ഭരണമേറ്റ് ആറുമാസം കഴിയുന്നതിന് മുമ്പ് ഒരു ഭരണാധികാരിയെ വിലയിരുത്തുന്നത് വലിയൊരു അവിവേകമാകുമെന്നുള്ളതില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ലോകമെമ്പാടുമുള്ള പുരോഗമന ചിന്താഗതിക്കാരുടെ ആവേശമായി തീര്‍ന്ന ഒബാമയില്‍ അവര്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചെങ്കില്‍ അതിന് അവരെ നമുക്ക് പഴിചാരുവാനും പറ്റില്ല. കാരണം ലോകസാമ്രാജ്യത്വത്തിന്റെ തലപ്പത്താണ് അപ്രതീക്ഷിതമായി 'ഇളക്കിപ്രതിഷ്ഠ' ഉണ്ടായത്. ഈ ചുരുങ്ങിയ കാലയളവില്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടവയും, വിമര്‍ശിക്കപ്പെടേണ്ടവയുമായ എന്തെല്ലാമാണ് ഒബാമ ഭരണകൂടം ചെയ്തതെന്ന് ഹ്രസ്വമായി ഒന്ന് പരിശോധിക്കുകയാണിവിടെ.
ആശ്വാസ നടപടികള്‍
അധികാരമേറ്റശേഷം പ്രസിഡണ്ട് ഒബാമ ആദ്യം ഒപ്പുവെച്ച ബില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം അനുവദിക്കുന്ന നിയമത്തിനായിരുന്നു. ഇതിനെതിരെ അമേരിക്കന്‍ വ്യവസായികളില്‍ നിന്നും വന്‍കിട കര്‍ഷക മുതലാളിമാരില്‍ നിന്നും മുറുമുറുപ്പും അടക്കിപ്പിടിച്ച പ്രതിക്ഷേധസ്വരങ്ങളും ഉയര്‍ന്നെങ്കിലും അമേരിക്കന്‍ തൊഴിലാളികള്‍ ഏറെക്കാലമായി മുറവിളികൂട്ടിക്കൊണ്ടിരുന്ന ഒരാവശ്യമാണ് ഈ നിയമനിര്‍മ്മാണം (Lilly Ledbetter Fair Pay Act) വഴി ഒബാമ അനുവദിച്ചത്.
തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ കുട്ടികളുടെ ആരോഗ്യസംരക്ഷണകാര്യത്തില്‍ സുപ്രധാനമായ ഒരു കാല്‍വെപ്പായിരുന്നു ആരോഗ്യ ചികിത്സ ഇന്‍ഷൂറന്‍സ് നിഷേധിക്കപ്പെട്ട നാല് ശതലക്ഷം (4 Billion) കുട്ടികള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്ന Schip സ്കീം നിയമനിര്‍മ്മാണം വഴി പ്രാബല്യത്തില്‍കൊണ്ടുവന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരസ്യങ്ങള്‍ വഴിയും, ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള തങ്ങളുടെ ചൊല്‍പിടിക്കുനില്‍ക്കുന്ന സെനറ്റര്‍മാര്‍ വഴിയും, ഒബാമയെ ഈ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ നോക്കിയെങ്കിലും, ഒബാമ അതിന് വഴങ്ങിയില്ല.
ഇന്ന് അമേരിക്കന്‍ ജനങ്ങളുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഒന്നാണ് 787 ശതലക്ഷം ഡോളറിന്റെ സ്റ്റിമുലേഷന്‍ ബില്‍. ഫെബ്രുവരി 17-ാം തിയ്യതി ഒബാമ അതില്‍ ഒപ്പുവെച്ചു. ഒട്ടേറെസവിശേഷതകള്‍ അടങ്ങുന്ന സാമൂഹിക നിയമനിര്‍മ്മാണമായിട്ടാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്. മൂന്ന് ദശലക്ഷം പുതിയതൊഴില്‍ സൃഷ്ടിക്കുന്നതിനും അത്രതന്നെ വരുന്ന നിലവിലുള്ള (ചാഞ്ചാടി നില്കുന്ന) തൊഴില്‍ സംരക്ഷിക്കുന്നതിനും ഇത് സഹായകമാകും. സാമൂഹിക സംരക്ഷണ പദ്ധതികളായ, ഫുഡ് സ്റ്റാമ്പ്, മെഡിക്കേഡ്, പാര്‍പ്പിടവായ്പ, തൊഴിലില്ലായ്മാ വേതനം എന്നിവയ്ക്ക് 208 ശതലക്ഷം ഡോളറാണ് നീക്കിവെച്ചിപിക്കുന്നത്. വിദ്യാഭ്യാസത്തിന് മാത്രം 91 ശതലക്ഷം ഡോളര്‍ ചെലവഴിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിന് 81 ശതലക്ഷം ഡോളറും, ഊര്‍ജ്ജ രംഗത്ത് 50 ശതലക്ഷം ഡോളറും ചെലവഴിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഖജനാവിലെ പണം ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതില്‍ അരിശംപൂണ്ട സമ്പന്ന ലോബികള്‍ ഒബാമക്കെതിരെ തലങ്ങും വിലങ്ങും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ഇത് വിലപോകുന്നില്ലെന്ന് മാത്രം.
ഗ്വാണ്ടാനാമോ, തടവറ അടച്ചുപൂട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതുവഴി ഒബാമ മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനം കൂടി നിറവേറ്റിയിരിക്കുകയാണ്. ഗ്വാണ്ടാനാമോ മാത്രമല്ല ലോകത്തിന്റെ പലയിടങ്ങളിലുമുള്ള സി.ഐ.എ.യുടെ രഹസ്യ ജയിലറകളും അടച്ചുപൂട്ടുവാനും ഒബാമ സി.ഐ.എ. ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിധ പ്രാകൃത പീഢനമുറകളും ഉടനടി നിര്‍ത്തലാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്വാണ്ടനാമോ ജയിലറ പൂര്‍ണ്ണമായും നിര്‍ത്തലാക്കുവാനും അവിടെ വിചാരണകാത്തുകഴിയുന്ന അന്തേവാസികളെ മാറ്റി പാര്‍പ്പിക്കുവാനും രണ്ടുകൊല്ലത്തോളം വേണ്ടിവരുമെങ്കിലും പുതിയതായി ആരേയും അവിടെ കൊണ്ടുപോയി കാടന്‍ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കില്ലല്ലോയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമാധാനിക്കുന്നത്.
ബുഷ് ഭരണകൂടത്തിന്റെ അന്ത്യനാളുകളില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ പലനടപടികളും ഒന്നൊന്നായി റദ്ദാക്കിക്കൊണ്ടിരിക്കുകയാണ് ഒബാമ ഭരണകൂടം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ റെഡ് റോക്ക് പ്രദേശത്ത് എണ്ണപ്രകൃതിപാതക ഉല്‍പാദനത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് പതിച്ച് നല്‍കിയ 1,30,000 ഹെക്ടര്‍ പൊതുസ്ഥലം. ബുഷ്-ചെന്നി പ്രഭൃതികളുടെ താല്‍പര്യം പരസ്യമായി പ്രകടമാക്കുന്ന ഒരു പാട്ടകരാറായിരുന്നു അത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാതെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന വന്‍കിട എണ്ണകുത്തകകള്‍ക്ക് ഏറെ വലിയ പ്രഹരമായിരുന്നു ഇത് റദ്ദാക്കിക്കൊണ്ടുളള ഉത്തരവ്. വികസനവും പ്രകൃതി-പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. മാരകരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ കഴിയുമെന്ന് പറഞ്ഞ് Stem cell researchനായി ബുഷ് നീക്കിവെച്ച ഫെഡറല്‍ഫണ്ടും ഒബാമറദ്ദാക്കി. വന്‍കിടഔഷധ നിര്‍മ്മാണ കമ്പനികളെ പിന്‍വാതിലിലൂടെ സഹായിക്കുന്നതിനുളള കുറുക്കുവഴിയാണിതെന്ന വ്യാപകമായ ആരോപണവും ഉയര്‍ന്നിരുന്നു.
ബജറ്റ്
വളരെ സുപ്രധാന സാമൂഹിക സുരക്ഷാപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒന്നാണ് 2010 ലേക്കുളള ഒബാമയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. ബജറ്റ് തുകയുടെ അമ്പതുശതമാനവും മെഡിക്കേയര്‍ (Medicare), മെഡിക്കേയ്ഡ് (Medicaid) എന്നീ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കും, പാര്‍പ്പിട സൌകര്യങ്ങള്‍ വര്‍ദ്ധപ്പിക്കുന്നതിനും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 634 ശതലക്ഷം ഡോളറാണ് പൊതുജനാരോഗ്യ സംരക്ഷണഫണ്ട് (Health care reserve fund) എന്ന പേരില്‍ കരുതല്‍ ഫണ്ടായി നീക്കിവെക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അമേരിക്കന്‍ സമ്പന്നവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ നേരിടുന്ന ഒരു പ്രധാനബജറ്റ് നിര്‍ദ്ദേശം അവര്‍ക്ക് നാളിതുവരെ അനുവദിച്ചുകിട്ടിയിരുന്ന നികുതിയിളവ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചാണ്. ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ 2,50,000 ദശലക്ഷം ഡോളറിനു മുകളില്‍ പാര്‍പ്പിട വരുമാനമുളളവര്‍ക്ക് വര്‍ദ്ധിച്ച ടാക്സ് നല്‍കേണ്ടിവരും ഇത് ബാധിക്കുവാന്‍ പോകുന്നത് വന്‍കിട കോര്‍പ്പറേഷനുകളേയും, സമ്പല്‍സമൃദ്ധിയില്‍ ആറാടുന്ന കോടീശ്വരന്മാരേയുമാണ്. അടുത്ത പത്തുവര്‍ഷത്തിനുളളില്‍ 600 ശതലക്ഷം ഡോളര്‍ ഈ ഇനത്തില്‍ മാത്രം ശേഖരിക്കുവാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒബാമക്ക് സോഷ്യലിസ്റ്റ് ജ്വരം പിടിപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിനേതാക്കളുടെയും സമ്പന്നലോബികളുടെയും ആരോപണം. ഇതിനെ തങ്ങള്‍ സെനറ്റിലും പുറത്തും പല്ലും നഖവും കൊണ്ട് എതിര്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഏതെങ്കിലും വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന പ്രസിഡണ്ടാണ് ഒബാമെയന്ന് കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരായ അമേരിക്കക്കാര്‍പോലും അധിക്ഷേപിക്കുന്നില്ല എന്നത് ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. ബജറ്റിലെ മറ്റു നിര്‍ദ്ദേശങ്ങളും സാധാരണഅമേരിക്കന്‍ പൌരന്‍മാര്‍ക്ക് ആശ്വാസം നല്‍കുന്നവയാണ്. അതിവിടെ പരാമര്‍ശിക്കുന്നില്ലെന്ന് മാത്രം.
വിദേശനയം
ലോക സാമ്രാജ്യത്ത്വത്തിന്റെ ആസ്ഥാനവും നിയന്ത്രണകേന്ദ്രവും എന്നനിലയില്‍ നാളിതുവരെ അമേരിക്ക പിന്തുടര്‍ന്ന് വന്ന നയങ്ങളില്‍ നിന്ന് പെട്ടന്ന് ഒരുമാറ്റം കൊണ്ടുവരിക അത്ര എളുപ്പമുളള കാര്യമല്ല. യുദ്ധകൊതിയന്മാരായ പിന്‍ഗാമികള്‍ നല്‍കിയിട്ടുളള പല ഉറപ്പുകളില്‍ നിന്നും ഒരു തരത്തിലും തലയൂരാന്‍ പറ്റാത്തവിധം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് അമേരിക്കയുടെ വിദേശബന്ധങ്ങള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ ഇറാക്കില്‍ നിന്നുളള അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഫെബ്രുവരി 27 ലെ ഒബാമയുടെ നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ പെന്റഗണിനും, ഡിഫന്‍സ് സെക്രട്ടറിക്കും നല്‍കി കഴിഞ്ഞു. 2011 ന് മുമ്പ് മുഴുവന്‍ അമേരിക്കന്‍ പട്ടാളക്കാരേയും ഇറാക്കില്‍നിന്നും പിന്‍വലിക്കും, അമേരിക്കന്‍ ജനതയെ പട്ടിണിക്കിട്ട് യുദ്ധത്തിന് പണം വാരിക്കോരി കൊടുത്ത ബുഷ്- ചെന്നികൂട്ടുകാര്‍ക്ക് ഈ നീക്കം ഒട്ടം രസിച്ചിട്ടില്ല. ഇറാക്കിനെവീണ്ടും ചെന്നായ്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നു എന്നായിരുന്നു ഈ തീരുമാനത്തിന്റെ വാര്‍ത്തകൊടുത്ത 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' തലക്കെട്ട് നല്‍കിയത്. ബുഷ് ഭരണകൂടവും ഇറാക്കിലെ പാവഭരണകൂടവും തമ്മില്‍ ഉണ്ടാക്കിയിട്ടുളള Status of forces agreement ലെ വ്യവസ്ഥകള്‍ ലംഘിക്കാതെമാത്രമെ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയൂ എന്നാണ്, ഉടനടി എല്ലാ പട്ടാളനടപടികളും റദ്ദാക്കി മുഴുവന്‍ പട്ടാളക്കാരേയും പിന്‍വലിക്കണമെന്ന വിവിധയുദ്ധവിരുദ്ധ സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിച്ച വൈറ്റ്ഹൌസ് വക്താവ് പറഞ്ഞത്. ഒബാമയുടെ തന്നെ വാക്കുകള്‍ ഉദ്ധരിക്കുന്നത് ഇത്തരുണത്തില്‍ ഒബാമയുടെ തന്നെ വാക്കുകള്‍ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. “we need to be as careful to get out as we were careless to get in”
കടുത്ത വിമര്‍ശനം
ഒബാമയുടെ മെല്ലെ പോക്കുനയത്തില്‍ അമര്‍ഷവും അരിശവുംപൂണ്ട പുരോഗമന ചിന്താഗതിക്കാരായ വ്യക്തികളും സംഘടനകളും അതിരൂക്ഷമായ ഭാഷയിലാണ് ഒബാമയെ വിമര്‍ശിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായി അവര്‍ ചൂണ്ടികാണിക്കുന്നതു മധ്യപൂര്‍വ്വദേശത്ത് ഒബാമ സ്വീകരിക്കുന്ന തണുപ്പന്‍നയമാണ്. ഇസ്രേയില്‍ പലസ്തീനില്‍ നടത്തുന്ന മനുഷ്യകുരുതിയെ നിശിതമായി വിമര്‍ശിക്കുവാനോ, അതിനെതിരെ നടപടികള്‍ സ്വീകരിക്കുവാനോ, ഒബാമ മുതിരുന്നില്ലാ എന്നുളളതാണ്. ഇതിനുപിന്നില്‍ അമേരിക്കിയിലെ രണ്ടു പ്രധാന രാഷട്രീയകക്ഷികള്‍ക്കുളളില്‍ നിര്‍ണായക സ്വാധീനമുളള ജൂതലോബിയാണ്. ഒബാമയേയും തങ്ങളുടെ സ്വാധീനവലയത്തിലാക്കുവാന്‍ അവര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. നിരവധി പ്രചാരമുളള പത്ര ദൃശ്യമാധ്യമങ്ങളും കയ്യടക്കിവെച്ചിരിക്കുന്നത് സമ്പന്നരായ ജൂതന്മാരാണ്. യുദ്ധവ്യവസായ മടക്കം. (Military Industry) പല വന്‍കിട വ്യവസായഗ്രൂപ്പുകളും നിയന്ത്രിക്കുന്നതും അവരാണ്. ഇസ്രയേലിന് സാമ്പത്തികമായും സൈനികമായും സഹായമെത്തിച്ച് നിലനിര്‍ത്തുന്നത് ഈ സമൂഹമാണ്. ഈ വിഭാഗത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെയാണ് ഒബാമ 900 ദശലക്ഷം ഡോളര്‍ പലസ്തീന് സാഹയമായി നല്‍കിയത്.
തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച നയങ്ങള്‍ അതേപടി നടപ്പിലാക്കുകതന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഒബാമ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിന് കാലയളവ് നിശ്ചയിക്കുക പ്രയാസമാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വ്യക്താക്കള്‍ പറയുന്നു. ജനങ്ങള്‍ അക്ഷമരാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയില്‍ കിടന്നുനട്ടംതിരിയുന്ന അമേരിക്കന്‍ ജനത ഒബാമയില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്.
ഒബാമ ഭരണത്തെ വിലിയിരുത്തുമ്പോള്‍ 2004 ല്‍ താരിക്ക് അലിയുമായി ഹുഗോഷാവേസ് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ വാചകങ്ങള്‍ പ്രസക്തമാണെന്ന് തോന്നുന്നു.
“I believe it is better to die in battle rather than hold afloat a very revolutionary and pure banner and do nothing...”
*
(അമേരിക്കയില്‍ നിന്ന് സ:എന്‍.കെ. കണ്ണന്‍ മേനോന്‍)
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍ ലക്കം 73
Subscribe to:
Post Comments (Atom)
1 comment:
ഭരണമേറ്റ് ആറുമാസം കഴിയുന്നതിന് മുമ്പ് ഒരു ഭരണാധികാരിയെ വിലയിരുത്തുന്നത് വലിയൊരു അവിവേകമാകുമെന്നുള്ളതില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ലോകമെമ്പാടുമുള്ള പുരോഗമന ചിന്താഗതിക്കാരുടെ ആവേശമായി തീര്‍ന്ന ഒബാമയില്‍ അവര്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചെങ്കില്‍ അതിന് അവരെ നമുക്ക് പഴിചാരുവാനും പറ്റില്ല. കാരണം ലോകസാമ്രാജ്യത്വത്തിന്റെ തലപ്പത്താണ് അപ്രതീക്ഷിതമായി 'ഇളക്കിപ്രതിഷ്ഠ' ഉണ്ടായത്. ഈ ചുരുങ്ങിയ കാലയളവില്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടവയും, വിമര്‍ശിക്കപ്പെടേണ്ടവയുമായ എന്തെല്ലാമാണ് ഒബാമ ഭരണകൂടം ചെയ്തതെന്ന് ഹ്രസ്വമായി ഒന്ന് പരിശോധിക്കുകയാണിവിടെ
Post a Comment