Sunday, September 13, 2009

ഓണസദ്യ

(ഓണത്തിന് സംപ്രേഷണം ചെയ്യാമായിരുന്ന ഒരു ടെലിഫിലിം)

സീന്‍.1

ദിലീപ്‌കുമാറിന്റെ വീട് - പകല്‍

കഥാനായകനായ ദിലീപ്‌കുമാര്‍ ഓണംവരുന്ന ഉത്സാഹത്തിലാണ്. 40 വയസ്സുകാരനായ ദിലീപ്‌കുമാറും ഭാര്യ ഇന്ദുവും മക്കളും മുറ്റത്ത് ഓണം ഇവന്റ് മാനേജ്മെന്റുകാര്‍ ഓണപ്പൂക്കളം ഒരുക്കുന്നത് നോക്കിയിരിക്കുകയാണ്.

ദിലീപ്‌കുമാര്‍: കാലം എന്തുപോലെ മാറി, അല്ലേ ഇന്ദൂ...?

ഇന്ദു: അതെ ദിലീപേട്ടാ ഇപ്പോള്‍ ഓണമായാലും വിഷുവായാലും നമ്മള്‍ അധ്വാനിക്കുകയേ വേണ്ട.

ദിലീപ്: വെറുതെ നോക്കിയിരുന്നാല്‍ മതി. ആവശ്യത്തിനാവശ്യത്തിന് കാശും കൊടുക്കുക. എല്ലാം നടക്കും.

(അതും പറഞ്ഞ് ദിലീപ്‌കുമാര്‍ ഒരു സിനിമാപാട്ട് മൂളുന്നു)

"ഈ മനോഹര തീരത്തുതരുമോ
ഇനിയൊരു ജന്മം കൂടി''

സീന്‍.2

ഔട്ട്ഡോര്‍-രാത്രി

ദിലീപ്‌കുമാറും കുടുംബവും ഓണം വാരാഘോഷം കാണാന്‍ കാറില്‍ പോകുന്നു, നഗരത്തിന് നടുവിലൂടെ. റോഡിലൂടെ നടന്നുപോകുന്ന ആള്‍ക്കാര്‍.

ഇന്ദു: ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം കാറുതന്നെ അല്ലേ ഏട്ടാ.

ദിലീപ്‌കുമാര്‍: പിന്നല്ലാതെ.

ഇന്ദു: നമുക്കിപ്പൊ ഒട്ടുംതന്നെ നടക്കണ്ട.

ദിലീപ്‌കുമാര്‍: അതെയതെ. പക്ഷേ, മാസാമാസം 6,000 രൂപ ഇന്‍സ്റ്റാള്‍മെന്റടയ്ക്കണം. അതേയുള്ളൂ പ്രയാസം.

ഇന്ദു: അതുസാരമില്ല. സുഖവും സന്തോഷവും ചേര്‍ന്നതാണല്ലോ ഏട്ടാ ജീവിതം.

ദി.കുമാര്‍: രണ്ടുമാസത്തെ പെന്റിങ് ഉണ്ട്. ആ ബാങ്കുകാര്‍ വിളിച്ചിരുന്നു.

ഇന്ദു: നാളെമുതല്‍ ഫോണ്‍ ഞാനെടുക്കാം. അല്ലെങ്കില്‍, ഫോണ്‍ എടുക്കുകയേ വേണ്ട.

ആ സമയം മകള്‍: അച്ഛാ നമുക്ക് ആഹാരം കഴിക്കാം.

ദിലീപ്: നമുക്ക് സിറ്റി ഹോട്ടലില്‍ കയറാം.

ഇന്ദു: ആ ഹോട്ടല്‍ വേണ്ട. അവിടെ കാര്‍ മുന്‍വശത്തിട്ടിട്ട് അകത്തേക്ക് നടന്നുകയറണം. പുതിയ ഡ്രൈവ്-ഇന്‍ല് പോകാം. കാറകത്തുകയറ്റിയാല്‍ ഭക്ഷണം കാറിനകത്തുവരും. ഇറങ്ങണ്ട.

മക്കള്‍: അതുമതി അല്ലേ.

സീന്‍.3

ദിലീപ്‌കുമാറിന്റെ വീട്/രാത്രി

ഓണാഘോഷം കണ്ട് തിരിച്ചുവരുന്ന ദിലീപ്‌കുമാര്‍കുടുംബം, കാര്‍ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്യുന്നു.

ദിലീപ്: ശൊ! കാറിന്റെ കണ്ണാടി പൊക്കിയിടുകാന്ന് പറയുന്നത് വല്ലാത്ത മെനക്കേടുതന്നെ.

ഇന്ദു: അതെ. ഏട്ടനോട് പറയണോന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം വയ്ക്കാം. അപ്പാ സ്വിച്ചിട്ടാല്‍ ഗ്ളാസ് താനേ ഉയരുകയും താഴുകയും ചെയ്യും. താനേലോക്കാവും. തുറക്കും, അടയ്ക്കും.

ദിലീപ്: നമുക്ക് അധ്വാനിക്കുകയേ വേണ്ട.

സീന്‍.4

ദിലീപ്‌കുമാറിന്റെ വീട്- തിരുവോണദിവസം പകല്‍ മാവേലി വരുന്നു. ദിലീപ്‌കുമാറും ഫാമിലിയും മാവേലിയെ വരവേല്‍ക്കുന്നു.

മാവേലി: ചാനലിലെ ഓണപ്പരിപാടികള്‍ക്കിടയില്‍ ഞാന്‍ വന്നത് ബുദ്ധിമുട്ടായോ.

ഇന്ദു: അയ്യോ. അതുസാരമില്ല. ടീവീല് ഞങ്ങള്‍ ഒരു സിസ്റ്റം വച്ചിട്ടുണ്ട്. പ്രോഗ്രാമുകള്‍ താനേ റിക്കാര്‍ഡ് ആയി കിടക്കും. സൌകര്യമുള്ളപ്പോള്‍ സ്വിച്ചുതട്ടിയാല്‍ മതി. കാണാം.

ദിലീപ്: അപ്പോ നമുക്ക് സദ്യ കഴിക്കാം തിരുമേനി.

മാവേലി: ഓണം എന്നാല്‍ ഓണസദ്യയാണല്ലോ മുഖ്യം. വിളമ്പിക്കോളൂ..

മാവേലിയും ദിലീപ്‌കുമാറും ഇരിക്കുന്നു.

രണ്ടുപേര്‍ക്കും സദ്യ വിളമ്പുന്ന ഇന്ദു.

വിഭവസമൃദ്ധം. മാവേലി ആസ്വദിച്ചു കഴിക്കുന്നു. പക്ഷേ, ദിലീപ്‌കുമാര്‍ ഭക്ഷണം കഴിക്കാതെ ഒരുമാതിരി തന്ത്രത്തില്‍ ഇരിക്കുന്നു.

മാവേലി: ദിലീപ്‌കുമാര്‍ കഴിക്കുന്നില്ലേ.

ദിലീപ്: മാവേലി കഴിച്ചോളൂ. ഞാനൊരു കമ്പനിക്കുവേണ്ടി ഇരുന്നതാ.

മാവേലി: ഹാ! അതെന്തൊരു രീതിയാ ദിലീപ്‌കുമാറേ. ഇന്ദൂ, പരിപ്പൊഴിച്ച് നെയ്യുംകൂടി കഴിക്കൂ.

ദിലീപ്: ഞാന്‍ സത്യം പറയാം തിരുമേനീ. എനിക്ക് പരിപ്പ് കഴിക്കാന്‍ പറ്റില്ല. ഗ്യാസിന്റെ അസുഖം സാമ്പാറും കഴിക്കില്ല.

മാവേലി: നെയ്യ്.

ഇന്ദു: നെയ്യ് ശര്യാകില്ല മാവേലി... ഈയിടെ കൊളസ്ട്രോള്‍ കൂടീട്ടുണ്ട്.

(മാവേലി ഭക്ഷണം കഴിക്കല്‍ നിര്‍ത്തി)

മാവേലി: ശ്ശെ! ഞാനൊറ്റക്ക് ഭക്ഷണം കഴിക്കാന്നുവച്ചാല്‍ അത് ശര്യല്ല. ഒരു പപ്പടമെങ്കിലും കഴിക്കൂ.

ദിലീപ്: അത് തീരെ തൊടാന്‍ പാടില്ല.

മാവേലി: അച്ചാറ്...?

ഇന്ദു: അയ്യോ. തൊടാന്‍ പാടില്ലെന്നാ ഡോക്ടറ് പറഞ്ഞെ. പ്രഷറിന്റെ അളവ് ആകെ തകിടം മറിഞ്ഞിരിക്കുന്നു.

മാവേലി: പായസം?

ദിലീപ്: കഴിഞ്ഞയാഴ്ച ഷുഗറ് ടെസ്റ്റ് ചെയ്തു. ഫാസ്റ്റിങ്ങില് 110 കണ്ടു. മധുരം മൊത്തം കട്ട്ചെയ്തു.

(ഇന്ദു മൂന്നുനാല് ഗുളിക ദിലീപിന് നീട്ടുന്നു. ദിലീപ് ഗുളിക വിഴുങ്ങുന്നു. മാവേലി മെല്ലെ എണീക്കുന്നു)

ഇന്ദു: അയ്യോ മാവേലി... ഒന്നും കഴിച്ചില്ല.

മാവേലി: ഞാന്‍ ഓരോ വീടുകളിലും കയറിക്കയറി വരികയാണ്. വീട്ടുകാരോടൊപ്പമിരുന്ന് വിഭവസമൃദ്ധമായി ആഹാരം കഴിക്കാന്‍. പക്ഷേ, മലയാളിക്ക് ആഹാരം കഴിക്കാനുള്ള ആരോഗ്യം പോയിരിക്കുന്നു. അവന്‍ കാശുണ്ടാക്കുന്നു, കാറുവാങ്ങുന്നു, സമ്പാദിക്കുന്നു, നേടുന്നു. പക്ഷേ, സന്തോഷത്തോടെ ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. അസുഖത്തിന്റെ കൂടാണ് ശരാശരി മലയാളി ഇപ്പോള്‍. പ്രധാന കാരണമെന്താണെന്നറിയാമോ. വിയര്‍ക്കുന്നില്ല. മലയാളി സുഖിമാനായിരിക്കുന്നു. നടക്കുന്നില്ല, കുനിയുന്നില്ല, ഇരിക്കുന്നില്ല, ഓടുന്നില്ല, കളിക്കുന്നില്ല... പണ്ടത്തെ കാരണവര്‍ പറഞ്ഞിട്ടുള്ളതറിയാമോ? എല്ലുമുറിയെ പണി ചെയ്താല്‍ പല്ലുമുറിയെ തിന്നാം, പണി ചെയ്യണം. വിയര്‍ക്കണം. അസുഖം വന്നിട്ട്, അതു കുറയ്ക്കാന്‍ വേണ്ടി വിയര്‍ക്കും, ഡോക്ടര്‍ പറയുന്ന അളവില്. വിയര്‍പ്പ് നേരത്തെ വരണം. ശരി മക്കളേ.. നേരാം വണ്ണം ആഹാരം കഴിക്കാന്‍ ശക്തിയുള്ള ഒരു മലയാളികുടുംബമെങ്കിലും ഉണ്ടോന്ന് അന്വേഷിച്ച് ഞാന്‍ നടക്കട്ടെ.

*
കൃഷ്ണ പൂജപ്പുര ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

സീന്‍.1

ദിലീപ്‌കുമാറിന്റെ വീട് - പകല്‍

കഥാനായകനായ ദിലീപ്‌കുമാര്‍ ഓണംവരുന്ന ഉത്സാഹത്തിലാണ്. 40 വയസ്സുകാരനായ ദിലീപ്‌കുമാറും ഭാര്യ ഇന്ദുവും മക്കളും മുറ്റത്ത് ഓണം ഇവന്റ് മാനേജ്മെന്റുകാര്‍ ഓണപ്പൂക്കളം ഒരുക്കുന്നത് നോക്കിയിരിക്കുകയാണ്.

ദിലീപ്‌കുമാര്‍: കാലം എന്തുപോലെ മാറി, അല്ലേ ഇന്ദൂ...?

ഇന്ദു: അതെ ദിലീപേട്ടാ ഇപ്പോള്‍ ഓണമായാലും വിഷുവായാലും നമ്മള്‍ അധ്വാനിക്കുകയേ വേണ്ട.

ദിലീപ്: വെറുതെ നോക്കിയിരുന്നാല്‍ മതി. ആവശ്യത്തിനാവശ്യത്തിന് കാശും കൊടുക്കുക. എല്ലാം നടക്കും.

(അതും പറഞ്ഞ് ദിലീപ്‌കുമാര്‍ ഒരു സിനിമാപാട്ട് മൂളുന്നു)

"ഈ മനോഹര തീരത്തുതരുമോ
ഇനിയൊരു ജന്മം കൂടി''

കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന.

തൃശൂര്‍കാരന്‍ ..... said...

ആരോഗ്യ കേരളം....!! ഹി ഹി...പാവം മാവേലി...

Baiju Elikkattoor said...

:)

Joker said...

:)

super

Areekkodan | അരീക്കോടന്‍ said...

രസിച്ചു!

*free* views said...

Very good ..... Growth :)