രാഹുലും അച്ഛനും
"അച്ഛാ''
"എന്താടാ''
"ഇന്നലെ സാംസ്കാരികസമ്മേളനത്തില്‍ അച്ഛന്റെ പ്രസംഗം അടിപൊളിയായിരുന്നു. ആദ്യമായിട്ടാ അച്ഛന്റെ പ്രസംഗം കേള്‍ക്കുന്നെ''
"ങാ. നാട്ടുമ്പുറമൊക്കെ ഒന്നു കണ്ടോട്ടെ എന്നു വച്ചിട്ടാ നിന്നേം കൂടി കൊണ്ടുപോയത്. പ്രസംഗം ഇഷ്ടപ്പെട്ടല്ലേ?''
"പിന്നേ! നാട്ടിന്‍പുറത്തിന്റെ നന്മേക്കുറിച്ച് അച്ഛന്‍ ഒരുപാട് സംസാരിച്ചു. വയല്‍...തെങ്ങ്...തോട്...ടാറിടാത്ത റോഡുകള്‍...കാളവണ്ടി...ചാണകം...സത്യം പറഞ്ഞാല്‍ അച്ഛന്റെ പ്രസംഗം കേട്ട് ഞാന്‍ രോമാഞ്ചം കൊള്ളുകയായിരുന്നു.''
"താങ്ക്സെടാ മോനേ. ഗ്രാമവിശുദ്ധി എന്നു പറയുന്നത് ഒരു പ്രത്യേക ശുദ്ധിയാ..''
"എന്റെ സംശയം അതല്ലച്ഛാ. ടാറിട്ട റോഡ് വരാത്തതുകാരണം അച്ഛന് സന്തോഷായി. പക്ഷേ, ആ നാട്ടിന്‍പുറത്തുകാര്‍ യാത്ര ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടുകയായിരിക്കില്ലേ?''
"പക്ഷേടാ...ഗ്രാമവിശുദ്ധ...ഗ്രാമത്തില്‍ കൃത്രിമത്വം വരാന്‍ പാടില്ല...''
"ഗ്രാമത്തില്‍ കോണ്‍ക്രീറ്റ് വീടുകളില്ലാത്തതിലും അച്ഛന്‍ ആഹ്ളാദംകൊണ്ടു. പക്ഷേ ഓല കൃത്യമായി മേയാന്‍ പറ്റാതെ അവിടെ പല വീടുകളും ചോര്‍ന്നൊലിക്കുകയായിരുന്നു.''
"എന്നാലും കോണ്‍ക്രീറ്റില്‍ ഗ്രാമവിശുദ്ധി തീരെ ഇല്ലെടാ..''
"അപ്പോഴേ അച്ഛാ എന്റെ മെയിന്‍ സംശയം ഇതാണ്. ഗ്രാമമാണ് ഏറ്റവും വിശുദ്ധമായ സ്ഥലമെന്നുണ്ടെങ്കില്‍ നമ്മളെന്തിനാ സിറ്റീടെ ഒത്ത നടുക്ക്, ഫ്ളാറ്റില് ബുദ്ധിമുട്ടി ജീവിക്കുന്നത്. ഗ്രാമത്തില്‍ ചെന്ന് സന്തോഷമായി ജീവിച്ചൂടേ''
"നോക്ക് രാഹുലേ..നിനക്ക് പത്തു വയസ്സേ ആയിട്ടുള്ളൂ. പ്രായത്തിനുതക്ക ചോദ്യങ്ങള്‍ മതി കേട്ടോ.''
"അല്ലച്ഛാ, മലയാളികള്‍ രക്ഷപ്പെടാത്തത് ഇതുകൊണ്ടാണോ. കൈയടി വാങ്ങാന്‍ വാചകമടിക്കും. പക്ഷേ, കാര്യത്തില്‍ കാണിക്കില്ല.''
"നീ എന്റേന്ന് വാങ്ങിക്കും''
"പ്രസംഗിക്കാന്‍ കൊണ്ടുപോയ കാറില് എസി ഇല്ലാന്നു പറഞ്ഞ് അച്ഛന്‍ സംഘാടകരോട് ചൂടാവുകേം ചെയ്തു.''
"നോക്ക് അതൊന്നും നീ അന്വേഷിക്കേണ്ട കേട്ടോ. ഓ! ഒരു വലിയ ഹരിശ്ചന്ദ്രന്‍...''
"അച്ഛാ അതുപോല...''
"പോടാ.. പോടാ അവിടുന്ന്..ടീ സുമിത്രേ..നിന്റെ മോനെ അങ്ങോട്ട് വിളിക്ക്. ഇല്ലെങ്കില്‍ എന്റെ കയ്യീന്ന് മേടിക്കും ഇവന്‍. എന്റെ സ്വഭാവം അറിയാലോ. എനിക്ക് രണ്ടു മുഖമുണ്ട്..രണ്ടു മുഖം..''
ജോണും പപ്പയും
"പപ്പാ''
"എന്താടാ മോനേ?''
"എനിക്ക് ചില സംശയങ്ങള്‍''
"ചോദിച്ചോ, എന്തു സംശയം വേണോ ചോദിച്ചോ''
"ഈ ക്വട്ടേഷന്‍ ക്വട്ടേഷന്‍ എന്നു വച്ചാലെന്തുവാ?''
"മക്കളേ, മറ്റൊരാളെ നശിപ്പിക്കാന്‍ വേണ്ടി കരാറെടുക്കുകാ. ഹോ! നീ അതിനെക്കുറിച്ചൊന്നും സംസാരിക്കണ്ട.''
"അല്ല പപ്പാ, ഇന്നലെ രാത്രി പപ്പേം മമ്മേംകൂടി സംസാരിക്കുന്ന കേട്ടു. മാത്യൂസ് അങ്കിളിന്റെ മോള്‍ടെ കല്യാണക്കാര്യം. ആ കല്യാണം പൊളിക്കണം എന്നൊക്കെ''
"അതുശരി. ഞങ്ങള്‍ സംസാരിക്കുന്നത് ഒളിച്ചുനിന്ന് കേട്ടു അല്ലേ. ഈ സ്വഭാവം നല്ലതല്ല, കേട്ടോ...''
"അല്ല പപ്പാ, പരദൂഷണത്തില്‍കൂടി മറ്റൊരാളെ നശിപ്പിക്കല്...അതും ഒരുതരം ക്വട്ടേഷനല്ലേ?''
"ടാ..നോക്ക്. മുട്ടേന്ന് വിരിഞ്ഞിട്ടില്ല നീ...തരുന്ന സ്വാതന്ത്യ്രം ദുരുപയോഗം ചെയ്താലുണ്ടല്ലോ?''
"അപ്പുറത്തെ മേനോനങ്കിള് കാറ് വാങ്ങിയപ്പോ പപ്പേം മമ്മേം അതിനേം കുറ്റം പറഞ്ഞു...ഇതൊക്കെ മാനസിക ക്വട്ടേഷന്റെ വകഭേദങ്ങളല്ലേ...''
"ടാ സാഹിത്യ വാക്കുകളൊക്കെ എടുത്തിട്ട് വാചകമടിക്കരുത്. നീ പോ..''
"അല്ല പപ്പാ...എന്തു സംശയം ചോദിച്ചാലും ഉത്തരം പറയും എന്നു പറഞ്ഞിട്ട്..''
"പോകാനാ പറഞ്ഞത്..''
"പപ്പാ..''
"പപ്പ...കുപ്പ...പോടാ അവിടുന്ന്..''
ഇക്ബാലും ബാപ്പയും
"ബാപ്പാ''
"എന്താടാ മോനേ...''
"എനിക്കൊരു സംശയം...''
"ചോദിച്ചോടാ...''
"ബാപ്പക്ക് ദേഷ്യം വരുമോ?''
"സംശയം ചോദിച്ചാല്‍ സന്തോഷമേ വരുള്ളൂടാ''
ബാപ്പ പറഞ്ഞല്ലോ നമ്മള്‍ എല്ലാരോടും സ്നേഹത്തോടെ പെരുമാറണമെന്ന്...''
"അതുവേണമെടാ...സ്നേഹമാണഖിലസാരമൂഴിയില്‍...''
"അങ്ങനാണെങ്കില്‍ ബാപ്പ, ഇന്നലെ രാത്രി ഉമ്മയുമായിട്ട് വഴക്കുണ്ടാക്കിയതെന്തിനാ?''
"നീ കേട്ടില്ലേ. ഞാന്‍ പറഞ്ഞതിന് നിന്റെ ഉമ്മ തര്‍ക്കുത്തരം പറഞ്ഞു.''
"പക്ഷേ, ഉമ്മയോട് ചോദിച്ചപ്പോ ഉമ്മ പറഞ്ഞത് ബാപ്പയാ തര്‍ക്കുത്തരം പറഞ്ഞതെന്നാണല്ലോ.''
"അതൊന്നും എനിക്കറിയില്ല. ഞാന്‍ പൊടിക്കുപൊടി വിട്ടുകൊടുക്കില്ല.''
"ഉമ്മേം അതുതന്നാ പറയുന്നെ''
"പറയട്ടെ. നോക്കാം ആരു ജയിക്കുമെന്ന്.... നീ ബാപ്പയുടെ കൂടെ വേണം നില്‍ക്കാന്‍''
"അല്ല ബാപ്പാ വീട്ടിലെ ചെറിയ ഈഗോപോലും വലിയ വഴക്കാക്കുന്ന ബാപ്പേം ഉമ്മേം കണ്ടല്ലേ ഞങ്ങള്‍ പിള്ളേര്‍ വളരുന്നെ...''
"പൊയ്ക്കോണം എന്റെ മുമ്പേന്ന്..''
"ബാപ്പാ ഞാന്‍ പറയട്ടെ...''
"എണീറ്റ് പോകാന്‍...''
അച്ഛന്മാരും അമ്മമാരും അറിയാന്‍
അപ്പോള്‍ പറഞ്ഞു വരുന്നതെന്താണെന്നുവച്ചാല്‍ കുഞ്ഞുങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. തെളിഞ്ഞ ബുദ്ധിയാണവര്‍ക്ക്. ഉപദേശമല്ല അവര്‍ക്കാവശ്യം. മാതൃകയാണ്. നിന്റെ അച്ഛനെ കണ്ടു പഠിക്ക്, അമ്മയെ കണ്ടു പഠിക്ക് എന്ന് ആത്മാര്‍ഥതയോടെ നെഞ്ചില്‍ കൈവച്ചു പറയാവുന്ന മാതൃക...അല്ലെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഉത്തരം കൊടുക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍.
*
കൃഷ്ണ പൂജപ്പുര ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Subscribe to:
Post Comments (Atom)
3 comments:
"അപ്പോഴേ അച്ഛാ എന്റെ മെയിന്‍ സംശയം ഇതാണ്. ഗ്രാമമാണ് ഏറ്റവും വിശുദ്ധമായ സ്ഥലമെന്നുണ്ടെങ്കില്‍ നമ്മളെന്തിനാ സിറ്റീടെ ഒത്ത നടുക്ക്, ഫ്ളാറ്റില് ബുദ്ധിമുട്ടി ജീവിക്കുന്നത്. ഗ്രാമത്തില്‍ ചെന്ന് സന്തോഷമായി ജീവിച്ചൂടേ''
"നോക്ക് രാഹുലേ..നിനക്ക് പത്തു വയസ്സേ ആയിട്ടുള്ളൂ. പ്രായത്തിനുതക്ക ചോദ്യങ്ങള്‍ മതി കേട്ടോ.''
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന..
അതു കലക്കീ മാഷേ...താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..പറയാനുദ്ദേശിച്ച കാര്യങ്ങൾ സരസമായ നർമ്മത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..!!
ഇതൊക്കെ തന്നെയാണ് മിക്ക വീടുകളിലെയും സ്ഥിതി! തന്തയും തള്ളയും നന്നായാല്‍ കുടുംബം നന്നാവും, കുടുംബം നന്നായാല്‍ പിള്ളേര് നന്നാവും.
Post a Comment