കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.
കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.
യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.
'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.
ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.
ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.
മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''
"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.
"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.
താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.
രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).
തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.
രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..
ഹിജഡകളുടെ മംഗല്യരാത്രി
ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.
താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.
സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..
*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Subscribe to:
Post Comments (Atom)
8 comments:
താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.
സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം......
സങ്കടായി... വായിചു തീർന്നപ്പൊ
ഇങ്ങനേയും ഒരു ജീവിതം...
Touching.Congrats.
തുളുമ്പാത്ത ഒരു വിങ്ങല്‍ എന്റെ ഉള്ളിലും..
നന്ദി, കൂവാഗത്തേക്കുള്ള ഈ കൂട്ടുക്കൊണ്ടുപോകലിന്.
അഭിവാദ്യങ്ങളോടെ
Thanks Vijayan & workersforum
എന്താ പറയാ? എന്തൊക്കെയോ...
വേദന.
അതെ..സങ്കടായി..പാവങള്‍
Post a Comment