കൊളംബോ നഗരത്തിന്റെ സിരാധമനികളിലൂടെയുള്ള ചെറിയ യാത്രകള്‍. ആള്‍ത്തിരക്ക് അലമാലകള്‍പോലെ ആര്‍ത്തിരമ്പുന്ന തെരുവുകളും റോഡുകളും. സൈനികവിന്യാസത്തിന്റെ തുറിച്ചുനോട്ടങ്ങളോട് അന്നാട്ടുകാര്‍ പൂര്‍ണമായി ഇണങ്ങിക്കഴിഞ്ഞിരുന്നു. എത്രവര്‍ഷങ്ങളായി അവര്‍ ഒരേ അവസ്ഥതന്നെ കാണുന്നുവെന്നത് ആലോചിച്ചാല്‍മാത്രം ഈ പൊരുത്തപ്പെടല്‍ തിരിച്ചറിയാന്‍ വിഷമമുണ്ടാവില്ല.
കൊളംബോ ടൌണ്‍ഹാള്‍ എന്റെ യാത്രകളുടെ പ്രധാന സ്പര്‍ശനകേന്ദ്രമായിരുന്നു. ലോകചരിത്രത്തില്‍തന്നെ പടഞ്ഞിരുന്ന് സംഭവങ്ങള്‍ കണ്ടതുപോലുള്ള അതിന്റെ പ്രാധാന്യം മലയാളീസുഹൃത്തുക്കള്‍ പലവട്ടം പറഞ്ഞുതരികയുണ്ടായി. എന്നാല്‍ എ കെ ജിയുമായി ബന്ധപ്പെട്ട കഥയുടെ ഏടുകള്‍ തുറന്നത് ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദേശീയോദ്ഗ്രഥന ഭരണഘടനാകാര്യമന്ത്രിയുമായ ദിയോ ഗുണശേഖര.
വാഷിങ്ടണ്‍ ഡി സിയിലെ കാപ്പിറ്റോള്‍ ബില്‍ഡിങിന്റെ മാതൃകയില്‍ രൂപകല്പന ചെയ്യപ്പെട്ട ടൌണ്‍ഹാളിന് 1924 മെയ് 24 നായിരുന്നു ശിലയിട്ടത്. മൂന്നുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തി. ലോകപ്രശസ്ത ആര്‍കിടെക്റ്റ് എസ് ജെ എഡ്വേര്‍ഡ്സിന്റേതായിരുന്നു പ്ളാന്‍. ജയവര്‍ധനെപുര കോട്ടയ്ക്ക് സമീപമുള്ള അത് വിവാഹമഹാദേവി പാര്‍ക്കിന് അഭിമുഖമായാണ് നില്‍ക്കുന്നത്.
വാണിജ്യപരമായും നയതന്ത്രപരമായും രണ്ടായിരം വര്‍ഷത്തെ പ്രാധാന്യമുണ്ട് കൊളംബോയ്ക്ക്. അതിന് ആ പേരുനല്കിയത് പോര്‍ച്ചുഗീസുകാരാണത്രെ. 1505 ല്‍. കൊളോണ്‍-തോട്ട എന്ന സിംഹള വാക്കില്‍നിന്നാണ് അതിന്റെ ഉദയം. കെലനി നദിക്കരയിലെ തുറമുഖം എന്നര്‍ഥം. ഇലകള്‍ സമൃദ്ധമായ മാവുകള്‍ നിറഞ്ഞ തുറമുഖപ്രദേശം എന്ന നിലയില്‍ കൊള-അംബ തോട്ടയില്‍ നിന്നാണ് കൊളംബോ എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നും അഭിപ്രായമുണ്ട്.
അവിടുത്തെ ടൌണ്‍ഹാള്‍ ലങ്കയിലെ പല രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ആഹ്വാനവേദിയായിരുന്നു. ചെറുത്തുനില്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന കൂട്ടായ്മകളുടെ ആദ്യസ്ഥലം. അത് പഴയ കാര്യം. പിന്നീട് ഭയമുറിപോലെ പുലിയുടെ കൈയേറ്റത്തിനിരയായി അതിന്റെ പാരമ്പര്യങ്ങള്‍പോലും വിറച്ചുനിന്നു. സമരബോധത്തിന്റെ ചുരത്തിയ അകിടുപോലെ നിന്ന ടൌണ്‍ഹാളിന് പലവട്ടം കടന്നാക്രമണങ്ങളുടെ മുറിവേറ്റു. എല്‍ ടി ടി ഇ ക്കാരായിരുന്നു ഇതില്‍ മിക്കതിന്റെയും പിന്നില്‍. ചന്ദ്രിക കുമരതുംഗെക്ക് വലതുകണ്ണിന്റെ കാഴ്ചനഷ്ടമാകുന്നത് പുലികളുടെ പ്രതികാരം സ്ഫോടനമായി സാന്നിധ്യമറിയിച്ചപ്പോഴായിരുന്നു. 1999 ഡിസംബര്‍ പതിനെട്ടിനായിരുന്നു അത്. തിരഞ്ഞെടുപ്പ് സമാപനത്തിനെത്തിയ ചന്ദ്രികയെ വധിക്കുകതന്നെ ലക്ഷ്യമാക്കിയ സ്ഫോടനം ആയിരങ്ങളെ ചിതറിത്തെറിപ്പിച്ചു. ബോംബിട്ട യുദ്ധഭൂമിപോലുണ്ടായ ടൌണ്‍ഹാള്‍ പരിസരത്ത് എന്റെ സുഹൃത്തും പ്രശസ്ത ജര്‍മന്‍ മലയാളം എഴുത്തുകാരനുമായ ഡി കെ മച്ചിങ്ങല്‍ സാക്ഷിയായിരുന്നു. അന്നുതന്നെ പുലികള്‍ ഒരു ലങ്കന്‍ വിമാനത്തിന് തീകൊളുത്തുകയുമുണ്ടായി.
മച്ചിങ്ങലിന്റെ ഓര്‍മകള്‍
ശ്രീലങ്കന്‍ തമിഴ് ജനവിഭാഗങ്ങളുമായി നല്ല ബന്ധമായിരുന്നു മച്ചിങ്ങലിന്. 1984 ല്‍ അദ്ദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ പലചരക്ക് കട തുടങ്ങിയപ്പോള്‍ അവിടത്തെ പ്രധാന ഇടപാടുകാര്‍ അവരായിരുന്നു. 1979ല്‍ നാലുമാസത്തോളം പാരീസില്‍ തങ്ങിയിരുന്നു മച്ചിങ്ങല്‍. ജൂണിലാണ് അവിടെ എത്തിയത്. സോര്‍ബന്‍ സര്‍വകലാശാലയില്‍ ഫ്രഞ്ച് ഭാഷാ പഠനമായിരുന്നു ഉദ്ദേശ്യം. സെപ്തംബറിലേ ക്ളാസ് തുടങ്ങുമായിരുന്നുള്ളൂ. ആ ഇടവേളയില്‍ പാരീസില്‍ കുറെ സഞ്ചരിച്ചു. അവിടെ ധാരാളം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളുണ്ടായിരുന്നു. രൂപംകണ്ട് ഇന്ത്യക്കാരാണെന്ന് മനസ്സിലാക്കി. അത് പല നല്ല സൌഹൃദങ്ങളിലേക്കും വളര്‍ന്നുവലുതായി. തങ്ങള്‍ തുഴയില്ലാത്തപോലെ അഭയാര്‍ത്ഥികളായി കരക്കടിഞ്ഞതിനെക്കുറിച്ച് സര്‍ക്കാരിന് സത്യവാങ്ങ്മൂലം പൂരിപ്പിച്ചു നല്‍കേണ്ടിയിരുന്നു അവര്‍. ഇംഗ്ളീഷ് നന്നായി വശമില്ലാത്തവര്‍ മച്ചിങ്ങലിനെ സമീപിച്ചു. തമിഴരോട് അനുകമ്പതോന്നിയ അദ്ദേഹം കഥകള്‍ ചേര്‍ത്തുവെച്ച് വിശദീകരണങ്ങള്‍ നിരത്തി അവരെ രക്ഷിച്ചു.
ഇതിന് സമാനമായ അവസ്ഥയുണ്ടായിരുന്ന പഴയ കാലത്താണ് എ കെ ജി ലങ്കയിലെത്തിയത്. ആ സന്ദര്‍ശനത്തിന്റെ ചില വ്യക്തിപരമായ അനുബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ദിയോ ഗുണശേഖര മറന്നില്ല. എ കെ ജിയുടെ രണ്ടാം കൊളംബോ ടൌണ്‍ഹാള്‍ പ്രസംഗം കേട്ടാണ് അദ്ദേഹം കമ്യൂണിസ്റായതെന്ന വികാരതീവ്രമായ അനുഭവം. അന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ദിയോ ടൌണ്‍ ഹാളിന്റെ ജനലഴികള്‍ പിടിച്ചുനിന്നാണത്രെ പ്രസംഗം ശ്രവിച്ചത്. അവ്യക്തമായി ചിതറിയ ചിന്തകള്‍ക്ക് രാഷ്ട്രീയ കൃത്യതവരുത്തിയത് എ കെ ജിയാണെന്നും അദ്ദേഹം വിശദീകരിക്കുമ്പോള്‍ ആ മുഖത്ത് സന്തോഷവും അഭിമാനവും ഒന്നുചേര്‍ന്ന് മിന്നിമറയുകയായിരുന്നു.
എ കെ ജിയുടെ യാത്ര
എ കെ ജി ഇന്ത്യക്കകത്തും പുറത്തും നടത്തിയ യാത്രകള്‍. അവ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നെങ്കിലും മലയാളികള്‍ക്കിടയില്‍ ഐക്യബോധത്തിന്റെ സന്ദേശം മുളപ്പിക്കാനും ശ്രമിച്ചു. ഇതിന്റെ കുറേ മുദ്രകള്‍ അദ്ദേഹത്തിന്റെ സിലോണ്‍ സന്ദര്‍ശനത്തിലുമുണ്ടായി. തൊള്ളായിരത്തി നാല്പതുകളിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലൂടെ തുഴഞ്ഞാണ് അവിടെയെത്തിയതും.
'പ്രഭാത'ത്തിന് ഫണ്ട് സ്വരൂപീക്കാന്‍ ബോംബെയിലും മറ്റും നടത്തിയ സന്ദര്‍ശനങ്ങള്‍. അതിനുശേഷമാണ് സിലോണ്‍ യാത്ര നിശ്ചയിക്കുന്നത്. മലയാളികള്‍ തമ്മില്‍തമ്മിലും സിംഹളരും മലയാളികളും തമ്മിലും ഏറ്റുമുട്ടലുകളോളം അടുത്ത ഭിന്നതകളും സ്പര്‍ധയും നിലനിന്ന ഘട്ടമായിരുന്നു അത്. 'സിലോണ്‍ മലയാളി മഹാജനസഭ' അവിടുത്തെ കേരളീയ തൊഴിലാളികള്‍ക്ക് പല നേട്ടങ്ങളും പിടിച്ചുവാങ്ങിക്കൊടുത്തെങ്കിലും ചില നേതാക്കള്‍ അതിനൊരുവര്‍ഗീയമുഖംകൊടുക്കാന്‍ ശ്രമിച്ചിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് ഭാരത് യുവജനസംഘം പിറവികൊണ്ടത്.
മലയാളീ സംഘടനകള്‍ സിലോണിലെ പുരോഗമനവാദികളോട് കാരണങ്ങളില്ലാതെ അകലത്തിലുമായിരുന്നു. സിലോണ്‍ സമാജപാര്‍ട്ടിയുമായിപ്പോലും സൌഹൃദം പുലര്‍ത്തിയിരുന്നില്ല. തമിഴ് യുവജനസംഘടനകളുമായും ബന്ധങ്ങളുണ്ടായില്ല
''............'പ്രഭാത'ത്തിന് ഫണ്ട് പിരിക്കുന്നതിനേക്കാള്‍ അടിയന്തിരമായി എന്റെ ശ്രദ്ധ പതിയേണ്ടത് ഈ അപകടാവസ്ഥ മാറ്റുന്നതിലാണെന്ന് എനിക്ക് മനസ്സിലായി. ആദ്യം മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക, സംഘടന ശക്തിപ്പെടുത്തുക. പിന്നീട് മലയാളികള്‍ അല്ലാത്തവരുമായി ബന്ധപ്പെടുത്തി എല്ലാ ഭാരതീയരുടേതുമായ സംഘടന സ്ഥാപിക്കുക. ഈ സംഘടനയെ സമസമാജ് പാര്‍ട്ടിയുമായ് ബന്ധപ്പെടുത്തി ഒരു ഐക്യമുന്നണിയുണ്ടാക്കുക. ഇതായിരുന്നു എന്റെ ലക്ഷ്യം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയും വലിയ ലക്ഷ്യം നിറവേറ്റാന്‍ പ്രയാസമായിരുന്നു. എങ്കിലും എനിക്ക് അതിന്റെ അടിത്തറയുറപ്പിക്കാന്‍ കഴിഞ്ഞു...''
എന്നാണ് എ കെ ജി എഴുതിയത്. എന്റെ ജീവിതകഥ (ഗുണസിംഹയുടെ ശത്രുതാമനോഭാവം)
ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോടുള്ള വൈരം നിറഞ്ഞ സമീപനം കൊടുമുടികയറിയ ഘട്ടത്തിലായിരുന്നു എ കെ ജി അവിടെയെത്തിയത്. മലയാളികളെ പരസ്യമായി അപഹസിക്കുന്നതും തുരത്തുന്നതും പതിവായിരുന്നു. ഈ ശത്രുതാമനോഭാവത്തിന്റെ പ്രചാരകന്‍ തൊഴിലാളി നേതാവായിരുന്ന എ ഇ ഗുണസിംഹയും. രണ്ടുവട്ടം സ്റ്റേറ്റ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹത്തിനെതിരെ മലയാളികള്‍ നിലകൊണ്ടുവെന്ന് ആരോപിച്ചായിരുന്നു കാടന്‍ പ്രചാരണങ്ങള്‍.
മലയാളികളുടെ ഹോട്ടലുകളും കടകളും ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുക, മലയാളീ കുടിയാന്മാരെ ഒഴിപ്പിക്കുക- തുടങ്ങിയ നടപടികളും വ്യാപകമായി. 'കൊച്ചിക്കാരെ കൊല്ലുക' എന്ന ആഹ്വാനം പലേടത്തും ചോരപൊടിച്ചു. മലയാളികളെയാകെ അക്കാലത്ത് അങ്ങനെയൊരു ശീര്‍ഷകത്തിനകത്താണ് ഒതുക്കിയിരുന്നത്. 1931 ല്‍ സിംഹള-മലയാളി തൊഴിലാളികള്‍ റെയില്‍വേ വാര്‍ഡുകളില്‍ ഏറ്റുമുട്ടുകപോലുമുണ്ടായി. 1936 ലെ സ്റേറ്റ് കൌണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ ഗുണസിംഹയുടെ കാറിനുനേരെ കുപ്പിയെറിഞ്ഞത് മലയാളികളുടെ തലയില്‍ക്കെട്ടിവയ്ക്കുകയും ചെയ്തു.
പ്ളാന്റേഷനുകളിലും തുറമുഖങ്ങളിലും ഏറ്റവും ഹീനമായ തൊഴില്‍ സാഹചര്യങ്ങളില്‍ നരകിച്ചുകൊണ്ടാണ് ലങ്കന്‍ മലയാളികള്‍ അക്കാലത്ത് ജീവിതം പൂരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പെരുമഴയിലും കൊടുംവെയിലിലും അവര്‍ പണിക്കിറക്കപ്പെട്ടു. വീട്ടുവേലയിലും തൂപ്പുജോലിയിലും തോട്ടിപ്പണിയിലും കുറേപേര്‍ അരഞ്ഞുതീര്‍ന്നു. മൃഗപരിപാലകരായി ചുരുക്കം ചിലരും.
തൊഴിലിടങ്ങളിലെ പരിതാപകരങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ കുടിച്ചുവറ്റിക്കേണ്ടിവന്ന മലയാളികള്‍ക്ക് ചില ശകാരങ്ങളുടെ ഭാരവും പേറേണ്ടിവന്നു. ഓപ്പിയം തീനികള്‍ എന്ന പരിഹാസമായിരുന്നു അതിലൊന്ന്. ദ്വീപിന് മയക്കുമരുന്ന് പരിചയപ്പെടുത്തിയവരെന്ന പഴിയുടെ പ്രഹരം വേറെ. തീര്‍ന്നില്ല, പണക്കൊതിയന്മാരെന്ന ക്രൂരവിശേഷണം അതിരുവിട്ടതായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ പലിശക്ക് പണം കൊടുക്കുന്നത് സിംഹളര്‍ക്ക് അത്ര പഥ്യമായിരുന്നില്ല. തൊള്ളായിരത്തി മുപ്പതുകളുടെ അത്യഗാധമായ ലോകസാമ്പത്തികക്കുഴപ്പത്തിനിടെ അഫ്‌ഗാന്‍കാരാണ് യഥാര്‍ത്ഥത്തില്‍ ഹുണ്ടികക്കാരുടെ രൂപത്തിലവതരിച്ചത്. ഈ പണക്കെണിയില്‍നിന്നുള്ള രക്ഷാമാര്‍ഗമായിട്ടാണത്രെ 1939 ല്‍ ബാങ്ക് ഓഫ് സിലോണ്‍ സ്ഥാപിതമായത്. ചെട്ടിയാര്‍മാര്‍ പിഴിഞ്ഞ തദ്ദേശീയര്‍ക്കുള്ള പരിമിതമായ കൈത്താങ്ങായിരുന്നു അഗ്രികള്‍ച്ചറല്‍ ആന്റ് ഇന്‍ഡസ്ട്രീയല്‍ കോര്‍പറേഷന്‍.
നിരവധി വര്‍ഷങ്ങളായി സിലോണില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കുപോലും അവിടെ വോട്ടവകാശമുണ്ടായിരുന്നില്ല. ചെറിയ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് അമ്പതിലധികം മലയാളികള്‍ ഒന്നിച്ചുതാമസിക്കുകയായിരുന്നു പതിവ്. ഒരു വീട്ടിലെ വാടകശീട്ടുള്ളവനുമാത്രം വോട്ട് എന്ന ശാഠ്യം ഭരണകേന്ദ്രങ്ങള്‍ പിന്തുടരാനും ഇടയാക്കിയത് ഗുണസിംഹയുടെ പ്രചാരണം മൂലമായിരുന്നു. ഇതിനായി 'വിരായ' എന്ന പത്രംപോലും ഉപയോഗിക്കപ്പെട്ടു. അക്കാലത്തെ അതിലെ പ്രധാന ചര്‍ച്ച 'മലയാളി വിപത്തി'നെക്കിറിച്ചും. നമ്മുടെ ചെറുപ്പക്കാരുടെ വായില്‍ നിന്നും മലയാളികള്‍ ഭക്ഷണമെടുത്ത് ഓടുകയാണെന്നും സിംഹള തൊഴിലില്ലായ്മക്കുകാരണം അവരാണെന്നും ഊന്നിയ കുറിപ്പുകള്‍ പലമട്ടില്‍ പ്രത്യക്ഷപ്പെട്ടു. ലഘുലേഖാ വിതരണങ്ങള്‍ വേറെ. മറുദാനയില്‍ക്കൂടി നടന്നുപോകുമ്പോള്‍ എ കെ ജി അത്തരം ചില കടലാസുകള്‍ കാശുകൊടുത്ത് വാങ്ങിയിരുന്നു. ഉള്ളടക്കത്തേക്കാള്‍ അശ്ളീലം നിറച്ചായിരുന്നു സിംഹളരുടെ വില്പന. മലയാളിയുടെ സദാചാരനിഷ്ഠയെയും സ്വഭാവശുദ്ധിയെയും ആചാരങ്ങളെയും വിചാരണ ചെയ്യുന്ന മട്ടിലായിരുന്നു അവയുടെ അവതരണം.
പത്രങ്ങളിലും മലയാളീവിരുദ്ധത
ഗുണസിംഹയുടെ സ്വാധീനഫലമായി ചിലപത്രങ്ങളില്‍ അക്കാലത്ത് മലയാളികളെ കടന്നാക്രമിക്കുന്ന നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ വഞ്ചിക്കുന്ന കോമാളികളെന്ന സൂചന നല്‍കുന്നതായിരുന്നു 'വീരയ്യ' പോലുള്ള നാടകങ്ങള്‍. ചിലവ പൊതുസ്ഥലങ്ങളില്‍ അവതരിപ്പിക്കുകയുമുണ്ടായി. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പല യോഗങ്ങളിലും എ കെ ജി പ്രസംഗിച്ചു. ഇന്ത്യക്കാരന്‍ നടത്തിയിരുന്ന വെള്ളവത്തയിലെ ടെക്സ്റൈല്‍ മില്‍. ഭൂരിപക്ഷം തൊഴിലാളികളും മലയാളികള്‍. അവിടുത്തെ തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിനുമുന്നില്‍ അഭ്യര്‍ത്ഥനയുണ്ടായി. ആ യോഗനടപടിയെക്കുറിച്ച് പത്രത്തിലൂടെ അറിഞ്ഞ ഗുണസിംഹ ഇന്ത്യന്‍ പ്രസംഗകനെ അടിച്ചോടിക്കണമെന്ന് ആഹ്വാനം നല്കി. എ കെ ജിയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ ശക്തമായ കല്ലേറ് തുടങ്ങി. മലയാളികള്‍ ചെറുത്തുനിന്നതോടെ റൌഡികള്‍ പിന്തിരിഞ്ഞു.
തുടര്‍ന്ന് കാന്‍ഡി, രത്തിനമല, ജാഫ്ന തുടങ്ങിയ മേഖലകളില്‍ എ കെ ജി മലയാളികളുമായി സംസാരിക്കുകയും തോട്ടം തൊഴിലാളി യൂണിയനുകള്‍ സ്ഥാപിക്കുകയും ചെയ്തു. സമസമാജ് പാര്‍ട്ടി, സിലോണ്‍ മലയാളി മഹാജനസഭ, സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്, ജാഫ്ന യൂത്ത് കോണ്‍ഗ്രസ് വേദികളിലെല്ലാം അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. എ കെ ജിയുടെ വിദേശയാത്രകളിലെ ഏറ്റവും രോമാഞ്ചജനകമായ അനുഭവപരമ്പരകളായിരുന്നു സിലോണില്‍. സിലോണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എത്തിയ എം പി ദാമോദരന്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. മലയാളികള്‍ ഇരുവര്‍ക്കും കൊളംമ്പോ ടൌണ്‍ഹാളില്‍ നല്‍കിയ സ്വീകരണം അത്യാവേശകരവും. നൂറുകണക്കിന് മലയാളികളെക്കൊണ്ട് നിറഞ്ഞിരുന്നു സദസ്സ്. പ്രവേശനത്തിന് ടിക്കറ്റ് വെച്ചത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികാടിത്തറയായി. സോഷ്യലിസത്തിന്റെ അനിവാര്യതയെക്കുറിച്ചായിരുന്നു എ കെ ജിയുടെ പ്രസംഗം പ്രധാനമായും ശ്രദ്ധിച്ചത്. കേരളത്തില്‍ അലയടിച്ചുയര്‍ന്നിരുന്ന കര്‍ഷക ചെറുത്തുനില്പുകളും അതിന്റെ സംഘടനാരൂപവും അതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. രണ്ടാംദിവസം എം പി ദാമോദരന്‍ ഗാന്ധിസത്തെക്കുറിച്ചാണ് പ്രസംഗിച്ചത്.
വെളളവത്തയിലെ യോഗ കൈയേറ്റശ്രമത്തിനൊപ്പം സിംഹളര്‍ ചിലേടത്തെല്ലാം എ കെ ജി യെ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്തിരുന്നു. മലയാളികളും സിംഹളരും തമ്മില്‍ രൂപപ്പെട്ട എതിര്‍പ്പ് അപകടകരമായ വ്യാപ്തിയിലേക്ക് കടന്നുകയറുന്നതിനെക്കുറിച്ച് അദ്ദേഹം പ്രസംഗങ്ങളില്‍ സൂചിപ്പിക്കുകമാത്രമല്ല, പ്രശ്നത്തിന്റെ ഗൌരവം അടിവരയിട്ട് ചില പത്രങ്ങളിലേക്ക് ലേഖനങ്ങള്‍ എഴുതിക്കൊടൂക്കുകയുമുണ്ടായി. ടൈംസ് ഓഫ് സിലോണ്‍ പോലുള്ളവ ഇവ പ്രസിദ്ധീകരിക്കുകയും ചിന്തോദ്ദീപകങ്ങളായ മുഖപ്രസംഗങ്ങള്‍ എഴുതുകയും ചെയ്തു. ഇവയുടെ കോപ്പികള്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും അയച്ചുകൊടുത്ത് സംഗതികളുടെ ഗൌരവം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മലയാളി വേട്ടയ്ക്ക് തെല്ല് ശമനമുണ്ടാകുന്നത് ഇതിനുശേഷമാണ്. ഇത്തരം അനുഭവങ്ങളുടെ ചൂടാണ് വാര്‍ദ്ധ എ ഐ സി സി സമ്മേളനത്തില്‍ സിലോണിനെ സംബന്ധിച്ച് എ കെ ജി അവതരിപ്പിച്ച പ്രമേയം പാകപ്പെടുത്തിയത്.
മലയാളികളും, തമിഴരും ഉള്‍പ്പെടുന്ന ചെറു സംഘടനകളെയെല്ലാം സംയോജിപ്പിച്ച് ഒരു ഇന്ത്യന്‍ സങ്കല്പത്തിലേക്ക് മുന്നേറാനുള്ള ആഹ്വാനവും എ കെ ജിയുടെ സിലോണ്‍ സന്ദര്‍ശനത്തിലുണ്ടായി. സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ശക്തമാവുന്നത് അതിനുശേഷവും. അതിന്റെ നേതാക്കളായ ദേശായി, അസീസ് തുടങ്ങിയവരുമായുള്ള ചര്‍ച്ചകള്‍ക്ക് നല്ല ഫലമുണ്ടായി. തമിഴ് തൊഴിലാളി സംഘാടകരായ നടേശയ്യരും വൈദ്യനാഥ അയ്യരും എ കെ ജിയുടെ നിര്‍ദ്ദേശത്തെ പൂര്‍ണമനസ്സോടെയാണ് സ്വീകരിച്ചതും. മലയാളീയുവാക്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനായുള്ള ഏര്‍പ്പാടുകള്‍കൂടി ചെയ്താണ് എ കെ ജി മടങ്ങിയത്. പ്രഭാതം ഏജന്റായിരുന്ന ശങ്കരന്‍, മാധവന്‍, കൃഷ്ണന്‍ വേലായി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ നല്കിയ സഹായങ്ങള്‍ ശ്രദ്ധേയമായിരുന്നു. കൊളംബോ മലയാളികളുടെ സഹായത്തോടെ ഇവരുടെ ചില ചരിത്രവും ഇപ്പോഴത്തെ തലമുറയെക്കുറിച്ചുള്ള വിശദാംശങ്ങളും തിരയാന്‍ ശ്രമിച്ചെങ്കിലും വലിയ ഫലമുണ്ടായില്ല.
പീറ്റര്‍ ക്യൂനെമാന്‍
ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകരിലൊരാളായ പീറ്റര്‍ ക്യൂനെമാന്‍ എഴുതിയ ചില കുറിപ്പുകള്‍ കൊളംബോയിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് എനിക്ക് പരിശോധിക്കാനായി. സിംഹള, തമിഴ് പത്രങ്ങള്‍ക്കൊപ്പം മലയാളം പ്രസിദ്ധീകരണങ്ങളിറക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നതായി അതിലൊന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂനെമാന്റെ 'സോവിയറ്റ് പാത' എന്ന ലഘുകൃതിയുടെ മലയാളപരിഭാഷയും അന്ന് പ്രചാരത്തിലുണ്ടായിരുന്നു.
കേരളത്തില്‍നിന്നുള്ള കമ്യൂണിസ്റ്റുകാരില്‍ ഒരു സംഘം 'സിലോണ്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അടിച്ചമര്‍ത്തലുകള്‍ കടന്നുവെക്കാനായിരുന്നു ഈ മറ. പി ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംഘം പിന്നീട് ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കുകയായിരുന്നു. എല്ലാതുറകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളികള്‍ നിറഞ്ഞ പിന്തുണയായി. ചിലര്‍ നേതൃരംഗത്തുതന്നെ തിളങ്ങി. താത്വികപഠനത്തിന്റെ മേഖലയിലും എഴുത്തിന്റെ മണ്ഡലത്തിലും ശോഭിച്ച ചുരുക്കം നേതാക്കളെയും കേരളം സംഭാവന ചെയ്തിരുന്നു.
ഇന്ത്യന്‍ സംഗീതജ്ഞന്‍
മലാക്കയിലെ കല്‍ക്കരി ഖനിയിലെ മലയാളിതൊഴിലാളികളെ പരാമര്‍ശിക്കുന്നിടത്ത് എ കെ ജി കുഞ്ഞിമംഗലത്തെ ഒരാളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്റേതായിരുന്നു ആ ഖനി. അവിടെ തിരുവിതാംകൂറില്‍നിന്നുള്ള തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു. അവരെല്ലാം എകെജിയെക്കാണാനാഗ്രഹിച്ചു. അദ്ദേഹമൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനകനാണെന്നറിഞ്ഞാല്‍ ഉടമയും മാനേജരും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ട് തൊഴിലാളികള്‍ ഒരു ഉപായം പ്രയോഗിച്ചു. എ കെ ജിയെ ഇന്ത്യന്‍ സംഗീതജ്ഞനായാണ് അവര്‍ അവതരിപ്പിച്ചത്. ഖനിയ്ക്കടുത്ത് സംഗീതക്കച്ചേരി ഒരുക്കി. വാദ്യോപകരണങ്ങള്‍ നിരന്നു. ഒരു പാട്ടുപാടിയശേഷം എ കെ ജി തൊഴിലാളികളോട് സംസാരിക്കുകയുമുണ്ടായി. ഇങ്ങനെ കൌതുകം നിറഞ്ഞ എത്രയോ സാഹസിക മുഹൂര്‍ത്തങ്ങള്‍. എറ്റവും സാധാരണക്കാരെപ്പോലും തന്നിലേക്കാകര്‍ഷിക്കുന്ന കാന്തസമാനമായ നേതൃപാടവം.
*
എ വി അനില്‍കുമാര്‍ കടപ്പാട്: യുവധാര
Subscribe to:
Post Comments (Atom)
2 comments:
കൊളംബോ നഗരത്തിന്റെ സിരാധമനികളിലൂടെയുള്ള ചെറിയ യാത്രകള്‍. ആള്‍ത്തിരക്ക് അലമാലകള്‍പോലെ ആര്‍ത്തിരമ്പുന്ന തെരുവുകളും റോഡുകളും. സൈനികവിന്യാസത്തിന്റെ തുറിച്ചുനോട്ടങ്ങളോട് അന്നാട്ടുകാര്‍ പൂര്‍ണമായി ഇണങ്ങിക്കഴിഞ്ഞിരുന്നു. എത്രവര്‍ഷങ്ങളായി അവര്‍ ഒരേ അവസ്ഥതന്നെ കാണുന്നുവെന്നത് ആലോചിച്ചാല്‍മാത്രം ഈ പൊരുത്തപ്പെടല്‍ തിരിച്ചറിയാന്‍ വിഷമമുണ്ടാവില്ല.
കൊളംബോ ടൌണ്‍ഹാള്‍ എന്റെ യാത്രകളുടെ പ്രധാന സ്പര്‍ശനകേന്ദ്രമായിരുന്നു. ലോകചരിത്രത്തില്‍തന്നെ പടിഞ്ഞിരുന്ന് സംവഭങ്ങള്‍ കണ്ടതുപോലുള്ള അതിന്റെ പ്രാധാന്യം മലയാളീസുഹൃത്തുക്കള്‍ പലവട്ടം പറഞ്ഞുതരികയുണ്ടായി. എന്നാല്‍ എ കെ ജിയുമായി ബന്ധപ്പെട്ട കഥയുടെ ഏടുകള്‍ തുറന്നത് ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദേശീയോദ്ഗ്രഥന ഭരണഘടനാകാര്യമന്ത്രിയുമായ ദിയോ ഗുണശേഖര.
വാഷിങ്ടണ്‍ ഡി സിയിലെ കാപ്പിറ്റോള്‍ ബില്‍ഡിങിന്റെ മാതൃകയില്‍ രൂപകല്പന ചെയ്യപ്പെട്ട ടൌണ്‍ഹാളിന് 1924 മെയ് 24 നായിരുന്നു ശിലയിട്ടത്. മൂന്നുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തി. ലോകപ്രശസ്ത ആര്‍കിടെക്റ്റ് എസ് ജെ എഡ്വേര്‍ഡ്സിന്റേതായിരുന്നു പ്ളാന്‍. ജയവര്‍ധനെപുര കോട്ടയ്ക്ക് സമീപമുള്ള അത് വിവാഹമഹാദേവി പാര്‍ക്കിന് അഭിമുഖമായാണ് നില്‍ക്കുന്നത്.
very interesting. Thank you.
Post a Comment