പിരികൊള്ളുന്ന വിയറ്റ്നാം യുദ്ധമുണ്ടായിരുന്നു. കരീബിയന്‍ കടലിടുക്കിലെ താടിക്കാരന്‍ ഫിഡല്‍ കാസ്ട്രോയുണ്ടായിരുന്നു.

അഞ്ചാംതരത്തില്‍ പഠിക്കുമ്പോഴാണ് നെഹ്റു മരിച്ചത്. ഞങ്ങള്‍ കറുത്ത കൊടിയും പിടിച്ച് ഗ്രാമവീഥിയിലൂടെ വിലാപയാത്ര നടത്തി. എന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മ എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു: "നെഹ്റു വയസ്സായപ്പോഴാണ് മരിച്ചത്. എല്ലാവരും മരിക്കും. ഈ അമ്മയും നീയും ''. അവിശ്വസനീയമായ കണ്ണുകളോടെ അമ്മയെ നോക്കി. ഞാനും അമ്മയും മരിക്കുമെന്നോ; കൌമാരത്തിന് ഉള്‍ക്കൊള്ളാനാവാത്ത സത്യം.

ഒരിക്കല്‍ മാതൃഭൂമിയുടെ ആദ്യ പേജില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ കൊന്നിട്ട പുലിയുടെ ചിത്രം. താഴെ ഇങ്ങനെയൊരു അടിക്കുറിപ്പ്: 'വിയറ്റ്നാം ജനതയ്ക്കു സഹിക്കേണ്ടത് ഭീകരന്മാരായ വിയറ്റ്കോംഗുകളെ മാത്രമല്ല, കൊടുങ്കാട്ടില്‍ പതിയിരുന്നാക്രമിക്കുന്ന ഈ പുലികളെകൂടിയാണ്.'

ഞാനന്നും സംശയിക്കുന്ന തോമസായിരുന്നു. ഇതു ശരിയോ? വിയറ്റ്കോംഗുകള്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന സ്വദേശാഭിമാനികള്‍. എന്തിനാണ് പത്രങ്ങള്‍ ഭീകരരായി ചിത്രീകരിക്കുന്നത്. ജ്യേഷ്‌ഠന്‍ ധാര്‍മികരോഷത്തോടെ വിറച്ചുകൊണ്ടു പറഞ്ഞു. നമ്മുടെ പ്രാദേശികമാധ്യമങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ പിണിയാളുകളാണ്. അവര്‍ പറയുന്നതെല്ലാം ഇവര്‍ തത്തമ്മേ പൂച്ച പൂച്ച പോലെ ഏറ്റുപറയുന്നു.

സാമ്രാജ്യത്വശക്തികള്‍, പിന്തിരിപ്പന്‍ മാധ്യമങ്ങള്‍, പിണയാളികള്‍... എന്റെ അറിവ് വളരുകയാണ്.

അന്ന് നാലാളുകള്‍ കൂടുന്ന സദസ്സുകളില്‍ ചെറുപ്പക്കാര്‍ വട്ടമിട്ട് വിയറ്റ്കോംഗുകളെപ്പറ്റിയും 80 റാത്തല്‍ തൂക്കമുള്ള ഹോചിമിനെക്കുറിച്ചും ചോരയൊഴുകുന്ന മെക്കോംഗ് നദിയെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പൂത്തുനിന്ന ഉത്സവപ്പറമ്പുകളില്‍ ഞാനും ജ്യേഷ്‌ഠനും സാംബശിവന്‍ കഥ പറയുന്നതു കേള്‍ക്കാന്‍ പോയി. മടങ്ങുമ്പോള്‍ കോഴി കൂവിയിരുന്നു. നിലാവിന് പറങ്കിമാവിന്‍ പൂക്കളുടെ ഗന്ധം.

ഞങ്ങളുടെ കുടുംബത്തിന് ഒട്ടേറെ കൃഷിഭൂമിയുണ്ടായിരുന്നു. കൂടുതലും പാട്ടഭൂമി. എന്റെ മുത്തച്ഛന്‍ രാപ്പകല്‍ അധ്വാനിച്ച് കാഞ്ഞിരത്തറയിലെ ജന്മിക്ക് കൃത്യമായി പാട്ടം അളന്നു. കുറേക്കാലം കൊളംബിലായിരുന്നു. 1957ലെ മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം. ഒട്ടേറെ പാട്ടഭൂമികള്‍ ഞങ്ങളുടെ കൈവശഭൂമിയായി. ജീവിതകാലം മുഴുവന്‍ യാത്രയും അധ്വാനവുമായി ജീവിച്ച മുത്തച്ഛന്‍ ആഹ്ളാദചിത്തനായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെപ്പോലെയാണ് മുത്തച്ഛനും കമ്യൂണിസ്റ്റായത്. അക്കാലത്ത് അദ്ദേഹം പതിവായി ദേശാഭിമാനി വായിക്കും. ദിവസവും പത്രം വായിച്ചുകൊടുക്കാന്‍ ജ്യേഷ്‌ഠനുണ്ട്. വീട്ടിലെ കസേരകളും തേടി സഖാക്കള്‍ വരും. അവര്‍ ചോദിക്കും: ഇന്ന് എ കെ ജിക്ക് സെന്ററില്‍ സ്വീകരണമുണ്ട്. ഇവിടത്തെ കസേരകള്‍ എടുത്തോട്ടെ, ചന്തപ്പടിയിലാണ് സ്വീകരണം. എന്റെ വീട്ടിലെ കസേരയിലിരുന്നാണ് എ കെ ജി സംസാരിക്കുന്നത്.

ജീവിതാവസാനകാലത്ത് രണ്ടുവര്‍ഷം തളര്‍വാതം പിടിപെട്ട് മുത്തച്ഛന്‍ ശയ്യാവലംബനായി. ആദ്യമൊക്കെ തെക്കേയിറയത്തെ ഉമ്മറക്കസേരയിലിരുന്ന് കടന്നുപോയ ലോകം നിരീക്ഷിച്ചുകൊണ്ടിരുന്നു. കാഞ്ഞിരത്തറയിലെ പഴയ ജന്മിയുടെ കാടുപിടിച്ച സര്‍പ്പക്കാവും പുഞ്ചപ്പാടങ്ങളും കാക്കകളും കിളികളും നിറഞ്ഞ ഒരു ലോകത്തെ കണ്‍തുറന്നുനോക്കി. താഴെ ചുരുണ്ടുകിടക്കുന്ന പ്രിയങ്കരനായ നായക്ക് താന്‍ കുടിച്ച പാതി പാല്‍ച്ചായ തറയിലൊഴിച്ചുകൊടുത്തു. അവന്‍ അതു നുകരുന്നതും നോക്കി ഭൂതകാല ജീവിതത്തിന്റെ നിസ്സാരതയോര്‍ത്ത് അദ്ദേഹം നിശ്ശബ്ദനായി. പിന്നെ പൂര്‍ണമായും ശയ്യാവലംബനായി കിടക്കയില്‍ മൂത്രമൊഴിച്ചു, മലവിസര്‍ജനം നടത്തി.... അമ്മൂമ്മ പിരാകി. ഉറക്കെ മൂക്കു ചീറ്റി, തേങ്ങലടിച്ചു. എന്റെ അമ്മൂമ്മ സുന്ദരിയായിരുന്നു. അവര്‍ തളര്‍ന്നുപോയിരുന്നു.

ഒരുദിനം മുത്തച്ഛന്‍ ഞങ്ങളെ വിസ്‌മയിപ്പിച്ച് കിടക്കയില്‍ എഴുന്നേറ്റിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാന്‍ കുറേനാളായി ഈ മച്ചും മൂലയും കണ്ടുകിടക്കുന്നു. എന്നെ എണീപ്പിക്കണം. എനിക്കീ പറമ്പു മുഴുവന്‍ നടക്കണം''. അഞ്ചേക്കറിലായി കിടക്കുന്ന പറമ്പ്. കിഴക്ക് പുഞ്ചപ്പാടം. പടിഞ്ഞാറ് നാഷണല്‍ ഹൈവേ സന്ധിക്കുന്നിടംവരെ പറങ്കിമാവുകളും നെല്ലിയും ഞാവല്‍മരങ്ങളും മാവുകളും കട്ടപിടിച്ചുനില്‍ക്കുന്ന പറമ്പ്. രാത്രിയാകുമ്പോള്‍ കുറുക്കന്മാര്‍ സംഘംസംഘമായി ഓരിയിടും. എന്റെ ബാല്യവും കൌമാരവും പിന്നിട്ട ഓര്‍മകളുടെ വിളനിലമാണ് അത്. അന്ന് കക്കൂസുകളില്ല. വലിയ പറമ്പും ശൌച്യംചെയ്യാന്‍ പണിതിട്ട രണ്ടുമൂന്നു കുളങ്ങളും. രാത്രികാലങ്ങളില്‍ അച്ഛനെന്നെ കൂട്ടിനു വിളിക്കും. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പറങ്കിമാവിന്‍കാടുകള്‍... ഭയത്തോടെ ചുറ്റും നോക്കും. നിലാവിന്റെ ഇരുട്ടില്‍ എവിടെയാണ് യക്ഷിയും ഗന്ധര്‍വനും ഭൂതഗണങ്ങളും? എന്റെ ഭയം മനസ്സിലാക്കി അച്ഛന്‍ പറഞ്ഞു: "അതൊക്കെ സങ്കല്‍പ്പകഥകളാണ്. വായിച്ചുവായിച്ച് നിനക്കും അതുപോലെ കഥകളെഴുതാം.'' അച്ഛന്‍ മരണത്തെക്കുറിച്ച് പറഞ്ഞു: "ജനിച്ചാല്‍ എല്ലാവരും മരിക്കും. ആരും ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. അതിനെ നാം ഒരിക്കലും ഭയപ്പെടരുത്''.

അന്നു ഞങ്ങളുടെ ഇരുവശവും പിടിച്ച് മുത്തച്ഛന്‍ പറമ്പുമുഴുവന്‍ നടന്നു. തളര്‍വാതംപിടിച്ച കാലുകള്‍ വേച്ചുവേച്ച് കുട്ടികളെപ്പോലെ നനഞ്ഞ മണ്ണില്‍ ചവിട്ടി. പ്രഭാതത്തിന്റെ ഇളംകാറ്റേറ്റ് കൊറ്റികള്‍ നിരന്നിരിക്കുന്ന പുഞ്ചപ്പാടം ഒരിക്കല്‍ക്കൂടി കണ്ടു. അവിടെ പ്രഭാതത്തിലെ ഇളംകാറ്റ്. പാടത്തിലേക്ക് ജലസേചനം നടത്തുന്ന കുളം മാടിയിട്ടില്ല എന്നു മുത്തച്ഛന്‍ കുറ്റപ്പെടുത്തി. പിന്നെ രണ്ടാള്‍ പിടിച്ചാല്‍ കൈയെത്താത്ത ഭീമാകാരനായ പുളിയന്‍മാവിന്റെ ഉണങ്ങിയ ഇലകള്‍ ചവിട്ടി ആ വൃക്ഷം കുറേനേരം നോക്കിനിന്നു. "എന്റെ അച്ഛന്‍ കുഴിച്ചിട്ട മരമാണിത്''- മുത്തച്ഛന്‍ മുരണ്ടു. നമുക്ക് ഇതുകൊണ്ടൊരു കെട്ടുവെള്ളം തീര്‍ക്കണം. ആ മനസ്സിലൂടെ കായലുകള്‍ താണ്ടുന്ന കെട്ടുവള്ളങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു...

അന്നു രാത്രി മുത്തച്ഛന്‍ മരിച്ചു. ഞങ്ങള്‍ കരഞ്ഞു. പിന്നീട് രാത്രിയുടെ ഏകാന്തതയില്‍ തൊട്ടടുത്ത ഇടവഴിയിലൂടെ നടന്നുപോയ പലരും മുത്തച്ഛനെ കണ്ടു. ഒരു നെയ്ത്തിരി വെളിച്ചത്തില്‍ തന്റെ ശവകുടീരത്തില്‍ ഭീമാകാരനായ മുത്തച്ഛന്‍ ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്നു.

പുതുമഴ പെയ്താല്‍ പറമ്പുനിറയെ പയര്‍വിത്ത് നടും. ആദ്യമൊക്കെ മുത്തച്ഛന്റെ ശവകുടീരം മാത്രം ബാക്കിയിട്ട്. പിന്നീട് ശവകുടീരത്തിലും. അവ ഇലയും പയറും തന്ന് ഞങ്ങളെ ഊട്ടി. മുത്തച്ഛന്റെ ഉപ്പും നീരും വലിച്ചെടുത്ത പയര്‍മണികള്‍ ആകാശപ്പയര്‍മരങ്ങളായി ജാക്ക് ആന്‍ഡ് ജില്‍ കഥയിലെപ്പോലെ പയര്‍മരത്തിന്റെ വള്ളികള്‍ പിടിച്ചുകയറി. ഞങ്ങള്‍ ആകാശങ്ങള്‍ തേടിനടന്നു. വഴിയിലുടനീളം രാക്ഷസന്മാരുണ്ടായിരുന്നു

*****

കൃഷ്ണദാസ്, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: