Tuesday, September 8, 2009

ചട്ടമ്പിസ്വാമികളും കേരളനവോത്ഥാനവും

ചട്ടമ്പിസ്വാമികളുടെ നൂറ്റിയമ്പത്തേഴാം ജന്മദിനമാണ് ഇന്ന്. ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു? അദ്ദേഹത്തെ അദ്ദേഹമാക്കിത്തീര്‍ത്ത സാഹചര്യമെന്തായിരുന്നു? കേരളനവോത്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവന എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഈ അവസരം ഉപയോഗപ്പെടണം.

തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ 1853 ആഗസ്ത് 25ന് (1029 ചിങ്ങം 11) പിറന്ന കുഞ്ഞന്‍പിള്ളയത്രേ പില്‍ക്കാലത്തു പ്രസിദ്ധനായിത്തീര്‍ന്ന ചട്ടമ്പിസ്വാമികള്‍. ഒരു ബ്രാഹ്മണാധ്യാപകന്‍ കൊല്ലൂര്‍ മഠത്തിലെ 'ഉണ്ണി'കളെ സംസ്കൃതം പഠിപ്പിക്കുന്നത് ഒളിഞ്ഞുനിന്ന് കേട്ടാണ് കുഞ്ഞന്‍പിള്ള സംസ്കൃതം പഠിച്ചുതുടങ്ങിയത്. പിന്നെ പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അടുത്ത് ഉപരിവിദ്യാഭ്യാസത്തിനു പോയി. ആശാന്‍ കുഞ്ഞന്‍പിള്ളയെ ചട്ടമ്പിയായി നിയോഗിച്ചു. ക്ളാസിലെ 'മോണിട്ടര്‍'ക്കു തുല്യമായി ഗുരുകുലവിദ്യാഭ്യാസകാലത്ത് ഗുരുകുലത്തില്‍ ഉണ്ടായിരുന്ന സ്ഥാനമായിരുന്നു ചട്ടമ്പി. കുഞ്ഞന്‍പിള്ളച്ചട്ടമ്പി എന്ന പേരില്‍ കൂട്ടുകാരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടു. പില്‍ക്കാലത്ത് സന്യാസം സ്വീകരിച്ചപ്പോള്‍ അദ്ദേഹം ചട്ടമ്പിസ്വാമി എന്നറിയപ്പെട്ടു. കുഞ്ഞന്‍പിള്ള മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും കണക്കിലും ആഴത്തില്‍ അറിവുനേടി. സംഗീതാദികലകളും അദ്ദേഹം അഭ്യസിച്ചു. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റിന്റെ പണി നടന്ന കാലത്ത് കുഞ്ഞന്‍പിള്ളയും കച്ചേരിപ്പണിക്ക് ചെന്നുകൂടി. ദൃഢഗാത്രനായ അദ്ദേഹം കട്ടയും മണ്ണും ചുമന്ന് തല്‍ക്കാലജീവിതവൃത്തിക്ക് വഴിതേടി. പിന്നീട് രജിസ്റ്റര്‍ കച്ചേരിയില്‍ ആധാരമെഴുത്തുകാരനായി കുഞ്ഞന്‍പിള്ള. സെക്രട്ടറിയറ്റില്‍ ഒരു മാസക്കാലം കണക്കപ്പിള്ളയായി സര്‍ക്കാര്‍ജോലി നോക്കാനും കുഞ്ഞന്‍പിള്ളയ്ക്ക് അവസരമുണ്ടായി. സത്സംഗം അസാധാരണമായ ബുദ്ധിവൈഭവംകൊണ്ടും അടങ്ങാത്ത ഉത്പതിഷ്ണുത്വംകൊണ്ടും പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂലമാക്കി മാറ്റി, വളര്‍ന്നുയര്‍ന്ന മഹാന്‍ ആയിരുന്നു ചട്ടമ്പിസ്വാമികള്‍.

1876-ാമാണ്ടിടയ്ക്ക് തിരുവനന്തപുരത്ത് 'ജ്ഞാനപ്രജാഗരം' എന്നൊരു സമാജം ആരംഭിച്ചു. ജ്ഞാനപ്രജാഗരം അനൌപചാരികമായ വിദ്യാഭ്യാസത്തിന്റെ വലിയ വേദിയായി. സംസ്കൃതം, മലയാളം, തമിഴ്, ഇംഗ്ളീഷ് എന്നീ ഭാഷകളിലും വിവിധ വിജ്ഞാനശാഖകളിലും പ്രവീണന്മാരായ പലരുമായും ചട്ടമ്പിസ്വാമികള്‍ പരിചയപ്പെട്ടത് ആ സമാജത്തിലൂടെയാണ്. പ്രൊഫസര്‍ സുന്ദരംപിള്ള, തെക്കാട്ട് അയ്യാവ്, സ്വാമിനാഥദേശികര്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. പിന്നീടദ്ദേഹം തമിഴ്‌നാട്ടിലെ കല്ലടക്കുറിച്ചിയിലെത്തി സുബ്ബാജടാപാഠികളുടെ ശിഷ്യനായി. കല്ലടക്കുറിച്ചിയിലെ താമസം കുഞ്ഞന്‍പിള്ളയുടെ ജ്ഞാനാഭിവൃദ്ധിക്ക് ഏറ്റവുമധികം ഉതകിയ ഒന്നായിരുന്നു.

ശ്രീനാരായണഗുരുവുമായി പരിചയപ്പെടുന്നു

1883-ാമാണ്ടിടയ്ക്ക് ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണനും പരിചയപ്പെട്ടത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ഇരുവരും അങ്ങേയറ്റം ആകൃഷ്ടരായി. അവര്‍ തമ്മിലുള്ള സമ്പര്‍ക്കം തുടര്‍ന്നു. രണ്ടുപേരുംകൂടി തെക്കന്‍ ദിക്കുകളിലേക്ക് പര്യടനം ആരംഭിച്ചു. സിദ്ധന്മാരെ അന്വേഷിച്ചും കണ്ടെത്തിയും ആശയവിനിമയം ചെയ്തും അവര്‍ ഏറെ യാത്രചെയ്തു. കന്യാകുമാരിജില്ലയില്‍പ്പെട്ട മരുത്വാമലയില്‍ ഇരുവരും തപസ്സിരുന്നു. മടങ്ങുംവഴി അവര്‍ നെയ്യാറിന്റെ പതനസ്ഥാനത്തെത്തി. അവിടെത്തന്നെ കുറച്ചുനാള്‍ ഇരുവരും കഴിഞ്ഞു.

കേരളനവോത്ഥാനവും ചട്ടമ്പിസ്വാമികളും

ചാതുര്‍വര്‍ണ്യവ്യവസ്ഥയും അതിന്റെ മനുഷ്യത്വരഹിതമായ നിയമങ്ങളുംകൊണ്ട് പൊറുതിമുട്ടുകയായിരുന്ന ഒരു ജീവിതാവസ്ഥയെ താത്വികമായും പ്രായോഗികമായും എതിര്‍ത്ത് പരാജയപ്പെടുത്തുകയായിരുന്നു സ്വാമികളുടെ പരിപാടി. തനിക്കു വിലക്കിയ ഒരു വിദ്യയും പിടിച്ചെടുക്കാതെ അദ്ദേഹം അടങ്ങിയില്ല. അതുവഴി അധീശവര്‍ഗം അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസത്തിനു കല്‍പ്പിച്ചിരുന്ന വിലക്കുകളെ ലംഘിക്കുകയാണ് സ്വാമികള്‍ ചെയ്തത്. താത്വികരംഗത്ത് വേദാധികാരനിരൂപണംപോലെയുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വമ്പിച്ച സംഭാവനകളായിരുന്നു. തന്നോടു ബന്ധപ്പെട്ട എല്ലാവരോടും മനുഷ്യസമത്വത്തിനുവേണ്ടി, എന്നല്ല ജീവിതസമത്വത്തിനുവേണ്ടി ഉദ്ബോധനം നടത്തുകയായിരുന്നു ചട്ടമ്പിസ്വാമികള്‍. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ മഹാസമ്മേളനങ്ങളിലെ ജനതതികളായിരുന്നില്ല, ചെറിയ ഗൃഹസദസ്സുകളായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമം ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനത്തിന് നായന്മാരുടെ ഭാഗത്തുനിന്നു പിന്തുണ നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം മനുഷ്യത്വമല്ലാതെ ബ്രാഹ്മണത്വമോ ഈഴവത്വമോ അല്ലെന്ന് ശ്രീനാരായണഗുരു വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ നായന്മാരുള്‍പ്പെടെ മറ്റു ജാതികള്‍ പലരും ഭാഗഭാക്കുകളായി.

പ്രൊഫ. കെ. ബാലരാമപ്പണിക്കര്‍ എഴുതി:

"നായന്മാരില്‍ അനേകം പേര്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഗുരുവിന്റെ ആദര്‍ശത്തെ നടപ്പില്‍വരുത്തുവാന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്തുവരുന്നുണ്ടായിരുന്നു. അതേ. കേരളത്തില്‍ ഇത്രവേഗം ശ്രീനാരായണസിദ്ധാന്തങ്ങള്‍ക്കു പ്രചാരം വരുത്തുവാന്‍ ഈഴവരോടും ജാതികൃതങ്ങളായ അവശതകള്‍ അനുഭവിക്കുന്ന മറ്റു സമുദായക്കാരോടുമൊപ്പം നായന്മാരും സന്നദ്ധരാകുവാന്‍ കാരണം ശ്രീചട്ടമ്പിസ്വാമിയായിരുന്നു എന്നതില്‍ എനിക്ക് ലേശവും സംശയം തോന്നുന്നില്ല.''

നായന്മാരുടെ ഇടയിലെ ഉണര്‍വിന് ശ്രീനാരായണഗുരു വഹിച്ച പങ്കും ചെറുതല്ല. ചട്ടമ്പിസ്വാമികള്‍ വസ്തുനിഷ്ഠമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഈഴവസമുദായത്തില്‍ ശ്രീനാരായണന്‍ ഉണ്ടാക്കിയ മാറ്റം മാതൃകയാക്കിയാണ് നായര്‍സമുദായത്തില്‍ മാറ്റം വരുത്തുന്നതിന് തന്റെ ശിഷ്യനായ നീലകണ്ഠതീര്‍ത്ഥപാദര്‍ പരിശ്രമിച്ചത് എന്ന് തീര്‍ത്ഥപാദരുടെ 'ദേവാര്‍ച്ചാപദ്ധതി'യുടെ ഉപോദ്ഘാതത്തില്‍ സ്വാമികള്‍ എഴുതിയിട്ടുണ്ട്.

ആശയസമരത്തിന്റെ മാതൃക

ഒരുപക്ഷേ, ചട്ടമ്പിസ്വാമികളുടെ എളിമ അദ്ദേഹത്തിന്റെ യഥാര്‍ഥ സംഭാവനകളെക്കുറിച്ച്, അല്ലെങ്കില്‍ ജനങ്ങളുടെയിടയില്‍ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്ന പ്രചാരം കുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാകാം.

ഇ എം എസ് എഴുതി-

1. ജാതി-ജന്മി-നാടുവാഴിമേധാവിത്വത്തിന്‍കീഴില്‍ മറ്റു സമ്പത്തുകളെന്നപോലെ വിജ്ഞാനസമ്പത്തും അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അന്നത്തെ വിജ്ഞാനസമ്പത്ത് മിക്കവാറും മുഴുവന്‍ കിടന്നിരുന്നത് സംസ്കൃതത്തിലായതിനാല്‍, അവ അധഃസ്ഥിതര്‍ക്ക് അപ്രാപ്യമായിരുന്നു.

2. ഈ സ്ഥിതി അവസാനിപ്പിച്ച് ഉയര്‍ന്ന വര്‍ഗക്കാര്‍ക്കുമാത്രം ലഭ്യമായിരുന്ന സംസ്കൃതത്തിലെ പുരാണേതിഹാസങ്ങള്‍ ലളിതമായ മലയാളത്തില്‍ അധഃസ്ഥിതജനവിഭാഗങ്ങള്‍ക്കു ലഭ്യമാക്കുന്ന ജോലി തുഞ്ചത്തെഴുത്തച്ഛനാണ് ആദ്യം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികള്‍ അധഃസ്ഥിതഹിന്ദുക്കളുടെയെല്ലാം ഇടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ മേല്‍ജാതിക്കാരുടെ സാംസ്കാരികകുത്തക പൊളിയാന്‍ തുടങ്ങി.

3. പക്ഷേ, എഴുത്തച്ഛനുപോലും പുരാണേതിഹാസങ്ങളല്ലാതെ വേദങ്ങളും ഉപനിഷത്തുകളും അധഃസ്ഥിതവിഭാഗങ്ങള്‍ക്കു കിട്ടാറാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നു. അത് മേല്‍ജാതിക്കാരുടെ മാത്രമല്ല അവരില്‍ത്തന്നെ മുന്തിയവരായ ബ്രാഹ്മണരുടെ കുത്തകാവകാശമായി തുടര്‍ന്നു.

4. ഈ കുത്തകാവകാശത്തെയാണ് ചട്ടമ്പിസ്വാമി പൊളിക്കാന്‍ തുടങ്ങിയത്. പുരാണേതിഹാസങ്ങള്‍ മാത്രമല്ല വേദങ്ങളും പഠിക്കാന്‍ അധഃസ്ഥിതജാതിക്കാര്‍ക്ക് അവകാശമുണ്ടെന്നു സ്വാമികള്‍ സ്ഥാപിച്ചു.

5. സ്വാമികള്‍ തുടങ്ങിവച്ച ജോലി പൂര്‍ത്തിയാക്കിയത് ഏതാനും പതിറ്റാണ്ടുകള്‍ക്കകത്ത് ഋഗ്വേദം മുഴുവന്‍ തന്റേതായ കാവ്യഭാഷയിലും ശൈലിയിലും തര്‍ജമ ചെയ്ത മഹാകവി വള്ളത്തോളാണ്. അതും കഴിഞ്ഞ് ഏതാനും പതിറ്റാണ്ടുകള്‍ക്കകത്ത് സായണന്റെ ഭാഷ്യത്തോടുകൂടിയ ഋഗ്വേദം ഒ എം സി മലയാളികള്‍ക്കു നല്‍കി. വള്ളത്തോളിന്റെയും ഒ എം സിയുടെയും ഗ്രന്ഥങ്ങളുടെ പ്രകാശനത്തോടുകൂടി ചട്ടമ്പിസ്വാമി കണ്ട സ്വപ്നം യാഥാര്‍ഥ്യമായി.

6. ചട്ടമ്പിസ്വാമിയുടെ സമകാലീനനായിരുന്ന ശ്രീനാരായണന്‍ മേല്‍ജാതിക്കാരുടെ മറ്റൊരു സാംസ്കാരികകുത്തകയും പൊളിച്ചു. സവര്‍ണരുടെ കുത്തകയായിരുന്ന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അവര്‍ണര്‍ക്കുമാകാമെന്ന് സ്വാമിജി കാണിച്ചു. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങള്‍, അദ്ദേഹത്തെ പിന്‍തുടര്‍ന്നുവന്ന ശ്രീനാരായണധര്‍മം, അതിനുപ്രചാരണം നല്‍കുന്ന സന്യാസിമാര്‍- ഇതൊക്കെ കേരളത്തില്‍ ഒരു സാംസ്കാരികവിപ്ളവംതന്നെ സൃഷ്ടിച്ചു.

7. തിരുവിതാംകൂറില്‍ ശ്രീനാരായണനും ചട്ടമ്പിസ്വാമിയും എന്നപോലെ മലബാറില്‍ ബ്രഹ്മാനന്ദശിവയോഗി, വാഗ്ഭടാനന്ദന്‍ എന്നിവര്‍ ആത്മീയതയില്‍ തുടങ്ങി ആധുനികദേശീയതയില്‍ ചെന്നെത്തുന്നതരത്തിലുള്ള നവോത്ഥാനപ്രസ്ഥാനത്തിനു ബീജാവാപം നടത്തി.

8. ഇങ്ങനെ ആത്മീയതയുടെ ബാഹ്യാവരണമുള്ളതെങ്കിലും ആധുനികജനാധിപത്യപ്രസ്ഥാനത്തിന്റെ ഉള്ളടക്കത്തോടുകൂടിയ ആദ്യത്തെ നവോത്ഥാനപ്രസ്ഥാനമായിരുന്നു പിന്നീട് മലബാര്‍പ്രദേശത്ത് ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടിയും തിരുക്കൊച്ചിപ്രദേശത്ത് ഉത്തരവാദഭരണത്തിനുവേണ്ടിയും രൂപംകൊണ്ട രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മുന്നോടി.

ചട്ടമ്പിസ്വാമികളുടെ ആശയരംഗത്തെ പ്രവര്‍ത്തനവും ശ്രീനാരായണഗുരുവിന്റെ പ്രായോഗികരംഗത്തെ പ്രവര്‍ത്തനവും പരസ്പരപൂരകങ്ങളായിരുന്നു. സങ്കുചിതജാതിവികാരങ്ങള്‍ക്ക് തളര്‍ത്താന്‍ കഴിയാതിരുന്ന അവരുടെ രീതി ഇന്നും ഉത്തമമാതൃകയാണ്.

*
ഡോ. കെ മഹേശ്വരന്‍നായര്‍ ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചട്ടമ്പിസ്വാമികളുടെ നൂറ്റിയമ്പത്തേഴാം ജന്മദിനമാണ് ഇന്ന്. ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു? അദ്ദേഹത്തെ അദ്ദേഹമാക്കിത്തീര്‍ത്ത സാഹചര്യമെന്തായിരുന്നു? കേരളനവോത്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവന എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഈ അവസരം ഉപയോഗപ്പെടണം.

Anonymous said...

ചട്ടമ്പിസ്വാമിയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആ ‘ക്രിസ്തുമതഛേദന’ത്തെപ്പറ്റി പറയാതിരുന്നതെന്തേ? അപ്രിയ സത്യങ്ങൾ മാർക്സിസ്റ്റുകളും മറച്ചുവയ്ക്കും. ഓ.. മറന്നു. എഴുതിയത് മഹേശ്വരൻ‌‘നായർ’ ആണല്ലോ!After all, blood is thicker than water.