ഉത്കൃഷ്ടമായ സമൂഹം കെട്ടിപ്പടുക്കുക മാത്രമല്ല സോഷ്യലിസം. എല്ലാവര്‍ക്കും തൊഴില്‍ (അല്ലെങ്കില്‍ ഒട്ടുമിക്കവര്‍ക്കും തൊഴിലും അതില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മാവേതനവും) നല്‍കുക എന്നതു മാത്രമല്ല സോഷ്യലിസം. അത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കലും 'തൊട്ടിലില്‍ നിന്ന് ചുടലവരെ' അതിലെ പൌരന്മാരെ സംരക്ഷിക്കലും മാത്രമല്ല അത് സമത്വാധിഷ്ഠിത സമൂഹത്തിന്റെ ഉത്കൃഷ്ടമായ പരിപാലനം മാത്രമല്ല തീര്‍ച്ചയായും സോഷ്യലിസം ഇതെല്ലാമാണ്. അതേസമയം ഇതിനപ്പുറത്ത് മറ്റുചിലതുകൂടിയാണത്. ആന്റീഡ്യൂറിംഗില്‍, എംഗല്‍സ് ചൂണ്ടികാണിച്ചതുപോലെ, മനുഷ്യ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നം കൂടിയാണത്. തീര്‍ച്ചയായും, ജനങ്ങളുടെ പങ്ക്, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്ന്; ചരിത്രത്തിലെ വിഷയങ്ങളായി മാറുന്നതിന് മേല്‍പറഞ്ഞ സാമൂഹ്യ ഉപാധികള്‍, അതായത് പൂര്‍ണ്ണമായ തൊഴില്‍, ക്ഷേമരാഷ്ട്ര നടപടികള്‍, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളിലെ കുറവ്, സമത്വാധിഷ്ഠിത വ്യവസ്ഥ എന്നിവ അവശ്യ ഉപാധികള്‍ തന്നെയാണ്. പക്ഷേ അവയൊക്കെ ചേര്‍ന്നാലും, സ്വാതന്ത്ര്യം എന്ന സങ്കല്‍പത്തോടു തുല്യം നില്‍ക്കില്ല. അതുകൊണ്ടുതന്നെ അവ സോഷ്യലിസത്തിന്റെ അന്ത:സത്തയെ പൂര്‍ണ്ണമാക്കുന്നില്ല.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ബൂര്‍ഷ്വാസാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്നാഡ് കെയ്ന്‍സിന്റെ രചനകള്‍, പരിശോധിച്ചാല്‍, മനുഷ്യത്വ പൂര്‍ണ്ണമായ സമൂഹം എന്ന സങ്കല്‍പവും, സോഷ്യലിസം എന്ന സങ്കല്‍പ്പവും തമ്മിലുളള അന്തരം കൃത്യമായി വെളിപ്പെടുന്നതുകാണാം. തൊഴിലാളി വര്‍ഗ്ഗത്തിന് തൊഴിലില്ലായ്മ വരുത്തിവെയ്ക്കുന്ന യാതനകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കെയ്ന്‍സ്, ആ സ്ഥിതിവിശേഷത്തെ വെറുത്തിരുന്നു. ഈ യാതനയ്ക്കറുതി വരുത്തുന്നതിനായി, മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്റ് മാനേജ്മെന്റില്‍ (ബൂര്‍ഷ്വാ) ഭരണകൂടത്തിന്റെ ഇടപെടലിനുളള സിദ്ധാന്തപരമായ വഴിയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം തന്നെ. ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ സൃഷ്ടിയില്‍ അദ്ദേഹം വികാരപരമായിത്തന്നെ പ്രതിബദ്ധനായിരുന്നു. ഒപ്പം, ഇത്തരത്തില്‍ പ്രതിബദ്ധരായിരിക്കുക എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരുടെ കടമയാണ് എന്നുകൂടി അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, സാമ്പത്തിക ശാസ്ത്രകാരന്മാരെ "സമൂഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍'' എന്നദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, കെയ്ന്‍സ് തീര്‍ത്തും ഒരു സോഷ്യലിസ്റ്റ് വിരോധിയായിരുന്നു. എന്നുവച്ചാല്‍, വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ച്, ഭരണകൂടത്തെ മഹത്വവല്‍ക്കരിക്കുന്ന വ്യവസ്ഥയായി സോഷ്യലിസത്തെ കാണുന്ന ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ പറയുന്ന അര്‍ത്ഥത്തിലല്ല, മറിച്ച്, കുറേക്കൂടി മൌലികമായ അര്‍ത്ഥത്തില്‍ അദ്ദേഹവും സോഷ്യലിസത്തില്‍ വ്യക്തിസ്വാതന്ത്ര്യനിഷേധം കണ്ടിട്ടുണ്ടാവാം. എന്നാല്‍, സോഷ്യലിസത്തോടുളള അദ്ദേഹത്തിന്റെ എതിര്‍പ്പ് തികച്ചും അടിസ്ഥാനപരമായിരുന്നു. അത് ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. "മത്സ്യത്തേക്കാള്‍ ചളി ഇഷ്ടപ്പെടുന്നു, ബൂര്‍ഷ്വാസിക്കും ബുദ്ധിജീവി വൃന്ദത്തിനും - പിശുക്കുകളൊക്കെ നിലനില്‍ക്കെത്തന്നെ ജീവിതത്തിന്റെ മേന്മയും, മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും വിത്തുകള്‍ വഹിക്കുന്നവര്‍ അവരാണെന്നിരിക്കെ - മേലെ, അപരിഷ്കൃതനായ തൊഴിലാളിയെ പ്രതിഷ്ഠിക്കുന്ന ഒരു വിശ്വാസ പ്രമാണത്തെ ഞാനെങ്ങനെ സ്വീകരിക്കും?..... മൂല്യങ്ങള്‍ അപ്പാടെ മാറ്റിമറിക്കുന്ന വിചിത്രവും ഭീകരവുമായ പരിവര്‍ത്തനം സംഭവിക്കാത്തിടത്തോളംകാലം, വിദ്യാസമ്പന്നനും മാന്യനും ബുദ്ധിമാനുമായ, പശ്ചിമ യൂറോപ്പിന്റെ ഒരു പുത്രന് തന്റെ വൈശിഷ്ട്യം ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.'' (essays in persuasion) മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കെയ്ന്‍സിന്റെ എതിര്‍പ്പ്, ജനങ്ങള്‍ ചരിത്രത്തിന്റെ വിഷയങ്ങളാകുന്നതിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തില്‍ ദീനാനുകമ്പ നിറഞ്ഞു തുളുമ്പിയിരുന്നു. പക്ഷേ തൊഴിലാളികളുടെ നേതൃത്വത്തില്‍ മനുഷ്യരെ, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്നും വിഷയങ്ങളാക്കി മാറ്റിത്തീര്‍ക്കുന്ന സ്വാതന്ത്ര്യം എന്ന ആശയത്തോട് അദ്ദേഹം പുറം തിരിഞ്ഞുനിന്നു.
ക്ഷേമവാദവും സോഷ്യലിസവും തികച്ചും വ്യത്യസ്തങ്ങളായ സങ്കല്‍പനങ്ങളാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായ ഒരു ബന്ധമുണ്ട്. സ്വാഭാവികമായും ഇത് കെയ്ന്‍സ് കാണുന്നില്ല എന്നതുതന്നെയാണ്,അക്കിലസിന്റെ ഉപ്പൂറ്റി പോലെ, അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ദൌര്‍ബല്യവും. ബൂര്‍ഷ്വാസി എന്തുകൊണ്ടാണ് വിട്ടുവീഴ്ചയില്ലാതെ ക്ഷേമരാഷ്ട്രത്തെ എതിര്‍ക്കുന്നത് എന്നും എന്തുകൊണ്ട് സോഷ്യലിസ്റുകള്‍ ബൂര്‍ഷ്വാസമൂഹത്തിനകത്ത് ക്ഷേമരാഷ്ട്രത്തിനുവേണ്ടി ശക്തമായി പൊരുതണമെന്നും, ഈ വൈരുദ്ധ്യാത്മകത വിശദീകരിക്കുന്നുണ്ട്. ഈ വൈരുദ്ധ്യാത്മകത മൂലമാണ്, ക്ഷേമരാഷ്ട്രത്തിന്, ബൂര്‍ഷ്വാവ്യവസ്ഥയെ ദൃഢീകരിക്കാനും എക്കാലത്തേക്കും നിലനില്‍ക്കാനും അനുവദിക്കുന്ന ഒരു തരം "പാതിപണിതവീട്'' പോലെ ആകാന്‍ കഴിയാത്തത്. ബൂര്‍ഷ്വാ വ്യവസ്ഥ, എപ്പോഴും അതിനെ പിന്നാക്കം വലിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിനെ പ്രതിരോധിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ആയിരിക്കണം എല്ലായ്പ്പോഴും സോഷ്യലിസ്റ്റുകളുടെ പരിശ്രമം.
പരിപുര്‍ണ്ണതൊഴിലും സാമൂഹ്യസുരക്ഷയും ആരോഗ്യരക്ഷയും വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതിനായി, ഡിമാന്റ് മാനേജ്‌മെന്റിലുളള ഭരണകൂട ഇടപെടലും വരുമാനത്തിലും സ്വത്തിലും ഉളള അസമത്വം നിയന്ത്രിക്കുന്നതിനുളള ഉപാധിയായി നികുതി വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്ന നടപടിയും ഉള്‍കൊളളുന്ന ക്ഷേമരാഷ്ട്രത്തെ ബൂര്‍ഷ്വാസി എതിര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ ബൂര്‍ഷ്വാ നൈതികതയെ, മൈക്കല്‍ കലേക്കി ഇങ്ങനെ പരിഹസിക്കുന്നുണ്ട്. "മറ്റ് സ്വകാര്യ സമ്പാദന മാര്‍ഗ്ഗങ്ങളില്ലാത്തിടത്തോളം നിങ്ങള്‍ നിങ്ങളുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നിങ്ങളുടെ അപ്പം സമ്പാദിക്കണം'' എന്നാല്‍ അദ്ദേഹത്തിന്റെ പരിഹാസം മുതലാളിത്തത്തിന്റെ അടിസ്ഥാന നിലപാടിനു നേരെ തന്നെയായിരുന്നു. ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് പ്രതിഫലം നല്‍കുന്നു എന്നതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ വിതരണത്തില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥ "നീതിയുക്ത'മാണെന്ന തത്വത്തെയും അതില്‍ നിന്നുരുത്തിരിയുന്ന മറ്റൊരു തത്വമായ പ്രതിഫലത്തിന്റെ ഈ വിതരണത്തില്‍ ആരെങ്കിലും ഇടപെടുന്നത് അന്യായമാണെന്ന വാദത്തേയുമാണ് അദ്ദേഹം പരിഹസിച്ചത്. ആ നിലയില്‍ എല്ലാവര്‍ക്കും ചുരുങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുളള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കുന്നത് ബൂര്‍ഷ്വാ വ്യവസ്ഥയുടെ നൈതികതയ്ക്ക് വിരുദ്ധവും "ന്യായരഹിത''വുമാണ് .
രണ്ടാമത്, കൃത്യമായും ഇക്കാരണത്താല്‍തന്നെ, ക്ഷേമവാദത്തെ സ്വീകരിക്കല്‍, ബൂര്‍ഷ്വാ വ്യവസ്ഥയിലുളള "അവിശ്വാസമായി കണക്കാക്കപ്പെട്ടു. ബൂര്‍ഷ്വാവ്യവസ്ഥയുടെ പ്രവര്‍ത്തനം ക്രൂരമായ ഫലങ്ങളുളവാക്കുന്നു എന്ന വാദം പൊതുവേ അംഗീകരിക്കപ്പെട്ടാല്‍, അതുമൂലം കീഴ്മേല്‍ മറിക്കപ്പെടുന്നത്, ബൂര്‍ഷ്വാവ്യവസ്ഥയുടെ സാമൂഹ്യമായ വിശ്വാസ്യതതന്നെയായിരിക്കും.
മൂന്നാമത്തെ കാരണമാണ് ഇവിടെ പ്രസക്തമാകുന്നത്.കൂലിവേലക്കാരുടെയും മറ്റ് തൊഴിലാളിവിഭാഗത്തിന്റെയും വിലപേശല്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ക്ഷേമരാഷ്ട്ര നടപടികള്‍ സഹായിക്കുന്നുണ്ട്. ഏതാണ്ട് പൂര്‍ണ്ണമായും തൊഴില്‍ നല്‍കപ്പെടുന്നതും തൊഴിലില്ലായ്മ വേതനവും മറ്റ് സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമ്പദ്ഘടനയില്‍ തൊഴിലാളികള്‍ക്കുമേല്‍ മേലധികാരികള്‍ പ്രയോഗിക്കുന്ന 'പിരിച്ചുവിടല്‍' എന്ന ആയുധത്തിന് തീര്‍ച്ചയായും മൂര്‍ച്ച നഷ്ടപ്പെടും.
ചുരുക്കത്തില്‍ ക്ഷേമരാഷ്ട്ര നടപടികളിലൂടെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ മണിക് ബന്ദോപാദ്ധ്യായ, "ഛിനിയേവായ്നിക്വാനോ'' (എന്തുകൊണ്ട് അവര്‍ തട്ടിയെടുത്ത് ഭക്ഷിച്ചില്ല) എന്ന കഥയില്‍ ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. 1934 ലെ ബംഗാള്‍ ക്ഷാമകാലത്ത് ഏതാനും വാര അകലെ ഭക്ഷണം കൊണ്ടു നിറഞ്ഞ റസ്റ്റോറന്റുകളും വീടുകളും ഉണ്ടായിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഭക്ഷണം കിട്ടാതെ നിരവധി മനുഷ്യര്‍ തെരുവുകളില്‍ മരിച്ചുവീണത്? എന്തുകൊണ്ടാണവര്‍ ഈ സ്ഥലങ്ങള്‍ കൈയേറി ഭക്ഷണം തട്ടിയെടുത്ത് തങ്ങളുടെ വിശപ്പകറ്റാനും ജീവന്‍ രക്ഷിക്കാനും തുനിയാത്തത്? ഭക്ഷണമില്ലാത്ത അവസ്ഥ ചെറുക്കാനുളള ഇച്ഛാശക്തിയെ കുറയ്ക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ചെറുത്തു നില്‍ക്കുവാനുളള ഇച്ഛ ശക്തമാകുന്നത്, തൊഴിലാളികള്‍ ഭൌതികമായി മെച്ചപ്പെടുമ്പോഴാണ്. ഈ ശക്തിപ്പെടുത്തലാണ് ക്ഷേമരാഷ്ട്ര നടപടികള്‍ നിര്‍വ്വഹിക്കുന്നത്.
ചെറുത്തുനില്‍പിന്റെ ഈ ശക്തിപ്പെടല്‍ തന്നെ, വസ്തുവില്‍ നിന്നും വിഷയത്തിലേക്കുളള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ, ധാരണാപരമായി, ക്ഷേമവാദവും സോഷ്യലിസവും വ്യത്യസ്തമാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമാകുന്നു എന്നതുകൊണ്ടും തൊഴിലെടുക്കുന്നവര്‍ക്ക് ഗുണകരമായി മാറുന്നു എന്നതുകൊണ്ടും മാത്രമല്ല, മറിച്ച് ചെറുത്തുനില്‍പ്പിനുളള തൊഴിലാളികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരെ, വസ്തുവില്‍ നിന്ന് വിഷയത്തിലേക്കുളള മാറ്റത്തിന്റെ പ്രക്രിയയില്‍ സഹായിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ട് കൂടി, സോഷ്യലിസ്റ്റുകള്‍ ക്ഷേമരാഷ്ട്രനടപടികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അങ്ങനെ വര്‍ഗ്ഗ സമരത്തിന് മൂര്‍ച്ച കൂടുന്ന പ്രക്രിയയില്‍ സഹായിക്കേണ്ടതുണ്ട്. ഇതൊഴിവാക്കുന്നതിനുവേണ്ടി ജനങ്ങളെ എന്നും വസ്തുവിന്റെ ചങ്ങലയില്‍ തളച്ചിടുന്നതിനും അവരെ ദുര്‍ബലപ്പെടുത്തി അടിമപ്പെടുത്തി, ഭിന്നിപ്പിച്ച്, അണുപ്രായമാക്കി സ്വന്തം അനുഭവത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്തവരാക്കി മാറ്റി, എല്ലാ ക്ഷേമ രാഷ്ട്ര നടപടികളും പിന്‍വലിക്കുന്നതിനും ബൂര്‍ഷ്വാസി ഒരു നിരന്തര സമരം തന്നെ നടത്തുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇത്തരം നടപടികളുടെ സ്ഥാപനവല്‍ക്കരണം അംഗീകരിക്കേണ്ടിവരുന്നുണ്ടെങ്കിലും, ബൂര്‍ഷ്വാസിയുടെ ശ്രമം എല്ലായ്പ്പോഴും, അത് ഇല്ലായ്മ ചെയ്യാനാണ്.
ഇത് കാണാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട്, ബൂര്‍ഷ്വാസിയുടെ ഭാഗത്തുനിന്നുളള സമ്മര്‍ദ്ദഫലമായുള്ള "കെയ്നീഷ്യന്‍'' ഡിമാന്റ് മാനേജ്മെന്റിന്റെ, വിശിഷ്ടാ സാമ്പത്തിക താല്‍പര്യങ്ങളുടെ പതനം ദീര്‍ഘദര്‍ശിത്വം ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് കെയ്ന്‍സിന്റെ സാമൂഹ്യ സിദ്ധാന്തത്തിന്റെ ദൌര്‍ബല്യം. കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റിന്റെ പതനം അത് അവതരിപ്പിക്കപ്പെട്ട ഭരണവാഴ്ചയില്‍ സംഭവിച്ചില്ല എന്നത് വാസ്തവമാണ്. ഭരണകൂടം പരമോന്നതവും അതിന്റെ അധികാരാതിര്‍ത്തിയില്‍, ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കപ്പെട്ടിരുന്നതുമായ ഒരു പരിസരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് തകര്‍ന്നതാവട്ടെ, ധനത്തിന്റെ ആഗോളവല്‍ക്കരണം നിലനില്‍ക്കുന്ന, അതുകൊണ്ടുതന്നെ ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്രമായ ഒഴുക്ക് അനുവദിക്കപ്പെട്ടിട്ടുളള ഒരു വാഴ്ചയക്കകത്താണ്. എന്നാല്‍ ഈ മാറിയ പരിസരം, കെയ്നീഷ്യനിസത്തിലേക്കുളള ഒരു പിന്മടക്കത്തിനുളള ശേഷി മുതലാളിത്തത്തിനു പകര്‍ന്നു നല്‍കിയതേയുളളൂ. ഇങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെട്ടു എന്നുളളത്, ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കകത്ത് ക്ഷേമവാദം ഉല്‍പാദിപ്പിക്കുന്ന, മറികടക്കാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ പിന്തുണയോടെയുളള യുപിഎ ഭരണകാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദഫലമായി, സര്‍ക്കാരിനകത്തുണ്ടായിരുന്ന നവലിബറല്‍ വ്യാഖ്യാതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചും NREGS പോലെയുളള നിരവധി നടപടികള്‍ കൈക്കൊളളുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേ വ്യാഖ്യാതാക്കള്‍ തന്നെ, പില്‍ക്കാലത്ത്, ഈ നടപടികള്‍ക്ക് അവകാശവാദമുന്നയിച്ചു എന്നത് വിരോധാഭാസമാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുമ്പോഴും അവ കുറേശ്ശെയായി വെട്ടിചുരുക്കുകയാണവര്‍,(ജനങ്ങള്‍ക്ക്, ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുന്ന, ഭക്ഷ്യാവകാശനിയമം ഏറ്റവും ഒടുവിലത്തെ ഉദാഹരണം) വാസ്തവത്തില്‍, തങ്ങള്‍ തുടര്‍ന്നുവരുന്ന നഗ്നമായ ധനിക പക്ഷപാത നയങ്ങളെ മറച്ചുവയ്ക്കുന്നതിനുളള ഒരു ഇലമറമാത്രമായിട്ടാണ് അവരിതിനെ ഉപയോഗിക്കുന്നത്. സര്‍ക്കാരാവട്ടെ, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് ഓഹരികമ്പോളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഈ ശതകോടീശ്വരന്മാര്‍ക്ക്, '' വികസന''ത്തിന്റെ പേരില്‍ വീണ്ടും കനത്ത ഔദാര്യം നല്‍കുന്നു. ആരെങ്കിലും ഇതിനെ എതിര്‍ത്താലോ?'' നിങ്ങള്‍ക്കറിയില്ലേ? നമുക്കൊരു NREGS ഉണ്ടല്ലോ'' എന്ന മറുപടിയാണ്. ചുരുക്കിചുരുക്കി കൊണ്ടുവരികയാണെങ്കിലും ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധനികര്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കുന്നതിനുളള ഒരു ഒഴിവുകഴിവായി മാറുന്നു.
എന്നാല്‍ ഈ ക്ഷേമപ്രവര്‍ത്തനങ്ങളാവട്ടെ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള വലിയ സൌജന്യമായി കണക്കാക്കപ്പെടുന്നു. NREGS പോലെയുളള നിരവധി പദ്ധതികള്‍, പേരിനെങ്കിലും, അവകാശാടിസ്ഥാനമായിട്ടുളളതാണെങ്കിലും, പ്രയോഗത്തില്‍, അതിന്റെ ഫലം അതുനടപ്പാക്കുന്ന സര്‍ക്കാരിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചു നിലകൊണ്ടിരുന്ന മുന്‍ പദ്ധതികളില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതുകൊണ്ട്, പാവപ്പെട്ടവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഈ നടപടികള്‍ കുറച്ചൊക്കെ ആശ്വാസം പകരുമെങ്കിലും, അവ, വസ്തുക്കള്‍ എന്ന നിലയിലുളള ജനങ്ങളുടെ പങ്ക് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ഭരണവര്‍ഗത്തോട് കൂറുപുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കിടയില്‍, ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുളള ആത്മപ്രശംസാവ്യവഹാരം, പ്രത്യേകിച്ചും NREGS പോലുളള പദ്ധതികളുടെ ഫലമായി കോണ്‍ഗ്രസ് പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവച്ചുഎന്നു കരുതുന്ന തെരഞ്ഞെടുപ്പിനു ശേഷം, ജനങ്ങളുടെ ഈ വസ്തുവല്‍ക്കരണം കൊണ്ടു നിറഞ്ഞ ഒന്നാണ്.
ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന, ചെറുക്കുവാനുളള ജനങ്ങളുടെ ഇച്ഛാശക്തി ഉയര്‍ത്തുന്ന നടപടി, ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ പ്രായോഗികമായി ഫലപ്രദമാക്കേണ്ടതുണ്ട്. കാരണം ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കുക എന്നതുതന്നെയാണ് ഇടതുപക്ഷ പരിപാടി. അതുകൊണ്ട് NREGS പോലുളള ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നു വ്യതിചലിക്കാനുളള ബൂര്‍ഷ്വാസിയുടെ എല്ലാ ശ്രമങ്ങളേയും തടഞ്ഞുകൊണ്ട്, അതിന്റെ നടപ്പാക്കലിനായി ഇടതുപക്ഷം ഫലപ്രദമായിത്തന്നെ ഇടപെടുകയും, അതേസമയം, ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയും വര്‍ഗ്ഗസമരം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തില്‍, അത്തരം പദ്ധതികളില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുളളവസ്തുവല്‍ക്കരണത്തെ മറികടക്കുന്നതിനും, ആ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന ഭൌതിക പിന്‍ബലത്തിന്റെ പരിസരം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇടതുപക്ഷം പൊരുതുന്നത് കേവലം ക്ഷേമവാദത്തിനുവേണ്ടിയല്ല, മറിച്ച്, സോഷ്യലിസത്തിനുവേണ്ടിയാണ്. സോഷ്യലിസവുമായി ക്ഷേമവാദം വൈരുദ്ധ്യാത്മകമായി ബദ്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഉളളടക്കം ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
*
പ്രഭാത് പട്നായിക് എഴുതിയ Socialism and Welfarism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് ശ്രീ. സി.ബി. വേണുഗോപാല്‍
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74
Subscribe to:
Post Comments (Atom)
1 comment:
....മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ പിന്തുണയോടെയുളള യുപിഎ ഭരണകാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദഫലമായി, സര്‍ക്കാരിനകത്തുണ്ടായിരുന്ന നവലിബറല്‍ വ്യാഖ്യാതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചും NREGS പോലെയുളള നിരവധി നടപടികള്‍ കൈക്കൊളളുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേ വ്യാഖ്യാതാക്കള്‍ തന്നെ, പില്‍ക്കാലത്ത്, ഈ നടപടികള്‍ക്ക് അവകാശവാദമുന്നയിച്ചു എന്നത് വിരോധാഭാസമാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുമ്പോഴും അവ കുറേശ്ശെയായി വെട്ടിചുരുക്കുകയാണവര്‍,(ജനങ്ങള്‍ക്ക്, ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുന്ന, ഭക്ഷ്യാവകാശനിയമം ഏറ്റവും ഒടുവിലത്തെ ഉദാഹരണം) വാസ്തവത്തില്‍, തങ്ങള്‍ തുടര്‍ന്നുവരുന്ന നഗ്നമായ ധനിക പക്ഷപാത നയങ്ങളെ മറച്ചുവയ്ക്കുന്നതിനുളള ഒരു ഇലമറമാത്രമായിട്ടാണ് അവരിതിനെ ഉപയോഗിക്കുന്നത്. സര്‍ക്കാരാവട്ടെ, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് ഓഹരികമ്പോളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഈ ശതകോടീശ്വരന്മാര്‍ക്ക്, '' വികസന''ത്തിന്റെ പേരില്‍ വീണ്ടും കനത്ത ഔദാര്യം നല്‍കുന്നു. ആരെങ്കിലും ഇതിനെ എതിര്‍ത്താലോ?'' നിങ്ങള്‍ക്കറിയില്ലേ? നമുക്കൊരു NREGS ഉണ്ടല്ലോ'' എന്ന മറുപടിയാണ്. ചുരുക്കിചുരുക്കി കൊണ്ടുവരികയാണെങ്കിലും ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധനികര്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കുന്നതിനുളള ഒരു ഒഴിവുകഴിവായി മാറുന്നു.
പ്രഭാത് പട്നായികിന്റെ പഠനാര്‍ഹമായ ലേഖനം.
Post a Comment