കുടം തുറന്നുവിട്ട ഭൂതത്തെ തിരിച്ച് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ അകന്നു മാറിപ്പോകുന്നതുപോലെ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും സാമ്പത്തിക കുഴപ്പത്തിന് പരിഹാരം കാണാനാവാതെ മുതലാളിത്ത മാന്ത്രികന്മാര്‍ വലയുകയാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ നികുതിപ്പണമാണൊഴുക്കിയത്. അമേരിക്കയിലും ബ്രിട്ടനിലും വന്‍ ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പണം കിട്ടിയതുകൊണ്ടു മാത്രമാണ്. എങ്കിലും സര്‍ക്കാര്‍ ഉടമസ്ഥത, ദേശസാല്‍ക്കരണം തുടങ്ങിയ പദപ്രയോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കി സ്വകാര്യ മേധാവിത്വം, സ്വതന്ത്ര കമ്പോളം എന്നിവയോടുള്ള പ്രതിബദ്ധത അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ജനങ്ങളുടെ പണംകൊണ്ട് വന്‍ കോര്‍പ്പറേറ്റുകളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനുള്ള രക്ഷാ പാക്കേജുകള്‍ നടപ്പിലാക്കിയത്.
2007-ല്‍ കുഴപ്പം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തികച്ചും താല്‍കാലികമായ ഒരു പ്രതിഭാസമായി അവഗണിക്കാന്‍ ശ്രമിച്ചവര്‍ ദിവസങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പരിഭ്രാന്തരായി. രാജ്യത്തിനുള്ളിലും രാജ്യാന്തരവുമായ നടപടികളിലേക്ക് നീങ്ങി. 2008 നവംബറിലും 2009 ഏപ്രിലിലും നടന്ന ജി 20 സമ്മേളനങ്ങള്‍ വിവിധ നടപടികളും സഹായ പദ്ധതികളും പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങളില്‍ സ്വകാര്യമേഖലയുടെ മേന്മ ആവര്‍ത്തിച്ച് രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 2009 ഓടെ സമ്പദ് വ്യവസ്ഥ കരകയറുമെന്ന് പല ആസ്ഥാന പണ്ഡിതരുടെയും പ്രസ്താവനയും വന്നു.
മാന്ദ്യം തുടങ്ങി 20 മാസം പിന്നിടുമ്പോഴും ലോക സമ്പദ് വ്യവസ്ഥയാകെ തകര്‍ച്ചയുടെ കയത്തിലാണ്. സ്റ്റേറ്റ് തുടര്‍ന്നും ഇടപെടണമോ വേണ്ടയോ, പ്രശ്നം എന്നേക്ക് പരിഹരിക്കപ്പെടും തുടങ്ങിയ തര്‍ക്കങ്ങള്‍ തുടരുന്നു. 2009 ജൂണ്‍ മധ്യത്തില്‍ കൂടിയ ജി 20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗം സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന ധനകമ്മി കുറയ്ക്കേണ്ടതും സാമ്പത്തിക മേഖലയില്‍നിന്ന് സര്‍ക്കാര്‍ ക്രമേണ പിന്‍വാങ്ങേണ്ടതും പ്രധാന വിഷയങ്ങളായി ചര്‍ച്ചചെയ്തുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. മാര്‍ക്കറ്റില്‍നിന്ന് പൊതുമേഖല പിന്‍വാങ്ങുകയും അവിടെ സ്വകാര്യമേഖലയെ തിരികെ പ്രതിഷ്ഠിക്കുകയും വേണമെന്ന നിര്‍ദ്ദേശവും ചര്‍ച്ച ചെയ്യണം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവില്ല എന്ന് സൂചിപ്പിക്കുമ്പോള്‍തന്നെ ഫ്രാന്‍സില്‍ അത് 8 ശതമാനത്തില്‍നിന്നും 9.1 ശതമാനമായി വര്‍ദ്ധിച്ചെന്നും ഇറ്റാലിയന്‍, ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച യഥാക്രമം 5ഉം 6ഉം ശതമാനമായി ചുരുങ്ങുമെന്നും പറയുന്നുണ്ട്. സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന വാദത്തിനു കാരണം സര്‍ക്കാരിന്റെ വര്‍ദ്ധിച്ച ധനക്കമ്മിയാണ്. കമ്മി, പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കും; സര്‍ക്കാരിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍നിന്ന് കൂടുതലായി കടം വാങ്ങേണ്ടിവരും, അപ്പോള്‍ പലിശ ബാധ്യതയും കൂടും. സര്‍ക്കാര്‍ പിന്‍വാങ്ങിയലോ? കുഴപ്പം ഇനിയും രൂക്ഷമാകും. 2014 ഓടെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ശരാശരി പൊതു കടം മൊത്തം ദേശീയ വരുമാനത്തിന്റെ 36 ശതമാനമായി വര്‍ദ്ധിക്കുമെന്ന് IMF നല്‍കുന്ന അപകടസൂചനയാണ് ഈ ഉല്‍ക്കണ്ഠക്ക് അടിസ്ഥാനം. ഇതു ചൂണ്ടിക്കാട്ടിയാണ് അടിയന്തര പിന്‍മാറ്റത്തിനുവേണ്ടിയുള്ള മുറവിളി. കടക്കെണിയിലേക്കുള്ള ഈ പോക്ക് മാര്‍ക്കറ്റിലെ കുഴപ്പം മൂര്‍ഛിപ്പിക്കും. അതിനാല്‍ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍നിന്ന് പിന്‍വാങ്ങുമെന്ന സന്ദേശം അടിയന്തിരമായി നല്‍കേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ കടം വര്‍ദ്ധിച്ചാല്‍ സംഭവിക്കാവുന്ന മറ്റൊരു അപകടവും IMF ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ബജറ്റ് കമ്മി വര്‍ദ്ധിക്കുന്നതിനനുസൃതമായി അമേരിക്കന്‍ ട്രഷറിയുടെ ബാദ്ധ്യത ഏറി വരും. അമേരിക്കന്‍ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുള്ള രാജ്യങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആശങ്ക വര്‍ദ്ധിക്കും. അവര്‍ പണം പിന്‍വലിക്കും. കുഴപ്പം പിന്നെയും രൂക്ഷമാകും. അതിനുദാഹരണമായി റഷ്യ അമേരിക്കന്‍ ട്രഷറിനിക്ഷേപത്തില്‍നിന്നും 10 ബില്യന്‍ ഡോളര്‍ ഈയിടെ വിറ്റ കാര്യം എടുത്തു കാണിക്കുന്നു.
ജീവിച്ചിരിക്കുന്ന കെയ്‌നീഷ്യന്‍ സാമ്പത്തിക വിദഗ്ധരില്‍ ഒന്നാമനാണ് അമേരിക്കന്‍ ഇക്കണോമിസ്റ്റായ പോള്‍ സാമുവല്‍സണ്‍. 94 വയസ്സു പിന്നിടുന്ന നോബല്‍ സമ്മാനിതനായ സാമുവല്‍സണ്‍ ഈ പിന്‍വാങ്ങല്‍ പ്രവണതയെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട് 2009 ജൂലൈയില്‍ രംഗത്തുവന്നു. 2009,2010 ഓടെ കുഴപ്പെമെല്ലാം തീരുമെന്നു പ്രഖ്യാപിച്ച പണ്ഡിതരേയും ഉദ്യോഗസ്ഥരേയും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:
നിങ്ങള്‍ അന്ന് പറഞ്ഞത് ഭയം അല്ലാതെ മറ്റൊന്നിനേയും ഭയക്കേണ്ടെന്നാണ്. 2009ന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ തൊഴിലില്ലായ്മ പെരുകുകയാണ്. കമ്പനികള്‍ പാപ്പരാവുകയാണ്. കടം തിരിച്ചടവ് നടക്കുന്നില്ല. ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാരും ബാങ്ക് ഓഫ് ഇംഗ്ളണ്ടും മറ്റു യൂറോപ്യന്‍ കേന്ദ്ര ബാങ്കുകളും ധാരാളം രക്ഷാപദ്ധതികള്‍ നടത്തിയിട്ടും ഉപഭോഗവും നിക്ഷേപവും വര്‍ദ്ധിക്കുന്നില്ല. തൊഴിലില്ലായ്മ ഇനിയും കൂടും. GDP യിലെ കുറവ് ഇനിയും തുടരും. കുഴപ്പത്തില്‍നിന്ന് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് 2007ല്‍ ഞങ്ങളെപ്പോലുള്ളവര്‍ പറഞ്ഞപ്പോള്‍ ഞങ്ങളെ ഭ്രാന്തന്മാരെന്നാണ് അന്ന് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമത്തി ഗെഥ്‌നര്‍ രക്ഷാപദ്ധതി പ്രവര്‍ത്തനക്ഷമമാണെന്നും ഫലം ഉടനെ ഉണ്ടാവുമെന്നും പറയുന്നു. അത് ശരിയല്ല. മെയിന്‍ സ്‌ട്രീറ്റിനെ (സാധാരണക്കാരെ) രക്ഷിക്കാനുള്ള പദ്ധതി ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു. 1930ലെ ന്യൂ ഡീല്‍ പദ്ധതിപോലെ ഒന്ന് നടപ്പിലാകാത്ത പക്ഷം തിരിച്ചുവരവ് അസാദ്ധ്യമാണ്. അത്തരം പദ്ധതിയെപ്പറ്റി ഒബാമയുടെ സാമ്പത്തിക ടീമിലെ തലതിരിഞ്ഞ പണ്ഡിതന്മാര്‍ ഒന്നും പറയുന്നില്ല. കമ്മി കൂട്ടിക്കൊണ്ട് ചൈന അതു ചെയ്യുന്നുണ്ട്. നമ്മെക്കാളെല്ലാം മുമ്പെ ചൈന കുഴപ്പത്തെ അതിജീവിക്കും. ചിലവ് ചുരുക്കി സമ്പാദിക്കാനുള്ള പ്രവണത മെയിന്‍ സ്‌ട്രീറ്റിനെ ബാധിക്കും. ചിലവഴിക്കാന്‍ കഴിയുന്നവരില്‍ പണം എത്തിക്കുകയാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും അവരുടെ ബജറ്റാവശ്യങ്ങള്‍ക്ക് പണം വേണം. സര്‍ക്കാര്‍ രക്ഷാപദ്ധതിയില്‍നിന്നും പണം നല്‍കണം. കമ്മി വരുത്തി ധാരാളം ചെലവഴിച്ച്, തന്റെ വാഗ്‌സാമര്‍ത്ഥ്യവും കൌശലവും കൂടി ഉപയോഗിച്ചാണ് 1930കളില്‍ ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് തന്റെ ന്യൂ ഡീല്‍ പോളിസിയിലൂടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചതെങ്കില്‍ 1939ല്‍ ഇതേ തന്ത്രം തന്നെയാണ് വെറുക്കപ്പെട്ട ഏകാധിപതി ഹിറ്റ്ലറും പ്രയോഗിച്ചത്. 21-ാം നൂറ്റാണ്ടില്‍ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ജനാധിപത്യ വ്യവസ്ഥകള്‍ കൂടുതല്‍ പണം ചിലവഴിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നാണ് സാമുവല്‍സണ്‍ വാദിച്ചുറപ്പിക്കുന്നത്.സമ്പദ്ഘടനയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അമേരിക്കന്‍ ട്രഷറി സെക്രട്ടറിയുടെ അവകാശവാദത്തെ മറ്റൊരു നോബല്‍ സമ്മാനിത സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രൂഗ്‌മാനും നിരാകരിക്കുന്നു. മാന്ദ്യം തുടങ്ങിയശേഷം ഇന്നുവരെ അമേരിക്കയില്‍ 67 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്ന് ആഗസ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം പറയുന്നു. 90 ലക്ഷം പേര്‍ക്ക് തൊഴില്‍ കണ്ടെത്തേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. തൊഴില്‍ മാര്‍ക്കറ്റില്‍ ഒരു മാറ്റവും വന്നിട്ടില്ല. ജൂലൈ മാസം തൊഴിലില്ലായ്മ നിരക്കില്‍ വന്ന കുറവ് കണക്കിലെ കളി മാത്രമാണ്. കൂടുതല്‍ കുഴപ്പത്തിലേക്ക് കുറഞ്ഞ വേഗതയില്‍ പോകുന്നു എന്ന മാറ്റം മാത്രമേ ഉള്ളു. 1930ലെ മഹാമാന്ദ്യത്തിന്റെ അത്രയും രൂക്ഷമായ അവസ്ഥ ഉണ്ടാകാത്തതിന്റെ ഏക കാരണം ക്രൂഗ്‌മാന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ്. സ്വകാര്യ മേഖലയില്‍നിന്നും വ്യത്യസ്ഥമായി വരുമാനം കുത്തനെ കുറഞ്ഞപ്പോഴും സര്‍ക്കാര്‍ ചിലവഴിക്കുന്നതില്‍ ഒരു കുറവും വരുത്തിയില്ല. നികുതി വരുമാനം കുറഞ്ഞപ്പോഴും ക്ഷേമ പദ്ധതികള്‍ തുടര്‍ന്നു. സാധാരണകാലത്ത് മോശമെന്ന് വിശേഷിപ്പിക്കുന്ന ബജറ്റ് കമ്മി അസാധാരണകാലത്ത് ഏറ്റവും നല്ലതാണെന്നും അദ്ദേഹം പറയുന്നു. രസകരമായ ഒരു പരാമര്‍ശം ഇങ്ങനെ : “ചില ഘട്ടങ്ങളില്‍ സ്വകാര്യമേഖല ഒരു പ്രശ്‌നവും സര്‍ക്കാര്‍ അതിന് പ്രതിവിധിയുമാണ്.”
കുഴപ്പം പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് കമ്പോളശക്തികള്‍ പരിഹരിക്കും എന്ന നിലപാടെടുത്ത ഭരണാധികാരികളും സാമ്പത്തിക വിശാരദന്മാരും പ്രശ്‌നം രൂക്ഷമായപ്പോള്‍ ക്രമേണ സ്വകാര്യ മേഖലയെ രക്ഷിക്കാനായി സര്‍ക്കാരിനെ ഉപയോഗിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. വിവിധ പേരുകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ രക്ഷാ പാക്കേജുകളുടേയും സാരാംശം ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും അടക്കമുള്ള സ്വകാര്യ മുതലാളിത്ത സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു. ഒപ്പം രക്ഷിച്ച സ്ഥാപനങ്ങളുടെ സ്വകാര്യ ഉടമസ്ഥത ഉറപ്പാക്കുകയും ചെയ്‌തു. ഇത്രയധികം പൊതുമുതല്‍ ഒഴുക്കിയശേഷം ജനങ്ങള്‍ക്ക് എന്തുനേട്ടമാണുണ്ടായതെന്ന ചോദ്യം അമേരിക്കന്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. തകര്‍ച്ച തടയാന്‍ വീണ്ടും സര്‍ക്കാര്‍ പണത്തിന് മുറവിളി ഉയരുമ്പോള്‍ ഈ ചോദ്യവും ശക്തമായി ഉന്നയിക്കപ്പെടുകയാണ്. മൂലധന ഉടമകളാവട്ടെ സര്‍ക്കാര്‍ പണം കൊണ്ട് സാമാന്യം സുസ്ഥിരത ഉറപ്പാക്കിയ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുമേല്‍ അധികാരികള്‍ ഭാരിച്ച ശമ്പളം, ആഢംബര ചിലവ് തുടങ്ങിയവയില്‍ വരുത്തിയ ചില്ലറ നിയന്ത്രണങ്ങള്‍പോലും അംഗീകരിക്കുന്നില്ല. എൿസിക്യൂട്ടീവ് ശമ്പളം പരമാവധി 5 ലക്ഷം ഡോളറായി ഒബാമ പ്രഖ്യാപിച്ചത് കമ്പനികള്‍ ഇതിനകം പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മറികടന്നിരിക്കുന്നു.
സാമുവല്‍സണും ക്രൂഗ്‌മാനും വാദിക്കുന്നത് സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയ്ക്കു വേണ്ടിയല്ല. മുതലാളിത്ത സമ്പദ് വ്യവസ്ഥ റെയിലിന്‍മേല്‍ കയറ്റാന്‍ സര്‍ക്കാര്‍ തുടര്‍ന്നും ഇടപെടണമെന്നാണ്. പക്ഷേ നടപടികള്‍ സാധാരണക്കാരന് വേണ്ടിയാവണമെന്ന് ഇവര്‍ വാദിക്കുന്നു. ശക്തമായ ജനകീയ പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ അത് എത്രത്തോളം പ്രായോഗികമായി നടപ്പില്‍വരുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
മുതലാളിത്ത രാജ്യങ്ങളിലെ ഇന്നത്തെ അവസ്ഥ, “ഉല്‍പാദനത്തിന്റെയും വിനിമയത്തിന്റെയും സ്വത്തുടമസ്ഥതയുടെയും സ്വന്തമായ ബന്ധങ്ങളോടുകൂടിയ ആധുനിക ബൂര്‍ഷ്വാ സമൂഹം, ഇത്രയും വമ്പിച്ച ഉല്‍പ്പാദന വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണെ”ന്ന കമ്മ്യൂണിസ്റ് മാനിഫെസ്റോയിലെ വരികളാണ് ഓര്‍മ്മിപ്പിക്കുന്നത്.
വികസിത മുതലാളിത്ത ലോകം ഈ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇവിടെ രണ്ടാം യു.പി.എ. സര്‍ക്കാര്‍ പൊതുമുതല്‍ സ്വകാര്യവത്ക്കരിക്കാനും ബാങ്കുകള്‍ വിറ്റു തുലയ്ക്കാനും തിരക്കിട്ടു നീങ്ങുന്നത്. 2 ലക്ഷം കോടിയോളം രൂപയുടെ സൌജന്യമാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നല്‍കിയത്. ആസിയന്‍ കരാറിലൂടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കയാണ്, രക്ഷാപദ്ധതികള്‍ വെട്ടിച്ചുരുക്കയാണ്, സാമ്രാജ്യത്വ ശക്തികള്‍ക്ക് വഴങ്ങിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണ്. എല്ലാ വികസ്വര രാജ്യങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടായെന്നും ലോകത്താകെ ആഗോളവത്ക്കരണത്തോടുള്ള സമീപനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനൂകൂല നിലപാട് വന്നിരിക്കുന്നുവെന്നുംസാമ്പത്തികമായി ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംയോജനങ്ങള്‍ ലഭ്യമാക്കിയ അസാമാന്യ നേട്ടങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയാണെന്നുമാണ് 2009 ഏപ്രില്‍ 2ന് ജി 20 സമ്മേളനത്തില്‍ മന്‍മോഹന്‍സിംഗ് പ്രസംഗിച്ചത്. ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ഒരു ഭരണാധിപന് വ്യവസായ മേഖല വിറങ്ങലിച്ചു നില്‍ക്കുന്നതും ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതും ഒരു പ്രശ്‌നമായി അനുഭവപ്പെടില്ല. രാജ്യം വരള്‍ച്ചാ ഭീതിയിലാണ്. ഭക്ഷ്യധാന്യ കമ്മിയും പട്ടിണിയും പരിവട്ടവുമാണ് ജനങ്ങളുടെ മുന്നില്‍. പൊതുമേഖല തകര്‍ത്ത് പൊതുവിതരണം ഇല്ലാതാക്കി കോര്‍പ്പറേറ്റു മേഖലയുടെ കുറിപ്പടി പ്രകാരമുള്ള ഭരണവുമായി രണ്ടാം യു.പി.എ. മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പാര്‍ലമെന്റില്‍ തല്‍ക്കാലം തട്ടിക്കൂട്ടിയെടുക്കാന്‍ കഴിഞ്ഞ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അവകാശമാണെന്ന മിഥ്യാധാരണ ഈ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തികളിലും പ്രതിഫലിക്കുന്നു. ഇനിയും മുന്നോട്ട് നീങ്ങും മുന്‍പ് വികസിത മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്‌ധര്‍ അവരുടെ സര്‍ക്കാരിനു നല്‍കുന്ന ഉപദേശമെങ്കിലും ശ്രദ്ധിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം.
***
എ. സിയാവുദീന്‍ (ബെഫി കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)
Subscribe to:
Post Comments (Atom)
1 comment:
കുടം തുറന്നുവിട്ട ഭൂതത്തെ തിരിച്ച് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ അകന്നു മാറിപ്പോകുന്നതുപോലെ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും സാമ്പത്തിക കുഴപ്പത്തിന് പരിഹാരം കാണാനാവാതെ മുതലാളിത്ത മാന്ത്രികന്മാര്‍ വലയുകയാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ നികുതിപ്പണമാണൊഴുക്കിയത്. അമേരിക്കയിലും ബ്രിട്ടനിലും വന്‍ ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പണം കിട്ടിയതുകൊണ്ടു മാത്രമാണ്. എങ്കിലും സര്‍ക്കാര്‍ ഉടമസ്ഥത, ദേശസാല്‍ക്കരണം തുടങ്ങിയ പദപ്രയോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കി സ്വകാര്യ മേധാവിത്വം, സ്വതന്ത്ര കമ്പോളം എന്നിവയോടുള്ള പ്രതിബദ്ധത അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ജനങ്ങളുടെ പണംകൊണ്ട് വന്‍ കോര്‍പ്പറേറ്റുകളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനുള്ള രക്ഷാ പാക്കേജുകള്‍ നടപ്പിലാക്കിയത്.
2007-ല്‍ കുഴപ്പം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തികച്ചും താല്‍കാലികമായ ഒരു പ്രതിഭാസമായി അവഗണിക്കാന്‍ ശ്രമിച്ചവര്‍ ദിവസങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പരിഭ്രാന്തരായി. രാജ്യത്തിനുള്ളിലും രാജ്യാന്തരവുമായ നടപടികളിലേക്ക് നീങ്ങി. 2008 നവംബറിലും 2009 ഏപ്രിലിലും നടന്ന ജി 20 സമ്മേളനങ്ങള്‍ വിവിധ നടപടികളും സഹായ പദ്ധതികളും പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങളില്‍ സ്വകാര്യമേഖലയുടെ മേന്മ ആവര്‍ത്തിച്ച് രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 2009 ഓടെ സമ്പദ് വ്യവസ്ഥ കരകയറുമെന്ന് പല ആസ്ഥാന പണ്ഡിതരുടെയും പ്രസ്താവനയും വന്നു.
എ സിയാവുദീന്‍ എഴുതുന്നു...
Post a Comment