ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.
"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.
സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.
അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.
ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.
ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.
"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-
"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.
ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.
ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.
അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.
ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.
പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.
പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.
പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.
സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.
സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.
വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.
"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''
വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?
ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.
ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.
ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''
അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''
അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.
സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.
ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.
"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.
*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
3 comments:
Indian nuclear bomb is targeted towards Communist China than Imperialist America. India faces a bigger threat from China, so I am eager to know what party stand is on this aspect of the bomb.
ആണവായുധം ഉണ്ടാക്കിയാലും പാകിസ്ഥാനില്‍ അതിടാന്‍ ഗട്സ് ഉള്ള ആരും ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിപ്പില്ല ആകെ എടുത്തു ചാടി ചെയ്യുന്നത് ഇന്ദിരാ ഗാന്ധി ആയിരുന്നു , മുബൈ ആക്റമണം നടന്നപ്പോള്‍ ടെററിസ്റ്റ് ക്യാമ്പുകള്‍ നമുക്കു ബോംബ് ചെയ്യാമായിരുന്നു പക്ഷെ ആരും ധൈര്യപ്പെട്ടില്ല, നമ്മുടെ ന്യൂക്ളിയറ്‍ പവറ്‍ സ്റ്റേഷനുകളും മഹാ തട്ടിപ്പാണു ഒരു വൈദ്യ്തിയും ഉല്‍പ്പാദിപ്പിക്കുന്നില്ല, റ്റെക്നോളജി ഇല്ല, അതിനാണു ആണവകരാറ്‍ ചന്ദ്രയാന്‍ എന്നൊക്കെ പറഞ്ഞു പണം കളയുന്നതും എതിറ്‍ക്കേണ്ടതാണു ചന്ദ്രനില്‍ മനുഷ്യന്‍ പോയി എന്നതു തന്നെ അമേരിക്കന്‍ പ്റൊപ്പഗന്‍ഡയാണെന്നും പറയുന്നു ചൈന ടിബറ്റില്‍ കുറെ വികസനം നടത്തുന്നു അതു കണ്ട് നമ്മള്‍ വിരളേണ്ട കാര്യമില്ല പത്റക്കാറ്‍ക്കു ലൈവ് ഒരു യുധം കിട്ടിയാല്‍ കൊള്ളാം അതിനു വെറുതെ യുധ ഭ്റാന്തു പരത്തുകയാണു, കാറ്‍ഗില്‍ ആയാലും മുംബൈ അറ്റാക്കു ആയാലും ഇന്ത്യ ദയനീയ പരാജയം ആണു എന്നതാണൂ സത്യം ചൈന അറ്റാക്കു നടത്തിയാല്‍ തന്നെ ആണ്റ്റണിയും മാന്‍ മോഹനും സോണിയാജിയും ഒബാമയുടെ പിറകെ പോവുകയല്ലാതെ ഒരു തീരുമാനവും എടുക്കില്ല ആറ്‍മിയും നേവിയും എല്ലാം ഒബ്സലേറ്റ് ടെക്നോളജിയുമായി സമയം കളയുന്നു എല്ലാം വേസ്റ്റാണു ഒബാമയും മറ്റൊരു അച്യുതാനന്ദന്‍ ആണെന്നു തെളിഞ്ഞു കഴിഞ്ഞു
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://workersforum.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment