Friday, September 11, 2009

അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസിദ്ധീകരണം

മലയാളത്തില്‍ വിരലിലെണ്ണാവുന്നത്ര മാസികകള്‍മാത്രം പ്രസിദ്ധീകൃതമായിരുന്ന കാലത്താണ് കേരളാ സര്‍വീസ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അക്കാലത്ത് അതായത് 1959 ല്‍ ഒരു സര്‍വീസ് സംഘടനയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രസിദ്ധീകരണം സ്വപ്നതുല്യമായിരുന്നു. 1959 സെപ്തംബറിലാണ് പെരുമ്പുഴ ഗോപാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കേരളാ സര്‍വീസ് മാസികയുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. സൈക്കിള്‍ ചവിട്ടിയും തലച്ചുമടായും ഓഫീസുകള്‍ തോറും വില്‍പ്പന നടത്താന്‍ ചുറുചുറുക്കുള്ള സംഘടനാ പ്രവര്‍ത്തകരുടെ നീണ്ട നിരതന്നെ സംസ്ഥാനത്തുടനീളം മാസികയുടെ പ്രചാരണം ഏറ്റെടുത്തു. അച്ചടി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെയാണ് അന്നും ഇന്നും നടത്തിവരുന്നത്. ഇന്റര്‍നെറ്റും ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ജീവനക്കാര്‍ക്കു യഥാസമയം ലഭിച്ചിരുന്നതുപോലും കേരളാ സര്‍വീസ് മാസിക വഴിയായിരുന്നു. രാഷ്ട്രീയമായി മാസികയ്ക്ക് അയിത്തം കല്‍പ്പിച്ചിരുന്നവര്‍ക്കുപോലും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല.

സര്‍വീസ് പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ചോദ്യോത്തര പംക്തി ആദ്യമായി മലയാളത്തില്‍ ആരംഭിച്ചതും കേരളാ സര്‍വീസ് ആണ്. സര്‍വീസ് - നിയമ പ്രശ്നങ്ങള്‍ക്കുപരി സാംസ്കാരിക - രാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന ഗൌരവമുള്ള പംക്തികളും കേരളാ സര്‍വീസിന്റെ പ്രത്യേകതയാണ്. 1962 ഒക്ടോബറില്‍ സര്‍വീസ് സംഘടനാ ഫെഡറേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി മൂന്ന് സംഘടനയായി മാറിയപ്പോള്‍ നോണ്‍ ഗസറ്റഡ് വിഭാഗം സംഘടനയായ എന്‍ജിഒ യൂണിയന്റെ മുഖപത്രമായി കേരളാ സര്‍വീസ് തുടര്‍ന്നു. അക്കാലത്ത് സംഘടനാ പ്രവര്‍ത്തകര്‍ നിരന്തരം സ്ഥലംമാറ്റപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കേരളാ സര്‍വീസിന്റെ പ്രവര്‍ത്തനത്തെയും അത് പലപ്പോഴും സാരമായി ബാധിച്ചു. മാസികയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ച് ഒരിടത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. 1962 മുതല്‍ 1965 വരെ തിരുവനന്തപുരത്തും തുടര്‍ന്ന് 1966 ഡിസംബര്‍വരെ കോട്ടയവും കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ടിവന്നു. കോട്ടയം കലക്ടറേറ്റില്‍ നടന്ന സമരത്തില്‍ ശിക്ഷിക്കപ്പെട്ട് പത്രാധിപര്‍ രാജേന്ദ്രനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതോടെ പത്രാധിപത്യത്തില്‍ വീണ്ടും മാറ്റം വന്നു. 1971 വരെ പി ആര്‍ രാജന്‍ പത്രാധിപരും അഞ്ചല്‍ ഭാസ്കരന്‍പിള്ള അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇതിനിടെ പ്രസിദ്ധീകരണം കോഴിക്കോട്ടേക്കു മാറ്റി. ദേശാഭിമാനിയുടെ പുതിയ പ്രസില്‍ അച്ചടി തുടങ്ങി. ആദ്യലക്കത്തിന്റെ മുഖചിത്രം മുഖ്യമന്ത്രി ഇ എം എസിന്റേതായിരുന്നു. ദേശാഭിമാനി പ്രസില്‍ അച്ചടിച്ച ഇ എം എസിന്റെ മുഖചിത്രമുള്ള കേരള സര്‍വീസ് കമ്യൂണിസ്റ് പാര്‍ടി മാസിക തന്നെയെന്ന് സര്‍വീസില്‍ പലരും മുറുമുറുത്തു. ശക്തമായ പ്രചാരണവും നടന്നു.

1971 ജൂണ്‍ 25 ന് എന്‍ജിഒ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് കെട്ടിടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തപ്പോള്‍ കേരളാ സര്‍വീസിന്റെ ആസ്ഥാനവും തിരുവനന്തപുരത്തേക്കു മാറ്റി. എം ശങ്കരനാരായണപിള്ളയുടെ പത്രാധിപത്യത്തില്‍ എന്‍ ശ്രീധരന്‍ പിള്ള മാനേജരായ കമ്മിറ്റി സര്‍വീസിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. പിന്നീടങ്ങോട്ട് മുടക്കം കൂടാത്ത പ്രവര്‍ത്തനമാണ് നടന്നത്. 50 വര്‍ഷം പിന്നീടുമ്പോള്‍ കേരളാ സര്‍വീസിന്റെ വരിസംഖ്യ 50 രൂപ ആണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മാസിക ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടുനിന്നും അച്ചടിച്ചു വരുന്നു. വരിക്കാരിലുണ്ടായ വമ്പിച്ച വര്‍ധനമൂലം മാസിക ഒരിടത്തുതന്നെ പോസ്റ്റു ചെയ്യാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഓഫീസുകളുടെ ഗേറ്റുകള്‍ പൂട്ടിയിട്ട് ജീവനക്കാരോട് നാവടക്കൂ പണിയെടുക്കൂ” എന്ന ആജ്ഞാപിക്കപ്പെട്ടപ്പോള്‍ സംഘടന അതിനെതിരെ പ്രതികരിച്ചു. വനിതാ ജീവനക്കാര്‍പോലും അപമാനിക്കപ്പെട്ട അക്കാലത്ത് നോട്ടീസ് വിതരണംപോലും അനുവദിച്ചിരുന്നില്ല. ജീവനക്കാര്‍ക്കിടയില്‍ ഫലപ്രദമായി അന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനം എന്‍ജിഒ യൂണിയനും പ്രസിദ്ധീകരണം കേരളാ സര്‍വീസുമായിരുന്നു. സെന്‍സര്‍ഷിപ്പിന്റെ ഖഡ്ഗം അതുകൊണ്ടുതന്നെ കേരളാ സര്‍വീസിന്റെ കഴുത്തിലും വീണു. ഓഫീസുകള്‍ക്കുള്ളിലെ സംഘടനാ പ്രവര്‍ത്തനത്തെയും സ്വതന്ത്രമായ പെരുമാറ്റങ്ങളെയും നിയന്ത്രിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുള്ള ലേഖനം 1976 ഒക്ടോബറിലെ കേരളാ സര്‍വീസില്‍ പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിന് പ്രസിദ്ധീകരണം നിഷേധിക്കപ്പെട്ടു. അച്ചടി പൂര്‍ത്തിയായതിന് ശേഷമാണ് നിരോധനം വന്നത്. അച്ചടിച്ച ലേഖനം ഉള്‍ക്കൊള്ളുന്ന നാല് പേജ് പറിച്ചുമാറ്റി മാസിക പോസ്റ്റേജിന് നിശ്ചയിക്കപ്പെട്ട ദിവസം അയക്കേണ്ടിവന്നു. തിരുവനന്തപുരം പിപി പ്രസിന്റെയും യൂണിയന്റെ നൂറു കണക്കിന് പ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്.

അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരളാ സര്‍വീസ് ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണ്. അനിവാര്യമായ മാറ്റങ്ങളും പുതിയ സാങ്കേതിക വിദ്യകളും പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയും ബഹുദൂരം മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

*
കെ രാജേന്ദ്രന്‍ (കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

കേരള എന്‍.ജി.ഒ യൂണിയന്റെ ലഘുചരിത്രം ഇവിടെ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാളത്തില്‍ വിരലിലെണ്ണാവുന്നത്ര മാസികകള്‍മാത്രം പ്രസിദ്ധീകൃതമായിരുന്ന കാലത്താണ് കേരളാ സര്‍വീസ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അക്കാലത്ത് അതായത് 1959 ല്‍ ഒരു സര്‍വീസ് സംഘടനയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രസിദ്ധീകരണം സ്വപ്നതുല്യമായിരുന്നു. 1959 സെപ്തംബറിലാണ് പെരുമ്പുഴ ഗോപാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കേരളാ സര്‍വീസ് മാസികയുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. സൈക്കിള്‍ ചവിട്ടിയും തലച്ചുമടായും ഓഫീസുകള്‍ തോറും വില്‍പ്പന നടത്താന്‍ ചുറുചുറുക്കുള്ള സംഘടനാ പ്രവര്‍ത്തകരുടെ നീണ്ട നിരതന്നെ സംസ്ഥാനത്തുടനീളം മാസികയുടെ പ്രചാരണം ഏറ്റെടുത്തു. അച്ചടി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെയാണ് അന്നും ഇന്നും നടത്തിവരുന്നത്. ഇന്റര്‍നെറ്റും ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ജീവനക്കാര്‍ക്കു യഥാസമയം ലഭിച്ചിരുന്നതുപോലും കേരളാ സര്‍വീസ് മാസിക വഴിയായിരുന്നു. രാഷ്ട്രീയമായി മാസികയ്ക്ക് അയിത്തം കല്‍പ്പിച്ചിരുന്നവര്‍ക്കുപോലും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല.

ഇരുതലമൂരി said...

സഖാവെ
ഇതു പൊലെ ഉള്ള കൂതറ വരിക ഇന്ദിരമ്മ കാണാതെ പോയതു നന്നായി