Monday, September 28, 2009

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം സംഘടിത മതങ്ങള്‍ക്കും മതബോധത്തിനും ലഭിച്ച വ്യാപകമായ അംഗീകാരം ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു. ഇതോടൊപ്പം മധ്യേഷ്യയില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വരാഷ്‌ട്രീയ-സാംസ്‌ക്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ 'ഇസ്ളാമിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ ഇസ്ളാമിന്റെ ജിഹാദി പാരമ്പര്യം തിരിച്ചുപിടിക്കേണ്ടത് ആവശ്യമാണെന്ന പൊതുബോധം, മധ്യേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളിലേക്ക് പെട്രോഡോളര്‍ പ്രവഹിക്കാന്‍ കാരണമായി. ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനവും ജിഹാദിന്റെ വീണ്ടെടുപ്പും സാമ്രാജ്യത്വവിരുദ്ധ വികാരവും കൂടിച്ചേര്‍ന്ന് സൃഷ്‌ടിച്ച ഇസ്ളാമിക തീവ്രവാദം പെട്രോഡോളറിന്റെ ഒഴുക്കോടുകൂടി ശക്തമായ സായുധസംഘങ്ങള്‍ക്ക് ജന്മം നല്‍കി.

താലിബാന്റെ വരവ്

ഇസ്ളാമിക തീവ്രവാദത്തിന്റെ പൊതുപശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ ഉയര്‍ന്നുവന്നത്. 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന 'താലിബ് ' എന്ന പുഷ്‌തുഭാഷയിലെ പദത്തിന്റെ ബഹുവചനരൂപമാണ് താലിബാന്‍. അറബിയില്‍ നിന്നും പുഷ്‌തുഭാഷ കടം കൊണ്ടവാക്കാണിത്. അഫ്‌ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 മുതലമാണ് താലിബാന്‍- അഫ്‌ഗാന് അംഗീകാരം നല്‍കിയത്. താലിബാന് ‍- അഫ്‌ഗാനിസ്ഥാന്റെ ഔദ്യോഗികനാമം 'ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി മുജാഹിദ്ദീന്‍ സംഘങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ വളര്‍ന്നുവന്നിരുന്നു. 1980 കളില്‍ റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് വന്‍തോതില്‍ ആയുധങ്ങളും പടക്കോപ്പുകളും മുജാഹിദ്ദീന്‍ സംഘങ്ങള്‍ക്ക് നല്‍കി. 1987 ല്‍ മാത്രം 65000 ടണ്‍ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും അഫ്‌ഗാനിസ്ഥാനിലേക്ക് ഒഴുകി. അഫ്‌ഗാന്‍ മുജാഹിദ്ദീന്‍ സംഘങ്ങള്‍ വംശീയാടിസ്ഥാനത്തിലാണ് സംഘടിച്ചിരുന്നത്. താജിക്കുകള്‍, ഉസ്‌ബെക്കുകള്‍, മംഗളോയ്‌സ് വംശജരായ ഹസാരകള്‍ എന്നീ വംശീയ വിഭാഗങ്ങള്‍ വടക്കന്‍ അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒളിപ്പോര്‍ സംഘടിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ പത്താന്‍ വംശജര്‍ 1990 കളുടെ തുടക്കത്തിലാണ് സംഘടിക്കപ്പെട്ടത്. വടക്കന്‍ പ്രദേശം നിയന്ത്രിക്കുന്ന വംശീയ വിഭാഗങ്ങളോടുള്ള പ്രതിഷേധമാണ് പത്താന്‍ തീവ്രവാദത്തിന്റെ തുടക്കത്തിന് കാരണമായത്. ഹെൿമത്യാര്‍ നേതൃത്വം നല്‍കുന്ന ഉസ്‌ബെക്ക് മുജാഹിദ്ദീനുകള്‍ ഒരു പത്താന്‍ കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതാണ് താലിബാന്റെ രൂപീകരണത്തിന് മുല്ല ഉമറിനെ പ്രേരിപ്പിച്ച ഘടകമെന്ന വാദം ശക്തമാണ്. പ്രസ്‌തുത കഥ താലിബാന്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. മുജാഹിദീനുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും അനിസ്ളാമിക ജീവിതവും മുല്ല ഉമറിനെ പുതിയൊരു വിപ്ളവപാത തുറക്കാന്‍ പ്രേരിപ്പിച്ചു എന്നു കരുതുന്നതില്‍ തെറ്റില്ല.

പാക്കിസ്ഥാനിലെ മതപഠന ശാലകളില്‍ പഠിച്ച അഫ്‌ഗാന്‍ അഭയാര്‍ത്ഥികളാണ് താലിബാന്‍ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരായ മുല്ലമാരും ചേര്‍ന്ന ഒരു സായുധസംഘമാണ് താലിബാന്‍. തെക്കന്‍ അഫ്‌ഗാനിസ്ഥാന്‍, തെക്കന്‍ പാക്കിസ്ഥാന്‍, പാക്- അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ്ഗമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താലിബാന്‍ പോരാളികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്.

താലിബാന്‍: പ്രത്യയശാസ്‌ത്രം

പാക്കിസ്ഥാനിലെ 'ജാമിയത്ത്- ഉലമ- ഇ-ഇസ്ളാം' ആണ് താലിബാന് ആശയ അടിത്തറ നല്‍കിയത്. ദിയോബാന്‍ഡ് സ്‌കൂളിന്റെ ഖുര്‍-ആന്‍ വ്യാഖ്യാനങ്ങള്‍, വഹാബിസം എന്നിവയാണ് താലിബാന്റെ പ്രത്യയശാസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ താലിബാന്‍ ഒരു സുന്നി- വഹാബി- ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമാണ്. ഇസ്ളാമിക മതമൌലികവാദത്തോടൊപ്പം പഷ്‌തൂണ്‍ വംശീയ ദേശീയതയുംകൂടി ചേര്‍ന്നപ്പോള്‍ താലിബാന്‍ ഏറ്റവും യാഥാസ്ഥിതികമായ ഭീകരപ്രസ്ഥാനമായിമാറി. ഇസ്ളാമിക സ്വത്വത്തോടൊപ്പം പഷ്‌തൂണ്‍ വംശീയവാദ രാഷ്‌ട്രീയ നിലപാടുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരേ സമയം താലിബാന്‍ ഒരു ഇസ്ളാമിക മതമൌലികവാദ - പഷ്‌തൂണ്‍ വംശീയ രാഷ്‌ട്രീയപ്രസ്ഥാനമായി മാറി.

താലിബാന്‍ പോരാളികളില്‍ ബഹുഭൂരിപക്ഷം പത്താന്‍ വംശജരാണ്. പത്താന്‍ പോരാളികളില്‍ 95 ശതമാനത്തോളം ദുറാനി പത്താനികളാണ്. ഇതോടൊപ്പം നോര്‍ത്ത് ആഫ്രിക്ക, പശ്ചിമേഷ്യന്‍ റിപ്പബ്ളിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ജിഹാദിപ്രസ്ഥാനത്തിലംഗങ്ങളായ ഒരു സംഘം വളണ്ടിയര്‍മാരും താലിബാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1996 ല്‍ സുഡാനില്‍ നിന്നും ബിന്‍ലാദന്‍ അഫ്‌ഗാനിസ്ഥാനിലെത്തിയതോടെ അല്‍- ഖ്വയ്‌ദ പോരാളികള്‍ '055' 'ബ്രിഗേഡ് ' എന്ന പേരില്‍ താലിബാനില്‍ ലയിച്ചു.

അഹമ്മദ് ഷാ മസൂദ് നേതൃത്വം നല്‍കുന്ന വടക്കന്‍ സഖ്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. 1998 ൽ വടക്കന്‍ നഗരമായ മാസാര്‍- ഇ- ഷറീഫ് ആക്രമിച്ച താലിബാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം 8000 ആളുകളെ കശാപ്പു ചെയ്തു. ഉസ്‌ബെക്കുകളേയും ഹസാരകളേയും കൂട്ടക്കൊല ചെയ്‌തത് വംശീയ ഉന്മൂലനമായിരുന്നു. ഇസ്ളാമിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ശവശരീരങ്ങള്‍ മറവുചെയ്യാന്‍ അനുവദിക്കാതെ 6 ദിവസം ചീഞ്ഞഴുകാന്‍ വിട്ടശേഷമാണ് താലിബാന്‍ പിന്‍വാങ്ങിയത്.

താലിബാന്‍ അധികാരത്തില്‍ വന്ന ഉടനെ താജിക്ക്, ഉസ്‌ബെക്ക്, ഹസാര ബ്യൂറോക്രാറ്റുകളെ മുഴുവന്‍ പിരിച്ചുവിട്ടു. പഷ്‌തൂണ്‍ ആധിപത്യം ഇതര ഗോത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ഷിയാകളെ വഹാബികളേയും ദിയോബന്ദികളേയും പോലെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ചു. ഷിയാ വിശ്വാസികളായ മംഗളോയ്‌സ് വംശജരായ ഹസാരമുസ്ളീങ്ങളെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ച് കൊന്നൊടുക്കി. അഫ്‌ഗാന്‍ ജനസംഖ്യയുടെ 10 % ഹസാരകളാണ്.

ആധുനികതയോട് കടുത്ത വിയോജിപ്പാണ് താലിബാന്‍ പ്രകടിപ്പിച്ചത്. ഷരിയ നിയമങ്ങളും പഷ്‌തൂണ്‍ ഗോത്രനിയമങ്ങളും ചേര്‍ത്ത നിയമസംഹിതയാണ് ഭരണ (പഷ്‌തൂണ്‍ വാലി)ത്തിന്റെ അടിസ്ഥാനശില. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സകല അതിര്‍ത്തികളും താലിബാന്‍ ഉല്ലംഘിച്ചു. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ് എന്നിവ സ്‌ത്രീകള്‍ക്ക് നിഷിദ്ധമാക്കി. വഹാബി പര്‍ദ്ദ നിര്‍ബന്ധമാക്കി. അരുവിയില്‍ തുണിയലക്കുന്നത്, തയ്യല്‍ക്കാരന്‍ അളവെടുക്കുന്നത്, ടാക്സിയില്‍ അടുത്ത ബന്ധുവായ പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കുന്നത് എന്നിവ നിരോധിച്ചു. ഇതൊടൊപ്പം ടി വി സിനിമ, വീഡിയോ, നൃത്തം, വീട്ടില്‍ ചിത്രങ്ങള്‍ തൂക്കിയിടുന്നത്, സ്പോര്‍ട്സ് പരിപാടികളില്‍ കൈയടിക്കുന്നത്, പട്ടം പറത്തല്‍, പന്നി, പന്നിനെയ്യ്, മനുഷ്യന്റെ മുടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെസ്സ്, മുഖംമൂടി, കമ്പ്യൂട്ടര്‍, മദ്യം, ലൈംഗികത, വീഞ്ഞ്, പടക്കം പ്രതിമ, സംഗീതം, താടിവടിക്കല്‍ എന്നിവ നിരോധിച്ചു. ചുരുക്കത്തില്‍ ആധുനികതയുടെ അടയാളങ്ങളായ സകലിതിനേയും താലിബാന്‍ നിഷിദ്ധമാക്കി. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉല്പന്നങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും അവര്‍ യഥേഷ്‌ടം ഉപയോഗിച്ചു.

നിഗൂഢാത്മകവും, സമഗ്രാധിപത്യപരവുമായ സൈനിക ഭരണകൂടമാണ് താലിബാന്‍ സ്ഥാപിച്ചത്. പോരാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഭക്ഷണം, വസ്‌ത്രം, ആയുധങ്ങള്‍, ഷൂസ് എന്നിവയാണ് ഭരണകൂടം പോരാളികള്‍ക്ക് നല്‍കിയത്. ഓരോ പോരാളിയുടേയും ഏറ്റവും പ്രധാനകടമ 'വിശുദ്ധയുദ്ധ'ത്തില്‍ അണിചേരുകയാണ്. ഇഹലോകവാസം എന്തുകൊണ്ടും മോശമാണ്. അതിനാല്‍ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗം നേടുകയാണ് ഓരോ പോരാളിയുടേയും കടമ. ഇസ്ളാമിക പ്രത്യയശാസ്ത്രം 'സ്വയം രക്തസാക്ഷിയായി സ്വര്‍ഗ്ഗം നേടാന്‍' സഹായിക്കുന്ന ഒന്നായി താലിബാന്‍ വ്യാഖ്യാനിച്ചു. '1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കുക, പ്രവാചകനും ഖലീഫമാരും നടത്തിയതുപോലെ വിശുദ്ധയുദ്ധം നടത്തുക.' ഇതായിരുന്നു മുല്ല ഉമറിന്റെ ആഹ്വാനം.

പാക്-താലിബാന്‍

ചരിത്രത്തില്‍ അഭിരമിക്കുന്ന മതഭ്രാന്തും വംശീയഭ്രാന്തും തലയ്‌ക്കു പിടിച്ച താലിബാന്‍ പ്രസ്ഥാനത്തെ വടക്കന്‍ സഖ്യവും നാറ്റോ സൈന്യവും ചേര്‍ന്ന് 2001 ല്‍ പുറത്താക്കിയെങ്കിലും ഇതിനകം തന്നെ പാക്കിസ്ഥാന്റെ ഗോത്രമേഖലയിലേക്ക് താലിബാന്‍ വ്യാപിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ക്ക് യുദ്ധതന്ത്രവും പരിശീലനവും നല്‍കിയിരുന്നത് ഐ എസ് ഐ ആണ്. താലിബാന്‍ പ്രത്യയശാസ്‌ത്രത്തിന് ഐ എസ് ഐ യിലും പാക്ക് സൈന്യത്തിനും നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

2001-ല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ചിതറപ്പെട്ട താലിബാന്‍ 2004 ല്‍ പുന:സംഘടിക്കപ്പെട്ടു. 2007 ഡിസംബറില്‍ പാക് താലിബാന്‍ പ്രഖ്യാപിക്കപ്പെട്ടു. ' തെഹ്രീക്ക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍' എന്ന പേരിലാണ് പാക് താലിബാന്‍ സംഘടിക്കപ്പെട്ടത്. ജാമിയത്ത് - ഉലമ- ഇസ്ളാം (ജെയുഐ)യുടെ തലവന്‍ മൌലാനാ ഫസല്‍ ഉര്‍റഹ്മാനാണ് പാക്താലിബാന്റെ ബുദ്ധിസ്രോതസ്സ്. ബേനസീര്‍ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്ന ഫസല്‍ ഉര്‍ റഹ്മാന്‍ അവര്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടി. ഐ എസ് ഐ യിലും ഗവണ്‍മെന്റിലും താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഒരു പരിധിവരെ ഐ എസ് ഐ യെ താലിബാന്‍ വല്‍ക്കരിക്കുവാനും ഫസല്‍ ഉര്‍ റഹ്മാന് സാധിച്ചു. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തും ജിഹാദിസംഘങ്ങള്‍, ഐ എസ് ഐ, പാക് സൈന്യം എന്നിവയെ കൂട്ടിയിണക്കുന്ന കണ്ണിയായി ജെ യു ഐ യും മൌലാനഫസല്‍ ഉര്‍ റഹ്മാനും തുടര്‍ന്നു.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ 15000 ഓളം വരുന്ന ലഷ്‌ക്കര്‍ അഥവാ പരമ്പരാഗത ഗോത്രസേനാംഗങ്ങള്‍ പാക് പത്താന്‍ മേഖലയിലേക്ക് പലായനം ചെയ്‌തു. ക്രമേണ ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ സേനാംഗങ്ങള്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗമേഖലയാകെ നിയന്ത്രണത്തിലാക്കി. അഫ്‌ഗാനിസ്ഥാനിലെ ഹമീദ് കര്‍സായി ഗവണ്‍മെന്റ്, പാകിസ്ഥാനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2004നുശേഷം തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ താലിബാന് സാധിച്ചു.

പാക്കിസ്ഥാനെ അമേരിക്കന്‍ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഇസ്ളാമികവല്‍ക്കരിക്കുക അഥവാ താലിബാന്‍ വല്‍ക്കരിക്കുക എന്ന ലക്ഷ്യം 2007 ഓടുകൂടി മുഖ്യ അജണ്ടയായി താലിബാന്‍ സ്വീകരിച്ചു. ഐ എസ് ഐ, പാക് സൈന്യം, പാക് നിയന്ത്രിത കാശ്‌മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസംഘങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണ താലിബാന് ലഭിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ ജനാധിപത്യഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാന്‍ താലിബാന് പ്രചോദനമായി. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും മേല്‍ക്കൈയുള്ള പാക് ഭരണകൂടത്തിനെതിരായ പത്താന്‍ വംശീയദേശീയതയുടെ ശക്തമായ എതിര്‍പ്പും താലിബാനെ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് നയിച്ചു. മേഖലയിലെ ഗോത്രമുഖ്യന്‍മാരുടെ കലവറയില്ലാത്ത പിന്തുണ താലിബാന് ലഭിച്ചതോടുകൂടി സ്വാത് വാലി, ബ്യൂണര്‍ജില്ല, തെക്കന്‍ പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ സമാന്തര ഭരണകൂടമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക് സൈന്യവും ഭരണകൂടവും താലിബാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ദാരി ഗവണ്‍മെന്റ് താലിബാനുമായി കരാറിലെത്തുകയും ഫെബ്രുവരി 18, 2009 മുതല്‍ സ്വാത് താഴ്വരയില്‍ 'ഷരിയനിയമം' (പഷ്‌തൂണ്‍ വാലി) നടപ്പാക്കുകയും ചെയ്‌തു. അധികം വൈകാതെ ബ്യൂണര്‍ ജില്ലയും കടന്ന് ഇസ്ളാമബാദ് പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടിക്ക് നിദാനം. നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ താലിബാനെ താത്ക്കാലികമായി തുരത്താന്‍ കഴിഞ്ഞെങ്കിലും ഗോത്രവര്‍ഗ്ഗസംസ്‌ക്കാരം നിലനില്‍ക്കുന്ന പാക്-അഫ്‌ഗാന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാന്നിധ്യമായി താലിബാന്‍ തുടരാനാണ് സാധ്യത.

താലിബാനെ ഒരു യഥാര്‍ത്ഥ ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമായി കാണാന്‍ കഴിയില്ല. അല്‍-ഖ്വയ്‌ദ ബന്ധം താലിബാനെ ആഗോള ജിഹാദി പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ത്തുവെങ്കിലും വംശീയ സ്വത്വബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇസ്ളാമിന്റെ മാനവിക മൂല്യങ്ങളുടെ സ്ഥാനത്ത് പത്താന്‍ ഗോത്ര മൂല്യങ്ങളാണ് താലിബാന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാത് താഴ്വരയില്‍ അവര്‍ നടപ്പിലാക്കിയ ഷരിയ നിയമം ഇസ്ളാമില്‍ പൊതിഞ്ഞ ഗോത്രപാരമ്പര്യങ്ങള്‍ മാത്രമാണ്. കടുത്ത വംശീയബോധമാണ് താലിബാനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ഐ എസ് ഐയ്‌ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. ലോകവീക്ഷണത്തിന്റെ അഭാവം, ഖുറാന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ്, തീവ്രവംശീയ ബോധം, ഇഹലോകവാസത്തോടുള്ള അലക്ഷ്യഭാവം, രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശം, തുടര്‍ച്ചയായി യുദ്ധാവസ്ഥയില്‍ തുടരാനുള്ള താത്പര്യം തങ്ങളുടെ ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്ന 'അന്യനെ' തകര്‍ക്കാനുള്ള പ്രാക്തന ഗോത്ര വീര്യം എന്നിവ ഉള്‍ച്ചേര്‍ന്ന താലിബാന്‍ പോരാളിയുടെ മനസ്സില്‍ വംശീയ ഉന്മൂലനവും 'ഇസ്ളാം അല്ലെങ്കില്‍ വാള്‍' എന്ന ഭീകരവാദ ജിഹാദി ബോധവും മാത്രമേ ബാക്കിയായിട്ടുള്ളൂ. 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത താലിബാനികളെ സൃഷ്ടിച്ച സാമ്രാജ്യത്വവും അതിന്റെ വേട്ടപ്പട്ടിയായ പാക്കിസ്ഥാനും ഇപ്പോള്‍ നല്‍കുന്ന കനത്ത വില ചരിത്രത്തിന്റെ മധുരപ്രതികാരമാണ്.

***

ഡോ: പി ജെ വിന്‍സെന്റ്
കടപ്പാട്: യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.