മലയാളികള്‍ സിനിമാശാലകളെ രണ്ടായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ടാക്കീസുകളും തിയേറ്ററുകളും. ടാക്കീസ് എന്നാല്‍ സംസാരിക്കുന്ന സിനിമകള്‍ എന്നാണര്‍ത്ഥം. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാല്‍ സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നു വ്യാഖ്യാനിക്കാം. തിയേറ്റര്‍ എന്നതിനര്‍ത്ഥം നാടകശാല എന്നും നാടകകല എന്നുമാണ്. ലൈവായി ദൃശ്യകലകള്‍ അവതരിപ്പിക്കുന്ന ഹാള്‍ എന്നു കൂടി അര്‍ത്ഥമുള്ള തിയറ്റര്‍ സിനിമാശാലകളുടെ പേരായും ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. വടക്കേ അമേരിക്കയൊഴിച്ചുള്ള ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ സിനിമ എന്നാണ് സിനിമാശാലകളെ വിളിച്ചുവരുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല. മലയാളിയുടെ ടാക്കീസും തിയേറ്ററും തമ്മിലുള്ള വ്യത്യാസം ഇതൊന്നുമല്ലെന്നതാണത്. ഓല മേഞ്ഞ സിനിമാശാലകളെ ടാക്കീസ് എന്നും ആസ്ബസ്റോസ് മേഞ്ഞതും സ്ഥിരം കെട്ടിടത്തിലുള്ളതുമായവയെ തിയറ്റര്‍ എന്നും പറയാമെന്ന ധാരണയാണ് നിലനിന്നു പോന്നത്. കൊട്ടക എന്ന മനോഹരമായ മലയാള പദം സിനിമാശാലകള്‍ക്കായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും (കോഷ്ഠ എന്ന സംസ്കൃത പദമായിരിക്കണം മൂലം) ഫാഷനബിള്‍ അല്ലാതായതിനെ തുടര്‍ന്ന് സമൂഹ വിസ്മൃതിയിലേക്ക് ഉപേക്ഷിക്കപ്പെട്ടു.
ബ്രിട്ടീഷുകാരുടെ കോളനി വാഴ്ചക്ക് അനേകകാലം വിധേയമായ സമൂഹമാണ് ഇന്ത്യക്കാരുടേത് എങ്കിലും സിനിമാശാലയെ ഇംഗ്ളീഷുകാര്‍ കളിയാക്കി വിളിക്കുന്ന ചെള്ളുകുണ്ട് (ഫ്ളീ പിറ്റ്) എന്ന വിശേഷണം നാം സ്വീകരിച്ചിട്ടില്ല. ചെള്ള്, മൂട്ട, എലി, കൊതുക്, ഈച്ച, കോട്ടെരുമ, പേന്‍ തുടങ്ങി അനവധി ജീവജാലങ്ങളുടെ കൂടി വാസസ്ഥലമാണ് മറ്റ് രാജ്യങ്ങളിലെന്നതു പോലെ ഇന്ത്യയിലെയും കേരളത്തിലെയും സിനിമാശാലകള്‍. മനുഷ്യരെപ്പോലെ സിനിമ കണ്ടാനന്ദിക്കാനാവില്ല അവ അവിടെ താമസിക്കുന്നത്. ചായ കുടിക്കാനായി എന്തിനാണ് ചായപ്പീടിക നടത്തുന്നത് എന്ന സദാചാരവിരുദ്ധ ചോദ്യം ചോദിക്കാറുള്ള മലയാളി, സിനിമ കാണാനായി സിനിമാശാല നടത്തുകയോ അവിടെ താമസിക്കുകയോ ചെയ്യാറില്ല. മുതലാളിമാരില്‍ ചിലര്‍, ഓപ്പറേറ്റര്‍മാര്‍, ഫിലിം റെപ്രസന്ററ്റീവുകള്‍, തൂപ്പുകാര്‍, ടിക്കറ്റു മുറിക്കാര്‍ തുടങ്ങി കുറെ തൊഴിലാളികള്‍ പലപ്പോഴും സിനിമാശാലകള്‍ക്കകത്തോ തൊട്ടരികില്‍ കെട്ടിയുണ്ടാക്കിയ മുറികളിലോ താമസിക്കാറുണ്ടു താനും. സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയാല്‍ ചാക്കോ/സുകുമാരക്കുറുപ്പ് ആയി കത്തിത്തീരുന്ന അരക്ഷിതത്വത്തില്‍ നിന്ന് കേരളത്തിലെ നഗര/ഗ്രാമ തെരുവുകള്‍ വിമോചിതമായി എന്നു കരുതാന്‍ വയ്യാത്തതു കൊണ്ട് ചെള്ളുകള്‍ക്കൊപ്പം ഈ പാവം മനുഷ്യരുടെ താമസം ഇനിയും തുടരേണ്ടി വരും. തന്റെ ഭാര്യ സിനിമ കാണാന്‍ പോയപ്പോള്‍ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ദേഷ്യം വന്ന സ്വര്‍ണക്കടമുതലാളി തിയറ്ററിനു തന്നെ വില പറഞ്ഞ് വാങ്ങിയ സംഭവം പാലക്കാട് നഗരത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ചൂടന്മാരും സിനിമാഭ്രാന്തന്മാരും ഭ്രാന്തികളുമായ ലക്ഷക്കണക്കിനു മനുഷ്യര്‍ അനേക ദശകങ്ങള്‍ തങ്ങളുടെ വിനോദ വാഞ്ഛയുടെ ഏക കേന്ദ്രമായി ഉപാസിച്ചു വന്നിരുന്ന ദിവ്യവും പവിത്രവുമായ ഒരു സാംസ്കാരിക സ്ഥലം കൂടിയായിരുന്നു സിനിമാശാല. എങ്ങിനെയാണ് സിനിമാശാലകള്‍ നിലനിന്നും പ്രവര്‍ത്തിച്ചും പോന്നത്? ഇപ്പോഴവ എങ്ങിനെയാണ് പ്രവര്‍ത്തിച്ചും പ്രവര്‍ത്തിക്കാതെ അടച്ചു പൂട്ടിയും പോകുന്നത്? വരും നാളുകളില്‍ എപ്രകാരമായിരിക്കും നമ്മുടെ സിനിമാശാലകള്‍ എന്നും ആലോചിക്കാനുള്ള സാധ്യതകളൊന്നും നാം ഉപയോഗപ്പെടുത്താതെ പോയിരിക്കുന്നു. (സിനിമാശാലകള്‍ കല്യാണമണ്ഡപങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ചിലര്‍ വിലപിക്കുന്നതില്‍ കാര്യമില്ല. ഈ തിയറ്ററുകളുടെ പഴയ പ്രദര്‍ശന ചരിത്രം പരിശോധിച്ചാലറിയാം അവിടെ അധികവും തമിഴ് സിനിമകളായിരിക്കും കാണിച്ചിട്ടുണ്ടാവുക. പരുത്തിവീരന്‍/സുബ്രഹ്മണ്യപുരം ജനുസ്സിലുള്ളവക്കു മുമ്പ് തമിഴിലിറങ്ങിയിരുന്ന സിനിമകളധികവും അവസാനിച്ചിരുന്നത് നായകനും നായികയും തമ്മിലുള്ള കല്യാണശേഷം എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയോടു കൂടിയായിരുന്നല്ലോ! അതൊരു കല്യാണം എന്ന പ്രതീതിയാഥാര്‍ത്ഥ്യം. ഇപ്പോള്‍ ദിനം പ്രതി കല്യാണം ശരിക്കും നടക്കുകയാണെങ്കില്‍ അന്നിറങ്ങിയ മുഴുവന്‍ തമിഴ് സിനിമകളുടെ ഉദ്ദേശ്യങ്ങളും സാക്ഷാത്ക്കരിക്കപ്പെട്ടു എന്നാനന്ദിക്കുകയല്ലേ വേണ്ടത്!)
വിദ്യാലയം, പള്ളി(ചര്‍ച്ച്), പട്ടാള ബാരക്കുകള്‍, ജയില്‍ എന്നിങ്ങനെ അധികാരപ്രയോഗത്തിന്റെയും അടിമത്തത്തിന്റെയും വ്യവസ്ഥാപിത വാസ്തുശില്‍പ രൂപത്തെയാണ് സിനിമാശാലകള്‍ പൊതുവെ പിന്തുടര്‍ന്നിട്ടുള്ളത്. സിനിമാ പ്രദര്‍ശനത്തിന് ഇരുട്ട് അത്യാവശ്യമാണ്. എന്നാല്‍ ഇരുട്ട് സിനിമാഹാളിനകത്തെത്തുന്നവരെ പേടിപ്പിക്കുന്നതിനും വിഭ്രമിപ്പിക്കുന്നതിനും അടക്കിയിരുത്തുന്നതിനും ഒരു കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. സ്റ്റാള്‍സ് എന്നു വിളിക്കുന്ന ഗ്രൌണ്ട് ഫ്ളോറും ബാല്‍ക്കണിയിലെ ഉയര്‍ന്ന ക്ളാസും എന്നിങ്ങനെ രണ്ടു നിരകളും നിലകളും മാത്രമല്ല സിനിമാശാലകളിലുണ്ടായിരുന്നത്. പുറകില്‍ ഫസ്റ്റ് ക്ളാസും പിന്നെ മിഡില്‍ ക്ളാസും ഏറ്റവും മുന്നിലായി ലോവര്‍ ക്ളാസും. ഏറ്റവുമാദ്യം ഈ അധസ്ഥിതര്‍ക്ക് തറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തറയിലിരുന്ന് സിനിമ കണ്ടിരുന്ന ദളിതരും താഴ്ന്ന വരുമാനക്കാരും കുട്ടികളും തമിഴന്മാരും കൂക്കി വിളിക്കുകയും ആഹ്ളാദിക്കുമ്പോള്‍ ആര്‍ത്തു വിളിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ നിലവാരം താഴ്ന്ന കാണികളായി സാമാന്യ ബോധത്താല്‍ നിര്‍ണയിക്കപ്പെട്ടു. പിന്നീട് തറകള്‍ എന്ന ഭാഷാപ്രയോഗം തന്നെ നിലവില്‍ വന്നു. ഒരു പക്ഷെ, മലയാള ഭാഷയില്‍ സിനിമാശാല സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ പദപ്രയോഗം തറ എന്നതു തന്നെയായിരിക്കണം.
സവര്‍ണ നാടുവാഴിത്തവും കൊളോണിയല്‍ ജ്ഞാനാധികാരവും ചേര്‍ന്ന് പാകപ്പെടുത്തിയ പുതിയ അഭിരുചികളുടെ കാലത്താണ് ഈ തറകളും അവര്‍ക്കു മേലുള്ള ഡീസന്റുകളും രൂപപ്പെട്ടത്. മൂപ്പില്‍ നായര്‍ കുടുംബസമേതം സിനിമ കാണാന്‍ പോയ കഥ കേട്ടിട്ടുണ്ട്. മൂപ്പര്‍ ടാക്കീസിലെത്തിയപ്പോഴേക്കും ടിക്കറ്റ് വിതരണം ആരംഭിച്ച് കുറെ സമയം കഴിഞ്ഞിരുന്നു. ധാരാളമാളുകള്‍ തിയറ്ററിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഏറ്റവും പിറകില്‍ നിന്ന് മൂന്നോ നാലോ നിര മുന്നിലേക്ക് കടന്നാണ് കക്ഷിക്ക് സ്ഥലം കിട്ടിയത്. അപ്രിയത്തോടെ അവിടെ ഇരുന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് പിന്‍ സീറ്റില്‍ തമ്പുരാന്റെ അടിമകളായ അണ്ടനും അടകോടനുമെല്ലാം നിവര്‍ന്നിരിക്കുന്നത് കണ്ടത്. സഹിച്ചില്ല തമ്പുരാന്, അദ്ദേഹം ദേഷ്യത്തോടെ തിയറ്റര്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഏറ്റവും പുറകിലെ സീറ്റിലിരുന്നാലാണ് നന്നായി സിനിമ കാണാന്‍ സാധിക്കുക എന്ന ധാരണ കാഴ്ചയുടെ സുഖവുമായിട്ടല്ല, വര്‍ഗ-വര്‍ണ-വംശ-ലിംഗ-ജാതി-മത മേല്‍ കീഴായ്മക്കു വിധേയമായിട്ടാണ് ഉരുത്തിരിഞ്ഞുവന്നത് എന്നാണീ സംഭവം തെളിയിക്കുന്നത്. തങ്ങള്‍ സമൂഹത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന നിലമയുടെ ഒരു ആവര്‍ത്തനം തന്നെയായിരിക്കണം സിനിമാശാലക്കകത്തും വേണ്ടത് എന്ന സവര്‍ണ നാടുവാഴിത്തത്തിന്റെയും കൊളോണിയല്‍ ജ്ഞാനപദ്ധതിക്കാരുടെയും തീരുമാനമാണ് സിനിമാശാലകളുടെ അകത്തെ വിഭജിച്ചതും നിര്‍ണയിച്ചതും എന്നു സാരം.
സാമ്പത്തികവും വര്‍ഗപരവും വംശ/വര്‍ണ പരവുമായ ഈ വിഭജനത്തിന്റെ അര്‍ത്ഥത്തില്‍ മാത്രം സിനിമാശാലക്കകത്തെ ജീവിതത്തെ വ്യാഖ്യാനിച്ചവസാനിപ്പിക്കേണ്ടതില്ല. ലോകമെമ്പാടും പ്രേമ-കാമങ്ങളുടെ ഒരു നിവര്‍ത്തന സ്ഥലം കൂടിയാണ് സിനിമാശാലകള്‍. കമിതാക്കള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പലതാണ്. പ്രേമിക്കുന്നവര്‍ക്ക് ഒന്ന് തൊട്ടുരുമ്മുന്നതിനോ ഒരു ചുംബനം കൈമാറുന്നതിനോ നമ്മുടേതുപോലുള്ള ലൈംഗിക-അവികസിത സമൂഹത്തില്‍ ഒട്ടും അവസരമില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയാല്‍ ലോകം ഇടിഞ്ഞുവീഴും എന്നു പ്രഖ്യാപിക്കുന്ന മതനേതാക്കളും വിദ്യാഭ്യാസ വിചക്ഷണന്മാരും വിലസുന്ന നാടാണിത്. അപ്പോള്‍ ഒന്ന് തൊട്ടുരുമ്മുന്നതിന് സിനിമാശാലയുടെ ഇരുട്ടും തണുപ്പും തിരഞ്ഞെടുക്കുന്ന കമിതാക്കളുടെ നിസ്സഹായത മനസ്സിലാക്കാവുന്നതേ ഉള്ളൂ. ചുറ്റുമുള്ളവര്‍ തങ്ങളെ കാണുന്നില്ലെന്ന ഒരു വിശ്വാസം അവരുടെ പ്രേമ പ്രകടനങ്ങളുടെ തീവ്രതയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, തങ്ങള്‍ ഒരു ജനക്കൂട്ടത്തിനിടയിലാണ് ഇരിക്കുന്നത് എന്നതു കൊണ്ട് അടച്ചിട്ട ഒരു ഹോട്ടല്‍ മുറിക്കകത്ത് സംഭവിക്കാന്‍ സാധ്യതയുള്ള പരിപൂര്‍ണ ലൈംഗിക ബന്ധത്തിന് കാമുകന്‍ തുനിയുകയില്ല എന്ന ഉറപ്പ് കാമുകിക്കുണ്ടു താനും. അങ്ങനെ ചുറ്റുമുള്ള ജനക്കൂട്ടം ഒരേ സമയം ഒരു സാന്നിദ്ധ്യമായും അസാന്നിദ്ധ്യമായും അനുഭവപ്പെടുന്ന അപൂര്‍വമായ ഒരു രമണീയതയാണ് മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രേമ ചരിത്രത്തില്‍ സിനിമാശാലകള്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കും സിനിമാശാലയിലെ ഇരുട്ട് ആശ്വാസകരമാണ്. ഈ പ്രവണത ലോകത്തു മറ്റു രാജ്യങ്ങളിലും പതിവാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. രണ്ടു സീറ്റുകള്‍ക്കിടയില്‍ കൈ വെക്കാനുള്ള പിടി (ആം റെസ്റ്റ്) ഇല്ലാതിരിക്കുകയോ, ലക്ഷ്വറി ബസ്സിലേതു പോലെ പുറകിലേക്ക് നിവര്‍ത്തിവെക്കുവാന്‍ തക്കവണ്ണം ഉറപ്പിച്ചിരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ കമിതാക്കളുടെ സൌകര്യം മുന്‍കൂട്ടി ഉറപ്പു വരുത്തിയിരിക്കുന്ന തിയറ്ററുകളുമുണ്ട്. ഇപ്പോള്‍ ജോര്‍ജേട്ടന്‍സ് രാഗം എന്നു പുനര്‍ നാമകരണം ചെയ്തിട്ടുള്ള തൃശ്ശൂര്‍ തെക്കെ റൌണ്ടിലെ രാഗം തിയറ്ററില്‍ ബോക്സ് എന്ന ഒരു പ്രത്യേക ക്ളാസ് തന്നെ ബാല്‍ക്കണിക്കു പുറകിലായുണ്ട്. സോഫ പോലുള്ള ഇതിലെ സീറ്റില്‍ രണ്ടാള്‍ക്ക് അടുത്തടുത്ത് ഇരിക്കാം. പുതുതായി ഉയര്‍ന്നു വരുന്ന മള്‍ട്ടിപ്ളെക്സുകളിലെ ഡീലക്സ് സംവിധാനങ്ങളിലൊന്ന് സോഫയുടെ രൂപത്തിലുള്ള സ്റ്റേഡിയം സീറ്റുകളാണ്.
ചലച്ചിത്ര സംവിധായകനായ സാല്‍വത്തോര്‍, ദീര്‍ഘകാലം തന്റെ സുഹൃത്തായിരുന്ന ആല്‍ഫ്രെഡോയുടെ ശവസംസ്ക്കാരത്തില്‍ പങ്കുകൊള്ളാനായി സ്വദേശമായ സിസിലിയന്‍ ഗ്രാമത്തിലേക്ക് നടത്തുന്ന തിരിച്ചുവരവിലൂടെ സിനിമ എന്ന കല, ഓര്‍മ, അനുഭവം, യാത്ര, പ്രണയം എന്നീ അവസ്ഥകളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോകുകയാണ്, ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ സംവിധാനം ചെയ്ത സിനിമാപാരഡിസോ (1989). ആല്‍ഫ്രെഡോ ആ ഗ്രാമത്തിലെ ഏക സിനിമാതിയേറ്ററായ സിനിമാ പാരഡിസോവിലെ പ്രൊജക്ഷണിസ്റ്റായിരുന്നു. സിനിമയോടുള്ള സാല്‍വത്തോറിന്റ താല്‍പര്യം ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയ ആല്‍ഫ്രെഡോ ഉപദേശങ്ങളിലൂടെ അവന്റെ വഴി തെളിയിച്ചുകൊടുക്കുന്നത് ഫ്ളാഷ്ബാക്കിലൂടെ തെളിയുന്നു. വൈകാരികത, നര്‍മം, ഗൃഹാതുരത്വം, പ്രായോഗികത എന്നീ ഭാവങ്ങളാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുവത്വം, പ്രായമാകലും പക്വത ആര്‍ജിക്കലും, കൌമാരത്തിന്റെ പ്രതിഫലനങ്ങള്‍ എന്നീ അവസ്ഥകളെയാണ് സ്മരണകളിലൂടെ ചിത്രം വീണ്ടെടുക്കുന്നത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള ആദര്‍ശാത്മകമായ ഓര്‍മകളും സാല്‍വത്തോര്‍ ബിംബവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുകൊണ്ടുമല്ല, സിനിമാ പാരഡിസോ സവിശേഷമാകുന്നത്; അത് സിനിമ എന്ന പ്രതിഭാസത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും ഒരു ആഘോഷമാകുന്നതുകൊണ്ടാണ്. തന്റെ ജീവിതമാര്‍ഗവും ലക്ഷ്യവും ആയി മാറിയ സിനിമയോട് തനിക്കു രൂപപ്പെട്ട ഗാഢമായ ബന്ധമെങ്ങനെയുണ്ടായി എന്ന കാര്യമാണ് സാല്‍വത്തോര്‍ എന്ന ടോട്ടോ ആലോചിച്ചെടുക്കുന്നത്.
അക്കാലത്തെ സംഭവങ്ങള്‍ തികച്ചും കൌതുകകരമായിരുന്നു. ഗ്രാമത്തിലെ പുരോഹിതന്‍ എല്ലാ ആഴ്ചയിലും കൃത്യമായി സിനിമാഹാളിലെത്തും. പുതിയ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പായി ഒഴിഞ്ഞ ഹാളില്‍ അച്ചനു മാത്രമായി ഒരു പ്രദര്‍ശനം നടത്തേണ്ടതുണ്ട്. സദാചാരത്തിന് യോജിക്കാത്തത് എന്നു തനിക്കു തോന്നുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മുറിച്ചുമാറ്റുന്നതിന് വേണ്ടി ആല്‍ഫ്രെഡോവിന് സിഗ്നല്‍ നല്‍കുന്നതിനായി അച്ചന്‍ മണിയടിച്ചുകൊണ്ടിരിക്കും. സെന്‍സറിംഗ് എന്ന പ്രക്രിയയെ പരിഹസിക്കുന്നതിനാണ് ഈ കഥാപാത്രത്തെയും അയാളുടെ മനോഭാവത്തെയും ചെയ്തികളെയും സംവിധായകന്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മതം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ട് സമുദായത്തിലെ സദാചാരം സംരക്ഷിക്കാന്‍ പാടുപെടുന്നതിന്റെ വൈരുദ്ധ്യാത്മകതയും നിഷ്ഫലതയും ഇതോടൊപ്പം വെളിപ്പെടുകയും ചെയ്യുന്നു. പ്രധാനമായും ചുംബനരംഗങ്ങളാണ് അച്ചന്റെ മണിയടിയിലൂടെ മുറിച്ചുമാറ്റപ്പെടുന്നത്. (ഇന്ത്യയിലെ സെന്‍സറിംഗിലും മുറിച്ചുമാറ്റപ്പെടുന്ന പ്രധാനകാര്യം ചുംബനം തന്നെ!). ഇത്തരത്തില്‍ മുറിച്ചു മാറ്റപ്പെടുന്ന സെല്ലുലോയ്ഡിന്റെ ചുരുളുകള്‍ പ്രൊജക്ഷന്‍ മുറിയുടെ മൂലയില്‍ കൂട്ടിയിട്ടതു കാണാം. ഒരു മനുഷ്യ സമുദായം (ആ ഗ്രാമത്തിലെയെങ്കിലും) ഒരിക്കലും കാണാതെ പോയ കുറെ കാഴ്ചകള്‍, അനുഭവങ്ങള്‍, മനുഷ്യ ബന്ധത്തിന്റെ നൈസര്‍ഗിക ഭാവങ്ങള്‍. അത് കാണാതെ പോയതുകൊണ്ട് മാത്രം 'സംരക്ഷിക്കപ്പെട്ട' സദാചാരം! സിനിമയുടെ ചരിത്രത്തെ തന്നെയാണ് ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ ആവിഷ്ക്കരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കവെ ഉറക്കം തൂങ്ങുന്ന ടോട്ടോ സിനിമാഹാളിലെത്തുന്നതോടെ ഊര്‍ജ്ജസ്വലനാവുന്നു. അച്ചനാവട്ടെ ഉറക്കം തൂങ്ങിക്കൊണ്ടാണ് തന്റെ പണി പൂര്‍ത്തീകരിക്കുന്നത്. മുറിച്ചിട്ട ഫിലിം റോളുകള്‍ ടോട്ടോ ചോദിക്കുന്നുണ്ടെങ്കിലും അന്ന് നല്‍കാന്‍ കൂട്ടാക്കാഞ്ഞ ആല്‍ഫ്രെഡോ അതെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ലഘു സിനിമ ഉണ്ടാക്കി തന്റെ മരണാനന്തരസ്വത്തായി സാല്‍വെത്തോറിനു കൊടുക്കാനായി സൂക്ഷിച്ചുവെക്കുന്നുണ്ട്. റോമിലെ തന്റെ സ്റ്റുഡിയോവില്‍ തിരിച്ചുവന്ന് ആ സിനിമ കണ്ട് അദ്ദേഹം സന്തോഷം കൊണ്ട് കണ്ണീര്‍ വാര്‍ക്കുന്ന രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്.
സ്ഥിരമായി തന്റെ മുറിയിലെത്തുന്ന ടോട്ടോ എന്ന ചെക്കനെ ആദ്യത്തില്‍ ആട്ടിയകറ്റാനാണ് ആല്‍ഫ്രെഡോ ശ്രമിക്കുന്നതെങ്കിലും പിന്നീട് അവനെ തന്റെ തന്നെ മകനായി അദ്ദേഹം പരിഗണിക്കുന്നു. അങ്ങിനെ ആ പ്രൊജക്ഷനിസ്റ്റ് ടോട്ടോവിന്റെ പുതിയ പിതാവായും സിനിമ മാതാവായും മാറിത്തീരുന്നു. സിനിമാഹാളിലെ സ്ഥിരം പ്രേക്ഷകരില്‍ കുറെയാളുകളെ നാം പരിചയപ്പെടുന്നുണ്ട്. ഉറക്കെ ബഹളം വെക്കുകയും സിനിമയിലെ നായകന്മാര്‍ക്ക് ഉപദേശം കൊടുക്കുകയും ചെയ്യുന്നവര്‍; ആ ഉപദേശം ഒരിക്കലും സ്വീകരിക്കപ്പെടാറില്ലെങ്കിലും. ആ ഹാള്‍ ജീവിതത്തിന്റെ ഒരു നേര്‍ പകുതിയാണ്. അവിടെ പ്രണയങ്ങള്‍ ഉരുത്തിരിയുന്നു, സൌഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു, മദ്യം സേവിക്കുന്നു, പുകവലിക്കുന്നു, കുട്ടികളെ മുലയൂട്ടുന്നു, കാലുകള്‍ ചവിട്ടിയരക്കുന്നു, വിജയങ്ങള്‍ ആരവത്തോടെ ആഘോഷിക്കുന്നു, സ്ത്രൈണപ്രകൃതിയുള്ള ആണ്‍കുട്ടികളെ നോക്കി കളിയാക്കി ചൂളമടിക്കുന്നു, രണ്ടു കമിതാക്കള്‍ നിന്ന നില്‍പില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒരു ചുംബനരംഗം തിരശ്ശീലയില്‍ യഥാര്‍ത്ഥത്തില്‍ കാണിച്ചാല്‍ അവരെങ്ങനെ പ്രതികരിക്കും എന്ന് ദൈവത്തിനു മാത്രമറിയാം! സാല്‍വത്തോറിന്റെ നഷ്ടപ്രണയവും കാമുകിയുമായുള്ള പുന: സമാഗമവും അയാളുടെ ജീവിതം വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കാന്‍ വയ്യാത്ത വണ്ണം സങ്കീര്‍ണമായ ഒന്നാണെന്ന സത്യത്തെ വെളിപ്പെടുത്തുന്നു. പ്രൊജക്ഷനിസ്റ്റിന്റെ മരണം എന്ന പ്രതീകവല്‍ക്കരണത്തിലൂടെ സിനിമയുടെ അഥവാ വലിയ തിരശ്ശീലയുടെ മരണത്തെയാണ് സംവിധായകന്‍ പ്രത്യക്ഷീകരിക്കുന്നത്. ടെലിവിഷന്റെ അധിനിവേശത്തെതുടര്‍ന്ന് തിയറ്ററുകള്‍ ഇടിച്ചുനിരത്തുന്നതിന്റെ ഭാഗമായി സിസിലിയിലെ ആ ഹാളും ഇടിച്ചു നിരത്തുന്ന രംഗവും സിനിമാപാരഡിസോവിലുണ്ട്.
സിനിമാശാലകള്‍ ഭക്ഷണം, മുറുക്കാന്‍, പുകവലി എന്നീ മാനുഷിക പ്രക്രിയകള്‍ക്കുള്ള സ്ഥലമായും പൊതുവേ കരുതിപ്പോരുന്നു. ഹാളിനുള്ളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡുകളും അറിയിപ്പുകളും തിയറ്റര്‍ കെട്ടിടത്തിനകത്തും പുറത്തുമായി നിരത്തിയിട്ടുണ്ടാവും. സിനിമ തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഇപ്രകാരം എഴുതിയ കാര്‍ഡുകള്‍ തിരശ്ശീലയിലേക്ക് പ്രൊജക്റ്റ് ചെയ്ത് കാണിക്കുകയും ചെയ്യും. എന്നാലും സിനിമാശാലക്കകത്തെ പുകവലി പൂര്‍ണമായി ഇല്ലാതാക്കാനോ നിയന്ത്രണവിധേയമാക്കാനോ ഇനിയും സാധിച്ചിട്ടില്ല. ചില പൊലീസ് റെയ്ഡുകളും മറ്റും ചിലപ്പോള്‍ നടക്കുന്നത് പുകവലിക്കാരുടെ പുകവലിക്കാനുള്ള ത്വര വര്‍ദ്ധിപ്പിക്കാനാണ് ഇട വരുത്തിയിട്ടുള്ളത് എന്നു തോന്നുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹം ഔദ്യോഗികമായും അല്ലാതെയും രൂപീകരിച്ചെടുക്കുന്ന നിയമ സംഹിതകളുടെ ലംഘനത്തിനായുള്ള ഉള്‍പ്രേരണകളാണ് സിനിമാശാലയെ സജീവമാക്കുന്നതെന്നു കാണാം. പുകവലി, പഞ്ചാരയടി, കൂക്കിവിളി, തുപ്പല്‍, ഒളിഞ്ഞുനോട്ടം, സ്പര്‍ശനം എന്നിങ്ങനെ തെറ്റെന്ന് ധാര്‍മികാദര്‍ശ സമൂഹം പ്രഖ്യാപിക്കുന്ന പലതും ലംഘിക്കാനുള്ളതാണ് സിനിമാശാലയുടെ ഇരുട്ട് എന്നും കരുതാവുന്നതാണ്. മനുഷ്യരുടെ ഐക്യത്തെയും പരസ്പരബന്ധത്തെയും പൌരത്വത്തെയും ഭാഷയെയും സംസ്ക്കാരത്തെയും നവീകരിച്ചെടുക്കുകയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന സിനിമ പോലുള്ള മഹത്തായ ഒരു ആധുനിക മാധ്യമത്തിന്റെ ഗതിവിഗതികള്‍ അചിന്തനീയമാം വിധം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഇത്തരത്തില്‍ 'പഴയ' ഇരുപതാം നൂറ്റാണ്ടിനെ ഓര്‍മ്മിപ്പിക്കാനായി പഴഞ്ചന്‍ തിയറ്ററുകളെല്ലാം നിലനിര്‍ത്തണം എന്നാശിക്കുന്നതില്‍ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലെന്നത് മറ്റൊരു കാര്യം.
*
ജി. പി. രാമചന്ദ്രന്‍
Wednesday, October 7, 2009
Subscribe to:
Post Comments (Atom)
10 comments:
മലയാളികള്‍ സിനിമാശാലകളെ രണ്ടായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ടാക്കീസുകളും തിയേറ്ററുകളും. ടാക്കീസ് എന്നാല്‍ സംസാരിക്കുന്ന സിനിമകള്‍ എന്നാണര്‍ത്ഥം. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാല്‍ സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നു വ്യാഖ്യാനിക്കാം. തിയേറ്റര്‍ എന്നതിനര്‍ത്ഥം നാടകശാല എന്നും നാടകകല എന്നുമാണ്. ലൈവായി ദൃശ്യകലകള്‍ അവതരിപ്പിക്കുന്ന ഹാള്‍ എന്നു കൂടി അര്‍ത്ഥമുള്ള തിയറ്റര്‍ സിനിമാശാലകളുടെ പേരായും ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. വടക്കേ അമേരിക്കയൊഴിച്ചുള്ള ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ സിനിമ എന്നാണ് സിനിമാശാലകളെ വിളിച്ചുവരുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല. മലയാളിയുടെ ടാക്കീസും തിയേറ്ററും തമ്മിലുള്ള വ്യത്യാസം ഇതൊന്നുമല്ലെന്നതാണത്. ഓല മേഞ്ഞ സിനിമാശാലകളെ ടാക്കീസ് എന്നും ആസ്ബസ്റോസ് മേഞ്ഞതും സ്ഥിരം കെട്ടിടത്തിലുള്ളതുമായവയെ തിയറ്റര്‍ എന്നും പറയാമെന്ന ധാരണയാണ് നിലനിന്നു പോന്നത്. കൊട്ടക എന്ന മനോഹരമായ മലയാള പദം സിനിമാശാലകള്‍ക്കായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും (കോഷ്ഠ എന്ന സംസ്കൃത പദമായിരിക്കണം മൂലം) ഫാഷനബിള്‍ അല്ലാതായതിനെ തുടര്‍ന്ന് സമൂഹ വിസ്മൃതിയിലേക്ക് ഉപേക്ഷിക്കപ്പെട്ടു.
ജി.പി.രാമചന്ദ്രന്‍ എഴുതുന്നു....
"തറ" പ്രയോഗത്തെ കുറിച്ചുള്ള വിവരണം ഒഴിച്ചാല്‍, ലേഖനത്തിന്റെ നല്ലൊരു ശതമാനവും പുതുമയറ്റതാണ്. തന്നെയുമല്ല, ലേഖനത്തിന്റെ വലിപ്പവും അന്യായം തന്നെ! കാള മൂത്രമൊഴിച്ചതുപോലെയുള്ള ഈ എഴുത്തിന് പകരം, പുതുമയുള്ള വിഷയങ്ങള്‍ ക്ലിപ്തതയോടെ പറഞ്ഞിരുന്നെങ്കില്‍ കുറെകൂടി ശ്രദ്ധേയമാവുമായിരുന്നു.
correct...
http://ennum.wordpress.com
സിനിമാ പാരഡൈസോ എന്ന ചിത്റത്തിണ്റ്റെ ആസ്വാദനം ആദ്യം പറഞ്ഞു പിന്നെ കേറളത്തിലെ സിനിമാ തിയേറ്ററിലേക്കു വരുന്നപോലെ തിരിഞ്ഞു അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ ക്റാഫ്റ്റ് കിട്ടുമായിരുന്നില്ലേ
സിനിമയും തിയേറ്ററുകളൂം മരിക്കുകയാണു കേരളത്തില്‍, തിരുവനന്തപുരത്തു മാത്റമാണു തിയേറ്ററ്‍ അന്യം കൂടാതെ നില്‍ക്കുന്നത് പട്ടം കല്‍പ്പന ബിഗ് ബസ്സാറ്‍ ആയി മാറി, എറണാകുളത്തെ പല നല്ല തിയേറ്ററുകളും അപ്റത്യക്ഷമായി
സിനിമ നില നില്‍ക്കാന്‍ ഗവണ്‍മണ്റ്റ് എന്തെങ്കിലും ചെയ്യണം പഴയ ക്ളാസിക്ക് ചിത്റങ്ങള്‍ റേറ്റു കുറച്ചു പ്റദറ്‍ശിപ്പിച്ചു കാണികളെ തിരികെ വിളിക്കണം , പഴശ്ശിരാജക്കും മറ്റും റേറ്റ് കൂട്ടി പ്റദറ്‍ശിപിക്കാന്‍ അനുവാദം കൊടുക്കരുത്
ആരാണൂം നാനൂറു രൂപ മുടക്കി പഴശ്ശിരാജ കാണാന്‍ പാങ്ങുള്ള ഇടത്തരം കുടുംബം?
നിലവാരമുള്ള നല്ല ചിത്റങ്ങള്‍ റേറ്റു കുറച്ചു നിറ്‍മ്മിക്കാനും അതു കാണികളില്‍ എത്തിക്കാനും ശ്രമിക്കണം, പുലി ജന്‍മം തുടങ്ങിയ ചിത്റങ്ങള്‍ കാണാന്‍ അവസരമേ കിട്ടിയിട്ടില്ല ചാനലിലും ഇതു വരുന്നില്ല
സിനിമ പാരഡൈസോ നല്ല ഒരു അനുഭവമാണു ജീ പീ അതു നന്നായി എഴുതിയിരിക്കുന്നു
സിനിമാ നിരൂപണം നന്നായി. ഇത്രയും ദീര്‍ഘിപ്പിക്കാന്‍ മാത്രമുള്ള കാമ്പ് ലേഖനത്തിനില്ലാതെ പോയി. നന്ദി
ഇവിടെ സൂചിപ്പിച്ചതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരു ദൌത്യം തിയേറ്ററുകള്‍ നിവര്‍ത്തിക്കുന്നത് പി.പി.രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ഒരു കവിതയില്‍ കാണിച്ചുതരുന്നുണ്ട്. തന്റെ വ്യക്തിസത്തയെ വെള്ളിത്തിരയിലെ നായികയിലും നായകനിലും അവരോധിച്ച്, ആത്മസംതൃപ്തിയോടെ തിയേറ്ററിലെ ഇരുട്ടില്‍ സ്വസ്ഥമായി ചാഞ്ഞിരിക്കുന്ന അരാഷ്ട്രീയത്തിന്റെ ദൌത്യം.
സേതുലക്ഷ്മിയുടെയും ജോക്കറിന്റെയും കമന്റിലും കഴമ്പുണ്ടെന്നു തോന്നുന്നു.
അഭിവാദ്യങ്ങളോടെ
സിനിമാ ശാലയെ കുറിച്ചുള്ള ലേഖനം വായിച്ചു.
സമാനമായ ഒരു സ്റ്റോറി പക്ഷെ അല്പ്പം മസാലയിട്ടു എഴുതിയിരുന്നത് സമയമുണ്ടെങ്കില്‍ വായിച്ചു നോക്കിയാലും " പാട്ട്സപ്പലണ്ട്യേ..."
മറ്റൊന്നിനുമല്ല സിനിമ പരടിസോ എന്നാ അനുഭവം മാത്രമാണ് എനിക്ക് പറയാനുള്ളത്. സി ഡി കടക്കാരന്റെ നിര്‍ബന്ധം കൊണ്ട് മാത്രം വാങ്ങിയ സി ഡി. വെറുതെ ബോറാകും എന്ന് കരുതി ഇട്ടു നോക്കിയതാണ്. ആദ്യമാദ്യം ഞാന്‍ ചിരിച്ചു, സാല്‍ വതോറും ആലഫ്രെടും തമ്മിലുള്ള ബന്ധവും അച്ചന്റെ സിനിമ സെന്‍ സരിങ്ങും തമാശ തന്നെ. എന്നാല്‍ പ്രായമായ സാല്‍ വതോരിനെ കാണുമ്പോള്‍ എന്താണെന്നറിയില്ല കന്നീരോഴുകാന്‍ തുടങ്ങി. കൂനിയുള്ള തല കുനിച്ചുള്ള നടത്തവും മരവിച്ച മുഖ ഭാവവും ജീവിതത്തില്‍ പരാജയപ്പെട്ട ഒരു മനുഷ്യനെ യാണ് കാണാന്‍ പറ്റിയത്. കാമുകിയുമായി piriyendi vanna saahacharyavum പുനഃ സമാഗമവും വിവേകശാലിയായ കാമുകിയുടെ തീരുമാനവും എല്ലാം എന്നെ പോട്ടിക്കരയിച്ചു. ഞാന്‍ നൂറു ശതമാനം ഉറപ്പു തരുന്നു, ഇറ്റലി ഭാഷയിലാനെങ്ങിലും നമ്മെ സ്പര്‍ശിക്കുന്ന ഒരു നല്ല സിനിമ യാണ് സിനിമ പാരദ്യ്സോ. ഒരു ആയിരം നല്ല മലയാളം സിനിമ കാണുന്ന ഗുണം ഈ ഒറ്റ സിനിമ കൊണ്ട് കിട്ടും.
സിനിമാ പാരഡിസോ ഒരുകാലത്തും മറക്കാൻ കഴിയാത്ത ചേതോഹരമായ ചിത്രമാണ്. ജി പി അതു വീണ്ടും ഓർമയിലേക്കു കൊന്റുവന്നതിനു നന്ദി. ആൽഫ്രെയ്ദോ എന്നാണ് ചിത്രത്തിൽ കുട്ടി ഉച്ചരിക്കുന്നത്.
Post a Comment